2018, ജൂലൈ 3, ചൊവ്വാഴ്ച

ഗംഗയുടെ മാഹാത്മ്യം..// സ്വാധീനം പലവഴി..//അഗ്നിദേവൻ..//അർദ്ധനാരീശ്വരൻ..//മിഥില



മിഥില

രാമായണത്തിലെ വിദേഹപുരിയുടെ തലസ്ഥാനമാണ് മിഥില. സീതയുടെ പിതാവായ ജനകൻ ഭരിച്ചിരുന്നത് ഇവിടെയാണ്. 
പ്രാചീനകാലത്ത് ഇവിടം വിദ്യയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമഅയിരുന്നു. വിശ്വാമിത്രൻ, വാൽമീകി, ജനകൻ, യാജ്ഞ്യവൽക്യൻ, ഗൗതമൻ തുടങ്ങിയ ആചാര്യന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട മിഥിലയിലെ വിശ്വവിദ്യാലയം വിക്രമശിലയുടെ തകർച്ചയോടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറി. വേദോപനിഷത്തുകൾക്കും, സ്മൃതികൾക്കും പ്രശസ്തമായ ഈ കേന്ദ്രം മൂന്നു ശതാബ്ദത്തിലധികം നിലകൊണ്ടു. മിഥിലയിൽ വിശ്വാമിത്ര-ഗൗതമ-യാജ്ഞ്യവൽക്യ-വാൽമീക്യാശ്രമങ്ങളുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. ജങ്കരാജക്കന്മാരുടെ പുരോഹിതന്മാർ ഗൗതമവംശക്കാരായിരുന്നു. ജനകപൂരിൽ കപിലേശ്വരം, കൂപേശ്വരം, ശീലനാഥം, കല്യാണേശ്വരം, ജലേശ്വരം, ക്ഷീരേശ്വരം, മിഥിലേശ്വരം തുടങ്ങി നിരവധി ശിവക്ഷേത്രങ്ങളും രാമാ-ജാനകി-ദശരഥക്ഷേത്രങ്ങളുമുണ്ട്.

അർദ്ധനാരീശ്വരൻ

പകുതി സ്ത്രീയും പകുതി പുരുഷനുമായഹിന്ദു ദൈവ അവതാരരൂപമാണ് അർദ്ധനാരീശ്വരൻ. 

ഐതിഹ്യം

അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. ഇതിൽ ശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയായും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീശരീരമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ മൂർത്തിമദ് ഭാവമാണ് അർദ്ധനാരീശ്വരൻ.
പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.

അഗ്നിദേവൻ

വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് . അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.

'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.

മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ പരിപൂർണം തദസ്തുമേ

മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും
ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തികൾ സ്വീകരിച്ചിട്ടുണ്ട്.

സ്വാധീനം പലവഴി

അയാളുടെ തപസ്സിന്റെ തീവ്രതകണ്ട്‌ ദേവന്മാര്‍ക്ക് പോലും ഭയം...കാട്ടില്‍ ഹിംസ്രജന്തുക്കള്‍ പോലും ഇപ്പോള്‍ അയാള്‍ക്ക് കൂട്ടായിരിക്കുന്നു ...തപസ്സുമൂലം അയാളില്‍ നിറഞ്ഞ ശാന്തി കാടുമുഴുവന്‍ വ്യാപിച്ചിരുന്നു...അതിനാല്‍ ഹിംസ്രജന്തുക്കളും ഇപ്പോള്‍ ശാന്തരാണ്..ഇങ്ങനെ പോയാല്‍ ഇയാള്‍ ഈശ്വരനെ പ്രത്യക്ഷപ്പെടുത്തും ..വരം വാങ്ങും..പിന്നെ ദേവലോകം ആക്രമിക്കും ; തങ്ങളുടെ സുഖസൌകര്യങ്ങള്‍ തട്ടിയെടുക്കും.

..ദേവന്‍മാര്‍ തിടുക്കത്തില്‍ വിവരം ഇന്ദ്രനെ അറിയിച്ചു...

എല്ലാം കേട്ട് ഇന്ദ്രന്‍ പറഞ്ഞു...നിങ്ങള്‍ വിഷമിക്കണ്ട .."ഇതൊരു പിച്ചാത്തിയില്‍ തീരാനെയുള്ളൂ "..ദേവന്‍മാര്‍ക്ക് കാര്യം മനസിലായില്ല...ദേവേന്ദ്രന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ അയാളെ സമീപിച് തപസ്സില്‍നിന്നും ഉണര്‍ത്തി ...പിന്നെ വിനയപൂര്‍വ്വം പറഞ്ഞു..."മഹാമുനേ എനിക്കൊരു സഹായം ചെയ്യണേ..ഞാനൊരു യാത്രപോകുകയാണ് ..ഈ പിച്ചാത്തി ഞാന്‍ തിരിച്ചുവരുംവരെ ഒന്ന് സൂക്ഷിക്കണേ...

അയാള്‍ സമ്മതിച്ചു..പിച്ചാത്തി വാങ്ങി വെച്ചു..ഇന്ദ്രന്‍ യാത്രയായി...പിന്നീട് തിരിച്ചു വന്നതേയില്ല...അയാള്‍ പിച്ചാത്തി സൂക്ഷിച്ചു വെച്ചു..ദിവസവും അതെടുക്കും...തുടച്ചു മിനുക്കി വെക്കും...
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പിച്ചാത്തി ഓരോ ആവശ്യങ്ങള്‍ക്കായി അയാള്‍ ഉപയോഗിച്ച് തുടങ്ങി..ആദ്യമൊക്കെ പൂ പറിക്കാനും ചമത വെട്ടാനും ഉപയോഗിച്ചു..പിന്നെ ചെടികള്‍ വെട്ടികളയാന്‍ ഉപയോഗിച്ചു..പിന്നീട് സുരക്ഷക്കായ് കയ്യില്‍ കൊണ്ടുനടക്കാന്‍ തുടങ്ങി..

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കുഴി വെട്ടി കാട്ടുപഴങ്ങള്‍ എറിഞ്ഞിട്ടു...ചിലപ്പോഴൊക്കെ പക്ഷികളെയും എറിഞ്ഞുവീഴ്ത്തി..ക്രമേണ അയാളില്‍ ക്രൂരത വളര്‍ന്നു...അതോടെ കാട്ടിലെ ശാന്തി ഇല്ലാതായി..മൃഗങ്ങള്‍ പഴയപോലെ പരസ്പരം പോരടിച്ചു തുടങ്ങി....ഇപ്പോഴയാള്‍ കാട്ടിലെ കൊടുംഭീകരനായിരിക്കുന്നു..ഒരു കൊച്ചു പിച്ചാത്തിയുമായുള്ള ചങ്ങാത്തം വരുത്തിയ പരിണാമം...

വനവാസ വേളയില്‍ രാമന്‍ സീതയോട് പറഞ്ഞ കഥയാണിത്

സൂക്ഷിക്കുക ...കൂട്ടുകാര്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ;നാം അറിയാതെ പോലും...

ഗംഗയുടെ മാഹാത്മ്യം

ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ. ഗംഗാജലത്തിന്റെ സ്പര്‍ശമേറ്റിട്ടുള്ളവന്‍ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശിക്കും. ഗംഗാജലം ലഭിക്കാത്ത ദേശങ്ങള്‍ ചന്ദ്രനില്ലാത്ത രാത്രി പോലെയും പൂക്കളില്ലാത്ത വൃക്ഷങ്ങളെപ്പോലെയും ശൂന്യമായിരിക്കും. മൂന്നു ലോകത്തിലുമുള്ള ജീവജാലങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനു ഗംഗാജലം മാത്രം മതിയാകുന്നതാണ്. ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിക്കുന്നവനും ഗംഗാജലത്തില്‍ ശരീരം ഉപേക്ഷിക്കുന്നവനും തുല്യരാണ്. ഗംഗയില്‍ പതിച്ചവന് അനേകലക്ഷം വര്‍ഷം തലകീഴായിക്കിടന്നു തപസ്സു ചെയ്യുന്നവനേക്കാള്‍ പ്രാധാന്യമാണ് ഈശ്വരന്‍ കല്പിക്കുന്നത്. ദുഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യനദിയിലെ ജലസ്പര്‍ശത്താല്‍ സന്തുഷ്ടരായിത്തീരും. ഗംഗാനദീതീരത്തെ മണല്‍ ശരീരത്തില്‍ പൂശുന്നവന്‍ ആദിത്യനെപ്പോലെ പ്രകാശിക്കും. ഈ പുണ്യ നദിയെ സ്പര്‍ശിച്ചു വരുന്ന കാറ്റ് ഏറ്റാല്‍ത്തന്നെ ജീവികളുടെ പാപം നശിക്കുന്നതാണ്. ഇപ്രകാരം സര്‍വ്വപാപ വിനാശത്തിനും ഹേതുവായ വസ്തു പുണ്യഗംഗാജലം തന്നെയാണെന്ന് ധരിക്കേണ്ടതാകുന്നു.

അഗ്നിപുരാണം നൂറ്റിപ്പത്താം അദ്ധ്യായത്തില്‍ ഗംഗാദേവിയുടെ മാഹാത്മ്യങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നോക്കുക.

ഏതു ദേശങ്ങളുടെ മദ്ധ്യത്തിലൂടെ ഗംഗാനദി ഒഴുകുന്നുവോ, ആ ദേശങ്ങള്‍ പരിപാവനങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു. സദ്ഗതി ആരായുന്ന സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയം പുണ്യ ഗംഗാനദി മാത്രമാകുന്നു. ഗംഗയെ നിത്യവും സേവിച്ചാല്‍ അത് ഒരു പോലെ ഇരു വംശങ്ങളെയും (മാതാവിന്റെയും പിതാവിന്റെയും വംശങ്ങളെ) ദുര്‍ഗ്ഗതികളില്‍നിന്നു കരകയറ്റുന്നതാണ്. ഗംഗയിലെ ജലം പാനം ചെയ്യുന്നത് ആയിരം ചന്ദ്രായണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമമത്രെ. ഒരു മാസക്കാലം ഗംഗയെ സേവിച്ചാല്‍ സര്‍വ്വയാഗങ്ങളും ചെയ്താലുള്ള ഫലം സിദ്ധിക്കും. ഗംഗാദേവി സര്‍വ്വ പാപങ്ങളെ അകറ്റുന്നതും സ്വര്‍ഗ്ഗലോകത്തെ പ്രദാനം ചെയ്യുന്നതുമാകുന്നു. ഒരു മനുഷ്യന്റെ അസ്ഥി എത്ര കാലത്തോളം ഗംഗയില്‍ കിടക്കുന്നുവോ അത്ര കാലത്തോളം അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗാതീര്‍ത്ഥത്തില്‍നിന്നുണ്ടായ മണ്ണ് ധരിക്കുന്നവന്‍ സൂര്യനെപ്പോലെ പാപഹാരിയായി ഭവിക്കുന്നതാണ്


അത്രി..//മാഹിഷ്മതി..//ബലരാമന്‍



ബലരാമന്‍

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോട്‌ കൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമന്‍ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്‌. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായി ബലരാമന്‍ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്‌. ഭൂലോത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന്‌ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട്‌ രോമങ്ങള്‍ എടുത്ത്‌ അവ അവതാരങ്ങളായിത്തീരുമെന്ന്‌ പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും, ശ്രീകൃഷ്ണനും അവതരിക്കുന്നത്‌.


മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ഗുരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍.. ...., വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന്‌ അശരീരിയുണ്ടായി. ഇതുകേട്ട്‌ കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന്‌ കാഴ്ചവയ്ക്കാമെന്ന്‌ വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന്‌ സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ്‌ ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക്‌ മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ്‌ ബലരാമന്‍. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത്‌ ജനിപ്പിച്ചവനായതുകൊണ്ട്‌ ബലരാമന്‌ സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി.

ബലരാമന്‍ വിവാഹം ചെയ്തത്‌ രേവതിയെയായിരുന്നു. ഇതുസംബന്ധിച്ച കഥ ഇപ്രകാരമാണ്‌. രാമകൃഷ്ണന്മാരുടെ ആഗമനത്തിന്‌ മുന്‍പ്‌ ദ്വാരകയുടെ പേര്‍ കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത്‌ ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക്‌ അനുയോജ്യനായ പതി ആരാണെന്ന്‌ ചോദിക്കുവാന്‍ വേണ്ടി രേവതന്‍ അവളെയും കൊണ്ട്‌ ബ്രഹ്മലോകത്തേക്ക്‌ പോയി. ആ സമയത്ത്‌ വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും, പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതന്‍ അതുശ്രവിച്ച്‌ അല്‍പനേരം നിന്നുപോയി. അതിന്‌ ശേഷം നൃപന്‍ തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോട്‌ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു : “അല്ലയോ രാജാവേ, അവിടുന്ന്‌ ഭൂമിയില്‍ നിന്നും ഇവിടെയെത്തിയിട്ട്‌ അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരു നിമിഷം പോലും മര്‍ത്ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്‌. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര്‍ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത്‌ ബലരാമന്‍ തന്നെയാണ്‌.” ഇതുകേട്ട്‌ രേവതന്‍ ഭൂമിയിലേക്ക്‌ തിരികെവന്ന്‌ രേവതിയെ ബലരാമന്‌ വിവാഹം ചെയ്തുകൊടുത്തു. മഹാഭാരതത്തിലെ രണ്ട്‌ പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത്‌ ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ്‌ ബലരാമന്‍ നയിക്കുന്നത്‌. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു.ബ്രാഹ്മണശാപംകൊണ്ട്‌ യാദവര്‍ തമ്മില്‍തല്ലിമരിച്ചു. ഇതുകണ്ട്‌ ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന്‌ ധ്യാനനിമഗ്നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത്‌ സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന്‌ ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക്‌ പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.
ശ്രീബലരാമസ്വാമിക്ക്‌ മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ്‌ പാലക്കാട്‌ ജില്ലയിലെ നെന്മിനി ക്ഷേത്രം. ഈ ക്ഷേത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴേടമാണ്‌

മാഹിഷ്മതി

യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന 
നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.

അത്രി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.


ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട്
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.


വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു
പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.

ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).


പുരാണങ്ങൾ:// അഷ്ടാദശപുരാണങ്ങൾ (18)



പുരാണങ്ങൾ

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ (സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.


പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.


വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

അഷ്ടാദശപുരാണങ്ങൾ

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം

അഷ്ടാദശപുരാണങ്ങൾ

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

വിഷ്ണുപുരാണം

മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

ഭാഗവതപുരാണം

പ്രധാന ലേഖനം: ശ്രീമഹാഭാഗവതം

ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മവൈവർത്തപുരാണം

കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

ഗരുഡപുരാണം
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണം
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

അഗ്നിപുരാണം

പ്രധാന ലേഖനം: അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.



മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌[5].ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.


3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.

മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌..;

ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം
കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.

പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ
മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).


ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ


ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.


വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ


വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.


ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ


വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.


ഉപപുരാണങ്ങൾ


സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.

അഹല്യ



അഹല്യ

ഗൗതമ മഹര്‍ഷിയുടെ ഭാര്യയാണ്‌ അഹല്യ. അവള്‍ ബ്രഹ്മാവിന്റെ മകളാണെന്ന്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി. സൗന്ദര്യം പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രന്‍ അഹല്യയെ കണ്ടപ്പോള്‍ അതുണ്ടായി. നദിയില്‍നിന്ന്‌ വെള്ളമെടുത്തുപോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങള്‍ പിന്തുടര്‍ന്നു. എത്തിയത്‌ ഗൗതമമുനിയുടെ ആശ്രമത്തിലാണ്‌. അതിശുഷ്ക്കശരീരനായ ഈ മുനിയാണോ ഇവളുടെ ഭര്‍ത്താവ്‌. ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു. അതിന്‌ ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി. പാതിരാനേരത്ത്‌ ആശ്രമവളപ്പില്‍ ഒരു പൂങ്കോഴി കൂകി. അതുകേട്ടതോടെ മുനി ഉണര്‍ന്നു. ബ്രാഹ്മമുഹൂര്‍ത്തമായാല്‍ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികള്‍ തുടങ്ങണം എന്നതാണ്‌ പതിവ്‌. നദിയിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടുവന്ദിച്ച ഗൗതമന്‍ ഒരു ഞെട്ടലോടെ കൈ പിന്‍വലിച്ചു. ഗംഗ ഉണര്‍ന്നിട്ടില്ല. ഒരുനിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവന്‍ ഉറക്കത്തിലാണ്‌. തനിക്ക്‌ തെറ്റുപറ്റിയോ. താന്‍ ചതിക്കപ്പെട്ടുവോ. ഗൗതമന്‍ തിരികെ ആശ്രമത്തിലേക്ക്‌ വേഗത്തില്‍ നടന്നു. മുറ്റത്തെത്തിയപ്പോള്‍ അകത്തുനിന്ന്‌ തന്നെപ്പോലുള്ള ഒരാള്‍ ഇറങ്ങിവരുന്നത്‌ കണ്ട്‌ അദ്ദേഹം അമ്പരന്നു. നീയാര്‌? സത്യം പറയൂ ഗൗതമന്‍ അലറി. കള്ളം പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ ബോധ്യമായ ദേവേന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്തി മാപ്പ്‌ പറഞ്ഞു. ന്‍ഘാ! നിനക്ക്‌ മാപ്പോ? ഇല്ല കാമാര്‍ത്തനും വഞ്ചകനുമായ നീ ദേഹം നിറയെ ആയിരം ലിംഗങ്ങളുമായി നടക്കാന്‍ ഞാനിതാ ശപിക്കുന്നു. വളരെക്കാലം കഴിഞ്ഞു തിലോത്തമയെ കാണുന്ന കാലത്ത്‌ ആ ലിംഗങ്ങള്‍ ആയിരം നേത്രങ്ങളായി മാറും എന്ന ശാപമോക്ഷവും മുനി നല്‍കി. ബഹളം കേട്ടുവന്ന അഹല്യയും മുനിയുടെ കാല്‍ക്കല്‍ വീണ്‌ മാപ്പിരന്നു. അറിഞ്ഞുകൊണ്ട്‌ ചെയ്ത തെറ്റല്ലല്ലോ. പക്ഷേ അവളെയും അദ്ദേഹം ശപിക്കുകയാണുണ്ടായത്‌. നീ ഇവിടെ ഒരു ശിലയായിത്തീരട്ടെ. മഞ്ഞും മഴയും വെയിലുമേറ്റ്‌ ദീര്‍ഘകാലം അങ്ങനെ കഴിയുമ്പോള്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അനുജനോടൊത്ത്‌ ഈ വഴി വരും. അന്ന്‌ രാമപാദസ്പര്‍ശമേറ്റ്‌ നീ ശാപമുക്തയാകുന്നതാണ്‌. ഭര്‍ത്താവ്‌ പറഞ്ഞ ഭഗവാന്റെ രൂപം മനസില്‍ ധ്യാനിച്ചും രാമമന്ത്രം ഉരുക്കഴിച്ചുംകൊണ്ട്‌ അഹല്യ മുനിപാദങ്ങളില്‍ നമസ്ക്കരിച്ചു. ഉടനെ അവളൊരു ശിലയായി മാറി. ആ നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട തപസായി. വിശ്വാമിത്ര മഹര്‍ഷി തന്റെ യാഗരക്ഷയ്ക്കുവേണ്ടി ശ്രീരാമലക്ഷ്മണന്‍മാരെ കൂട്ടികൊണ്ടുവന്നു. പിന്നെ അവരുമായി മിഥിലയിലേയ്ക്ക്‌ നടന്നു. അപ്പോള്‍ വഴിവക്കില്‍ ആരുടേയും കൗതുകമുണര്‍ത്തിനില്‍ക്കുന്ന ഒരു ശിലയുടെ മുന്നില്‍ നിന്‍ങ്കൊണ്ട്‌ മഹര്‍ഷി ആ കഥ വിവരിച്ചു. ശ്രീരാമന്‍ തന്റെ വലത്‌ പാദത്താല്‍ ശിലയെ ഒന്ന്‌ തൊട്ടതേയുള്ളൂ. അത്‌ ഒരു സുന്ദരിയായി ഉണര്‍ന്നു. തപസ്വിയായ അഹല്യ അവള്‍ ശ്രീരാമനെ ഭക്തിപൂര്‍വം സ്തുതിച്ചു. രാമായണത്തിലെ മനോഹരമായ ഒരു ഭാഗമാണത്‌. അഹല്യം എന്ന വാക്കിന്‌ ഉഴാത്ത നിലം എന്നാണ്‌ അര്‍ത്ഥം. ഹലം കലപ്പയത്രെ. അഹല്യ എന്നാല്‍ ഉഴുതിട്ടില്ലാത്ത, കൃഷിക്ക്‌ യോഗ്യമല്ലാത്ത എന്നൊക്കെ പറയാം. ആ വഴിക്ക്‌ ചിന്തിക്കുമ്പോള്‍ വനാന്തരത്തിലെ ഭൂമി ഫലസമൃദ്ധമാക്കി ശ്രീരാമന്‍, എന്നതിന്റെ സൂചനയായി അഹല്യാമോക്ഷം കഥ കാണാമോ? ആവോ! കാണാം എന്നതിന്റെ തെളിവ്‌ തുടര്‍ന്നും വരുന്നുണ്ട്‌. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ നയിക്കുന്നത്‌ മിഥിലാ രാജ്യത്തിലേയ്ക്കാണല്ലോ. കര്‍ഷകസമൃദ്ധി വിളിച്ചറിയിക്കുന്ന നാടാണ്‌ മിഥില. അവിടുത്തെ രാജാവായ ജനകന്റെ യഥാര്‍ത്ഥ നാമം സീരദ്ധ്വജന്‍ എന്നാണ്‌. സീതം അഥവാ കലപ്പ കൊടിയടയാളമായിട്ടുള്ളവന്‍ എന്നും പറയാം. ഉഴവ്‌ ചാലില്‍നിന്ന്‌ കണ്ടെടുക്കപ്പെട്ട കുഞ്ഞിനെ സീത എന്ന പേര്‌ നല്‍കി മഹാരാജാവ്‌ വളര്‍ത്തുന്നു. കര്‍ഷകശ്രീയായ അവളെ അഹല്യമുക്തി നല്‍കി വരുന്ന ശ്രീരാമന്‍ പരിണയിക്കുകയും ചെയ്യുന്നു. കഥയെപ്പറ്റി നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്തു തോന്നുന്നു. ഭക്തിഭാവത്തിനപ്പുറം യുക്തിസഹവും പ്രതീകാത്മകവുമായ ഒരു ചാരുത ഇവിടെ ദൃശ്യമല്ലേ.

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും




ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും

വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ 
വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. അക്കാലത്ത് വിവിധ രാജസഭകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും വേദശാസ്ത്ര ചര്‍ച്ചകളിലൂടെ ആരെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്ന അതുല്യ പ്രതിഭാസമായിരുന്നു മഹര്‍ഷി യാ‍‍ജ്ഞവല്ക്യന്‍.
ഒരിക്കല്‍ ജനകമഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ അനുഷ്ഠിച്ചു പോരുന്നവരാണ്. ഇതെല്ലാം നിമിത്തം ജനകമഹാരാജാവിന്റെ രാജസഭയില്‍ ആവലാതികളും പരാതികളും കലാസാഹിത്യ പ്രകടനങ്ങളുമൊക്കെ നടക്കുന്നുണ്ടാകും.
പണ്ഡിതന്മാരുടേയും ജ്ഞാനികളുടെയും ഋഷീശ്വരന്മാരു‍ടേയും സാന്നിദ്ധ്യം ജനകമഹാരാജാവിന്റെ സമീപം എപ്പോഴും ഉണ്ടാകാറുണ്ട്. സഭയില്‍ എപ്പോഴും വേദശാസ്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സാധാരണ പ്രജകള്‍ക്ക് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടാകാം. രാജാവിനെ മുഖം കാണിക്കാനും വിവരങ്ങള്‍ ഉണര്‍ത്തിക്കാനും ജനങ്ങള്‍ക്ക് അവസരം കുറഞ്ഞുവെന്നു വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് രാജാവ് ചില പ്രത്യേകസഭകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ സഭയിലും ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രിമാര്‍ ഏറ്റെടുക്കും. പ്രത്യേകിച്ച് വിശേഷങ്ങളോ തിരക്കുകളോ ഒന്നുമില്ലാത്ത് ഒരു ദിവസമായിരുന്നു അന്ന്. രണ്ടു ദ്വാരപാലകന്മാരെത്തി ജനകമഹാരാജാവിന്റെ മുന്നില്‍ വണങ്ങിനിന്നു.


“പ്രഭോ! യാജ്ഞവല്ക്യമഹര്‍ഷി കൊട്ടാരവാതില്ക്കലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.” സന്ദേശവാഹകന്മാര്‍ വിവരം അറിയിച്ചു.
“ഹായ്! ഉത്തമം. ഉത്തമം. സ്തുതിഗീതങ്ങള്‍ പാടി അദ്ദേഹത്തെ ഈ രാജസഭയിലേയ്ക്കു തന്നെ ആനയിച്ചാലും. ഈ സുദിനം നമുക്ക് ധന്യധന്യമായി.” ജനകന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സഭാതലത്തിലേയ്ക്കിറങ്ങിനിന്നു.

പ്രശാന്തചിത്തനും ജിതേന്ദ്രിയനും ആത്മജ്ഞാനത്താല്‍ പ്രശോഭിതനുമായ യാജ്ഞവല്ക്യന്‍ അവിടേയ്ക്ക് കടന്നുവന്നു.

ഓം. ഓം. ഓം. ചക്രവര്‍ത്തിമാരില്‍ മഹാചക്രവര്‍ത്തിയും ജ്ഞാനികളില്‍ മഹാ‍ജ്ഞാനിയുമായ വിദേഹാധിപതി ജനകമഹാരാജാവിന് മംഗളം ഭവിക്കട്ടെ!” യാജ്ഞവല്ക്യന്‍ സന്തോഷപൂര്‍വ്വം ഉറക്കെ ചിരിച്ചുകൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു.

“അതുല്യനായ ആത്മതേജസ്സിനു മുമ്പില്‍ ഗൃഹസ്ഥാശ്രമിയായ അടിയന്റെ വിനീത പ്രണാമങ്ങള്‍. അനുഗ്രഹിച്ചാലും. ആശിര്‍വദിച്ചാലും. ഈ വിദേഹരാജ്യം അങ്ങയെ ഏതുവിധമാണ് ഉപചരിക്കേണ്ടത് എന്ന് കല്പിച്ചാലും.”
“അര്‍ഘ്യപാദ്യാദി ഉപചാരങ്ങളൊന്നുമില്ലാതെ തന്നെ ജനകമഹാരാജാവിന്റെ സന്നിതിയില്‍ നാം സന്തുഷ്ടനാണ്.”
“അത് അങ്ങയുടെ മഹത്വവും വിനയവും കൊണ്ട് പറയുന്നതാണ്.”
“കേവലം നാം മാത്രമല്ല. ജനകമഹാരാജാവിന്റെ അറിവിനെക്കുറിച്ച് ലോകരെല്ലാം വാഴ്ത്തുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആനന്ദമുണ്ടാകുന്നു.”
സാക്ഷാത്ക്കാരം സിദ്ധിച്ച അങ്ങ് സദാ ആനന്ദസ്വരൂപന്‍ തന്നെയാണല്ലോ.”
“ആ ആനന്ദത്തില്‍ നിന്ന് അങ്ങും ഒട്ടും ഭിന്നനല്ലന്നറിഞ്ഞാലും!” യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ പറഞ്ഞു.

ജനകമഹാരാജാവ് അതിഥിയെ ഉപചാര പൂര്‍വ്വം സ്വീകരിച്ചിരുത്തി. അതിനുമുമ്പൊരിക്കല്‍ അവിടെവച്ചു നടന്ന ബ്രഹ്മനിഷ്ഠാ പരീക്ഷണത്തെക്കുറിച്ച് ജനകന്‍ ഓര്‍മപ്പെടുത്തി. അതു കേട്ട് യാജ്ഞവല്ക്യന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. അവര്‍ ഏറെനേരം കുശലപ്രശ്നങ്ങള്‍ നടത്തി. ഒടുക്കം രാജാവ് ചോദിച്ചു: “ആകട്ടെ, ഒന്നു ചോദിക്കട്ടെ. വിശേഷങ്ങളൊട്ടും തന്നെ ഇല്ലാത്ത ഈ സമയത്ത് അങ്ങ് ഇവിടെ എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശാസ്ത്രസംവാദങ്ങളും പാണ്ഡിത്യമത്സരങ്ങളും നടക്കുന്ന മഹാസദസ്സുകളില്‍ മാത്രം ഇടിമിന്നല്‍പ്പിണരുപോലെ കാണപ്പെടുന്നതാണ് അങ്ങാകുന്ന ദിവ്യജ്യോതിസ്സ് ! ഇന്നിപ്പോള്‍ ഇവയൊന്നുമില്ല. പിന്നെ എന്തിനായിട്ടാണ് അങ്ങു വന്നത്? പണ്ട് നടന്നതുപോലെ പശുക്കളെ ആഗ്രഹിച്ചിട്ടോ ? അതോ, സൂക്ഷ്മവസ്തു നിര്‍ണ്ണയത്തിനുള്ള എന്തെങ്കിലും പ്രശ്നങ്ങളും സംവാദങ്ങളും ആഗ്രഹിച്ചിട്ടോ? ഇംഗിതം അറിയിച്ചാലും!” ജനകമഹാരാജാവിന്റെ വാക്കുകളില്‍ അല്പം നര്‍മ്മം കൂടി കലര്‍ന്നിരുന്നു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അതു കേട്ട് ഊറിച്ചിരിച്ചുകൊണ്ട് യാജ്ഞവല്ക്യന്‍ മറുപടി പറഞ്ഞു.
“അല്ലയോ രാജാവേ, ഈ സഭയില്‍ വന്നത് ഇന്ന് രണ്ടിനേയും ആഗ്രഹിച്ചുകൊണ്ടുതന്നെ.” യാജ്ഞവല്ക്യന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ജനകന്‍ മന്ത്രിമാരെ വിളിച്ചു. യാജ്ഞാവല്ക്യന്റെ ആശ്രമത്തിലേയ്ക്ക് വേണ്ടത്ര നല്ല ഒന്നാംതരം പശുക്കളെ എത്തിക്കുവാന്‍ കല്പിച്ച് ചുമതലപ്പെടുത്തി. അനന്തരം യാജ്ഞവല്ക്യനെ സമീപിച്ച് വിനയാന്വിതനായി അപേക്ഷിച്ചു.

“മഹര്‍ഷേ! ഇന്ന് നല്ലൊരു ദിവ്യദിനം എനിക്ക് വീണു
കിട്ടിയിരിക്കുകയാണ് അറിവിന്റെ അറിവിന്റെ അവസാന വാക്കായിരുന്ന അങ്ങയില്‍ നിന്ന് എനിക്ക് പ്രത്യേകം ചില പ്രശ്നങ്ങള്‍ക്ക് ഉപദേശം നേടാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വിദ്യാസാഗരത്തിലെ തെളിനീരാല്‍ എന്നെ അഭിഷിക്തനാക്കിയാലും!”
“രാജാവേ, അറിയപ്പെടുന്നവരില്‍ വെച്ച് അഗ്രഗണ്യനായ അവിടുന്ന് ആത്മജ്ഞാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ സന്തോഷം. വിദ്യ ഉപദേശിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍ ചിലത് വ്യക്തിപരമായി ചോദിക്കട്ടെ!” യാജ്ഞവല്ക്യന്റെ അന്വേഷണത്തിന് ജനകന്‍ ഉത്തരം നല്‍കി. “മഹര്‍ഷേ, ശിലീനന്റെ പുത്രനായ ജിത്വാവ്, വാക്കാണ് ആത്മാവെന്ന് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.” “അതുശരി. മാതാവിനാലും പിതാവിനാലും ആചാര്യനാലും അനുശാസിക്കപ്പെട്ടിട്ടുള്ളവന്‍ എങ്ങനെ പറയുമോ, അപ്രകാരം തന്നെയാണ് ജിത്വാവ് വാക്കാകുന്ന ബ്രഹ്മത്തെക്കുറിച്ച് താങ്കള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അവന്‍ വാക്കാണ് ബ്രഹ്മമെന്ന് പറയുന്നു. എന്നാല്‍, സംസാരശേഷി നഷ്ടപ്പെട്ടവന്റെ അവസ്ഥ എന്താണ് എന്നു പറഞ്ഞു തന്നിട്ടുണ്ടോ? എന്താണ് ബ്രഹ്മം? എന്താണ് ബ്രഹ്മത്തിന്റെ പൂര്‍ണ്ണശരീരം? അത് എന്തില്‍ പ്രതിഷ്ഠിതമാണ്? ഇതൊക്കെ ജിത്വാവ് പറഞ്ഞുതന്നതായി ഓര്‍മ്മയുണ്ടോ?” – എന്നിങ്ങനെയുള്ള യാജ്ഞവല്ക്യന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ജനകന്‍ വിഷമിച്ചു. അദ്ദേഹത്തിന് ആചാര്യനായ ജിത്വാവില്‍ നിന്ന് ആത്മാവിനെക്കുറിച്ച് പൂര്‍ണ്ണമായി ഉപദേശം ലഭിച്ചിരുന്നില്ല. “ഇല്ല. അതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല.” ജനകന്‍
സമ്മതിച്ചു. “എങ്കില്‍ , അല്ലയോ മഹാനായ സമ്രാട്ടേ, അങ്ങ് അറിയുന്ന ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ! ആത്മാവിന്റെ ബാക്കി ശരീരഭാഗം കൂടി അറിയാന്‍ താങ്കള്‍ക്ക് അവശേഷിക്കുന്നുണ്ട്.” യാജ്ഞവല്ക്യന്‍ ജനകനെ നോക്കി മന്ദമായി ഒന്നു ചിരിച്ചു. താന്‍ വളരെ ചെറുതാകുന്നതുപോലെ ജനകനുതോന്നി.

ഒരുവനെ ബാല്യത്തില്‍ മാതാവും പിന്നീട് ഉപനയനം വരെ പിതാവും ഉപനയത്തിനുശേഷം ഗുരുവുമാണ് അനുശാസിക്കുന്നത്. ഇങ്ങനെ ക്രമത്തില്‍ പൂര്‍ണ്ണമായി അനുശാസനം നേടിയിട്ടുള്ളവന് ഒരിക്കലും ശാസ്ത്രങ്ങളിലും പ്രമാണങ്ങളിലും തെറ്റുകയില്ല. വാഗ്ദേവത ബ്രഹ്മമാണെന്ന് ജിത്വാവ് ഉപദേശിക്കുന്നുണ്ട്. എങ്കിലും വാഗ്ദേവതയെ ആത്മാവായി ഉപാസിക്കേണ്ട വിധം ജിത്വാവ് വെളിവാക്കിയിട്ടില്ല. ഉപാസനയുടെ അഭാവത്തില്‍ ജനകനിലെ അറിവ് അപൂര്‍ണ്ണമാണെന്ന് യാജ്ഞവല്ക്യന്‍ മനസ്സിലാക്കി. ജനകന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് യാജ്ഞവല്ക്യനോട് അടുത്തു വന്നു. ഭക്തിപൂര്‍വ്വം യാജ്ഞവല്ക്യനെ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. വളരെ ശാന്തനായി കൈകള്‍ കൂപ്പിക്കൊണ്ട് അപേക്ഷിച്ചു. “മഹാമുനേ, അറിവില്‍ അങ്ങേയ്ക്കു തുല്യനായി മറ്റൊരാളെക്കുറിച്ച് അടിയന്‍ കേട്ടിട്ടില്ല. അങ്ങ് എല്ലാം അറിയുന്നു. വാക്ചാതുര്യത്തിലും പാണ്ഡിത്യത്തിലും സ്ഥൂലമായ ബാഹ്യലോകത്തെ വിറകൊള്ളിക്കുന്നവനാണ് അങ്ങ്. പലതവണ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ സഭയില്‍ പോലും അതിനുള്ള ഭാഗ്യം സിദ്ധിച്ചു. അതുപോലെ അതിസൂക്ഷ്മമായ ആത്മജ്ഞാനം കൊണ്ട് ആരിലും അനുഭൂതി നിറയ്ക്കുവാനുള്ള ശേഷിയും അങ്ങയിലുണ്ട്. എല്ലാം അറിയാവുന്ന അങ്ങുതന്നെ ഇന്ന് എനിക്കെല്ലാം ഉപദേശിച്ചു തരണം.”
ജനകന്റെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടു. യാജ്ഞവല്ക്യന്‍ ഓരോന്നായി ഉപദേശിച്ചു തുടങ്ങി.

“വാക്കാകുന്ന ആത്മാവിനെ ഉപാസിക്കുവാന്‍ ജിത്വാവ് താങ്കളോട് പറഞ്ഞല്ലോ. സത്യത്തില്‍ വാക്ക്, ശരീരത്തിലെ ഒരു ഇന്ദ്രിയമാണ്. അതേ സമയം ആത്മാവിന്റെ വാക്കാകുന്ന ശരീരം ഈ ഇന്ദ്രിയം തന്നെയാണുതാനും. ആകാശമാണ് ഇതിന് പ്രതിഷ്ഠയായിരിക്കുന്നത്. പ്രജ്ഞ എന്നു കരുതി ഈ വാക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കാന്‍ പഠിക്കണം. മനസ്സിലായോ?”
“സംശയമുണ്ട്. പ്രജ്ഞ എന്നാല്‍ എന്താണ്?”
“ഏയ്! ഇങ്ങനെ നിസ്സാരമായി സംശയിക്കരുത്. പറയുന്നതില്‍ വിചാരം ചെയ്യണം. അതിസൂക്ഷ്മമായ വിചാരം കൊണ്ട് സംശയം തീരെ നശിക്കും. പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ഇക്കാര്യം സാധിക്കുകയില്ല. എങ്കിലും വിചാരത്തിനുവേണ്ടി പറയാം.

സാമ്രാട്ടേ, പ്രജ്ഞയെന്നു പറഞ്ഞാല്‍ അത് വാക്കുതന്നെയാകുന്നു. വാക്കുകളിലൂടെയാണ് നാം അധികവും അറിയുന്നത്. ബന്ധുമിത്രാദികള്‍ക്കിടയില്‍ അറിവായി നിറയുന്നത് മിക്കവാറും വാക്കുകളാണ്. വാക്കിന്റെ പ്രയോഗം ജീവിതത്തില്‍ വളരെയധികമാണെന്ന് അറിയാമല്ലോ. ഋഗ്വേദവും യജൂര്‍വ്വേദവും സാമവേദവും അഥര്‍വ്വവേദവും വാക്കുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യ, ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ വാക്കുകളുടെ പ്രയോഗം അത്യാവശ്യമാണ്. ഇതിഹാസവും പുരാണങ്ങളും വിദ്യകളും ഉപനിഷത്തുകളും സൂക്തങ്ങളും സൂത്രങ്ങളും വ്യാഖ്യാനങ്ങളും എല്ലാം വാക്കിനെ ആശ്രയിച്ചിരിക്കും. ഇവയെല്ലാം അറിയപ്പെടുന്നത് ലോകത്തില്‍ വാക്കുകളിലൂടെയായിരിക്കും.
വാക്ക് എന്നാല്‍ വാഗ്ദേവതയാണ്. വഗ്ദേവത ശുദ്ധയും പുണ്യവതിയുമാണ്. യാഗം, ഹോമം, അന്നദാനം, ജലദാനം തുടങ്ങിയവയെല്ലാം കൊണ്ട് പലവിധത്തില്‍ പുണ്യമുണ്ടാകാം. ഈ യാഗഹോമാദികളിലെല്ലാം ‘വാക്ക്’ ഒരു പ്രധാന സംഗതി തന്നെ. അതിനാല്‍ എല്ലാപുണ്യത്തിലും വാക്കുണ്ട്. ഈ ജന്മവും അടുത്ത ജന്മവും എല്ലാ ഭൂതങ്ങളും നാമരൂപങ്ങളും വാക്കുകൊണ്ടാണല്ലോ രാജാവേ, അറിയപ്പെടുന്നത്. അതുകൊണ്ട് വാക്കുതന്നെയാണ് പരബ്രഹ്മം. പ്രജ്ഞ എന്ന നിലയ‌ില്‍ വാഗ്ദേവതയെ ബ്രഹ്മമായിട്ട് ഉപാസിക്കാവുന്നതാണ് ഇതറിഞ്ഞ ബ്രഹ്മത്തെ ഉപാസിക്കുന്നവനെ വാഗ്ദേവത കൈവെടിയുകയില്ല. എല്ലാ ഭൂതങ്ങളും അവനുവേണ്ടി സന്തോഷത്തെ ചെയ്യും. അവന്‍ ദേവനായിത്തീരും. യാജ്ഞവല്ക്യന്റെ ഈ വിധത്തിലുള്ള ഉപദേശങ്ങള്‍ കേട്ട് ജനകമഹാരാജാവ് സന്തുഷ്ടനായിത്തീര്‍ന്നു. ഈ മഹത്തായ ഉപദേശത്തിന് ഒരു പാരിതോഷികം നല്‍കണമെന്ന് ജനകന്‍ വിചാരിച്ചു. ഉടനെ അത് വാഗ്ദാനം ചെയ്തു.

“അങ്ങയ്ക്ക് ആനയെപ്പോലുള്ള കാളയോടുകൂടി ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട്.”
“ആവശ്യമില്ല. സാമ്രാട്ടേ, നിങ്ങളിപ്പോള്‍ എന്റെ ശിക്ഷണത്തിലാണ്. ശിഷ്യനെ ശാസിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല. ഇതെന്റെ പിതാവിന്റെ വിചാരമാണ്.”
“ശരി അവിടുത്തെ ഹിതം പോലെ എല്ലാം നടക്കട്ടെ. ഞാനിപ്പോള്‍ അങ്ങയുടെ ശിഷ്യനാണ്. ഗുരുസ്ഥാനത്ത് നിന്ന് അവിടുന്ന് ഉപദേശിച്ചാലും.” “തങ്ങള്‍ക്ക് വേറെ ആരെല്ലാം ആചാര്യന്മാരുണ്ട്. അവര്‍ എന്താണോ ഉപദേശമായി തന്നിട്ടുള്ളത്. അതെല്ലാം ഇപ്പോള്‍ എനിക്കു കേള്‍ക്കണം. പറയൂ…..” യാജ്ഞവല്ക്യന്‍ നിര്‍ബന്ധിച്ചു.

ജനകമഹാരാജാവ് പല കാലങ്ങളിലായി ധാരാളം ആചാര്യന്മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. പലരും പല രീതിയിലാണ് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നത്. അവര്‍ ഓരോരുത്തരും എന്താണ് ഉപദേശിച്ചതെന്ന് യാജ്ഞവല്ക്യന്‍ ജനകനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു. ജനകമഹാരാജാവ് തന്റെ പൂര്‍വ്വ ആചാര്യന്മാരെ സംബന്ധിച്ച വിവരവും അവര്‍ പറഞ്ഞു കൊടുത്തിരുന്ന ഉപദേശങ്ങളും തുറന്നു പറ‍ഞ്ഞു.

ശുല്ബന്റെ പുത്രനായ ഉദങ്കന്‍ എന്ന ആചാര്യന്‍ പ്രാണനാണ് ബ്രഹ്മം എന്ന് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നു. വൃഷ്ണന്റെ പുത്രനായ ബര്‍ക്കു എന്ന ആചാര്യനാകട്ടെ ചക്ഷുസ്സാണ് ബ്രഹ്മം എന്ന് പറഞ്ഞു കൊടുത്തിരുന്നു. നാലാമത്തെ ആചാര്യന്‍, ഭരദ്വാജന്റെ പുത്രനായ ഗര്‍ദ്ദഭീവിപീതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ശ്രോത്രം ആയിരുന്നു ബ്രഹ്മമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. അഞ്ചാമത്തെ ആചാര്യന്‍ പേരുകേട്ട വ്യക്തിയായിരുന്നു. ജബാലയുടെ പുത്രനായ സത്യകാമന്‍. വിദേഹരാജ്യത്ത്, അദ്ദേഹം അതിഥിയായി വസിക്കുകയുണ്ടായി. ജിജ്ഞാസുവായ ജനകന്‍ പലതും സത്യകാമനില്‍ നിന്ന് അഭ്യസിക്കുകയുണ്ടായി. മനസ്സാണ് ബ്രഹ്മം എന്നായിരുന്നു സത്യകാമന്‍ നല്കിയ ഉപദേശം. ശകലന്റെ പുത്രനായ വിദഗ്ദ്ധന്‍ എന്ന ആചാര്യന്‍ ഹൃദയമാണ് ബ്രഹ്മമെന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ആചാര്യന്മാരില്‍ ആരും തന്നെ അപ്പോള്‍ ആത്മജ്ഞാനികള്‍ ആയിരുന്നില്ല. ആത്മാവിനെക്കുറിച്ച് നുഭവജ്ഞാനമില്ലാത്തവരായിരുന്നു അവര്‍.അതിനാല്‍ അവരുടെ ഉപദേശങ്ങള്‍ അപ്പോള്‍ പൂര്‍ണ്ണമായിരുന്നില്ല. കേവലങ്ങളായ ഇന്ദ്രിയങ്ങളെ ബ്രഹ്മമെന്ന് അവര്‍ കരുതി. ആ ഇന്ദ്രിയങ്ങളുടെ അഭാവത്തില്‍ ശരീരത്തിന് എന്തു സംഭവിക്കും? എങ്ങനെയാണ് ആ ഇന്ദ്രിയങ്ങള്‍ ആത്മാവായി ബന്ധപ്പെട്ടിരിക്കുന്നത്. ഇവ ഏതൊന്നില്‍ പ്രതിഷ്ഠിതമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം എന്ത്? എങ്ങനെ ഉപാസിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അവരാരും പറഞ്ഞു കൊടുത്തിരുന്നില്ല. യാജ്ഞവല്ക്യന്‍ അതിനെക്കുറിച്ച് പ്രത്യേകം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓരോ തവണയും ചോദിച്ചു.

“എനിക്ക് പറഞ്ഞുതന്നിട്ടില്ല” എന്നായിരുന്നു എപ്പോഴും ജനകന്റെ മറുപടി. അതുകേള്‍ക്കുമ്പോള്‍ “അല്ലയോ സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ!” എന്ന് യാജ്ഞവല്ക്യനോട് അപേക്ഷിക്കും.
മറ്റ് ആചാര്യന്മാരില്‍ ഉപദേശിക്കപ്പെട്ട വാക്ക് , പ്രാണന്‍, ചുക്ഷുസ്, ശ്രോത്രം, മനസ്സ്, ഹൃദയം എന്നിവയെ ആസ്പദമാക്കി പൂര്‍ണ്ണ അറിവ് യാജ്ഞവല്ക്യന്‍ പറഞ്ഞുകൊടുത്തു. ഓരോന്നിനേക്കുറിച്ചും വിശദീകരിച്ചു കേള്‍പ്പിച്ചു കഴിയുമ്പോള്‍ ജനകമഹാരാജാവ് സന്തുഷ്ടനായിത്തീരും. ആവേശപൂര്‍വ്വം പാരിതോഷികം പ്രഖ്യാപിക്കും.
“ആനയെപ്പോലുളള കാതുകളോടുകൂടിയ ആയിരം പശുക്കളെ ഞാന്‍ അങ്ങേയ്ക്കു തരുന്നുണ്ട്.” മന്ദഹാസത്തോടെ യാജ്ഞവല്ക്യന്‍ ഓരോ തവണയും ആ വാഗ്ദാനം നിരസിച്ചു കൊണ്ടിരുന്നു.
“ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് എന്റെ പിതാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.” എന്ന് യാജ്ഞവല്ക്യന്‍ പറയും. സ്ഥൂലവും ബാഹ്യവുമായ അറിവുകളില്‍ നിന്ന് ജനകനെ ഉപദേശിച്ച് അതിസൂക്ഷ്മമായ അറിവിന്റെ അഗാധതയില്‍ യാജ്ഞവല്ക്യന്‍ എത്തിച്ചു. വാഗാദി ഇന്ദ്രിയങ്ങള്‍ മുതല്‍ ഹിരണ്യഗര്‍ഭാവസ്ഥവരെ സവിസ്തരം അനുശാസിക്കപ്പെട്ടു. ബ്രഹ്മനിഷ്ഠയെ സംബന്ധിക്കുന്ന അതിസൂക്ഷ്മമായ വിചാരണശേഷി ജനകമഹാരാജാവിനുണ്ടായി. അദ്ദേഹം മൗനമായിരുന്ന് എല്ലാം മനനം ചെയ്തു. യാജ്ഞവല്ക്യനില്‍ നിന്ന് ശ്രവിച്ചതെല്ലാം അദ്ദേഹത്തിന് മനനത്തില്‍ ബോധ്യമായി.

ജനകന്‍ സാവധാനം തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ഭക്തിയോടെ യാജ്ഞവല്ക്യന്റെ അടുത്തു ചെന്നു. വിനയാന്വിതനായി നമസ്ക്കരിച്ചു.
“പ്രഭോ! അവിടുന്ന് എനിക്ക് ഗുരുവാണ്. നമസ്ക്കാരം എന്നെ അനുശാസിച്ചാലും.” യാജ്ഞവല്ക്യനിലുള്ള അറിവിന്റെ അപാരത ജനകനെ വിസ്മയിപ്പിച്ചു. എല്ലാവിശേഷങ്ങളോടും കൂടിയ ബ്രഹ്മത്തെപ്പറ്റിസമഗ്രമായ ജ്ഞാനം നേടിയ മഹാനാണ് യാജ്ഞവല്ക്യനെന്ന് ജനകനു ബോധ്യമായി. ഇത്രയധികം യാജ്ഞവല്ക്യനെ അടുത്ത് മനസ്സിലാക്കുവാന്‍ മുമ്പൊരിക്കലും കഴിഞ്ഞിരുന്നില്ല. പണ്ഡിതന്‍, മഹാജ്ഞാനി, സമര്‍ത്ഥനായ വാഗ്മി, ത്രീവ്രവിരക്തന്‍, പരമാചാര്യന്‍ എന്നിങ്ങനെ പലനിലയില്‍ സര്‍വ്വാരാധ്യനാണ് യാജ്ഞവല്ക്യനെന്ന് അറിഞ്ഞിരുന്നു. രാജസഭകളില്‍ വെച്ച് ധാരാളം സൗഹൃദം പുലര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ജീവന്‍മുക്തനും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ഒരു പുണ്യാത്മാവായ മഹാഋഷീശ്വരനാണ് യാജ്ഞവല്ക്യനെന്ന അനുഭവം ആദ്യമായുണ്ടാകുകയാണ്. വിദേഹരാജ്യത്തിന്റെ അധിപനും അതേസമയം മഹാചാര്യനുമായി ജനകന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്നവനാണ്. എന്നാല്‍ താന്‍ യാജ്ഞവല്ക്യനു മുമ്പില്‍‍ എത്രയോ നിസ്സാരനാണെന്ന് ജനകനുതോന്നി. രാജാവെന്നും ആചാര്യനെന്നുമുള്ള തന്റെ ഭാവം പൂര്‍ണ്ണമായും വെടിഞ്ഞ് യാജ്ഞവല്ക്യനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.
അവര്‍ ഗുരുശിഷ്യന്മാരായി. ജനകനൊരു പര്‍ണ്ണശാല ചമച്ചു. അതില്‍ ഇരുവരും ഇരുന്നു. രാജകീയ വേഷങ്ങളെല്ലാം അഴിച്ചുമാറ്റി ശുഭവസ്ത്രധാരിയായി സമിത്പാണിയായി ജനകന്‍ പ്രവേശിച്ചു ഗുരു സ്ഥാനം വഹിച്ചുകൊണ്ട് യാജ്ഞവലക്യന്‍ ഉപദേശിച്ചു.


“ഒരുവന് വളരെദൂരം ഒരു വഴി പോകുവാനുണ്ടെന്ന് കരുതുക. കരയില്‍കൂടിയും ചിലപ്പോള്‍ വെള്ളത്തില്‍കൂടിയും അവനു പോകേണ്ടി വരാം. കരയില്‍കൂടിയാണ് യാത്രയെങ്കില്‍ തേരില്‍ പോകേണ്ടിവരാം കരയില്‍ കൂടിയാണ് യാത്രയെങ്കില്‍ തോണിയില്‍ യാത്ര ചെയ്യാതെ തരമില്ല. ഏതാണ്ട് ഇതേ അവസ്ഥയാണ് ജനകമഹാരാജാവേ, ഇപ്പോള്‍ താങ്കളുടേത്. ഒരേ സമയം ഭൗതികമായും ജീവിതയാത്ര അതിസമര്‍ത്ഥമായി നിര്‍വ്വഹിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ കഴിവ് അത്യപൂര്‍വ്വമാണ്. എല്ലാം ഒരുക്കങ്ങളും താങ്കളിലുണ്ട്. പക്ഷേ ഇതുവരെയും ലക്ഷ്യമായ പരമജ്ഞാനത്തില്‍ താങ്കളുടെ മഹത്തായ യാത്ര എത്തിച്ചേര്‍ന്നിട്ടില്ല. അങ്ങ് പ്രതീകങ്ങളെക്കൊണ്ടു സമാഹിതമായ മനസ്സോടു കൂടിയവനാണ്. വേദങ്ങള്‍ പഠിച്ചവനാണ്. ധാരാളം ആചാര്യന്‍മാരാല്‍ ബ്രഹ്മവിദ്യ ഉപദേശിക്കപ്പെട്ടവനാണ്. ധാരാളം ജിജ്ഞാസുകളുടെ ഗുരുവുമാണ്. എങ്കിലും താങ്കള്‍ക്കും ഒരു നാള്‍ മരണം വരും ഈ ദേഹം വിട്ടു പോകുമ്പോള്‍ താങ്കള്‍ എവിടേയ്‍ക്കാണ് പോകുക?”
“ഞാന്‍ എവിടേയ്‍ക്കാണ് പോകുക എന്ന് എനിക്കറിഞ്ഞു കൂടാ.”
“അങ്ങനെയോ? എങ്കില്‍ മരണാനന്തരം എവിടെപ്പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം.” “തീര്‍‍ച്ചയായും അവിടുന്ന് ഉപദേശിച്ചാലും.”
“ദക്ഷിണ അക്ഷിയില്‍ ഒരു പുരുഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവനെ ഇന്ധന്‍ എന്നു പറയുന്നു. പരോക്ഷമായിട്ട് ഇന്ദ്രന്‍ എന്നും പറയാറുണ്ട്. ദേവന്‍മാര്‍ പൊതുവേ പ്രത്യക്ഷത്തെ വെറുക്കുന്നവരാണ്. പരോക്ഷമാണ് അവര്‍ക്കിഷ്ടം! പിന്നെ ഇടത്തെക്കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്നിയായ വിരാട്ടാണ്. ഹൃദയാന്തര്‍ഭാഗത്തുള്ള ആകാശത്തിലാണ് ഇവര്‍ സംഗമിക്കുന്നത്. ഹൃദയത്തിനുള്ളിലെ രക്തം ഇവരുടെ ആഹാരമാണ്. ഹൃദയത്തിനുള്ളില്‍ വലപോലെ കാണപ്പെടുന്നത് ഇവരുടെ പുതപ്പാണ്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹൃദയത്തില്‍ നിന്ന് മുകളിലേയ്‍ക്കു പോകുന്ന നാഡിയാണ്. ഒരു തലമുടി നാര് ആയിരമായി ഭേദിക്കപ്പെട്ടതുപോലെ അനേകം ചെറിയചെറിയ നാഡികള്‍ ഹൃദയത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇവകളില്‍ക്കൂടിയാണ് അന്നരസം ഒഴുകുന്നത്. അതുകൊണ്ട് ഇത് ശരീരമാകുന്ന ആത്മാവിനേക്കാള്‍‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയതാകുന്നു. പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍‍‍ , താഴെ എന്നീ ദിക്കുകള്‍ ഓരോ പ്രാണനാകുന്നു. എല്ലാ ദിക്കുകളും പ്രാണനാണ്. ‘ഇതല്ല ഇതല്ല’ എന്ന് എല്ലാത്തിനേയും നിഷേധിച്ച് ഒടുക്കം ഗ്രഹിക്കപ്പെടുന്നതാണ് ആത്മാവ്. അക്ഷി പുരുഷനായി അറിയപ്പെടുന്നത് ആത്മാവാണ്.
ഈ ആത്മാവ് മറ്റാരാലും ഗ്രഹിക്കപ്പെടാത്തതാണ്. പൊടിഞ്ഞു പോകാത്തതാണ്. ഒന്നിനോടും സംഗമില്ലാത്തതാണ്. ഒരിക്കലും ദുഃഖിക്കുന്നില്ല ഒരിക്കലും നശിക്കുന്നില്ല. ആത്മാവിന് മരണമില്ല.”
യാജ്ഞവല്ക്യന്‍ ആത്മാവിന്റെ സ്വരൂപത്തെപ്പറ്റിയും മറ്റും. വിസ്തരിച്ചു തുടങ്ങി.


ദക്ഷിണാക്ഷിയിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രദാവസ്ഥയിലുള്ള വൈശ്വാനരനെയാണ്. ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയായി സൂചിപ്പിച്ചത് സ്വപ്നത്തിലുള്ള തൈജസനെയുമാണ്. സ്വപ്‍നാവസ്ഥയില്‍ വൈശ്വാനര-തൈജസന്‍മാര്‍ ഒന്നാകുന്നു. പിന്നീട് സുഷുപ്‍തിയില്‍ പ്രാജ്ഞനായി അനുഭവപ്പെടുന്നതും ഈ വൈശ്വാനരന്‍ തന്നെയാണ്. ഇവ മുന്നിനേയും അറിഞ്ഞു കഴിഞ്ഞവന്‍ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെ കടന്ന് തുരീയാവസ്ഥയെ പ്രാപിക്കുന്നു. വൈശ്വാനരന്‍, തൈജസന്‍, തുരീയന്‍ എന്നിങ്ങനെയാണ് അവസ്ഥകളില്‍ ആത്മാവ് അനുഭവപ്പെടുന്നത്. തുരീയാവസ്ഥയില്‍ എത്തിയ വ്യക്തി ആത്മസാക്ഷാത്ക്കരിച്ച് ഒരു ജ്ഞാനിയുടെ തലത്തിലേയ്ക്കുയരുന്നു. വൃഷ്ടിയായ ജീവാത്മാവും സമഷ്ടിയായ പരമാത്മാവും ഒന്നാണെന്ന് അറിയുവാന്‍ മരണത്തെ അതിജീവിക്കുന്നു. അവന് മരണമില്ല. മൃത്യുവിനെ അവന്‍ തോല്പിക്കുന്നു. ‍ജ്ഞാനികള്‍ മരണത്തെ ഭയക്കുന്നില്ല .


യാജ്ഞവല്ക്യന്റെ ഉപദേശാനുസരണം ഉപാസനകളും വിചാരവും അനുഷ്ഠിച്ച ജനകന്‍ ആത്മാവിനെ തന്നില്‍ തന്നെ സാക്ഷാത്ക്കരിച്ചു. മൃത്യുഭയം ജനത്തില്‍ നിന്ന് അകന്നുപോയി. ജനനം, മരണം എന്നീ ഭയങ്ങളില്ലാത്ത അവസ്ഥയില്‍ ജനകന്‍ എത്തിച്ചേര്‍ന്നു. പരമമായ ആനന്ദാനുഭൂതിയില്‍ ജനകന്‍ മുങ്ങിക്കുളിച്ചു.
“ജനകാ, നീ ഇതാ ഭയമില്ലാത്തതിനെ പ്രാപിച്ചിരിക്കുന്നു!” യാജ്ഞവല്ക്യന്‍ തന്റെ മഹാനായ ശിഷ്യന് കൈവന്നു ചേര്‍ന്ന പരമാവസ്ഥയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
ജനകമഹാരാജാവ് കൃതാര്‍ത്ഥനായി! യാജ്ഞവല്ക്യനുമുമ്പില്‍ തന്റെ രാജാധികാരം എത്ര നിസ്സാരമാണെന്ന് അദ്ദഹം വിചാരിച്ചു. തന്റെ ഗുരു എല്ലാം പരിത്യജിച്ച ഒരു സന്ന്യാസിയായിട്ടിരിക്കുമ്പോള്‍ താന്‍ സിംഹാസനത്തില്‍ രാജാവായിരിക്കുന്നത് എന്തിന് ? എങ്ങനെ?
ജനകരാജാവ് വേഗം ഗുരുപാദങ്ങളില്‍ നമിച്ചു.
“ഗുരുദേവാ! എനിക്ക് അഭയത്തെ അറിയിച്ചു തന്ന അങ്ങേയ്ക്കും അഭയം പ്രാപ്തമാകട്ടെ. അവിടുത്തെ പാദാരവിന്ദങ്ങളില്‍ കോടാനുകോടി പ്രണാമങ്ങള്‍‍ . അനുഗ്രഹിച്ചാലും. ഉപാധികൃതമായ അജ്ഞാനമറകള്‍ നീക്കി ആത്മാവിനെ അനുഭവിപ്പിച്ചു നല്‍കിയ അങ്ങേയ്ക്ക് പ്രതിഫലമായി ഞാന്‍ എന്താണ് നല്‍കേണ്ടത് എന്ന് എനിക്കറിയില്ല. എന്തെല്ലാം നല്‍കാന്‍ അടിയനു കഴിയുമോ അതെല്ലാം അല്പം മാത്രമായിരിക്കും അതിനാല്‍ ഞാന്‍ ചിലത് നിശ്ചയിച്ചു കഴിഞ്ഞു. ഈ നിമിഷം ഞാന്‍ എന്റെ ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുകയാണ്. ഈ വിദേഹ രാജ്യവും ഇവിടുത്തെ സര്‍വ്വ സമ്പത്തുകളും പ്രജകള്‍ സഹിതം ഞാന്‍ എന്റെ ഗുരുനാഥന്റെ പാദങ്ങളില്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു കൊള്ളുന്നു. ഈ വിദേഹരാജ്യം അങ്ങ് യഥേഷ്ടം അനുഭവിച്ചു കൊള്ളുക. എല്ലാം ഇഷ്ടംപോലെ ഭരിച്ചു കൊള്ളുക. ഇതാ ഞാന്‍ അങ്ങയുടെ ദാസനെന്ന നിലയില്‍ നിലകൊള്ളുന്നു. ഒരു ഭൃത്യനോ ആയി ഈ ശിഷ്യനെ അങ്ങയോടെപ്പം വസിക്കാന്‍ കനിവു കാട്ടിയാലും!” ജനകന്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാജ്ഞവല്ക്യന്റെ പാങ്ങളില്‍ തന്നെയും തന്റേതായിട്ടുള്ള സര്‍വ്വത്തെയും സമര്‍പ്പിച്ചു. ഗുരു പൂജ ചെയ്ത് ആരതി നടത്തി നമസ്ക്കരിച്ചു.

ഭൂമിയില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു കിടക്കുന്ന ജനകന്റെ ചുമലില്‍ യാജ്ഞവല്ക്യന്‍ സാവധാനം തലോടി. ജനകനു സമീപം ഇരുന്നിട്ട് പിടിച്ചെഴുന്നേല്പിച്ചു. ജനകന്‍ ഉടനെതന്നെ തന്റെ തീരുമാനം വിളംബരമായി പ്രഖ്യാപിച്ചു മന്ത്രിമാരോടും മറ്റെല്ലാവരോടുമായി അദ്ദേഹം നിര്‍ദ്ദേശിച്ചു.

“ബഹുമാന്യരേ, ചക്രവര്‍ത്തിയെന്ന ചക്രവര്‍ത്തിയെന്ന “നിലയില്‍ നമ്മുടെ അവസാനത്തെ ആജ്ഞ കേട്ടാലും ! നാം നിങ്ങളിലൊരുവനായി ത്തീര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യം ഇനി ഗുരുനാഥനായ യാജ്ഞവല്ക്യമഹര്‍ഷിയുടെ സ്വന്തമാണ്. അവിടുത്തെ യഥേഷ്ടം പോലെ വിദേഹരാജ്യം എല്ലാ വിധത്തിലും അനുഭവിക്കപ്പെടും. നാം ഗുരുവിന്റെ ദാസനായി ആജ്ഞാനുവര്‍ത്തിയായി നില കൊള്ളുന്നു ! വാര്‍ത്ത നാടൊട്ടുക്കും വിളംബരം ചെയ്യുക!!” ജനകന്റെ പ്രഖ്യാപനം എങ്ങും വിളംബരം ചെയ്യപ്പെട്ടു. കൊട്ടാരത്തിനുമുമ്പിലും തലസ്ഥാന നഗരിയിലുമായി വന്‍ ജനപ്രവാഹം ഉണ്ടായി. എല്ലാവരും യാജ്ഞവല്ക്യനും ഒരുപോലെ സ്തുതിഗീതങ്ങള്‍ പാടി. ജയജയശബ്ദങ്ങളും ഭേരീനാദവും കൊണ്ട് വിദേഹരാജ്യം ശബ്ദമുഖരിതമായി. അനേകം നാടുകളില്‍നിന്ന് രാജാക്കന്‍മാരും പണ്ഡിതന്മാരും മഹര്‍ഷിമാരും വാര്‍ത്തയറിഞ്ഞ് വിദേഹരാജ്യത്ത് എത്തിച്ചേര്‍ന്നു. സഭാമണ്ഡപത്തിലാകെ വിശിഷ്ടവ്യക്തികളെക്കൊണ്ട് നിറഞ്ഞു.

ജനകനാല്‍ പരിത്യജിക്കപ്പെട്ട വിദേഹരാജ്യത്തിന്റെ ഭാവിയില്‍ സര്‍വ്വര്‍ക്കും ജിജ്ഞാസയായി. എന്താണ് ഇനി സംഭവിക്കുന്നത് എന്നറിയാന്‍ സര്‍വ്വരും കാത്തിരുന്നു. ജനകനാകട്ടെ എല്ലാവിധ രാജാധികാര ചിഹ്നങ്ങളും ഉപേക്ഷിച്ച് ശുഭ്രവസ്ത്രധാരിയായി ശിഷ്യഭാവത്തില്‍ യാജ്ഞവല്‌ക്യന്റെ പിന്നില്‍ നിന്നു.
ജനകനോടൊപ്പം രാജസഭയില്‍ സിംഹാസനത്തിനരികിലെത്തിയ യാജ്ഞവല്‌ക്യന്റെ മാസ്മരികശബ്ദം എല്ലാവരും കേട്ടു.
“അല്ലയോ ജനകാ! വിദ്യാദാനത്തിനു പകരമായി ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണയെ നിരസിക്കുവാന്‍ പാടില്ലാത്തതിനാല്‍ നിന്റെ ഈ ദക്ഷിണ ഞാന്‍ സ്വീകരിക്കുന്നു. ശിഷ്യന്റെ ദക്ഷിണ സ്വീകരിക്കാതെ വിദ്യാദാനം ഒരിടത്തും പൂര്‍ണമാകുകയില്ല.”

“അടിയന്‍ സംതൃപ്തനായി പ്രഭോ!”

“ആത്മസമര്‍പ്പണത്തിലൂടെ നമ്മുടെ ദാസനായി സ്വയം മാറിയ നീ എക്കാലവും മഹാജ്ഞാനികള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും കൂടി ഉത്തമ മാതൃകയായി ഭവിക്കുന്നതാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്റെ നാമവും പ്രവൃത്തിയും കീര്‍ത്തിക്കപ്പെടും. മൃത്യുവിനെ അതിക്രമിച്ച നീ മരണമില്ലാത്തവനായി ഭവിക്കും. ലോകത്തിനു മാതൃകയും ശാസ്ത്രത്തിനു ദൃഷ്ടാന്തവും ആകുന്നതിനു വേണ്ടി നിസ്സംഗനായി നീ തുടര്‍ന്നും വിദേഹരാജാവായിത്തന്നെ അറിയപ്പെടും. കര്‍ത്തൃത്വമോ ഭോക്തൃത്വമോ, കര്‍മത്തില്‍ ഫലാസക്തിയോ തീരെ ഇല്ലാത്തവനായിത്തീര്‍ന്ന നിന്നെ കര്‍മങ്ങള്‍ ഒരുകാലത്തും ബാധിക്കുകയില്ല. വാസനാബീജങ്ങളുടെ നേര്‍ത്ത വേരുകള്‍ കൂടി കത്തിയെരിഞ്ഞു പോയ നീ ജ്ഞാനികളില്‍ വെച്ച് മഹാജ്ഞാനിയായിരിക്കുന്നതാണ്. നമ്മുടെ ദാസരിലും ശിഷ്യഗണങ്ങളിലും പ്രമുഖനും പ്രഥമനുമായി നിന്നെ നാം നിശ്ചയിക്കുന്നു. ഗുരുപദേശത്തിനും വിദ്യാ ദാനത്തിനുമുള്ള അധികാരവും നല്‍കുന്നു. ഏവര്‍ക്കും നീ ആശ്രയമായിരിക്കട്ടെ. മഹാജ്ഞാനികള്‍ക്കും വിരക്തന്മാര്‍ക്കും കൂടി ഗുരുവായി ഭവിക്കട്ടെ. ഇതാണ് നമ്മുടെ ഇഷ്ടം. ഇത് ഗുരുകല്പനയാണ്. ശിഷ്യധര്‍മ്മം നിറവേറ്റിയാലും.”
യാജ്ഞവല്‌ക്യന്റെ കല്പനയ്ക്ക് മുന്നില്‍ ജനകന്‍ വിഷണ്ണനായി.
“പ്രഭോ! എല്ലാം അറിയുന്ന മഹാഗുരോ! ഈ ലോകഭാരം ഇനിയും അടിയന്റെ ശിരസ്സില്‍ തിരികെ വയ്ക്കുകയാണോ ?” ജനകന്‍ പൊട്ടിക്കരഞ്ഞുപോയി.

“ഭരിക്കുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലോകത്തിനു മാതൃകയും ദൃഷ്ടാന്തവുമായിരിക്കാന്‍ ജനകമാഹാരാജാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറിവിനാല്‍ നീ അനുഭൂതനായിരിക്കുക. വിചാരത്താല്‍ വിവേകനായിട്ടിരിക്കുക.”
യാജ്ഞവല്‍ക്യന്‍, ജനകന്റെ കരം പിടിച്ച് സിംഹാസനത്തിലിരുത്തി. ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് രാജകിരീടമെടുത്തു തലയില്‍ വെച്ച് കൊടുത്തു.
സഭാവാസികള്‍ അത് കണ്ടും കേട്ടും ആഹ്ലാദചിത്തരായി. അവര്‍ ജയഭേരി മുഴക്കി. സ്തുതിഗീതങ്ങള്‍ പാടി. മംഗളഗാനങ്ങള്‍ ആലപിച്ചു.
ഓം തത് സത്യം


അവലംബം – ബൃഹദാരണ്യകോപനിഷത്ത്

കൃതയുഗം കലിയുഗം ദ്വാപരയുഗം//..ചിത്രഗുപ്തൻ//..കര്‍ണ്ണന്‍//ച്യവനൻ// അപ്സരസ്സ്



അപ്സരസ്സ്

ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, 
അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവ്വനവതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.

പാലാഴി മഥനം ചെയ്തതിൽ നിന്നാണ്‌ നാല്‌ അപ്സരസ്സുകളും ഉണ്ടായത് എന്നാണ്‌ വിശ്വാസം. സരസ്സിൽ നിന്നുണ്ടായവർ ആണ്‌ അപ്സരസ്സ് ആയത്.

ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാവണം. കൊടുംതപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ എവ്വിധവും തപസ്സുമുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കവയ്യാത്തതുകൊണ്ടുമാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്. ദേവൻമാരും അസുരൻമാരും‍ ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാലാകാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യുവടയുന്നവരെ വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)

ച്യവനൻ

ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച
പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതീഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു. ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു.വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു.


ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ ഈ കാട്ടിൽ വരികയും അവരുടെ കളികൾക്കിടയിൽ ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെപ്പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപ്പോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നുണ്ട്.സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ച്യവനനായിരുന്ന കാര്യവും അവൾ അറിഞ്ഞില്ല. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെത്തുടർന്ന് കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ഒന്നും ആവശ്യപ്പെട്ടില്ല. ശര്യാതി വീണ്ടും വീണ്ടും മഹർഷിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവെങ്കിലും, തന്റെ തപസ്സു മുടക്കാൻ ആഗ്രഹമില്ലാഞ്ഞ ച്യവനൻ ശാന്തമായി പറഞ്ഞു ശര്യാതിയുടെ പുത്രിയെ വിവാഹംചെയ്തു കൊടുക്കാൻ. ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് താമസം മാറ്റി.


ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണെന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലെന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി. നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ്‌ കണ്ടിട്ടേയില്ലാത്ത മൂന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്.

കര്‍ണ്ണന്‍

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് 
കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌....

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.

കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയുംആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു. കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ
പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

ചിത്രഗുപ്തൻ

ഹൈന്ദവരുടെ ഒരു ദേവനാണ് ചിത്രഗുപ്തൻ . ഭൂമിയിലെ ഓരോ വ്യക്തിയുടെയും പ്രവൃത്തിൾ രേഖപ്പെടുത്തി വയ്ക്കുകയും മരണശേഷം അവരെ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പ്രവേശിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് ഈ ദേവനാണ് എന്നാണ് വിശ്വാസം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ചിത്രഗുപ്തൻ പ്രധാന പ്രതിഷ്ഠയായ പല ക്ഷേത്രങ്ങളുമുണ്ട്. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചിത്രഗുപ്തസ്വാമി ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്.

ദ്വാപരയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. ബലരാമൻ, 2. ശ്രീകൃഷ്ണൻ) ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ അഥവാ മഹായുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസൻ അവതരിക്കുകയും വേദങ്ങൾ പകുക്കുകയും ഇതിഹാസപുരാണാദികൾ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം. ദ്വാപരയുഗത്തിൽ നീതിന്യായങ്ങൾ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധർമ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യർക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാൾ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തിൽ മഹാവിഷ്ണു ധർമസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു.ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു.

മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്. ജ്യോതിഷപരമായി, ഗ്രഹങ്ങൾക്കെല്ലാം 'ഭൂമിക്കുചുറ്റും' പൂർണസംഖ്യാപരിക്രമണങ്ങൾ നടത്താൻ ആവശ്യമായ കാലയളവാണ് ഒരു ചതുർയുഗം അഥവാ മഹായുഗം. 43,20,000 വർഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടൻ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വർഷംവീതം വരും. വർഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂർ 12 മിനിറ്റ് 35.56 സെക്കൻഡ് എന്നെടുത്താൽ (നിരയന വർഷം), പൂർണസംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് 'ബയോട്ട്' എന്ന ചരിത്രകാരൻ കണക്കാക്കുന്നു. മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വർഷവും, ത്രേതായുഗം= 12,96,000 വർഷവും, ദ്വാപരയുഗം= 8,64,000 വർഷവും, കലിയുഗം= 4,32,000 വർഷവും ആണ്.

കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. (ക=ഒന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 432,000 മനുഷ്യവർഷങ്ങൾ അതായത്, 1,200 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ ഒരു പാദം മാത്രം കലിയുഗത്തിലുണ്ടായിരിക്കുകയുള്ളു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

കൃതയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു -- 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും.ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.


കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.