2018, ജൂലൈ 3, ചൊവ്വാഴ്ച

ഗംഗയുടെ മാഹാത്മ്യം..// സ്വാധീനം പലവഴി..//അഗ്നിദേവൻ..//അർദ്ധനാരീശ്വരൻ..//മിഥില



മിഥില

രാമായണത്തിലെ വിദേഹപുരിയുടെ തലസ്ഥാനമാണ് മിഥില. സീതയുടെ പിതാവായ ജനകൻ ഭരിച്ചിരുന്നത് ഇവിടെയാണ്. 
പ്രാചീനകാലത്ത് ഇവിടം വിദ്യയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമഅയിരുന്നു. വിശ്വാമിത്രൻ, വാൽമീകി, ജനകൻ, യാജ്ഞ്യവൽക്യൻ, ഗൗതമൻ തുടങ്ങിയ ആചാര്യന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട മിഥിലയിലെ വിശ്വവിദ്യാലയം വിക്രമശിലയുടെ തകർച്ചയോടെ പ്രശസ്തിയിലേക്ക് കുതിച്ചു കയറി. വേദോപനിഷത്തുകൾക്കും, സ്മൃതികൾക്കും പ്രശസ്തമായ ഈ കേന്ദ്രം മൂന്നു ശതാബ്ദത്തിലധികം നിലകൊണ്ടു. മിഥിലയിൽ വിശ്വാമിത്ര-ഗൗതമ-യാജ്ഞ്യവൽക്യ-വാൽമീക്യാശ്രമങ്ങളുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. ജങ്കരാജക്കന്മാരുടെ പുരോഹിതന്മാർ ഗൗതമവംശക്കാരായിരുന്നു. ജനകപൂരിൽ കപിലേശ്വരം, കൂപേശ്വരം, ശീലനാഥം, കല്യാണേശ്വരം, ജലേശ്വരം, ക്ഷീരേശ്വരം, മിഥിലേശ്വരം തുടങ്ങി നിരവധി ശിവക്ഷേത്രങ്ങളും രാമാ-ജാനകി-ദശരഥക്ഷേത്രങ്ങളുമുണ്ട്.

അർദ്ധനാരീശ്വരൻ

പകുതി സ്ത്രീയും പകുതി പുരുഷനുമായഹിന്ദു ദൈവ അവതാരരൂപമാണ് അർദ്ധനാരീശ്വരൻ. 

ഐതിഹ്യം

അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു. ഇതിൽ ശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം തുടങ്ങിയവയായും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീശരീരമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ മൂർത്തിമദ് ഭാവമാണ് അർദ്ധനാരീശ്വരൻ.
പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.
ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.

അഗ്നിദേവൻ

വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് . അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.

'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.

മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ പരിപൂർണം തദസ്തുമേ

മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും
ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തികൾ സ്വീകരിച്ചിട്ടുണ്ട്.

സ്വാധീനം പലവഴി

അയാളുടെ തപസ്സിന്റെ തീവ്രതകണ്ട്‌ ദേവന്മാര്‍ക്ക് പോലും ഭയം...കാട്ടില്‍ ഹിംസ്രജന്തുക്കള്‍ പോലും ഇപ്പോള്‍ അയാള്‍ക്ക് കൂട്ടായിരിക്കുന്നു ...തപസ്സുമൂലം അയാളില്‍ നിറഞ്ഞ ശാന്തി കാടുമുഴുവന്‍ വ്യാപിച്ചിരുന്നു...അതിനാല്‍ ഹിംസ്രജന്തുക്കളും ഇപ്പോള്‍ ശാന്തരാണ്..ഇങ്ങനെ പോയാല്‍ ഇയാള്‍ ഈശ്വരനെ പ്രത്യക്ഷപ്പെടുത്തും ..വരം വാങ്ങും..പിന്നെ ദേവലോകം ആക്രമിക്കും ; തങ്ങളുടെ സുഖസൌകര്യങ്ങള്‍ തട്ടിയെടുക്കും.

..ദേവന്‍മാര്‍ തിടുക്കത്തില്‍ വിവരം ഇന്ദ്രനെ അറിയിച്ചു...

എല്ലാം കേട്ട് ഇന്ദ്രന്‍ പറഞ്ഞു...നിങ്ങള്‍ വിഷമിക്കണ്ട .."ഇതൊരു പിച്ചാത്തിയില്‍ തീരാനെയുള്ളൂ "..ദേവന്‍മാര്‍ക്ക് കാര്യം മനസിലായില്ല...ദേവേന്ദ്രന്‍ ഒരു വൃദ്ധ ബ്രാഹ്മണന്റെ അയാളെ സമീപിച് തപസ്സില്‍നിന്നും ഉണര്‍ത്തി ...പിന്നെ വിനയപൂര്‍വ്വം പറഞ്ഞു..."മഹാമുനേ എനിക്കൊരു സഹായം ചെയ്യണേ..ഞാനൊരു യാത്രപോകുകയാണ് ..ഈ പിച്ചാത്തി ഞാന്‍ തിരിച്ചുവരുംവരെ ഒന്ന് സൂക്ഷിക്കണേ...

അയാള്‍ സമ്മതിച്ചു..പിച്ചാത്തി വാങ്ങി വെച്ചു..ഇന്ദ്രന്‍ യാത്രയായി...പിന്നീട് തിരിച്ചു വന്നതേയില്ല...അയാള്‍ പിച്ചാത്തി സൂക്ഷിച്ചു വെച്ചു..ദിവസവും അതെടുക്കും...തുടച്ചു മിനുക്കി വെക്കും...
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പിച്ചാത്തി ഓരോ ആവശ്യങ്ങള്‍ക്കായി അയാള്‍ ഉപയോഗിച്ച് തുടങ്ങി..ആദ്യമൊക്കെ പൂ പറിക്കാനും ചമത വെട്ടാനും ഉപയോഗിച്ചു..പിന്നെ ചെടികള്‍ വെട്ടികളയാന്‍ ഉപയോഗിച്ചു..പിന്നീട് സുരക്ഷക്കായ് കയ്യില്‍ കൊണ്ടുനടക്കാന്‍ തുടങ്ങി..

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കുഴി വെട്ടി കാട്ടുപഴങ്ങള്‍ എറിഞ്ഞിട്ടു...ചിലപ്പോഴൊക്കെ പക്ഷികളെയും എറിഞ്ഞുവീഴ്ത്തി..ക്രമേണ അയാളില്‍ ക്രൂരത വളര്‍ന്നു...അതോടെ കാട്ടിലെ ശാന്തി ഇല്ലാതായി..മൃഗങ്ങള്‍ പഴയപോലെ പരസ്പരം പോരടിച്ചു തുടങ്ങി....ഇപ്പോഴയാള്‍ കാട്ടിലെ കൊടുംഭീകരനായിരിക്കുന്നു..ഒരു കൊച്ചു പിച്ചാത്തിയുമായുള്ള ചങ്ങാത്തം വരുത്തിയ പരിണാമം...

വനവാസ വേളയില്‍ രാമന്‍ സീതയോട് പറഞ്ഞ കഥയാണിത്

സൂക്ഷിക്കുക ...കൂട്ടുകാര്‍ നമ്മെ വല്ലാതെ സ്വാധീനിക്കും ;നാം അറിയാതെ പോലും...

ഗംഗയുടെ മാഹാത്മ്യം

ഗംഗാനദിയുടെ മാഹാത്മ്യത്തെകുറിച്ച് മഹാഭാരതം അനുശാസനപര്‍വ്വം ഇരുപത്തിയാറാം അദ്ധ്യായത്തില്‍ ഇപ്രകാരം പ്രസ്താവിക്കപ്പെട്ടു കാണുന്നു. മരണാനന്തരം മനുഷ്യന്റെ അസ്ഥി ഗംഗാജലത്തില്‍ നിക്ഷേപിച്ചാല്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തിയുമുണ്ടാകും. ജീവിതകാലം മുഴുവനും പാപം ചെയ്തവനും ഗംഗാദേവിയെ സേവിച്ചാല്‍ വിഷ്ണുപാദം പ്രാപിക്കാം. നൂറുയാഗങ്ങള്‍ക്കൊണ്ട് സിദ്ധിക്കുന്ന ഫലം ഗംഗാസ്നാനം കൊണ്ട് ലഭിക്കും. ഒരുവന്റെ അസ്ഥി ഗംഗാനദിയില്‍ എത്രനാള്‍ അവശേഷിക്കുന്നുവോ അത്രയും കാലം അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുമത്രേ. ഗംഗാജലത്തിന്റെ സ്പര്‍ശമേറ്റിട്ടുള്ളവന്‍ അന്ധകാരം അകറ്റി ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശിക്കും. ഗംഗാജലം ലഭിക്കാത്ത ദേശങ്ങള്‍ ചന്ദ്രനില്ലാത്ത രാത്രി പോലെയും പൂക്കളില്ലാത്ത വൃക്ഷങ്ങളെപ്പോലെയും ശൂന്യമായിരിക്കും. മൂന്നു ലോകത്തിലുമുള്ള ജീവജാലങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നതിനു ഗംഗാജലം മാത്രം മതിയാകുന്നതാണ്. ആയിരം വര്‍ഷം ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിക്കുന്നവനും ഗംഗാജലത്തില്‍ ശരീരം ഉപേക്ഷിക്കുന്നവനും തുല്യരാണ്. ഗംഗയില്‍ പതിച്ചവന് അനേകലക്ഷം വര്‍ഷം തലകീഴായിക്കിടന്നു തപസ്സു ചെയ്യുന്നവനേക്കാള്‍ പ്രാധാന്യമാണ് ഈശ്വരന്‍ കല്പിക്കുന്നത്. ദുഖിതരായ സകല ജീവജാലങ്ങളും ഈ പുണ്യനദിയിലെ ജലസ്പര്‍ശത്താല്‍ സന്തുഷ്ടരായിത്തീരും. ഗംഗാനദീതീരത്തെ മണല്‍ ശരീരത്തില്‍ പൂശുന്നവന്‍ ആദിത്യനെപ്പോലെ പ്രകാശിക്കും. ഈ പുണ്യ നദിയെ സ്പര്‍ശിച്ചു വരുന്ന കാറ്റ് ഏറ്റാല്‍ത്തന്നെ ജീവികളുടെ പാപം നശിക്കുന്നതാണ്. ഇപ്രകാരം സര്‍വ്വപാപ വിനാശത്തിനും ഹേതുവായ വസ്തു പുണ്യഗംഗാജലം തന്നെയാണെന്ന് ധരിക്കേണ്ടതാകുന്നു.

അഗ്നിപുരാണം നൂറ്റിപ്പത്താം അദ്ധ്യായത്തില്‍ ഗംഗാദേവിയുടെ മാഹാത്മ്യങ്ങളെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് നോക്കുക.

ഏതു ദേശങ്ങളുടെ മദ്ധ്യത്തിലൂടെ ഗംഗാനദി ഒഴുകുന്നുവോ, ആ ദേശങ്ങള്‍ പരിപാവനങ്ങളും ശ്രേഷ്ഠങ്ങളുമാകുന്നു. സദ്ഗതി ആരായുന്ന സര്‍വ്വഭൂതങ്ങള്‍ക്കും ആശ്രയം പുണ്യ ഗംഗാനദി മാത്രമാകുന്നു. ഗംഗയെ നിത്യവും സേവിച്ചാല്‍ അത് ഒരു പോലെ ഇരു വംശങ്ങളെയും (മാതാവിന്റെയും പിതാവിന്റെയും വംശങ്ങളെ) ദുര്‍ഗ്ഗതികളില്‍നിന്നു കരകയറ്റുന്നതാണ്. ഗംഗയിലെ ജലം പാനം ചെയ്യുന്നത് ആയിരം ചന്ദ്രായണങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉത്തമമത്രെ. ഒരു മാസക്കാലം ഗംഗയെ സേവിച്ചാല്‍ സര്‍വ്വയാഗങ്ങളും ചെയ്താലുള്ള ഫലം സിദ്ധിക്കും. ഗംഗാദേവി സര്‍വ്വ പാപങ്ങളെ അകറ്റുന്നതും സ്വര്‍ഗ്ഗലോകത്തെ പ്രദാനം ചെയ്യുന്നതുമാകുന്നു. ഒരു മനുഷ്യന്റെ അസ്ഥി എത്ര കാലത്തോളം ഗംഗയില്‍ കിടക്കുന്നുവോ അത്ര കാലത്തോളം അവന്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗാതീര്‍ത്ഥത്തില്‍നിന്നുണ്ടായ മണ്ണ് ധരിക്കുന്നവന്‍ സൂര്യനെപ്പോലെ പാപഹാരിയായി ഭവിക്കുന്നതാണ്