2018, ജൂലൈ 3, ചൊവ്വാഴ്ച

അത്രി..//മാഹിഷ്മതി..//ബലരാമന്‍



ബലരാമന്‍

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോട്‌ കൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമന്‍ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്‌. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായി ബലരാമന്‍ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്‌. ഭൂലോത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന്‌ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട്‌ രോമങ്ങള്‍ എടുത്ത്‌ അവ അവതാരങ്ങളായിത്തീരുമെന്ന്‌ പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും, ശ്രീകൃഷ്ണനും അവതരിക്കുന്നത്‌.


മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ഗുരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍.. ...., വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന്‌ അശരീരിയുണ്ടായി. ഇതുകേട്ട്‌ കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന്‌ കാഴ്ചവയ്ക്കാമെന്ന്‌ വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന്‌ സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ്‌ ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക്‌ മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ്‌ ബലരാമന്‍. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത്‌ ജനിപ്പിച്ചവനായതുകൊണ്ട്‌ ബലരാമന്‌ സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി.

ബലരാമന്‍ വിവാഹം ചെയ്തത്‌ രേവതിയെയായിരുന്നു. ഇതുസംബന്ധിച്ച കഥ ഇപ്രകാരമാണ്‌. രാമകൃഷ്ണന്മാരുടെ ആഗമനത്തിന്‌ മുന്‍പ്‌ ദ്വാരകയുടെ പേര്‍ കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത്‌ ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക്‌ അനുയോജ്യനായ പതി ആരാണെന്ന്‌ ചോദിക്കുവാന്‍ വേണ്ടി രേവതന്‍ അവളെയും കൊണ്ട്‌ ബ്രഹ്മലോകത്തേക്ക്‌ പോയി. ആ സമയത്ത്‌ വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും, പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതന്‍ അതുശ്രവിച്ച്‌ അല്‍പനേരം നിന്നുപോയി. അതിന്‌ ശേഷം നൃപന്‍ തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോട്‌ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു : “അല്ലയോ രാജാവേ, അവിടുന്ന്‌ ഭൂമിയില്‍ നിന്നും ഇവിടെയെത്തിയിട്ട്‌ അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരു നിമിഷം പോലും മര്‍ത്ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്‌. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര്‍ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത്‌ ബലരാമന്‍ തന്നെയാണ്‌.” ഇതുകേട്ട്‌ രേവതന്‍ ഭൂമിയിലേക്ക്‌ തിരികെവന്ന്‌ രേവതിയെ ബലരാമന്‌ വിവാഹം ചെയ്തുകൊടുത്തു. മഹാഭാരതത്തിലെ രണ്ട്‌ പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത്‌ ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ്‌ ബലരാമന്‍ നയിക്കുന്നത്‌. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു.ബ്രാഹ്മണശാപംകൊണ്ട്‌ യാദവര്‍ തമ്മില്‍തല്ലിമരിച്ചു. ഇതുകണ്ട്‌ ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന്‌ ധ്യാനനിമഗ്നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത്‌ സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന്‌ ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക്‌ പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.
ശ്രീബലരാമസ്വാമിക്ക്‌ മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ്‌ പാലക്കാട്‌ ജില്ലയിലെ നെന്മിനി ക്ഷേത്രം. ഈ ക്ഷേത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴേടമാണ്‌

മാഹിഷ്മതി

യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന 
നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.

അത്രി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.


ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട്
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.


വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു
പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്.

ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).