2018, ജൂലൈ 3, ചൊവ്വാഴ്ച

പുരാണങ്ങൾ:// അഷ്ടാദശപുരാണങ്ങൾ (18)



പുരാണങ്ങൾ

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ (സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതവിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്.


പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്.


വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു.

അഷ്ടാദശപുരാണങ്ങൾ

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം

അഷ്ടാദശപുരാണങ്ങൾ

പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ .

ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.

വിഷ്ണുപുരാണം

മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.

ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.

ഭാഗവതപുരാണം

പ്രധാന ലേഖനം: ശ്രീമഹാഭാഗവതം

ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.

നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.

മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.

ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.

വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മവൈവർത്തപുരാണം

കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.

സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.

വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.

മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.

കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.

ഗരുഡപുരാണം
പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.

ബ്രഹ്മാണ്ഡപുരാണം
അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.

അഗ്നിപുരാണം

പ്രധാന ലേഖനം: അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.



മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌[5].ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു

1. സർഗ്ഗം-പ്രപഞ്ച സൃഷ്ടി

2. പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു
ശേഷമുള്ള പുനഃസൃഷ്ടികൾ.


3. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി.

4. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി.

5. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം.

മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌..;

ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം
കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും.

പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ
മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌).


ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ


ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം.


വിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ


വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം.


ശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ


വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം.


ഉപപുരാണങ്ങൾ


സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമറപുരാണം.