2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

പത്തനംതിട്ട ജില്ലയിലെ പനയന്നാർകാവ് ക്ഷേത്രം



പത്തനംതിട്ട ജില്ലയിലെ പനയന്നാർകാവ് ക്ഷേത്രം

കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .


പനയന്നാർ കാവ് ഗോപുരം


കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.                                                                                                                          
                              
                                                         വലിയ പനയന്നാർകാവ്

നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട് .  

               പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്[5]. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു. ദേവിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാൻ അപേക്ഷിച്ചു". അങ്ങനെ ദേവി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു.  

     

                                                           വടക്കേ നാലമ്പലം   



അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാരസമേതം പ്രതിഷ്ഠിച്ചു. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ദാരികവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ദേവി പ്രതിഷ്ഠാ സങ്കലപം. ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു. പിന്നീട് ദേവി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു. അതു ദാരികവധാനന്തരം ദേവി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടുകൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം. അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിതന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ, പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടുകൂടിയാണ് നടത്തിയിരുന്നത്. ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്


പനയന്നാർ കാവ് ശ്രീകോവിൽ



വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തിതുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിക്കുകയും ദേവിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായിതുടങ്ങി. അതിനു ശമനമുണ്ടാക്കാൻ ദേവിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി. ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തിപോന്നിരുന്നു. അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ദേവിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടക്കുകയും ചെയ്തു. അതിനുശേഷം ആ നട തുറന്നിട്ടില്ല.                                                                                            



പ്രധാന ശ്രീകോവിൽ (മഹാദേവൻ)



രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് ദേവിക്കു നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റുമനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു. അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്. ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.                                                                        

കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി




പനയന്നാർകാവിൽ പടിഞ്ഞാറ് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം. ഇവിടെ അഘോരമൂർത്തിയാണ് പ്രതിഷ്ഠാ സങ്കല്പം. ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം. പനയന്നാർകാവിൽ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്. അതുകൂടാതെ ഭഗവതിനടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കൽപ്പുര പണിതീർത്തിട്ടുണ്ട്. ക്ഷേത്ര നിർമ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നൽകിയാണ് കാണുന്നത്. ശിവക്ഷേത്രനിർമ്മാണത്തിനുശേഷമാണ് ഭദ്രകാളിയെ പനയന്നാർകാവിൽ കുടിയിരുത്തിയത്


പനയന്നാർ കാവ് ഭൂതക്കാളി, കൊടുംകാളി, കരിംകാളി നട



പനയന്നാർകാവിൽ മഹാകാളി, ഭദ്രകാളി പ്രതിഷ്ഠകൾ ഉണ്ട്. കിഴക്ക് ദർശനമായുള്ള മഹാകാളി പ്രതിഷ്ഠ ഭകതർക്ക് ദർശനയോഗ്യമല്ല. കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്. കിഴക്കെനട അടച്ചതിനുശേഷം വടക്കു ദർശനമായി ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചു. സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നൽകിയാണ് ഭദ്രകാളി സങ്കല്പത്തിൽ ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.                                                                 

പനയന്നാർകാവ് ക്ഷേത്രത്തിനു ചുറ്റുമുള്ള  കാവ്


ശിവക്ഷേത്രത്തിൽ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകൾ) ദീപാരാധനയും നിത്യേന പതിവുണ്ട്. ദേവിയിവിടെ ശക്തിസ്വരൂപിണിയായതിനാലാവാം പനയന്നാർകാവിലെ ശിവൻ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.

തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം,തിരുവനന്തപുരം ശ്രീ അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം ഇതേ ഗണത്തിൽ ഉൾപ്പെടുന്ന രണ്ടാമത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായി പന്തളം - കോന്നി പാതയ്ക്ക് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ ശങ്കരമുകുന്ദ്, ഗണപതി, ദേവി, നാഗരാജാവ്-നാഗയക്ഷി, ബ്രഹ്മരക്ഷസ്, മാടസ്വാമി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്.                                                                                                             

                                
                                                       
തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം




ക്ഷേത്രോൽപ്പത്തിയെ പറ്റി കൃത്യമായ കാലഗണനയില്ലെങ്കിലും ശിലാഖണ്ഡങ്ങളിലുള്ള ശില്പങ്ങൾ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ വില്വമംഗലം സ്വാമിയാർ അനന്തൻകാട് തേടിയുള്ള മാർഗമദ്ധ്യേ വള്ളിക്കോട് ദേശത്തെത്തുകയും, വിശ്രമിക്കാനായി പ്രദേശത്തെ ഒരു നായർ തറവാട്ടിൽ തങ്ങുകയും ചെയ്തു. അന്നു രാത്രിയിൽ വില്വമംഗലം സ്വാമിയാർക്ക് സ്വപ്നത്തിൽ ദർശനമുണ്ടാകുകയും അതിൻ പ്രകാരം ഇപ്പോൾ ക്ഷേത്രം കുടികൊള്ളുന്ന സ്ഥലത്ത് ഗുരുവായൂരപ്പ ചൈതന്യത്തോട് കൂടി ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് കാലാകാലങ്ങളിൽ പ്രദേശത്തെ വിവിധ ബ്രാഹ്മണ മഠങ്ങളുടെ ഊരാൺമയിലായിരുന്നു ഈ ക്ഷേത്രകാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ കാലക്രമേണ ക്ഷേത്രത്തിൻറെ ഊരാൺമക്കാരായ ഒരു പ്രമുഖ ബ്രാഹ്മണ ഇല്ലവും പ്രദേശവാസികളായ ചിലരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകൾ ക്ഷേത്രഭരണം താറുമാറാകുന്നതിൽ കലാശിച്ചു. ഇക്കാലയളവിൽ ക്ഷേത്രത്തിന്റെ വിപുലമായ വസ്തുവകകൾ കൈമോശം വരികയും നിത്യപൂജകൾക്ക് പോലും വകയില്ലാത്ത വിധം ക്ഷേത്രസമ്പത്ത്‌ ക്ഷയിയ്ക്കുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം ഈ ദുരവസ്ഥ തുടർന്നു. ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ക്ഷേത്രം ഏറ്റെടുത്തു. ഒടുവിൽ പ്രദേശവാസികളായ ഭക്തജനങ്ങൾ ക്ഷേത്രപുനരുദ്ധാരണത്തിനായി രംഗത്തിറങ്ങുകയും ക്ഷേത്ര വികസനത്തിനായി പരിശ്രമിയ്ക്കുകയും ചെയ്തു. ക്ഷേത്രഭരണസമിതികളുടെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം നഷ്ടപ്രതാപം വീണ്ടെടുക്കുകയും മേജർ ക്ഷേത്രങ്ങളിലോന്നായി മാറുകയും ചെയ്തു.ഏതാണ്ട് അൻപതോളം സപ്താഹ യജ്ഞങ്ങൾ നടന്ന പെരുമ വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു അവകാശപ്പെടാനുണ്ട്.എല്ലാ വർഷവും ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദശാവതാര ചാർത്താണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന്.

രാമപുരംഭദ്രകാളിക്ഷേത്രംആലപ്പുഴജില്ല




രാമപുരംഭദ്രകാളിക്ഷേത്രം ആലപ്പുഴജില്ല

ആലപ്പുഴജില്ലയിൽ ഹരി|പ്പാടിനു തെക്കും ചേപ്പാടിനു പടിഞ്ഞാറുമായി രാമപുരം സ്ഥിതിചെയ്യുന്നു.രാമപുരംഭദ്രകാളിക്ഷേത്രം ആണ് പ്രധാന കേന്ദ്രം. 


രാമപുരം ഭദ്രകാളീക്ഷേത്രം




നാഷണൽ ഹൈവേക്കു പടിഞ്ഞാറായി ക്ഷേത്രം നിലകൊള്ളുന്നു. കിഴ്ക്കോട്ടഭിമുഖമായി ഭുവനേശ്വരിയും വടക്കോട്ട് അഭിമുഖമായി ഭദ്രകാളിയും പൊതു മണ്ഡപത്തിലേക്ക് തുറക്കുന്നു. താഴ്ന മണ്ഡപവും പടിയില്ലാത്ത തറക്ക് സമമായ പ്രതിഷ്ഠയും ക്ഷേത്രത്തിന്‍റെ തേജസ്സ് വർദ്ധിപ്പിക്കുന്നു.                                                                                                                   
  

                       രാമപുരം ഭദ്രകാളീക്ഷേത്രത്തിലെ കാവു
                                                         

എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആലപ്പുഴ ജില്ല



ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തിനു സമീപം എരുവ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കായംകുളം പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ വടക്കായാണ് തിരുവിതാംകുർ ദേവസം ബോർഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ചതുർബാഹുവായ മഹാവിഷ്ണുവാണ് ശ്രീകൃഷ്ണരൂപത്തിൽ ഇവിടെ ആരാധിക്കപ്പെടുന്നത്.                                                                                                          


എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം


നരസിംഹ മൂർത്തിയുടെ വിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉൽസവം മകര മാസത്തിലെ രോഹിണി നാളിൽ കൊടിയേറി 10 ദിവസം ആഘോഷപൂർവം നടത്തപ്പെടുന്നു. ഇതിൽ എരുവ പടിഞ്ഞാരേക്കരക്കാർ നടത്തുന്ന ഏഴാം ഉൽസവവും കിഴക്കെക്കരക്കാർ നടത്തുന്ന എട്ടാം ഉൽസവവും ആണു് കൂടുതൽ പ്രസിദ്ധമായത്.

ഇതൊരു ക്ഷേത്ര സമുച്ചയമാണ്‌. ഇവിടെ പ്രധാനമായും ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രമെന്നറിയപ്പെടുന്നെങ്കിലും ചതുര്‍ബാഹു രൂപത്തിലുള്ള വിഷ്‌ണുവാണു പ്രതിഷ്‌ഠ. നാലമ്പലത്തിനുള്ളില്‍ തന്നെ രണ്ടുപദേവാലയങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്‌. അതില്‍ ഒന്നില്‍ ശിവനും അഗ്നികോണില്‍ ഭഗവതിയുമാണ്‌. ഇതു കൂടാതെ ബലിവട്ടത്തിന്‌ പുറത്ത്‌, ഗണപതി, മാടസ്വാമി, ക്ഷേത്രത്തിന്‍റെ അഗ്നികോണില്‍ ശാസ്‌താവും നിരയത കോണില്‍ (തെക്കുപടിഞ്ഞാറ്‌ ഭാഗം) ആയി യക്ഷി, കിരാത മൂര്‍ത്തി, ഭഗവതി എന്നീ ഉപദേവാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌.                                                                                                                     
                             
                                                                              
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുന്‍വശം
                           

ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട്‌. കായംകുളം രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയാണ്‌ ഇവിടെ വിരാജിച്ചിരുന്നത്‌. കൊല്ലവര്‍ഷം 850 കളില്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം ആക്രമിച്ച്‌ പരാജയപ്പെടുത്തിയശേഷം ക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതിനുശേഷം ഇവിടെ യാതൊരുവിധ ആരാധനയും ഇല്ലായിരുന്നു. പിന്നീട്‌ ഒരു നൂറ്റാണ്ടിന്‍റെ ഇടവേളയ്‌ക്കുശേഷം ശ്രീമൂലം തിരുനാള്‍ രാജാവ്‌ 1070-ല്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ അനുവാദം കൊടുത്തു. 5 വര്‍ഷം കൊണ്ട്‌ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയും നരസിംഹമൂര്‍ത്തിയുടെ സ്ഥാനത്ത്‌ ചതുര്‍ബാഹുവായ വിഷ്‌ണു ബിംബം പ്രതിഷ്‌ഠിച്ച്‌ പൂജിക്കുവാനും തുടങ്ങി. അന്നുമുതല്‍ ഭഗവാനെ ഉണ്ണികൃഷ്‌ണനായി സങ്കല്‌പിച്ച്‌ ഭക്തജനങ്ങള്‍ ആരാധന തുടങ്ങി. വിഷ്‌ണു ക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമുള്ളത്‌ പൊതുവെ ഉഗ്രമൂര്‍ത്തികളാണ്‌. കിഴക്കോട്ടുള്ളത്‌ സൗമ്യഭാവവുമാണ്‌. ഉഗ്രമൂര്‍ത്തിയായ നരസിംഹന്‍റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചതുകൊണ്ടാവാം പടിഞ്ഞാറോട്ട്‌ ദര്‍ശനമായത്‌.                                                                                                                              



                                 എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ദൂര കാഴ്ച




ക്ഷേത്ര ചൈതന്യ വിശേഷത്തെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്‌. അതിലൊന്നാണ്‌ `അരകദളി പഴത്തിന്‍റെ കഥ' ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുകൂടി ഒഴുകുന്ന തോട്ടിലൂടെയായിരുന്നു അന്ന്‌ വിപണന സാധനങ്ങള്‍ കൊണ്ടുപോകുവാനുള്ള വിനിമയ മാര്‍ഗ്ഗം. അങ്ങനെ ഒരു ദിവസം ഒരു കെട്ടുവള്ളം ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള തോട്ടില്‍ ചെളിയില്‍ ഉറയ്‌ക്കുകയും എത്ര പരിശ്രമിച്ചിട്ടും വള്ളം ഇളക്കാന്‍ കഴിയാതെയും വന്നു. കൃഷ്‌ണസ്വാമിക്ക്‌ കദളിക്കുല നേര്‍ന്നാല്‍ വള്ളം ഇളകുമെന്ന്‌ നാട്ടുകാരുടെ നിര്‍ദ്ദേശം അവിശ്വാസത്തോടെ സ്വീകരിച്ച വള്ളക്കാര്‍ പുച്ഛത്തോടെ ഒരു മുറി കദളിപ്പഴം കൃഷ്‌ണസ്വാമിക്ക്‌ സമര്‍പ്പിക്കാമെന്ന്‌ വഴുപാട്‌ നേര്‍ന്നു. അവിശ്വസനീയമായ വിധത്തില്‍ വളരെ വേഗം വള്ളം ഇളകുകയും ചെയ്‌തു. വിശ്വാസവും ഭയവും ബാധിച്ച വള്ളക്കാര്‍ ഒരു കുല കദളിപ്പഴം കൃഷ്‌ണസ്വാമിക്ക്‌ സമര്‍പ്പിച്ചെങ്കിലും അതില്‍ ഒരു മുറി കദളിപ്പഴം മാത്രമേ ഭഗവാന്റെ നേദ്യത്തിന്‌ ഉതകിയുള്ളൂ. ഭഗവാന്‍റെ ചൈതന്യശക്തി ഈ കഥ വെളിവാക്കുന്നു. ഇവിടെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ കൈവിടില്ലെന്നും ആഗ്രഹം പൂര്‍ണ്ണമായും നിറവേറുമെന്നും ഉള്ളതിന്‌ അനേകം കഥകള്‍ ഇനിയും ഉണ്ട്‌. വളരെ ചൈതന്യവത്തും നിഷ്‌ഠയുമുള്ള ദേവനാണ്‌ ഇവിടെ വസിക്കുന്നത്‌. കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ കാക്കനാട്‌ ജംഗ്‌ഷനില്‍ നിന്നും പടിഞ്ഞാറ്‌ ഒരു കിലോമീറ്ററും കായംകുളം-മുട്ടം റൂട്ടില്‍ 3 കിലോമീറ്റര്‍ ദൂരത്തിലുമാണ്‌ ക്ഷേത്രം നിലനില്‍ക്കുന്നത്‌. തൃക്കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിവിടെ നടക്കുന്നത്‌.
പഴയ ഓടനാടിന്‍റെ തലസ്ഥാനമായിരുന്നു എരുവ ഒരുകാലത്ത്‌. ഐതീഹ്യത്തോളം പഴമ ഈ നാടിനുണ്ടെന്ന്‌ പേരു സൂചിപ്പിക്കുന്നു. കാണ്ഡവ ദഹനവുമായി ബന്ധപ്പെട്ടതാണ്‌ എരുവയുടെ ഐതീഹ്യം. എരിഞ്ഞടങ്ങിയ സ്ഥലമെന്നും എരിഞ്ഞുതുടങ്ങിയ സ്ഥലമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്‌. കായംകുളം രാജാവിന്‍റെ  ഏറ്റവും സമര്‍ത്ഥനായ മന്ത്രി അച്ചുതവാര്യര്‍ എരുവ നിവാസിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും മാര്‍ത്താണ്ഡവര്‍മ്മക്കുമെതിരെ തന്ത്രപരമായ യുദ്ധം നയിച്ച്‌ വിജയിക്കുന്നതില്‍ അച്ചുതവാര്യരുടെ പങ്ക്‌ വളരെ വലുതായിരുന്നു. കണ്ടിയൂര്‍ മറ്റമെന്നായിരുന്നു ഓടനാടിന്‍റെ  തലസ്ഥാനത്തിന്‍റെ  പേരു ഇന്നത്തെ കണ്ടിയൂര്‍ ക്ഷേത്രത്തിന്‍റെ  മുന്‍ ഭാഗമായിരുന്നു കൊട്ടാരത്തിന്‍റെ ആസ്ഥാനം.                                                                                                                                  

എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം



കൊട്ടാരത്തിലെ സ്‌ത്രീകളെ പാര്‍പ്പിക്കുവാന്‍ വേണ്ടി എരുവ ക്ഷേത്രത്തിന്‍റെ തെക്കുവശത്തെ  പറമ്പില്‍ ഒരു കൊട്ടാരം പണിതെന്നും അഭിപ്രായമുണ്ട്‌. അതല്ല ഭരണ സൗകര്യത്തിനായി രാജാവ്‌ എരുവയിലേക്ക്‌ കൊട്ടാരം മാറ്റിയെന്നും അഭിപ്രായമുണ്ട്‌. ഏതായാലും കോവില്‍ അഥവാ കൊട്ടാരത്തിന്‍റെ  പടി (വാതില്‍) മുന്‍ ഭാഗത്തായതുകൊണ്ട്‌ കോയിയ്‌ക്കല്‍പടി എന്നും ഈ ഭാഗത്തിനുപേരുവന്നു. ഇന്നും കോയിക്കല്‍ പടിക്കല്‍ കൊട്ടാരത്തിന്‍റെ  അവശിഷ്‌ട ഭാഗങ്ങളായ കല്ലില്‍ കൊത്തിയ ശില്‌പങ്ങള്‍ ആല്‍ത്തറയില്‍ നമ്മള്‍ക്കു കാണാന്‍ സാധിക്കും. പിന്നീട്‌ രാമയ്യന്‍ ദളവയുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ എരുവയിലെ കൊട്ടാരം നശിപ്പിക്കുകയും ഇന്ന്‌ കൃഷ്‌ണപുരത്ത്‌ സ്ഥിതിചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്‍റെ  മാതൃകയിലുള്ള പുതിയ ദളവ മഠം നിര്‍മ്മിക്കുകയും ചെയ്‌തെന്നാണ്‌ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. പലതവണ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ ആക്രമിച്ചെങ്കിലും അദ്ദേഹത്തിന്‌ കായംകുളത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. ഇതിനു കാരണം കായംകുളം രാജാവിന്‍റെ  ഉപാസനാമൂര്‍ത്തിയായ എരുവയില്‍ നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലില്‍ സൂക്ഷിച്ചിരുന്ന ശ്രീചക്രത്തിന്‍റെ  സ്വാധീനത്തിലാണ്‌ എന്നും മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കി.
അദ്ദേഹത്തിന്‍റെ  ബുദ്ധിമാനായ മന്ത്രി രാമയ്യന്‍ ഒരു ഭ്രാന്തന്‍റെ  പ്രച്ഛന്നവേഷത്തില്‍ കായംകുളത്തെത്തി വളരെ പെട്ടെന്നു തന്നെ രാജാവിന്‍റെയും മറ്റു വിശ്വാസത്തിനും പാത്രമായി. പുലര്‍ച്ചെ നിര്‍മ്മാല്യത്തിനുശേഷം എടുത്തുമാറ്റുന്ന പുഷ്‌പമാല്യാദികള്‍ ഒരു കുട്ടയില്‍ ശേഖരിച്ച്‌ തലയില്‍ ചുമന്ന്‌ അയാള്‍ പതിവായി കൊട്ടാരത്തിലെത്തുമായിരുന്നു. കൊട്ടാരത്തിന്‍റെ  വാതില്‍ക്കല്‍ നിന്ന്‌ അയാള്‍ വിളിച്ചു പറയും `രാജാവിന്‍റെ  ശ്രീചക്രം താന്‍ മോഷ്‌ടിച്ചെന്ന്‌ ' ആദ്യമൊക്കെ അമ്പരന്നുപോയ രാജാവ്‌ ഭടന്മാരെ വിട്ട്‌ പൂക്കൊട്ട വിശദമായി പരിശോധിച്ചു. അപ്പോഴെല്ലാം പൂജയ്‌ക്കുശേഷം ഉപയോഗിച്ച പൂ മാത്രമായിരുന്നു കുട്ടയിലുണ്ടായിരുന്നത്‌. ഇത്‌ പതിവായി ആവര്‍ത്തിക്കുന്നതുകൊണ്ട്‌ പതുക്കെ പതുക്കെ പരിശോധനയില്ലാതായി. ഒരു ദിവസം ഇന്ന്‌ തീര്‍ച്ചയായും പരിശോധിക്കണം ഇതിനകത്ത്‌ ഞാന്‍ ശ്രീചക്രം മോഷ്‌ടിച്ചിട്ടുണ്ടെന്ന്‌ അയാള്‍ പറഞ്ഞു. ഭ്രാന്തന്‍റെ  ജല്‌പനമെന്നു ചിരിച്ചുതള്ളിയ രാജാവ്‌ എങ്കില്‍ താന്‍ അതു കൊണ്ടുപൊയ്‌ക്കോളൂ എന്നു കല്‍പ്പിച്ചു. അന്ന്‌ വൈകിട്ട് ശ്രീചക്രം നഷ്‌ടമായപ്പോഴാണ്‌ വിവരം രാജാവിന്‌ ബോധ്യമായത്‌. മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കുവേണ്ടി രാമയ്യനാണ്‌ ഈ കളവു നടത്തിയതെന്നു പിന്നീട്‌ രാജാവിന്‌ ബോധ്യമായി. ഇങ്ങനെ ശ്രീചക്രം നഷ്‌ടപ്പെട്ടതിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവിനെ പരാജയപ്പെടുത്തുകയും കായംകുളം നാട്ടിലെ പ്രമുഖരുടെ കുടുംബങ്ങള്‍ മുഴുവന്‍ തച്ചുതകര്‍ത്തുമാണ്‌ അദ്ദേഹം തന്‍റെ  യുദ്ധ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയത്‌. ഇനിയും എത്ര യെത്ര കഥകളുണ്ട്‌ ചരിത്രത്തിനു നമ്മോടു പറയാന്‍.                                             

വെട്ടിക്കവല മഹാദേവ ക്ഷേത്രം





വെട്ടിക്കവല മഹാദേവ ക്ഷേത്രം

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാദേവ ക്ഷേത്രം. വിഷ്ണുവും ശിവനുമാണ് പ്രധാന ആരാധനാ മൂർത്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്‍റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണു്.                                                                                                              
  
ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകൾ. രണ്ടുപേർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: ഒരിയ്ക്കൽ ശിവനും വിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു. ശിവക്ഷേത്രത്തിന് മേലൂട്ട് ക്ഷേത്രമെന്നും വിഷ്ണുക്ഷേത്രത്തിന് കീഴൂട്ട് ക്ഷേത്രമെന്നും പേരുകൾ വന്നു. കിഴക്കോട്ടാണ് രണ്ട് ക്ഷേത്രങ്ങളുടെയും ദർശനം.                                                                                                                                           
                                             
                    വെട്ടിക്കവല മഹാദേവ ക്ഷേത്രം                         


ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. ഗണപതി, അയ്യപ്പൻ, യക്ഷി, രക്ഷസ്സ്, നാഗങ്ങൾ, ഞാലിക്കുഞ്ഞുദേവി, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് ഞാലിക്കുഞ്ഞുദേവിയുടെ പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിയ്ക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പന്നും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. രക്ഷസ്സ്, നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. ഞാലിക്കുഞ്ഞുദേവിയ്ക്ക് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.


വെട്ടിക്കവല മഹാദേവ ക്ഷേത്രക്കുളം 


കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ശിവക്ഷേത്രത്തിൽ താഴമൺ മഠത്തിനും വിഷ്ണുക്ഷേത്രത്തിൽ ആദിശ്ശമംഗലം നമ്പൂതിരിയ്ക്കുമാണ് തന്ത്രം. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ ഇളയിടത്തു റാണിയുടെ ഉത്തരവിൻപ്രകാരം നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് കാണുന്ന പുതുക്കിയ ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്.

കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല കവല വഴി കോക്കാട്, ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്നു. ദേശീയപാത 208 വഴിയിൽ ചെങ്ങമനാട് നിന്നും വാഹനത്തിൽ അഞ്ചു മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.

പനവേലി ശ്രീ മഹാദേവർ ക്ഷേത്രം




പനവേലി ശ്രീ മഹാദേവർ ക്ഷേത്രം


കൊല്ലത്തുനിന്നും ഏകദേശം, മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെയാണ് പനവേലി ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . MC റോഡിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ കൊട്ടാരക്കര നിന്നും 7km തെക്കുമാറി സ്ഥിതിചെയ്യുന്നു. ശിവനാണ് പ്രധാനപ്രതിഷ്ഠ.                                                             

നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗ്രാമത്തിൽ വളരെ പ്രശസ്തമായ ഒരു ക്ഷേത്രം നിലനിന്നിരുന്നു. ഈ ക്ഷേത്രത്തിനു ചുറ്റും അനേകം ബ്രാഹ്മണകുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. അവരുപയോഗിച്ചിരുന്ന കുളങ്ങളും കിണറുകളും കൊത്തുപണികളോടുകൂടിയ ശിലകളും ഇവിടെ നിന്നും ലഭിച്ചിരുന്നു. അന്ന് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം ഇന്ന് മഹാദേവർകാവ് (മാതേരുകാവ്) എന്നറിയപ്പെടുന്നു. പ്രസ്തുത ക്ഷേത്രവുമായി ബന്ധപ്പെട്ട് അനേകം കാവുകളും നിലനിന്നിരുന്നു. അതിലൊരു കാവ്‌ സ്ഥിതിചെയ്തിരുന്ന പ്രദേശത്താണ് ഇന്ന് ക്ഷേത്രം നിലനിൽക്കുന്നത്. മറ്റൊരുകാവാണ് മൂർത്തിക്കാവ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവ് വവ്വാക്കാവ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, കാരണം ഈ കാവിൽ വലിയ വൃക്ഷങ്ങളും അതിൽനിറയെ വവ്വാലുകളും അധിവസിച്ചിരുന്നു. കാലക്രമേണ കാവ്‌ നശിക്കപ്പെടുകയും വവ്വാലുകൾ ഇവിടംവിട്ട് പോവുകയും ചെയ്തു.                                                                           

                                                                             
                                     ശ്രീ കോവിലും സോപാനവും                                             


മഹാദേവ ചൈതന്യം നിലനില്ക്കുണന്ന ഇവിടെ ഒരു ശിവക്ഷേത്രം ആവശ്യമാണെന്നും, ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവനെ പൂജിച്ചാൽ നാടിനും നാട്ടുകാര്ക്കും സര്ശ്വര്യങ്ങളും വന്നുചേരുമെന്നും ദേവപ്രശ്നത്തിൽ തെളിഞ്ഞു. തുടര്ന്ന് ക്ഷേത്രനിർമ്മാണത്തിനു അനുയോജ്യമായ സ്ഥലം വവ്വാക്കാവിലാണെന്നും അവിടെ ക്ഷേത്രം നിർമ്മിക്കേണ്ടസ്ഥലത്ത് ഒരു കിണറുണ്ടായിരുന്നെന്നും അതിലൊരു ശിവലിംഗം കിടപ്പുണ്ടെന്നും പ്രശ്നത്തിൽ കാണുകയുണ്ടായി. തുടർന്ന് അവിടെ വളരെ താഴ്ചയിലേക്ക് കുഴിക്കുകയും കുഴിക്കുന്നതിനനുസരിച്ച് വിഗ്രഹം താഴേക്ക്‌ പോകുന്നതായും കണ്ടു. അതിനാൽ ആ വിഗ്രഹം ലഭിക്കില്ലെന്ന് മനസ്സിലായി. തുടർന്ന് പുതിയ ക്ഷേത്രം പണിത് ശിവപ്രതിഷ്ഠ നടത്തി. ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ.                                                              

ശ്രീ കോവില്‍ 




അഷ്ടദ്രവ്യഗണപതിഹോമം, ജലധാര, മഹാമൃത്യുഞ്ജയഹോമം എന്നിവ പ്രധാന വഴിപാടുകള്‍.

ശ്രീകോവിലിൽ ശ്രീ മഹാദേവനും തെക്കേഉപകോവിലുകളിൽ ശ്രീ മഹാഗണപതിയേയും ശ്രീ അയ്യപ്പനേയും, വടക്കേഉപകൊവിലിൽ ശ്രീ പാർവതീദേവിയേയും, പ്രതിഷ്ടിച്ചിരിക്കുന്നു. കൂടാതെ നാഗരാജാവും നാഗയക്ഷിയും യോഗീശ്വരനും രക്ഷസും മന്ത്രമൂര്ത്തിവയും പേയിഭാഗവാനെയും കുടുംബസ്വരൂപങ്ങളെയും പ്രതിഷ്ടിച്ചിരിക്കുന്നു.

ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം കൊല്ലം ജില്ല





ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.  ഏകദേശം 1100 വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.                                                         

കായംകുളം രാജാവിന്‍റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസോത്രത്തിൽ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്. പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ എൻ.എസ്.എസിനു ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.                                                                                     

ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം


ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങൻകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ശ്രീകോവിൽ: ചതുരാകൃതിയിൽ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. നിരവധി ദാരുശുല്പങ്ങൾ ഇവിടുത്തെ ശ്രീകോവിലിൽ ഉണ്ട്. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റകൊമ്പന്റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.                                                                                                                              


മുഖമണ്ഡപം: മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. നാലമ്പലം: നാൽമ്പലവും അതിനു പുറത്തായി വിളക്കുമാടവും ചങ്ങൻകുളങ്ങരക്ഷേത്രത്തെ മഹാക്ഷേത്രമാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. വിളക്കുമാടം അടുത്തിടെ പുതിക്കിപണിതീർത്താതാണ്. കൊല്ലവർഷം 65-മാണ്ടിൽ ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്.


                              ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം

ശ്രീ ധർമ്മശാസ്താവ് : ശ്രീ മഹാദേവനൊപ്പം തുല്യസ്ഥാനം ധർമ്മശാസ്താവിനും ഇവിടെ കൊടുത്തിട്ടുണ്ട്.
ധർമ്മശാസ്താവിനെ കൂടാതെ ഗണപതി, ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്ര സമുച്ചയ്ത്തിലുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഒരു ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ ചങ്ങൻ കുളങ്ങരയിലുണ്ട്. പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയെ ഇവിടെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.
പ്രധാന ഉസ്തവം മകരമാസത്തിലാണ് നടത്തുന്നത്. അതുകൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. മകരമാസത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലെ ഉത്സവമാണ് ആട്ടവിശേഷമായി ഇവിടെ പടിത്തരമാക്കിയിരിക്കുന്നത്                                                                                    

                                 ക്ഷേത്രത്തിലെ ഒറ്റക്കൊമ്പന്‍റെ പ്രതിഷ്ഠ




കരുനാഗപ്പള്ളിയ്ക്കും ഓച്ചിറയ്ക്കും ഇടയ്ക്ക് ദേശീയപാത 544 -ൽ ചങ്ങംകുളങ്ങര ജഗ്ഷനു അല്പം കിഴക്കു മാറി ചങ്ങംകുളങ്ങര - വള്ളിക്കുന്നം റോഡിനഭിമുഖമായി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഏറ്റവും അടുത്ത പട്ടണം ഓച്ചിറയാണ്.                                                              

പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം മലപ്പുറം ജില്ലയിലെ പുരതാന മഹാദേവക്ഷേത്രം




പുരമുണ്ടേക്കാട്ട്  മഹാദേവക്ഷേത്രം


മലപ്പുറം ജില്ലയിലെ പുരതാന മഹാദേവക്ഷേത്രം. ഒരടിയോളം പൊക്കമ്മുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. മുണ്ടേക്കാട്ട് ശിവ പ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.                                                                                                                                          

മുണ്ടേക്കാട്ട്
മഹാദേവക്ഷേത്രം


പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ അവിടെ ധാരാളം ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. മഹാവിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, കൃഷ്ണൻ എന്നിദേവന്മാരുടെ ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്റെ ദേവാലയവും പ്രസിദ്ധമാണ്.                                                                                                  
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു രണ്ടു കിലോമീറ്റർ ദൂരെയായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവക്ഷേത്രം



തൃക്കടവൂർ മഹാദേവക്ഷേത്രം

കൊല്ലം ജില്ലയിലെ തൃക്കടവൂർ പഞ്ചായത്തിലെ കടവൂരിലാണ് പുരാതനമായ തൃക്കടവൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                    


തൃക്കടവൂർ മഹാദേവക്ഷേത്രം



മഹാദേവന്‍റെ ചൈതന്യംകൊണ്ട്‌ പരിപാവനമായ ക്ഷേത്രത്തിൽ പരമശിൻ സ്വയംഭൂവായി പടിഞ്ഞാറോട്ട്‌ ദർശനമേകുന്നു. ബലിക്കൽപുരയും മുഖമണ്ഡപവും വാസ്തുവിദ്യയുട പൗരാണികത വേളിപ്പെടുത്തുന്നു. നാലമ്പലത്തിനകത്ത്‌ ഗണപതിയും പുറത്ത്‌ വടക്കുവശത്തായി യക്ഷിയമ്മയും തെക്കുഭാഗത്ത്‌ ശ്രീ അയ്യപ്പനും കിഴക്ക്‌ തെക്കേ മൂലയിൽ നാഗരാജാവും നാഗയക്ഷിയും ബ്രഹ്മരക്ഷസുമുണ്ട്‌. അതിന്‍റെ  പശ്ചാത്തലത്തിൽ പച്ചക്കുടയായി ഒരു കാവ്‌. തൊട്ടടുത്ത്‌ കൽപടവുകളോടുകൂടിയ കുളം. മുന്നിലെ പാടത്തിന്‍റെ  വടക്കേ അറ്റത്ത്‌ ആറാട്ടുകുളം. ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്ത്‌  പ്രത്യേക ശ്രീകോവിലിൽ ശ്രീകൃഷ്ണൻ. ആഡിറ്റോറിയവും സ്റ്റേജുമെല്ലാം ക്ഷേത്രസമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു..



                      തൃക്കടവൂർ മഹാദേവക്ഷേത്രം



മാർക്കണ്ഡേയ ചരിതത്തിന്‌ അടിസ്ഥാനമായ ഐതിഹ്യം നിദ്രകൊള്ളുന്ന തൃക്കടവൂർ മഹാദേവക്ഷേത്രം. ദുഃഖിതരായ മാതാപിതാക്കൾ. അവരുടെ മകൻ മാർക്കണ്ഡേയൻ പതിനാറു വർഷമേ ജീവിച്ചിരിക്കൂ എന്നറിഞ്ഞതുമുതൽ തുടങ്ങിയതാണ്‌ ഈ ദുഃഖം. അച്ഛനമ്മമാരുടെ വേദനയകറ്റാൻ മകൻ തപസുചെയ്തു. യമകിങ്കരന്മാരെ കണ്ട്‌ ഭയന്ന്‌ ശിവലിംഗത്തെ ആലംഗനം ചെയ്ത്‌ പ്രാർത്ഥിച്ചു. അപ്പോൾ കാലദൂതന്മാർ പൻവാങ്ങി. ഇതെല്ലാം യമരാജനെ കോപാകുലനാക്കി. വൈകാതെ യമൻ അവിടെ എത്തി. ശിവലിംഗവുമായി ചേർന്നിരുന്ന ബാലനെ കാലപാശം കൊണ്ട്‌ ബന്ധിച്ചു. കാലന്‍റെ ഈ പ്രവർത്തി മഹാദേവനെ കോപിഷ്ടനാക്കി. ഭഗവാൻ തൃശൂലുമായി പ്രത്യക്ഷപ്പെട്ട്‌ കാലനെ നിഗ്രഹിച്ചു. മാർക്കണ്ഡേയനെ അനുഗ്രഹിക്കുകയും ചെയ്തു. മഹാദേവന്‍റെ പ്രസാദത്താൽ മാർക്കണ്ഡേയൻ മാതാപിതാക്കളെ ശുശ്രൂഷിച്ച്‌ കാലം കഴിച്ചു.                                                        


               തൃക്കടവൂർ മഹാദേവക്ഷേത്രം


കാലാന്തരത്തിൽ മാർക്കണ്ഡേയന്‍റെ പൂജാവിഗ്രഹം മൺമറഞ്ഞ്‌ ചുറ്റും തേക്കുമരങ്ങൾ തിങ്ങിനിറഞ്ഞ ആരണ്യമായിത്തീർന്നു. കാലം ഏറെ കഴിഞ്ഞപ്പോൾ പൂജാവിഗ്രഹം മറഞ്ഞുകിടന്ന സ്ഥലത്തുകൂടി ഒരു ഊടുവഴി രൂപാന്തരപ്പെട്ടു. അവിടെ ആൾ സഞ്ചാരവും തുടങ്ങി. ഒരു ബാലിക പാലുമായി അതുവഴി പോവുകപതിവായിരുന്നു. വഴിമദ്ധ്യത്തിലുള്ള ഒരു വേരിൽ തട്ടി കൈയിലുള്ള പാല്‌ വേരിൽ വീണു. ഇത്‌ ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ കോപിഷ്ഠനായ വീട്ടുകാരൻ  വേര്‌ വെട്ടിമാറ്റാനൊരുങ്ങി. വെട്ടുകൊണ്ടത്‌ വേരിനടിയിൽ മറഞ്ഞുകിടന്നിരുന്ന വിഗ്രഹത്തിലായിരുന്നു. വെട്ടേറ്റഭാഗത്ത്‌ നിന്നും രക്തമൊഴുകാൻ തുടങ്ങി. ബോധമറ്റ്‌ അയാൾ നിലംപതിച്ചു. വീട്ടുകാർ പ്രശ്നവിധി തേടി. അതിൻപ്രകാരം വിഗ്രഹം വീണ്ടെടുക്കുകയും ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.                                                                                                     



തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ


ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യവും പറഞ്ഞുകേൾക്കുന്നു. തൃക്കടവൂരെ ആണിക്കുളത്ത്‌ ചിറ ഈ വിശ്വാസം ദൃഢപ്പെടുത്തുന്നു. ദാക്ഷായമിക്കുളമെന്ന്‌ അറിയപ്പെട്ടിരുന്ന ചിറയാണ്‌ പിന്നീട്‌ ആമിക്കുളത്തചിറയായി മാറിയതെന്ന്‌ പഴമ. തൃക്കരുവാ ഭദ്രകാളീക്ഷേത്രവും അഷ്ടമുടിവീരഭദ്രക്ഷേത്രവും തൃക്കടവൂർ ക്ഷേത്രോൽപ്പത്തിയുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു. വില്വമംഗലത്ത്‌ സ്വാമിയാർ ക്ഷേത്രദർശനവും ശയനപ്രദക്ഷിണവും നടത്തുകയുണ്ടായി. ഉപദേവനായ ശ്രീകൃഷ്ണനെ വില്വമംഗലം പ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം. വില്വമംഗലത്തിന്‍റെ  പേരിൽ ഒരു ഭവനവും കടവൂർ ഒരു സ്മാരകസമിതിയും ഉണ്ട്‌. സ്വാമിയാർ തുടങ്ങിവച്ച ശയനപ്രദക്ഷിണം ഉരുൾവഴിപാടായി ഇന്നും നടക്കുന്നുണ്ട്‌.


                                           ഉത്സവം 

തൃക്കടവൂർ ക്ഷേത്രോത്സവം കേരളത്തിലെ പ്രസിദ്ധ ഉത്സവങ്ങളിൽ ഒന്നാണ്‌. ‘കടവൂർ പത്തെന്ന്‌’ പണ്ടേ പറഞ്ഞു കേൾക്കാറുള്ള, ഇത്‌ കുംഭത്തിലെ തിരുവാതിര ആറാട്ട്‌ വരത്തക്കവിധം കൊടിയേറി പത്തുദിവസമാണ്‌. ഉത്സവത്തിന്‌ മുൻപുള്ള വിളക്കറിയിപ്പിനുമുണ്ട്‌ പ്രത്യേകത. കെട്ടുകാഴ്ചകളിൽ ഏറ്റവുമധികം എടുപ്പ്‌ കുതിരകളുള്ള ക്ഷേത്രമാണിത്‌. ആലപ്പുഴയിലേയും ആറന്മുളയിലേയും ഉത്സവങ്ങൾക്ക്‌ വള്ളംകളികൾ വർണപകിട്ടേകുമെങ്കിൽ ഇവിടെ തേവള്ളികരക്കാരുടെ കുതിര അഷ്ടമുടിക്കായലിലൂടെ ചാഞ്ചാടിവരുന്നത്‌ നയനാനന്ദകരമായ കാഴ്ചയാണ്‌. ഇത്‌ ഉത്സവം കണ്ട്‌ മതിവരാത്ത മലയാളികളെ മാത്രമല്ല സന്ദർശകരായി എത്തുന്ന വിദേശികളിൽപ്പോലും ഉത്സാഹം പടർത്തും.

മഹാരാഷ്ട്രയിലെ ഭീമശങ്കർ ക്ഷേത്രം



ഭീമശങ്കർ ക്ഷേത്രം


മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.                                                     
                                              
ഭീമശങ്കർ ക്ഷേത്രം
കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു. ത്രയംബകേശ്വർ ഘൃഷ്ണേശ്വർ എന്നിവയാണ് മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന മറ്റ് ജ്യോതില്ലിംഗക്ഷേത്രങ്ങൾ.