ആലപ്പുഴ ജില്ലയിലെ കായംകുളം പട്ടണത്തിനു സമീപം എരുവ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കായംകുളം പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ വടക്കായാണ് തിരുവിതാംകുർ ദേവസം ബോർഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ചതുർബാഹുവായ മഹാവിഷ്ണുവാണ് ശ്രീകൃഷ്ണരൂപത്തിൽ ഇവിടെ ആരാധിക്കപ്പെടുന്നത്.
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
നരസിംഹ മൂർത്തിയുടെ വിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉൽസവം മകര മാസത്തിലെ രോഹിണി നാളിൽ കൊടിയേറി 10 ദിവസം ആഘോഷപൂർവം നടത്തപ്പെടുന്നു. ഇതിൽ എരുവ പടിഞ്ഞാരേക്കരക്കാർ നടത്തുന്ന ഏഴാം ഉൽസവവും കിഴക്കെക്കരക്കാർ നടത്തുന്ന എട്ടാം ഉൽസവവും ആണു് കൂടുതൽ പ്രസിദ്ധമായത്.
ഇതൊരു ക്ഷേത്ര സമുച്ചയമാണ്. ഇവിടെ പ്രധാനമായും ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രമെന്നറിയപ്പെടുന്നെങ്കിലും ചതുര്‍ബാഹു രൂപത്തിലുള്ള വിഷ്‌ണുവാണു പ്രതിഷ്‌ഠ. നാലമ്പലത്തിനുള്ളില്‍ തന്നെ രണ്ടുപദേവാലയങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്. അതില്‍ ഒന്നില്‍ ശിവനും അഗ്നികോണില്‍ ഭഗവതിയുമാണ്. ഇതു കൂടാതെ ബലിവട്ടത്തിന് പുറത്ത്, ഗണപതി, മാടസ്വാമി, ക്ഷേത്രത്തിന്‍റെ അഗ്നികോണില്‍ ശാസ്‌താവും നിരയത കോണില്‍ (തെക്കുപടിഞ്ഞാറ് ഭാഗം) ആയി യക്ഷി, കിരാത മൂര്‍ത്തി, ഭഗവതി എന്നീ ഉപദേവാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുന്‍വശം
ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട്. കായംകുളം രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയാണ് ഇവിടെ വിരാജിച്ചിരുന്നത്. കൊല്ലവര്‍ഷം 850 കളില്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം ആക്രമിച്ച് പരാജയപ്പെടുത്തിയശേഷം ക്ഷേത്രം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതിനുശേഷം ഇവിടെ യാതൊരുവിധ ആരാധനയും ഇല്ലായിരുന്നു. പിന്നീട് ഒരു നൂറ്റാണ്ടിന്‍റെ ഇടവേളയ്‌ക്കുശേഷം ശ്രീമൂലം തിരുനാള്‍ രാജാവ് 1070-ല്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ അനുവാദം കൊടുത്തു. 5 വര്‍ഷം കൊണ്ട് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയും നരസിംഹമൂര്‍ത്തിയുടെ സ്ഥാനത്ത് ചതുര്‍ബാഹുവായ വിഷ്‌ണു ബിംബം പ്രതിഷ്‌ഠിച്ച് പൂജിക്കുവാനും തുടങ്ങി. അന്നുമുതല്‍ ഭഗവാനെ ഉണ്ണികൃഷ്‌ണനായി സങ്കല്‌പിച്ച് ഭക്തജനങ്ങള്‍ ആരാധന തുടങ്ങി. വിഷ്‌ണു ക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമുള്ളത് പൊതുവെ ഉഗ്രമൂര്‍ത്തികളാണ്. കിഴക്കോട്ടുള്ളത് സൗമ്യഭാവവുമാണ്. ഉഗ്രമൂര്‍ത്തിയായ നരസിംഹന്‍റെ സ്ഥാനത്ത് പ്രതിഷ്‌ഠിച്ചതുകൊണ്ടാവാം പടിഞ്ഞാറോട്ട് ദര്‍ശനമായത്.
ക്ഷേത്ര ചൈതന്യ വിശേഷത്തെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്. അതിലൊന്നാണ് `അരകദളി പഴത്തിന്‍റെ കഥ' ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുകൂടി ഒഴുകുന്ന തോട്ടിലൂടെയായിരുന്നു അന്ന് വിപണന സാധനങ്ങള്‍ കൊണ്ടുപോകുവാനുള്ള വിനിമയ മാര്‍ഗ്ഗം. അങ്ങനെ ഒരു ദിവസം ഒരു കെട്ടുവള്ളം ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള തോട്ടില്‍ ചെളിയില്‍ ഉറയ്‌ക്കുകയും എത്ര പരിശ്രമിച്ചിട്ടും വള്ളം ഇളക്കാന്‍ കഴിയാതെയും വന്നു. കൃഷ്‌ണസ്വാമിക്ക് കദളിക്കുല നേര്‍ന്നാല്‍ വള്ളം ഇളകുമെന്ന് നാട്ടുകാരുടെ നിര്‍ദ്ദേശം അവിശ്വാസത്തോടെ സ്വീകരിച്ച വള്ളക്കാര്‍ പുച്ഛത്തോടെ ഒരു മുറി കദളിപ്പഴം കൃഷ്‌ണസ്വാമിക്ക് സമര്‍പ്പിക്കാമെന്ന് വഴുപാട് നേര്‍ന്നു. അവിശ്വസനീയമായ വിധത്തില്‍ വളരെ വേഗം വള്ളം ഇളകുകയും ചെയ്‌തു. വിശ്വാസവും ഭയവും ബാധിച്ച വള്ളക്കാര്‍ ഒരു കുല കദളിപ്പഴം കൃഷ്‌ണസ്വാമിക്ക് സമര്‍പ്പിച്ചെങ്കിലും അതില്‍ ഒരു മുറി കദളിപ്പഴം മാത്രമേ ഭഗവാന്റെ നേദ്യത്തിന് ഉതകിയുള്ളൂ. ഭഗവാന്‍റെ ചൈതന്യശക്തി ഈ കഥ വെളിവാക്കുന്നു. ഇവിടെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ കൈവിടില്ലെന്നും ആഗ്രഹം പൂര്‍ണ്ണമായും നിറവേറുമെന്നും ഉള്ളതിന് അനേകം കഥകള്‍ ഇനിയും ഉണ്ട്. വളരെ ചൈതന്യവത്തും നിഷ്‌ഠയുമുള്ള ദേവനാണ് ഇവിടെ വസിക്കുന്നത്. കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ കാക്കനാട് ജംഗ്‌ഷനില്‍ നിന്നും പടിഞ്ഞാറ് ഒരു കിലോമീറ്ററും കായംകുളം-മുട്ടം റൂട്ടില്‍ 3 കിലോമീറ്റര്‍ ദൂരത്തിലുമാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. തൃക്കൊടിയേറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിവിടെ നടക്കുന്നത്.
പഴയ ഓടനാടിന്‍റെ തലസ്ഥാനമായിരുന്നു എരുവ ഒരുകാലത്ത്. ഐതീഹ്യത്തോളം പഴമ ഈ നാടിനുണ്ടെന്ന് പേരു സൂചിപ്പിക്കുന്നു. കാണ്ഡവ ദഹനവുമായി ബന്ധപ്പെട്ടതാണ് എരുവയുടെ ഐതീഹ്യം. എരിഞ്ഞടങ്ങിയ സ്ഥലമെന്നും എരിഞ്ഞുതുടങ്ങിയ സ്ഥലമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. കായംകുളം രാജാവിന്‍റെ ഏറ്റവും സമര്‍ത്ഥനായ മന്ത്രി അച്ചുതവാര്യര്‍ എരുവ നിവാസിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും മാര്‍ത്താണ്ഡവര്‍മ്മക്കുമെതിരെ തന്ത്രപരമായ യുദ്ധം നയിച്ച് വിജയിക്കുന്നതില്‍ അച്ചുതവാര്യരുടെ പങ്ക് വളരെ വലുതായിരുന്നു. കണ്ടിയൂര്‍ മറ്റമെന്നായിരുന്നു ഓടനാടിന്‍റെ തലസ്ഥാനത്തിന്‍റെ പേരു ഇന്നത്തെ കണ്ടിയൂര്‍ ക്ഷേത്രത്തിന്‍റെ മുന്‍ ഭാഗമായിരുന്നു കൊട്ടാരത്തിന്‍റെ ആസ്ഥാനം.
എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം
കൊട്ടാരത്തിലെ സ്‌ത്രീകളെ പാര്‍പ്പിക്കുവാന്‍ വേണ്ടി എരുവ ക്ഷേത്രത്തിന്‍റെ തെക്കുവശത്തെ പറമ്പില്‍ ഒരു കൊട്ടാരം പണിതെന്നും അഭിപ്രായമുണ്ട്. അതല്ല ഭരണ സൗകര്യത്തിനായി രാജാവ് എരുവയിലേക്ക് കൊട്ടാരം മാറ്റിയെന്നും അഭിപ്രായമുണ്ട്. ഏതായാലും കോവില്‍ അഥവാ കൊട്ടാരത്തിന്‍റെ പടി (വാതില്‍) മുന്‍ ഭാഗത്തായതുകൊണ്ട് കോയിയ്‌ക്കല്‍പടി എന്നും ഈ ഭാഗത്തിനുപേരുവന്നു. ഇന്നും കോയിക്കല്‍ പടിക്കല്‍ കൊട്ടാരത്തിന്‍റെ അവശിഷ്‌ട ഭാഗങ്ങളായ കല്ലില്‍ കൊത്തിയ ശില്‌പങ്ങള്‍ ആല്‍ത്തറയില്‍ നമ്മള്‍ക്കു കാണാന്‍ സാധിക്കും. പിന്നീട് രാമയ്യന്‍ ദളവയുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ കീഴ്‌പ്പെടുത്തിയപ്പോള്‍ എരുവയിലെ കൊട്ടാരം നശിപ്പിക്കുകയും ഇന്ന് കൃഷ്‌ണപുരത്ത് സ്ഥിതിചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്‍റെ മാതൃകയിലുള്ള പുതിയ ദളവ മഠം നിര്‍മ്മിക്കുകയും ചെയ്‌തെന്നാണ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പലതവണ മാര്‍ത്താണ്ഡവര്‍മ്മ കായംകുളത്തെ ആക്രമിച്ചെങ്കിലും അദ്ദേഹത്തിന് കായംകുളത്തെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല. ഇതിനു കാരണം കായംകുളം രാജാവിന്‍റെ ഉപാസനാമൂര്‍ത്തിയായ എരുവയില്‍ നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലില്‍ സൂക്ഷിച്ചിരുന്ന ശ്രീചക്രത്തിന്‍റെ സ്വാധീനത്തിലാണ് എന്നും മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കി.
അദ്ദേഹത്തിന്‍റെ ബുദ്ധിമാനായ മന്ത്രി രാമയ്യന്‍ ഒരു ഭ്രാന്തന്‍റെ പ്രച്ഛന്നവേഷത്തില്‍ കായംകുളത്തെത്തി വളരെ പെട്ടെന്നു തന്നെ രാജാവിന്‍റെയും മറ്റു വിശ്വാസത്തിനും പാത്രമായി. പുലര്‍ച്ചെ നിര്‍മ്മാല്യത്തിനുശേഷം എടുത്തുമാറ്റുന്ന പുഷ്‌പമാല്യാദികള്‍ ഒരു കുട്ടയില്‍ ശേഖരിച്ച് തലയില്‍ ചുമന്ന് അയാള്‍ പതിവായി കൊട്ടാരത്തിലെത്തുമായിരുന്നു. കൊട്ടാരത്തിന്‍റെ വാതില്‍ക്കല്‍ നിന്ന് അയാള്‍ വിളിച്ചു പറയും `രാജാവിന്‍റെ ശ്രീചക്രം താന്‍ മോഷ്‌ടിച്ചെന്ന് ' ആദ്യമൊക്കെ അമ്പരന്നുപോയ രാജാവ് ഭടന്മാരെ വിട്ട് പൂക്കൊട്ട വിശദമായി പരിശോധിച്ചു. അപ്പോഴെല്ലാം പൂജയ്‌ക്കുശേഷം ഉപയോഗിച്ച പൂ മാത്രമായിരുന്നു കുട്ടയിലുണ്ടായിരുന്നത്. ഇത് പതിവായി ആവര്‍ത്തിക്കുന്നതുകൊണ്ട് പതുക്കെ പതുക്കെ പരിശോധനയില്ലാതായി. ഒരു ദിവസം ഇന്ന് തീര്‍ച്ചയായും പരിശോധിക്കണം ഇതിനകത്ത് ഞാന്‍ ശ്രീചക്രം മോഷ്‌ടിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. ഭ്രാന്തന്‍റെ ജല്‌പനമെന്നു ചിരിച്ചുതള്ളിയ രാജാവ് എങ്കില്‍ താന്‍ അതു കൊണ്ടുപൊയ്‌ക്കോളൂ എന്നു കല്‍പ്പിച്ചു. അന്ന് വൈകിട്ട് ശ്രീചക്രം നഷ്‌ടമായപ്പോഴാണ് വിവരം രാജാവിന് ബോധ്യമായത്. മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കുവേണ്ടി രാമയ്യനാണ് ഈ കളവു നടത്തിയതെന്നു പിന്നീട് രാജാവിന് ബോധ്യമായി. ഇങ്ങനെ ശ്രീചക്രം നഷ്‌ടപ്പെട്ടതിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവിനെ പരാജയപ്പെടുത്തുകയും കായംകുളം നാട്ടിലെ പ്രമുഖരുടെ കുടുംബങ്ങള്‍ മുഴുവന്‍ തച്ചുതകര്‍ത്തുമാണ് അദ്ദേഹം തന്‍റെ യുദ്ധ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയത്. ഇനിയും എത്ര യെത്ര കഥകളുണ്ട് ചരിത്രത്തിനു നമ്മോടു പറയാന്‍.