2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

വെട്ടിക്കവല മഹാദേവ ക്ഷേത്രം





വെട്ടിക്കവല മഹാദേവ ക്ഷേത്രം

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാദേവ ക്ഷേത്രം. വിഷ്ണുവും ശിവനുമാണ് പ്രധാന ആരാധനാ മൂർത്തികൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്‍റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണു്.                                                                                                              
  
ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകൾ. രണ്ടുപേർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇതാണ്: ഒരിയ്ക്കൽ ശിവനും വിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു. ശിവക്ഷേത്രത്തിന് മേലൂട്ട് ക്ഷേത്രമെന്നും വിഷ്ണുക്ഷേത്രത്തിന് കീഴൂട്ട് ക്ഷേത്രമെന്നും പേരുകൾ വന്നു. കിഴക്കോട്ടാണ് രണ്ട് ക്ഷേത്രങ്ങളുടെയും ദർശനം.                                                                                                                                           
                                             
                    വെട്ടിക്കവല മഹാദേവ ക്ഷേത്രം                         


ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. ഗണപതി, അയ്യപ്പൻ, യക്ഷി, രക്ഷസ്സ്, നാഗങ്ങൾ, ഞാലിക്കുഞ്ഞുദേവി, അപ്പൂപ്പൻ എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് ഞാലിക്കുഞ്ഞുദേവിയുടെ പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിയ്ക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പന്നും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. രക്ഷസ്സ്, നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. ഞാലിക്കുഞ്ഞുദേവിയ്ക്ക് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.


വെട്ടിക്കവല മഹാദേവ ക്ഷേത്രക്കുളം 


കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ശിവക്ഷേത്രത്തിൽ താഴമൺ മഠത്തിനും വിഷ്ണുക്ഷേത്രത്തിൽ ആദിശ്ശമംഗലം നമ്പൂതിരിയ്ക്കുമാണ് തന്ത്രം. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

ഈ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടിൽ ഇളയിടത്തു റാണിയുടെ ഉത്തരവിൻപ്രകാരം നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് കാണുന്ന പുതുക്കിയ ക്ഷേത്രസമുച്ചയം പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്.

കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല കവല വഴി കോക്കാട്, ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവിസ് നടത്തുന്നു. ദേശീയപാത 208 വഴിയിൽ ചെങ്ങമനാട് നിന്നും വാഹനത്തിൽ അഞ്ചു മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.