2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല

തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം,തിരുവനന്തപുരം ശ്രീ അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം ഇതേ ഗണത്തിൽ ഉൾപ്പെടുന്ന രണ്ടാമത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായി പന്തളം - കോന്നി പാതയ്ക്ക് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ ശങ്കരമുകുന്ദ്, ഗണപതി, ദേവി, നാഗരാജാവ്-നാഗയക്ഷി, ബ്രഹ്മരക്ഷസ്, മാടസ്വാമി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്.                                                                                                             

                                
                                                       
തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം




ക്ഷേത്രോൽപ്പത്തിയെ പറ്റി കൃത്യമായ കാലഗണനയില്ലെങ്കിലും ശിലാഖണ്ഡങ്ങളിലുള്ള ശില്പങ്ങൾ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ വില്വമംഗലം സ്വാമിയാർ അനന്തൻകാട് തേടിയുള്ള മാർഗമദ്ധ്യേ വള്ളിക്കോട് ദേശത്തെത്തുകയും, വിശ്രമിക്കാനായി പ്രദേശത്തെ ഒരു നായർ തറവാട്ടിൽ തങ്ങുകയും ചെയ്തു. അന്നു രാത്രിയിൽ വില്വമംഗലം സ്വാമിയാർക്ക് സ്വപ്നത്തിൽ ദർശനമുണ്ടാകുകയും അതിൻ പ്രകാരം ഇപ്പോൾ ക്ഷേത്രം കുടികൊള്ളുന്ന സ്ഥലത്ത് ഗുരുവായൂരപ്പ ചൈതന്യത്തോട് കൂടി ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് കാലാകാലങ്ങളിൽ പ്രദേശത്തെ വിവിധ ബ്രാഹ്മണ മഠങ്ങളുടെ ഊരാൺമയിലായിരുന്നു ഈ ക്ഷേത്രകാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ കാലക്രമേണ ക്ഷേത്രത്തിൻറെ ഊരാൺമക്കാരായ ഒരു പ്രമുഖ ബ്രാഹ്മണ ഇല്ലവും പ്രദേശവാസികളായ ചിലരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകൾ ക്ഷേത്രഭരണം താറുമാറാകുന്നതിൽ കലാശിച്ചു. ഇക്കാലയളവിൽ ക്ഷേത്രത്തിന്റെ വിപുലമായ വസ്തുവകകൾ കൈമോശം വരികയും നിത്യപൂജകൾക്ക് പോലും വകയില്ലാത്ത വിധം ക്ഷേത്രസമ്പത്ത്‌ ക്ഷയിയ്ക്കുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം ഈ ദുരവസ്ഥ തുടർന്നു. ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ക്ഷേത്രം ഏറ്റെടുത്തു. ഒടുവിൽ പ്രദേശവാസികളായ ഭക്തജനങ്ങൾ ക്ഷേത്രപുനരുദ്ധാരണത്തിനായി രംഗത്തിറങ്ങുകയും ക്ഷേത്ര വികസനത്തിനായി പരിശ്രമിയ്ക്കുകയും ചെയ്തു. ക്ഷേത്രഭരണസമിതികളുടെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം നഷ്ടപ്രതാപം വീണ്ടെടുക്കുകയും മേജർ ക്ഷേത്രങ്ങളിലോന്നായി മാറുകയും ചെയ്തു.ഏതാണ്ട് അൻപതോളം സപ്താഹ യജ്ഞങ്ങൾ നടന്ന പെരുമ വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു അവകാശപ്പെടാനുണ്ട്.എല്ലാ വർഷവും ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദശാവതാര ചാർത്താണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന്.