2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

ഐതിഹ്യമാല/കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

ന്നേരിദേശക്കാരനും കേവലം നിസ്വനുമായ ഒരു നമ്പൂരി തന്റെ പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ വല്ലവരേയും കണ്ടു യാചിച്ചു കുറെ പണം സമ്പാദിക്കണമെന്നു നിശ്ചയിച്ച് സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം കോഴിക്കോട്, കൊച്ചി, അമ്പഴപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ച് രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവരെക്കണ്ടു സങ്കടം പറഞ്ഞ് അവരിൽ നിന്നു കിട്ടിയ ഏതാനും പണവുംകൊണ്ട് ഒരിക്കൽ ഒരു ദിവസം മദ്ധ്യാഹ്നമായ സമയം കിള്ളിക്കുറിശ്ശിമംഗലത്തു ചെന്നുചേർന്നു. അദ്ദേഹം ഭക്ഷണം കഴിക്കാതെ വഴിനടന്നും വെയിലുകൊണ്ടും വളരെ ക്ഷീണിച്ചാണ് അവിടെയെത്തിയത്. ക്ഷേത്രത്തിനു പുറത്തുചെന്നു നിന്നുകൊണ്ട് "ഇവിടെ ഉച്ചപൂജയും മറ്റും കഴിഞ്ഞുവോ" എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. അതു കേട്ടു ശാന്തിക്കാരൻ നമ്പൂരി പുറത്തുവന്ന് "ഉച്ചപൂജ കഴിഞ്ഞു എങ്കിലും വേഗത്തിൽ കുളിച്ചുവന്നാൽ ഊണു കഴിക്കാം" എന്നു പറഞ്ഞു. ഉടനെ ഈ നമ്പൂരി കുളക്കടവിൽ ചെന്ന് അരയിൽ കെട്ടിയിരുന്ന മടിശ്ശീലയഴിച്ചു കടവിൽ വെച്ചിട്ട് ഇറങ്ങി ക്ഷണത്തിൽ കുളിയും ജപവുമെല്ലാം കഴിച്ചു നോക്കിയ സമയം മടിശ്ശീല കണ്ടില്ല. നമ്പൂരിക്കുണ്ടായ വ്യസനം എത്രമാത്രമെന്നു പറയാൻ പ്രയാസം. ആ പണം കൊണ്ടു രണ്ടുമൂന്നു പെൺകൊടയെങ്കിലും കഴിച്ചുകൂട്ടാമെന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. മടിശ്ശീല കാണാതായതിനോടുകൂടി അദ്ദേഹത്തിന്റെ വിശപ്പും ദാഹവും മാത്രമല്ല, പാതി പ്രാണനും പോയെന്നു തന്നെ പറയാം. അദ്ദേഹം ഓടി അമ്പലത്തിൽച്ചെന്ന് അവിടെയെല്ലാവരോടും വിവരം പറഞ്ഞു. അവരാരും കുളക്കടവിലേക്കു ചെല്ലുകതന്നെ ചെയ്തില്ലെന്നു പറഞ്ഞു. ഒടുക്കം അതെങ്ങനെയോ പോയതുതന്നെ. തന്റെ വിധി ഇങ്ങനെയാണ് എന്നു തീർച്ചപ്പെടുത്തിക്കൊണ്ടു നമ്പൂരി ഉണ്ണാൻ ചെന്നിരുന്നു. വ്യസനംകൊണ്ട് അദേഹത്തിനു ചോറിറങ്ങുന്നില്ലായിരുന്നു. എങ്കിലും വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നതിനാൽ കുറെ ചോറു വാരിത്തിന്നു കുറെ വെള്ളവും കുടിച്ച് ഒരുവിധം ഊണു കഴിച്ചെന്നു വരുത്തിയെന്നേ പറയാനുള്ളു. വ്യസനവും ക്ഷീണവും നിമിത്തം നടക്കാൻ ശക്തനല്ലാതെ അദ്ദേഹം അമ്പലത്തിൽത്തന്നെ മുണ്ടും വിരിച്ചു കിടന്നു. വെയിലൊട്ടാറിയപ്പോൾ, "ഞാനിങ്ങനെ വ്യസനിച്ച് ഇവിടെക്കിടന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? "ലിഖിതമപി ലലാടേ പ്രാഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ഒരുവിധം സമാധാനപ്പെട്ടുകൊണ്ട് അവിടെനിന്നെണീറ്റു പോവുകയും ചെയ്തു.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നമ്പൂരി യഥാപൂർവം ദേശസഞ്ചാരത്തിനായി ഇല്ലത്തു നിന്നു പുറപ്പെട്ടു ചില സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു ക്രമേണ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തുതന്നെ വന്നു ചേർന്നു. അത് ഒരു ദിവസം വൈകുന്നേരമായിരുന്നു. കുളികഴിഞ്ഞ് അദ്ദേഹം അമ്പലത്തിൽച്ചെന്ന് ശാന്തിക്കാരനെക്കണ്ട് തനിക്കുകൂടി അത്താഴം വേണമെന്നു പറഞ്ഞു. ശാന്തിക്കാരൻ ഇദ്ദേഹത്തെക്കണ്ടപ്പോൾത്തന്നെ അറിയുകയും മുമ്പുണ്ടായ കഥ ഓർക്കുകയും ചെയ്യുകയാൽ, "ഓഹോ! അത്താഴം ഇവിടെയാവാം. എനിക്കും ഇവിടെതതന്നെയാണ് അത്താഴം. ഇന്നു മടിശ്ശീല കുളക്കടവിൽവെച്ചു മറക്കുകയോ മറ്റോ ചെയ്തുവോ? എന്നാൽ ചോറധികം വേണ്ടി വരികയില്ലല്ലോ" എന്നു പറഞ്ഞു. അതിനുത്തരമായി നമ്പൂരി, "ഈ പ്രാവശ്യം അതിനൊന്നും തരമില്ല. ഞാൻഇല്ലത്തുനിന്നു പുറപ്പെട്ട് ഇത്രത്തോളമായേ ഉള്ളു. അധികമൊന്നും സഞ്ചരിക്കാനും ഒട്ടും സമ്പാദിക്കാനും ഇടയായില്ല. മടിശ്ശീലവെച്ചു മറക്കുകയും മറ്റും മടക്കത്തിലാവാമെന്നാണ് വിചാരിക്കുന്നത്" എന്നു പറയുകയും ചെയ്തു.
അത്താഴം കഴിഞ്ഞപ്പോൾ വന്നേരിക്കാരൻ നമ്പൂരി "ഇനിയൊന്നു കിടക്കണമല്ലോ, അതെവിടെയാണു വേണ്ടത്?" എന്നു ചോദിച്ചു. "അതിനൊക്കെ തരമാക്കാം. നമുക്കിവിടെ ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട്. അങ്ങോട്ടു പോകാം. അവിടെ സ്ഥലം ധാരാളമുണ്ട്" എന്നു ശാന്തിക്കാരൻ നമ്പൂരി മറുപടി പറയുകയും അവർ രണ്ടുപേരും കൂടി അങ്ങോട്ടു പോവുകയും ചെയ്തു.
കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരൻ നമ്പൂരി തിരുവിതാംകൂറിൽ ഏറ്റുമാനൂർ താലൂക്കിൽ കിടങ്ങൂർ ദേശത്തുള്ള ആളായിരുന്നു. അദ്ദേഹത്തിന് അവിടെ "കലക്കത്ത്" എന്നു പ്രസിദ്ധമായ നമ്പ്യാർമഠത്തിൽ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവർ പോയത്. അവിടെച്ചെന്നപ്പോഴേക്കും ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ ഇവർക്കു രണ്ടുപേർക്കും കാൽ കഴുകുന്നതിനുള്ള വെള്ളം കൊണ്ടുചെന്നു കൊടുക്കുകയും നാലുകെട്ടിൽ ഒരു വിളക്കു കൊണ്ടുവന്നുവെച്ച്, ഒരു പുല്ലുപായ് വിരിച്ചു കൊടുക്കുകയും മുറുക്കാനുള്ള സാമാനങ്ങളെല്ലാം കൊണ്ടു വന്നു തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ കാൽ കഴുകിത്തോർത്തി, പുല്ലുപായയിൽ ചെന്നിരുന്നു മുറുക്കി ഓരോ വെടികൾ പറഞ്ഞുതുടങ്ങി. അതൊക്കെക്കേട്ടു രസിച്ചുകൊണ്ടു ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യയും അടുക്കൽ ചെന്നുകൂടി. വന്നേരിക്കാരൻ നമ്പൂരി യുടെ പ്രധാനവി‌ഷയം അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും മറ്റുമായിരുന്നു. ശാന്തിക്കാരൻ നമ്പൂതിരി പറഞ്ഞത് ആ നമ്പ്യാർമഠത്തിലെ സ്ഥിതിയെപ്പറ്റിയും മറ്റുമായിരുന്നു. ആ നമ്പ്യാർമഠത്തിൽ വളരെക്കാലമായി സ്ത്രീകളല്ലാതെ പുരു‌ഷൻമാരാരുമില്ലാതെയിരിക്കുകയായിരുന്നു. ഒരാൺകുട്ടിയുണ്ടായാൽക്കൊള്ളാമെന്ന് വിചാരിച്ച് അവർ വളരെ സൽക്കർമ്മങ്ങളൊക്കെ നടത്തിയെന്നും ഇപ്പോഴും ഓരോന്നു നടത്തിക്കൊണ്ടാണിരിക്കുന്നതെന്നും എന്നിട്ടും ഫലമൊന്നും കാണിന്നില്ലെന്നും മറ്റും ശാന്തിക്കാരൻ നമ്പൂരി പറഞ്ഞപ്പോൾ തനിക്കും പുരു‌ഷസന്താനമൊന്നും ഉണ്ടായിട്ടില്ലെന്നും നാലഞ്ചുപെൺകിടാങ്ങളാണുണ്ടായിട്ടുളളതെന്നും അവരെ വേളികഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് താനിങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്നതെന്നും മറ്റും വന്നേരിക്കാരൻ നമ്പൂരിയും പറഞ്ഞു. ആ കൂട്ടത്തിൽ താൻ കുളക്കടവിൽ മടിശ്ശീലവെച്ചു മറന്ന കഥയുംകൂടി അദ്ദേഹം പ്രസ്താവിച്ചു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ അതിനെപ്പറ്റി ചിലതെല്ലാം ചോദിക്കുകയും വന്നേരിക്കാരൻ നമ്പൂരി എല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവിടെനിന്നെണീറ്റുപോയി അറ തുറന്ന് ഒരു മടിശ്ശീലയെടുത്തു കൊണ്ടുവന്ന്, "ഇതായിരിക്കുമോ അവിടത്തെ മടിശ്ശീല?" എന്നു ചോദിച്ചുകൊണ്ടു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ വെച്ചു. നമ്പൂരി അതെടുത്തുനോക്കി. "ഇതുതന്നെ. ഞാൻകെട്ടിയ കെട്ട് അഴിച്ചിട്ടുകൂടിയില്ല" എന്നു പറഞ്ഞുകൊണ്ടു മടിശ്ശീല അഴിച്ചു പണം എണ്ണിനോക്കിയപ്പോൾ ശരിയായിരുന്നു. ആ സമയം നമ്പൂരിക്കുണ്ടായ സന്തോ‌ഷം എത്രമാത്രമാണെന്നു പറണ്ടേതില്ലല്ലോ. അദ്ദേഹം "ഇതെങ്ങനെ കിട്ടി?" എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ "മുമ്പൊരിക്കൽ ഒരു ദിവസം ഉച്ചയ്ക്കു ഞാൻശുദ്ധംമാറിപ്പോവുകയാൽ കുളിക്കാനായി കുളക്കടവിൽ ചെന്നപ്പോൾ അവിടെ കുറെ ചാണകം കിടക്കുന്നതു കണ്ടു. കുളി കഴിഞ്ഞു പോന്നപ്പോൾ അതുകൂടികൊണ്ടുപോരാമെന്നു വിചാരിച്ചു വാരിയെടുത്തപ്പോൾ അതിനിടയിൽ ഈ മടിശ്ശീല ഇരുന്നിരുന്നു. ഞാനിവിടെക്കൊണ്ടുവന്നു ചാണകമൊക്കെ തുടച്ചുകളഞ്ഞു. മടിശ്ശീല പെട്ടിയിൽവെച്ചു സൂക്ഷിച്ചു. ആരെങ്കിലും ഉടമസ്ഥൻമാരന്വേ‌ഷിച്ചു വന്നാൽ കൊടുക്കണമെന്നും വിചാരിച്ചിരുന്നു. ഇതുവരെ ഉടമസ്ഥനെ കണ്ടില്ല. ഇപ്പോൾ ഇത് ഇവിടുത്തേതാണെന്നറിയാനിടയായതു വലിയ ഭാഗ്യമായി. ഇത് ഉടമസ്ഥനെ ഏല്പികൊടുക്കാനിടയാകാഞ്ഞിട്ടു ഞാൻ വളരെ വ്യസനിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സംഗതിയൊക്കെ വെളിവായി. നമ്പൂരി കുളിച്ചുജപിച്ചു കൊണ്ടുനിന്ന സമയം അവിടെ ഒരു പശു പുല്ലു തിന്നുകൊണ്ടു നിന്നിരുന്നു. ആ പശു ഈ മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടു. അതു നമ്പൂരി കണ്ടില്ല. ചാണകത്തിനടിയിൽ മടിശ്ശീലയുണ്ടായിരിക്കുമെന്നോ പശു അതിന്റെ മീതെ ചാണകമിട്ടിരിക്കുമെന്നോ അദ്ദേഹം വിചാരിച്ചുമില്ല. അദ്ദേഹം നോക്കിയത് ചാണകം കിടന്നതിന്റെ അടുക്കലൊക്കെ യായിരുന്നു. ഊണു കഴിക്കാനുള്ള പരിഭ്രമംകൊണ്ടു മടിശ്ശീലവെച്ചത് എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഈ സ്ത്രീ കുളിക്കാൻ ചെന്നതും ചാണകം വാരിക്കൊണ്ടു പോന്നതും നമ്പൂരി കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോയതിന്റെ ശേ‌ഷമായിരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യം പറ്റിയതെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലായി. ഉടനെ ആ നമ്പൂരി ആ പണത്തിൽ പകുതി മാറ്റിവെച്ചിട്ട് "ഇതെനിക്കിപ്പോൾ വെറുതേ തന്നതുപൊലെയാണിരിക്കുന്നത്. അതിനാൽ എനിക്കു പകുതി മതി. പകുതി നിനക്കുമിരിക്കട്ടെ" എന്ന് സ്ത്രീയോടു പറഞ്ഞു. അപ്പോൾ ആ സ്ത്രീ "ഞാനിതിലൊരു കാശുപൊലും വാങ്ങുകയില്ല. ഞാനങ്ങനെ ആഗ്രഹിച്ചല്ല ഇതു സൂക്ഷിച്ചുവെച്ചിരുന്നത്. അന്യന്റെ മുതൽ വല്ല സ്ഥലത്തുമിരുന്നു കിട്ടിയാൽ അതുടമസ്ഥനെ ഏല്പിക്കുക മര്യാദക്കാരുടെ ധർമമാണ്. അതിനു പ്രതിഫലം വാങ്ങുക കേവലം നീചത്വവുമാണ്. എനിക്കു വേണമെങ്കിൽ പകുതിയല്ല, മുഴുവനും തന്നെ എടുക്കാമായിരുന്നുവല്ലോ. അതു കൊണ്ടു ഞാനവിടുത്തെ സന്തോ‌ഷവും അനുഗ്രഹവും മാത്രമേ ഇതിനു പ്രതിഫലമായി ആഗ്രഹിക്കുന്നുള്ളു" എന്നു പറഞ്ഞു. ഇതു കേട്ടു സന്തു ഷ്ടമാനസനായ ആ ബ്രാഹ്മണോത്തമൻ അവിടെനിന്നെണീറ്റു രണ്ടു കയ്യുമുയർത്തി ആ സ്ത്രീയുടെ ശിരസ്സിൽ വെച്ചുകൊണ്ട് ആനന്ദാശ്രുക്കളോടുകൂടി സഗൽഗദം "അടുത്തയാണ്ടിൽ ഈ കാലത്തിനു മുമ്പായി നിനക്ക് അതിയോഗ്യനായ ഒരു പുത്രനുണ്ടാകട്ടെ" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. അപ്രകാരം തന്നെ ആ സ്ത്രീ അചിരേണ ഗർഭം ധരിക്കുകയും അതികോമളാംഗനായ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ പുത്രനാണ് കലക്കത്തു കുഞ്ചൻനമ്പ്യാരെന്നു വിശ്വവിശ്രുതനായ സരസകവികുലാഗ്രസരനായിത്തീർന്നതെന്നുള്ളത് ഇനി വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഐതിഹ്യമാല/വിഡ്ഢി! കൂശ്മാണ്ഡം

ഐതിഹ്യമാല/വിഡ്ഢി! കൂശ്മാണ്ഡം


രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വിഡ്ഢി! കൂശ്മാണ്ഡം

ണ്ട് കാരാട്ടു നമ്പൂരിയുടെ ശി‌ഷ്യനായി കോഴിക്കോട്ട് ഏറ്റവും പ്രസിദ്ധനായ ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹം വി‌ഷമിറക്കാനായി ഒരു സ്ഥലത്തും പോവുക പതിവില്ല. വി‌ഷഭയമുണ്ടാകുന്നവരെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടു വന്നു വി‌ഷമിറക്കിച്ചു കൊണ്ടുപോവുകയാണു പതിവ്. അദ്ദേഹം അതിനായിട്ടു യാതൊന്നും വാങ്ങുകയും പതിവില്ല. എങ്കിലും ജനങ്ങൾ മറ്റു വല്ല കാരണവും പറഞ്ഞ് അദ്ദേഹത്തിന് ധാരാളം പണം കൊടുത്തുവന്നിരുന്നു. അദ്ദേഹം കാലക്രമേണ വലിയ ധനവാനായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കൽ വി‌ഷവൈദ്യം പഠിക്കാനായിട്ടും വളരെ ആളുകൾ ചെന്നുകൊണ്ടിരുന്നു. ചെല്ലുന്നവർക്കെല്ലാം അദ്ദേഹം ഓരോ ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചയയ്ക്കുകയാണ് പതിവ്.
ആ വി‌ഷവൈദ്യൻ താമസിച്ചിരുന്ന സ്ഥലത്തിന്റെ തെക്കേതായി ഒരു വീടുണ്ടായിരുന്നു. അവിടെ കൊച്ചുരാമൻ എന്നു പേരുള്ള ബാലനുണ്ടായിരുന്നു. ആ വീട്ടുകാർ കാലക്ഷേപത്തിനു യാതൊരു മാർഗവു മില്ലാതെ വളരെ ക ഷ്ടപ്പെട്ടാണ് നിത്യവൃത്തി കഴിച്ചുവന്നിരുന്നത്. അങ്ങനെയിരിക്കുമ്പോൾ ദാരിദ്രദുഃഖം സഹിക്കവയ്യാതായിട്ടു തനിക്കും വി‌ഷവൈദ്യം പഠിക്കണമെന്ന് കൊച്ചുരാമൻ നിശ്ചയിച്ചു. അവൻ അക്ഷരജ്ഞാനംപോലുമില്ലാത്ത ഒരു വിഡ്ഢിയായിരുന്നു. ആ കൊച്ചുരാമൻ ഒരു ദിവസം ആ വൈദ്യന്റെ ശി‌ഷ്യൻമാരെ കണ്ടു വി‌ഷവൈദ്യം പഠിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് ചോദിച്ചു. അതിനവർ വി‌ഷവൈദ്യം പഠിക്കണമെന്ന് ആഗ്രഹമുള്ളവർ ഗുരുവിന്റെ അടുക്കൽച്ചെന്നു തങ്ങളെക്കൂടെ വി‌ഷവൈദ്യം പഠിപ്പിക്കണമെന്നു പറയണം. യഥാശക്തി വല്ലതുമൊരു ദക്ഷിണയും ചെയ്യണം. എന്നാൽ അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചു തരും. ആ മന്ത്രം ഭക്തിയോടുകൂടി അക്ഷരലക്ഷം ഉരുക്കഴിക്കണം. പിന്നെ ആ മന്ത്രം കൊണ്ടു വെള്ളമോതിയൊഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ എന്തെങ്കിലും ചെയ്താൽ വി‌ഷമിറങ്ങും. അങ്ങനെയാണ് പതിവ്, എന്നു മറുപടി പറഞ്ഞു. ഇതുകേട്ടപ്പോൾ കൊച്ചുരാമന് വളരെ സന്തോ‌ഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ. എങ്കിലും തൽക്കാലമൊരു ദക്ഷിണചെയ്യുന്നതിനു കൈവശമൊന്നുമില്ലാതിരുന്നതിനാൽ അവനു വളരെ വി‌ഷാദമുണ്ടായി. അവരുടെ പുരപ്പുറത്ത് ഒരു കുമ്പളം കയറിപ്പടർന്നു കിടപ്പുണ്ടായിരുന്നു. അതിൻമേലഞ്ചാറു കായുമുണ്ടായിരുന്നു. തൽക്കാലം ഗുരുവിന് ഇതുകൊണ്ടു ചെന്നു കൊടുക്കാമെന്നു നിശ്ചയിച്ചു. അവൻ അന്നുതന്നെ അതെല്ലാം പറിച്ചു കെട്ടിവെച്ചു. പിറ്റേദിവസം ശി‌ഷ്യരും മറ്റും വന്നു കൂടുന്നതിനു മുമ്പ് ഉപദേശം വാങ്ങണമെന്നു നിശ്ചയിച്ചു കൊച്ചുരാമൻ വെളുപ്പാൻകാലത്തു കുമ്പളങ്ങാച്ചുമടുമെടുത്തു വൈദ്യന്റെ ഗൃഹത്തിലെത്തി. വൈദ്യൻ ഉണർന്നെണീറ്റു പുറത്തു വന്നപ്പോൾ കൊച്ചുരാമൻ കുമ്പളങ്ങച്ചുമടു വൈദ്യന്റെ മുമ്പിൽവെച്ചു താണു തൊഴുതു. "നീ എന്തിനാണ് വന്നത്?" എന്നു വൈദ്യർ ചോദിച്ചു. "എന്നെക്കൂടി വി‌ഷവൈദ്യം പഠിപ്പിക്കണമെ"ന്നു കൊച്ചുരാമൻ പറഞ്ഞു. അതുകേട്ടു വൈദ്യൻ "അതിന് വിഡ്ഢി! കുശ്മാണ്ഡം എന്തിനാണ്" എന്നു ചോദിച്ചു. വി‌ഷവൈദ്യം പഠിക്കാനുള്ള ധൃതിയും പരിഭ്രമവുംകൊണ്ട് കൊച്ചുരാമൻ, വൈദ്യൻ പറഞ്ഞതു മുഴുവൻ കേട്ടില്ല. "വിഡ്ഢികൂശ്മാണ്ഡം" എന്നു മാത്രമേ അവൻ കേട്ടുള്ളു. അത് മന്ത്രമാണെന്നും അതുകൊണ്ട് ഉപദേശം കഴിഞ്ഞുവെന്നും തീർച്ചപ്പെടുത്തി അവൻ ഉത്തരമൊന്നും മിണ്ടാതെ വൈദ്യനെ ഒന്നുകൂടി തൊഴുതിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. "നേരം വെളുത്തപ്പോഴേ വിഡ്ഢി എന്നു വിളിച്ചതുകൊണ്ട് അവൻ മു‌ഷിഞ്ഞുപോയതായിരിക്കും" എന്നാണ് വൈദ്യൻ വിചാരിച്ചത്. കൊച്ചുരാമന് ഒരു മു‌ഷിച്ചിലുമുണ്ടായില്ല എന്നു തന്നെയല്ല, മന്ത്രം ക്ഷണത്തില് ഉപദേശിച്ചു കൊടുത്തതിനാൽ അവനു വളരെ സന്തോ‌ഷമുണ്ടാവുകയും ചെയ്തു. അവൻ ഉടനെ വീട്ടിലെത്തി. കുളിച്ചുവന്ന് ഒരു വിളക്കുകൊളുത്തിവെച്ച് അതിന്റെ മുമ്പിലിരുന്നു മന്ത്രം ജപിച്ചുതുടങ്ങി.അങ്ങനെ അക്ഷരലക്ഷം (ഈ മന്ത്രം അഞ്ചക്ഷരമുള്ളതാകയാൽ അഞ്ചു ലക്ഷം) ഉരുക്കഴിച്ചു തീർത്തു. താൻ നല്ല വി‌ഷവൈദ്യനായിത്തീർന്നു എന്നവൻ ദൃഡമായി വിശ്വസിക്കുകയും ചെയ്തു.
സാധാരണ വി‌ഷവൈദ്യൻ വി‌ഷമിറക്കാനായി എങ്ങും പോവുക പതിവില്ലല്ലോ. ചെന്നു കടിക്കയില്ലെന്നും ചെന്നു വി‌ഷമിറക്കുകയില്ലെന്നും സർപ്പങ്ങളും വി‌ഷവൈദ്യൻമാരും തമ്മിൽ സത്യം ചെയ്തിട്ടുണ്ടെന്നാണല്ലോ പറയുന്നത്. എന്നാൽ നമ്മുടെ കൊച്ചുരാമൻ അതു കേട്ടിട്ടില്ലായിരുന്നു. എവിടെയെങ്കിലും വി‌ഷഭയമുണ്ടായെന്നു കേട്ടാൽ അപ്പോൾ കൊച്ചുരാമൻ അവിടെയെത്തുകയും മേൽപ്പറഞ്ഞ മന്ത്രംകൊണ്ടു വെള്ളമോതിയൊഴുക്കി വി‌ഷമിറക്കുകയും പതിവായി. ആദ്യം കുറച്ചു ദിവസത്തേക്ക് അവന്റെ വി‌ഷവൈദ്യത്തിൽ ആർക്കുമത്ര വിശ്വാസമുണ്ടായിരുന്നില്ല. ക്രമേണ എല്ലാ വർക്കും അനുഭവപ്പെട്ടു തുടങ്ങുകയും വിശ്വാസം ജനിക്കുകയും ചെയ്തു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുരാമന് വൈദ്യനെന്നുള്ള പേരു സർവ്വത്ര പ്രസിദ്ധമായിത്തീർന്നു. വി‌ഷഭയമുണ്ടാകുന്ന ദിക്കിലെല്ലാം അവനെ ആളുകൾ വന്നു വിളിച്ചു കൊണ്ടു പോയിത്തുടങ്ങി. അവന് ആ വി‌ഷയത്തിൽ ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. വി‌ഷമിറക്കിയാൽ അതിനൊന്നും വാങ്ങരുതെന്നുള്ള പ്രമാണം നമ്മുടെ കൊച്ചുരാമവൈദ്യൻ അത്ര വകവെച്ചിരുന്നില്ല. ഈ വിധത്തിൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവന്റെ ദാരിദ്ര്യം തീരെ തീർന്നുവെന്നല്ല, അവൻ വലിയ സമ്പന്നനായിത്തീരുകയും ചെയ്തു. അവൻ ഒരു വലിയ വീടു പണിയിക്കുകയും വളരെ നിലവും പുരയിടങ്ങളും വീട്ടിൽ വേണ്ടുന്ന ഭരണി, പാത്രങ്ങൾ, ആഭരണങ്ങൾ മുതലായവയെല്ലാം സമ്പാദിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ കോഴിക്കോട്ട് അന്നു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാനു വി‌ഷഭയമുണ്ടായി. അനേകം വി‌ഷവൈദ്യന്മാർ പഠിച്ച പണിയെല്ലാം നോക്കീട്ടും വി‌ഷമിറങ്ങിയില്ല. മൂന്നാം ദിവസം തമ്പുരാനെ നിലത്തിറക്കി ശവസംസ്കാരത്തിനു വേണ്ടുന്ന വട്ടങ്ങൾ കൂട്ടിത്തുടങ്ങി. അപ്പോഴാണ് അവിടെച്ചിലർക്ക് കൊച്ചുരാമവൈദ്യനെ ഓർമ്മവന്നത്. അയാളെകൂടെ ഒന്നു വരുത്തിക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു. "ഇനി ആരെയും കാണിച്ചിട്ടു പ്രയോജനമില്ല. ഇവിടെ കഥ കഴിഞ്ഞു" എന്നു മറ്റു ചിലരും പറഞ്ഞു. ഏതെങ്കിലും ഒടുക്കം അയാളെക്കൂടെ ഒന്നു വരുത്തണമെന്ന് തീർച്ചപ്പെടുത്തി. ഒരു ഡോലി(മേനാവു)യും കൊടുത്തു. ചില ഹരിക്കാരന്മാരോടുകൂടി ആളുകളെ അയച്ചു. അവർ ചെന്നു കൊച്ചുരാമവൈദ്യനെക്കണ്ടു വിവരം പറയുകയും വൈദ്യൻ ക്ഷണത്തിൽ വരികയും ചെയ്തു. വൈദ്യൻ വന്നു തമ്പുരാനെക്കണ്ട ഉടനെ കോവിലകത്തു മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ചു ക്ഷണത്തിൽ കുറച്ചു കഞ്ഞിയു ണ്ടാക്കാൻ പറഞ്ഞു. അതുകേട്ട് അവിടെകൂടിയിരുന്ന മറ്റു വി‌ഷവൈദ്യൻമാരെല്ലാം "അതെന്തിനാണ്?" എന്നു ചോദിച്ചു. "തിരുമനസ്സുകൊണ്ട് അമൃതേത്തു കഴിച്ചിട്ടു രണ്ടുമൂന്നു ദിവസമായല്ലോ വി‌ഷമിറങ്ങുമ്പോൾ അവിടേക്കു വളരെ ക്ഷീണവും വിശപ്പുമുണ്ടായിരിക്കും. അപ്പോൾ അവിടേക്കു കൊടുക്കാനാണ് കഞ്ഞി" എന്നു കൊച്ചുരാമവൈദ്യൻ മറുപടി പറഞ്ഞു. അതു കേട്ട് എല്ലാവരും പുച്ഛരസത്തോടുകൂടി പുഞ്ചിരിയിട്ടു. തമ്പുരാന്റെ കഥ കഴിഞ്ഞുവെന്നായിരുന്നു അവരുടെ വിശ്വാസം അല്ലെങ്കിൽ നിലത്തിറക്കുകയില്ലല്ലോ. കൊച്ചുരാമവൈദ്യൻ കുറച്ചുവെള്ളമെടുത്തു "വിഡ്ഢി കൂശ്മാണ്ടന്മം" എന്നു നൂറ്റെട്ടുരു ജപിച്ചു തമ്പുരാന്റെ മുഖത്തു തളിച്ചു. ഉടനെ തമ്പുരാൻ കണ്ണുതുറന്നു. വൈദ്യൻ പിന്നെയും ഒരു പ്രാവശ്യം കൂടി അപ്രകാരം വെളളം ജപിച്ചു തളിച്ചു. തമ്പുരാൻ കയ്യും കാലും ഇളക്കിത്തുടങ്ങി. മൂന്നാമതും വൈദ്യൻ വെള്ളം തളിച്ചു. ഉടനെ തമ്പുരാൻ എണീറ്റിരുന്നു കഞ്ഞി കുടിക്കണമെന്നു കല്പിച്ചു. തൽക്ഷണം കഞ്ഞി കൊണ്ടുവരികയും തമ്പുരാൻ വയറു നിറച്ചു കഞ്ഞി അമൃതേത്തു കഴിക്കുകയും ചെയ്തു. പിന്നെ സ്വല്പം കഴിഞ്ഞു ക്ഷീണമെല്ലാം മാറിയപ്പോൾ "വി‌ഷമിറക്കിയതാരാണ്" എന്നു കല്പിച്ചു ചോദിച്ചു. "ഈയിരിക്കുന്ന കൊച്ചുരാമവൈദ്യനാണ്" എന്നു സേവകരിലൊരാൾ അറിയിച്ചു. തമ്പുരാൻ സന്തോ‌ഷിച്ചു. കൊച്ചുരാമവൈദ്യനു രണ്ടു കൈയ്ക്കും വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി കല്പിച്ചുകൊടുക്കുകയും വൈദ്യനെ പല്ലക്കിൽ കയറ്റിയെടുത്തു വാദ്യഘോ‌ഷങ്ങളോടുകൂടി അയാളുടെ വീട്ടിൽക്കൊണ്ടുന്നൊക്കുന്നതിനു കല്പിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടുകൊണ്ടു നിന്ന മറ്റുള്ള വൈദ്യൻമാർക്കുണ്ടായ ലജ്ജയും അത്ഭുതവും എത്രമാത്രമാണെന്നു പറയാൻ പ്രയാസം. ആ വൈദ്യൻമാരുടെ കൂട്ടത്തിൽ നമ്മുടെ കൊച്ചുരാമവൈദ്യരുടെ ഗുരുവുമുണ്ടായിരുന്നു. പക്ഷേ അയാൾ ഇതു തന്റെ ഉപദേശം കൊണ്ടു സാധിച്ചതാണെന്നു വിചാരിച്ചില്ല. "വിഡ്ഢി!" എന്നു വിളിച്ചതു നിമിത്തം ഇയ്യാൾ എവിടെയോ പോയി ഈ ദിവ്യത്വം വശമാക്കി വന്നതാണെന്നാണ് അയാൾ വിചാരിച്ചത്. കൊച്ചുരാമവൈദ്യൻ ആൾക്കൂട്ടം നിമിത്തം തന്റെ ഗുരുവിനെ അപ്പോൾ കണ്ടതുമില്ല. കൊച്ചുരാമവൈദ്യനെ കല്പനപ്രകാരം പല്ലക്കിൽ കയറ്റിയൈടുത്തു പട്ടാളക്കാർ മുതലായവരുടെ അകമ്പടിയോടും വാദ്യഘോ‌ഷത്തോടുകൂടി വീട്ടിലേക്കു പുറപ്പെട്ടു. പിന്നാലെ അസംഖ്യം ജനങ്ങളും കോവിലകത്തു കൂടിയിരുന്ന വി‌ഷവൈദ്യൻമാരും നടന്നു. അങ്ങനെ പോകുമ്പോൾ ഒരിക്കൽ കൊച്ചുരാമ വൈദ്യൻ തിരിഞ്ഞുനോക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ തന്റെ ഗുരുവിനെയും കണ്ടു. ഉടനെ പല്ലക്ക് ഇറക്കിവെയ്ക്കാൻ വൈദ്യൻ പറയുകയും ചുമട്ടുകാർ ഇറക്കിവെക്കുകയും ചെയ്തു. ഉടനെ കൊച്ചുരാമവൈദ്യൻ പല്ലക്കിൽ നിന്ന് ഇറങ്ങി, തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം എടുത്തു ഗുരുവിന്റെ പാദത്തുങ്കൽ കൊണ്ടു ചെന്നു വെച്ചു നമസ്കരിച്ചു. ഇതു കണ്ട് അയാൾ അത്ഭുതപ്പെട്ട് ഇതിന്റെ കാരണം ചോദിച്ചു. അപ്പോൾ കൊച്ചുരാമവൈദ്യൻ "ഇതെല്ലാം അവിടുത്തെ ഉപദേശവും അനുഗ്രഹവും കൊണ്ടു കിട്ടിയതാണ്. ഇതിനു മുമ്പും എനിക്കു വളരെ പണവും സമ്മാനങ്ങളും അവിടുത്തെ കാരുണ്യം കൊണ്ടു കിട്ടിയിട്ടുണ്ട്. ഇതുവരെ അവിടെ ഒന്നും കൊണ്ടു വന്നുതരാൻ സാധിച്ചില്ല. അതിനെക്കുറിച്ച് കൃപകേടുണ്ടാകരുത്. എന്റെ പേരിലുള്ള വീഴ്ചകൾ എല്ലാം ക്ഷമിച്ച് ഇതിനെ അവിടുന്നു സ്വീകരിക്കണം" എന്നു പറഞ്ഞു.
ഗുരു: ഞാൻനിങ്ങൾക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടില്ലല്ലോ. മരിച്ചവരെ ജീവിപ്പിക്കുന്നതായ ഈ വിദ്യ നിങ്ങൾ എനിക്കുപദേശിച്ചു തരണമെന്നു ഞാൻഅപേക്ഷിക്കുന്നു.
കൊച്ചുരാമവൈദ്യൻ: എനിക്കവിടുന്നുപദേശിച്ചുതന്നിട്ടുള്ള മന്ത്രമല്ലാതെ വേറെ യാതൊരു വിദ്യയുമില്ല. അതുകൊണ്ടാണ് ഞാൻ ഇതെല്ലാം സാധിക്കുന്നത്.
ഗുരു: ഏതു മന്ത്രം?
കൊച്ചുരാമവൈദ്യൻ: (ഗുരുവിന്റെ ചെവിയിൽ സ്വകാര്യമായിട്ട്) "വിഡ്ഢി കുശ്മാണ്ഡം" എന്ന മന്ത്രം തന്നെ.
ഇതു കേട്ടപ്പോൾ ഗുരുവിനു വളരെ അത്ഭുതമുണ്ടാവുകയും ഗുരുത്വവും ഭക്തിയും വിശ്വാസവുംതന്നെയാണ് പ്രധാനമായി വേണ്ടതെന്നും അവയുണ്ടായാൽ സകലതും സിദ്ധമാകുമെന്നും ബോധം വരികയും ചെയ്തു.

ഐതിഹ്യമാല/പാതായിക്കരെ നമ്പൂരിമാർ

ഐതിഹ്യമാല/പാതായിക്കരെ നമ്പൂരിമാർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാതായിക്കരെ നമ്പൂരിമാർ

പാതായിക്കര എന്ന ഇല്ലം അങ്ങാടിപ്പുറം ദേശത്താണ്. ഈ ഇല്ലത്ത് ഒരു കാലത്ത് അതിശക്തന്മാരും ജ്യേഷ്ഠാനുജന്മാരുമായി രണ്ടു നമ്പൂരിമാരുമുണ്ടായിരുന്നു. ഇവർക്കു പ്രതിദിനം രണ്ടുനേരവും ഭക്ഷണത്തിന് ഓരോ പന്തിരുനാഴി (പന്ത്രണ്ടേകാലിടങ്ങഴി അരി) വീതമായിരുന്നു പതിവ്. ഇവർ കൂട്ടാനും മോരും കൂട്ടി ഊണു കഴിക്കുക പതിവില്ലായിരുന്നു. അതിനു പകരം തേങ്ങാപ്പാലാണ് അവർ കൂട്ടിവന്നത്. ജ്യേഷ്​ഠനും അനുജനും പന്ത്രണ്ടേകാൽ വീതവും ജ്യേഷ്ഠന്റെ അന്തർജനത്തിനു മുന്നാഴിയും ഇങ്ങനെ ഇരുപത്തഞ്ചേകാലിടങ്ങഴി അരി ആ അന്തർജനം വെച്ചുവാർത്ത് അതിൽനിന്നു തനിക്കുള്ള മുന്നാഴിയരിയുടെ ചോറെടുത്തു കൊണ്ടു ശേ‌ഷമുള്ളത് പപ്പാതി രണ്ടുപേർക്കും വിളമ്പികൊടുക്കയും രണ്ടുപേരുടേയും ഇടതുവശത്തു പൊളിക്കാത്ത പന്ത്രണ്ടു തേങ്ങാവീതം കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്യും. നമ്പൂരിമാർ വന്നിരുന്ന് ഇടത്തു കൈകൊണ്ട് ഓരോ തേങ്ങാ എടുത്തു പിഴിഞ്ഞുകൂട്ടി ഊണുകഴിക്കും. ആ ചോറവസാനിക്കുമ്പോൾ നാളികേരവും തീർന്നിരിക്കും. അന്തർജനത്തിന്റെ ഊണും അങ്ങനെതന്നെ. അവർക്കു ചോറു കുറവാകയാൽ പിഴിഞ്ഞു കൂട്ടാൻ ഒരു നാളികേരമേ പതിവുള്ളു. അവരും ആ ഒരു തേങ്ങാ പൊളിക്കാതെതന്നെ ഇടത്തുകൈകൊണ്ടു പിഴിഞ്ഞു കൂട്ടിയുണ്ണുകയാണ് പതിവ്.
ഒരു ദിവസം ആ ഇല്ലത്തു പതിവുപോലെ അരിവെപ്പു കഴിഞ്ഞു നമ്പൂരിമാർ ഉണ്ണാനിരിക്കാൻ ഭാവിച്ചപ്പോൾ സമീപസ്ഥനും ചാർച്ചക്കാരനുമായ ഒരു നമ്പൂരി ഓടിവന്ന് ഈ നമ്പൂരിമാരോട് "ഇന്നു നമ്മുടെ ജന്മനക്ഷത്രമാണ്. നിങ്ങൾ രണ്ടുപേരും ഭക്ഷണത്തിന് ഇല്ലത്തേക്കു വരണം. ഇന്നലെ തന്നെ ഇവിടെ ക്ഷണിക്കണമെന്നും മഹനോടു പറഞ്ഞിരുന്നു. ഇതുവരെ നിങ്ങളെ കാണായ്കയാൽ ഇപ്പോൾ മഹാനെ വിളിച്ചു ഞാൻചോദിച്ചപ്പോൾ ഇവിടെ പറയാൻ അന്ധാളിച്ചുപോയെന്ന് അയാൾ പറഞ്ഞു. എന്നാൽ കാര്യം തെറ്റിയല്ലോ എന്നു വിചാരിച്ചു ഞാൻ പരിഭ്രമിച്ചു വരികയായിരുന്നു. ഈ സമയത്തു വല്ലവരെയും പറഞ്ഞയച്ചാൽ നിങ്ങൾ അമാന്തിച്ചെങ്കിലോ എന്നു വിചാരിച്ചാണ് ഞാൻതന്നെ ഓടിവന്നത്. അതിനാൽ നമുക്കു വേഗത്തിൽ പോകാം. അവിടെ എല്ലാം കാലമായിരിക്കുന്നു. ഇലവയ്ക്കാൻ ഇനി നമ്മൾ ചെല്ലാത്ത താമസമേ ഉള്ളൂ" എന്നു പറഞ്ഞു. ചാർച്ചക്കാരന്റെ ഈ ക്ഷണം സ്വീകരിക്കാതിരിക്കുന്നതു ലൗകികത്തിനു പോരാത്തതാണല്ലോ എന്നു വിചാരിച്ചു നമ്പൂരിമാർ രണ്ടുപേരും അദ്ദേഹത്തോടുകൂടി സദ്യയ്ക്കു പോയി. ഈ വെച്ചുണ്ടാക്കിയ ചോറു വൈകുന്നേരത്തേക്കിരുന്നാൽ ആറിത്തണുത്തു പോകുമല്ലോ എന്നു വിചാരിച്ചു അന്തർജനം ആ രണ്ടു പന്തിരുനാഴിയും തനിക്കു പതിവുള്ള മുന്നാഴിയും കൂടി ഊണുകഴിക്കുകയും ചെയ്തു. സന്ധ്യ കഴിഞ്ഞപ്പോൾ നമ്പൂരിമാർ പതിവുപോലെ അത്താഴത്തിനു വന്നിരുന്നു. അത്താഴത്തിന് ആറിത്തണുത്ത ചോറായിരിക്കുമെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ നല്ല ചൂടുള്ള ചോറാണ് അവിടെ വിളമ്പിയിരുന്നത്. അതു കണ്ടിട്ടു മൂസ്സാമ്പൂരി "കാലത്തെ ചോറ് എന്തു ചെയ്തു" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "അത് ആറിത്തണുത്തു ചീത്തയാകുമല്ലോ എന്നു വിചാരിച്ചു ഞാനുണ്ടു" എന്നു പറഞ്ഞു. അതു കെട്ടു മൂസ്സാമ്പൂരി "അതുവ്വോ? എന്നാൽ നല്ല ശിക്ഷയായി. ഒട്ടും തരക്കേടില്ല. നാളെമുതൽ ഓരോ പന്തിരുനാഴി കൂടി വെച്ചോളൂ" എന്നു പറഞ്ഞു. പിറ്റേ ദിവസം മുതൽ രണ്ടുനേരവും മുമ്മൂന്നു പന്തിരുനാഴി പതിവാക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം ഈ നമ്പൂരിമാർക്ക് ഒരിടത്ത് ഒരു സദ്യയ്ക്കു ചെല്ലുന്നതിനു ക്ഷണം വന്നു. സദ്യയ്ക്കു പോകാറായപ്പോൾ മൂസ്സാമ്പൂരി അവിടെ നാലുകെട്ടിന്റെ നടുമുറ്റത്തു കിടന്നിരുന്ന ആട്ടുകല്ലെടുത്ത് അങ്കണത്തിന്റെ ഉത്തരത്തിൻമേൽ വെച്ചിട്ടാണു പോയത്. അന്നു കറുത്തവാവായിരുന്നു. വാവിൻനാൾ അവിടെ ആർക്കും അത്താഴം പതിവില്ല. എല്ലാവർക്കും വൈകുന്നേരം പലഹാരമാണ് പതിവ്. പലഹാരത്തിന് അരിയുടെ കണക്കു പഴയതുപോലെതന്നെ. മൂന്നു പേർക്കും കൂടി മുപ്പത്താറേമുക്കാലിടങ്ങഴിയരി ആ അന്തർജനം തന്നെയാണ് ആ ആട്ടുകല്ലിലരച്ചു പലഹാരമുണ്ടാക്കുക പതിവ്. ആ ആട്ടു കല്ലിൽ പന്ത്രണ്ടേകാലിടങ്ങഴി അരിയിട്ടരയ്ക്കായിരുന്നുവെന്നു പറഞ്ഞാൽ അതിന്റെ വലിപ്പം ഏകദേശം ഊഹിക്കാമല്ലോ. ആ കല്ലെടുത്തുത്തരത്തിന്മേൽ വെച്ചാൽ അന്തർജനം എന്തുചെയ്യുമെന്നറിയാമല്ലോ എന്നു വിചാരിച്ചു മൂസ്സാമ്പൂരി തന്റെ ധർമപത്നിയുടെ ബലം പരീക്ഷിക്കാനാണ് അങ്ങനെ ചെയ്തത്. അരി അരയ്ക്കാറായപ്പോൾ അന്തർജനം പതിവുപോലെ അരിയും കൊണ്ടു നടുമുറ്റത്തു ചെന്നു. അപ്പോൾ ആട്ടുകല്ല് അവിടെക്കാണായ്കയാൽ അവർ "ഇതാരുകൊണ്ടുപോയി?" എന്നു വിചാരിച്ച് അവിടെയൊക്കെ നോക്കിത്തുടങ്ങി. അങ്ങനെ നോക്കിച്ചെന്നപ്പോൾ കല്ല് ഉത്തരത്തിലിരിക്കുന്നതായി കണ്ടു. "ഇതെടുത്തിവിടെ വെച്ചതാരാണ്? മറ്റാരുമായിരിക്കില്ല. അവരിൽ ജ്യേഷ്ഠനോ അനുജനോ ആയിരിക്കണം. എന്തിനാണാവോ? എന്തിനെങ്കിലുമാവട്ടെ. അരി അരയ്ക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ" എന്നിങ്ങനെ വിചാരിച്ച് ആ അന്തർജനം ആ ആട്ടുകല്ലെടുത്തു താഴെവെച്ച് അരിയരയക്കുകയും യഥാപൂർവം മുകളിൽ വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ സന്ധ്യാവന്ദനാദികൾ കഴിഞ്ഞു വന്നപ്പോൾ പലഹാരം വിളമ്പിയിരിക്കുന്നതു കണ്ടു മൂസ്സാമ്പൂരി "ഇന്നരിയരച്ചതെങ്ങനെയാണ്?" എന്നു ചോദിച്ചു. അപ്പോൾ അന്തർജനം "ആട്ടുകല്ലെടുത്തു തന്നെയാണ്. അത് അവിടെത്തന്നെ വെച്ചിട്ടുണ്ട്. എന്നാൽ പോരേ?" എന്നു ചോദിച്ചു. ഇതു കേട്ടു മൂസ്സാമ്പൂരി "എന്നാൽ മതി" എന്നു പറയുകയും തന്റെ സഹധർമമിണി തനിക്കനുരൂപതന്നെ എന്നു വിചാരിക്കുകയും ചെയ്തു.
ഒരിക്കൽ പാതായിക്കരയില്ലത്തു കോഴിക്കോട്ടുകാരൻ ഒരു നമ്പൂരി വന്നിരുന്നു. അദ്ദേഹം വലിയ ശക്തിമാനും അഭ്യാസിയുമായിരുന്നു. അദ്ദേഹത്തെപ്പോലെ ശക്തിയുണ്ടായിട്ടു ഭൂലോകത്തിലാരുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെയും ആ നാട്ടു(കോഴിക്കോട്ടു)കാരുടെയും വിശ്വാസം. അദ്ദേഹം ദിവസംപ്രതി രണ്ടുനേരവും നാലിടങ്ങഴിയരിയുടെ ചോറുവീതമുണ്ണുമായിരുന്നു. പാതായിക്കര നമ്പൂരിമാരുടെ സ്ഥിതി വിചാരിച്ചാൽ ഇതിലത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും ഇതു സാധാരണമല്ലല്ലോ. അതിനാൽ അദ്ദേഹവും ആ നാട്ടുകാരും അപ്രകാരം വിശ്വസിച്ചിരുന്നത് ഒരു തെറ്റായി വിചാരിക്കാനില്ല. ഈ നമ്പൂരി പാതായിക്കര നമ്പൂരിമാരെക്കുറിച്ചു കേട്ടിട്ട് അവരുടെ ബലമൊന്നു പരീക്ഷിച്ചറിയണമെന്നും നിവൃത്തിയുണ്ടെങ്കിൽ അവരെ ജയിക്കണമെന്നും വിചാരിച്ചാണ് വന്നത്. അദ്ദേഹം വന്ന സമയം പാതായിക്കര നമ്പൂരിമാർ ഇല്ലത്തുണ്ടായിരുന്നില്ല. അവർ എവിടെയോ ഒരു സദ്യയ്ക്കു പോയിരിക്കുകയാണെന്നും വൈകുന്നേരം മടങ്ങിവരുമെന്നുമറിയുകയാൽ കോഴിക്കോട്ടുകാരൻ നമ്പൂരി, താൻ ആ നമ്പൂരിമാരെക്കാണാനായിട്ടാണ് വന്നിരിക്കുന്നതെന്നും അവർ വന്നു കണ്ടല്ലാതെ പോകുന്നില്ലെന്നും തനിക്കു ഭക്ഷണം കഴിക്കണമെന്നും തനിക്ക് ഒരു നേരത്തേക്കു നാലിടങ്ങഴിയരിയുടെ ചോറാണ് പതിവെന്നും വൃ‌ഷലി മുഖാന്തരം അറിയിച്ചു. "ആട്ടെ, അതിനു വിരോധമില്ല. കുളി കഴിഞ്ഞു വരുമ്പോൾ ചോറു കൊടുക്കാം" എന്ന് അന്തർജനത്തിന്റെ മറുപടി കെട്ടു നമ്പൂരി കുളിക്കാൻ പോയി. അദ്ദേഹം കുളിയും തേവാരവുമൊക്കെ കഴിഞ്ഞു വന്നപ്പോൾ നാലുകെട്ടിൽ നാലിടങ്ങഴിയരിയുടെ ചോറുവിളമ്പി, ഒരു കിണ്ടി വെള്ളവും ഒരു പലകയും പൊളിക്കാത്ത നാലു നാളികേരവും അതിനടുക്കൽ വെച്ചു വടക്കനിയിലേക്കു കടന്നു. നാലുകെട്ടിലേക്കുളള വാതിൽ ചാരിക്കൊണ്ട് "ഇനികടന്നിരുന്നോളാൻ പറ" എന്നു വൃ‌ഷലിയോടെന്ന ഭാവത്തിൽ പറഞ്ഞു. ഇതുകേട്ടു കോഴിക്കോട്ടുകാരൻ നമ്പൂരി നാലുകെട്ടിൽ കടന്ന് ഉണ്ണാനിരുന്നു. അവിടെകൂട്ടാനും മോരുമൊന്നും കാണായ്കയാൽ അദ്ദേഹം "കൂട്ടാനും മോരുമൊന്നുമില്ലായിരിക്കുമോ?" എന്ന് ആരോടുമല്ലാത്ത വിധത്തിൽ ചോദിച്ചു. അതിനു മറുപടിയായി അന്തർജനം "ഇവിടെ അതൊന്നും പതിവില്ല. ഇവിടെ എല്ലാവരും തേങ്ങാപ്പാൽ കൂട്ടിയാണ് ഈണു കഴിക്കുക പതിവ്. നാളികേരം അവിടെ വെച്ചിട്ടുണ്ടെന്ന് പറഞ്ഞേക്ക്" എന്നു വൃ‌ഷലിയോടായിട്ടെന്നവിധത്തിൽ പറഞ്ഞു. അതു കേട്ടു നമ്പൂരി "നാളികേരം പിഴിയാതെ പാലുകൂട്ടിയുണ്ണുന്നത്?" എന്ന് ആത്മഗതംപോലെ പറഞ്ഞു. അപ്പോൾ അന്തർജനം വടക്കിനിയുടെ വാതിൽ സ്വല്പം തുറന്ന് ഒരു പാത്രവുമെടുത്തു നാലുകെട്ടിലേക്ക് വെച്ചിട്ടു വേറെ നാലു നാളികേരവുമെടുത്തു കൊണ്ടുവന്നു രണ്ടു കയ്യിലും ഓരോന്നു വാതിൽപ്പിറകിനു മറഞ്ഞുനിന്നുകൊണ്ടു കൈനീട്ടി രണ്ടു പ്രാവശ്യമായി ആ പാത്രത്തിലേക്കു മാമ്പഴം പിഴിയുന്നതുപോലെ പിഴിഞ്ഞുകൊടുത്തു. അതു കണ്ടു കോഴിക്കോട്ടുകാരൻ നമ്പൂരിക്കു വളരെ വിസ്മയവും ഭയവും ഉണ്ടായി. പൊളിക്കാത്ത തേങ്ങായെടുത്ത് ഈ അന്തർജനം പിഴിഞ്ഞിട്ട് അതിന്റെ ചിരട്ടയും ചകിരിയും പഞ്ഞി പൊലെയാവുകയും പാൽ മുഴുവൻ പുറത്തുവരികയും ചെയ്തു. ഈ സ്ഥിതിക്ക് ആ നമ്പൂരിമാർ എത്രമാത്രം ശക്തന്മാരായിരിക്കും. ഞാനവരെ ജയിക്കാൻ ശക്തനല്ല. തീർച്ചതന്നെ. ക്ഷണത്തിൽ ഇവിടെനിന്നു പോകണം. അതാണ് നല്ലത് എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം ഒരുവിധം ഊണുകഴിച്ചുവെന്നു വരുത്തി, അവിടെനിന്നു പോവുകയും ചെയ്തു. പാതായിക്കര നമ്പൂരിമാരുടെ ഇല്ലത്തിന് സമീപം ഒരു ക്ഷേത്രം ഉണ്ട്. അവിടെ നമ്പൂരിമാർ എല്ലാ ദിവസവും രാവിലെ ചെന്നു തൊഴുതു പോരുക പതിവായിരുന്നു. ആ പതിവിൻ പ്രകാരം മൂസ്സാമ്പൂരി നേരത്തെ കുളിച്ചു തേവാരവും കഴിഞ്ഞു തൊഴാൻ പോയി. പാതായിക്കരയില്ലത്തുനിന്നിറങ്ങിയാൽ അമ്പലത്തിൽ ചെല്ലുന്നതിനിടയ്ക്കു കുറേയിട ഒരിടവഴിയാണ്. ഇളയ നമ്പൂരി ആ ഇടവഴിയിലെത്തിയപ്പോൾ ആ വഴിയിൽക്കൂടി ഒരു വലിയ ആന വരുന്നുണ്ടായിരുന്നു. അന്നു ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ശീവേലി കഴിഞ്ഞ് അതിനെ തളയ്ക്കാൻ കൊണ്ടുപോവുകയായിരുന്നു. ആ ആനയുടെ പിന്നാലെയായിട്ടു മൂസ്സാമ്പൂരിയും വരുന്നുണ്ടായിരുന്നു. എങ്കിലും വഴിയുടെ വിസ്താരക്കുറവും ആനയുടെ ദേഹപുഷ്ടിയും നിമിത്തം നമ്പൂരിമാർക്കു പരസ്പരം കാണാൻ പാടില്ലായിരുന്നു. അതിനാൽ ആനയുടെ മുൻവശത്ത് അനുജനെത്തീട്ടുണ്ടെന്നു ജ്യേഷ്ഠനും പിൻവശത്തു ജ്യേഷ്ഠനെത്തീട്ടുണ്ടെന്ന് അനുജനും അറിഞ്ഞില്ല. പാതായിക്കര നമ്പൂരിമാർ എവിടെപ്പോകുമ്പോഴും ആരുവന്നാലും വഴിമാറിക്കൊടുക്കുക പതിവില്ല. ആനയെ തിരിച്ചുകൊണ്ടുപോകുവാൻ തക്കവണ്ണം വഴിക്കു വിസ്താരമില്ല. "പിന്നോക്കം നടത്തിക്കൊണ്ടുപോ" എന്ന് ആനക്കാരനോട് പറഞ്ഞു കൊണ്ട് അനുജൻ നമ്പൂരി ആനയുടെ മസ്തകത്തിൽപ്പിടിച്ചു പുറകോട്ടു തള്ളി. അപ്പോൾ ആന പുറകോട്ടു മാറി. അതുകണ്ടു മൂസ്സാമ്പൂരി "മുമ്പോട്ടു കൊണ്ടുപോ" എന്നു പറഞ്ഞുകൊണ്ട് ആനയുടെ പിൻവശത്തു പിടിച്ചു മുമ്പോട്ടു തള്ളി. അനുജൻനമ്പൂരി മുൻവശത്തു തള്ളിപ്പിടിച്ചിരുന്നതിനാൽ മൂസ്സാമ്പൂരി തള്ളീട്ട് ആന മുമ്പോട്ടു പൊയില്ല. അപ്പോൾ സംശയം തോന്നുകയാൽ മൂസ്സാമ്പൂരി "മുൻവശത്താരാണ് അനുജനുണ്ടോ?" ഇളയനമ്പൂരി "ഉണ്ട്" എന്നു പറഞ്ഞു. അപ്പോൾ മൂസ്സാമ്പൂരി "എന്നാൽ പിടിച്ചോളൂ" എന്നു പറഞ്ഞു ശക്തിയോടുകൂടി മുമ്പോട്ടു തള്ളിപ്പിടിച്ചു. അനുജൻനമ്പൂരി പിറകോട്ടും തള്ളിപ്പിടിച്ചു. അപ്പോൾ ആന ആകപ്പാടെ ഒന്നു ഞെരിഞ്ഞു. ആ സമയം അവർ രണ്ടുപേരും ഒരുപോലെ ഞെക്കിപ്പിടിച്ച് ആ ആനയെ മേല്പോട്ടു പൊക്കി ഒരുവശത്തുള്ള കയ്യാലയുടെ മുകളിൽക്കൂടി കയ്യാലപ്പുറത്തേക്കു മറിച്ചിട്ടിട്ടു രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുകയും ചെയ്തു.
ഇങ്ങനെ പാതായിക്കര നമ്പൂരിമാരുടെ അത്ഭുതകർമ്മങ്ങൾ പറഞ്ഞാൽ വളരെയുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ അവരുടെ ശക്തി എത്രമാത്രമാണെന്നുള്ളത് ഊഹിക്കാവുന്നതാകയാൽ അധികം വിസ്തരിക്കുന്നില്ല.

ഐതിഹ്യമാല പ്രഭാകരകവി

ഐതിഹ്യമാല/പ്രഭാകരൻ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പ്രഭാകരൻ

ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ കർത്താവായ പ്രഭാകരകവിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ സംസ്കൃതഭാ‌ഷാപരിജ്ഞാനം അല്പമെങ്കിലും സിദ്ധിച്ചിട്ടുള്ളവരിൽ ആരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. പ്രഭാകര കവിക്ക് "സുകുമാരൻ" എന്നൊരു പേരുകൂടി നടപ്പുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ രണ്ടു പേരുകളുണ്ടാവാനുള്ള കാരണമെന്താണെന്നു നിശ്ചയമില്ല. ഇദ്ദേഹം ജാതിയിൽ ബ്രാഹ്​മണനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
പ്രഭാകരൻ അത്യന്തം ബുദ്ധിമാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധയുള്ള ആളുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗുരുനാഥന് അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ സീമാതീതമായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. എങ്കിലും ഗുരുനാഥൻ സദാനേരവും പ്രഭാകരനെ അതികഠിനമായി അടിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രഭാകരന്റെ സഹപാഠികളായിട്ടു വേറെയും പല ബാലൻമാരുണ്ടായിരുന്നു. അവർക്കാർക്കും പ്രഭാകരനോളം ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയുമുണ്ടാ യിരുന്നില്ല. എന്നാലും അവരെ ആരെയും ഗുരുനാഥൻ ഇതുപോലെ അടിക്കുകയും ശകാരിക്കുകയും പതിവില്ല. അവർക്കൊക്കെ ഗുരുനാഥൻ ഒരു ശ്ളോകത്തിന്റെയോ ഒരു പദത്തിന്റെയോ അർത്ഥം നൂറു പ്രാവശ്യം വേണമെങ്കിലും പറഞ്ഞുകൊടുക്കും. പ്രഭാകരൻ പഠിക്കുന്നതിന്റെ അർത്ഥമെല്ലാം തന്നെത്താൻ വിചാരിച്ചു പറയണം. അഥവാ ഗുരുനാഥൻ പറഞ്ഞു കൊടുക്കുകയാണെങ്കിലും ഒരു പ്രാവശ്യമല്ലാതെ പതിവില്ല. അതികഠിന മായ ഒരു ശ്ലോകത്തിന്റെ ഭാവാർഥം പോലും ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താൽ പ്രഭാകരൻ മനസ്സിലാക്കിക്കൊള്ളും. പിന്നെ അതൊരിക്കലും മറക്കുകയുമില്ല. എങ്കിലും പ്രഭാകരൻ ശുദ്ധമേ വിഡ്​ഡിയാണെന്നും പഠിത്തത്തിൽ ജാഗ്രത വളരെക്കുറവാണെന്നുമല്ലാതെ ഗുരുനാഥൻ ഒരിക്കലും പറയുക പതിവില്ല. സദാനേരവും കോപഭാവമല്ലാതെ ആ ഗുരുനാഥൻ പ്രഭാകരന്റെ നേരേ സന്തോ‌ഷഭാവം ഒരിക്കലും പ്രകടിപ്പി ക്കാറില്ല. ഗുരുനാഥന്റെ ഈ ക്രൂരതയെക്കുറിച്ച് പ്രഭാകരനും വളരെ മനസ്താപമുണ്ടായി. എങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാതെ വിനയാദരഭക്തിപുരസ്സരം പഠിച്ചുംകൊണ്ടിരുന്നു. കാലക്രമേണ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളിലും വേദശാസ്ത്രപുരാണേതിഹാസങ്ങളിലും അനിതരസാധാരണമായ പാണ്ഡിത്യത്തെ സമ്പാദിച്ചു. എങ്കിലും വിദ്യാഭ്യാസം മതിയാക്കുന്നതിന് അദ്ദേഹത്തിനും ഗുരുനാഥനും മനസ്സാ യില്ല. അതിനാൽ അദ്ദേഹം വീണ്ടും ഓരോവക ശാസ്ത്രങ്ങൾ സശ്രദ്ധം പഠിച്ചുകൊണ്ടും ഗുരുനാഥൻ പഠിപ്പിച്ചുകൊണ്ടുമിരുന്നു. അങ്ങനെ പ്രഭാകരൻ ഒരു നല്ല വിദ്വാനും യൗവനയുക്തനുമായിത്തീർന്നു. പിന്നെയും പ്രഭാകരന്റെ പഠിത്തത്തിനും ഗുരുനാഥന്റെ ശകാരത്തിനും അടിക്കും യാതൊരു കുറവും വന്നില്ല. പ്രഭാകരന്റെ പഠിത്തവും പ്രായവും വർദ്ധിക്കുന്തോറും ഗുരുനാഥന്റെ അടിയും ശകാരവും വർദ്ധിച്ചുവന്നു.
ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ എന്തോ ഒരു സംശയം വരികയാൽ അതെങ്ങനെയാണെന്നു ഗുരുനാഥനോടു ചോദിച്ചു. ഗുരുനാഥൻ "എടാ ഏഭ്യാ! ഇനിയും നിനക്ക് അതറിയാറായില്ലേ?" എന്നു ചോദിച്ചുകൊണ്ടു പ്രഹരിക്കാൻ തുടങ്ങി. അടികൊണ്ടു തുടപൊട്ടി രക്തം പ്രവഹിച്ചുതുടങ്ങി. പിന്നെയും ഗുരുനാഥൻ അടി മതിയാക്കാനുള്ള ഭാവമില്ല. ഒടുക്കം സഹിക്കവയ്യാതായപ്പോൾ പ്രഭാകരൻ ഓടിയൊളിച്ചു. അന്നു പ്രഭാകരനു സാമാന്യത്തിലധികം വേദനയും മനസ്താപവുമൊക്കെയുണ്ടായി. അതിനാൽ ഏതുവിധവും ഗുരുനാഥന്റെ കഥ ഇന്നു കഴിക്കണം. ഇനി ഈ ദുഷ്ടൻ ജീവിച്ചിരുന്നിട്ട് ഇങ്ങനെ ഒരുത്തനെ അടിക്കരുത് എന്നു നിശ്ചയിച്ചു. ഗുരുനാഥൻ സന്ധ്യാവന്ദനത്തിനു പോയ തരത്തിനു പ്രഭാകരൻ ഒരു വലിയ കരിങ്കല്ലു വലിച്ചെടുത്തുംകൊണ്ട് ഗുരുനാഥന്റെ തട്ടിൻപുറത്തു കേറിയിരുന്നു. ഗുരുനാഥൻ വന്നു കിടന്ന് ഉറക്കമാകുന്ന സമയം തട്ടിന്റെ പലകയിളക്കിമാറ്റി, കരിങ്കല്ല് ഗുരുനാഥന്റെ മാറത്തിട്ട് കൊല്ലണമെന്നായിരുന്നു പ്രഭാകരന്റെ വിചാരം.
ഗുരുനാഥൻ സന്ധ്യാവന്ദനാദിനിയമങ്ങളെല്ലാം കഴിഞ്ഞു ഗൃഹത്തിൽ വന്നപ്പോഴേക്കും അത്താഴത്തിന് കാലമായിരുന്നു. എങ്കിലും അദ്ദേഹം "എനിക്കിന്നു നല്ല സുഖമില്ല. അതുകൊണ്ട് അത്താഴം വേണമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞിട്ടു ശയനഗൃഹത്തിലേക്കു പോയി. അവിടെച്ചെന്ന ഉടനെ കട്ടിലിൽക്കേറി അത്യന്തം വിചാരമഗ്നനെന്നതു പോലെ കിടപ്പുമായി. ഗുരുനാഥൻ അത്താഴമുണ്ണാഞ്ഞതുകൊണ്ടു ഗുരുപത്നിയും ഉണ്ടില്ല. ഗുരു ശയനഗൃഹത്തിൽ ഉറങ്ങാതെ കിടക്കുന്നതു കണ്ടിട്ട് പത്നി "ഇന്നെന്താണ് അവിടേക്ക് ഒരു വലിയ മനോവിചാരമുള്ളതുപോലെയിരിക്കുന്നത്? അത്താഴവുമണ്ടില്ലല്ലോ. സുഖമില്ലെന്നു പറഞ്ഞതെന്താണ്?" എന്നു ചോദിച്ചു.
ഗുരുനാഥൻ: എനിക്കു വിശേ‌ഷിച്ചു സുഖക്കേടൊന്നുമില്ല. ഞാനിന്നു നമ്മുടെ പ്രഭാകരനെ സാമാന്യത്തിലധികം അടിച്ചു. അപ്പോൾ ദേ‌ഷ്യം കൊണ്ട് അടിച്ചുപോയി. പിന്നെ അതു വിചാരിച്ചിട്ട് എനിക്കു വളരെ വ്യസനമുണ്ടായി. ആ വ്യസനം ഇപ്പോഴും എന്റെ മനസ്സിൽനിന്നു പോകുന്നില്ല. ഞാനെത്ര അടിച്ചാലും അവൻ അതെല്ലാം കൊണ്ടുംകൊണ്ട് ഇരിക്കുകയാണ് പതിവ്. ഇന്ന് അവൻ എണീറ്റ് ഓടിപ്പൊയ്ക്കളഞ്ഞു. സഹിക്കവയ്യാതെ വേദനയുണ്ടായതുകൊണ്ടാണ് അവൻ പോയത്. എന്റെ ക്രൂരതയെക്കുറിച്ചു വിചാരിച്ചിട്ട് എന്റെ ഹൃദയം പൊടിയുന്നു. അതുകൊണ്ടാണ് ഞാൻഅത്താഴമുണ്ണാത്തത്. ഇന്ന് എനിക്ക് മനസ്സിന്റെ അസ്വാസ്ഥ്യം തീരുകയില്ല.
ഗുരുപത്നി: ഇതു വലിയ കഷ്ടംതന്നെയാണ്. ഇതിനെക്കുറിച്ച് പറയണമെന്നു ഞാൻപലപ്പോഴും വിചാരിക്കാറുണ്ട്. ഞാൻപറഞ്ഞാൽ അവിടേക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചാണ് ക്ഷമിക്കുന്നത്. പ്രഭാകരനെപ്പോലെ ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയും ഗ്രഹണശക്തിയും ധാരണാശക്തിയും സൗശീല്യാദി ഗുണങ്ങളുമുണ്ടായിട്ട് ഇവിടെ പഠിക്കുന്ന കുട്ടികളിലെന്നല്ല ലോകത്തിൽത്തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ഇവിടെ അവനെ അടിക്കയും ശകാരിക്കയും ചെയ്യുന്നതുപോലെ മറ്റാരെയുമില്ലതാനും. അവന്റെ ശരീരം കണ്ടാൽ പ്രഭാകരൻ എന്നും സുകുമാരൻ എന്നുമുള്ള നാമങ്ങൾ യഥാർത്ഥങ്ങളാണെന്ന് ഏവരും സമ്മതിക്കും. ഇപ്രകാരം ആകൃതിക്കും പ്രകൃതിക്കും ഒന്നുപോലെ ഗുണം തികഞ്ഞിരിക്കുന്ന ഒരു ബാലനോട് ഇപ്രകാരം കഠിനത പ്രവർത്തിക്കാമെന്ന് ഇവിടേക്കു തോന്നുന്നതെന്തു കൊണ്ടാ? കുട്ടികൾക്കു യവൗനാരംഭമായാൽ പിന്നെ അവരെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നതു യുക്തമല്ല. അന്യന്റെ കുട്ടിയായാൽ പിന്നെ പറയാനുമില്ലല്ലോ.
ഗുരുനാഥൻ: ഭവതി പറഞ്ഞതൊക്കെ വാസ്തവമാണ്. എന്നാൽ എന്റെ പ്രഭാകരനെ ഒരന്യബാലനായി ഞാൻവിചാരിച്ചിട്ടില്ല. അവന് എത്ര പ്രായമായാലും എനിക്കവൻ എന്നും കുട്ടിതന്നെ. അവന്റെ ഗുണഗണങ്ങളൊന്നും എനിക്ക് അറിഞ്ഞുകൂടായ്കയുമില്ല. എനിക്ക് അവനെക്കുറിച്ച് സ്നേഹവും വാത്സല്യവും ഇല്ലായ്കയുമില്ല. എനിക്ക് അവനെക്കുറിച്ചു നമ്മുടെ സീമന്തപുത്രനിലുള്ളധിലധികം സ്നേഹവും വാത്സല്യ വുമുണ്ട്. എന്നാൽ അതൊന്നും ഞാൻപുറത്തു കാണിക്കാത്തത് അവൻ ബുദ്ധിമാനും സമർഥനുമാണെന്നു ഞാൻവിചാരിക്കുന്നു എന്ന് അവനറിഞ്ഞാൽ അവൻ അഹങ്കാരിയായിപ്പോവും. തന്നിമിത്തം പഠിത്തത്തിൽ ജാഗ്രത കുറഞ്ഞുപോയിയെങ്കിലോ എന്നു വിചാരിച്ചുമാത്രമാണ് ഞാൻ അവനോടു സ്നേഹഭാവം കാണിക്കാതെ ഇരിക്കുന്നത്. അല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. ഞാൻശാസിക്കുന്നതിന്റെ ഗുണം ഒടുക്കം അവനിൽ കാണാറാകും. എന്റെ പ്രഭാകരൻ ലോകൈകവിദ്വാനായിത്തീരുമെന്നു ള്ളതിനു സംശയമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നു ഞാൻ പ്രവർത്തിച്ചതു വലിയ സാഹസമായിപ്പോയിതാനും. ഇനി ഞാൻ ഒരിക്കലും അവനെ ഇങ്ങനെ വേദനപ്പെടുത്തുകയില്ല. നിശ്ചയംതന്നെ. കഷ്ടം! എന്റെ പ്രഭാകരൻ ഇന്നനുഭവിച്ച വേദനയെക്കുറിച്ചു വിചാരിച്ചിട്ടു എന്റെ ഹൃദയം പൊടിയുന്നു.
ഇപ്രകാരം ഗുരുവും പത്നിയും കൂടിയുള്ള സംഭാ‌ഷണം കേട്ടപ്പോൾ പ്രഭാകരനു ഗുരുനാഥനെക്കുറിച്ചുണ്ടായ വൈരം മുഴുവനും പോയി എന്നു മാത്രമല്ല അത്യന്തം ഭക്തിയും ബഹുമാനവും വർദ്ധിക്കുകയും താൻ പ്രവർത്തിക്കാൻ വിചാരിച്ച കഠിനപ്രവൃത്തിയെക്കുറിച്ചു വളരെ പശ്ചാത്താപം ജനിക്കുകയും ചെയ്തു. "കഷ്ടം! എന്റെ പേരിൽ ഇത്രയും സ്നേഹവും വാത്സല്യവുമുള്ള ഗുരുനാഥനെ കൊല്ലണമെന്നു ഞാൻ വിചാരിച്ചുപോയല്ലോ. ഈശ്വരാ! ഈ മഹാപാപം ഇനി എന്തു ചെയ്താൽ തീരും" എന്നിങ്ങനെ വിചാരിച്ചു വ്യസനിച്ചു കരഞ്ഞും കൊണ്ടു പ്രഭാകരൻ താഴെ ഇറങ്ങിവന്നു ഗുരുനാഥന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഗുരുനാഥൻ "അയ്യോ ഇതെന്റെ പ്രഭാകരനല്ലേ" എന്നു പറഞ്ഞുകൊണ്ടു പെട്ടെന്നു കട്ടിലിൽ നിന്നെഴുന്നേറ്റു പ്രഭാകരന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു, പിടിച്ചെഴുന്നേൽപ്പിച്ചു ഗാഢമായി ആലിംഗനം ചെയ്തു. സന്താപംകൊണ്ടോ സന്തോ‌ഷംകൊണ്ടോ എന്തോ രണ്ടുപേരും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിശ്ചേഷ്ടൻമാരായി നിന്നതല്ലാതെ കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും മിണ്ടുന്നതിന് അവർക്കു ശക്തിയുണ്ടായില്ല. പിന്നെ കുറഞ്ഞോരുനേരം കഴിഞ്ഞതിന്റെ ശേ‌ഷം ഗുരുനാഥൻ "പ്രഭാകരൻ എന്റെ അടിയുടെ ദുസ്സഹത്വം കൊണ്ട് ഇവിടെ കേറി ഒളിച്ചിരിക്കുകയായിരുന്നു, അല്ലേ? നീ നന്നായിവരണമെന്നുള്ള ആഗ്രഹംകൊണ്ടും പ്രായാധിക്യം നിമിത്തം കോപത്തെ അടക്കുന്നതിന് എനിക്കു ശക്തി മതിയാകാതെ വന്നതുകൊണ്ടും ഞാൻനിന്നെ ക്രമത്തിലധികം തല്ലിപ്പോയതാണ്. നിനക്ക് എന്നോടിതുകൊണ്ടു പരിഭവമൊന്നും തോന്നരുത്. ഇനി ഞാനൊരിക്കലും നിന്നെ ഇങ്ങനെ ഉപദ്രവിക്കുകയില്ല." പ്രഭാകരൻ: അവിടുന്ന് ഇങ്ങനെ പറയുകയും ഇതിനെക്കുറിച്ച് ലേശംപോലും വ്യസനിക്കുകയും വേണ്ട. അവിടുന്ന് ഇനിയും എത്രയടിച്ചാലും ശകാരിച്ചാലും അതൊക്കെ അനുഭവിക്കുന്നത് എനിക്ക് സന്തോ‌ഷമാണ്. അടി കൊണ്ടു വേദന സഹിക്കവയ്യാതെ ആയപ്പോൾ എന്റെ മനസ്സിൽ കുറച്ചു വല്ലായ്കയുണ്ടായി. അതിനെക്കുറിച്ചുതന്നെ എനിക്കിപ്പോൾ വളരെ പശ്ചാത്താപമുണ്ട്. എന്റെ അറിവില്ലായ്മ കൊണ്ടും വേദനയുടെ ദുസ്സഹത്വംകൊണ്ടും ഗുരുനാഥനെ കൊല്ലണമെന്ന് എന്റെ ഹൃദയത്തിൽ തോന്നിപ്പോയി. അതിനായിട്ടാണ് ഞാൻ ഇവിടെക്കേറി ഒളിച്ചിരുന്നത്. ഈ ബാലചാപല്യത്തെ അവിടുന്നു കൃപാപൂർവം ക്ഷമിച്ച് എനിക്കു മാപ്പുതരുകയും ഈ ദുർവിചാരം നിമിത്തമുണ്ടായിട്ടുള്ള മഹാപാപം തീരുന്നതിനു ഞാനെന്തു ചെയ്താൽ മതിയാകുമെന്ന് അവിടുന്നെനിക്കു പറഞ്ഞുതരികയും വേണം.
ഗുരു: പശ്ചാത്താപത്തിനെക്കാൾ വലിയതായ പ്രായശ്ചിത്തം ഒരു പാപകർമത്തിനുമില്ല. നിനക്കിപ്പോൾ അതിയായ പശ്ചാത്താപമുണ്ടായിരിക്കുന്നതുകൊണ്ടു നിന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു. ഞാൻ നിന്റെ തെറ്റുകളെ ക്ഷമിച്ചു മാപ്പും തന്നിരിക്കുന്നു. ഇനി ഇതിലേക്കായി നീ ഒരു പ്രായശ്ചിത്തവും ചെയ്യണമെന്നില്ല.
പ്രഭാകരൻ: അതുകൊണ്ടു മതിയായില്ല. എന്റെ ഈ ദുർവിചാരത്തിന് അതികഠിനമായ മഹാപാപമുണ്ട്. അതു തീരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യണം. അല്ലാതെ എന്റെ മനസ്സിനു സമാധാനം വരുന്നതല്ല.
ഗുരു: എന്നാൽ നാളെ ബ്രാഹ്​മണസഭയിൽ ചെന്നു ചോദിച്ചിട്ട് ഉഭയകുല പരിശുദ്ധൻമാരായി, ദേവജ്ഞൻമാരായി, ശാസ്ത്രജ്ഞൻമാരായിരിക്കുന്ന ആ മഹാബ്രാഹാ​മണർ വിധിക്കുന്നതുപോലെ ചെയ്യണം. അല്ലാതെ എനിക്കൊന്നും തോന്നുന്നില്ല.
ഇങ്ങനെ പറഞ്ഞു വ്യസനിച്ചുംകൊണ്ടുതന്നെ അവർ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. അരുണോദയമായപ്പോൾ പ്രഭാകരൻ കുളിച്ചു നിത്യകർമാനുഷ്ഠാനാദികൾ കഴിച്ചുകൊണ്ട് ബ്രാഹ്മണസഭയിലെത്തി വിവരമെല്ലാം പറഞ്ഞു. ആ മഹാബ്രാഹ്മണരെല്ലാം കൂടി ആലോചിച്ച് "ഗുരുനാഥനെ കൊല്ലണമെന്നു വിചാരിച്ചവന്റെ പാപം തീരണമെങ്കിൽ അവൻ ഉമിത്തീയിൽ നിന്നു നീറി ദഹിച്ചു മരിക്കണം. അല്ലാതെ തീരുന്നതല്ല" എന്നു വിധിച്ചു. ഉടനെ പ്രഭാകരൻ വന്ന് ഒരു സ്ഥലത്തു നിന്നുകൊണ്ട് ഉമി വരുത്തി തന്റെ കഴുത്തുവരെ കൂട്ടിച്ച് അതിന്റെ നാലുഭാഗത്തും തീയുംവെപ്പിച്ചു. "ഏതെങ്കിലും എന്റെ ഈ ജന്മം ഇങ്ങനെയായി. എന്റെ പേരു ഭൂലോകത്തിൽ എന്നും നിലനിൽക്കുന്നതിനും ഭഗവൽസ്മൃതിയോടുകൂടി മരിക്കുന്നതിനുമായിട്ട് ഇപ്പോൾ ഒരുകാവ്യമുണ്ടാക്കണം" എന്നു നിശ്ചയിച്ച് പ്രഭാകരൻ അവിടെനിന്നുകൊണ്ട് ഒരു കാവ്യമുണ്ടാക്കി ചൊല്ലിത്തുടങ്ങി. അങ്ങനെ മഹാനായ ആ പ്രഭാകരകവി ഉമിത്തീയിൽ നിന്നു ദഹിച്ചുകൊണ്ടുണ്ടാക്കിയതാണ് സാക്ഷാൽ "ശ്രീകൃ‌ഷ്ണവിലാസം" കാവ്യം. പ്രഭാകരന്റെ ഈ ചരിത്രം ഗുരുശി‌ഷ്യ ഭാവത്തോടുകൂടി വർത്തിക്കുന്നവരായ സകലജനങ്ങളും സദാ ഓർത്തു പ്രവർത്തിക്കുന്നതായിരുന്നാൽ വളരെ ഗുണം സിദ്ധിക്കാനുണ്ടെന്നുള്ളതു പറയേണ്ടതില്ലല്ലോ.
പ്രഭാകരൻ അങ്ങനെ ശ്രീകൃ‌ഷ്ണവിലാസമുണ്ടാക്കി പന്ത്രണ്ടാം സർഗം മുഴുവനാക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ദേഹം മുഴുവനും ദഹിച്ചുപോയതിനാൽ അതു മുഴുവനാക്കാൻ കഴിഞ്ഞില്ല. പന്ത്രണ്ടാം സർഗത്തിലെ ഒരു ശ്ലോകത്തിൽ "പശ്യ പ്രിയേ! കൊങ്കണ" ഇത്രയും പറഞ്ഞപ്പോഴേക്കും അഗ്നി അദ്ദേഹത്തിന്റെ തൊണ്ടയിൽ പിടികൂടിപ്പോയതിനാൽ ആ ശ്ലോകംതന്നെ മുഴുവനാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെ അതിയോഗ്യനായിരുന്ന പ്രഭാകരൻ ഭസ്മാവശേ‌ഷനായി ത്തീരുകയും ചെയ്തു.
അനന്തരം കവികുലശിരോമണിയായ സാക്ഷാൽ കാളിദാസൻ പ്രഭാകരന്റെ ശ്രീകൃ‌ഷ്ണവിലാസകാവ്യം വായിച്ചുകേട്ട് അതു മുഴുവനാക്കണമെന്നു നിശ്ചയിച്ചു. "പശ്യപ്രിയേ! കൊങ്കണ" എന്നുള്ളതിന്റെ ശേ‌ഷമായി "ഭൂമിഭാഗാൻ" എന്ന് എഴുതിയപ്പോഴേക്കും "പട്ടുനൂലിനോടുകൂടി വാഴനാര് ഏച്ചുകെട്ടാൻ പുറപ്പെടേണ്ട" എന്നൊരു അശരീരിവാക്കുണ്ടായി. അതിനാൽ കാളിദാസനും പിന്നെ അതിന്റെ ശേ‌ഷം മുഴുവനാക്കാൻ ശ്രമിച്ചിട്ടില്ല. ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ ഗുണം എത്രമാത്രമുണ്ടെന്ന് ഇതിൽനിന്ന് ഊഹിക്കാവുന്നതാണല്ലോ.
ഈ അശരീരി കേട്ടപ്പോൾ കാളിദാസരുടെ മനസ്സിൽ കുറച്ച് അസൂയയും കോപവും വാശിയും തോന്നി. എന്നാൽ "ഇതിനോടുകൂടി ഞാനൊന്നും ഏച്ചുകെട്ടാൻ പോകുന്നില്ല. ഇതുപോലെ ഒന്നുണ്ടാക്കാമോ എന്നു ഞാനും നോക്കാം" എന്നു പറഞ്ഞാണ് കാളിദാസൻ "കുമാര സംഭവം" കാവ്യം ഉണ്ടാക്കിയത്. "അസ്തിശ്രിയസ്സത്മ സുമേരു നാമാ" എന്നാണല്ലോ പ്രഭാകരൻ ശ്രീകൃ‌ഷ്ണവിലാസത്തിന്റെ ആദ്യം തുടങ്ങിയിരിക്കുന്നത്. അതിനു പകരമായിട്ടാണ് കാളിദാസൻ തന്റെ കുമാരസംഭവത്തിന്റെ ആദ്യത്തിൽ "അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ" എന്നു തുടങ്ങിയിരിക്കുന്നത്. എന്നാൽ ഈ സംഗതിയിൽ ചില പക്ഷാന്തരങ്ങളും ഇല്ലെന്നില്ല.

ഐതിഹ്യമാല വാക്ഭടാചാര്യർ

ഐതിഹ്യമാലവാക്ഭടാചാര്യർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വാക്ഭടാചാര്യർ

രുകാലത്ത് മുഹമ്മദീയരുടെ അക്രമവും പ്രാബല്യവും നിമിത്തം വൈദ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം അവരുടെ കൈവശത്തിലായിത്തീർന്നു. ബ്രാഹ്മണരുടെ കൈവശം ഗ്രന്ഥങ്ങളൊന്നുമില്ലാതെയായതിനാൽ ആ ശാസ്ത്രം അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവരുമില്ലാതെയായി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ വൈദ്യൻമാർ തന്നെ ഇല്ലാതെയായി. ആർക്കെങ്കിലും ഒരു ദീനമുണ്ടായാൽ മുഹമ്മദീയരുടെ അടുക്കൽ ചെന്നു ചോദിച്ച് അവർ പറയുന്നതു ചെയ്യുകയെന്നുള്ള ദിക്കായിത്തീർന്നു. ഈ സ്ഥിതി ബ്രാഹ്മണർക്ക് ആകപ്പാടെ വലിയ വ്യസനകാരണമായിത്തീർന്നു. അതിനാൽ പരദേശത്ത് ഒരു സ്ഥലത്തു യോഗ്യന്മാരായ അനേകം ബ്രാഹ്മണർ യോഗംകൂടി ഈ കഷ്ടത നീക്കാൻ എന്താണു വേണ്ടതെന്ന് ആലോചിച്ചു. "മുഹമ്മദീയരെ ജയിച്ചു ഗ്രന്ഥങ്ങൾ കൈയ്ക്കലാക്കാൻ അവരുടെ പ്രബലതയുടെ സ്ഥിതിക്കു സാധിക്കുകയില്ല. അവരുടെ അടുക്കൽച്ചെന്നു പഠിക്കാമെങ്കിൽ അവർ അവരുടെ ജാതിക്കാരെ അല്ലാതെ വൈദ്യശാസ്ത്രം പഠിപ്പിക്കുകയില്ല. അതിനാൽ ആരെങ്കിലും മുഹമ്മദീയവേ‌ഷം ധരിച്ചു നല്ല വൈദ്യനായ ഒരു മുഹമ്മദീയന്റെ അടുക്കൽ ചെന്ന് ഉപായത്തിൽ പഠിച്ചുവരണം. അല്ലാതെ നിവൃത്തിയൊന്നുമില്ല" എന്ന് എല്ലാവരുംകൂടി ആലോചിച്ചു തീർച്ചയാക്കി. പിന്നെ അതിനാരാണു പോകേണ്ടത് എന്നുള്ള ആലോചനയായി. "അതിനു നമ്മുടെ കൂട്ടത്തിൽ വാക്ഭടനോളം ബുദ്ധിയും സാമർഥ്യവുമുണ്ടായിട്ടു മറ്റാരുമില്ല" എന്നും എല്ലാവരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. അപ്പോൾ ആ സദസ്സിൽത്തന്നെ ഉണ്ടായിരുന്ന വാക്ഭടാചാര്യർ "നിങ്ങളുടെയൊക്കെ അനുഗ്രഹമുണ്ടെങ്കിൽ ഞാൻപോയി ഇതു സാധിച്ചുവരാം" എന്നു സമ്മതിച്ചു പറഞ്ഞു. വാക്ഭടാചാര്യർക്ക് അന്നു വളരെ ചെറുപ്പമായിരുന്നു. ഒരിരുപതു വയസ്സിലധികമായിരുന്നില്ല. എങ്കിലും അദ്ദേഹം വേദശാസ്ത്രപുരാണേതിഹാസങ്ങളിൽ അതിനിപുണനായിത്തീർന്നിരുന്നു. അദ്ദേഹം ആ ബ്രാഹ്മണശ്രേഷ്ഠൻമാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടു സദസ്സിൽനിന്നിറങ്ങി. ബ്രാഹ്മണർ യോഗം കൂടിയത് ഒരു നദീതീരത്തുള്ള ശാലയിലായിരുന്നു. ആ സ്ഥലത്തിന്റെ മറുകരയിൽത്തന്നെ വൈദ്യശാസ്ത്രത്തിൽ അതിനിപുണനും പ്രസിദ്ധവൈദ്യനും പഠിപ്പിക്കുന്നതിന് ഏറ്റവും സമർത്ഥനും വലിയ ധനവാനുമായ ഒരു മുഹമ്മദീയൻ താമസിക്കുന്നുണ്ടായിരുന്നു. അവന്റെ അടുക്കൽതന്നെ ചെന്ന് പഠിക്കാമെന്നു വാക്ഭടാചാര്യർ തീർച്ചപ്പെടുത്തി. പിന്നെ അദ്ദേഹം മുഹമ്മദീയവേ‌ഷത്തിനു വേണ്ടുന്ന ഉടുപ്പ്, തൊപ്പി മുതലായവയെല്ലാം ശേഖരിച്ചുകൊണ്ട് ഒരു ദിവസം രാവിലെ കുളിയും നിത്യകർമാനുഷ്ഠാനാദികളും ഭക്ഷണവും കഴിച്ചു ബ്രാഹ്മണശ്രേഷ്ഠൻമാരെ വീണ്ടും വന്ദിച്ചിട്ട് വേ‌ഷം മാറി അവിടെനിന്നും പുറപ്പെട്ടു. കാര്യസിദ്ധിക്കായി ഈശ്വരപ്രാർത്ഥന ചെയ്തു കൊണ്ട് ആ ബ്രാഹ്മണോത്തമൻമാർ അവിടെത്തന്നെ താമസിക്കുകയും ചെയ്തു.
വാക്ഭടാചാര്യർ മുഹമ്മദീയവേ‌ഷം ധരിച്ചുകൊണ്ട് ആ മുഹമ്മദീയവൈദ്യന്റെ അടുക്കൽ ചെന്നു വന്ദിച്ചു. അപ്പോൾ വൈദ്യൻ അനേകം ശി‌ഷ്യൻമാരെ അടുക്കലിരുത്തി വൈദ്യശാസ്ത്രം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വേ‌ഷം കണ്ടു സ്വജാതീയനാണെന്നു തീർച്ചപ്പെടുത്തിക്കൊണ്ട് വൈദ്യൻ "നീ എവിടെനിന്നു വരുന്നു? എന്തിനു വന്നു?" എന്നു ചോദിച്ചു.
വാക്ഭടൻ: ഞാൻ കുറച്ചു വടക്കുനിന്നാണ് വരുന്നത്. അവിടുത്തെ പേരു ഞങ്ങളുടെ ദിക്കിലൊക്കെ പ്രസിദ്ധമാണ്. ഇതുപോലെ ഒരു വൈദ്യൻ ഭൂലോകത്തിൽ വേറെയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാൽ അവിടുത്തെ അടുക്കൽ കുറച്ചു വൈദ്യശാസ്ത്രം പഠിച്ചാൽകൊള്ളാമെന്നു വിചാരിച്ചാണ് വന്നത്. അതിന് അവിടയ്ക്കു കൃപയുണ്ടാകണം.
വൈദ്യൻ: ഓ! ഇതു നമുക്കു വളരെ സന്തോ‌ഷം. നാം നിന്നെ ഒന്നു പരീക്ഷിച്ചുനോക്കട്ടെ. പഠിക്കാൻ ബുദ്ധിയുള്ളവനെന്നു കണ്ടാൽ നാം നിന്നെ പഠിപ്പിക്കാം. ബുദ്ധിയില്ലാത്ത മടിയൻമാർക്കുവേണ്ടി ബുദ്ധിമുട്ടാൻ നമുക്കു മനസ്സില്ല. ഇവിടെ പഠിക്കുന്നവർക്കെല്ലാം ചെലവിനു നാം കൊടുക്കും. അങ്ങനെയാണ് പതിവ്. അതിനാൽ നീ അകത്തുചെന്ന് ഊണു കഴിച്ചു വരണം. പിന്നെ നോക്കാം.
വാക്ഭടൻ: ഞാനിപ്പോൾ ഊണുകഴിച്ചതാണ്. അതിനാൽ ഇനി ഇപ്പോൾ വേണമെന്നില്ല.
വൈദ്യൻ: അതു നിന്റെ ഇഷ്ടംപോലെ, ഞാൻപറയാനുള്ളതു പറഞ്ഞു. ഊണുവേണ്ടെങ്കിൽ ഇപ്പോൾതന്നെ പഠിപ്പിച്ചുനോക്കാം. നിനക്കു ഗ്രന്ഥം വല്ലതുമുണ്ടോ?
വാക്ഭടൻ: എന്റെ കയ്യിലൊരു ഗ്രന്ഥവുമില്ല.
ഇതുകേട്ടു വൈദ്യൻതന്നെ ഒരു ഗ്രന്ഥമെടുത്തുകൊണ്ടുവന്നു കൊടുത്തു പഠിപ്പിച്ചുനോക്കി. സ്വൽപം പഠിപ്പിച്ചുനോക്കിയപ്പോൾ വൈദ്യനു വളരെ സന്തോ‌ഷവും വിസ്മയവും തോന്നി. ഇത്രയും ബുദ്ധിയും ശ്രദ്ധയും പഠിക്കാനുള്ള വാസനയുമുള്ള ഒരാളെ അയാൾ അതിനുമുമ്പ് കണ്ടിരുന്നില്ല. അതിനാൽ വൈദ്യൻ 'നീ മിടുക്കൻതന്നെ. നിന്നെ പഠിപ്പിക്കാൻ നമുക്കു വളരെ സന്തോ‌ഷമുണ്ട്. നിനക്ക് ഇവിടെത്തന്നെ താമസിക്കാം. ചെലവിനെല്ലാം നാം തരും. നീ ഒരു കാശുപോലും ചെലവു ചെയ്യണമെന്നില്ല. ശരിയായി പഠിക്കുക മാത്രം ചെയ്താൽ മതി' എന്നു പറഞ്ഞു.
വാക്ഭടൻ: എനിക്ക് ഈ നദിയുടെ അങ്ങേക്കരയിൽ ഒരു ബന്ധുഗൃഹമുണ്ട്. അവിടെ ഒരു ചാർച്ചയും വേഴ്ചയുമൊക്കെയുള്ളതിനാൽ ഞാനവിടെ താമസിച്ചുകൊള്ളാം. അവിടുന്നു ചെലവിനൊന്നും തരണമെന്നില്ല. കൃപയുണ്ടായി പഠിപ്പിക്കുകമാത്രം ചെയ്താൽ മതി എന്നു പറഞ്ഞു.
വൈദ്യൻ: അതു നാം ചെയ്യാമെന്നു പറഞ്ഞുവല്ലോ. പിന്നെയൊക്കെ നിന്റെ ഇഷ്ടംപോലെ. ഞാൻപറയാനുള്ളതു പറഞ്ഞു.
പകലെ ആകുന്നതുവരെ പഠിച്ചതിന്റെശേ‌ഷം വാക്ഭടാചാര്യർ തിരിയെപ്പോന്നു. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞു കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം കുളിയും ജപവും ഭക്ഷണവും മറ്റും കഴിഞ്ഞു മുഹമ്മദീയവേ‌ഷത്തിൽ വൈദ്യന്റെ അടുക്കൽചെന്നു പഠിക്കുകയും തിരിച്ചുപോരുകയും ചെയ്തു. ഇങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആ ഗുരുവിന് ആ ശി‌ഷ്യനെ പഠിപ്പിക്കാനുള്ള ഉത്സാഹവും സന്തോ‌ഷവും സാമാന്യത്തിലധികം വർദ്ധിച്ചുവശായി. അതിനാൽ ഒരു ദിവസം വൈകുന്നേരം വാക്ഭടാചാര്യർ പഠിത്തം നിർത്തിപ്പോരാൻ ഭാവിച്ച സമയം ആ വൈദ്യൻ, 'നിനക്കു മനസ്സുണ്ടെങ്കിൽ അത്താഴം കഴിഞ്ഞു വന്നാലും പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്. നിന്റെ ഇഷ്ടം പോലെയാവാം' എന്നു പറഞ്ഞു. കഴിയുന്നതും വേഗത്തിൽ പഠിക്കാനുള്ളതു പഠിച്ചുകൊണ്ടു തന്റെ കളവു പുറത്താകാതെ അവിടെനിന്നു കടക്കണമെന്നായിരുന്നു വാക്ഭടാചാര്യരുടെ വിചാരവും. അതിനാൽ ഗുരുവിന്റെ ഈ വാക്ക് അദ്ദേഹത്തിന് ഏറ്റവും സന്തോ‌ഷാവഹമായിത്തീർന്നു. "എന്നാൽ ഞാനത്താഴം കഴിഞ്ഞു വരാം. പഠിക്കാനുള്ളതും പഠിച്ചുകൊണ്ട് കഴിയുന്നതും വേഗത്തിൽ നാട്ടിലേക്കു മടങ്ങിപ്പോയാൽ കൊള്ളാമെന്ന് എനിക്കുമുണ്ട്. വീട്ടിലുള്ളവർ എന്നെക്കാണാഞ്ഞിട്ടു വ്യസനിച്ചിരിക്കുകയായിരിക്കും. എന്റെ മോഹംകൊണ്ടു ഞാനിതിനായിച്ചാടിപ്പോന്നു എന്നേയുള്ളൂ" എന്നു പറഞ്ഞ് അദ്ദേഹം മടങ്ങിപ്പോരുകയും അത്താഴം കഴിഞ്ഞു വീണ്ടും അവിടെ എത്തുകയും ചെയ്തു. അപ്പോഴേക്കും വൈദ്യനും അത്താഴം കഴിഞ്ഞു തന്റെ ശി‌ഷ്യന്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടു തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു. രാത്രിയിലെ പഠിത്തം വൈദ്യന്റെ ശയനഗൃഹത്തിലായിരുന്നു. അതൊരു ഏഴുനിലമാളികയായിരുന്നു. രാത്രിയിൽ ഈ ഒരു ശി‌ഷ്യനെ അല്ലാതെ മറ്റാരെയും ആ ഗുരു പഠിപ്പിച്ചിരുന്നില്ല.
പഠിത്തം തുടങ്ങിയാൽ ഗുരു മതിയെന്നു പറഞ്ഞിട്ടു മതിയാക്കാമെന്നു വിചാരിച്ചു ശി‌ഷ്യനും, ശി‌ഷ്യനു മതിയെന്നു തോന്നുന്നതുവരെ പഠിപ്പിച്ചേക്കാമെന്നു ഗുരുവും വിചാരിച്ചു. രാത്രിയിലും പകലും അവർ വളരെനേരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചില ദിവസം രാത്രിയിൽ പഠിത്തം തുടങ്ങിയാൽ കോഴികൂകുന്നതു കേട്ടാണ് പഠിത്തം മതിയാക്കുക പതിവ്. ഉത്സാഹവും സന്തോ‌ഷവുംകൊണ്ട് അതുവരെ നേരംപോകുന്നതു രണ്ടുപേരും അറിയാറില്ല. ഇങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും വൈദ്യശാസ്ത്രങ്ങളെല്ലാം വാക്ഭടാചാര്യർ പഠിച്ചുതീർത്തു. എങ്കിലും ഗുരുവിനു തൃപ്തിയായിക്കഴിഞ്ഞില്ല. പിന്നെ ആ ഗുരു വൈദ്യസംബന്ധങ്ങളായ ഓരോ പ്രയോഗങ്ങളെപ്പറ്റി വാക്കാൽ ഉപദേശിച്ചുതുടങ്ങി. വാക്ഭടാചാര്യർ അവയും കേട്ടു ധരിച്ചുകൊണ്ടിരുന്നു. ഗുരു രാത്രികാലങ്ങളിൽ കട്ടിലിൽ കിടന്നുകൊണ്ട് ഓരോന്നു പറയുകയും ശി‌ഷ്യൻ താഴെയിരുന്ന് എല്ലാം കേട്ടു ധരിക്കയുമാണ് പതിവ്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ ഗുരു "എന്റെ കാലു കഴയ്ക്കുന്നു. നീയീ കട്ടിലിൽക്കയറിയിരുന്ന് എന്റെ കാലു കുറച്ചു തലോട്" എന്നു പറഞ്ഞു. വാക്ഭടാചാര്യർ ഒട്ടും മടിക്കാതെ അപ്രകാരം ചെയ്തു. രാത്രി അധികമായിരുന്നതുകൊണ്ടും വാക്ഭടാചാര്യർ കാലു തടവുന്നതിന്റെ സുഖംകൊണ്ടും കുറച്ചുകഴിഞ്ഞപ്പോൾ വൈദ്യൻ ഉറങ്ങിത്തുടങ്ങി. അപ്പോൾ വാക്ഭടാചാര്യരുടെ മനസ്സിൽ ഒരു വിചാരമുണ്ടായി. "കഷ്ടം! എന്റെ വിധി ഇപ്രകാരമായിത്തീർന്നുവല്ലോ. ഞാൻ ഒരുത്തമബ്രാഹ്മണകുലത്തിലാണ് ജനിച്ചത്. വേദശാസ്ത്രപുരാണേതിഹാസങ്ങളെല്ലാം ഗ്രഹിച്ചു. ഇങ്ങനെയൊക്കെയായിട്ടും ഒരു നീചന്റെ കാൽ പിടിക്കാനാണല്ലോ എനിക്കു സംഗതിയായത്." ഈ വക വിചാരംകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ സഹിക്കവയ്യാതെകണ്ടുള്ള വ്യസനമുണ്ടായി. പെട്ടെന്ന് അദ്ദേഹമറിയാതെ കുറെ കണ്ണുനീര് പുറപ്പെട്ടുപോവുകയും ചെയ്തു. വാക്ഭടാചാര്യരുടെ നാലഞ്ചുതുള്ളി കണ്ണനീര് ആ മുഹമ്മദീയന്റെ കാലിൻമേൽ വീണു. അയാൾ പെട്ടെന്നു കണ്ണതുറന്നുനോക്കി. അപ്പോൾ ശി‌ഷ്യന്റെ മുഖം അശ്രുപൂർണേക്ഷണമായിരിക്കുന്നതുകണ്ട്, "ഇവൻ നമ്മെച്ചതിച്ചു. ഇവൻ നമ്മുടെ ജാതിക്കാരനല്ല. ഇവനെ വിട്ടയയ്ക്കാൻ പാടില്ല. ഇവന്റെ കഥ ഇപ്പോൾ കഴിക്കണം" എന്നിങ്ങനെ വിചാരിച്ചുകൊണ്ട് അയാൾ പെട്ടെന്നെണീറ്റ് ഒരു വാൾ കൈയ്യിലെടുത്തു. അതു കണ്ടു വാക്ഭടാചാര്യർ, "കാര്യം തെറ്റി. ഇവൻ ഇപ്പോളെന്റെ കഥ കഴിക്കും. നീചന്റെ വെട്ടുകൊണ്ടു മരിക്കുന്നതു കഷ്ടമാണ്. അതു കൂടാതെ കഴിക്കണം. നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ഈശ്വരൻ എന്നൊരാളുണ്ടെന്നു പറയുന്നതും സത്യമാണെങ്കിൽ എനിക്ക് തരക്കേടൊന്നും പറ്റുകയില്ല" എന്നിങ്ങനെ വിചാരിച്ചുകൊണ്ട് ആ ഏഴുനില മാളികയുടെ ഒരു കിളിവാതിലിൽകൂടി പെട്ടെന്നു കീഴ്പോട്ടു ചാടി വളരെ പൊക്കമുള്ള ആ മാളികയുടെ മുകളിൽ നിന്നു താഴെച്ചെന്നു വീണിട്ടു വാക്ഭടാചാര്യർക്കു കാലിനൽപം മുടവു (മുടന്ത്) പറ്റിയതല്ലാതെ വേറെ യാതൊരു തരക്കേടും പറ്റിയില്ല. അദ്ദേഹം അവിടെനിന്നെണീറ്റ് ഒരുവിധം ഓടി ശത്രുക്കളുടെ കയ്യിലകപ്പെടാതെ പുഴ അക്കരെ കടന്നു. ഉടനെ കുളിയും കഴിച്ചു ബ്രാഹ്മണസദസ്സിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ കാലിനു സ്വല്പം അസ്വാധീനമുള്ളതായിക്കണ്ടിട്ടു ബ്രാഹ്മണർ കാരണം ചോദിച്ചു. അപ്പോൾ ഉണ്ടായ വർത്തമാനമെല്ലാം വാക്ഭടാചാര്യർ വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു. ഉടനെ ബ്രാഹ്മണർ "എന്തു സങ്കൽപ്പത്തോടു കൂടിയാണ് മാളികയിൽനിന്നു ചാടിയത്?" എന്നു ചോദിച്ചു. അതിനു മറുപടിയായി വാക്ഭടാചാര്യർ "നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും ഈശ്വരൻ എന്നൊരാളുമുണ്ടെന്നു പറയുന്നതും സത്യമാണെങ്കിൽ എനിക്കു തരക്കേടൊന്നും പറ്റുകയില്ല എന്നു സങ്കൽപ്പിച്ചുകൊണ്ടാണ് ഞാൻചാടിയത്" എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണർ "എന്നാൽ അങ്ങനെ വന്നത് ഒരത്ഭുതമല്ല. "സത്യമാണെങ്കിൽ" എന്നായിപ്പോയതെന്താണ്? അപ്പോൾ അതിൽ വിശ്വാസമില്ല, അല്ലേ? "നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ഈശ്വരനും ഉള്ളതുകൊണ്ട്" എന്നായിരുന്നുവെങ്കിൽ ഈ വിധം അബദ്ധം പറ്റുകയില്ലായിരുന്നു. അങ്ങനെ തോന്നിയില്ലല്ലോ. അതിനാൽ അങ്ങു ഭ്രഷ്ടനായിരിക്കുന്നു. ഇനി ഞങ്ങളുടെ കൂട്ടത്തിലിരിക്കാൻ അങ്ങു യോഗ്യനല്ല. പുറത്തേക്കു പോകാം" എന്നു പറഞ്ഞു. അതു കേട്ടു വാക്ഭടാചാര്യർ "ശരിതന്നെയാണ്. ഇനി ഞാൻനിങ്ങളുടെ കൂട്ടത്തിലിരിക്കുന്നില്ല" എന്നു പറഞ്ഞു സമാജശാലയിൽനിന്നു പുറത്തിറങ്ങി. പിന്നെ അദ്ദേഹം "ഇനി എന്താണ് വേണ്ടത്? ഏതായാലും ഇനി ഈ ദിക്കിൽ താമസിക്കാൻ സുഖമില്ല. ഇപ്പോൾതന്നെ വല്ലവഴിക്കും പൊയ്ക്കളയാമെന്നുവെച്ചാൽ എന്റെ പ്രയത്നം മുഴുവനും നി‌ഷ്ഫലമാകും ഇനിയൊരാൾ വിചാരിച്ചാൽ ഈ മുഹമ്മദീയരുരുടെ അടുക്കൽനിന്ന് ഈ വിദ്യ തട്ടിയെടുക്കാനത്ര എളുപ്പമല്ല. അതിനാൽ എന്റെ പ്രയത്നത്തിന്റെ ഫലം ഇവർക്ക് അനുഭവയോഗ്യമാക്കിക്കൊടുത്തിട്ടുവേണം ഇവിടെനിന്നും പോകാൻ" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം കുറച്ചുകാലം അവിടെത്തന്നെ താമസിച്ചു. ബ്രാഹ്മണരുമായി യാതൊരുവിധത്തിലും സ്പർശത്തിനിടവരാതെ അദ്ദേഹം പ്രത്യേകമൊരു സ്ഥലത്തു സ്വയം പാകം ചെയ്തു ഭക്ഷണം കഴിച്ചുകൊണ്ടാണ് താമസിച്ചത്.
വാക്ഭടൻ അങ്ങനെ താമസിച്ചുകൊണ്ട് ആദ്യംതന്നെ "അഷ്ടാംഗ സംഗ്രഹം" എന്നൊരു വൈദ്യശാസ്ത്രഗ്രന്ഥമെഴുതിയുണ്ടാക്കി. അത് മറ്റുള്ള വൈദ്യശാസ്ത്രഗ്രന്ഥങ്ങളുടെയെല്ലാം സാരാംശങ്ങളെ സംഗ്രഹിച്ചും വളരെ ചുരുക്കിയുമാണുണ്ടാക്കിയത്. എങ്കിലും അദ്ദേഹത്തിന്ന് അതുകൊണ്ടു തൃപ്തിയായില്ല. മറ്റുള്ള വൈദ്യശാസ്ത്രഗ്രന്ഥങ്ങളെക്കാളൊക്കെ ചുരുക്കമായിട്ടാണതുണ്ടാക്കിയതെങ്കിലും ചുരുങ്ങിയതു മതിയായില്ലെന്നാണ് അദ്ദേഹത്തിനു തോന്നിയത്. എന്നു മാത്രമല്ല, അതു ഗദ്യവും പദ്യവുംകൂടിയായതുകൊണ്ടു പഠിക്കുന്നവർക്കു ഹൃദിസ്ഥമാക്കുന്നതിനു പ്രയാസമായിരിക്കുമെന്നും അദ്ദേഹത്തിനു തോന്നി. സംഗ്രഹത്തെക്കാൾ ചുരുക്കമായിട്ടും എന്നാൽ സംഗതികളെല്ലാം അടക്കിയും പദ്യങ്ങൾ മാത്രമായിട്ടും ഒരു ഗ്രന്ഥമുണ്ടാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. ആ നിശ്ചയത്തോടുകൂടി വാക്ഭടാചാര്യരുണ്ടാക്കിയതാണ് അഷ്ടാംഗഹൃദയം. അതിന്റെ ശേ‌ഷം അദ്ദേഹം ജനോപകാരാർത്ഥം "അമരകോശം" എന്ന അഭിധാനഗ്രന്ഥവുമുണ്ടാക്കി. അതു വേറെയുള്ള അഭിധാനഗ്രന്ഥങ്ങളുടെ സാരസംഗ്രഹവുമാണ്. ഇങ്ങനെ മൂന്നു ഗ്രന്ഥങ്ങളുണ്ടാക്കി ബ്രാഹ്മണസന്നിധിയിൽ സമർപ്പിച്ചിട്ടു വാക്ഭടാചാര്യർ അവിടെനിന്നു പോവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടുള്ളതായി ഒരു കേൾവിയുമില്ല. അതിനാൽ അതിൽപ്പിന്നെ അദ്ദേഹം എവിടെ, ഏതു സ്ഥിതിയിൽ താമസിച്ചിരുന്നുവെന്നും, എവിടെവച്ച് ഏതുവിധത്തിൽ, എന്ന് ചരമഗതിയെ പ്രാപിച്ചുവെന്നും മറ്റുമുള്ള യാതൊരു കഥയും അർക്കും അറിവില്ല.
വാക്ഭടാചാര്യർ പോയതിന്റെ ശേ‌ഷം "ഭ്രഷ്ടനാലുണ്ടാക്കപ്പെട്ട ഗ്രന്ഥങ്ങൾ സ്വീകരിക്കാമോ" എന്നു ബ്രാഹ്മണർക്കു വലിയ സംശയമായി. ഇവ ഭ്രഷ്ടനാലുണ്ടാക്കപ്പെട്ടവയാണെന്നുള്ള ഓർമക്കായി ഏകാദശിനാൾ ഈ മൂന്നു ഗ്രന്ഥങ്ങളും പഠിച്ചുകൂടായെന്നുകൂടി അവർ നിശ്ചയിച്ചു. അതിനാൽ ഇന്നും അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം, അമരകോശം ഈ മൂന്നു ഗ്രന്ഥങ്ങൾ ഏകാദശിനാൾ പഠിക്കുകയും പഠിപ്പിക്കുകയും പതിവില്ല.

ഭവഭൂതി

ഭവഭൂതി

ത്തരരാമചരിതം, മാലതീമാധവം മുതലായ നാടകങ്ങളുടെയും മറ്റും കർത്താവും ഒരു മഹാകവിയുമായിരുന്ന ഭൂവഭൂതിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി ഒരുവിധം അക്ഷരജ്ഞാനമുള്ളവരിലാരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.അദ്ദേഹത്തിന്റെ സാക്ഷാൽ പേര് "ശ്രീകണ്ഠൻ" എന്നായിരുന്നു. അദ്ദേഹം ഒരിക്കൽ
"തപസ്വീ കാം ഗതോവസ്ഥാമിതി സ്മേരാനനാവിവ
ഗിരിജായാ സ്തനൗ വൗന്ദേ ഭവഭൂതിസിതാനനൗ"
എന്നൊരു ശ്ലോകമുണ്ടാക്കി ഒരു വിദ്വൽസമാജത്തിൽവെച്ചു ചൊല്ലുകയും അതിലെ "ഭവഭൂതി" ശബ്ദത്തിന്റെ ചമൽക്കാരം നിമിത്തം സന്തുഷ്ടഹൃദയന്മാരായിത്തീർന്ന ആ സഭാവാസികൾ അദ്ദേഹത്തിനു "ഭവഭൂതി" എന്നുതന്നെ ഒരു പേരു കൊടുക്കുകയും ആ പേരു പ്രസിദ്ധമായിത്തീരുകയുമാണ് ചെയ്തത്. ഒരിക്കൽ ശ്രീപാർവതി ശ്രീപരമേശ്വരനോട്, 'കവിത്വത്തിൽ കാളിദാസനോ ഭവഭൂതിക്കോ അധികം യോഗ്യത?' എന്നുചോദിച്ചു. അതിനു ഭഗവാൻ, "വലിയ വ്യത്യാസമൊന്നുമില്ല. ഇന്നിന്നപ്രകാരമേ വരികയുള്ളൂ എന്നു കാളിദാസനു നല്ല നിശ്ചയം ഉണ്ട്. ഭവഭൂതിക്ക് അത്രതന്നെ ഇല്ല എന്നുള്ള ഭേദമേ ഉള്ളൂ. അതു വേണമെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കിയാലറിയാം" എന്നു മറുപടി കൽപ്പിക്കുകയും പരീക്ഷിക്കാനുള്ള കൗശലം പറഞ്ഞുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ ഉപദേശപ്രകാരം സുബ്രഹ്മണ്യസ്വാമി ഒരു മരിച്ച ശിശുവായിത്തീരുകയും ശ്രീപാർവ്വതി വിധവയും വൃദ്ധയുമായ ഒരു ബ്രാഹ്മണസ്ത്രീയുടെ വേ‌ഷം ധരിച്ച് ഈ ശിശുവിനെയെടുത്തു ഭോജരാജാവിന്റെ ഗോപുരദ്വാരത്തിങ്കൽ കൊണ്ടുചെന്നു കിടത്തിക്കൊണ്ട് അവിടെ നിൽക്കുകയും ചെയ്തു. അപ്പോൾ അവിടെ സഭപിരിഞ്ഞ് ഓരോ കവിശ്രേഷ്ഠൻമാർ അതിലേ വന്നുതുടങ്ങി. അവരിൽ ഓരോരുത്തരോടും ശ്രീപാർവ്വതി, "ഇതാ ഇങ്ങോട്ടൊന്നു നോക്കണേ! എന്റെ കുട്ടി ഒരു ശാപത്തിൽ മരിച്ചുപോയിരിക്കുന്നു. 'പുരോ നിസ്സരണേ രണഃ' എന്നൊരു സമസ്യയുണ്ട്. അതു വേണ്ടതുപോലെ പൂരിപ്പിച്ചാൽ ഈ കുട്ടി ജീവിക്കും. അങ്ങനെയാണ് ശാപമോക്ഷം. അതിനാൽ ഇതൊന്നു വേണ്ടതുപോലെ പൂരിപ്പിക്കണേ" എന്നു പറഞ്ഞു. അതുകേട്ട് ആ കവികളെല്ലാം ആ സമസ്യ ഓരോ വിധം പൂരിപ്പിച്ചു. അപ്പോൾ ശ്രീപാർവതി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. "അതെന്തോ ഞങ്ങൾക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞ് അവരെല്ലാം പോയി. ഉടനെ ഭവഭൂതി അതിലേ വന്നു. അദ്ദേഹത്തോടും ദേവി മേൽപറഞ്ഞ പ്രകാരം പറഞ്ഞു. ഭവഭൂതി ആ സമസ്യയെ,
'യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ
അശ്രുജീവിതയോരാസീത് പുരോനിസ്സരണേ രണഃ'
എന്നു പൂരിപ്പിച്ചു. അപ്പോഴും ശ്രിപാർവ്വതി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. "അതെന്തോ, എനിക്കറിഞ്ഞുകൂടാ. ഞാൻ വിചാരിച്ചാൽ ഈ സമസ്യ ഇതിലധികം ഭംഗിയായിട്ടു പൂരിപ്പിക്കാൻ കഴിയുകയില്ല. ഇനിയൊരാൾ വരുന്നുണ്ട്. അദ്ദേഹത്തോടു പറഞ്ഞാൽ ശരിയായി പൂരിപ്പിക്കുമായിരിക്കും" എന്നു പറഞ്ഞു ഭവഭൂതിയും പോയി. ഒടുവിൽ കാളിദാസരുടെ വരവായി. അപ്പോഴും ദേവി മേൽപറഞ്ഞപ്രകാരം പറയുകയും കാളിദാസരും സമസ്യ പൂരിപ്പിക്കുകയും ചെയ്തു. കാളിദാസപൂരണവും ഭവഭൂതിയുടെ പൂരണവും ഒരുപോലെതന്നെയായിരുന്നു. ഒരക്ഷരത്തിൽപോലും വ്യത്യാസമുണ്ടായിരുന്നില്ല. കാളിദാസ നോടും ദേവി "എന്റെ കുട്ടി ജീവിച്ചില്ലല്ലോ" എന്നു പറഞ്ഞു. അതു കേട്ടു കാളിദാസൻ "എന്നാൽ നിങ്ങളുടെ കുട്ടി ജീവിക്കുന്നതല്ല, അല്ലെങ്കിൽ മരിച്ചിട്ടില്ല. മരിക്കാതെ ജീവിക്കുന്നതെങ്ങനെ? ഈ സമസ്യ ഇതിലധികം ഭംഗിയായി പൂരിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കുന്നതല്ല" എന്നു പറഞ്ഞു പോവുകയും ചെയ്തു.
ഭവഭൂതിയുടെയും കാളിദാസരുടെയും പൂരണങ്ങൾ ഒരുപോലെ തന്നെ ഇരിക്കുകയും കാളിദാസൻ മേൽപറഞ്ഞപ്രകാരം തീർച്ചയായി പറയുകയും ചെയ്തതുകൊണ്ട് ഭഗവാൻ അരുളിചെയ്തതു വാസ്തവം തന്നെ എന്ന് ശ്രീപാർവ്വതിക്കു ബോധ്യപ്പെടുകയും സുബ്രഹ്മണ്യനോടുകൂടി കൈലാസത്തിങ്കൽച്ചെന്നു ദേവി ഈ ഉണ്ടായ വിവരമെല്ലാം ഭഗവാനെ ഗ്രഹിപ്പിക്കുകയും ചെയ്തു.

ഐതിഹ്യമാല തിരുനക്കര ദേവനും അവിടുത്തെ കാളയും

തിരുനക്കര ദേവനും അവിടുത്തെ കാളയും

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തിരുനക്കര ദേവനും അവിടുത്തെ കാളയും

തിരുവിതാംകൂറിൽ കോട്ടയം പട്ടണത്തിന്റെ മദ്ധ്യഭാഗത്തുള്ള തിരുനക്കര ക്ഷേത്രത്തെപ്പറ്റി പലരും കേട്ടിരിക്കാനിടയുണ്ട്. അവിടത്തെ സ്വയംഭൂവായ ശിവനെയും കാളയെയും പറ്റിയുള്ള ഐതിഹ്യങ്ങൾ വായനക്കാർക്കു രസാവഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു.
പണ്ടൊരു തെക്കുംകൂർ രാജാവിനു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തിങ്ങൾ ഭജനം (മാസന്തോറും തൊഴുക) പതിവുണ്ടായിരുന്നു. ഒരു മാസത്തിന്റെ അവസാനദിവസം അവിടെയെത്തിയാൽ അന്നും പിറ്റേദിവസവുമായി രണ്ടുമാസത്തെ തൊഴുക കഴിച്ചു പോരാമല്ലോ. അങ്ങനെയാകുമ്പോൾ ആണ്ടിൽ ആറു യാത്ര കൊണ്ടു കഴിക്കാമല്ലോയെന്നു വിചാരിച്ച് ആ തമ്പുരാൻ അപ്രകാരമാണ് അതു നടത്തിപ്പോന്നത്. അങ്ങനെ വളരെക്കാലം അദ്ദേഹം അതു മുടക്കം കൂടാതെ നടത്തിക്കൊണ്ടിരുന്നു. കാലക്രമേണ ആ തമ്പുരാനു പ്രായാധിക്യവും രോഗപീഡകളും നിമിത്തം അന്യദേശസഞ്ചാരം ദുസ്സാദ്ധ്യാമായിത്തീർന്നു. പരസഹായം കൂടാതെ ഒന്നും ചെയ്‌വാൻ ശക്തനല്ലാതെയായിട്ടും ഈശ്വരഭക്തനായ അവിടേക്കു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലെ തിങ്ങൾഭജനം മുടക്കുന്നതിനു ധൈര്യമുണ്ടായില്ല.
അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ, ഒരു മാസാന്ത്യദിവസം ആ തമ്പുരാൻ പരിവാരസമേതം തൃശ്ശിവപേരൂരെത്തി. വളരെ പ്രയാസപ്പെട്ട് ഒരുവിധം കുളികഴിച്ച് പരസഹായത്തോടുകൂടി വടക്കുന്നാഥന്റെ നടയിൽച്ചെന്നു തൊഴുതുകൊണ്ട്, "അല്ലയോ ഭക്തവത്സലനായ ഭഗവാനേ! എന്റെ ഈ നിയമം മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു വളരെ സങ്കടമാണ്. ഇവിടെ വന്നു ദർശനം കഴിച്ചു പോകാൻ ഞാൻ ശക്തനല്ലാതെയും തീർന്നിരിക്കുന്നു. അതിനാൽ കഴിയുന്നതും വേഗത്തിൽ എന്നെ അവിടുത്തെ തൃപ്പാദാരവിന്ദങ്ങളിൽ ചേർത്തുകൊള്ളണേ" എന്നു പ്രാർത്ഥിച്ചു. അന്ന് അത്താഴം കഴിഞ്ഞ് തമ്പുരാൻ കിടന്നുങ്ങിയ സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, "ഇനി എന്നെക്കാണാനായി ഇങ്ങോട്ടു വന്നു ബുദ്ധിമുട്ടണമെന്നില്ല. ഞാൻതിരു"നക്കര"ക്കുന്നിൽ വന്നേക്കാം. എന്റെ പുരോഭാഗത്തു വൃ‌ഷഭനും എന്റെ പശ്ചാൽഭാഗത്ത് ഒരുവെളുത്ത ചെത്തിയും കാണപ്പെടും" എന്നു പറഞ്ഞതായി തോന്നി. ഉടനെ തമ്പുരാൻ കണ്ണു തുറന്നു നോക്കി. അപ്പോൾ ആരെയും കണ്ടില്ല. ഇതു വടക്കുന്നാഥൻതന്നെ തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചുകൊണ്ടു പിന്നെയും കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം പതിവുപോലെ ദേവദർശനവും ഭക്ഷണവും കഴിച്ചു തമ്പുരാൻ തൃശ്ശിവപേരൂർനിന്നു പോന്നു. മടങ്ങിപ്പോരുംവഴി തമ്പുരാൻ വൈക്കത്തു പെരുംതൃക്കോവിലപ്പനെക്കൂടി തൊഴുതിട്ടുപോരാമെന്നു വിചാരിച്ച് അവിടെയിറങ്ങി. തൊഴാനായി അമ്പലത്തിൽ ചെന്നപ്പോൾ താടിയും തലയും വളർത്തി, രുദ്രാക്ഷമാലകളും ഭസ്മവും ധരിച്ച് പരവശനായ ഒരു ബ്രാഹ്മണനെ അവിടെ ക്കണ്ടിട്ട് അദ്ദേഹം ആരാണെന്നും മറ്റും തമ്പുരാൻ അവിടെയുണ്ടായിരുന്നവരിൽ ചിലരോടു ചോദിച്ചു. അപ്പോൾ ഒരാൾ, അദ്ദേഹം ഒരു നമ്പൂരിയാണെന്നും ഇല്ലം വൈക്കത്തുതന്നെയാണെന്നും ഇല്ലപ്പേരു "പേരേപ്പറമ്പ്" എന്നാണെന്നും ദാരിദ്രദുഃഖം സഹിക്കാൻ വയ്യാതെയായിട്ടു വൈക്കത്തപ്പനെ സേവിക്കുകയാണെന്നും സംവത്സരഭജനം കഴിഞ്ഞിട്ടു രണ്ടുമൂന്നു ദിവസമായെന്നും അദ്ദേഹത്തിനു നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ലെന്നു തന്നെയല്ല, നാലഞ്ചു പെൺകിടാങ്ങളെ വേളികഴിച്ചു കൊടുക്കാൻ വൈകിയിരിക്കുന്നുണ്ടെന്നും മറ്റുമുള്ള വിവരം തമ്പുരാനെ ഗ്രഹിപ്പിക്കുകയും ചെയ്തു. അതുകേട്ടു തമ്പുരാൻ ആ നമ്പൂരിയെ അടുക്കൽ വിളിച്ച്, "എന്റെ കൂടെ പോരാമെങ്കിൽ ഒന്നോ രണ്ടോ പെൺകൊടയ്ക്കുവേണ്ടുന്ന വക ഉണ്ടാക്കിത്തന്നേക്കാം" എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും സന്തുഷ്ടമാനസനായി ഭവിച്ച നമ്പൂരി "കല്പനപോലെ ചെയ്യാം" എന്നു പറയുകയും തമ്പുരാൻ പോന്നപ്പോൾ ഒരുമിച്ചു പോരികയും ചെയ്തു.
അന്നു തെക്കുംകൂർ രാജാക്കന്മാർക്കു രാജവാഴ്ചയുള്ള കാലമായിരുന്നു. അവരുടെ രാജധാനി അന്ന് ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലത്തിനു ഒരു നാഴിക വടക്കുമാറി "തളിയിൽ" എന്നസ്ഥലത്തായിരുന്നു. അതിനാൽ പേരേപ്പറമ്പ് നമ്പൂരി തെക്കുംകൂർ രാജാവിനോടുകൂടി അവിടെ വന്നു താമസിച്ചു. അങ്ങനെ താമസിച്ചിരുന്ന കാലത്തു പേരേപ്പറമ്പ് നമ്പൂരി ഒരു ദിവസം തമ്പുരാന്റെ അടുക്കൽ അറിയിച്ചുംകൊണ്ടു തിരുനക്കര സ്വാമിയാരുമഠത്തിലേക്ക് പോന്നു. സ്വാമിയാരെക്കണ്ട് തന്റെ സ്ഥിതി അറിയിച്ചാൽ വല്ലതും സഹായമുണ്ടായെങ്കിലോ എന്നു വിചാരിച്ചാണ് നമ്പൂരി പോയത്. അപ്രകാരം അദ്ദേഹം സ്വാമിയാരെക്കണ്ടു വിവരമറിയിക്കുകയും ചാതുർമ്മാസ്യം അടുത്തിരിക്കുന്നതിനാൽ നമ്പൂരി അതു കഴിഞ്ഞിട്ടു പോയാൽ മതിയെന്നും വല്ലതും സ്വല്പമായിട്ടെങ്കിലും സഹായിക്കാമെന്നും സ്വാമിയാർ അരുളിച്ചെയ്യുകയും ചെയ്തു. അതിനാൽ നമ്പൂരി അവിടെ താമസിച്ചു.
ഇപ്പോൾ തിരുനക്കരക്ഷേത്രമിരിക്കുന്ന സ്ഥലം അന്നു വെറും കാടായിട്ടു കിടക്കുകയായിരുന്നു. "നക്കരക്കുന്ന്" എന്നാണ് ആ സ്ഥലത്തിന് അന്നു പേരു പറഞ്ഞുവന്നിരുന്നത്. അവിടെ ദേവസാന്നിദ്ധ്യവും ക്ഷേത്രവുമുണ്ടായതിന്റെ ശേ‌ഷമാണ് നക്കര തിരുനക്കരയായത്. നക്കര തന്നെ "നൽക്കര" ലോപിച്ചുണ്ടായതുമാണ്. സ്വാമിയാർ മഠത്തിലെ ഭൃത്യന്മാർ ആ കുന്നിൻപുറത്തു ചേന, ചേമ്പ് മുതലായവ കൃ‌ഷിചെയ്യുക പതിവായിരുന്നു. ചാതുർമാസ്യം കഴിയുന്ന ദിവസം സ്വാമിയാർ മഠത്തിൽ ചുരുക്കത്തിലൊരു സദ്യ പതിവുള്ളതിനാൽ അന്നു രാവിലെ ആ വാലിയക്കാരിൽ രണ്ടുപേർ ചേന പറിക്കാനായി ഒരു മൺവെട്ടി (തൂമ്പ) എടുത്ത് ഒന്നു വെട്ടിയപ്പോൾ അവിടെനിന്നു രക്തപ്രവാഹമുണ്ടാവുകയും അതുകണ്ട് അവർ ഭയപ്പെട്ട് ഓടിച്ചെന്നു വിവരം സ്വാമിയാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു. സ്വാമിയാർ അതു കേട്ട് അവിടെച്ചെന്നു മണ്ണു മറിച്ചുനോക്കിയപ്പോൾ അവിടെ ഒരു ശിവലിംഗം മുളച്ചിരിക്കുന്നതായി കണ്ടു. ഇങ്ങനെ സ്വയംഭൂവായിട്ടുള്ള ബിംബം കണ്ടാൽ ഉടനെ നിവേദ്യം കഴിപ്പിക്കാഞ്ഞാൽ അതു മറഞ്ഞുപോകുമെന്നുള്ളതിനാൽ സ്വാമിയാർ സ്വാമിയാർമഠത്തിൽനിന്നു തന്നെ ഉണക്കലരി, പൂവ് മുതലായ സാധനങ്ങൾ വരുത്തി പേരേപ്പറമ്പു നമ്പൂരിയെക്കൊണ്ടു നിവേദ്യം വെപ്പിച്ച് ഉടനെ ഒരു പൂജ കഴിപ്പിച്ചു.അതിന്റെശേ‌ഷം സ്വാമിയാർ ഈ വിവരം തെക്കുംകൂർ രാജാവിന്റെ അടുക്കൽ എഴുതിയയച്ച് അറിയിക്കുകയും ചെയ്തു.
ഈ വർത്തമാനം കേട്ടപ്പോൾ തനിക്കു തൃശ്ശിവപേരൂരിൽ വെച്ചുണ്ടായ സ്വപ്നം ശരിയായല്ലോ എന്നു വിചാരിച്ച് തെക്കുംകൂർ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും അദ്ദേഹം ഉടനെ നക്കരക്കുന്നിലെത്തുകയും ചെയ്തു. തമ്പുരാൻ വന്നു നോക്കിയപ്പോൾ ശിവലിംഗവും അതിന്റെ മുൻവശത്തായി ഒരു വൃ‌ഷഭനും സ്വല്പം വടക്കോട്ടുമാറി വായുകോണിലായി ഒരു വെളുത്ത ചെത്തിയും മുളച്ചിരിക്കുന്നതായി കാണുകയും ഇതു തൃശ്ശിവപേരൂർ വടക്കുന്നാഥൻ ഇളകൊണ്ടതുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. പിന്നെ തെക്കുംകൂർ രാജാവ് അവിടെ നാലു ഗോപുരങ്ങളും മാളികയായിട്ടും കൂത്തമ്പലം മുതലായവയോടുകൂടിയും ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന ലക്ഷണങ്ങളെല്ലാമൊപ്പിച്ച് അമ്പലം പണികഴിപ്പിക്കയും നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലയ വകയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ, ദേവസ്വംവകയായി തിരിച്ചുവെക്കുകയും ചെയ്തു. അതിൻപ്രകാരം അവിടെ പ്രതിദിനം അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടിൽ തുലാം, മീനം, മിഥുനം ഈ മാസങ്ങളിലായി മൂന്നുൽസവങ്ങളും പതിവായിത്തീർന്നു. ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്നവയെല്ലാം ഈ ക്ഷേത്രത്തിലും ആ തമ്പുരാൻ ഏർപ്പെടുത്തി. അങ്ങനെ തിരുനക്കരക്ഷേത്രം പ്രസിദ്ധമായിത്തീരുകയും ചെയ്തു. അവിടെ പേരേപ്പറമ്പു നമ്പൂരിയെത്തന്നെ ശാന്തിക്കാരനാക്കി. ചെങ്ങഴശ്ശേരി, പുന്നശ്ശേരി ഇങ്ങനെ രണ്ടില്ലങ്ങളിലുള്ള മൂത്തതിന്മാരെ ദേവന്റെ പരിചാരകപ്രവൃത്തികൾക്കും സ്വാമിയാർമഠത്തിലെ വാലിയക്കാരായിരുന്ന നെടുമങ്ങാടൻ, പാലക്കോടൻ എന്നിവരുടെ തറവാട്ടേക്കു ക്ഷേത്രത്തിൽ വിളക്കെടുപ്പും നെല്ലുകുത്തും നടത്തുന്നതിനുള്ള സ്ഥാനം കൊടുത്ത് അവരെ ആ വകയ്ക്കും നിയമിക്കുകയും ചെയ്തു.
ഇത്രയൊക്കെക്കഴിഞ്ഞപ്പോൾ ഈ ദിക്കുകാർക്ക് ഒരു വലിയഉപദ്രവം നേരിട്ടു. തിരുനക്കര ദേശത്തും അടുത്ത പ്രദേശങ്ങളിലും നെല്ലോസസ്യാദികളോ കൃ‌ഷി ചെയ്താൽ എല്ലാം രാത്രികാലങ്ങളിൽ ഒരു വെള്ളക്കാള വന്നു വേലി പൊളിച്ച് അകത്തുകടന്നു തിന്നു നശിപ്പിച്ചുതുടങ്ങി. ഈ കാള ആരുടെയാണെന്നും എവിടെ നിന്നുവരുന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ആർക്കും നിശ്ചയമില്ല! അവനെ പിടിക്കാൻ കിട്ടുകയുമില്ല. നല്ല നിലാവുള്ള കാലത്തു ദൂരെനിന്നു നോക്കിയാൽ അവൻ നിന്നു തിന്നുന്നതുകാണാം.ആളുകൾ അടുത്തു ചെല്ലുമ്പോൾ എങ്ങനെയോ അവൻ ചാടിപ്പൊയ്ക്കളയും. ഇങ്ങനെയായിട്ടു ജനങ്ങൾ വളരെ കഷ്ടപ്പെട്ടു. ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ നല്ല നിലാവുള്ള കാലത്തു തിരുനക്കരെനിന്ന് ഏകദേശം രണ്ടു നാഴിക പടിഞ്ഞാറ് "വേളൂർ" എന്ന ദേശത്ത് ഒരു കണ്ടത്തിൽവെച്ച് ഒരു പറയൻ ഈ കാളയെ കല്ലെടുത്തെറിയുകയും മറ്റും ചെയ്തു. ആ രാത്രിയിൽത്തന്നെ ഒരു കാള തന്റെ അടുക്കൽ വന്ന് "അങ്ങ് ദേവനു വേണ്ടുന്നതെല്ലാം പതിവുവെച്ചല്ലോ.എനിക്കെന്താണ് പതിവൊന്നും വെക്കാഞ്ഞത്? ഞാൻ ആ ദേവന്റെ വാഹനമാണല്ലോ. ഞാൻകണ്ടവരുടെ വിളവുകൾ കട്ടുതിന്നു കാലം കഴിക്കേണ്ടതായിവന്നുവല്ലോ. അതു നിമിത്തം ഞാനിന്ന് ഒരു പറയന്റെ ഏറുകൊള്ളേണ്ടതായിട്ടും വന്നു. ഇതു വലിയ സങ്കടം തന്നെ" എന്നു പറഞ്ഞതായി തെക്കുംകൂർ രാജാവിന് ഒരു സ്വപ്നമുണ്ടായി. ഇതിനെക്കുറിച്ചു തമ്പുരാൻ പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ സ്വപ്നത്തിൽ കാണപ്പെട്ട കാള തിരുനക്കരദ്ദേവന്റെ കാളതന്നെ ആണെന്നും അതിനുകൂടി പതിവായി നിവേദ്യത്തിൽ ഒരു വഹ വെയ്ക്കേണ്ടതാണെന്നും വിധിക്കുകയും കാളയെ വേളൂരുവെച്ച് ഒരു പറയൻ കല്ലെടുത്തെറിഞ്ഞ വിവരം അറിയുകയും ചെയ്യുകയാൽ തമ്പുരാൻ, വേളൂർവെച്ചു കാള ഏതു നിലത്തിൽനിന്നു തിന്നപ്പോൾ ഏറു കൊണ്ടുവോ ആ നിലം ആ വൃ‌ഷഭന്റെ നിവേദ്യം വകയ്ക്കാക്കി ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. ആ നിലത്തിന് ഇപ്പോഴും "കാളക്കണ്ടം" എന്നാണ് പറഞ്ഞുവരുന്നത്. ഇപ്രകാരം തെക്കുംകൂർ രാജാവ് തിരുനക്കരക്ഷേത്രത്തിനു വേണ്ടുന്ന പുഷ്ടികളെല്ലാം വരുത്തുകയും അവിടെ തന്റെ തിങ്ങൾഭജനം നിർവിഘ്നമായി നടത്തിക്കൊണ്ടു തന്നെയിരിക്കുകയും അതിനു മുടക്കം വരാതെ അദ്ദേഹം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.
തിരുനക്കരദ്ദേവന്റെ ചൈതന്യവും പ്രസിദ്ധിയും അസാമാന്യമായി വർദ്ധിക്കുകയാൽ അവിടെ അവസാനമില്ലാതെ വഴിപാടുകൾ വന്നുതുടങ്ങി. പ്രതിദിനം അഞ്ചുമാറും ചതുശ്ശതവും എട്ടും പത്തും പന്തിരുനാഴിയും മറ്റുമുണ്ടായിത്തുടങ്ങിയതിനാൽ ശാന്തിക്കു തന്നെക്കൊണ്ടു മതിയാകാതെ വരികയാൽ പേരേപ്പറമ്പു നമ്പൂരി തിരുനക്കരെനിന്നു മൂന്നു നാഴിക കിഴക്കു "മാങ്ങാനം" എന്ന ദേശത്തുള്ള "മടപ്പള്ളി" എന്നില്ലപ്പേരായ ഒരു നമ്പൂരിയെക്കൂടി കീഴ്ശാന്തിയായിച്ചേർത്തു. അങ്ങനെ രണ്ടുപേരും കൂടി ശാന്തി കുറച്ചുകാലം ശാന്തി നടത്തിയപ്പോഴേക്കും അതുകൊണ്ടുണ്ടായ സമ്പാദ്യം നിമിത്തം പേരേപ്പറമ്പു നമ്പൂരിയുടെ ദാരിദ്രം അശേ‌ഷം നീങ്ങുകയും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹം ശാന്തി മടപ്പള്ളിനമ്പൂരിയെത്തന്നെ ഏൽപ്പിച്ചിട്ടു വൈക്കത്തുതന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. എങ്കിലും ആ ഇല്ലത്തുനിന്ന് ഒരാൾ മാസത്തിലൊരിക്കൽ തിരുനക്കരെ വന്ന് ഒരു ദിവസം ഒരു പന്തീരടിപ്പൂജ കഴിക്കുക പതിവാണ്.ആ പതിവ് ഇപ്പോഴില്ല
മടപ്പള്ളി നമ്പൂരി ശാന്തികഴിച്ചുകൊണ്ടിരുന്ന കാലത്തും മുൻ പതിവനുസരിച്ച് ശീവേലികൾക്ക് എഴുന്നള്ളിക്കുക മൂത്തതിന്മാരായിരുന്നു. എന്തോ കാരണവശാൽ തെക്കുംകൂർ രാജാവിന് ഒരു മൂത്തതിന്റെപേരിൽ വിരോധം ജനിക്കുകയാൽ ആ മൂത്തതിനെ വെടിവെച്ചുകൊന്നു കളയുന്നതിനു രാജഭടന്മാർക്ക് കല്പനകൊടുത്തു. അവർ മൂത്തതെന്നു വിചാരിച്ച് മടപ്പള്ളി നമ്പൂരിയെ വെടിവെച്ചുകൊന്നു. അതിനാൽ ആ നമ്പൂരിയുടെ അന്തർജനം തിരുനക്കര നടയിൽവെച്ചു പ്രാണത്യാഗം ചെയ്തു കളഞ്ഞു. അതോടുകൂടി ആ നമ്പൂരിയുടെ ഇല്ലം അന്യം നിൽക്കുകയും ചെയ്തു. അന്നുമുതൽ തിരുനക്കരെ മതിൽക്കകത്ത് അന്തർജനങ്ങൾ കടന്നു കൂടെന്നും മൂത്തതിന്മാർ എഴുന്നള്ളിച്ചുകൂടെന്നും ഏർപ്പാടു വെയ്ക്കുകയും ചെയ്തു. അതു രണ്ടു കൂട്ടവും ഇവിടെ പതിവില്ല. തിരുനക്കരദ്ദേവന്റെ കാളയ്ക്കു ചില കാലങ്ങളിൽ നീര് (വലിയ കുരു) ഉണ്ടായിപൊട്ടുമെന്നും അതു രാജ്യത്തു വലിയ ആപത്തുണ്ടാകുന്ന കാലങ്ങളിലാണ് പതിവെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. മഹാരാജാക്കന്മാർ നാടുനീങ്ങിയതായ 933, 973, 986, 1004, 1004, 1022, 1036, 1055 ഈ ആണ്ടുകളിൽ ഈ കാളയ്ക്കു നീരുണ്ടാവുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ നീരുണ്ടാകുന്ന കാലങ്ങളിൽ ദോ‌ഷപരിഹാരാർഥമായി ഈ ക്ഷേത്രത്തിൽ വിശേ‌ഷാൽ ചില അടിയന്തിരങ്ങൾ പതിവുണ്ട്. ആ വകയ്ക്ക് ആയിരത്തിച്ചില്വാനം പണം വീതമാണ് സർക്കാരിൽനിന്നു ചെലവു ചെയ്തുവന്നത്. ജനങ്ങൾക്ക് പരി‌ഷ്കാരവും ആ പതിവ് ഇപ്പോഴില്ല. ഈവക സംഗതികളിൽ വിശ്വാസമില്ലായ്കയും പൊട്ടുകയുമൊന്നും പതിവില്ല. ഇനിയുള്ള കാലത്ത് അതൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല.

കുമാരനല്ലൂർ ഭഗവതി

കുമാരനല്ലൂർ ഭഗവതി

കുമാരനല്ലൂർ ഭഗവതി

തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അവിടത്തെ ദേവിയെക്കുറിച്ചുള്ള,
'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ'
എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ട്. എങ്കിലും ആ ഭഗവതി "ഓടീട്ടുവന്നു കുടികൊണ്ട"തേതു പ്രകാരമാണെന്ന് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ ആ സംഗതിയെപ്പറ്റി ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.
'മധുരമീനാക്ഷി' എന്നു കേൾവിപ്പെട്ട ദേവിയുടെ ക്ഷേത്രം പണ്ട് പാണ്ഡ്യരാജാക്കന്മാരുടെ വകയായിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി മധുരയിലായിരുന്നതിനാൽ അവർ ആ ദേവിയെ അവരുടെ പരദേവതായയിട്ടാണ് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുവന്നിരുന്നത്.
ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്നതും വളരെ വിലയുള്ളതും രത്നഖചിതവുമായ മൂക്കുത്തി എങ്ങനെയോ പോയി. ശാന്തിക്കാരൻ നിർമാല്യം (തലേദിവസത്തെ പൂവും മാലയും) വാരി പുറത്തിട്ടതിന്റെ കൂടെയോ അഭി‌ഷേകവും മറ്റു കഴിച്ച സമയം ഓർക്കാതെ ശാന്തിക്കാരന്റെ കൈ മുട്ടിത്തെറിച്ചോ എങ്ങനെയാണ് അതു പോയതെന്ന ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി. ശ്രീകോവിലിനകത്തു ശാന്തിക്കാരനല്ലാതെ മറ്റാരും കയറുക പതിവില്ലാത്ത സ്ഥിതിക്കു രാജാവിന്റെ വിചാരം അന്യായമായി പ്പോയി എന്നു പറയാനുമില്ല. എങ്കിലും ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരന് ഈ മൂക്കുത്തി പോയത് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. ദേവിക്കു പതിവായി ചാർത്തിവന്ന ഈ ആഭരണം പോയതു നിമിത്തം അദ്ദേഹത്തിനും അപാരമായ മനസ്താപ മുണ്ടായിരുന്നു. എങ്കിലും അതൊക്കെ ആരറിയുന്നു. ഉഗ്രശാസനനായ പാണ്ഡ്യരാജാവ് ശാന്തിക്കാരനെ പിടിപ്പിച്ചു വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതേതു പ്രകാരമാണെന്ന് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു. ഒടുക്കം രാജാവ്, നാല്പതു ദിവത്തിനകം ആ മൂക്കുത്തി ശാന്തിക്കരൻ എങ്കിനെയെങ്ങിലും തേടി പ്പിടിച്ചു ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്റെ ശിരച്ഛദേം ചെയ്യിക്കുന്നതാണെന്നും കല്പിച്ചു. ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിദ്ധിയിൽനിന്നു പോയി. ആ ബ്രാഹ്മണോത്തമൻ പലവിധത്തിൽ അന്വേ‌ഷിച്ചുനോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല. അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു വി‌ഷാദിച്ചുകൊണ്ട് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാലാപ ത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. "ഇതാരാണ് ഇങ്ങനെ പറഞ്ഞത്? എന്തോ എനിക്കു മനോരാജ്യംകൊണ്ടു വെറുതെ തോന്നിയതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു. അപ്പോൾ പിന്നെയും കണ്ണു തുറന്നു. ആരേയും കണ്ടില്ല. അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം പറഞ്ഞു. "ഏതായാലും ഈ ഗുണദോ‌ഷവാക്കിനെ നിരസി ക്കുന്നതു യുക്തമല്ല. ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ പോവുകതന്നെ" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം അവിടെനിന്നെണീറ്റു ക്ഷണത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീ "വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണ്" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്ന് ഓടിത്തുടങ്ങി. അതു വലിയ കൂരിരുട്ടുള്ള കാലമായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയിൽ നല്ലപോലെ കണ്ണു കാണാമായിരുന്നു. അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു കളഞ്ഞു. അപ്പോൾ വഴിയും ദിക്കുമെല്ലാം അന്ധകാരമയമായി. കണ്ണു തീരെ കാണാൻ പാടില്ലതെയായതിനാൽ ബ്രാഹ്മണൻ ഓടാനെന്നല്ല, നടക്കാൻപോലും നിവൃത്തിയില്ലാതെയായി. അപ്പോൾ അദ്ദേഹത്തിനു വളരെ ഭയവും വ്യസനവുമുണ്ടായി. എങ്കിലും തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു. രാജാവിന്റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എങ്കിലും ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നി. അപ്പോൾ ഇടിമിന്നലിന്റെ പ്രകാശംകൊണ്ട് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം കണ്ടു. തപ്പിത്തടഞ്ഞ് അദ്ദേഹം അവിടെ ചെന്നുകേറി. രണ്ടാംമുണ്ടു വിരിച്ചു കിടന്നു. മനസ്സിൽ വളരെ ഭയവും വിചാരങ്ങളുമുണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ടോ എന്തോ കിടന്നയുടനെ അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.
അക്കാലത്തു കേരളരാജ്യം അടച്ചുവാണിരുന്ന ചേരമാൻ പെരുമാൾ ഒരു ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്ത് ഉദയനാപുരത്തും, ഒരു സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ച് ഇപ്പോൾ കുമാരനല്ലൂരെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠ്യ്ക്കു മുഹൂർത്തവും നിശ്ചയിച്ച് അതിലേക്കു വേണ്ടുന്നവയെല്ലാം വട്ടംകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വഴിയമ്പല ത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയെ (സുബ്രഹ്മണ്യനെ) പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു. "തെന്തൊരത്ഭുതം" എന്നു വിചാരിച്ച് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീ ആ ബ്രാഹ്മണന്റെ മുൻപിൽ കടന്നോടിയ ആ ദേവി ഇരിക്കുന്നത് അദ്ദേഹം കണ്ടു. അതു സാക്ഷാൽ "മധുര മീനാക്ഷി"യായിരുന്നുവെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം "ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ടവരെല്ലാം അമ്പലത്തിൽ ചെന്നു നോക്കി. ഒന്നും കണ്ടില്ല. "എവിടെയിരിക്കുന്നു?" എന്ന് അവർ ചോദിച്ചു. ബ്രാഹ്മണൻ "ഇതാ ആ ശ്രീകോവിലിനകത്ത്" എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ "ഇദ്ദേഹം ഒരു ഭ്രാന്തനാണ്; അസംബന്ധം പറയുകയാണ്" എന്നുംമറ്റും പറഞ്ഞു പരിഹസിച്ചു. ഈ വർത്തമാനം കർണാകർണികയാ ചേരമാൻ പെരുമാളും കേട്ട് അവിടെച്ചെന്നുനോക്കി. ഒന്നും കാണായ്കയാൽ "ഇവിടെ ആരെയും കാണുന്നില്ലല്ലോ" എന്നു ബ്രാഹ്മണനോടു പറഞ്ഞു. ബ്രാഹ്മണൻ "എന്നാൽ എന്നെ തൊട്ടുംകൊണ്ടു നോക്കൂ" എന്നു പറഞ്ഞു. ചേരമാൻ പെരുമാൾ ആ ബ്രാഹ്മണനെ തൊട്ടുംകൊണ്ടു നോക്കിയപ്പോൾ ദേവി ശ്രീകോവിലിനകത്തു പീഠത്തിന്മേലിരിക്കുന്നതു പ്രത്യക്ഷമായിക്കണ്ടു. പിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്ന് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞ് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു. സംഗതി കളെല്ലാം കേട്ടപ്പോൾ ചേരമാൻപെരുമാൾക്കു വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും സ്വല്പം കോപവും ഇച്ഛാഭംഗവുംകൂടി ഉണ്ടാകാതെയിരുന്നില്ല. "ഞാൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്ത് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ച ഈ തന്റേടക്കാരത്തിക്ക് ഇവിടെ ഞാൻ യാതൊന്നും കൊടുക്കുകയില്ല. അത്ര ഊറ്റമുണ്ടെങ്കിൽ വേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ. ഞാൻവിചാരിച്ച മുഹൂർത്തത്തിൽത്തന്നെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും. അതു ദേവിയെ പ്രതിഷ്ഠിപ്പിക്കേണമെന്നു വിചാരിച്ച സ്ഥലത്തായിക്കളയാം. ഇതാ ഞാൻഇപ്പോൾത്തന്നെ വൈക്കത്തിനു യാത്രയാണ്. ഇവളിവിടെ യിരിക്കട്ടെ" എന്നു പറഞ്ഞിട്ട് അദ്ദേഹം അപ്പോൾത്തന്നെ അവിടെനിന്ന് പോവുകയും ചെയ്തു.
ചേരമാൻപെരുമാൾ അവിടെനിന്നു പോയി ഒരഞ്ചെട്ടു നാഴിക വടക്കായപ്പോൾ ആ പ്രദേശത്തെല്ലാം അകസ്മാൽ അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവർക്കും കണ്ണു തീരെ കാണാൻ പാടില്ലാതെയായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശായി. അപ്പോൾ ചേരമാൻപെരുമാളുടെ ഒരു സേവകൻ "നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടത് ആ ദേവിയുടെ മായാവൈഭവം കൊണ്ടൂതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല. ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണ്. അതിനാൽ നമുക്ക് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ട തെന്നു തോന്നുന്നു" എന്നു പറഞ്ഞു. അതു കേട്ടു ചേരമാൻപെരുമാൾ "ഇത് ആ ദേവിയുടെ മായാവൈഭവംകൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കി യാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്ക് കൊടുത്തേക്കാം. അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം" എന്നു പറഞ്ഞു. ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്ക് വിട്ടുകൊടുത്തിരിക്കു ന്നതായി പറയുകയും തിരിച്ചുപോരികയും ചെയ്തു. മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിന് "മഞ്ഞൂര്" എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ "മാഞ്ഞൂര്" ആയിത്തീർന്നു. മാഞ്ഞൂരെന്നു പറയുന്ന ദേശമെല്ലാം ഇപ്പോഴും കുമാരനല്ലുർ ഭഗവതിയുടെ വകയായിട്ടുതന്നെയാണിരിക്കുന്നത്.
ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ച് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ച് ഇവിടെ പ്രതിഷ്ഠീപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യവിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.
ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ദേവീവിഗ്രഹം സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വ്യസനമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു മാത്രം ദിവസമില്ല. ഈ മുഹൂർത്തത്തിനു പ്രതിഷ്ഠ കഴിപ്പിക്കാഞ്ഞാൽ വളരെ മുതൽ നഷ്ടവും കുറച്ചിലുമുണ്ടാകുമെന്നു തന്നെയല്ല, ഇത്ര നല്ലതായ ഒരു ശുഭമുഹൂർത്തം പിന്നെയുണ്ടാകാനും അത്ര എളുപ്പമല്ല. ആകപ്പാടെ വിചാരിച്ചിട്ടു ചേരമാൻപെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.
അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം ചേരമാൻപെരുമാൾ, "ഒട്ടും വ്യസനിക്കേണ്ട, ഇവിടെനിന്നു രണ്ടു നാഴിക വടക്കുകിഴക്കായിട്ടുള്ള മലയിൽ ഒരു കിണറ്റിൽ എന്റെ ഒരു ബിംബം കിടക്കുന്നുണ്ട്. അതെടുത്തുകൊണ്ടുവന്നു പ്രതിഷ്ഠ കഴിപ്പിച്ചാൽ മതി" എന്ന് ആരോ തന്റെ അടുക്കൽ വന്നു പറഞ്ഞതായി ഒരു സ്വപ്നം കണ്ടു. പിറ്റേ ദിവസം രാവിലെ ഇതു വാസ്തവമാണോ എന്നറിയണമെന്നു നിശ്ചയിച്ചു ചേരമാൻ പെരുമാൾ വളരെ ആളുകളോടുകൂടി ആ മലയിലേക്കു പോയി. അവിടമെല്ലാം വലിയ കാടായിരുന്നു. ആ കാടെല്ലാം വെട്ടിത്തെളിച്ചു നോക്കിച്ചെന്നപ്പോൾ ഒരു കിണറു കണ്ടു. ആ കിണറ്റിൽ ആളെയിറക്കി നോക്കിയപ്പോൾ യാതൊരു കേടുമില്ലാത്തതും ഏറ്റവും വിശേ‌ഷപ്പെട്ടതും ലക്ഷണമൊത്തതുമായ ഒരു ബിംബം കണ്ടുകിട്ടുകയും ചേരമാൻപെരുമാൾ അതെടുപ്പിച്ചുകൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ യഥാവിധി പ്രതിഷ്ഠ കഴിപ്പിക്കുകയും കുമാര (സുബ്രഹ്മണ്യ) സ്വാമിയെ പ്രതിഷ്ഠിപ്പിക്കുന്നതിനായി പണികഴിപ്പിച്ചിരുന്ന ആ ക്ഷേത്രത്തിനു മുൻനിശ്ചയപ്രകാരം "കുമാരനല്ലൂർ" എന്നുള്ള പേരുതന്നെ സ്ഥിരപ്പെടുത്തു കയും ചെയ്തു. പിന്നീട് ചേരമാൻപെരുമാൾ മാഞ്ഞൂർ ദേശം വിട്ടുകൊടുത്തതിനുപുറമേ അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ വെച്ചുകൊടുക്കുകയും പതിവുകൾ നിശ്ചയിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ ദേവസ്വം ആ ദേശക്കാരായ ചില നമ്പൂരിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ അതൊരു ഊരാൺമക്ഷേത്രമായിത്തീർന്നു.
ചേരമാൻപെരുമാൾ കുമാരനല്ലൂർ ക്ഷേത്രത്തിൽ തുലാമാസത്തിൽ രോഹിണി മുതൽ വൃശ്ചികമാസത്തിൽ രോഹിണിവരെ ഇരുപത്തെട്ടു ദിവസത്തെ ഉത്സവമാണ് നിശ്ചയിച്ചിരുന്നത്. ആ ക്ഷേത്രം ഊരാൺമ ക്കാരുടെ വകയായിത്തീർന്നിട്ടും വളരെക്കാലം അങ്ങനെതന്നെ നടന്നിരുന്നു. പിന്നീട് അത് കുറച്ച് വൃശ്ചികമാസത്തിൽ കാർത്തിക ഒൻപതാമുത്സവമാകത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവം മതിയെന്നു നിശ്ചയിച്ചു. ഇപ്പോഴും അപ്രകാരം നടന്നുവരുന്നു. ദേവിയുടെ മാഹാത്മ്യവും ശക്തിയുംകൊണ്ടു കാലക്രമേണ അവിടെ വസ്തുവഹകൾ വളരെ വർദ്ധിച്ചു. ഇപ്പോഴും ആ ദേവസ്വത്തിൽ അഭിവൃദ്ധിയല്ലാതെ ഒട്ടും ക്ഷയമുണ്ടാകുന്നില്ല. സ്ത്രീനായകത്വം സർവത്ര ദോ‌ഷകരമാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാൽ കുമാരനല്ലൂര് അത് വളരെ ഗുണപ്രദമായിട്ടാണ് കണ്ടുവരുന്നത്.
ആ ഭഗവതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ വളരെയുണ്ട്. ഇപ്പോഴും ദേവീസാന്നിദ്ധ്യം അവിടെ വിളങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു.
ദേവിയോടുകൂടി മധുരയിൽനിന്നു പോന്ന ബ്രാഹ്മണന്റെ വംശജന്മാർ ഇപ്പോഴും കുമാരനല്ലൂരുണ്ട്. അവരുടെ ഇല്ലപ്പേര് "മധുര" എന്നും അവിടെയുള്ളവരെ "മധുരനമ്പൂരിമാർ" എന്നുമാണ് പറഞ്ഞുവരുന്നത്.