ഐതിഹ്യമാല/കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം | വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ→ |
വന്നേരിദേശക്കാരനും കേവലം നിസ്വനുമായ ഒരു നമ്പൂരി തന്റെ പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ വല്ലവരേയും കണ്ടു യാചിച്ചു കുറെ പണം സമ്പാദിക്കണമെന്നു നിശ്ചയിച്ച് സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം കോഴിക്കോട്, കൊച്ചി, അമ്പഴപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങളിൽ സഞ്ചരിച്ച് രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവരെക്കണ്ടു സങ്കടം പറഞ്ഞ് അവരിൽ നിന്നു കിട്ടിയ ഏതാനും പണവുംകൊണ്ട് ഒരിക്കൽ ഒരു ദിവസം മദ്ധ്യാഹ്നമായ സമയം കിള്ളിക്കുറിശ്ശിമംഗലത്തു ചെന്നുചേർന്നു. അദ്ദേഹം ഭക്ഷണം കഴിക്കാതെ വഴിനടന്നും വെയിലുകൊണ്ടും വളരെ ക്ഷീണിച്ചാണ് അവിടെയെത്തിയത്. ക്ഷേത്രത്തിനു പുറത്തുചെന്നു നിന്നുകൊണ്ട് "ഇവിടെ ഉച്ചപൂജയും മറ്റും കഴിഞ്ഞുവോ" എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. അതു കേട്ടു ശാന്തിക്കാരൻ നമ്പൂരി പുറത്തുവന്ന് "ഉച്ചപൂജ കഴിഞ്ഞു എങ്കിലും വേഗത്തിൽ കുളിച്ചുവന്നാൽ ഊണു കഴിക്കാം" എന്നു പറഞ്ഞു. ഉടനെ ഈ നമ്പൂരി കുളക്കടവിൽ ചെന്ന് അരയിൽ കെട്ടിയിരുന്ന മടിശ്ശീലയഴിച്ചു കടവിൽ വെച്ചിട്ട് ഇറങ്ങി ക്ഷണത്തിൽ കുളിയും ജപവുമെല്ലാം കഴിച്ചു നോക്കിയ സമയം മടിശ്ശീല കണ്ടില്ല. നമ്പൂരിക്കുണ്ടായ വ്യസനം എത്രമാത്രമെന്നു പറയാൻ പ്രയാസം. ആ പണം കൊണ്ടു രണ്ടുമൂന്നു പെൺകൊടയെങ്കിലും കഴിച്ചുകൂട്ടാമെന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. മടിശ്ശീല കാണാതായതിനോടുകൂടി അദ്ദേഹത്തിന്റെ വിശപ്പും ദാഹവും മാത്രമല്ല, പാതി പ്രാണനും പോയെന്നു തന്നെ പറയാം. അദ്ദേഹം ഓടി അമ്പലത്തിൽച്ചെന്ന് അവിടെയെല്ലാവരോടും വിവരം പറഞ്ഞു. അവരാരും കുളക്കടവിലേക്കു ചെല്ലുകതന്നെ ചെയ്തില്ലെന്നു പറഞ്ഞു. ഒടുക്കം അതെങ്ങനെയോ പോയതുതന്നെ. തന്റെ വിധി ഇങ്ങനെയാണ് എന്നു തീർച്ചപ്പെടുത്തിക്കൊണ്ടു നമ്പൂരി ഉണ്ണാൻ ചെന്നിരുന്നു. വ്യസനംകൊണ്ട് അദേഹത്തിനു ചോറിറങ്ങുന്നില്ലായിരുന്നു. എങ്കിലും വിശപ്പും ദാഹവും കലശലായിട്ടുണ്ടായിരുന്നതിനാൽ കുറെ ചോറു വാരിത്തിന്നു കുറെ വെള്ളവും കുടിച്ച് ഒരുവിധം ഊണു കഴിച്ചെന്നു വരുത്തിയെന്നേ പറയാനുള്ളു. വ്യസനവും ക്ഷീണവും നിമിത്തം നടക്കാൻ ശക്തനല്ലാതെ അദ്ദേഹം അമ്പലത്തിൽത്തന്നെ മുണ്ടും വിരിച്ചു കിടന്നു. വെയിലൊട്ടാറിയപ്പോൾ, "ഞാനിങ്ങനെ വ്യസനിച്ച് ഇവിടെക്കിടന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? "ലിഖിതമപി ലലാടേ പ്രാഝിതും കസ്സമർഥഃ" എന്നു വിചാരിച്ച് ഒരുവിധം സമാധാനപ്പെട്ടുകൊണ്ട് അവിടെനിന്നെണീറ്റു പോവുകയും ചെയ്തു.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ നമ്പൂരി യഥാപൂർവം ദേശസഞ്ചാരത്തിനായി ഇല്ലത്തു നിന്നു പുറപ്പെട്ടു ചില സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു ക്രമേണ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തുതന്നെ വന്നു ചേർന്നു. അത് ഒരു ദിവസം വൈകുന്നേരമായിരുന്നു. കുളികഴിഞ്ഞ് അദ്ദേഹം അമ്പലത്തിൽച്ചെന്ന് ശാന്തിക്കാരനെക്കണ്ട് തനിക്കുകൂടി അത്താഴം വേണമെന്നു പറഞ്ഞു. ശാന്തിക്കാരൻ ഇദ്ദേഹത്തെക്കണ്ടപ്പോൾത്തന്നെ അറിയുകയും മുമ്പുണ്ടായ കഥ ഓർക്കുകയും ചെയ്യുകയാൽ, "ഓഹോ! അത്താഴം ഇവിടെയാവാം. എനിക്കും ഇവിടെതതന്നെയാണ് അത്താഴം. ഇന്നു മടിശ്ശീല കുളക്കടവിൽവെച്ചു മറക്കുകയോ മറ്റോ ചെയ്തുവോ? എന്നാൽ ചോറധികം വേണ്ടി വരികയില്ലല്ലോ" എന്നു പറഞ്ഞു. അതിനുത്തരമായി നമ്പൂരി, "ഈ പ്രാവശ്യം അതിനൊന്നും തരമില്ല. ഞാൻഇല്ലത്തുനിന്നു പുറപ്പെട്ട് ഇത്രത്തോളമായേ ഉള്ളു. അധികമൊന്നും സഞ്ചരിക്കാനും ഒട്ടും സമ്പാദിക്കാനും ഇടയായില്ല. മടിശ്ശീലവെച്ചു മറക്കുകയും മറ്റും മടക്കത്തിലാവാമെന്നാണ് വിചാരിക്കുന്നത്" എന്നു പറയുകയും ചെയ്തു.
അത്താഴം കഴിഞ്ഞപ്പോൾ വന്നേരിക്കാരൻ നമ്പൂരി "ഇനിയൊന്നു കിടക്കണമല്ലോ, അതെവിടെയാണു വേണ്ടത്?" എന്നു ചോദിച്ചു. "അതിനൊക്കെ തരമാക്കാം. നമുക്കിവിടെ ഒരു കിടപ്പിന്റെ വട്ടമൊക്കെയുണ്ട്. അങ്ങോട്ടു പോകാം. അവിടെ സ്ഥലം ധാരാളമുണ്ട്" എന്നു ശാന്തിക്കാരൻ നമ്പൂരി മറുപടി പറയുകയും അവർ രണ്ടുപേരും കൂടി അങ്ങോട്ടു പോവുകയും ചെയ്തു.
കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരൻ നമ്പൂരി തിരുവിതാംകൂറിൽ ഏറ്റുമാനൂർ താലൂക്കിൽ കിടങ്ങൂർ ദേശത്തുള്ള ആളായിരുന്നു. അദ്ദേഹത്തിന് അവിടെ "കലക്കത്ത്" എന്നു പ്രസിദ്ധമായ നമ്പ്യാർമഠത്തിൽ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവർ പോയത്. അവിടെച്ചെന്നപ്പോഴേക്കും ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ ഇവർക്കു രണ്ടുപേർക്കും കാൽ കഴുകുന്നതിനുള്ള വെള്ളം കൊണ്ടുചെന്നു കൊടുക്കുകയും നാലുകെട്ടിൽ ഒരു വിളക്കു കൊണ്ടുവന്നുവെച്ച്, ഒരു പുല്ലുപായ് വിരിച്ചു കൊടുക്കുകയും മുറുക്കാനുള്ള സാമാനങ്ങളെല്ലാം കൊണ്ടു വന്നു തയ്യാറാക്കി വെയ്ക്കുകയും ചെയ്തു. നമ്പൂരിമാർ കാൽ കഴുകിത്തോർത്തി, പുല്ലുപായയിൽ ചെന്നിരുന്നു മുറുക്കി ഓരോ വെടികൾ പറഞ്ഞുതുടങ്ങി. അതൊക്കെക്കേട്ടു രസിച്ചുകൊണ്ടു ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യയും അടുക്കൽ ചെന്നുകൂടി. വന്നേരിക്കാരൻ നമ്പൂരി യുടെ പ്രധാനവിഷയം അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും മറ്റുമായിരുന്നു. ശാന്തിക്കാരൻ നമ്പൂതിരി പറഞ്ഞത് ആ നമ്പ്യാർമഠത്തിലെ സ്ഥിതിയെപ്പറ്റിയും മറ്റുമായിരുന്നു. ആ നമ്പ്യാർമഠത്തിൽ വളരെക്കാലമായി സ്ത്രീകളല്ലാതെ പുരുഷൻമാരാരുമില്ലാതെയിരിക്കുകയായിരുന്നു. ഒരാൺകുട്ടിയുണ്ടായാൽക്കൊള്ളാമെന്ന് വിചാരിച്ച് അവർ വളരെ സൽക്കർമ്മങ്ങളൊക്കെ നടത്തിയെന്നും ഇപ്പോഴും ഓരോന്നു നടത്തിക്കൊണ്ടാണിരിക്കുന്നതെന്നും എന്നിട്ടും ഫലമൊന്നും കാണിന്നില്ലെന്നും മറ്റും ശാന്തിക്കാരൻ നമ്പൂരി പറഞ്ഞപ്പോൾ തനിക്കും പുരുഷസന്താനമൊന്നും ഉണ്ടായിട്ടില്ലെന്നും നാലഞ്ചുപെൺകിടാങ്ങളാണുണ്ടായിട്ടുളളതെന്നും അവരെ വേളികഴിച്ചു കൊടുക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് താനിങ്ങനെ കഷ്ടപ്പെട്ട് അലഞ്ഞു നടക്കുന്നതെന്നും മറ്റും വന്നേരിക്കാരൻ നമ്പൂരിയും പറഞ്ഞു. ആ കൂട്ടത്തിൽ താൻ കുളക്കടവിൽ മടിശ്ശീലവെച്ചു മറന്ന കഥയുംകൂടി അദ്ദേഹം പ്രസ്താവിച്ചു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോൾ ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ അതിനെപ്പറ്റി ചിലതെല്ലാം ചോദിക്കുകയും വന്നേരിക്കാരൻ നമ്പൂരി എല്ലാം വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. ഉടനെ ആ സ്ത്രീ അവിടെനിന്നെണീറ്റുപോയി അറ തുറന്ന് ഒരു മടിശ്ശീലയെടുത്തു കൊണ്ടുവന്ന്, "ഇതായിരിക്കുമോ അവിടത്തെ മടിശ്ശീല?" എന്നു ചോദിച്ചുകൊണ്ടു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ വെച്ചു. നമ്പൂരി അതെടുത്തുനോക്കി. "ഇതുതന്നെ. ഞാൻകെട്ടിയ കെട്ട് അഴിച്ചിട്ടുകൂടിയില്ല" എന്നു പറഞ്ഞുകൊണ്ടു മടിശ്ശീല അഴിച്ചു പണം എണ്ണിനോക്കിയപ്പോൾ ശരിയായിരുന്നു. ആ സമയം നമ്പൂരിക്കുണ്ടായ സന്തോഷം എത്രമാത്രമാണെന്നു പറണ്ടേതില്ലല്ലോ. അദ്ദേഹം "ഇതെങ്ങനെ കിട്ടി?" എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ "മുമ്പൊരിക്കൽ ഒരു ദിവസം ഉച്ചയ്ക്കു ഞാൻശുദ്ധംമാറിപ്പോവുകയാൽ കുളിക്കാനായി കുളക്കടവിൽ ചെന്നപ്പോൾ അവിടെ കുറെ ചാണകം കിടക്കുന്നതു കണ്ടു. കുളി കഴിഞ്ഞു പോന്നപ്പോൾ അതുകൂടികൊണ്ടുപോരാമെന്നു വിചാരിച്ചു വാരിയെടുത്തപ്പോൾ അതിനിടയിൽ ഈ മടിശ്ശീല ഇരുന്നിരുന്നു. ഞാനിവിടെക്കൊണ്ടുവന്നു ചാണകമൊക്കെ തുടച്ചുകളഞ്ഞു. മടിശ്ശീല പെട്ടിയിൽവെച്ചു സൂക്ഷിച്ചു. ആരെങ്കിലും ഉടമസ്ഥൻമാരന്വേഷിച്ചു വന്നാൽ കൊടുക്കണമെന്നും വിചാരിച്ചിരുന്നു. ഇതുവരെ ഉടമസ്ഥനെ കണ്ടില്ല. ഇപ്പോൾ ഇത് ഇവിടുത്തേതാണെന്നറിയാനിടയായതു വലിയ ഭാഗ്യമായി. ഇത് ഉടമസ്ഥനെ ഏല്പികൊടുക്കാനിടയാകാഞ്ഞിട്ടു ഞാൻ വളരെ വ്യസനിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സംഗതിയൊക്കെ വെളിവായി. നമ്പൂരി കുളിച്ചുജപിച്ചു കൊണ്ടുനിന്ന സമയം അവിടെ ഒരു പശു പുല്ലു തിന്നുകൊണ്ടു നിന്നിരുന്നു. ആ പശു ഈ മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടു. അതു നമ്പൂരി കണ്ടില്ല. ചാണകത്തിനടിയിൽ മടിശ്ശീലയുണ്ടായിരിക്കുമെന്നോ പശു അതിന്റെ മീതെ ചാണകമിട്ടിരിക്കുമെന്നോ അദ്ദേഹം വിചാരിച്ചുമില്ല. അദ്ദേഹം നോക്കിയത് ചാണകം കിടന്നതിന്റെ അടുക്കലൊക്കെ യായിരുന്നു. ഊണു കഴിക്കാനുള്ള പരിഭ്രമംകൊണ്ടു മടിശ്ശീലവെച്ചത് എവിടെയായിരുന്നുവെന്ന് അദ്ദേഹത്തിന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഈ സ്ത്രീ കുളിക്കാൻ ചെന്നതും ചാണകം വാരിക്കൊണ്ടു പോന്നതും നമ്പൂരി കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോയതിന്റെ ശേഷമായിരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യം പറ്റിയതെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലായി. ഉടനെ ആ നമ്പൂരി ആ പണത്തിൽ പകുതി മാറ്റിവെച്ചിട്ട് "ഇതെനിക്കിപ്പോൾ വെറുതേ തന്നതുപൊലെയാണിരിക്കുന്നത്. അതിനാൽ എനിക്കു പകുതി മതി. പകുതി നിനക്കുമിരിക്കട്ടെ" എന്ന് സ്ത്രീയോടു പറഞ്ഞു. അപ്പോൾ ആ സ്ത്രീ "ഞാനിതിലൊരു കാശുപൊലും വാങ്ങുകയില്ല. ഞാനങ്ങനെ ആഗ്രഹിച്ചല്ല ഇതു സൂക്ഷിച്ചുവെച്ചിരുന്നത്. അന്യന്റെ മുതൽ വല്ല സ്ഥലത്തുമിരുന്നു കിട്ടിയാൽ അതുടമസ്ഥനെ ഏല്പിക്കുക മര്യാദക്കാരുടെ ധർമമാണ്. അതിനു പ്രതിഫലം വാങ്ങുക കേവലം നീചത്വവുമാണ്. എനിക്കു വേണമെങ്കിൽ പകുതിയല്ല, മുഴുവനും തന്നെ എടുക്കാമായിരുന്നുവല്ലോ. അതു കൊണ്ടു ഞാനവിടുത്തെ സന്തോഷവും അനുഗ്രഹവും മാത്രമേ ഇതിനു പ്രതിഫലമായി ആഗ്രഹിക്കുന്നുള്ളു" എന്നു പറഞ്ഞു. ഇതു കേട്ടു സന്തു ഷ്ടമാനസനായ ആ ബ്രാഹ്മണോത്തമൻ അവിടെനിന്നെണീറ്റു രണ്ടു കയ്യുമുയർത്തി ആ സ്ത്രീയുടെ ശിരസ്സിൽ വെച്ചുകൊണ്ട് ആനന്ദാശ്രുക്കളോടുകൂടി സഗൽഗദം "അടുത്തയാണ്ടിൽ ഈ കാലത്തിനു മുമ്പായി നിനക്ക് അതിയോഗ്യനായ ഒരു പുത്രനുണ്ടാകട്ടെ" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. അപ്രകാരം തന്നെ ആ സ്ത്രീ അചിരേണ ഗർഭം ധരിക്കുകയും അതികോമളാംഗനായ ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. ആ പുത്രനാണ് കലക്കത്തു കുഞ്ചൻനമ്പ്യാരെന്നു വിശ്വവിശ്രുതനായ സരസകവികുലാഗ്രസരനായിത്തീർന്നതെന്നുള്ളത് ഇനി വിശേഷിച്ചു പറയണമെന്നില്ലല്ലോ.