ഐതിഹ്യമാലവാക്ഭടാചാര്യർ
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി വാക്ഭടാചാര്യർ | പ്രഭാകരൻ→ |
ഒരുകാലത്ത് മുഹമ്മദീയരുടെ അക്രമവും പ്രാബല്യവും നിമിത്തം വൈദ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം അവരുടെ കൈവശത്തിലായിത്തീർന്നു. ബ്രാഹ്മണരുടെ കൈവശം ഗ്രന്ഥങ്ങളൊന്നുമില്ലാതെയായതിനാൽ ആ ശാസ്ത്രം അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവരുമില്ലാതെയായി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ബ്രാഹ്മണരുടെ ഇടയിൽ വൈദ്യൻമാർ തന്നെ ഇല്ലാതെയായി. ആർക്കെങ്കിലും ഒരു ദീനമുണ്ടായാൽ മുഹമ്മദീയരുടെ അടുക്കൽ ചെന്നു ചോദിച്ച് അവർ പറയുന്നതു ചെയ്യുകയെന്നുള്ള ദിക്കായിത്തീർന്നു. ഈ സ്ഥിതി ബ്രാഹ്മണർക്ക് ആകപ്പാടെ വലിയ വ്യസനകാരണമായിത്തീർന്നു. അതിനാൽ പരദേശത്ത് ഒരു സ്ഥലത്തു യോഗ്യന്മാരായ അനേകം ബ്രാഹ്മണർ യോഗംകൂടി ഈ കഷ്ടത നീക്കാൻ എന്താണു വേണ്ടതെന്ന് ആലോചിച്ചു. "മുഹമ്മദീയരെ ജയിച്ചു ഗ്രന്ഥങ്ങൾ കൈയ്ക്കലാക്കാൻ അവരുടെ പ്രബലതയുടെ സ്ഥിതിക്കു സാധിക്കുകയില്ല. അവരുടെ അടുക്കൽച്ചെന്നു പഠിക്കാമെങ്കിൽ അവർ അവരുടെ ജാതിക്കാരെ അല്ലാതെ വൈദ്യശാസ്ത്രം പഠിപ്പിക്കുകയില്ല. അതിനാൽ ആരെങ്കിലും മുഹമ്മദീയവേഷം ധരിച്ചു നല്ല വൈദ്യനായ ഒരു മുഹമ്മദീയന്റെ അടുക്കൽ ചെന്ന് ഉപായത്തിൽ പഠിച്ചുവരണം. അല്ലാതെ നിവൃത്തിയൊന്നുമില്ല" എന്ന് എല്ലാവരുംകൂടി ആലോചിച്ചു തീർച്ചയാക്കി. പിന്നെ അതിനാരാണു പോകേണ്ടത് എന്നുള്ള ആലോചനയായി. "അതിനു നമ്മുടെ കൂട്ടത്തിൽ വാക്ഭടനോളം ബുദ്ധിയും സാമർഥ്യവുമുണ്ടായിട്ടു മറ്റാരുമില്ല" എന്നും എല്ലാവരും ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. അപ്പോൾ ആ സദസ്സിൽത്തന്നെ ഉണ്ടായിരുന്ന വാക്ഭടാചാര്യർ "നിങ്ങളുടെയൊക്കെ അനുഗ്രഹമുണ്ടെങ്കിൽ ഞാൻപോയി ഇതു സാധിച്ചുവരാം" എന്നു സമ്മതിച്ചു പറഞ്ഞു. വാക്ഭടാചാര്യർക്ക് അന്നു വളരെ ചെറുപ്പമായിരുന്നു. ഒരിരുപതു വയസ്സിലധികമായിരുന്നില്ല. എങ്കിലും അദ്ദേഹം വേദശാസ്ത്രപുരാണേതിഹാസങ്ങളിൽ അതിനിപുണനായിത്തീർന്നിരുന്നു. അദ്ദേഹം ആ ബ്രാഹ്മണശ്രേഷ്ഠൻമാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടു സദസ്സിൽനിന്നിറങ്ങി. ബ്രാഹ്മണർ യോഗം കൂടിയത് ഒരു നദീതീരത്തുള്ള ശാലയിലായിരുന്നു. ആ സ്ഥലത്തിന്റെ മറുകരയിൽത്തന്നെ വൈദ്യശാസ്ത്രത്തിൽ അതിനിപുണനും പ്രസിദ്ധവൈദ്യനും പഠിപ്പിക്കുന്നതിന് ഏറ്റവും സമർത്ഥനും വലിയ ധനവാനുമായ ഒരു മുഹമ്മദീയൻ താമസിക്കുന്നുണ്ടായിരുന്നു. അവന്റെ അടുക്കൽതന്നെ ചെന്ന് പഠിക്കാമെന്നു വാക്ഭടാചാര്യർ തീർച്ചപ്പെടുത്തി. പിന്നെ അദ്ദേഹം മുഹമ്മദീയവേഷത്തിനു വേണ്ടുന്ന ഉടുപ്പ്, തൊപ്പി മുതലായവയെല്ലാം ശേഖരിച്ചുകൊണ്ട് ഒരു ദിവസം രാവിലെ കുളിയും നിത്യകർമാനുഷ്ഠാനാദികളും ഭക്ഷണവും കഴിച്ചു ബ്രാഹ്മണശ്രേഷ്ഠൻമാരെ വീണ്ടും വന്ദിച്ചിട്ട് വേഷം മാറി അവിടെനിന്നും പുറപ്പെട്ടു. കാര്യസിദ്ധിക്കായി ഈശ്വരപ്രാർത്ഥന ചെയ്തു കൊണ്ട് ആ ബ്രാഹ്മണോത്തമൻമാർ അവിടെത്തന്നെ താമസിക്കുകയും ചെയ്തു.
വാക്ഭടാചാര്യർ മുഹമ്മദീയവേഷം ധരിച്ചുകൊണ്ട് ആ മുഹമ്മദീയവൈദ്യന്റെ അടുക്കൽ ചെന്നു വന്ദിച്ചു. അപ്പോൾ വൈദ്യൻ അനേകം ശിഷ്യൻമാരെ അടുക്കലിരുത്തി വൈദ്യശാസ്ത്രം പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വേഷം കണ്ടു സ്വജാതീയനാണെന്നു തീർച്ചപ്പെടുത്തിക്കൊണ്ട് വൈദ്യൻ "നീ എവിടെനിന്നു വരുന്നു? എന്തിനു വന്നു?" എന്നു ചോദിച്ചു.
വാക്ഭടൻ: ഞാൻ കുറച്ചു വടക്കുനിന്നാണ് വരുന്നത്. അവിടുത്തെ പേരു ഞങ്ങളുടെ ദിക്കിലൊക്കെ പ്രസിദ്ധമാണ്. ഇതുപോലെ ഒരു വൈദ്യൻ ഭൂലോകത്തിൽ വേറെയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാൽ അവിടുത്തെ അടുക്കൽ കുറച്ചു വൈദ്യശാസ്ത്രം പഠിച്ചാൽകൊള്ളാമെന്നു വിചാരിച്ചാണ് വന്നത്. അതിന് അവിടയ്ക്കു കൃപയുണ്ടാകണം.
വൈദ്യൻ: ഓ! ഇതു നമുക്കു വളരെ സന്തോഷം. നാം നിന്നെ ഒന്നു പരീക്ഷിച്ചുനോക്കട്ടെ. പഠിക്കാൻ ബുദ്ധിയുള്ളവനെന്നു കണ്ടാൽ നാം നിന്നെ പഠിപ്പിക്കാം. ബുദ്ധിയില്ലാത്ത മടിയൻമാർക്കുവേണ്ടി ബുദ്ധിമുട്ടാൻ നമുക്കു മനസ്സില്ല. ഇവിടെ പഠിക്കുന്നവർക്കെല്ലാം ചെലവിനു നാം കൊടുക്കും. അങ്ങനെയാണ് പതിവ്. അതിനാൽ നീ അകത്തുചെന്ന് ഊണു കഴിച്ചു വരണം. പിന്നെ നോക്കാം.
വാക്ഭടൻ: ഞാനിപ്പോൾ ഊണുകഴിച്ചതാണ്. അതിനാൽ ഇനി ഇപ്പോൾ വേണമെന്നില്ല.
വൈദ്യൻ: അതു നിന്റെ ഇഷ്ടംപോലെ, ഞാൻപറയാനുള്ളതു പറഞ്ഞു. ഊണുവേണ്ടെങ്കിൽ ഇപ്പോൾതന്നെ പഠിപ്പിച്ചുനോക്കാം. നിനക്കു ഗ്രന്ഥം വല്ലതുമുണ്ടോ?
വാക്ഭടൻ: എന്റെ കയ്യിലൊരു ഗ്രന്ഥവുമില്ല.
ഇതുകേട്ടു വൈദ്യൻതന്നെ ഒരു ഗ്രന്ഥമെടുത്തുകൊണ്ടുവന്നു കൊടുത്തു പഠിപ്പിച്ചുനോക്കി. സ്വൽപം പഠിപ്പിച്ചുനോക്കിയപ്പോൾ വൈദ്യനു വളരെ സന്തോഷവും വിസ്മയവും തോന്നി. ഇത്രയും ബുദ്ധിയും ശ്രദ്ധയും പഠിക്കാനുള്ള വാസനയുമുള്ള ഒരാളെ അയാൾ അതിനുമുമ്പ് കണ്ടിരുന്നില്ല. അതിനാൽ വൈദ്യൻ 'നീ മിടുക്കൻതന്നെ. നിന്നെ പഠിപ്പിക്കാൻ നമുക്കു വളരെ സന്തോഷമുണ്ട്. നിനക്ക് ഇവിടെത്തന്നെ താമസിക്കാം. ചെലവിനെല്ലാം നാം തരും. നീ ഒരു കാശുപോലും ചെലവു ചെയ്യണമെന്നില്ല. ശരിയായി പഠിക്കുക മാത്രം ചെയ്താൽ മതി' എന്നു പറഞ്ഞു.
വാക്ഭടൻ: എനിക്ക് ഈ നദിയുടെ അങ്ങേക്കരയിൽ ഒരു ബന്ധുഗൃഹമുണ്ട്. അവിടെ ഒരു ചാർച്ചയും വേഴ്ചയുമൊക്കെയുള്ളതിനാൽ ഞാനവിടെ താമസിച്ചുകൊള്ളാം. അവിടുന്നു ചെലവിനൊന്നും തരണമെന്നില്ല. കൃപയുണ്ടായി പഠിപ്പിക്കുകമാത്രം ചെയ്താൽ മതി എന്നു പറഞ്ഞു.
വൈദ്യൻ: അതു നാം ചെയ്യാമെന്നു പറഞ്ഞുവല്ലോ. പിന്നെയൊക്കെ നിന്റെ ഇഷ്ടംപോലെ. ഞാൻപറയാനുള്ളതു പറഞ്ഞു.
പകലെ ആകുന്നതുവരെ പഠിച്ചതിന്റെശേഷം വാക്ഭടാചാര്യർ തിരിയെപ്പോന്നു. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞു കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം കുളിയും ജപവും ഭക്ഷണവും മറ്റും കഴിഞ്ഞു മുഹമ്മദീയവേഷത്തിൽ വൈദ്യന്റെ അടുക്കൽചെന്നു പഠിക്കുകയും തിരിച്ചുപോരുകയും ചെയ്തു. ഇങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ആ ഗുരുവിന് ആ ശിഷ്യനെ പഠിപ്പിക്കാനുള്ള ഉത്സാഹവും സന്തോഷവും സാമാന്യത്തിലധികം വർദ്ധിച്ചുവശായി. അതിനാൽ ഒരു ദിവസം വൈകുന്നേരം വാക്ഭടാചാര്യർ പഠിത്തം നിർത്തിപ്പോരാൻ ഭാവിച്ച സമയം ആ വൈദ്യൻ, 'നിനക്കു മനസ്സുണ്ടെങ്കിൽ അത്താഴം കഴിഞ്ഞു വന്നാലും പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്. നിന്റെ ഇഷ്ടം പോലെയാവാം' എന്നു പറഞ്ഞു. കഴിയുന്നതും വേഗത്തിൽ പഠിക്കാനുള്ളതു പഠിച്ചുകൊണ്ടു തന്റെ കളവു പുറത്താകാതെ അവിടെനിന്നു കടക്കണമെന്നായിരുന്നു വാക്ഭടാചാര്യരുടെ വിചാരവും. അതിനാൽ ഗുരുവിന്റെ ഈ വാക്ക് അദ്ദേഹത്തിന് ഏറ്റവും സന്തോഷാവഹമായിത്തീർന്നു. "എന്നാൽ ഞാനത്താഴം കഴിഞ്ഞു വരാം. പഠിക്കാനുള്ളതും പഠിച്ചുകൊണ്ട് കഴിയുന്നതും വേഗത്തിൽ നാട്ടിലേക്കു മടങ്ങിപ്പോയാൽ കൊള്ളാമെന്ന് എനിക്കുമുണ്ട്. വീട്ടിലുള്ളവർ എന്നെക്കാണാഞ്ഞിട്ടു വ്യസനിച്ചിരിക്കുകയായിരിക്കും. എന്റെ മോഹംകൊണ്ടു ഞാനിതിനായിച്ചാടിപ്പോന്നു എന്നേയുള്ളൂ" എന്നു പറഞ്ഞ് അദ്ദേഹം മടങ്ങിപ്പോരുകയും അത്താഴം കഴിഞ്ഞു വീണ്ടും അവിടെ എത്തുകയും ചെയ്തു. അപ്പോഴേക്കും വൈദ്യനും അത്താഴം കഴിഞ്ഞു തന്റെ ശിഷ്യന്റെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടു തയ്യാറായി ഇരിക്കുന്നുണ്ടായിരുന്നു. രാത്രിയിലെ പഠിത്തം വൈദ്യന്റെ ശയനഗൃഹത്തിലായിരുന്നു. അതൊരു ഏഴുനിലമാളികയായിരുന്നു. രാത്രിയിൽ ഈ ഒരു ശിഷ്യനെ അല്ലാതെ മറ്റാരെയും ആ ഗുരു പഠിപ്പിച്ചിരുന്നില്ല.
പഠിത്തം തുടങ്ങിയാൽ ഗുരു മതിയെന്നു പറഞ്ഞിട്ടു മതിയാക്കാമെന്നു വിചാരിച്ചു ശിഷ്യനും, ശിഷ്യനു മതിയെന്നു തോന്നുന്നതുവരെ പഠിപ്പിച്ചേക്കാമെന്നു ഗുരുവും വിചാരിച്ചു. രാത്രിയിലും പകലും അവർ വളരെനേരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചില ദിവസം രാത്രിയിൽ പഠിത്തം തുടങ്ങിയാൽ കോഴികൂകുന്നതു കേട്ടാണ് പഠിത്തം മതിയാക്കുക പതിവ്. ഉത്സാഹവും സന്തോഷവുംകൊണ്ട് അതുവരെ നേരംപോകുന്നതു രണ്ടുപേരും അറിയാറില്ല. ഇങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും വൈദ്യശാസ്ത്രങ്ങളെല്ലാം വാക്ഭടാചാര്യർ പഠിച്ചുതീർത്തു. എങ്കിലും ഗുരുവിനു തൃപ്തിയായിക്കഴിഞ്ഞില്ല. പിന്നെ ആ ഗുരു വൈദ്യസംബന്ധങ്ങളായ ഓരോ പ്രയോഗങ്ങളെപ്പറ്റി വാക്കാൽ ഉപദേശിച്ചുതുടങ്ങി. വാക്ഭടാചാര്യർ അവയും കേട്ടു ധരിച്ചുകൊണ്ടിരുന്നു. ഗുരു രാത്രികാലങ്ങളിൽ കട്ടിലിൽ കിടന്നുകൊണ്ട് ഓരോന്നു പറയുകയും ശിഷ്യൻ താഴെയിരുന്ന് എല്ലാം കേട്ടു ധരിക്കയുമാണ് പതിവ്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ ഗുരു "എന്റെ കാലു കഴയ്ക്കുന്നു. നീയീ കട്ടിലിൽക്കയറിയിരുന്ന് എന്റെ കാലു കുറച്ചു തലോട്" എന്നു പറഞ്ഞു. വാക്ഭടാചാര്യർ ഒട്ടും മടിക്കാതെ അപ്രകാരം ചെയ്തു. രാത്രി അധികമായിരുന്നതുകൊണ്ടും വാക്ഭടാചാര്യർ കാലു തടവുന്നതിന്റെ സുഖംകൊണ്ടും കുറച്ചുകഴിഞ്ഞപ്പോൾ വൈദ്യൻ ഉറങ്ങിത്തുടങ്ങി. അപ്പോൾ വാക്ഭടാചാര്യരുടെ മനസ്സിൽ ഒരു വിചാരമുണ്ടായി. "കഷ്ടം! എന്റെ വിധി ഇപ്രകാരമായിത്തീർന്നുവല്ലോ. ഞാൻ ഒരുത്തമബ്രാഹ്മണകുലത്തിലാണ് ജനിച്ചത്. വേദശാസ്ത്രപുരാണേതിഹാസങ്ങളെല്ലാം ഗ്രഹിച്ചു. ഇങ്ങനെയൊക്കെയായിട്ടും ഒരു നീചന്റെ കാൽ പിടിക്കാനാണല്ലോ എനിക്കു സംഗതിയായത്." ഈ വക വിചാരംകൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ സഹിക്കവയ്യാതെകണ്ടുള്ള വ്യസനമുണ്ടായി. പെട്ടെന്ന് അദ്ദേഹമറിയാതെ കുറെ കണ്ണുനീര് പുറപ്പെട്ടുപോവുകയും ചെയ്തു. വാക്ഭടാചാര്യരുടെ നാലഞ്ചുതുള്ളി കണ്ണനീര് ആ മുഹമ്മദീയന്റെ കാലിൻമേൽ വീണു. അയാൾ പെട്ടെന്നു കണ്ണതുറന്നുനോക്കി. അപ്പോൾ ശിഷ്യന്റെ മുഖം അശ്രുപൂർണേക്ഷണമായിരിക്കുന്നതുകണ്ട്, "ഇവൻ നമ്മെച്ചതിച്ചു. ഇവൻ നമ്മുടെ ജാതിക്കാരനല്ല. ഇവനെ വിട്ടയയ്ക്കാൻ പാടില്ല. ഇവന്റെ കഥ ഇപ്പോൾ കഴിക്കണം" എന്നിങ്ങനെ വിചാരിച്ചുകൊണ്ട് അയാൾ പെട്ടെന്നെണീറ്റ് ഒരു വാൾ കൈയ്യിലെടുത്തു. അതു കണ്ടു വാക്ഭടാചാര്യർ, "കാര്യം തെറ്റി. ഇവൻ ഇപ്പോളെന്റെ കഥ കഴിക്കും. നീചന്റെ വെട്ടുകൊണ്ടു മരിക്കുന്നതു കഷ്ടമാണ്. അതു കൂടാതെ കഴിക്കണം. നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ഈശ്വരൻ എന്നൊരാളുണ്ടെന്നു പറയുന്നതും സത്യമാണെങ്കിൽ എനിക്ക് തരക്കേടൊന്നും പറ്റുകയില്ല" എന്നിങ്ങനെ വിചാരിച്ചുകൊണ്ട് ആ ഏഴുനില മാളികയുടെ ഒരു കിളിവാതിലിൽകൂടി പെട്ടെന്നു കീഴ്പോട്ടു ചാടി വളരെ പൊക്കമുള്ള ആ മാളികയുടെ മുകളിൽ നിന്നു താഴെച്ചെന്നു വീണിട്ടു വാക്ഭടാചാര്യർക്കു കാലിനൽപം മുടവു (മുടന്ത്) പറ്റിയതല്ലാതെ വേറെ യാതൊരു തരക്കേടും പറ്റിയില്ല. അദ്ദേഹം അവിടെനിന്നെണീറ്റ് ഒരുവിധം ഓടി ശത്രുക്കളുടെ കയ്യിലകപ്പെടാതെ പുഴ അക്കരെ കടന്നു. ഉടനെ കുളിയും കഴിച്ചു ബ്രാഹ്മണസദസ്സിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ കാലിനു സ്വല്പം അസ്വാധീനമുള്ളതായിക്കണ്ടിട്ടു ബ്രാഹ്മണർ കാരണം ചോദിച്ചു. അപ്പോൾ ഉണ്ടായ വർത്തമാനമെല്ലാം വാക്ഭടാചാര്യർ വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു. ഉടനെ ബ്രാഹ്മണർ "എന്തു സങ്കൽപ്പത്തോടു കൂടിയാണ് മാളികയിൽനിന്നു ചാടിയത്?" എന്നു ചോദിച്ചു. അതിനു മറുപടിയായി വാക്ഭടാചാര്യർ "നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും ഈശ്വരൻ എന്നൊരാളുമുണ്ടെന്നു പറയുന്നതും സത്യമാണെങ്കിൽ എനിക്കു തരക്കേടൊന്നും പറ്റുകയില്ല എന്നു സങ്കൽപ്പിച്ചുകൊണ്ടാണ് ഞാൻചാടിയത്" എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണർ "എന്നാൽ അങ്ങനെ വന്നത് ഒരത്ഭുതമല്ല. "സത്യമാണെങ്കിൽ" എന്നായിപ്പോയതെന്താണ്? അപ്പോൾ അതിൽ വിശ്വാസമില്ല, അല്ലേ? "നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും ഈശ്വരനും ഉള്ളതുകൊണ്ട്" എന്നായിരുന്നുവെങ്കിൽ ഈ വിധം അബദ്ധം പറ്റുകയില്ലായിരുന്നു. അങ്ങനെ തോന്നിയില്ലല്ലോ. അതിനാൽ അങ്ങു ഭ്രഷ്ടനായിരിക്കുന്നു. ഇനി ഞങ്ങളുടെ കൂട്ടത്തിലിരിക്കാൻ അങ്ങു യോഗ്യനല്ല. പുറത്തേക്കു പോകാം" എന്നു പറഞ്ഞു. അതു കേട്ടു വാക്ഭടാചാര്യർ "ശരിതന്നെയാണ്. ഇനി ഞാൻനിങ്ങളുടെ കൂട്ടത്തിലിരിക്കുന്നില്ല" എന്നു പറഞ്ഞു സമാജശാലയിൽനിന്നു പുറത്തിറങ്ങി. പിന്നെ അദ്ദേഹം "ഇനി എന്താണ് വേണ്ടത്? ഏതായാലും ഇനി ഈ ദിക്കിൽ താമസിക്കാൻ സുഖമില്ല. ഇപ്പോൾതന്നെ വല്ലവഴിക്കും പൊയ്ക്കളയാമെന്നുവെച്ചാൽ എന്റെ പ്രയത്നം മുഴുവനും നിഷ്ഫലമാകും ഇനിയൊരാൾ വിചാരിച്ചാൽ ഈ മുഹമ്മദീയരുരുടെ അടുക്കൽനിന്ന് ഈ വിദ്യ തട്ടിയെടുക്കാനത്ര എളുപ്പമല്ല. അതിനാൽ എന്റെ പ്രയത്നത്തിന്റെ ഫലം ഇവർക്ക് അനുഭവയോഗ്യമാക്കിക്കൊടുത്തിട്ടുവേണം ഇവിടെനിന്നും പോകാൻ" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം കുറച്ചുകാലം അവിടെത്തന്നെ താമസിച്ചു. ബ്രാഹ്മണരുമായി യാതൊരുവിധത്തിലും സ്പർശത്തിനിടവരാതെ അദ്ദേഹം പ്രത്യേകമൊരു സ്ഥലത്തു സ്വയം പാകം ചെയ്തു ഭക്ഷണം കഴിച്ചുകൊണ്ടാണ് താമസിച്ചത്.
വാക്ഭടൻ അങ്ങനെ താമസിച്ചുകൊണ്ട് ആദ്യംതന്നെ "അഷ്ടാംഗ സംഗ്രഹം" എന്നൊരു വൈദ്യശാസ്ത്രഗ്രന്ഥമെഴുതിയുണ്ടാക്കി. അത് മറ്റുള്ള വൈദ്യശാസ്ത്രഗ്രന്ഥങ്ങളുടെയെല്ലാം സാരാംശങ്ങളെ സംഗ്രഹിച്ചും വളരെ ചുരുക്കിയുമാണുണ്ടാക്കിയത്. എങ്കിലും അദ്ദേഹത്തിന്ന് അതുകൊണ്ടു തൃപ്തിയായില്ല. മറ്റുള്ള വൈദ്യശാസ്ത്രഗ്രന്ഥങ്ങളെക്കാളൊക്കെ ചുരുക്കമായിട്ടാണതുണ്ടാക്കിയതെങ്കിലും ചുരുങ്ങിയതു മതിയായില്ലെന്നാണ് അദ്ദേഹത്തിനു തോന്നിയത്. എന്നു മാത്രമല്ല, അതു ഗദ്യവും പദ്യവുംകൂടിയായതുകൊണ്ടു പഠിക്കുന്നവർക്കു ഹൃദിസ്ഥമാക്കുന്നതിനു പ്രയാസമായിരിക്കുമെന്നും അദ്ദേഹത്തിനു തോന്നി. സംഗ്രഹത്തെക്കാൾ ചുരുക്കമായിട്ടും എന്നാൽ സംഗതികളെല്ലാം അടക്കിയും പദ്യങ്ങൾ മാത്രമായിട്ടും ഒരു ഗ്രന്ഥമുണ്ടാക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. ആ നിശ്ചയത്തോടുകൂടി വാക്ഭടാചാര്യരുണ്ടാക്കിയതാണ് അഷ്ടാംഗഹൃദയം. അതിന്റെ ശേഷം അദ്ദേഹം ജനോപകാരാർത്ഥം "അമരകോശം" എന്ന അഭിധാനഗ്രന്ഥവുമുണ്ടാക്കി. അതു വേറെയുള്ള അഭിധാനഗ്രന്ഥങ്ങളുടെ സാരസംഗ്രഹവുമാണ്. ഇങ്ങനെ മൂന്നു ഗ്രന്ഥങ്ങളുണ്ടാക്കി ബ്രാഹ്മണസന്നിധിയിൽ സമർപ്പിച്ചിട്ടു വാക്ഭടാചാര്യർ അവിടെനിന്നു പോവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടുള്ളതായി ഒരു കേൾവിയുമില്ല. അതിനാൽ അതിൽപ്പിന്നെ അദ്ദേഹം എവിടെ, ഏതു സ്ഥിതിയിൽ താമസിച്ചിരുന്നുവെന്നും, എവിടെവച്ച് ഏതുവിധത്തിൽ, എന്ന് ചരമഗതിയെ പ്രാപിച്ചുവെന്നും മറ്റുമുള്ള യാതൊരു കഥയും അർക്കും അറിവില്ല.
വാക്ഭടാചാര്യർ പോയതിന്റെ ശേഷം "ഭ്രഷ്ടനാലുണ്ടാക്കപ്പെട്ട ഗ്രന്ഥങ്ങൾ സ്വീകരിക്കാമോ" എന്നു ബ്രാഹ്മണർക്കു വലിയ സംശയമായി. ഇവ ഭ്രഷ്ടനാലുണ്ടാക്കപ്പെട്ടവയാണെന്നുള്ള ഓർമക്കായി ഏകാദശിനാൾ ഈ മൂന്നു ഗ്രന്ഥങ്ങളും പഠിച്ചുകൂടായെന്നുകൂടി അവർ നിശ്ചയിച്ചു. അതിനാൽ ഇന്നും അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം, അമരകോശം ഈ മൂന്നു ഗ്രന്ഥങ്ങൾ ഏകാദശിനാൾ പഠിക്കുകയും പഠിപ്പിക്കുകയും പതിവില്ല.