2020, ഡിസംബർ 3, വ്യാഴാഴ്‌ച

അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി

 

അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.

'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും, വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം.

മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍.

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായി യെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നു വെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

 

ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.

================================================

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും.


ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍ കയറ്റി. ഇരുവരും ചങ്ങാതികളായി. എന്നാല്‍ ഇവര്‍ രണ്ടുപേരും ഒരേ ദേവിമാരാണെന്നും ആയിറ്റി ഭഗവതിയുടെ മറ്റൊരു പേരാണ് ഉച്ചൂളി കടവത്ത് ഭഗവതി എന്നും മറ്റൊരു അഭിപ്രായമുണ്ട്.


വണ്ണാന്‍ സമുദായ ക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്. മുകയരുടെ കുലദൈവമാണ് പുന്നക്കാല്‍ ഭഗവതി എന്നറിയപ്പെടുന്ന ആയിറ്റി ഭഗവതി. മുകയരുടെ പ്രാചീനമായ തറവാട് കണ്ണൂര്‍ ജില്ലയിലെ കുറവന്തേരി വലിയ തറവാടാണ്. ഉത്സവത്തിനു എല്ലാ മുകയ സമുദായക്കാരും ഇവിടെ ഒത്തു കൂടും. ആര്യപൂമാല ഭഗവതിയായും, നിലമംഗലത്ത് ഭഗവതിയായും ആര്യക്കര ഭഗവതിയായും പല പേരുകളില്‍ ഈ ദേവി അറിയപ്പെടുന്നുണ്ട്.


വേങ്ങാക്കോട്ട് ഭഗവതിക്കും ആയിറ്റി ഭഗവതി സങ്കല്‍പ്പ മാണുള്ളത്. ദേവി കപ്പല്‍ വഴി വരുമ്പോള്‍ എടത്തൂരാമഴിയില്‍ വെച്ച് നെല്ലിക്കാതീയനെ കണ്ടുമുട്ടുകയും കൂടെ പോവുകയുമാണ് ഉണ്ടായത്. ആയിറ്റി കാവില്‍ കുടിയിരുന്നതിനാല്‍ ആയിറ്റി ഭഗവതി എന്ന് വിളിക്കപ്പെട്ടു

വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രംപാലക്കാട് ജില്ല

 



വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം പാലക്കാട് ജില്ല

=====================================================


കേരളത്തിൽ, പാലക്കാട് ജില്ലയിൽപാലക്കാട് നഗരത്തിനടുത്തുള്ളവടക്കന്തറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം.


ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായമഹാവിഷ്ണുമുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെതൊട്ടടുത്താണ്ഈ ക്ഷേത്രം  സ്ഥിതിചെയ്യുന്നത്. ഭഗവതിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്ക പ്പെടുന്നത്. ഉപദേവത കളായി ഗണപതി, ധന്വന്തരി എന്നിവരും ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ  കീഴിലാണ് ഈ ക്ഷേത്രം.


ഐതിഹ്യം


ഏകദേശം അറുന്നൂറു വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു വാര്യർ കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണു സാന്നിദ്ധ്യം അനുഭവ പ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തി നടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നു 


പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. അതിനുമുമ്പ് സമീപ സ്ഥലമായ മേലാമുറിയിലെനടുപ്പതിമന്ദം ക്ഷേത്രത്തിലായിരുന്നു ഭഗവതിപ്രതിഷ്ഠ. ടിപ്പു സുൽത്താന്റെപടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രം തകർക്കപ്പെട്ട പ്പോൾ അവിടത്തെ ഭഗവതിയെ വടക്കന്തറയിലെ പ്രസിദ്ധമായ ഒരു നായർ കുടുംബമായ തരവത്ത് തറവാട്ടിൽ കൊണ്ടുവരികയും കുറച്ചുകാലം കഴിഞ്ഞ് രാമപുരം ക്ഷേത്രത്തിലെ-അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പിന്നീട് അത്തിമരം നിലനിർത്തിക്കൊണ്ടുതന്നെ ശ്രീകോവിലും പണിതു. അങ്ങനെയാണ് ഭഗവതിക്ഷേത്രമുണ്ടായത്. ഇന്ന് രണ്ടും ഒരുമിച്ചാണ് നടന്നുപോരുന്നത്.


വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രമൈതാനം കിടക്കുന്നു. വാഹനപാർക്കിങ് സൗകര്യവും അവിടെത്തന്നെയാണ്. വിഷ്ണുക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്  ഗോപുരവുമെല്ലാം പണിതിട്ടുണ്ട്. ഇവയെല്ലാം താരതമ്യേന പുതിയതാണ്. ഏറെക്കാലം ജീർണ്ണാ വസ്ഥയിലായിരുന്ന ഈ ക്ഷേത്രം 2006-ൽ പുനരുദ്ധരിച്ചിരുന്നു. അതിനുശേഷമാണ് ഇവ പണിതിട്ടുള്ളത്. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്ര മതിലകത്ത് വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. രണ്ടുനിലകളോടെ പണിത ക്ഷേത്രഗോപുരം പുതുമ മാറാതെ നിൽക്കുന്നു. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവത്  വാഹനമായ ഗരുഡനെശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. തെക്കുഭാഗത്ത് ദേവസ്വം വക വഴിപാട് കൗണ്ടറുകൾ കാണാം.

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ

മനുഷ്യ ജന്മത്തിലെ ആറ് പ്രധാന പടികൾ .

ഹൈന്ദവ വിശ്വാസികൾ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കർത്തവ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയവർ) അങ്ങനെയായിരുന്നല്ലോ. താൻ മറ്റുള്ളവരെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത്. അതായത് മനുഷ്യൻ അവനവന്റെ കർത്തവ്യങ്ങൾ അപ്പോഴപ്പോൾ ചെയ്തു തീർക്കേണ്ടത് ചെയ്തു തീർക്കുക തന്നെ വേണം. മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

1) മനുഷ്യ ജന്മം ആരംഭഘട്ടമാണ്. പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. ജീവാത്മാവ് പഞ്ചഭൂത നിർമ്മിതമായ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ശരീരത്തിൽ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.

2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാലാഴി നുകർന്നും, മാതൃപിതൃ വാത്സല്യം അനുഭവിച്ചും, മാതാപിതാ ബന്ധുജനങ്ങളുടെ ലാളനചുംബനാദികൾക്ക് പാത്രീഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.

3) മൂന്നാമത്തേത് യവ്വന കാലമാണ്. മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തിൽ വളർന്ന് സജ്ജനങ്ങളുടെ സത്സംഗത്തിൽ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വര സാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും
ഗുരുവിനോടുമുള്ള കർത്തവ്യം ഇവിടെ നിന്നും ആരംഭിക്കുന്നു.

4) യവ്വനം കഴിഞ്ഞാൽ അടുത്തത് ഗൃഹസ്ഥാശ്രമ മാര്ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും അതോടോപ്പോം ഒരു അച്ഛന്റെ കർത്തവ്യവും ഇതിൽക്കൂടി നിർവ്വഹിക്കാൻ ബാധ്യസ്ഥനാണ്.

5) ഈ നാലു 'പടികളും' കഴിഞ്ഞാൽ ഇനിയുള്ളതു ഈശ്വര സാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാർഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം (a vicious circle). എന്ന് വച്ചാൽ കടലിൽ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയിൽ  പതിച്ചു നദികളിൽ കൂടിയൊഴുകി സമുദ്രത്തിലോട്ടു ചെന്ന് ചേരാൻ കാട്ടുന്ന പ്രക്രിയയെപ്പോലെയാണ് എന്ന് സാരം.

6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മ ചൈതന്യത്തിൽ അഭയം പ്രാപിക്കുന്നു. അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം ഭൂമിയിൽ മലർത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യിൽ ദഹിപ്പിക്കുന്നതും, 'വായു'വിൽ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.

ഈ ആറു പടികളും കടന്നാൽ മാത്രമെ മനുഷ്യ ജന്മ്ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഢകൊപനിഷത്തിൽ പറയുന്നു 'ജീവാത്മാവ് പരം ധാമിൽ ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ് എന്ന് വ്യക്തം.

കുണ്ഢലിനിയോഗത്തിൽ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലിൽ ആറു പൂരകങ്ങൾ ഉണ്ടന്നാണ്. അവയെ ഉണർത്തുമ്പോൾ ആത്മബോധം ഉണ്ടാകുകയും ഉണർവ്വ് സഹസ്രാര പത്മത്തിലെത്തുകയും അതോടെ ജീവന്മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്
" പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവ ശംഭോ! എന്ന് വിശേഷിപ്പിക്കുന്നതും.

ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികൾ (ഇശ്ചാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി) കൊണ്ട് വശം വദയാക്കുമ്പോൾ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്. ഞാൻ നീയും നീ ഞാനുമാണ്)

വാക്കിന്റെ ശക്തി

 വാക്കിന്റെ ശക്തി

======================

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങൾ ഉണ്ടായിരിക്കണം. കേൾക്കുന്നവർക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാൽ, ഈവിധം നല്ല കാര്യങ്ങൾ പറയുന്നവർ ചുരുക്കമാണ്.

നമ്മളിൽ പലരുടേയും വാക്ക് നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതിൽ നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലർക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകൾ പരസ്പരം വിദ്വേഷവും വൈരവും വളർത്തുന്നൂ.

മഹാഭാരത യുദ്ധത്തിൽ അർജുനനും കർണനും തമ്മിൽ യുദ്ധം നടന്ന ആദ്യ ദിവസം കർണനെ കൊല്ലാൻ അർജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരൻ അര്‍ജുനനോടു പറഞ്ഞു.

" കർണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തു പറ്റി? കർണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ. "

അതുകേട്ട് അർജുനൻ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അർജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ,  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.

ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അർജുനൻ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാൻ പറഞ്ഞു.

" അർജുനാ, നിൽക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞ ചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിറവേറ്റാം. "

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഭഗവാൻ തുടർന്നു.

" യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ പാലിച്ചതിനു തുല്യമാകുകയും ചെയ്യും. ''

അതുകേട്ട് അർജുനൻ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അർജുനന് സ്ഥലകാലബോധം വന്നത്.

" പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാൻ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്? "

ഇങ്ങനെ ചിന്തിച്ച് അർജുനൻ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അതിനായി തീ കൂട്ടി അതിൽ ചാടാൻ ഒരുമ്പെട്ടു. അപ്പോഴും ഭഗവാൻ അർജുനനെ തടഞ്ഞു.  ഭഗവാൻ പറഞ്ഞു,

" അർജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാർഗമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്. ''

ഇതുകേട്ട് അർജുനൻ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാൽ ഞാൻ എല്ലാം ചെയ്തു. എന്റെ കഴിവു കൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്.

അടുത്ത ശ്വാസം പോലും നമ്മുടെ കൈയിലല്ല. ''ഞാൻ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആൾ മറിഞ്ഞു വീണ് മരിച്ചു പോകാം. എല്ലാം ചെയ്യുന്നതു ഞാൻ ആണെന്നു പറയുന്നവർക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാൻ കഴിയുമോ? പരമാത്മാവിന്റെ ശക്തി കൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാൻ ഒരു ബട്ടൺ അമർത്തിയാൽ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാൽ ബട്ടണമർത്താനും നമ്മുടെ കൈ പൊക്കാനും ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരൽ പോലും ചലിപ്പിക്കാൻ ആർക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മൾ സദാ ഓർമ്മിക്കണം.

നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകൾ കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. വാക്കുകൾ കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളർന്നവന് ശക്തി പകരാനും സാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസിക തലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകൾ അർജുനന് ശരിയായ ഉൾക്കാഴ്ച്ചയും ഉണർവ്വും പകർന്നു.

അതുപോലെ ജാംബവാന്റെ വാക്കുകൾക്ക് ഹനുമാനിൽ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണർത്താൻ കഴിഞ്ഞു. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകൾ ആരോടു പറയുന്നു, എപ്പോൾ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധ വെക്കണം. അങ്ങനെയായാൽ, നമുക്കും ലോകത്തിനും വാക്കുകൾ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകൾ അമൃതസമാനം തന്നെയാണ്.

ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

 ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

ഒന്നാം  ഭാഗം
------------------------
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.
-------------------------------------------------------------------------


കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. 

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

*********
രണ്ടാം ഭാഗം
*********

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ:  "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*********
മൂന്നാം ഭാഗം
*********

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

*********
നാലാം ഭാഗം
*********

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?"  ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

*********
അഞ്ചാം  ഭാഗം
     - വിശദീകരണം
*********

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഏകാദശി

 


ഏകാദശി

==================



ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.

ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.


" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-


അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.


സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.


 മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ  മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്  ശയന ഏകാദശി.... ഇതിനെ പത്മ ഏകാദശി എന്നും പറയും.... മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

ആരതി ഉഴിയൽ

 



ആരതി ഉഴിയൽ

===============


ഹിന്ദു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ആരതി. ആരതിയുഴിഞ്ഞാണ് പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ എതിരേല്‍ക്കുന്നതും. വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി. ഇത് വെറുതെ വിളക്കു കത്തിച്ച് ഉഴിയുക മാത്രമല്ല. ആരതി വളരെ കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഏത് കർമ്മം ആയാലും അത് ആ വിധി പ്രകാരം ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കൂ. ആരതിയുഴിയുമ്പോഴും ഇത് ബാധകമാണ്.


ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം. ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. ആരതിയുഴിയുന്നതിന് പ്രത്യേക പാത്രവും ലഭിക്കും. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണം. ആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.

നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ ========================================================

 



നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ

========================================================



നേരേ വായിക്കുമ്പോൾ രാമകഥ. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ കൃഷ്ണകഥ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?


പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ രാഘവ യാദവീയം എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.


വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,


ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.


രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-


വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ


ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും.


സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം


ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം.


വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.


ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?


അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.


രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-


ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.


സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.


സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.


ഒരു ഉദാഹരണം:-


രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ


ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ:


മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ


ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്.


മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.


കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.


കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

 


 അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

=========================================================


എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.


അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.


തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.


ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.


യക്ഷികൾ

-------------------

സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.


പക്ഷി(പുള്ള്) ദേവതകൾ

----------------------------------------

ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.


ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)

--------------------------------------------------

ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം

----------

വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.


മാടൻ

----------

ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.


ഭൈരവൻ

----------------

അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.


പോട്ടൻ

---------------

പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.


കുട്ടിച്ചാത്തൻ

--------------------

കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.


ഗുളികൻ

-----------------

കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.


കുറത്തി

-------------

കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.


മറുത

--------------

കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.


രക്ഷസ്സ്

------------------

ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്

....ഇവ വിവിധ രക്ഷസ്സുകളാണ്.


വീരൻ

---------------

കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.


മല്ലൻ

---------

മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.


പിശാച്

--------------

കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.


കാളി

------------

ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.


ചാവ്

---------

പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).


ഈശ്വരി

------------~

രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.


ചാമുണ്ഡി

--------------

രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.


നാഗദേവതകൾ

---------------------------

നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.


വനദേവതകൾ

-----------------------

ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.


മൂർത്തികൾ

------------------

കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.


രോഗദേവതകൾ

------------------------

ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.


ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് 

-----------------------------------------------------------------------------------------

കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.


 കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി 

===========================================================


മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുമ്പേ  എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

 



ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

===============================================


വടക്കുംനാഥൻ സർവ്വം തുണയ്ക്കും

നാഥൻ ശംഭോ മഹാദേവൻ."

നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.


ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.


ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.


തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.


ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.

കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ =====================================================================

 


കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ

=================================================


ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ ശ്രീപാര്‍വതിയും ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല; പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു. സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക് കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക് കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.


ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഇവിടെയുള്ള ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവലിംഗം അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.

2020, നവംബർ 29, ഞായറാഴ്‌ച

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം 

==========================================================================
















കേരളത്തിലെ ഏറ്റവും പ്രത്യേകതയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നു എന്നതു മാത്രമല്ല, ക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഏറ്റുമാനൂര്‍ ക്ഷേത്രത്തെ ഏറെ മഹനീയമാക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ ദര്‍ശനം നടത്തിയാല്‍ അതിലധികമൊന്നും ഒരു മനുഷ്യായുസ്സിനു അനുഗ്രഹമായി വേണ്ട എന്നു വിശ്വസിക്കുന്നവരാണ് ഏറ്റുമാനൂരപ്പന്‍റെ വിശ്വാസികളിലധികവും. ഏഴരപ്പൊന്നാനയും കെടാവിളക്കും വിശ്വാസങ്ങളുമായി വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും... ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്ന് വിശ്വാസികളെ അത്ഭുതപ്പെ‌ടുത്തുന്ന നിരവധി കാര്യങ്ങള്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചരിത്രം ലഭ്യമല്ല. ഖരന്‍ എന്ന അസുരനാണ് ഇവി‌ടെ ശിവസിംഗ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെ‌ടുന്ന താഴെവയ്ക്കുവാന്‍ പറ്റാത്ത ശിവലിംഗം ഖരന്‍ എന്ന അസുരന്‍ ഒരിക്കല്‍ ചിദംബരത്തു പോയി ശിവനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. വരമായി ശിവന്‍ ഖരന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. ഒരിക്കലും നിലത്തുവയ്ക്കരുത് എന്ന നിബന്ധനയോ‌ടെയാണ് ശിവന്‍ ജ്യോതിര്‍ലിംഗങ്ങള്‍ കൈമാറിയത്. തിരികെ പോകുന്നവഴി ക്ഷീണമനുഭവപ്പെട്ട ഖരന്‍ വൈക്കത്തെത്തിയപ്പോള്‍ വിശ്രമിക്കുവാനായി വലതുകയ്യിലെ ശിവലിംഗം താഴെവെച്ചു. ക്ഷീണം മാറി എണീറ്റ് ശിവലിംഗമെ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അതിനു സാധിക്കാതെ വരികയും തനിക്ക് ഇരിക്കേണ്ട സ്ഥലം ഇതാണെന്ന് ശിവന്‍ ഖരനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഖരന്‍ ഏല്പിച്ചു. ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം ഉച്ചയ്ക്ക് മുന്‍പ് ദര്‍ശനം ന‌ടത്തിയാല്‍ ശിവന്‍ സമ്മാനിച്ച ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്ന വൈക്കം ശിവക്ഷേത്രത്തിലും കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിലും ഉച്ചയ്ക്കു മുന്‍പേ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്നു ഭാവങ്ങള്‍ സമയത്തിനനുസരിച്ച് മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ശിവനുള്ളത്. മുഖ്യ പ്രതിഷ്ഠ രൗദ്ര ഭാവത്തിലാണെങ്കിലും രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ക്ഷേത്രമുള്ളത്. ഏറ്റുമാനൂരിലെ കെ‌ടാവിളക്കും ഏഴരപ്പൊന്നാനയും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതകയുള്ള കാര്യങ്ങളാണ് കെടാവിളക്കും ഏഴരപ്പൊന്നാനയും. ക്ഷേത്രത്തിന്‍റെ എല്ലാ ഐശ്വര്യങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ ആദ്യമെത്തുക കെടാവിളക്കും ഏഴരപ്പൊന്നാനയുമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഏഴരപ്പൊന്നാനയെ വിശ്വാസികള്‍ കരുതുന്നത്. ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും പ്ലാവിന്‍ തട‌ിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്വേശിച്ച് നാശനഷ്‌‌ടങ്ങള്‍ വരുത്തിയത്രെ. മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിരുന്നു ഈ അക്രമണം. ഇതിനു ശേഷം തിരുവിതാംകൂര്‍ രാജാവിന് പല അനിഷ്ടങ്ങളും സംഭവിക്കുകയും ഇതിന് പരിഹാരമായി രാജാവ് ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഏഴര പൊന്നാന ദര്‍ശനം കുംഭമാസത്തിലെ ഉത്സവത്തിനാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുന്നത്. . ഇതില്‍ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്.രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവരുന്നതാണ് ച‌ടങ്ങിന്റെ തുടക്കം. പിന്നീട് ഇതിനു മുന്നില്‍ വയ്ക്കുന്ന വലിയ പാത്രത്തില്‍ അന്ന് ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ ഏറ്റുമാനൂരപ്പന് കാണിക്ക നിക്ഷേപിക്കും, വലിയ കാണിക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. കാണിക്കയിടുന്ന സമയത്ത് തന്നെ ഏഴരപ്പൊന്നാനകളെ കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക.തിടമ്പിന്റെ താഴെ അരപ്പൊന്നാനയെയും വയ്ക്കും. അരപ്പൊന്നാന ഏഴരപ്പൊന്നാനകള്‍ പ്രതിനിധീകരിക്കുന്ന അഷ്ടദിക് ഗജങ്ങളെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതായതുകൊണ്ടാണ് അരപൊന്നാനയായതെന്നാണ് വിശ്വാസം. കെടാവിളക്ക് കേരളത്തില്‍ കെടാവിളക്ക് കത്തിനില്‍ക്കുന്ന ഏക ക്ഷേത്രമാണ് ഏറ്റുമാനൂര്‍. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ഭഗവാന്‍ കൊളുത്തിയതാണ് ഈ വിളക്കെന്നാണ് വിശ്വാസം. അതിനു ശേഷം ഒരിക്കലും ഈ വിളക്ക് അണഞ്ഞിട്ടില്ലത്രെ. ഈ വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ്. ഈ വിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം‌ മാധവിപള്ളിപൂജ പേരുകേള്‍ക്കുമ്പോള്‍ സംശയം തോന്നുമെങ്കിലും ക്ഷേത്രത്തിലെ ഉഷപൂജയെയാണ് മാധവിപള്ളിപൂജ എന്നു വിളിക്കുന്നത്. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത് എന്നാണ് വിശ്വാസം. വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയാണ് ഇവിടെ യക്ഷിയുടെ പ്രതിഷ്ഠയായി ഉള്ളത്. ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് ഈ പ്രതിഷ്ഠ. പിണങ്ങിയിരിക്കുന്ന വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡ വര്‍മ്മയായിരുന്നുവത്രെ ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിനു നേര്‍ന്നത്. എന്നാല്‍ നേരും മുന്‍പ് നാടുനീങ്ങിയതിനാല്‍ പിന്നീട് വന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണത്രെ ഇത് നടയ്ക്ക് വെച്ചത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഏഴരപ്പൊന്നാന വൈക്കം ക്ഷേത്രത്തിലേക്ക് നേര്‍ന്നതായിരുന്നു എന്ന്. രാജാവും ഭടന്‍മാരും ഏഴരപ്പൊന്നാനയുമായി വരുമ്പോള്‍ വിശ്രമിക്കാനായി ഏറ്റുമാനൂര്‍ ക്ഷേത്രം തിരഞ്ഞെടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ആനകളുടെ ദേഹത്ത് സര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തി നില്‍ക്കുകയാണത്രെ.പിന്നീട് പ്രശ്‌നം വെച്ചപ്പോള്‍ ഭഗവാന്റെ ആഗ്രഹം ഏഴരപ്പൊന്നനകളെ ഇവിടെ സമര്‍പ്പിക്കണമെന്നാണെന്ന് തെലിയുകയും അങ്ങനെ ഇവിടെ വയ്ക്കുകയും ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നനയെ നല്കാനായി ധര്‍മ്മരാജ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വപ്നത്തില്‍ വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട ഏഴരപ്പൊന്നാന വേണ്ടന്നും പകരം ഒരു സഹസ്രകലശം നടത്തിയാല്‍ മതി എന്നും പറഞ്ഞുവത്രെ. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നാന കൊടുക്കാത്തതിനാല്‍ പിണക്കമാണെമ്മാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വൈക്കംകാര്‍ ഏറ്റുമാനൂരില്‍ ആസ്ഥാന മണ്ഡപ ദര്‍ശനത്തിനോ ഏറ്റുമാനുരുകാര്‍ വൈക്കത്ത് അഷ്ടമിക്കോ പോയിരുന്നില്ല.