2020, ഡിസംബർ 3, വ്യാഴാഴ്‌ച

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി 

===========================================================


മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുമ്പേ  എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു.