2020, ഡിസംബർ 3, വ്യാഴാഴ്‌ച

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

 



ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

===============================================


വടക്കുംനാഥൻ സർവ്വം തുണയ്ക്കും

നാഥൻ ശംഭോ മഹാദേവൻ."

നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.


ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.


ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.


തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.


ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.