2019, ജനുവരി 22, ചൊവ്വാഴ്ച

നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം



നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം

മദ്യപാനത്തില്‍ നിന്നും മോചനം; നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം
-----------------------------------------------------------
മദ്യത്തിന്‌ അഡിക്‌റ്റായി ജീവിതം നശിക്കുന്ന ലക്ഷകണക്കിനാളുകള്‍ കേരളത്തിലുണ്ട്‌. മദ്യം വിഷമാണെന്ന്‌ പറഞ്ഞാലും ആ വിഷം കഴിക്കാതിരിക്കുവാന്‍ വയ്യാത്തവരാണ്‌ കൂടുതലും. രാവിലെ കട്ടന്‍കാപ്പികുടിക്കുന്നതിനുപകരം മദ്യം കഴിച്ചില്ലെങ്കില്‍ കൈവിറയ്‌ക്കുന്നവര്‍ നിരവധി. കുടിച്ചുകുടിച്ചു കുടുംബം കുളംന്തോണ്ടി, ജീവിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നവരുടെ സംഖ്യയും കുറവല്ല. മദ്യപാനശീലം ഇല്ലാതാക്കുവാന്‍ ചികിത്സനല്‍കുന്ന കേന്ദ്രങ്ങളില്‍പ്പോയി സുഖപ്പെട്ടിട്ടും പിന്നെയും പിന്നെയും മദ്യപിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചുവരുന്നു. ആകെക്കൂടി മദ്യപാനാസക്‌തി വരുത്തിവയ്‌ക്കുന്ന ആപത്ത്‌ നാള്‍ക്കുനാള്‍ കൂടിവരുന്നു. കുടുംബത്തിന്റെ അവസ്‌ഥകണ്ട്‌ ഇനി മദ്യപിക്കണ്ട എന്നുതോന്നിയാലും താനറിയാതെ മദ്യപാനത്തിലേക്ക്‌ നീങ്ങുന്ന അവസ്‌ഥ പലര്‍ക്കുമുണ്ട്‌. ഇങ്ങനെ മദ്യപാനത്തിലൂടെ ജീവിതം തകരുന്നവര്‍ക്ക്‌ ഒരാശ്വാസകേന്ദ്രമായി നല്ലൂത്രക്കാവ്‌ ദേവീക്ഷേത്രം മാറിയിരിക്കുന്നു.ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ കിടങ്ങറ ജംഗ്‌ഷനില്‍നിന്നും അഞ്ചു കി.മീ. വടക്ക്‌, വെളിയനാട്‌ എന്ന സ്‌ഥലത്താണ്‌ പരിപാവനമായ നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. പൗരാണികത്വം വിളിച്ചറിയിക്കുന്ന ഈ ക്ഷേത്രത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ്‌ മദ്യപാനചികിത്സ തുടങ്ങിയത്‌.
ഞായറാഴ്‌ച ദിവസമാണ്‌ ഇത്തരത്തിലുളള ചികിത്സ നടത്തുന്നത്‌.
''മദ്യപനുവേണ്ടി ക്ഷേത്രത്തില്‍ നടത്തുന്ന ഒരു കാളി പൂജ ദര്‍ശനവും 12 ദിവസം സ്വഭവനത്തില്‍വച്ചു നടത്തുന്ന പ്രാര്‍ത്ഥനയും ക്ഷേത്രത്തില്‍നിന്നും പൂജിച്ചുനല്‍ക്കുന്ന നെയ്യ്‌ സേവിക്കലുംകൊണ്ട്‌ മദ്യപാനശീലം എന്നന്നേക്കുമായി മാറുന്നു. ദേവിക്ക്‌ അഭിഷേകം ചെയ്യുന്ന നെയ്യ്‌, എണ്ണ, കുങ്കുമം, ദേവി പാദത്തില്‍ സമര്‍പ്പിച്ച ചന്ദനത്തിരി, പട്ട്‌, കുങ്കുമപ്പൂവ്‌, ദേവീ തിരുരൂപമടങ്ങിയ ഫോട്ടോ എന്നിവ കാളി പൂജയ്‌ക്കുശേഷം നല്‍കുന്നു. പൂജയ്‌ക്കുശേഷം ശാന്തിക്കാരന്‍ കൂട്ടുപ്രസാദം മദ്യപന്റെ നാവില്‍ തേച്ചുകൊടുക്കുന്നു. അതോടെ അയാളുടെ മദ്യപാനചിന്തപോലും അകലുന്നു.'' ക്ഷേത്രത്തില്‍ വരുന്ന ഭക്‌തന്‍ ഒരു തട്ടം വഴിപാട്‌ സമര്‍പ്പിക്കണം. ഞായറാഴ്‌ച ദിവസം മാത്രമാണ്‌ മദ്യപര്‍ക്കുളള ചികിത്സ ക്ഷേത്രത്തില്‍ നടത്തുന്നത്‌. ക്ഷേത്രത്തില്‍ 11 മണിക്ക്‌ നടക്കുന്ന കാളിയൂട്ട്‌ പൂജദര്‍ശനം കഴിഞ്ഞ്‌ ഭക്‌തരുടെ വകയായി നടക്കുന്ന അന്നദാനത്തിലും പങ്കെടുത്ത്‌ സന്തോഷത്തോടെ ഭവനത്തിലേക്ക്‌ മടങ്ങാവുന്നതാണ്‌. രോഗം മാറണമെന്നുണ്ടെങ്കിലും ചില ആളുകള്‍ ക്ഷേത്രത്തില്‍ വരുവാന്‍ മടികാണിക്കാറുണ്ട്‌. മദ്യപരുടെ ബന്ധുക്കള്‍ വളരെ ദുഃഖത്തോടെ ഈ വിവരം ശാന്തിയോട്‌ പറയാറുണ്ട്‌. അതിന്‌ തിരുമേനി ക്ഷേത്രത്തില്‍നിന്നും അല്‌പം കുങ്കുമം പൊതിഞ്ഞു അവരെ ഏല്‌പിക്കും. അതു ഭവനത്തില്‍ വച്ചിരുന്നാല്‍ മൂന്നു ദിവസം കഴിയുമ്പോള്‍ അയാള്‍ താനേ ക്ഷേത്രത്തില്‍ എത്തികൊളളുമത്രേ. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ വിവരം പലരും വെളിപ്പെടുത്തുന്നുണ്ട്‌. ക്ഷേത്രത്തില്‍ വന്ന്‌ മദ്യപാനം നിര്‍ത്തിക്കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ വീണ്ടും എത്തണം. അന്ന്‌ ഒരു രക്ഷചരടും ധാനാകര്‍ഷണയന്ത്രവും തിരുമേനി നല്‍കുന്നു. അതു ധരിക്കുന്നതോടെ ഒരു പുതുജീവിതം അദ്ദേഹത്തിന്‌ ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ മദ്യപിക്കുകയില്ല എന്നുമാത്രമല്ല കുടുംബത്ത്‌ ധനപരമായ ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ മദ്യപര്‍ അല്ലാത്തവരും ദേവീദര്‍ശനത്തിനായി ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്‌. ''മദ്യപാനത്തില്‍നിന്നും ഭക്‌തരെ രക്ഷപ്പെടുത്തുന്നത്‌ ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചുകൊണ്ടല്ല. ദേവിമഹാമായ അനുഗ്രഹിച്ചുതന്ന വരദാനത്തിലൂടെ മദ്യപരേയും കുടുംബത്തേയും രക്ഷപ്പെടുത്തുകയെന്നതാണ്‌ ഈ ക്ഷേത്രത്തിന്റേയും എന്റേയും കര്‍മ്മവും ധര്‍മ്മവും.'' ഭക്‌തരുടെ പ്രാര്‍ത്ഥനയുടെ അകക്കാമ്പ്‌ കണ്ടറിയുന്ന പരംപൊരുളായ നല്ലൂത്രക്കാവ്‌ ദേവിയെ ആത്മാര്‍ത്ഥമായി ഭജിക്കുന്നവര്‍ക്ക്‌ സര്‍വ്വ അനുഗ്രഹവും ദേവി നല്‍കുന്നു. വിശ്വാസികളുടെ അഭയകേന്ദ്രമായ അമ്മ ആശ്രിത വത്സലയാണ്‌. ആ ലോകമാതാവിന്റെ അനുഗ്രഹത്താല്‍ മദ്യവിമുക്‌തിനേടി സര്‍വ്വ ഐശ്വര്യവും ശാന്തിയും സമാധാനവും സമ്പത്തുമുളളതായി തീരുവാന്‍ എത്തിച്ചേരുന്ന ഭക്‌തന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുളള വഴി: ചങ്ങനാശ്ശേരിയില്‍നിന്നോ, ആലപ്പുഴ നിന്നോ വരുന്നവര്‍ ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടില്‍ കിടങ്ങറ ജംഗ്‌ക്ഷനിലെത്തി വടക്കോട്ടുളള വഴിയെ അഞ്ചു കി.മീ. വന്നാല്‍ ക്ഷേത്രനടയിലെത്താം.
Nalloothra Kavu Sree Bhadrakaali Temple,
Veliyanadu ,
Alappuzha : 689590
Contact No: 9495873022 (Manager) 9446303545 (Secretary),

അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം



അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം

കലിയുഗ വരദനായ ശ്രീ ധര്‍മ ശാസ്താവിന്റെ പാദാരവൃന്ദങ്ങളില്‍ നിന്ന് ഉത്ഭവിച് ഒഴുകുന്ന പുണ്യ നദിയായ പമ്പ,ആ പമ്പയുടെ തീരത്ത് സ്ഥിതി ...
ചെയുന്ന അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ഗ്രൂപ്പ്‌ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് .ഭദ്രകാളി ദേവിയെ കുടാതെ ഗണപതി ,യക്ഷിയമ്മ ,രക്ഷസ്സ് (വലിയമ്പോറ്റി ),യോഗിശ്വരന്‍ (ഭുതത്താന്‍ വലിയച്ചന്‍ ), നാഗരാജാവ്‌ ,നാഗയക്ഷി എന്നി ഉപദേവതകളും കുടാതെ മലദൈവത്തിന്റെയും ശാസ്താവിന്റെയും നിറഞ്ഞ സാന്നിധ്യവും ഉണ്ട്‌ .
ക്ഷേത്ര ഐതിഹ്യം ഇപ്രകാരമാണ് .....
ഒരുനാള്‍ കൊടുങ്ങല്ലൂര്‍ ഭഗവതി യാത്രാമധ്യേ ചോറ്റാനിക്കരയില്‍ എത്തുകയും അവിടെ നിന്ന് തിരുവല്ലക്ക് അടുത്തുള്ള കല്ലൂപ്പാറയിലും തുടര്‍ന്ന് പുല്ലാട് ഭഗവതികാവിലും എത്തുകയും തെക്ക് നദിയും വടക്ക് വയലുമുള്ള അയിരൂര്‍ പുതിയകാവ് എന്ന ദേശത്ത് എന്നെ എത്തിച്ച് അവിടെ പ്രതിഷ്ഠ നടത്താന്‍ കരക്കാരോട് ആവശ്യപെടുകയും ചെയ്തു .അങ്ങനെ പുല്ലാട് കരക്കാര്‍ കൊട്ടും കുരവയും താലപ്പൊലിയുമായി അമ്മയെ എഴുന്നെള്ളിച്ച് അയിരൂര്‍ പുതിയകാവില്‍ എത്തിക്കുകയും തുടര്‍ന്ന് അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,കീഴുകര ,കോഴന്‍ച്ചെരി,തടിയൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ, മുക്കന്നൂര്‍ ,കോറ്റാത്തൂര്‍ ,കൈതക്കൊടി തുടങ്ങി ചെങ്ങന്നൂരില്‍ നിന്നും കിഴക്കോട്ട്‌ 28 കരക്കാരുടെ സാന്നിധ്യത്തില്‍ കൊട്ടാരക്കര രാജകുടുംബം ഇവിടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു . ഈ ക്ഷേത്രത്തിലെ താന്ത്രിക പാരമ്പര്യം അക്കിരമണ്‍ കുടുംബത്തിനാണ്‌ .
ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രവുമായും ആറന്മുള ശ്രീ പാര്‍ത്ഥ സാരഥി ക്ഷേത്രവുമായും അയിരൂര്‍ പുതിയകാവിന് അഭേദ്യമായ ബന്ധം ഉണ്ട് .പുലിപ്പാലിനായ് ശബരിമല ശാസ്താവ് ഈ വഴി വന്ന്‌ ഇവിടെയാണ്‌ വിശ്രമിച്ചത് ,അതിന്‍പ്രകാരം പന്തളത്ത് നിന്നും ശബരിമല ധര്‍മ ശാസ്താവിന് മകര സംക്രമ സന്ധ്യയില്‍ ചാര്‍ത്താനുള്ള തിരുവാഭരണം, ധനു 28 ആം തിയതി ഘോഷായാത്രയുടെ ഒന്നാം ദിനം പുതിയകാവില്‍ വിശ്രമിക്കുന്നു . ഭക്തി നിര്‍ഭരമായ സ്വീകരണമാണ് തിരുവഭാരണത്തിന് ക്ഷേത്രത്തില്‍ നല്‍കുന്നത് .ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കാണിക്കമണ്ഡപം ജങ്ക്ഷനില്‍ നിന്ന് ശരണം വിളിയുടെയും കര്‍പൂരദീപതിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന തിരുവാഭരണത്തെ ക്ഷേത്ര കവാടത്തില്‍ താലപ്പോലിയുടെയും വാദ്യ മേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ സ്വീകരിക്കുന്നു ,ഭക്തിനിര്‍ഭരമായ അന്തരിക്ഷത്തില്‍ ഉറഞ്ഞുതുള്ളുന്ന തിരുവാഭരണ പേടകങ്ങള്‍ ക്ഷേത്രത്തിനു വലം വച്ച് ക്ഷേത്രത്തിനുള്ളിലേക്ക് ........ തുടര്‍ന്ന് ദീപാരാധനക്ക് ശേഷം തിരുവാഭരണ ദര്‍ശനം ,ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീ ജനങ്ങള്‍ ഉള്‍പെടെയുള്ള ഭക്തര്‍ അയ്യപ്പസ്വാമിയുടെ തിരുവാഭരണം കണ്ടു തൊഴുത് സായൂജ്യം അടയുന്നു ,അന്നേ ദിവസം ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ ഉള്‍പെടെയുള്ളവര്‍ക്ക് അന്നദാനവും നടക്കുന്നു .മകരവിളക്കിന് മുന്നോടിയായി കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്നും കാവടിയുമായി എത്തുന്ന കല്ലട സ്വാമിമാര്‍ക്ക് ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കുന്നു അന്നേ ദിവസം സ്വാമിമാര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കുന്നു .മണ്ഡല മകരവിളക്ക്‌ തീര്‍ഥാടനതിനായ് ശബരിമല നട തുറന്നാല്‍ കാല്‍നടയായി പോകുന്ന അയ്യപ്പഭക്തരുടെ പ്രധാന ഒരു ഇടത്താവളമായി ക്ഷേത്രം മാറും, ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ്‌ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ട് . ഉത്രാട നാളില്‍ കുമാരനല്ലൂരില്‍ നിന്ന് എത്തുന്ന മാങ്ങാട്ട് ഭട്ടതിരിക്ക് ഉച്ചസമയത്ത് ക്ഷേത്ര കടവില്‍ ആചാരപരമായ സ്വീകരണം ആണ് നല്‍കുന്നത് ,ഭട്ടതിരിപ്പാട് ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ്‌ അമ്മക്ക് ഉച്ചപൂജ നടക്കുക്ക . പുതിയകാവില്‍ അമ്മക്ക് പള്ളിയോടങ്ങലോടുള്ള പ്രിയം പണ്ടേ പ്രസിദ്ധമാണ് .ആറന്മുളക്ക് കിഴക്കുള്ള പള്ളിയോടങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പള്ളിയോടവുമായി എത്തി അമ്മയെ വണങ്ങുന്നു ,അല്ലാതെ ഉള്ളവര്‍ ഉത്രിട്ടാതി നാളില്‍ അമ്മയുടെ മുന്‍പില്‍ എത്തി വഴിപാടുകള്‍ അര്‍പ്പിക്കുന്നു . ഓരോ പുതിയ പള്ളിയോടവും നീറ്റില്‍ ഇറക്കുമ്പോഴും ആറന്മുളയില്‍ എന്ന പോലെ പുതിയകാവില്‍ എത്തിയും വഴിപാടുകള്‍ അര്‍പ്പിക്കുന്നു .ക്ഷേത്രം ഇരിക്കുന്ന കരയായ കോറ്റാത്തൂര്‍ കൈതക്കൊടി കരക്കാര്‍ അമ്മയുടെ അനുഗ്രഹവുമായി ഈ കഴിഞ്ഞ വര്‍ഷം പുതിയ പള്ളിയോടം പണിത് ഇറക്കി ,കരയിലെ പഴയ പള്ളിയോടം മറ്റൊരു കരക്ക്‌ കൈമാറിയതിനാലാണിത് .ആറന്മുള വള്ളംകളിയില്‍ ഹാട്രിക് ഉള്‍പ്പെടെ ഏറ്റവും കുടുതല്‍ തവണ മന്നംട്രോഫി നേടിയ കരയാണ്‌ കോറ്റാത്തൂര്‍ ,ഈ വിജയങ്ങളെല്ലാം അമ്മയുടെ അനുഗ്രഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു കരക്കാര്‍ . അമ്മയെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അമ്മകുടെയെത്തും അനുഗ്രഹിക്കും എന്നത് തലമുറ വ്യത്യാസമില്ലാതെ കരക്കാര്‍ വിശ്വസിക്കുന്നു ...... ഓണത്തോട് അനുബന്ധിച്ച് ചതയം നാളില്‍ നടക്കുന്ന പ്രസിദ്ധമായ മാനവ മൈത്രി ചതയ ജലോത്സവം അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്ര കടവില്‍ ആണ് നടക്കുന്നത് . ആറന്മുളയിലെ ജല രാജാക്കന്മാരായ 18 പള്ളിയോടങ്ങളാണ്‌ ഇതില്‍ പങ്കെടുക്കുന്നത് .ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി പ്രാര്‍ഥിച്ചതിന് ശേഷമാണ് പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കുക ....
അയിരൂര്‍ പുതിയകാവിലെ പ്രധാനപെട്ട 2 ഉത്സവങ്ങളാണ് മകരമാസത്തിലെ ഭരണിയും കുംഭത്തിലെ രേവതിയും . മകരത്തിലെ ഭരണി ദിവസം അമ്മയുടെ പിറന്നാള്‍ ആണ് ,കൊടിയേറി പത്ത് ദിവസത്തെ ഉത്സവമായി ആഘോഷിക്കുന്നു . പത്താംദിവസം അമ്മയുടെ പിറന്നാള്‍ ദിനം സമൂഹ സദ്യ നടക്കുന്നു ,അമ്മയുടെ പിറന്നാള്‍ സദ്യ കഴിക്കാന്‍ എല്ലാ ദേശത്ത് നിന്നും അമ്മയുടെ മക്കള്‍ എത്തുന്നു . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന അമ്മയുടെ തിരുമുഖം വച്ചുള്ള ദര്‍ശനവും ഭക്തര്‍ക്ക്‌ സായൂജ്യം നല്‍കുന്നു .സപ്താഹം ,കാവടിയാട്ടം ,കലവറ നിറക്കല്‍ എന്നി ചടങ്ങുകളും, ഉത്സവത്തിന്റെ പത്താം ദിനം പുലര്‍ച്ചെ കുളിച് ഈറന്‍ മാറാതെ ഉരുളല്‍ നോയമ്പും നടത്തുന്നു അമ്മയുടെ ഭക്തര്‍ .ഭരണി ദിവസം വൈകിട്ട് കൊടിയിറക്കി ആറാട്ടിനായ് മുക്കന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് അമ്മ എഴുന്നെള്ളുന്നു . പമ്പാ നദിയിലെ ആറാട്ടിനും ക്ഷേത്രത്തിലെ പൂജകള്‍ക്കും ശേഷം തിരിച്ച് എഴുന്നെള്ളുന്ന അമ്മക്ക് വഴിയിലുടനീളം നിറപറയും നിലവിളക്ക് വച്ച് ഭക്തര്‍ സ്വീകരിക്കുന്നു . ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തുന്ന അമ്മയെ താലപ്പോലിയുടെയും വഞ്ചിപ്പാട്ടിന്റെയും തീവെട്ടിയുടെയും കര്‍പൂര ദീപതിന്റെയും അകമ്പടിയോടു കുടി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു . ക്ഷേത്രത്തില്‍ എത്തുന്ന അമ്മക്ക് കോറ്റാത്തൂര്‍ , കൈതക്കൊടി ,പുല്ലാട് ,അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,ഞൂഴൂര്‍ ,നാരാങ്ങാനം ,വെള്ളിയറ,കാഞ്ഞീറ്റുകര തുടങ്ങിയ കരക്കാരുടെ വകയായി വലിയ ആപ്പിണ്ടിയും ചെറിയ അപ്പിണ്ടിയും ഉള്‍പെടെയുള്ള വിളക്കിന് എഴുന്നെള്ളിപ്പ് നടക്കുന്നു. കുംഭത്തിലെ രേവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമാണ് അന്ന് അമ്മയുടെ മക്കളായ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭക്തര്‍ കെട്ടുകാഴ്ചകളുമായി ഗ്രാമം ചുറ്റി അമ്മയുടെ മുന്‍പില്‍ എത്തുന്നു ,തങ്ങളുടെ കാണിക്കയായ കെട്ടുരുപ്പടികള്‍ അമ്മക്ക് സമര്‍പ്പിച് വണങ്ങുന്നു ,തുടര്‍ന്ന് ഇവ ക്ഷേത്രത്തിനു പടിഞ്ഞാറെ മുറ്റത് ഭക്തര്‍ക്ക്‌ ദര്‍ശനത്തിനായ് വയ്ക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന കാട്ടൂര്‍ കരക്കാരുടെ വകയായ പട്ടാഴി കുതിരയും ഗരുഡനും ഈ കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു തെക്ക് കാട്ടൂര്‍ കരയില്‍ വീണ്ടും കരക്കാര്‍ എത്തിച്ചു .രേവതി ദിനം രാത്രിയില്‍ ക്ഷേത്രത്തില്‍ പടയണി നടക്കും .ഗണപതി, കുതിര. പക്ഷി,യക്ഷി,മറുത ,മാടന്‍ ,കാലന്‍ ,ഭൈരവി തുടങ്ങിയ കോലങ്ങള്‍ ക്ഷേത്ര മുറ്റത് ഉറഞ്ഞു തുള്ളും . ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത ധര്‍മപരിഷത്തിന്റെ ഉത്ഭവവുമായും ക്ഷേത്രത്തിനു ബന്ധമുണ്ട് . അയിരൂര്‍ പുതിയകാവിലെ വലിയ പടയണി തേര് അഴിച്ചു മാറ്റി അതിന്റെ കാല്‍ കൊണ്ട് നിര്‍മിച്ച പന്തലിലാണ് ആചാര്യന്മാര്‍ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചത് , ഇന്നും സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടികുറ ക്ഷേത്രത്തില്‍ പൂജിച്ചതിനു ശേഷം ആഘോഷമായി സമ്മേളന നഗറില്‍ എത്തിക്കുന്നു .
101 കലം പൂജാ വഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷ ദിനം . പണ്ട് കാലത്ത് ഭക്തര്‍ വസൂരി തുടങ്ങിയ മാരക അസുഖങ്ങളില്‍ നിന്നും രക്ഷ നേടാനായി ദേവി ക്ഷേത്രങ്ങളില്‍ അര്‍പ്പിച്ചിരുന്ന വഴിപാടാണിത് .പൊങ്കാല പോലുള്ള ഒരു ആചാരമാണിത് . കരക്കാര്‍ തങ്ങളുടെ ക്ഷേത്രത്തില്‍ നിന്നും കേട്ടുകാഴ്ച്ചകളുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ദേവി സ്തുതികളുമായി കലങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നു .ഉച്ച പൂജാ സമയത്ത് ഭക്തരുടെ വകയായി അമ്മയ്ക്ക് പ്രിയങ്കരമായ വെള്ള നിവേദ്യവും കടുംപയസവും അമ്മക്ക് സമര്‍പ്പിക്കുന്നു . അമ്മയെ വണങ്ങി പ്രാര്‍ത്ഥിച് അമ്മയുടെ പ്രസാദവുമായി സ്വഭവനത്തിലേക്ക് മടങ്ങുന്നു . കോറ്റാത്തൂര്‍ - കൈതക്കൊടി ,അയിരൂര്‍ ,ചെറുകോല്‍ .മുക്കന്നൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ,കാഞ്ഞീറ്റുകര,മേലുകര,കീഴുകര ,കൊഴന്‍ച്ചേരി തുടങ്ങിയ കരക്കാരാണ് ഈ വഴിപാട്‌ നടത്തുന്നത് . ഉദിഷ്ഠ കാര്യത്തിനും കുടുംബൈശ്യര്യതിനും വേണ്ടി സ്ത്രീ ജനങ്ങള്‍ അമ്മക്ക് അര്‍പ്പിക്കുന്ന വഴിപാടാണ് നാരാങ്ങവിളക്ക് പുജ, നീര് മാറ്റിയ നാരങ്ങയില്‍ തിരിയിട്ടു വിളക്ക് കത്തിച്ചു വച്ച് അമ്മക്ക് പുജ നടത്തുന്നു . ദേവി സ്തുതികളും മന്ത്രങ്ങളും നിറഞ്ഞു നില്‍കുന്ന പൂജക്ക്‌ ശേഷം അമ്മയുടെ ഉച്ച പുജ നടക്കുന്നു അതിനു ശേഷം അന്നദാനവും നടക്കുന്നു . ദേവി പ്രീതിക്ക് വേണ്ടിയുള്ള ഈ പുജ മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്നു
അഭീഷ്ട വരദായിനിയായ.അമ്മയുടെ പ്രധാന വഴിപാടുകള്‍ ചാന്താട്ടം ,പന്തിരുനാഴി ,അന്നദാനം,രക്തപുഷ്പാഞ്ജലി ,കടുംപായസം എന്നിവയാണ് .
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
ഭദ്രകാളി - ഭഗവതിസേവ,ചാന്താട്ടം ,അരവണ ,കടുംപായസം ,രക്തപുഷ്പാഞ്ജലി ,അര്‍ച്ചന,ഉടയാടചാര്‍ത്തല്‍
ഗണപതി - ഗണപതിഹോമം ,മുഖംചാര്‍ത്ത്,കറുകമാല.
രക്ഷസ്സ് - പാല്‍പായസം ,പാല്‍ നിവേദ്യം .
യക്ഷി - വറ നിവേദ്യം,പറയും കരിക്കും ,കദളിപഴവും നിവേദ്യം
ഭുതത്താന്‍ - അഭിഷേകം ,കദളിപഴം,കരിക്ക് നിവേദ്യം
നാഗര് - ആയില്യം പുജ ,നൂറും പാലും .
ക്ഷേത്രത്തിലെ പ്രധാന ഉത്സവാദി വിശേഷങ്ങള്‍
ചിങ്ങം - വിനായക ചതുര്‍ഥി -അഷ്ട ദ്രവ്യ മഹാഗണപതിഹോമം ,ഉത്രാടം നാളില്‍ മാങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം
കന്നി - പൂജവെയ്പ്പ്,വിദ്യാരംഭം .
തുലാം - ആയില്ലം - കാവില്‍ നൂറും പാലും
വൃശ്ചികം - 41 ദിവസത്തെ ചിറപ്പ് , അഖണ്ടനാമജപത്തോടെ സമാപനം.
ധനു - കല്ലട കാവടി സംഘത്തിനു സ്വീകരണം ,തിരുവഭാരണത്തിന് സ്വീകരണം ,തിരുവാഭരണ ദര്‍ശനം .
മകരം - മകരഭരണി ഉത്സവം
കുംഭം - രേവതി ഉത്സവം
കുംഭം ,മീനം ,മേടം മാസങ്ങളില്‍ വിവിധകരക്കാരുടെ 101 കലം പുജ വഴിപാട്‌
മേടം - വിഷുക്കണി ദരശനം ,മേടശുദ്ധി
കര്‍ക്കിടകം - കര്‍ക്കിടകവാവ് ,രാമായണമാസാചരണം.
ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍
പള്ളിയുണര്‍ത്തല്‍ - 4 .30 am
തിരുനട തുറക്കല്‍ - 5 .30 am
നിര്‍മ്മാല്യം,അഭിഷേകം - 5 .35am
ഉഷപൂജ - 6 .30am
എതൃത്തപൂജ,ശ്രീബലി - 6 .30am
പന്തിരടിപൂജ - 8 .10am
ഉച്ചപൂജ ,ശ്രീബലി - 10 .20am
നട അടക്കല്‍ - 11 .00am
വൈകിട്ട് നട തുറക്കല്‍ - 5 .00pm
ദീപാരാധന - 6 .30pm
അത്താഴപൂജ ,ശ്രീബലി - 7 .30pm
നട അടക്കല്‍ - 8 .00pm
അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള ഒരു website ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് അതിലേകുള്ള ലിങ്ക്
അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള കുടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സന്ദര്‍ശിക്കുക്ക.....
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍
MC റോഡില്‍ തിരുവല്ലയില്‍ നിന്നോ ചെങ്ങന്നൂരില്‍ നിന്നോ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നോ കൊഴന്‍ച്ചെരിയില്‍ എത്തുക ,അവിടെ നിന്ന് ചെറുകോല്‍പുഴ ,പുതിയകാവ് ,ഇടപ്പാവൂര്‍ വഴി റാന്നിക്ക് പോകുന്ന റോഡില്‍ 6 km സഞ്ചരിച്ചാല്‍ അയിരൂര്‍ പുതിയകാവില്‍ എത്തിച്ചേരാം .റാന്നി വഴി വരുന്നവര്‍ 10 km സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം .
മനസൊന്ന് കലുഷിതമായാല്‍ , ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്ന്‌ നിറയുമ്പോള്‍ അമ്മയെ മനസ്സ് നൊന്ത് വിളിച്ചാല്‍ , മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ,ആ നടയില്‍ എത്തി ഒന്ന് തൊഴുതാല്‍ അമ്മ വിളി കേള്‍ക്കും അമ്മ അനുഗ്രഹിക്കും മനസ്സ് ശാന്തമാകും ,ഇത് ഈ ലേഖകന്‍ ഉള്‍പെടെയുള്ള ഭക്ത ലക്ഷങ്ങളുടെ അനുഭവ സാഷ്യം . വിവിധ ജാതി മതസ്ഥര്‍ വസിക്കുന്ന സ്ഥലമാണ്‌ അയിരൂര്‍ പുതിയകാവ് എന്ന ഗ്രാമം ,ഇവിടെയുള്ള ജനങ്ങള്‍ എന്തു പ്രയാസം ഉണ്ടായാലും ആദ്യം വിളിക്കുന്നത് ""എന്‍റെ പുതിയകാവില്‍ അമ്മേ"" എന്നാണ് ,ആ തിരു നട ഭക്തര്‍ക്കായ്‌ തുറന്നു കിടക്കുന്നു .ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ ഇല്ലാതെ ഭക്തര്‍ക്ക്‌ എത്തി വണങ്ങാന്‍ കഴിയുന്ന ഒരു പുണ്യ സങ്കേതമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .അഭീഷ്ട വരദായിനിയായി ഐശ്വര്യദായിനിയായി വിളിച്ചാല്‍ വിളിപുറത്തമ്മയായി ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹംചൊരിഞ്ഞ്‌ ഞങ്ങളുടെ അമ്മ ഇവിടെ കുടികൊള്ളുന്നു.അയിരൂര്‍ പുതിയകാവിലെക്ക് ,പുതിയകാവില്‍ അമ്മയുടെ പുണ്യ സന്നിധിയിലേക്ക് എല്ലാ ഭക്ത ജങ്ങള്‍ക്കും സ്വാഗതം . ഐശ്യര്യദായിനിയായ അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ലേഖനം അമ്മയുടെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു ..........
'''അമ്മേ ശരണം ദേവി ശരണം

തിരുവാറ്റാ മഹാദേവക്ഷേത്രം



തിരുവാറ്റാ മഹാദേവക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം. തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം.
ഐതീഹ്യം
ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം. മുഞ്ചിറ സ്വാമിയാർ തന്റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.
ക്ഷേത്ര നിർമ്മാണം
കേരളത്തിലെ ആദ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്റെ തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്റെ പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.
നാലമ്പലം
വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ കുമ്മായം ഉപയോഗിച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല. തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.കിഴക്കുവശത്ത് ശ്രീകോവിലിനോട് ചേർന്ന് ചതുരാകൃതിയിൽ പണിതിർത്ത നമസ്കാര മണ്ഡപം മനോഹരമാണ്. ശ്രീകോവിലും, മണ്ഡപവും ചെമ്പു മേഞ്ഞിട്ടുണ്ട്. തെക്കുംതേവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിമലയാറിൽ വെള്ളം പൊങ്ങി പ്രധാന ശ്രീകോവിൽ മുങ്ങിയാലും ഇവിടെ വെള്ളം കേറാത്ത അത്ര പൊക്കത്തിലാണ് ഈ ശ്രീകോവിൽ പണിതീർത്തിയിരിക്കുന്നത്. നാലമ്പലവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ നാലമ്പലത്തിന്റെ ഭിത്തിയിൽ കൽചിരാതുകൾ പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രേശന്റെ പ്രതിഷ്ഠ വളരെ താഴ്ന്നതായതിനാൽ വലിയ ബലിക്കല്ലും വളരെ താഴ്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നിത്യ പൂജകൾ
രാവിലെ 4:30നു ക്ഷേത്രം തുറക്കുകയും തുടർന്ന് ശംഖാഭിഷേകത്തിനും ഉഷഃപൂജക്കും ശേഷം 8:30-ഓട്കൂടി നട അടക്കുകയും ചെയ്യുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് നടതുറന്നുകഴിയുമ്പോൾ ദീപാരാധന മാത്രമേ പതിവുള്ളു. പണ്ട് തൃകാലപൂജ പതിവുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
ശംഖാഭിഷേകം
ഉഷഃപൂജ
ദീപാരധന
ആറാട്ട് പൂജ
തിരുവാറ്റാ തേവർക്ക് ആറാട്ട് വർഷകാലത്താണ്. കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു. അന്ന് ആറാട്ട് നടക്കുന്നതിനൊപ്പം തേവരെ നാലമ്പലത്തിനുള്ളിൽതന്നെയുള്ള തെക്കുംതേവരുടെ ശ്രീകോവിലിലേക്ക് ആവാഹിക്കുകയും അവിടുത്തെ ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും. തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം

ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം



ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ഏഴുമുട്ടം ദേശത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീവനദ്ദുർഗ്ഗാദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഈ പ്രദേശം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നിബിഡമായ വനപ്രദേശമായിരുന്നു.ജനവാസം നന്നേ കുറഞ്ഞ ഈ പ്രദേശത്ത് നാമ മാത്രമായ കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്.പനച്ചിക്കാട്ട് മാടപ്പിള്ളിൽ പുത്തൻപുരയിൽ കുടുംബക്കാരായിരുന്നു ഇതിൽ പ്രധാനികൾ.ഈ കുടുംബത്തിലെ ഉഗ്രപ്രതാപിയും മന്ത്രികനുമായ കാരണവരുടെ 108 ഉപാസനാ മൂർത്തികളിൽ പ്രധാനിയായിരുന്നു ശ്രീഭഗവതി.സർവ്വവിധ സൗഭാഗ്യങ്ങളും നൽകി അനുശ്രഹിക്കുന്ന, സർവ്വൈശ്വര്യ കാരണിയായ ദേവിയെ പൂർവ്വികർ ആരാധിച്ച് സർവ്വപ്രതാപത്തോടും കൂടി വാണിരുന്നു. ആചാര വൈരുദ്ധ്യങ്ങൾ കൊണ്ടും കൗളമാർഗ്ഗ പ്രയോഗത്താലും ദേവീചൈതന്യം ലോപിക്കുകയും പിന്നീടെ അവിടെ ആളുകൾ താമസിക്കുകയും അവർ ദേവിയെ ആരധിക്കുകയും ഇവിടെ കാലക്രമത്തിൽ കാവായി രുപപ്പെടുകയും ചെയ്തു.
അഷ്ടമംഗലദേവ പ്രശ്‌നത്തിൽ ഏതാണ്ട് 800ൽ പരം വർഷം പഴക്കമുള്ള 108 ആരാധന മുർത്തികളിൽ പ്രധാനിയായി ആരാധിച്ചിരുന്ന ദേവിചൈതന്യത്തെ ശംഖ്,ചക്രം,ശരം,വില്ല് എന്നിവ ധരിച്ച് വേണം എന്ന് പ്രശ്‌നത്തിൽ തെളിഞ്ഞു.അങ്ങനെ ഭക്തജനങ്ങളുടെയും നാട്ടുകാരുടേയും സഹായത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു വരുന്നു

ആദിത്യപുരം സൂര്യക്ഷേത്രം



ആദിത്യപുരം സൂര്യക്ഷേത്രം

മള്ളിയൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ തെക്ക് പടിഞ്ഞറായാണ് ആദിത്യപുരം സൂര്യക്ഷേത്രം, കേരളത്തില്‍ നിത്യ പൂജയുള്ള അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളില്‍ ഒന്നാണിത് .പടിഞ്ഞാട്ടു ദര്‍ശനമായി ധ്യാനലീനനായാണ് സൂര്യ ദേവന്‍ ഇവിടെ മരുവുന്നത്, ക്ഷേത്ര പ്രതിഷ്ഠ ത്രേതായുഗത്തിലാണ് നടന്നതെന്ന് വിശ്വസിക്കുന്നു. കൃഷ്ണ ശിലയില്‍ തന്നെ അപൂര്‍വമായിട്ടുള്ള തരം ശിലയിലാണ്‌ വിഗ്രഹം, തൈലാഭിഷേകത്തിനു ഉപയോഗിക്കുന്ന എണ്ണ ഉടന്‍ തന്നെ വിഗ്രഹം ആഗിരണം ചെയ്യുന്നു. മള്ളിയൂരേ പോലെ തന്നെ ആദിത്യപുരവും ആദ്യം ദുര്‍ഗാ ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കുന്നു, രണ്ടിടത്തും പ്രധാന ദേവതയോടൊപ്പം തന്നെ പ്രാധാന്യം ദുര്‍ഗാ ദേവിക്കുണ്ട്. സൂര്യ ദേവന് പകല്‍ മാത്രമേ ശക്തിയുള്ളു എന്നത് കൊണ്ട് ദേവന്‍ ദുര്‍ഗാ മന്ത്രം ഉരുവിട്ട് കൊണ്ട് തപസു ചെയ്തു, ആദിപരാശക്തി പ്രത്യക്ഷപ്പെട്ട് രാത്രിയുടെ അവസാന ആറു യാമങ്ങള്‍ സകല ദേവി ദേവന്‍മാരുടെ ചൈതന്യം സൂര്യന് കൊടുത്തുവെന്നും വിശ്വാസമുണ്ട്‌. അത് കൊണ്ട് സൂര്യോദയത്തിനു മുന്‍പ് ക്ഷേത്രത്തില്‍ പ്രവേശിച്ചു സൂര്യ മന്ത്രങ്ങള്‍ ഉരുവിട്ട് സൂര്യോദയത്തിനു ശേഷം അമ്പലം വിടുകയാണെങ്കില്‍ സകല ദുരിത രോഗ മോചനം ഉണ്ടാവും. കിഴക്കോട്ടു ദര്‍ശനമായാണ്‌ ദേവി പ്രതിഷ്ഠ, മറ്റു ഉപദേവതകള്‍ ശാസ്താവും യക്ഷിയുമാണ്. ആദിത്യ പൂജ, നവഗ്രഹ പൂജ, ഉദയാസ്തമയ പൂജ എന്നിവയാണ് പ്രധാനം. രക്തചന്ദനവും അട നിവേദ്യവുമാണ് പ്രധാന പ്രസാദങ്ങള്‍, ആ രക്തചന്ദനം പുരട്ടിയാല്‍ സകല വിധ നേത്ര ത്വക്ക്‌ രോഗങ്ങളും ശമിക്കുമത്രേ. എല്ലാ മലയാള മാസവും അവസാന ഞായറാഴ്ചയും പ്രധാനമാണ്, വൃശ്ചികം മേടം മാസങ്ങളിലെ സംക്രമങ്ങളും മകരത്തിലെ സംക്രമവും പത്താമുദയവും കര്‍ക്കിടക വാവും അതി പ്രധാനം.
ത്വം സൂര്യം ലോക കര്‍ത്താരം മഹാ തേജ പ്രതിപനം
മഹാ പാപ ഹരം ദേവം ത്വം സൂര്യം പ്രണമാമ്യഹം
ക്ഷേത്രത്തിന്‍റെ വിലാസം - ആദിച്ചപുരം സൂര്യ ക്ഷേത്രം, ഇരവിമംഗലം പി ഓ, മുട്ടുചിറ, കടുത്തുരുത്തി, കോട്ടയം. പിന്‍ - 686 613.