2019, ജനുവരി 22, ചൊവ്വാഴ്ച

തിരുവാറ്റാ മഹാദേവക്ഷേത്രം



തിരുവാറ്റാ മഹാദേവക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം. തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം.
ഐതീഹ്യം
ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം. മുഞ്ചിറ സ്വാമിയാർ തന്റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.
ക്ഷേത്ര നിർമ്മാണം
കേരളത്തിലെ ആദ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്റെ തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്റെ പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.
നാലമ്പലം
വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ കുമ്മായം ഉപയോഗിച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല. തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.കിഴക്കുവശത്ത് ശ്രീകോവിലിനോട് ചേർന്ന് ചതുരാകൃതിയിൽ പണിതിർത്ത നമസ്കാര മണ്ഡപം മനോഹരമാണ്. ശ്രീകോവിലും, മണ്ഡപവും ചെമ്പു മേഞ്ഞിട്ടുണ്ട്. തെക്കുംതേവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിമലയാറിൽ വെള്ളം പൊങ്ങി പ്രധാന ശ്രീകോവിൽ മുങ്ങിയാലും ഇവിടെ വെള്ളം കേറാത്ത അത്ര പൊക്കത്തിലാണ് ഈ ശ്രീകോവിൽ പണിതീർത്തിയിരിക്കുന്നത്. നാലമ്പലവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ നാലമ്പലത്തിന്റെ ഭിത്തിയിൽ കൽചിരാതുകൾ പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രേശന്റെ പ്രതിഷ്ഠ വളരെ താഴ്ന്നതായതിനാൽ വലിയ ബലിക്കല്ലും വളരെ താഴ്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നിത്യ പൂജകൾ
രാവിലെ 4:30നു ക്ഷേത്രം തുറക്കുകയും തുടർന്ന് ശംഖാഭിഷേകത്തിനും ഉഷഃപൂജക്കും ശേഷം 8:30-ഓട്കൂടി നട അടക്കുകയും ചെയ്യുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് നടതുറന്നുകഴിയുമ്പോൾ ദീപാരാധന മാത്രമേ പതിവുള്ളു. പണ്ട് തൃകാലപൂജ പതിവുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
ശംഖാഭിഷേകം
ഉഷഃപൂജ
ദീപാരധന
ആറാട്ട് പൂജ
തിരുവാറ്റാ തേവർക്ക് ആറാട്ട് വർഷകാലത്താണ്. കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു. അന്ന് ആറാട്ട് നടക്കുന്നതിനൊപ്പം തേവരെ നാലമ്പലത്തിനുള്ളിൽതന്നെയുള്ള തെക്കുംതേവരുടെ ശ്രീകോവിലിലേക്ക് ആവാഹിക്കുകയും അവിടുത്തെ ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും. തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.