ആദിത്യപുരം സൂര്യക്ഷേത്രം
മള്ളിയൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ തെക്ക് പടിഞ്ഞറായാണ് ആദിത്യപുരം സൂര്യക്ഷേത്രം, കേരളത്തില്‍ നിത്യ പൂജയുള്ള അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളില്‍ ഒന്നാണിത് .പടിഞ്ഞാട്ടു ദര്‍ശനമായി ധ്യാനലീനനായാണ് സൂര്യ ദേവന്‍ ഇവിടെ മരുവുന്നത്, ക്ഷേത്ര പ്രതിഷ്ഠ ത്രേതായുഗത്തിലാണ് നടന്നതെന്ന് വിശ്വസിക്കുന്നു. കൃഷ്ണ ശിലയില്‍ തന്നെ അപൂര്‍വമായിട്ടുള്ള തരം ശിലയിലാണ് വിഗ്രഹം, തൈലാഭിഷേകത്തിനു ഉപയോഗിക്കുന്ന എണ്ണ ഉടന്‍ തന്നെ വിഗ്രഹം ആഗിരണം ചെയ്യുന്നു. മള്ളിയൂരേ പോലെ തന്നെ ആദിത്യപുരവും ആദ്യം ദുര്‍ഗാ ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കുന്നു, രണ്ടിടത്തും പ്രധാന ദേവതയോടൊപ്പം തന്നെ പ്രാധാന്യം ദുര്‍ഗാ ദേവിക്കുണ്ട്. സൂര്യ ദേവന് പകല്‍ മാത്രമേ ശക്തിയുള്ളു എന്നത് കൊണ്ട് ദേവന്‍ ദുര്‍ഗാ മന്ത്രം ഉരുവിട്ട് കൊണ്ട് തപസു ചെയ്തു, ആദിപരാശക്തി പ്രത്യക്ഷപ്പെട്ട് രാത്രിയുടെ അവസാന ആറു യാമങ്ങള്‍ സകല ദേവി ദേവന്‍മാരുടെ ചൈതന്യം സൂര്യന് കൊടുത്തുവെന്നും വിശ്വാസമുണ്ട്. അത് കൊണ്ട് സൂര്യോദയത്തിനു മുന്‍പ് ക്ഷേത്രത്തില്‍ പ്രവേശിച്ചു സൂര്യ മന്ത്രങ്ങള്‍ ഉരുവിട്ട് സൂര്യോദയത്തിനു ശേഷം അമ്പലം വിടുകയാണെങ്കില്‍ സകല ദുരിത രോഗ മോചനം ഉണ്ടാവും. കിഴക്കോട്ടു ദര്‍ശനമായാണ് ദേവി പ്രതിഷ്ഠ, മറ്റു ഉപദേവതകള്‍ ശാസ്താവും യക്ഷിയുമാണ്. ആദിത്യ പൂജ, നവഗ്രഹ പൂജ, ഉദയാസ്തമയ പൂജ എന്നിവയാണ് പ്രധാനം. രക്തചന്ദനവും അട നിവേദ്യവുമാണ് പ്രധാന പ്രസാദങ്ങള്‍, ആ രക്തചന്ദനം പുരട്ടിയാല്‍ സകല വിധ നേത്ര ത്വക്ക് രോഗങ്ങളും ശമിക്കുമത്രേ. എല്ലാ മലയാള മാസവും അവസാന ഞായറാഴ്ചയും പ്രധാനമാണ്, വൃശ്ചികം മേടം മാസങ്ങളിലെ സംക്രമങ്ങളും മകരത്തിലെ സംക്രമവും പത്താമുദയവും കര്‍ക്കിടക വാവും അതി പ്രധാനം.
ത്വം സൂര്യം ലോക കര്‍ത്താരം മഹാ തേജ പ്രതിപനം
മഹാ പാപ ഹരം ദേവം ത്വം സൂര്യം പ്രണമാമ്യഹം
മഹാ പാപ ഹരം ദേവം ത്വം സൂര്യം പ്രണമാമ്യഹം
ക്ഷേത്രത്തിന്‍റെ വിലാസം - ആദിച്ചപുരം സൂര്യ ക്ഷേത്രം, ഇരവിമംഗലം പി ഓ, മുട്ടുചിറ, കടുത്തുരുത്തി, കോട്ടയം. പിന്‍ - 686 613.