2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

പാലക്കുന്ന്ശ്രീഭഗവതിക്ഷേത്രം, കാസർഗോഡ്..







വടക്കേ മലബാറിലെ ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങൾക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമായാണ് കഴകങ്ങൾ സ്ഥാപിക്കപ്പെട്ടത്‌. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടായ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. ആരാധനാലയങ്ങളുടെ കേന്ദ്രസ്ഥാനം വഹിക്കുന്നതിനോടൊപ്പം തന്നെ അതത് സമുദായത്തിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയും കൂടിയായിരുന്നു പണ്ടുകാലത്ത് കഴകങ്ങൾ. ഉത്തരകേരളത്തിലെ തീയസമുദായത്തിന്റെ പ്രധാനപ്പെട്ട നാലു കഴകങ്ങളാണ്‌ ഉദുമ പാലക്കുന്ന് കഴകം,
നെല്ലിക്കാത്തുരുത്തി നിലമംഗലത്ത്‌ കഴകം, രാമന്തളി കുറുവന്തട്ട കഴകം, തൃക്കരിപ്പൂർ രാമവില്യം കഴകം, എന്നിവ.
കാസർഗോഡ്‌ ഉദുമയില്‍ സ്ഥിതി ചെയ്യുന്ന പാലക്കുന്ന്‌ കഴകത്തിലെ പ്രധാന ആരാധനാമൂർത്തി കൂർമ്പ ഭഗവതിയാണ്. കൂർമ്പ നാല്‍വർ (ഇളയഭഗവതി, മൂത്ത ഭഗവതി, ദണ്‌ഠന്‍, കണ്‌ഠകർണന്‍), വിഷ്‌ണുമൂർത്തി, ഗുളികന്‍ എന്നീ മൂർത്തികള്‍ക്കാണ്‌ ഇവിടെ സ്ഥാനം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഒരു ദേവതയുടേയും തെയ്യം ഇവിടെ കെട്ടിയാടിക്കാറില്ല. ദേവതകളെ പ്രതിനിധാനം ചെയ്യുന്നത് ആയത്താൻമാരും വെളിച്ചപ്പാടൻമാരുമാണ്. കുഭം-മീന മാസങ്ങളിൽ നടക്കാറുള്ള ഭരണി ഉത്സവമാണ് പാലക്കുന്നിലെ പ്രധാന ഉത്സവം. ക്ഷേത്രത്തിൻ്റെ നടത്തിപ്പവകാശം ഭണ്ഠാരവീട് എന്നറിയപ്പെടുന്ന തീയ്യ തറവാടിനാണ്. ക്ഷേത്രത്തിനു സമീപത്തുള്ള ഈ തറവാട്ടിൽ പടിഞ്ഞാറ്റ ചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ട്. തൃക്കണ്ണാട് ശ്രീ തൃയംബകേശ്വര ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ളതാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൻ്റെ ഐതിഹ്യം.
കൂർമ്പ ഭഗവതിയുടെ പട്ടോല വിശേഷത്തിൽ പാലക്കുന്നിൽ വഴക്കം വന്നതിനെപ്പറ്റി ദേവി ഇപ്രകാരം ഉരിയാടുന്നതായി പരാമർശിക്കുന്നു.
"ഉദിപ്പ്‌ കാഞ്ഞിരോട്‌ അസ്‌തമനം ബജംപാടി, കുദ്രോളി, കൂട്ടക്കളം, ഉള്ളാളം പടിബിടാരം, കനിലത്തെകുന്ന്‌ സ്ഥിരതാമസം, അന്തിയുറക്കം പർണശാല.
തുളുനാട്‌ മുപ്പത്തിരണ്ടും വഴക്കംവന്ന്‌ ബങ്കര വാണോന്റെ വളഞ്ഞകോട്ടക്കകത്ത്‌ അന്തിയുറക്കം കൊണ്ടശേഷം കാഞ്ഞിരോട്‌ പെരുമ്പടവാതുക്കല്‍ കൈയ്യെടുത്ത്‌ യോഗനിദ്രയില്‍ ലയിച്ചിരുന്ന കാലം നേരത്ത്‌ തൃക്കണ്യാലപ്പന്റെ അരുളപ്പാടുണ്ടായി. പാണ്ട്യരാജാവിന്റെ പടയാളികള്‍ സ്വർണക്കൊടിമരവും ദന്തപ്പടിയും പൊരിച്ചുകൊണ്ടുപോകാന്‍ കൈയെടുത്തിട്ടുണ്ട്‌. ചുറ്റുവട്ടത്തുള്ള എല്ലാ ദേവീദേവന്‍മാരേയും വിളിച്ചു ആരും ഉണർന്നില്ല. കാഞ്ഞിരോട്‌ പെരുമ്പടവാതുക്കല്‍ യോഗനിദ്രകൊള്ളുന്ന ജഗദംബ കൂർമ്പ എന്റെ അഭിമാനത്തെ കാക്കണം എന്ന്‌ അരുളപ്പാടു കേട്ട്‌ ഞങ്ങള്‍ നാല്‍വരും തൃക്കണ്യാലപ്പന്റെ മുന്‍വശത്തേക്ക്‌ കൈയെടുത്തു. മദിച്ചാന ദണ്‌ഠനോട്‌ ദണ്‌ഠപ്പടി ചവിട്ടിപ്പിടിക്കാനും എന്റനുജത്തിയോട്‌ കൊടിമരം കിണറ്റില്‍ താഴ്‌ത്തുവാനും മതിപ്പെട്ടാണ്‌ കണ്‌ഠകർണനോട്‌ പാണ്ട്യന്റെ ഒരു കപ്പലൊഴികെ മറ്റെല്ലാം ചുട്ടുകരിച്ചു ഒന്നിനെ കല്ലാക്കി മറ്റൊന്നിനെ മടക്കിക്കൊടുത്തു. ഇങ്ങനെ മാറിയവനെ തേടിയും തേടിയവനെ മാറിയും നല്ലച്ഛന്റെ അനുകൂലത്താലെ വഴക്കം വന്നതിനു ശേഷം തൃക്കണ്ണാലപ്പനോട്‌ വട്ടും വാശി പിടിച്ച്‌ തൃക്കണ്ണാലപ്പന്റെ മുഖത്തോടു മുഖം നോക്കിയിരിപ്പാനുള്ള ഒക്കപ്പാട്‌ ഉണ്ടാക്കണമെന്ന അവസ്ഥ കരുതിപ്പോരുന്ന നേരത്ത്‌. അന്ന്‌ തൃക്കണ്ണ്യാലപ്പന്‍ അടിയോടിയില്‍ ശേഷിപ്പെട്ട്‌ ഉരിയാടിയ വാക്ക്‌: "എന്റെ പൊന്‍മകളെ പടിഞ്ഞാറ്‌ അലറുന്ന വന്‍കടല്‍ എപ്പോള്‍ വന്നുവിഴുങ്ങുമെന്ന ഭയപ്പാടോടു കൂടി നില്‍ക്കണ്ട'' അതുകേട്ട്‌ ഞങ്ങള്‍ നാല്‍വരും പെരുമ്പടയും തൃക്കണ്ണ്യാലപ്പന്റെ വടക്കുഭാഗത്തുള്ള കായല്‍ക്കൂട്ടം തട്ടിത്തകർത്തു. അതിന്‍മേല്‍ നൃത്തമാടാന്‍ തുടങ്ങിയ കാലത്ത്‌ തൃക്കണ്ണ്യാലപ്പന്റെ ശിവലിംഗത്തിന്‌ ഇളക്കം തട്ടി. ശ്രീ
മഹാദേവന്‍ അടിയോടിയില്‍ വെളിപ്പെട്ടുരിയാടിയ വാക്ക്‌. എന്റെ പൊന്‍മകളെ എന്റെ വലഭാഗത്ത്‌ ഇരിപ്പുള്ള പാലപ്പോതിയെ പടിഞ്ഞാറോട്ടുനീക്കി അവിടെ എന്റെ പൊന്‍മകളും പരിവാരവും എന്ന്‌ കല്‍പ്പിക്കുകയും അതും മതി പോരാ എന്നവസ്ഥ വിചാരിച്ച്‌ എന്റെ ആറാട്ട്‌ കഴിഞ്ഞ്‌ മടക്കം വരുന്ന കാലും നേരത്ത്‌ നിങ്ങള്‍ നാല്‍വരും എന്റെ കൂടെ വന്ന്‌ എന്റെ പടിഞ്ഞാറെ സോപാനത്തില്‍ നിന്നുകൊണ്ട്‌ എന്റെ തിരുനൃത്തം കണ്ടുകൊണ്ടതിനുശേഷം കയറ്റിയ കൊടിയിറക്കി നിന്റെ മംഗലകല്യാണത്തിനും ഭരണിവേളക്കും ഭൂതപാണ്ട്യക്കൊടി കയറ്റാനുള്ള അരിയും തിരിയും കമ്പയും കയറും ഭൂതബലിക്കുള്ള ചെലവും വാങ്ങി മടങ്ങിയെഴുന്നള്ളി നിങ്ങള്‍ നാല്‍വരും ഭരണിപൂജ കൈക്കൊള്ളുവിന്‍. ഇതുകൊണ്ട്‌ നിങ്ങള്‍ നാല്‍വരും തൃപ്‌തിപ്പെട്ടോളിന്‍ എന്ന്‌ ശ്രീമഹാദേവന്‍ കല്‍പിച്ചരുളിയതിന്‍ വണ്ണം പാലപ്പോതിക്കുള്ളില്‍ ഞങ്ങള്‍ നാല്‍വരും വഴക്കം വന്നു."
തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിനു നേരേ പാണ്ഡ്യ രാജാവിൻ്റെ ആക്രമണമുണ്ടായപ്പോൾ
അത് തടഞ്ഞ കൂറുംബ ഭഗവതിക്ക് തൃക്കണ്യാലപ്പൻ പാലക്കുന്നിൽ ആചാരപൂർവം സ്ഥാനം നൽകിയെന്നാണ് പട്ടോല വിശേഷത്തിൽ പറയുന്നത്. പാലക്കുന്നിൽ ഉണ്ടായിരുന്ന പാലപ്പോതിയെന്ന സങ്കൽപത്തെ പുനസ്ഥാപിച്ചാണ് കുറുംബയെ ഇവിടെ കുടിയിരുത്തിയതത്രേ.
ഈ ഐതിഹ്യത്തിൽ കുറച്ച് മാറ്റങ്ങളുള്ള മറ്റൊരു പാഠഭേദവും നിലവിലുണ്ട്. പാണ്ട്യരാജാവിന്റെ സൈന്യം സമുദ്രത്തില്‍ നിന്ന്‌ തൃക്കണ്ണാട്‌ ക്ഷേത്രത്തിന്‌ നേരെ വെടിയുതിർത്തപ്പോള്‍ കൊടുങ്ങല്ലൂർ ഭഗവതി ഈ ദുരന്തം ഗ്രഹിച്ച്‌ തന്റെ ഒരു ദൂതനെ "ചൂരക്കോലും കൊതുമാച്ചിയും'' കൊടുത്ത്‌ തൃക്കണ്യവിലേക്കയച്ചു.ആ ദൂതന്‍ വന്ന്‌ ആദിത്യം സ്വീകരിച്ചത്‌ ഒരു തീയ്യ ഭവനത്തിലായിരുന്നു. അടുത്ത ദിവസം മദ്ധ്യാഹ്‌നപൂജ നടക്കുമ്പോള്‍ ആ ദൂതന്‍ ക്ഷേത്രത്തില്‍ ചെന്ന്‌ കത്തിച്ച നെയ്‌ത്തിരി ആവശ്യപ്പെട്ടു. നെയ്ത്തിരി വാങ്ങി നീന്തിച്ചെന്ന്‌ കപ്പലിന്‌ തീ കൊടുത്ത്‌ ചുട്ടുകരിച്ചു. സംതൃപ്‌തനായ ശിവന്‍ തന്റെ അയല്‍പക്കത്ത്‌ പള്ളിയറ നിർമ്മിച്ച്‌ കുരുമ്പ ഭഗവതിയെ കുടിയിരുത്തി. ആ ദൂതനു ആദിത്യം നല്‍കിയ തീയ്യ തറവാടിനു തന്നെ അതിന്റെ ഉത്തരവാദിത്തവും ഏല്‍പിച്ചു കൊടുത്തുവെന്നാണ് ഈ പാഠഭേദത്തിൽ പറയുന്നത്.

സാരംഗപാണി_ക്ഷേത്രം , കുംഭകോണം, തമിഴ്നാട്




സാരംഗപാണി_ക്ഷേത്രം , കുംഭകോണംതമിഴ്നാട് 

വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അല്‍വാര്‍ എന്നുവിളിക്കുന്ന 12 സന്യാസിമാര്‍ തങ്ങളുടെ എഴുത്തുകളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 147 അടി ഉയരമുള്ള ഒരു ഗോപുരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അനന്തശയനം രൂപത്തിലാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ദേവി കോമളവല്ലിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.
ആകാശത്തോളമുയരമുള്ള ഗോപുരത്തിൽ ശില്പകലയുടെ വൈവിധ്യങ്ങൾ കാണാം. ക്ഷേത്രഗോപുരത്തിനകത്ത് ഭരതനാട്യത്തിലെ നൂറ്റെട്ട് കരണങ്ങൾ കൊത്തിയിരുന്നു. ഗോപുരവും കടന്ന് അകത്തെത്തിയാൽ ദീപാലങ്കൃതമായ ശ്രീകോവിൽ കാണാം.പഞ്ചരംഗ ക്ഷേത്രങ്ങളിൽ രണ്ടാമതായ സാരംഗപാണീ ക്ഷേത്രം നിർമ്മിച്ചത് പല്ലവരാജാക്കന്മാരുടെ കാലത്താണ്..പിന്നീട് വിജയനഗര രാജാക്കന്മാർ ക്ഷേത്രത്തെ പുന:രുദ്ധരിച്ചു

ഏകാംബരേശ്വര_ക്ഷേത്രം, കാഞ്ചീപുരം, തമിഴ്നാട്




ഏകാംബരേശ്വര_ക്ഷേത്രംകാഞ്ചീപുരംതമിഴ്നാട് 🕉
പഞ്ചഭൂതക്ഷേത്രങ്ങളിൽ ഭൂമിലിംഗത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രം!!!
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരക്ഷേത്രത്തിന്റെ പ്രധാനഗോപുരത്തിന്റെ ഉയരം 59മീ ആണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണിത്.
ഏകാംബരേശ്വര ക്ഷേത്രത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച് ഒന്നിലധികം ഐതിഹ്യങ്ങൾ നിലവിലുണ്ട്.
ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാവിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.
മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്:
ഒരു മാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.
ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം 23 ഏക്കറാണ്. ക്ഷേത്ര ഗോപുരങ്ങളാണ് മറ്റൊരാകർഷണബിന്ദു. ക്ഷേത്രത്തിന്റെ രാജഗോപുരത്തിന് 59 മീ ഉയരമുണ്ട്.ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളിൽ ഒന്നാണിത്. ആയിരംകാൽ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ് ഇത് പണിതീർത്തത്. ക്ഷേത്രകുളം കമ്പൈ തീർത്ഥം എന്നറിയപ്പെടുന്നു. കുളത്തിലെ ജലം പുണ്യതീർത്ഥമായാണ് കണക്കാക്കുന്നത്. കാഞ്ചീപുരത്തെ മറ്റുക്ഷേത്രങ്ങളിൽ കാണുന്ന പോലെ പാർവതി ദേവിക്ക് പ്രത്യേകമായൊരു ശ്രീ കോവിൽ ഈ ക്ഷേത്രത്തിൽ ഇല്ല. കാമാക്ഷി അമ്മൻ കോവിലിലെ ദേവി ഏകാംബരേശ്വർന്റെ അർധാംഗിയാണെന്ന വിശ്വസിക്കുന്നു. അതിനാലാണ് ഇവിടെ ദേവിക്ക് ഇവിടെ പ്രത്യേകം ശ്രീ കോവിൽ ഇല്ലാത്തത്. വിഷ്ണുവിന്റെ ഒരു ചെറിയ ശ്രീ കോവിൽ ക്ഷേത്രത്തിനകത്തുണ്ട്.

സ്ഥാണുമാലയപെരുമാൾക്ഷേത്രം ശുചീന്ദ്രം







സ്ഥാണുമാലയപെരുമാൾ_ക്ഷേത്രം
ശുചീന്ദ്രംതമിഴ്നാട്


ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു.
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്‍റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ശില്‍പികളുടെ കരവിരുത് ഏതോരു സന്ദര്‍ശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവന്‍മാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാല്‍ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.
പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്‍കഴിയും ചിത്തിരയും. ഡിസംബര്‍/ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. എപ്രില്‍/മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവി-ദേവന്‍മാരുടെ പ്രതിഷ്ഠകളുണ്ട്.

ചെങ്ങന്നൂർമഹാദേവക്ഷേത്രം, ആലപ്പുഴ🕉



· 
ചെങ്ങന്നൂർമഹാദേവക്ഷേത്രംആലപ്പുഴ🕉
=========================================
''രണ്ടാം കൈലാസം എന്നാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം അറിയപ്പെടുന്നത്.''
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം.വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൾ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് ഐതീഹ്യം.
അതിപുരാതനമായതും ചരിത്ര പ്രസിദ്ധമായതുമായ ഒരു ക്ഷേത്രമാണ്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച്, ഒട്ടനവധി ഐതിഹ്യങ്ങളും, ചരിത്രങ്ങളും നിലവിലുണ്ട്. പടിഞ്ഞാറു ദിക്കിനഭിമുഖമായി ദേവീപ്രതിഷ്ഠയുള്ള ഇവിടെ, അതിനോടനുബന്ധിച്ച് തിരുപ്പൂപ്പ് എന്ന ആചാരം നടക്കുന്ന പതിവുണ്ട്. ഇതര ക്ഷേത്രങ്ങളിലൊന്നും സാധാരണമല്ലാത്ത ഒരു അടിയന്തരമാണ് ദേവിയുടെ തിരുപ്പൂപ്പ്.
പൌരാണിക ശില്പകലകളുടെ സംഗമകേന്ദ്രം കൂടിയായ പ്രസിദ്ധമായ ചെങ്ങന്നൂർ സുറിയാനിപ്പള്ളിയിലെ ശിലാ-ദാരു ശില്പങ്ങളും, മുപ്പത്തിമൂന്നര അടി ഉയരമുള്ള ഒറ്റക്കൽ കുരിശും പ്രാചീന കലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയിരൂർ ക്ഷേത്രം, കീഴൂട്ട് ക്ഷേത്രം, ചെങ്ങന്നൂർ ശിവക്ഷേത്രം, 6 ദിവ്യക്ഷേത്രങ്ങളായ തിരുച്ചിൻ കാറ്റിൻകര, തിരുപ്പുലിയൂർ , തിരുവൻവണ്ടൂർ , തിരു ആറ്റിൻവിള (തിരുവാറന്മുള), തിരുവല്ലവാഴ് (തിരുവല്ല), തൃക്കൊടിത്താനം ക്ഷേത്രം, തിരുചിറ്റാർ ക്ഷേത്രം, സുറിയാനിപ്പള്ളി, ചായൽപ്പള്ളി, സെന്റ് തോമസ് കത്തോലിക്കപള്ളി, സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. ചർച്ച് എന്നിവയാണ് ചെങ്ങന്നൂരിന്റെ പ്രാചീന സാംസ്കാരികചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ആരാധനാലയങ്ങൾ . കറുത്ത പൊന്ന് എന്ന് പ്രസിദ്ധമായ കുരുമുളക് പണ്ടുകാലം മുതലേ ഈ നാട്ടിൽ നിന്നുള്ള പ്രധാന കയറ്റുമതി ചരക്കായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് മഹാരാജാവിനോട് ഒട്ടും ഭക്തി കുറവില്ലാതെതന്നെ ഇവിടുത്തുകാർ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തെ എതിർത്തു പരാജയപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്തു. എം.ആർ മാധവ വാര്യർ , കണ്ണാറ ഗോപാലപ്പണിക്കർ മുതലായവരായിരുന്നു ഇവിടുത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികൾ . വാര്യർ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വ ആയിരുന്ന “മലയാളി” എന്ന പേരിലുള്ള ദിനപത്രത്തിന്റെ മുഖ്യപത്രാധിപത്യം ഏറ്റെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി എഴുതുകയും ചെയ്തു. 1952-ൽ വാര്യർ ഈ ലോകത്തോട് വിട പറഞ്ഞു. സി.പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല പ്രതികളെയും ചെങ്ങന്നൂരിൽ നിന്നും കാൽനടയായിട്ടാണ് കൊട്ടാരക്കരയിൽ എത്തിച്ചിരുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വരനായ രക്തസാക്ഷി കുടിതിൽ ജോർജ്ജ് എന്നും സ്മരിക്കപ്പെടുന്ന മഹത് വ്യക്തിയായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി ചെങ്ങന്നൂരിന്റെ പുത്രനായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളുമാണ് ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ ധന്യമാക്കിയ ആദ്യവിദ്യാലയങ്ങൾ . എം.സി റോഡ്, ചെങ്ങന്നൂർ - പത്തനംതിട്ട റോഡ്, ചെങ്ങന്നൂർ - മാവേലിക്കര റോഡ്, പാണ്ടനാട്-മാന്നാർ റോഡ് എന്നിവയാണ് ചെങ്ങന്നൂർ മുനിസിപ്പൽ പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ . കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും വടക്കുഭാഗത്തു നിന്നുള്ള ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ചെങ്ങന്നൂർ.
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി‍ വെണ്മണി, ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ‍ കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി.
ക്ഷേത്ര രൂപകല്പന:
വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്രസമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.
ശ്രീകോവിൽ:
അതിഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. മാത്രവുമല്ല, ഇവിടെ മുഴുവൻ ചളിയിട്ട് നിറച്ചിരിയ്ക്കുന്നുമുണ്ട്. ശിവലിംഗത്തിന്റെ പിന്നിൽ ഒരു വാതിലുണ്ട്. ഇതുവഴിയാണ് ഭഗവതീ നടയിലേയ്ക്ക് കടക്കുക. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.
നമസ്കാരമണ്ഡപം:
ക്ഷേത്രത്തിൽ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്. ഒന്ന്, കിഴക്കേനടയിൽ ശിവനുമുമ്പിലും മറ്റേത് പടിഞ്ഞാറേനടയിൽ ദേവിയ്ക്കുമുമ്പിലും സ്ഥിതിചെയ്യുന്നു. കിഴക്കേനടയിലുള്ളത് വളരെ വലുതും മനോഹരവുമായ മണ്ഡപമാണ്. ജീവൻ തുടിയ്ക്കുന്ന ധാരാളം ദാരുശില്പങ്ങൾ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 1001 കലശം വരെ വച്ച് പൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നതിനാൽ മണ്ഡപത്തിന്റെ വലിപ്പം ഊഹിയ്ക്കാമല്ലോ! എന്നാൽ പടിഞ്ഞാറേനടയിലുള്ളത് വളരെ ചെറുതും ശില്പഭംഗിയില്ലാത്തതും സൗകര്യം കുറഞ്ഞതുമായ സാധാരണ മണ്ഡപമാണ്. കിഴക്കേ മണ്ഡപത്തിൽ ശിവവാഹനമായ നന്തികേശന്റെ പ്രതിമയുമുണ്ട്.
നാലമ്പലം:
ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. അത്യാവശ്യം വലിപ്പമുണ്ട്. നാലുഭാഗത്തും പ്രവേശനകവാടങ്ങളുണ്ട്. ശിവക്ഷേത്രമായതിനാൽ പൂർണ്ണപ്രദക്ഷിണം അനുവദനീയമല്ല. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി സ്ഥിതിചെയ്യുന്നു. ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
ആനക്കൊട്ടിൽ:
ക്ഷേത്രത്തിൽ കിഴക്കേനടയിലും പടിഞ്ഞാറേനടയിലുമായി രണ്ട് ആനക്കൊട്ടിലുകളുണ്ട്. രണ്ടും വളരെ വലുതാണ്. അഞ്ച് ആനകൾക്ക് വരെ നിൽക്കാനുള്ള സൗകര്യം രണ്ടിടത്തുമുണ്ട്. കിഴക്കേ ആനക്കൊട്ടിലിൽ ഭജനയും സഹസ്രനാമജപവും പടിഞ്ഞാറേ ആനക്കൊട്ടിലിൽ ചോറൂണ്, വിവാഹം തുടങ്ങിയവയും നടത്തുന്നു.
കൂത്തമ്പലം:
കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലായിരുന്നു കൂത്തമ്പലം. അണ്ഡാകൃതിയിൽ പെരുന്തച്ചൻ തീർത്തതായിരുന്നു ഈ കൂത്തമ്പലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ സ്ഥിരം കൂത്തും കൂടിയാട്ടവും നടന്നിരുന്നു. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ കൂത്തമ്പലം പൂർണ്ണമായും നശിച്ചുപോയി. തുടർന്ന് പുനർനിർമ്മാണത്തിന് ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇന്ന് അവിടെ കൂത്തമ്പലത്തിന്റെ തറമാത്രമേ കാണാനുള്ളൂ.
ഗോപുരങ്ങൾ:
ക്ഷേത്രത്തിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. കിഴക്കേനടയിലുള്ളതാണ് ഏറ്റവും വലുത്. കേരളീയശൈലിയിൽ തീർത്ത ഏറ്റവും വലിയ ഗോപുരങ്ങളിലൊന്നാണ് ഇവിടത്തെ കിഴക്കേ ഗോപുരം. പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ഭാഗങ്ങളിലുള്ള ഗോപുരങ്ങൾ താരതമ്യേന വളരെ ചെറുതാണ്.
ദേവതാ സങ്കല്പം
തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)
ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്.
തൃച്ചെങ്ങന്നൂരമ്മ (ഭഗവതി):
പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീപാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്.
ഉപദേവപ്രതിഷ്ഠകൾ:
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ഗണപതി
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേനടയിൽ തെക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.
ദക്ഷിണാമൂർത്തി:
ഗണപതിപ്രതിഷ്ഠയോടൊപ്പമാണ് ശിവസ്വരൂപനും വിദ്യാദായകനുമായ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ.
പൂജാവിധികളും വിശേഷങ്ങളും:
തിരുവുത്സവം
ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.
ശിവരാത്രി :
ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.
തൃപ്പൂത്താറാട്ട്:
ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. തിരുപ്പൂത്താറാട്ട്‌". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂരപ്പൻ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ശ്രീ പാർവതിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു.
ക്ഷേത്രത്തിലെത്തിചേരാൻ:
ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.

ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്



ദക്ഷിണായനം ആരംഭിക്കുകയായി. കർക്കിടകം 1 മുതല്‍ ഇനിയുള്ള ആറുമാസക്കാലം സൂര്യനെ ഭൂമധ്യ രേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക .. കര്‍ക്കിടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്..!!
ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍ ദക്ഷിണായനം രാത്രിയാണ്.. ദക്ഷിണായനം പിതൃ പ്രാധാന്യമായകാലമാണ് എന്ന് ഹൈന്ദവപുരാണം പറയുന്നു.. പിതൃലോകത്തെ സായംസന്ധ്യ കര്‍ക്കിടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്.. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്..! വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട്.., പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കിടകത്തെ കരുതിപ്പോന്നിരുന്നു.. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു.. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു . കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു..!
മാ നിഷാദാ..! 'അരുതേ കാട്ടാളാ'.. ലോകത്തിലെ ആദ്യത്തെ ഇതിഹാസത്തിന് കാരണമായ വാക്കാണിത് .. തമസാ നദിയുടെ തീരത്ത്‌, കാട്ടാള ശരമേറ്റ് വീണ ക്രൌഞ്ചപക്ഷിയുടെ മരണ വിലാപവും ഇണപ്പക്ഷിയുടെ വിയോഗദുഖവും ആദികവിയുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ സഹാനുഭൂതിയില്‍നിന്നും രാമായണം എന്ന മഹാകാവ്യം രൂപംകൊണ്ടു എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്..!
എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നാരദനോട്‌ വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിക്ക്‌ പറഞ്ഞു കൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു.
രാമായണത്തിന്റെ ഉല്‍പ്പത്തിയെ പറ്റി പ്രചാരത്തിലുള്ള കഥകൂടി മനസിലാക്കണം. വാത്മീകി മഹര്‍ഷി ഒരുദിവസം ഉച്ച സമയത്ത് തന്‍റെ ആശ്രമത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന് രണ്ടു പക്ഷികള്‍ നര്‍മ്മസല്ലാപം നടത്തുകയായിരുന്നു .. അതില്‍ ഒന്നിനെ റാഞ്ചാന്‍ ഒരു കഴുകന്‍ ആകാശത്ത്‌ വട്ടമിട്ടു പറക്കുന്നു. വൃക്ഷത്തിനടിയില്‍ ഒരു കാട്ടാളന്‍ ഒന്നിനെ ലകഷ്യമാക്കി ശരം തോടുക്കുവാനും ഭാവിക്കുന്നു ..! ഈ സമയത്താണ് മഹര്‍ഷി .. അരുതേ കാട്ടാളാ .. എന്ന് പറയുന്നത്. ശാപം പോലെ വാത്മീകിയുടെ ഈ വാക്കുകള്‍ കാട്ടാളനെ ചകിതനാക്കി. കാട്ടാളന്‍റെ കാല്‍ ഒരു പുറ്റില്‍ തട്ടി. അതില്‍ ഉണ്ടായിരുന്ന സര്‍പ്പം തല്‍ക്ഷണം കാട്ടാളനെ കടിച്ചു. അമ്പ് ലക്‌ഷ്യം തെറ്റി പക്ഷിയെ റാഞ്ചാന്‍ വട്ടമിട്ടു പറന്നിരുന്ന പരുന്തിനാണ് കൊണ്ടത്‌. അങ്ങനെ കാട്ടാളനും പരുന്തും മരണമടഞ്ഞു. ഇണപ്പക്ഷികളാകട്ടെ മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ രക്ഷയും പ്രാപിച്ചു. ഈ കഥ രാമായണവുമായി ബന്ധപ്പെടുത്തി പ്രചുര പ്രചാരത്തില്‍ ഉള്ളതാണ്.
മനുഷ്യ കുലത്തിലുള്ള ഉത്തമപുരുഷന്റെയും ഉത്തമസ്ത്രീയുടെയും ജീവിത - കര്‍മ്മ - ധര്‍മ്മങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ഓരോത്തരുടെയും ജീവിതത്തിലേക്ക്‌ ഉള്‍കൊള്ളുവാന്‍ വീണ്ടം കിട്ടിയ ഒരവവസരംകൂടിയാണിത്...!
ഐശ്വര്യവും, സമാധാനവും സന്തോഷഭരിതവുമായ രാമായണമാസാത്തെ നമ്മള്‍ക്ക് ഹാര്‍ദ്ദമായി വരവേല്‍ക്കാം...!കര്‍ക്കടമാസം മലയാളികള്‍ക്കു രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂര്‍വ്വം കേള്‍ക്കുന്നതിനുള്ള സമയമാണ്. ഇനി വരാൻ പോകുന്നത് ...ഭക്തഗൃഹങ്ങളില്‍ വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില്‍ നിറയുന്ന..വേള.ഉമ്മറത്തിണ്ണകളില്‍...കോസലവും...മിഥിലയും...പുനര്‍ജനിക്കുന്നു...........ശ്രീരാമ.കഥകള്‍കൊണ്ട്കര്‍ക്കിടകമാസത്തെ.ഭക്തിസാന്ദ്രമാക്കാന്‍ ..ക്ഷേത്രസഞ്ചാരവും നിങ്ങൾക്കൊപ്പം........
.......ഇനിയുള്ള..നാളുകളിൽചുണ്ടുകളിൽ...രാമായണം.....മുഴങ്ങട്ടെ....
ആശംസകളോടെ
ജയ് ശ്രീരാം ..!!

ശ്രീചാമ്മുണ്ഡേശ്വരിക്ഷേത്രം, മൈസൂർ, കർണ്ണാടക





കർണാടകത്തിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങളുണ്ട്. മഹിഷമണ്ഡലം എന്നാണ് പഴയകാലത്ത് മൈസൂർ അറിയപ്പെട്ടിരുന്നത്. മഹിഷ എന്ന സംസ്‌കൃത പദത്തിന് എരുമ എന്നർത്ഥം. പ്രാകൃതിയിൽ 'മഹിസ'യെന്നും കർണ്ണാടകത്തിൽ മൈസയെന്നുമാണ് സമാനപദങ്ങൾ. മൈസയുടെ ഊര് മൈസൂരായി മാറി. മഹിഷാസുരന്റെ സാമ്രാജ്യമായിരുന്നു മൈസൂർ. ചണ്ഡമുണ്ഡന്മാരെ നിഗ്രഹിക്കാനവതരിച്ച ചാമുണ്ഡി മഹിഷാസുരനെ വധിച്ച് രാജ്യത്തു ഐശ്വര്യമുണ്ടാക്കി. പാർവ്വതിയുടെ അംശാവതാരമാണ് ചാമുണ്ഡി. മാർക്കണ്ഡേയൻ ഈ ചാമുണ്ഡിയെ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് വിശ്വാസം. ചാമുണ്ഡിക്കുന്നുകളിൽ വസിച്ചിരുന്ന മഹിഷാസുര മർദ്ദിനിയെ ചാമുണ്ഡിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് മറ്റൊരു ഐതിഹ്യം.
മഹാഭാരതകാലത്ത് മാഹിഷ്മതിയെന്നറിയപ്പെട്ടിരുന്ന മൈസൂർ പിൽക്കാലത്ത് പല പേരുകളിലറിയപ്പെട്ടു. ഇവിടെയെത്തിയ വൊസയാർ രാജവംശത്തിന്റെ പൂർവികർ മഹിഷാസുര എന്ന് തങ്ങളുടെ നാടിന് പുനർനാമകരണം ചെയ്തു. കാലക്രമത്തിൽ സ്ഥലനാമം മൈസൂറായി മാറി. ആദ്യകാലത്ത് ചാമുണ്ഡി മലകളിൽ ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച രണ്ടു ക്ഷേത്രങ്ങളുണ്ടായിരുന്നു. ശിവക്ഷേത്രത്തിന്റെ ശക്തിക്ഷേത്രമായി നിർമ്മിക്കപ്പെട്ട മഹിഷാസുരമർദ്ദിനിയെ ചാമുണ്ഡിയുടെ രൂപത്തിൽ മൈസൂർ രാജവംശം കുലപരദേവതയായി സ്വീകരിച്ചു. അതോടെ മലയും ക്ഷേത്രവും ചാമുണ്ഡിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി.

കാട്ടിൽമേക്കതില്‍ക്ഷേത്രം. കൊല്ലം



കാട്ടിൽമേക്കതില്‍ക്ഷേത്രം. കൊല്ലം 

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയമ്മയാണ് ഇവിടെ വാണരുളുന്നത്. മനമുരുകി പ്രാര്‍ത്ഥിക്കുന്നവർക്ക് മധുരപായസത്തേക്കാൾ മധുരമായി അനുഗ്രഹം നൽകുന്ന കാട്ടിലമ്മ. സ്‌നേഹനിധിയായ കാട്ടിലമ്മയുടെ അടുത്തുവന്നു മനസ്സിൽ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്‌.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വ്രത ശുദ്ധിയോടെ എത്തുന്ന ഭക്തർ, ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണിയുമായി, ഇവിടെയുള്ള പേരാൽ മരത്തിനു ചുറ്റും ഏഴു തവണ പ്രദക്ഷിണം ചെയ്തതിനു ശേഷം മണി മരത്തിൽ കെട്ടുന്നതോടെ തന്റെ ഏതു ആഗ്രഹവും നടക്കും എന്നതാണ് വിശ്വാസം. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ഇതു വിശ്വാസം മാത്രമല്ല പിന്നീട് തന്റെ ആഗ്രഹങ്ങൾ സാധിച്ചു കഴിയുമ്പോൾ ഭക്തർ വീണ്ടും വീണ്ടും ഈ ക്ഷേത്രത്തിൽ എത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ദേവീക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.
ആർത്തിരമ്പി വരുന്ന കടലിന്റെ മണി നാദത്തിൽ പ്രതിധ്വനിക്കുന്ന ക്ഷേത്രം. ദാരികനെ വധിച്ച ഉഗ്രമൂർത്തി ഭാവമാണ് ഇവിടുത്തെ ദേവത. ഭക്തർക്ക് മാതൃ സ്ഥാനത്താണ് അമ്മ. ചൈതന്യം തുളുമ്പുന്ന ദേവീ വിഗ്രഹം. ശതകോടി സൂര്യപ്രഭയോടെ സർവ്വൈശ്വര്യപ്രദായിനിയായി രാജകീയ പ്രൗഢിയോടെ കുടികൊള്ളുന്ന ദേവീ.
പ്രധാന വിഗ്രഹം കൂടാതെ ഗണപതി, ദുർഗ്ഗാദേവി, മൂർത്തി, യോഗീശ്വരൻ, മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗദൈവങ്ങള്‍, തുടങ്ങി ഉപദൈവങ്ങളും വെള്ളിയാഴ്ചതോറും ശത്രുദോഷത്തിനായി ശത്രുസംഹാരപുഷ്പാഞ്‌ലിയും നടത്തുന്നു. കൂടാതെ അമ്മയുടെ ഇഷ്ടവഴിപാടായി ഇരട്ടിമധുര പായസവും അറുനാഴി മഹാനിവേദ്യവും സമർപ്പിക്കുന്നു.
ക്ഷേത്രത്തിലേക്കുള്ള ഭക്തജന തിരക്കുകാരണം ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ നമുക്കിവിടെ എത്തിച്ചേരാവുന്നതാണ്. രാജഭരണ കാലഘട്ടം മുതലേ ഈ പുണ്ണ്യഭൂമിക്കു എന്തോ ചൈതന്യമോ പ്രത്യേകതയോ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് കൊട്ടാരത്തിൻകടവെന്ന് ഈ കടവിന്റെ നാമധേയം തന്നെ.
വെള്ളിയാഴ്ചയും ഞായറാഴ്ചയും വൻ ഭക്തജനത്തിരക്കാണ് ഇവിടെ കാണാൻ കഴിയുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്.
അതിഭയങ്കരമായ തിരക്കുകാരണം മറ്റു ക്ഷേത്രങ്ങളിൽ വ്യത്യസ്തമായി വഴിപാട് നൽകുന്ന കൗണ്ടർതന്നെ ഇവിടെ കാണാം. വഴിപാടിന്റെ രസീത് എഴുതുമ്പോൾ നമുക്കൊരു പ്ലാസ്റ്റിക് പാത്രത്തിലാണ് രസീത് കിട്ടുക. ആ പാത്രത്തിന്റെ നിറം നമ്മൾ ഓർത്തു വയ്ക്കുക. തിരക്കുള്ള സമയത്തു വഴിപാട് മേടിക്കുന്ന സ്ഥലത്ത് ഓരോ നിറത്തിലുള്ള പാത്രത്തിനും ഓരോ ക്യൂ നമുക്കിവിടെ കാണാം.
തന്നിൽ അഭയം പ്രാപിച്ച മക്കളുടെ സുഖ-ദുഃഖങ്ങൾ ആരാഞ്ഞു അനുഗ്രഹവർഷം ചൊരിയുവാൻ വർഷം തോറും നടന്നുവരുന്ന അമ്മയുടെ തിരുമുടി പറയ്ക്കെഴുന്നള്ളിപ്പ് കണ്ട് അനുഗ്രഹം നേടാൻ ഭക്തജനലക്ഷങ്ങളാണിവിടെ എത്തിച്ചേരുന്നത്.
വിശാലമായ മണൽപ്പരപ്പിനു നടുവിൽ ക്ഷേത്രം നിൽക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു. 2004-ൽ സുനാമി ദുരന്തമുണ്ടായപ്പോൾ പരിസരപ്രദേശം മുഴുവൻ കടൽക്ഷോഭത്തിനിരയായിട്ടും ക്ഷേത്രത്തിനു കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.
ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്രാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം. കടലിൽ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര കിണറ്റിൽ നിന്നും ലഭിക്കുന്ന ശുദ്ധജലം ഏവരെയും പുളകം കൊള്ളിക്കുന്നതും അത്ഭുതപരതന്ത്രരരാക്കുന്നതുമാണ്. അതുപോലെ ഈ ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനത്തിൽ പങ്കെടുക്കാൻ ജനലക്ഷങ്ങളാണെത്താറുള്ളത് .
വ്യക്തവും ചരിത്രപരവുമായ ഐതീഹ്യം നിലനിൽക്കുന്ന ശതാബ്ദങ്ങളോളം പഴക്കമുളള ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ അതിപുരാതനവും ക്ഷേത്ര ഐതീഹ്യമായി വളരെയധികം ബന്ധമുള്ളതാണ്.
ഗോകർണ്ണം മുതൽ കന്യാകുമാരി വരെയും കിഴക്ക് മധുരയും ഉൾപ്പെട്ട പഴയ ചേര രാജ്യത്തിന്റെ ആദിമഹാരാജാവ് ചേരൻ ചെങ്കുട്ടവൻ മുതൽ ശ്രീ പത്മനാഭദാസന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വരെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് കാട്ടിൽമേക്കതിലമ്മ വാണരുളുന്ന സ്ഥലം.
എ.ഡി. 1781 ൽ പൗർണ്ണമിയും പൂഷ്യനക്ഷത്രവും ചേർന്നു വന്ന പൗഷമാസത്തിലെ പൂയം നാളിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഓടനാട് രാജാവിനെ സന്ദർശിച്ച് വഞ്ചിമാർഗ്ഗം മടങ്ങിവരവെ (ഇന്ന് റ്റി.എസ്.കനൽ എന്നറിയപ്പെടുന്ന കായൽ മാർഗ്ഗം)ചെറിയ മയക്കത്തിലായിരുന്ന അദ്ദേഹത്തിന് പടിഞ്ഞാറൻ ചക്രവാളത്തിൽ (ഇന്ന് ക്ഷേതം സ്ഥിതി ചെയ്യുന്ന ദിക്കൽ) ഒരു ദേവീചൈതന്യം പ്രത്യക്ഷപ്പെടുന്നതായും പിന്നിട്ട് അത് കടലിൽ താഴ്ന്നുന്നു പോകുന്നതായും സ്വപ്നദർശനം ഉണ്ടായി. മയക്കമുണർന്ന മഹാരാജാവ് വഞ്ചിയടുപ്പിച്ചശേഷം ദേവീചൈതന്യം കണ്ട ദിക്കിലേക്ക് പുറപ്പെട്ടു.
ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നു സ്ഥലത്ത് എത്തിയ അദ്ദേഹം വളരെ നേരം അവിടെ ധ്യാനനിരതനായി ഇരുന്നു .ദേവീദർശനം ലഭിച്ച് ധ്യാനത്തിന് നിന്ന് ഉണർന്ന് ഈ സ്ഥലത്ത് ദേവീ ചൈതന്യം കുടികൊള്ളുന്നുവെന്നും ഇവിടെ മഹാക്ഷേത്രം ഉദയം ചെയ്യുമെന്നും ബ്രഹ്മ -വിഷ്ണു – മഹേശ്വരശക്തികൾ ഉൾക്കൊണ്ട് ഈ ദേവീക്ഷേത്രം ഭാരതവർഷം മുഴുവൻ പ്രകീർത്തിക്ക പ്പെടുമെന്നും അരുളിചെയ്തു .
തുടർന്നും ഈ പുണ്യഭൂമിയിൽ ദർശനത്തിനെത്തുമ്പോൾ അദേഹത്തിന്റെ പിൻതുടർച്ചക്കാർക്കും വിശ്രമത്തിനായി കായൽ തീരത്ത് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കല്പന അനുസരിച്ച് ഒരു കൊട്ടാരം പണികഴിപ്പിച്ചു. പിന്നീട് ഈ സ്ഥലം കൊട്ടാരക്കടവ് എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി.
വർഷങ്ങൾക്ക് മുമ്പ് പൊന്മനയുടെ വടക്കുഭാഗത്തായി ഒരു എട്ടുകെട്ട് ഉണ്ടായിരുന്നു. ആ വീട്ടുകാർ നല്ല വ്യക്തിത്വത്തിന് ഉടമകളും പൊന്മന നിവാസികളുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ ജനസമ്മതരും ആയിരുന്നു .അക്കാലത്ത് കൃഷിക്ക് ആവശ്യമായ വളങ്ങളും മറ്റും വാങ്ങന്നതിന് കാർഷിക വിളകൾ വിൽക്കുന്നതിനും ദൂരദേശങ്ങളിൽ പോകേണ്ടിയിരുന്നു. ഇന്ന് റ്റി.എസ് കനാൽ എന്ന് അറിയപ്പെടുന്ന കായൽ ആയിരുന്നു അന്ന് പൊന്മന നിവാസികളുടെ പ്രധാന ഗതാഗതമാർഗ്ഗം. ഈ കായൽ മാർഗ്ഗം വലിയകേവുവള്ളങ്ങളിൽ ചരക്കുകൊണ്ടുവരുകയും കൊണ്ടു പോകുകയും പതിവായിരുന്നു.
ഒരു ദിവസം ആ എട്ടുകെട്ടിലെ കാരണവർ തന്റെ സഹായികളുമായി കൃഷിക്കാവശ്യമായ വളം വാങ്ങുന്നതിനും മറ്റുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. അവിടെ ചമ്പക്കുളം എന്ന സ്ഥലത്തെത്തി വള്ളം കരയ്ക്കടുപ്പിച്ച് വളം വാങ്ങുന്നതിനും മറ്റുമായി നടന്ന് കുറച്ചു ദൂരം ചെന്നു. അപ്പോൾ ഏഴെട്ടു വയസ്സു പ്രായം തോന്നിക്കുന്ന പ്രഭാമായിയായ ഒരു ബാലിക നിന്ന് കരയുന്നത് കാണുവൻ ഇടയായി. അവർ ബാലികയെ ആശ്വസിപ്പിച്ചതിന് ശേഷം വളം വാങ്ങുന്നതിനായി കടന്നു പോകുകയും ചെയ്തു. എങ്കിലും കാരണവർക്ക് മുൻ ജന്മബന്ധം പോലെ വേർപിരിയാൻ ആകാത്ത ഒരു മാനസിക അടുപ്പം കുട്ടിയോടുതോന്നി. മടങ്ങി വരുമ്പോഴും ബാലിക അവിടെതന്നെ നിന്ന് കരയുകയായിരുന്നു. പ്രഭാമയിയായ ബാലികയുടെ നിഷ്കളങ്കഭാവം കാരണവരെ എല്ലാംമറന്ന് വല്ലാതെ ആകർഷിച്ചു.കാരണവരുടെ കുടെപോകാൻ തികഞ്ഞ താല്പ്പര്യം കാണിച്ച ബാലികയെ കൂട്ടിക്കൊണ്ട്പോകാൻകാരണവര തീരുമാനിച്ചു.
അങ്ങനെ കുട്ടിയെയും കൂട്ടി ചമ്പക്കുളത്തു നിന്നും യാത്രതിരിച്ച കാരണവർ കന്നിട്ട കടവിൽ എത്തിയപ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു. അദ്ദേഹം ചമ്പക്കുളത്തു നിന്നും ഒരു ബാലികയെ കൊണ്ടുവന്ന വിവരം കാട്ടു തീപോലെ പൊന്മനയിൽ പടർന്നു. ഈ കാലയളവിൽ തന്നെ ആ എട്ടുകെട്ടിലെ കാരണവരുടെ ബന്ധുക്കളായ രണ്ടുകുടുംബം പൊന്മനയുടെ തെക്കുഭാഗത്ത് ഇന്ന് ക്ഷേത്രത്തിലെ മുടിപ്പുര സ്ഥിതിചെയ്യുന്നതിന് കിഴക്ക് വശത്തായി (അന്നദാനപ്പുര നിൽക്കുന്ന സ്ഥലം) കാട്ടിൽ കുടുംബം എന്ന പേരായരെ നാലുകെട്ടിൽ ഉണ്ടായിരുന്നു. ചമ്പക്കുളത്തു നിന്നും കൊണ്ടുവന്ന ബാലിക പൊന്മനയുടെ വടക്കുഭാഗത്തുള്ള എട്ടുകെട്ടിലെ സകല സൗഭാഗ്യങ്ങളോടും കുടി വളർന്നു. വിവാഹ പ്രായമായപ്പോൾ കുട്ടിയെ കാരണവർ കാട്ടിൽ പടീറ്റതിൽ എന്ന വീട്ടിലെ ഒരു യുവാവിന് വിവാഹം ചെയ്തുകൊടുത്തു. അങ്ങനെ അവർ സന്തോഷ പൂർണ്ണമായ ഒരു ദാമ്പത്യ ജീവിതം നയിച്ചു.
കാലം കടന്നു പോയി, ഇതിനിടെ ഒരിക്കൽ ജ്ഞാനികളായ ചില ദൈവജ്ഞർ ഈ കുടുംബത്തിൽ എത്തുകയുണ്ടായി. വിശാലമായ കടൽപ്പുറവും മനോഹര ഗ്രാമവും ദേവീക്ക് ഇഷ്ടപ്പെട്ടു എന്നും അവർ ജനങ്ങളെ ബോധ്യപ്പെടുത്തി. അമ്മയ്ക്ക് കുടികൊള്ളൽ താല്പര്യമുള്ള സ്ഥലത്ത് അമ്മ തന്നെ എട്ട് വരകളാൽ അടയാളം തരുമെന്നും ആ സ്ഥലത്ത് എട്ടുകല്ലുകൾ എടുത്തിട്ട് അതിൽ ദീപം തെളിയിച്ചാൽ മതിയെന്നും നിർദേശിച്ചശേഷം ജ്യോതി ജ്ഞാനികളുടെ നിർദ്ദേശം പാലിക്കാൻ കാട്ടിൽപടീറ്റതിൽ കുടുംബാംഗങ്ങൾ തിരുമാനിച്ചു. കുറെകാലം കഴിഞ്ഞപ്പോൾ കുടുംബക്കർ ഒത്തുചേർന്നു ദേവിയ്ക്ക് ശ്രീകോവിൽ നിർമ്മിച്ചു.
ചെങ്ങന്നൂരിൽ നിന്ന് കൊണ്ടു വന്ന ദേവീവിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. ആയുസ്സും ആരോഗ്യവും സമ്പൽസമൃദ്ധിയും ആഗ്രഹിക്കുന്ന ആയിരങ്ങൾക്ക് അഭയമരുളുന്ന പുണ്യസ്ഥാനമാണ് ഇപ്പോൾ കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രം.
എല്ലാ ദിവസവും രാവിലെ 5 മണി മുതല്‍ 12 വരേയും വൈകിട്ട് 5 മുതല്‍ 8 വരേയും നട തുറക്കും. എന്നും പൊങ്കാല നിവേദ്യം ദേവിക്ക് സമര്‍പ്പിക്കാമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
കടലും കായലും അതിരിടുന്ന കറുത്തപൊന്നിന്റെ (കരിമണ്ണ്) നാട്ടിലെ ഉത്സവം. അതാണ് കൊല്ലം കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം. വൃശ്ചികമാസം ഒന്നിന് കൊടിയേറി പന്ത്രണ്ടിന് ആറാട്ടോട് കൂടി സമാപിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കായല്‍ കടന്ന് കടലോരത്തെ ഈ ക്ഷേത്രഭൂമിയിലേക്ക് എത്തുന്നത്.
വൃശ്ചികോത്സവത്തിൽ പങ്കെടുക്കുവാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെയെത്തുന്നു. ഉത്സവസമയത്ത് ഭക്തർക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിർമ്മിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.
കാട്ടിലമ്മയുടെ പുനഃപ്രതിഷ്ഠയുടെ ഭാഗമായി അച്ചൻകോവിലിൽ നിന്നും ഭൂമിയിൽ തൊടാതെ ഘോഷയാത്രയായി കൊണ്ടുവന്ന കൊടിമരമാണ് ഇപ്പോൾ തയ്യാറാകുന്നത്. തങ്കത്തിൽ പൊതിഞ്ഞ കൊടിമരമാണ് വിശ്വാസികൾ അമ്മക്കായി സമർപ്പിക്കുന്നത്.
ക്ഷേത്രപുനഃരുദ്ധാരണ പരിപാടികൾ നടക്കുന്നതിനാൽ താത്‌കാലികമായ ക്ഷേത്ര തിരുസന്നിധിയിലാണ് കാട്ടിലമ്മയിപ്പോൾ വാണരുളുന്നത്. 2019 ജനുവരിയിലാണ് പുനഃപ്രതിഷ്ഠാ കർമ്മം.
ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങിയാൽ ഓട്ടോയിൽ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം

ശ്രീ രാമ സ്വാമി ക്ഷേത്രം - കടവല്ലൂർ



ശ്രീ രാമ സ്വാമി ക്ഷേത്രം - കടവല്ലൂർ
തൃശൂർ ജില്ലയുടെ അവസാനവും മലപ്പുറം ജില്ലയുടെ ആരംഭവുമാണ് തൃശൂർ കോഴിക്കോട് ഹൈവേയിൽ കുന്നംകുളം കഴിഞ്ഞു ഏകദേശം 10 കിലോമീറ്റർ പിന്നിട്ടാൽ എത്തുന്ന കടവല്ലൂർ എന്ന സ്ഥലം. ഹൈവേയിൽ നിന്ന് അര കിലോമീറ്റർ ഇടത്തോട്ടു മാറിയാണ് ക്ഷേത്രം.
കടവല്ലൂർ എന്ന പേരിൽ തന്നെ ഗുരുവായൂരിനടുത്തു പാവറട്ടി മറ്റം റൂട്ടിൽ ചിറ്റാട്ടുകരക്ക് അടുത്ത് ഒരു സ്ഥലവും ക്ഷേത്രവും ഉണ്ട്. അവിടെയും പ്രതിഷ്ഠ ശ്രീരാമൻ തന്നെ.
കടവല്ലൂർ ശ്രീരാമപ്രതിഷ്ഠ നടത്തിയത് പാണ്ഡവരിൽ പ്രശസ്തനായ ഭീമന് ഹിഡുംബി എന്ന രാക്ഷസിയിൽ ജനിച്ച പുത്രനായ ഘടോത്കചൻ ആണെന്നാണ് ഐതിഹ്യം. ഘടോത്കചന് രണ്ടു ശ്രീരാമ വിഗ്രഹങ്ങൾ ലഭിച്ചുവെന്നും അതിൽ ഒന്ന് ഈ കടവല്ലൂരും മറ്റൊന്ന് ഗുരുവായൂരിന് അടുത്തുള്ള മറ്റം കടവല്ലൂരിലും പ്രതിഷ്ഠിച്ചുവത്രെ. മറ്റം കടവല്ലൂർ ഇത്രയേറെ പ്രശസ്തമായിട്ടില്ല.
ഏകദേശം ആറു ആടിയോളം ഉയരമുള്ള ചതുർബാഹു വിഗ്രഹമാണ് ഇവിടെ. പടിഞ്ഞാറോട്ടാണ് ദർശനം. രാവിലെ സൗമ്യ ഭാവത്തിലും വൈകീട്ട് രൗദ്ര ഭാവത്തിലുമാണ് ഇവിടെ ശ്രീരാമസ്വാമി. വിഗ്രഹത്തിൽ പൊട്ടൽ ഉണ്ട് എന്ന് പറയുന്നു. പടയോട്ടകാലത്തുണ്ടായ ആക്രമണങ്ങളിൽ സംഭവിച്ചതാകാം.
ഉപദേവതകളായി ഗണപതി, ശാസ്താവ്, ശിവൻ.
ഒരു മഹാ ക്ഷേത്രത്തിന്റെ സംവിധാനങ്ങൾ എല്ലാം ഇവിടെയുണ്ട്. പണ്ട് കാലത്തു വളരെ പ്രശസ്തമായിരുന്നിരിക്കണം. കൂത്ത് നടന്നിരുന്നു എന്നതിന്റെ സാക്ഷിയായി കൂത്തമ്പലം, സാമാന്യം വലിയ കുളം ഇതൊക്കെ ഇന്നും ഇവിടെയുണ്ട്. അതിലേറെ പ്രശസ്തിയുണ്ടായിരുന്നത് ഇവിടെ നടന്നിരുന്ന വേദ പരീക്ഷയായ "അനോന്യ" ത്തിനായിരുന്നു . തൃശൂർ തിരുന്നാവായ എന്നീ രണ്ടു ഋഗ്വേദ പഠന കേന്ദ്രങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവിടെ "അനോന്യം" എന്ന പരീക്ഷയിൽ പങ്കെടുത്തിരുന്നത്. ഈ പരീക്ഷയിൽ വിജയിക്കുന്നതിനു "കടന്നിരിക്കൽ" എന്ന് പറയും.
ഈ വേദപരീക്ഷ ഏതാണ്ട് 1900 കാലഘട്ടങ്ങൾ തൊട്ടു മുടങ്ങി പോയി എന്ന് പറയപ്പെടുന്നു. എന്നാൽ പിന്നീട് അടുത്ത കുറച്ചു വർഷങ്ങളായി പുനരാരംഭിച്ച ഈ കടവല്ലൂർ അനോന്യം ഇപ്പോൾ കൂടുതൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു.
വൃശ്ചികം ഒന്ന് മുതൽ ആണ് അനോന്യം ആരംഭിക്കുക. മകര മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് എവിടെ ഉത്സവം.
വളരെ ചൈതന്യവത്തായ ശ്രീരാമസ്വാമിയുടെ പൂർണ കായ വിഗ്രഹം ഇവിടെ ദർശന സായൂജ്യം അരുളുന്നു.