2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഏകാംബരേശ്വര_ക്ഷേത്രം, കാഞ്ചീപുരം, തമിഴ്നാട്




ഏകാംബരേശ്വര_ക്ഷേത്രംകാഞ്ചീപുരംതമിഴ്നാട് 🕉
പഞ്ചഭൂതക്ഷേത്രങ്ങളിൽ ഭൂമിലിംഗത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രം!!!
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരക്ഷേത്രത്തിന്റെ പ്രധാനഗോപുരത്തിന്റെ ഉയരം 59മീ ആണ് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണിത്.
ഏകാംബരേശ്വര ക്ഷേത്രത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച് ഒന്നിലധികം ഐതിഹ്യങ്ങൾ നിലവിലുണ്ട്.
ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കുകയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാവിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാനായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.
മറ്റൊരൈതിഹ്യം പറയുന്നതിപ്രകാരമാണ്:
ഒരു മാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗ രൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറുണ്ട്.
ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ആകെ വിസ്തീർണ്ണം 23 ഏക്കറാണ്. ക്ഷേത്ര ഗോപുരങ്ങളാണ് മറ്റൊരാകർഷണബിന്ദു. ക്ഷേത്രത്തിന്റെ രാജഗോപുരത്തിന് 59 മീ ഉയരമുണ്ട്.ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ഉയരമേറിയ ഗോപുരങ്ങളിൽ ഒന്നാണിത്. ആയിരംകാൽ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ് ഇത് പണിതീർത്തത്. ക്ഷേത്രകുളം കമ്പൈ തീർത്ഥം എന്നറിയപ്പെടുന്നു. കുളത്തിലെ ജലം പുണ്യതീർത്ഥമായാണ് കണക്കാക്കുന്നത്. കാഞ്ചീപുരത്തെ മറ്റുക്ഷേത്രങ്ങളിൽ കാണുന്ന പോലെ പാർവതി ദേവിക്ക് പ്രത്യേകമായൊരു ശ്രീ കോവിൽ ഈ ക്ഷേത്രത്തിൽ ഇല്ല. കാമാക്ഷി അമ്മൻ കോവിലിലെ ദേവി ഏകാംബരേശ്വർന്റെ അർധാംഗിയാണെന്ന വിശ്വസിക്കുന്നു. അതിനാലാണ് ഇവിടെ ദേവിക്ക് ഇവിടെ പ്രത്യേകം ശ്രീ കോവിൽ ഇല്ലാത്തത്. വിഷ്ണുവിന്റെ ഒരു ചെറിയ ശ്രീ കോവിൽ ക്ഷേത്രത്തിനകത്തുണ്ട്.