ശ്രീ രാമ സ്വാമി ക്ഷേത്രം - കടവല്ലൂർ
തൃശൂർ ജില്ലയുടെ അവസാനവും മലപ്പുറം ജില്ലയുടെ ആരംഭവുമാണ് തൃശൂർ കോഴിക്കോട് ഹൈവേയിൽ കുന്നംകുളം കഴിഞ്ഞു ഏകദേശം 10 കിലോമീറ്റർ പിന്നിട്ടാൽ എത്തുന്ന കടവല്ലൂർ എന്ന സ്ഥലം. ഹൈവേയിൽ നിന്ന് അര കിലോമീറ്റർ ഇടത്തോട്ടു മാറിയാണ് ക്ഷേത്രം.
കടവല്ലൂർ എന്ന പേരിൽ തന്നെ ഗുരുവായൂരിനടുത്തു പാവറട്ടി മറ്റം റൂട്ടിൽ ചിറ്റാട്ടുകരക്ക് അടുത്ത് ഒരു സ്ഥലവും ക്ഷേത്രവും ഉണ്ട്. അവിടെയും പ്രതിഷ്ഠ ശ്രീരാമൻ തന്നെ.
കടവല്ലൂർ ശ്രീരാമപ്രതിഷ്ഠ നടത്തിയത് പാണ്ഡവരിൽ പ്രശസ്തനായ ഭീമന് ഹിഡുംബി എന്ന രാക്ഷസിയിൽ ജനിച്ച പുത്രനായ ഘടോത്കചൻ ആണെന്നാണ് ഐതിഹ്യം. ഘടോത്കചന് രണ്ടു ശ്രീരാമ വിഗ്രഹങ്ങൾ ലഭിച്ചുവെന്നും അതിൽ ഒന്ന് ഈ കടവല്ലൂരും മറ്റൊന്ന് ഗുരുവായൂരിന് അടുത്തുള്ള മറ്റം കടവല്ലൂരിലും പ്രതിഷ്ഠിച്ചുവത്രെ. മറ്റം കടവല്ലൂർ ഇത്രയേറെ പ്രശസ്തമായിട്ടില്ല.
ഏകദേശം ആറു ആടിയോളം ഉയരമുള്ള ചതുർബാഹു വിഗ്രഹമാണ് ഇവിടെ. പടിഞ്ഞാറോട്ടാണ് ദർശനം. രാവിലെ സൗമ്യ ഭാവത്തിലും വൈകീട്ട് രൗദ്ര ഭാവത്തിലുമാണ് ഇവിടെ ശ്രീരാമസ്വാമി. വിഗ്രഹത്തിൽ പൊട്ടൽ ഉണ്ട് എന്ന് പറയുന്നു. പടയോട്ടകാലത്തുണ്ടായ ആക്രമണങ്ങളിൽ സംഭവിച്ചതാകാം.
ഉപദേവതകളായി ഗണപതി, ശാസ്താവ്, ശിവൻ.
ഒരു മഹാ ക്ഷേത്രത്തിന്റെ സംവിധാനങ്ങൾ എല്ലാം ഇവിടെയുണ്ട്. പണ്ട് കാലത്തു വളരെ പ്രശസ്തമായിരുന്നിരിക്കണം. കൂത്ത് നടന്നിരുന്നു എന്നതിന്റെ സാക്ഷിയായി കൂത്തമ്പലം, സാമാന്യം വലിയ കുളം ഇതൊക്കെ ഇന്നും ഇവിടെയുണ്ട്. അതിലേറെ പ്രശസ്തിയുണ്ടായിരുന്നത് ഇവിടെ നടന്നിരുന്ന വേദ പരീക്ഷയായ "അനോന്യ" ത്തിനായിരുന്നു . തൃശൂർ തിരുന്നാവായ എന്നീ രണ്ടു ഋഗ്വേദ പഠന കേന്ദ്രങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവിടെ "അനോന്യം" എന്ന പരീക്ഷയിൽ പങ്കെടുത്തിരുന്നത്. ഈ പരീക്ഷയിൽ വിജയിക്കുന്നതിനു "കടന്നിരിക്കൽ" എന്ന് പറയും.
ഈ വേദപരീക്ഷ ഏതാണ്ട് 1900 കാലഘട്ടങ്ങൾ തൊട്ടു മുടങ്ങി പോയി എന്ന് പറയപ്പെടുന്നു. എന്നാൽ പിന്നീട് അടുത്ത കുറച്ചു വർഷങ്ങളായി പുനരാരംഭിച്ച ഈ കടവല്ലൂർ അനോന്യം ഇപ്പോൾ കൂടുതൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്നു.
വൃശ്ചികം ഒന്ന് മുതൽ ആണ് അനോന്യം ആരംഭിക്കുക. മകര മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് എവിടെ ഉത്സവം.
വൃശ്ചികം ഒന്ന് മുതൽ ആണ് അനോന്യം ആരംഭിക്കുക. മകര മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് എവിടെ ഉത്സവം.
വളരെ ചൈതന്യവത്തായ ശ്രീരാമസ്വാമിയുടെ പൂർണ കായ വിഗ്രഹം ഇവിടെ ദർശന സായൂജ്യം അരുളുന്നു.