2019, ജൂൺ 4, ചൊവ്വാഴ്ച

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം




രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം 

രാമേശ്വരം ദ്വീപ്
*******************
👉 തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഭാരതത്തിന്റെ മുഖ്യഭൂമിയിൽ നിന്നും രാമേശ്വരത്തെ പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. രാമേശ്വരം ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾ‌ക്ക്  കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം.61.8 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട് രാമേശ്വരം ദ്വീപിന്. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമായ രാമേശ്വരത്ത് ഏതെല്ലാം പുണ്യസ്ഥലങ്ങളാണ് കാണാന്‍ ഉള്ളത്.


👉 ശ്രീ രാമനാഥസ്വാമി ക്ഷേത്രം
👉 22  പുണ്യതീര്‍ത്ഥങ്ങള്‍
👉 അഗ്നിതീർഥം
👉 രാമതീർഥം
👉 സീതാതീർഥം
👉 ലക്ഷ്മണതീർഥം
👉 ജടായുതീർഥം
👉 ഗന്ധമാദനപർവതം
👉 ശ്രീ ഗോദണ്ഡരാമക്ഷേത്രം
👉 തിരുപുല്ലാണി
👉 ദേവിപട്ടണം
👉 തങ്കച്ചിമഠം
👉 ധനുഷ്കോടി


🙏 ശ്രീ രാമനാഥസ്വാമി ക്ഷേത്രം🙏
   *********************************
👉 തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം.

👉 ഭാരതത്തിലുള്ള നാല് ഹിന്ദുമഹാ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം.

      വടക്ക്     :- ബദരീനാഥം
      കിഴക്ക്    :- പുരി ജഗന്നാഥം
      പടിഞ്ഞാറ് :- ദ്വാരക
      തെക്ക്     :-രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം.

👉 ഈ ക്ഷേത്രം ഇന്ത്യയിലെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് .

👉 ഉയര്‍ന്ന് ബലവത്തായ ചുറ്റു മതിലുകള്‍ക്കുള്ളിലാണ് ശ്രീകോവില്‍. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് 865 അടിയും വടക്കു നിന്ന് തെക്കോട്ടേക്ക് 657 അടിയും നീളമുണ്ട് ഈ ചുറ്റുമതിലിന്.

👉 കിഴക്കും പടിഞ്ഞാറും ഉള്ള പ്രവേശനകവാടങ്ങളില്‍ ഗംഭീരമായ കൂറ്റന്‍ ഗോപുരങ്ങളുണ്ട്.




👉 ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (ഇടനാഴിക)പ്രശസ്തമാണ്.
ക്ഷേത്രത്തിനുള്ളിലെ പ്രകാരങ്ങളുടെ ആകെ നീളം 3,850 അടി. 1,215 തൂണുകളാല്‍ ഇടനാഴികളുടെ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നു. ഓരോ തൂണിനും ഉയരം 30 അടി. ലോകത്തെ ഏറ്റവും നീളമുള്ള ഇടനാഴി (മൂന്നാം പ്രാകാരം) ഈ ക്ഷേത്രത്തിലേതാണ്.

ശ്രീ രാമനാഥസ്വാമിയും
ശ്രീ പര്‍വ്വതവര്‍ത്തിനി അമ്മനും
*********************************
👉 ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പര്‍വ്വതവര്‍ത്തിനി അമ്മനും ആണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ,ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്.
👉 ശ്രീ രാമനാഥസ്വാമിയുടെ സന്നിധിയില്‍ ഉള്ള ശിവലിംഗത്തെയാണ്  ശ്രീരാമദേവന്‍ പ്രതിഷ്ഠ നടത്തിയത്.


ശ്രീ വിശ്വനാഥനും
ശ്രീ വിശാലാക്ഷി അംബാളും
*******************************
👉 ശ്രീ ഹനുമാന്‍ കൈലാസത്തുനിന്നും കൊണ്ടു വന്ന വിശ്വലിംഗം, പ്രതിഷ്ഠിക്കപ്പെട്ട സന്നിധിയാണ് ശ്രീ വിശ്വനാഥര്‍ സന്നിധി.
👉 ശ്രീ രാമനാഥസ്വാമിയുടെ സന്നിധിയുടെ വടക്ക് വശത്താണ് ഈ സന്നിധി.
👉 ക്ഷേത്രത്തിലെ ആദ്യ പൂജ ശ്രീ വിശ്വനാഥര്‍ സന്നിധിയില്‍ നടത്തുന്നു.
👉 ശ്രീ വിശ്വനാഥസ്വാമിയുടെ ധർമപത്നിയായി വിശാലാക്ഷി അംബാള്‍ ഇവിടെ ദര്‍ശനം നല്‍കുന്നു.

ശ്രീ നന്ദിദേവന്‍ മണ്ഡപം
***************************
 👉 നന്ദിദേവന്‍ മണ്ഡപം ശ്രീ രാമനാഥസ്വാമി സന്നിധിയുടെ എതിര്‍വശത്താണ്. ഭീമാകാരമായ നന്ദിശില്പം ചുണ്ണാമ്പ്,ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഇവിടത്തെ നന്ദിശില്പത്തിന് 22 അടി നീളവും12 അടി വീതിയും17 അടി ഉയരവും ഉണ്ട്.

ഇതിനുപുറമെ ഇവിടെയുള്ള മറ്റു സന്നിധികള്‍

👉ശ്രീ ഗണപതി
👉ശ്രീ സേതുമാധവന്‍
👉ശ്രീ വജ്രേശ്വരന്‍
👉ശ്രീ നടരാജര്‍
👉ശ്രീ പള്ളികൊണ്ടപെരുമാള്‍
👉ശ്രീ ഹനുമാന്‍
👉ശ്രീ ശിവദുര്‍ഗ്ഗ
👉ശ്രീ മഹാലക്ഷ്മി
👉ശ്രീ ദക്ഷിണേശ്വരര്‍

22  പുണ്യതീര്‍ത്ഥങ്ങള്‍
**************************
👉 രാമേശ്വരത്ത്‌  53 തീര്‍ത്ഥക്കുളങ്ങളുണ്ട്‌. ഇവയില്‍ 22 എണ്ണം ഈ ക്ഷേത്രത്തിലാണ് നിലകൊള്ളുന്നത്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. അതുകൊണ്ട്‌ തന്നെ മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികള്‍ വര്‍ഷം തോറും രാമേശ്വരം സന്ദര്‍ശിക്കുന്നു.

01. മഹാലക്ഷ്മീ തീര്‍ത്ഥം
02. സാവിത്രീ തീര്‍ത്ഥം
03. ഗായത്രീ തീര്‍ത്ഥം
04. സരസ്വതി തീര്‍ത്ഥം
05. സേതുമാധവ തീര്‍ത്ഥം
06. ഗന്ധമാദന തീര്‍ത്ഥം
07. ഗവാക്ഷ തീര്‍ത്ഥം
08. കവായ തീര്‍ത്ഥം
09. നള തീര്‍ത്ഥം
10. നിള തീര്‍ത്ഥം
11. ശങ്കു തീര്‍ത്ഥം
12. ചക്ര തീര്‍ത്ഥം
13. ബ്രഹ്മഹത്യാവിമോചന തീര്‍ത്ഥം
14. സൂര്യ തീര്‍ത്ഥം
15. ചന്ദ്ര തീര്‍ത്ഥം
16. ഗംഗാ തീര്‍ത്ഥം
17. യമുനാ തീര്‍ത്ഥം
18. ഗയാ തീര്‍ത്ഥം
19. ശിവ തീര്‍ത്ഥം
20. സത്യമിത്ര തീര്‍ത്ഥം
21 സര്‍വ്വ തീര്‍ത്ഥം
22. കോടി തീര്‍ത്ഥം

ഈ പുണ്യതീര്‍ത്ഥങ്ങളില്‍ കുളിക്കുന്നത്‌ പാപങ്ങളില്‍ നിന്ന്‌ മുക്തി നല്‍കുമെന്നാണ്‌ വിശ്വാസം. പാപങ്ങളില്‍ നിന്ന്‌ മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട്‌ തന്നെ ഈ പുണ്യതീര്‍ത്ഥങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ലെന്നും പറയപ്പെടുന്നു.

1. മഹാലക്ഷ്മീ തീര്‍ത്ഥം
--------------------------------------
ശ്രീ ഹനുമാന്‍ സന്നിധിക്ക് തെക്കുള്ള ഈ തീര്‍ത്ഥത്തില്‍ കുളിച്ച് ധര്‍മ്മരാജന്‍ സര്‍വ്വൈശ്വര്യങ്ങളും നേടി.

2. സാവിത്രീ തീര്‍ത്ഥം
------------------------------------
ശ്രീ ഹനുമാന്‍ സന്നിധിക്ക് പടിഞ്ഞാറുള്ള ഈ തീര്‍ത്ഥം കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കി.

3. ഗായത്രീ തീര്‍ത്ഥം
---------------------------------
സാവിത്രി തീര്‍ത്ഥത്തിനു സമീപത്താണ് സ്ഥാനം. കാശിപര്‍ രാജാവ് ശാപദോഷം തീര്‍ത്ത മറ്റൊരു തീര്‍ത്ഥം.

4. സരസ്വതി തീര്‍ത്ഥം
------------------------------------
ഇതും സാവിത്രി തീര്‍ത്ഥത്തിനടുത്തു തന്നെ. കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കിയ തീര്‍ത്ഥം.

5. സേതുമാധവ തീര്‍ത്ഥം
-----------------------------------------
മൂന്നാം പ്രകാരത്തിലെ തെപ്പകുളം ലക്ഷ്മീകടാക്ഷവും മനഃശുദ്ധിയും നേടിത്തരും.

6. ഗന്ധമാദന തീര്‍ത്ഥം
-------------------------------------
സേതുമാധവ സന്നിധിക്കു സമീപത്തുള്ള ഈ തീര്‍ത്ഥത്തിലെ കുളി ദാരിദ്ര്യദുഃഖത്തില്‍ നിന്നു മുക്തി നേടി സകല ഐശ്വര്യങ്ങളും ലഭിക്കുന്നതിനും ബ്രഹ്മഹത്യാപാപം ഇല്ലാതാക്കുന്നതിനു സഹായിക്കും.

7. ഗവാക്ഷ തീര്‍ത്ഥം
----------------------------------
ഗന്ധമാദന തീര്‍ത്ഥത്തിനു സമീപത്തുള്ള ഇവിടെ കുളിച്ചാല്‍ നരലോക വാസത്തില്‍ നിന്നു മോചനം ലഭിക്കും.

8. കവായ തീര്‍ത്ഥം
--------------------------------
സേതുമാധവ സന്നിധിക്കു സമീപത്തെ ഈ തീര്‍ത്ഥത്തിലെ കുളി കല്പവൃക്ഷ വാസം ലഭിക്കുന്നതിന്.

9. നള തീര്‍ത്ഥം
---------------------------
കവായ തീര്‍ത്ഥത്തിനു സമീപത്താണിത്. സൂര്യതേജസ്സ് നേടാനും സ്വര്‍ഗ്ഗലോക പ്രാപ്തിക്കും ഇവിടെ കുളിക്കാം.

10. നിള തീര്‍ത്ഥം
-----------------------------
ഇതും സേതുമാധവ സന്നിധിക്കു സമീപം തന്നെ. ഇവിടത്തെ കുളി സകല യാഗഫലങ്ങളും അഗ്നിയോഗ പദവിയും ലഭ്യമാക്കും.

തുടരും...


2019, ജൂൺ 1, ശനിയാഴ്‌ച

വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല






വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല
==================================================
കൊല്ലം ജില്ലയിലെ വെട്ടിക്കവല പഞ്ചായത്തിൽ കൊട്ടാരക്കര പുനലൂർ റൂട്ടിൽ ചെങ്ങമനാട് നിന്നുംരണ്ടു കിലോമീറ്റര് .പ്രധാനമൂർത്തി ശിവൻ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട് ശിവന് വട്ട ശ്രീകോവിൽ താഴെ ചതുര ശ്രീകോവിൽക്ഷേത്രത്തിൽ വിഷ്ണു കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. തന്ത്രി മേലൂ ട്ട് ക്ഷേത്രത്തിൽ താഴമൺ താഴെ ആദിച്ചനല്ലൂർ രണ്ടു കൊടിമരമുണ്ട്. ഉപദേവതാ. ഗണപതി നാഗം കഴിവുടയാൻ വസൂരിമാടൻ ഭൂതത്താൻ കൊച്ചുമൂർത്തി വാതുക്കൽ ഞാലികുഞ്ഞു .ഇവരിൽ വാതുക്കൽ ഞ്ഞാലികുഞ്ഞു പ്രസിദ്ധനാണ് .കുട്ടികൾക്ക് അസുഖം വന്നാൽ ഈ മൂർത്തിയ്ക്കു കരിവാളായും പാലും പഴവും സമർപ്പിക്കും .

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ചരിത്രം .......
-----------------------------------------------------------------------
സർവ്വചരാചരങ്ങളുടേയും സൃഷ്ടിയും സംഹാരവും നിർവഹിക്കുന്ന പ്രപഞ്ചത്തിന്റെ ആധാരശക്തിയായ ജഗദീശ്വരന്റെ നാമം ഉരുവിടുന്നതിനും പൂർണ്ണമനസ്സോടെ ഈശ്വരനിൽ ലയിക്കുന്നതിനും കഴിയുന്ന ഉത്തമ അഭയസ്ഥാനമാണ് ക്ഷേത്രങ്ങൾ.

ശൈവ വൈഷ്ണവ പ്രതിഷ്ഠകൾ തുല്യ പ്രാധാന്യത്തോടെ ഒരേ അങ്കണത്തിൽ ഇരു ശ്രീകോവിലുകളിലുമായി കുടികൊളളുന്ന മഹാക്ഷേത്ര സമുച്ചയമാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ.

രാജഭരണകാലത്ത് കൊട്ടാരക്കര തമ്പുരാന്മാരുടെ അധീനതയിലായിരുന്ന വെട്ടിക്കവല ദേശം തമ്പുരാന്റെ പിൻഗാമിയായ ഇളയിടത്ത് റാണിയുടെ ഭരണകാലത്ത് റാണിയുടെ തിരുവുള്ളമുണ്ടായി കല്പിച്ച് ഉത്തരവായത് മൂലം പണികഴിപ്പിച്ച ക്ഷേത്രങ്ങൾ ആയിരുന്നു ആദ്യം. ഇപ്പോഴും നിത്യ സ്മാരകം പോലെ വെട്ടിക്കവല ക്ഷേത്രത്തിനു സമീപമായി രാജകൊട്ടാരം അതിന്റെ പ്രൗഢിയോടെ നിലകൊളളുന്നു.

കാലക്രമേണ ക്ഷേത്രം ജീർണ്ണാവസ്ഥയിൽ അയി. തുടർന്ന് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് (1885 മുതൽ 1924 വരെ) രാജാവിന്റെ സർവ്വാധികാര്യക്കാരനായ ശങ്കരൻ തമ്പിയുടെ പ്രത്യേക താൽപര്യ പ്രകാരം ഈ ക്ഷേത്രങ്ങൾ പുതുക്കി പണിയുന്നതിന് ശ്രീമൂലം മഹാരാജാവ് കല്പിച്ചുത്തരവായി കൊല്ലവർഷം 1076 ക്രിസ്തു വർഷം 1900 ആം മാണ്ട് ഈ ക്ഷേത്രങ്ങൾ ഇന്നത്തെ പ്രൗഢിയിൽ പുതുക്കി പണിതു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മേലുട്ട് ക്ഷേത്രത്തിൽ മഹാദേവനെ മൃത്യുഞ്ജയ മൂർത്തീ ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് കീഴൂട്ട് ക്ഷേത്രത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിനെ ദ്വാദശ നാമ മൂർത്തി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മേലൂട്ട് മഹാദേവനും കീഴൂട്ട് മഹാവിഷ്ണുവും കിഴക്കോട്ട് ദർശനമായി മരുവുന്നു. രണ്ടു ക്ഷേത്രത്തിനും മുന്നിലായി വിശാലമായ ഒരു ക്ഷേത്രക്കുളവും ഉണ്ട്. ദേവന്മാരുടെ ആറാട്ട് ഈ ക്ഷേത്രക്കുളത്തിൽ പ്രത്യേകം തിരിച്ച് തടികളിൽ പണിതെടുത്ത ഒരു ഭാഗത്താണ്.

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ. മഹാദേവനും മഹാവിഷ്ണുവും ആണ് പ്രധാന ആരാധനാ മൂർത്തികൾ. ഇരു ദേവന്മാരും തുല്യ പ്രാധാന്യത്തോടെ പൂജിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ് പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണ്.

മേലൂട്ട് കീഴുട്ട് ക്ഷേത്രങ്ങളിൽ ഇരു ദേവന്മാരും കിഴക്കോട്ട് ദർശനമായി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് പരിവസിക്കുന്നു. രണ്ടു ദേവന്മാർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇങ്ങനെയാണ്.

ഒരിയ്ക്കൽ മഹാദേവനും മഹാവിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു.

ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. കന്നിമൂല ഗണപതി, അരങ്ങത്ത് യക്ഷൻ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, വാതുക്കൽ ഞാലിക്കുഞ്ഞ്, അപ്പൂപ്പൻ, ഭൂതത്താൻ, വസൂരി മാടൻ, നാഗരാജാവ്, കഴുവുടയോൻ സ്വാമി, അക്കര തേവർ, കൊച്ചു മൂർത്തി, കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് വാതുക്കൽ ഞാലി കുഞ്ഞ് പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം. ഉപദേവന്മാരിൽ പ്രധാന ഉപദേവതയാണ് വാതുക്കൽ ഞാലിക്കുഞ്ഞ് കൃഷ്ണപക്ഷത്തിലെ സപ്തമി നാളിൽ ആണ് വാതുക്കൽ ഞാലിക്കുഞ്ഞിന് സമൂഹപാൽ പൊങ്കാല നടത്തുന്നത്.2 ദിവസത്തെ വൃത നിഷ്ടയോടെ പെൺകുട്ടികൾക്കും സ്ത്രീജനങ്ങൾക്കും പത്ത് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും സമൂഹ പാൽ പൊങ്കാല അർപ്പിക്കാം. ദേവപ്രശ്‌നത്തിൽ തെളിഞ്ഞതിനാൽ 2002 മുതലാണ് വാതുക്കൽഞ്ഞാലി കുഞ്ഞിന് സമൂഹ പാൽപൊങ്കാല ആരംഭിച്ചത്. വെട്ടിക്കവല മഹാക്ഷേത്രത്തെ തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കുഞ്ഞുങ്ങളുടെ ശബരിമല എന്ന് വിശേഷിപ്പിച്ചതിലൂടെ ഈ മഹാക്ഷേത്ര സമുച്ചയത്തിന്റെ പ്രസിദ്ധി വിശ്വ ചക്രത്തോളം ഉയർന്നിട്ടുണ്ട്.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പനും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. ബ്രഹ്മരക്ഷസ്സ് നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. വാതുക്കൽ ഞാലി കുഞ്ഞിന് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.
വെട്ടിക്കവല മഹാക്ഷേത്രങ്ങളി ലെ മേലൂട്ട് ക്ഷേത്ര നടയ്ക്ക് തെക്കുഭാഗത്തായി പരിലസിക്കുന്ന ആരാധനാ സങ്കേതമാണ് അപ്പൂപ്പന്റെ ആലയം.വാതുക്കൽ ഞാലികുഞ്ഞിന്റെ വളർത്തച്ഛനാണ് ഊരാളിമൂപ്പനായ അപ്പുപ്പൻ. പ്രസവിച്ചയുടനെ തന്നെ വയൽ വരമ്പത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ തന്റെ കുടിലിൽ കൊണ്ടുപോയി പാലും പഴവും മാത്രം നൽകി വളർത്തുകയും കാട്ടുവള്ളികൾ കൊണ്ട് കട്ടിളപ്പടിയിൽ ഊഞ്ഞാൽ കെട്ടി കുഞ്ഞിന് നൽകുകയും ചെയ്തു. പുറത്തു പോയി തിരികെ വന്ന അപ്പുപ്പൻ കണ്ടത് കട്ടിളപ്പടിയിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ നിന്നും നിലത്തു വിണ് മരണപ്പെട്ട കുഞ്ഞിനെയാണ്.ഈ കുഞ്ഞാണ് പിൽക്കാലത്ത് വാതുക്കൽ ഞാലി കുഞ്ഞായി വെട്ടിക്കവല മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.പിന്നോക്ക സമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടങ്ങളിൽ പോലും ഈ ആലയത്തിൽ എല്ലാ വിശ്വാസികൾക്കും എത്തുന്നതിനും ആരാധന നടത്തുന്നതിനും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. മുറുക്കാൻ, ഭക്ഷണ വിഭവങ്ങൾ, അവൽ,മലർ, നാളീകേരം, പഴങ്ങൾ ഇവയെല്ലാം സമർപ്പിക്കുന്നു.

കീഴൂട്ട് ക്ഷേത്രത്തിന്റെ ഇടതു വശത്തായി വലിയ കല്പക വൃക്ഷത്തിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ഒരു അരാധനാലയമാണ് കഴുവുടയോൻ കൊട്ടാരം.അപാര പണ്ഡിതനും മഹാ മാന്ത്രികനുമായിരുന്ന ഒരു യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വെട്ടിക്കവല കിഴക്കുഭാഗത്തുള്ള പച്ചുർ എന്ന ഗ്രാമപ്രദേശത്തിനടുത്തുള്ള കഴുകുടയോൻ കുന്നിൽ കഴുകിലേറ്റി. ഈ പ്രേതാത്മാവും മറ്റു ദുരാത്മാക്കളും ഗ്രാമീണർക്ക് കൊടിയ ദുരിതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭയവിഹ്വലരായ ഗ്രാമീണർ പ്രശ്ന വിധി നടത്തുകയും ചെയ്തു.പ്രശ്ന വിധി പ്രകാരം അവയെ ആവാഹിച്ച് ഒരു ആലയത്തിൽ കുടി ഇരുത്തണമെന്നും തീരുമാനിച്ചു.മഹാമാന്ത്രികനെ കഴുകുടയോൻ സ്വാമിയായി പിച്ചള തകിടിൽ പീഠത്തിലും ഇടതു വശത്തായി യോഗീശ്വരനേയും വലതു വശത്തായി കല്ലൂപ്പനങ്ങാട്ട് വലിയ കാരണവരെ മന്ത്രവാദി സങ്കൽപ്പത്തിലും മറ്റു ദുരാത്മാക്കളെ ആവാഹിച്ച് അറുകൊല എന്ന പേരിലും കുടിയിരുത്തി.കഴുവുടയോൻ സ്വാമിയുടെ ഉടവാൾ, ചൂരൽ എന്നിവ ഇപ്പോഴും ഈ ആലയത്തിലുണ്ട്. അവൽ, മലർ, കൽക്കണ്ഡം, മുന്തിരി, ശർക്കര, കരിക്ക്, പഴം, തെരളി എന്നിവ പ്രധാന നിവേദ്യങ്ങളാണ്.ഇവിടുത്തെ മുമ്പുണ്ടായിരുന്ന പൂജാരിയായിരുന്നു ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്. ഇന്നും കഴുവുടയോൻ കൊട്ടാരത്തിലെ പൂജാരി ഈ മൂർത്തികളെ സങ്കല്പിച്ച് ഭസ്മമിട്ടാൽ മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന പ്രേതബാധകളും ആപത്തുകളും ഭയവും മാറി കിട്ടുമെന്ന് വിശ്വസിക്കുന്നു.

ഋഗ്വേദത്തിൽ ഉഷസ്സ്, യജുർവേദത്തിൽ ഗായത്രി, മറ്റു വേദങ്ങളിൽ ദുർഗ്ഗ വിവിധ പുരാണങ്ങളിൽ സംഹിതകളിൽ ലളിത, മഹാകാളി,ത്രിപുരസുന്ദരി, അന്നപൂർണ്ണേശ്വരി എന്നിങ്ങനെ നാനാ രൂപങ്ങളിൽ ജഗദംബയെ ആരാധിച്ചു വരുന്നു. ദേവി ഉപാസനയ്ക്ക് പ്രാധാന്യം വന്ന പ്പോൾ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റേയും അധിദേവതയായ മഹാലക്ഷ്മി, കലയുടേയും, വിദ്യയുടേയും അധിഷ്ഠാനമായ സരസ്വതി, ശക്തി സ്വരുപിണിയും ധർമ്മ സ്ഥാപകയുമായ ദുർഗ്ഗാദേവി, മാതൃരുപിണിയും കൈവല്യദായിനിയുമായ മഹാകാളി, ശിവ ശക്തി സ്വരൂപമായ ത്രിപുരസുന്ദരി തുടങ്ങിയ സങ്കല്പ്പങ്ങളിൽ ദേവിയെ പൂജിച്ചു വരുന്നു.നവരാത്രി കാലത്ത് ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ രൂപങ്ങളിൽ ഭാരതത്തിലെവിടെയും ദേവിയെ ആരാധിക്കുന്നു. വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ പുരാതന കാലം മുതലേ തന്നെ ദേവിയെ ആരാധിച്ചു വരുന്നു. മേലൂട്ട് ക്ഷേത്ര മണ്ഡപത്തിൽ ഇടതു വശത്തായി ദേവിയെ സർവ്വാലങ്കാരങ്ങളോടുകൂടി പൂജാവിധികളോടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. നവരാത്രി മണ്ഡപത്തിൽ ഇരുന്നുകൊണ്ട് സംഗീതാർച്ചകന് ദേവീ വിഗ്രഹം നേരിൽ കാണാം എന്നുള്ളത് ഈ മഹാക്ഷേത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ശൈവ വൈഷ്ണവ വിഗ്രഹങ്ങൾ ലഭിച്ചത് വെട്ടിക്കവല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിനടുത്തായി പണ്ടുണ്ടായിരുന്ന വെട്ടിമരവും വൻ വൃക്ഷങ്ങളും നിറഞ്ഞ ഒരു കാവിൽ നിന്നായിരുന്നു.പ്രധാന വിഗ്രഹം ലഭിച്ച സ്ഥലത്താണ് ഒരു ആൽത്തറയും അതിൽ ആഭരണമണിഞ്ഞ തൃപ്പാദങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു ആൽത്തയാണിത്.നിരവധി വർഷങ്ങളായി ആരാധനയില്ലായിരുന്ന ഒരു ആൽത്തറയായിരുന്നു ഇത്. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവ പ്രശ്നത്തിൽ അക്കരെത്തേവർക്ക് വളരെ പ്രാധാന്യം ഉണ്ടെന്നും അത് നരസിംഹമൂർത്തി സങ്കല്പമാണെന്ന് കണ്ടെത്തുകയും ഉത്സവങ്ങളോടനുബന്ധിച്ച് കൊടിയിറങ്ങിക്കഴിഞ്ഞാലുടൻ വിശേഷാൽ പൂജയും എല്ലാ മലയാള മാസവും ഒന്നാം തീയതി പ്രത്യേക പൂജകളും വേണമെന്ന് നിർദേശിക്കുകയും തത്ഫലമായി അക്കരത്തേവർക്ക് പൂജകളും ദീപാരാധനയും നടന്നു വരുന്നു.

കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര, അഷ്ടമി, നവരാത്രി തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

മേലൂട്ട് മഹാദേവ ക്ഷേത്രത്തിൽ താഴമൺ മഠത്തിനും കീഴൂട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ആദിശ്ശമംഗലം മഠക്കാർക്കുമാണ് താന്ത്രികാവകാശം.

ക്ഷേത്ര ഊരാണ്മാക്കാർ കോക്കളത്ത് മഠം, അടൂർ മന്ത്രവാദി മഠം, മുല്ലശ്ശേരി മഠം, ഒരുതാഴപിള്ളിമഠം, തലവൂർ എന്നിവരാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങൾ
വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. വാതുക്കൽ ഞാലിക്കുഞ്ഞു എന്ന ദേവി സങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭത്തിനായി ഇവിടെ കരിവള,എണ്ണ,തോട്ടിൽ എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നു. വലിയ ക്ഷേത്ര ഗോപുരങ്ങളോടും അകത്തളങ്ങലോടും കൂടിയ ക്ഷേത്ര സമുച്ചയങ്ങൾ കേരളത്തിൻറെ വാസ്തു വിദ്യയുടെ പൂർണതയുടെ മകുടോദാഹരണമാണ്. കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല വഴി കോക്കാട്,ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവ്വീസ് നടത്തുന്നു.NH208 ചെങ്ങമനാട് നിന്നും വാഹനത്തിൽ 5 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.

കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വരുന്നവർ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം. പുനലൂർ നിന്നും വരുന്നവർ ചെങ്ങമനാട് സ്റ്റോപ്പിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം സ്വകാര്യ വാഹനത്തിൽ വരുന്നവർ ചെങ്ങമനാട് വന്നിട്ട് അവിടെ നിന്നും ഇടതു വശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ നിന്നും സ്വകാര്യ വാഹനത്തിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും ഇടതുവശം തിരിഞ്ഞ് കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. കൊല്ലത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും നേരെ കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം തിരുവനന്തപുരത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ വാളകം ജഗ്ഷനിലെത്തി എം എൽ എ റോഡ് വഴി വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം.

2019, മേയ് 29, ബുധനാഴ്‌ച

ഓണക്കൂർ ഭഗവതി ക്ഷേത്രം എറണാകുളം ജില്ല



 ഓണക്കൂർ ഭഗവതി ക്ഷേത്രം എറണാകുളം ജില്ല
എറണാകുളം ജില്ലയിലെ പാമ്പാക്കട പഞ്ചായത്തിൽ .പിറവം മൂവാറ്റുപുഴ റൂട്ടിലെ കരയോഗപ്പടിയിൽ .പ്രധാനമൂർത്തി ദുർഗ്ഗ .പീഠമടക്കം അഞ്ചടിയോളം ഉയരമുള്ള ശിലാവിഗ്രഹമാണ്‌  കിഴക്കോട്ടു ദർശനം . നാലുപൂജ  തന്ത്രി  മനയത്താറ്റ് . കുംഭത്തിലെ ഉത്രം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  15  ആറാട്ടുണ്ട് .കൂടാതെ വൃശ്ചികത്തിലെ കാർത്തികയും ആഘോഷം .ദുർഗ്ഗ കന്യക ആയതിനാൽ ദ്വാരപാലകന്മാർക്കു  പകരം ഇവിടെ  ദ്വാരപാലികമാരാണ്  ഒരു ദ്വാരപാലികയുടെ നോട്ടം അകത്തേയ്ക്കു . ചന്ദനമൊഴിച്ചു സുഗന്ധ ദ്രവ്യങ്ങൾ ഒന്നും  ക്ഷേത്രത്തിൽ കയറ്റാറില്ല.  വേദമന്ത്രങ്ങൾ ഒഴിച്ച് ശ്രീകോവിൽ ചൊല്ലാറില്ല .ലളിതാസഹസ്രനാമം   പാടില്ല .എന്നെല്ലാം ചിട്ടകൾ. പന്തീരടിയ്ക്കു പൊടിയരിച്ചോറായിരുന്നു ഇവിടെ നേദ്യം . നെല്ല് കുത്തുന്ന പെണ്ണുങ്ങൾ  മറ്റുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും പൊടിയരി കൊണ്ടുപോകാൻ പാടില്ലെന്നും നിശ്ചയമുണ്ടായിരുന്നു   ചോറ്റാനിക്കരപോലെ എന്ന് സങ്കല്പം . കാക്കശ്ശേരി വളരെക്കാലം ഭജിച്ചു താമസിച്ചിട്ടുണ്ടന്നു   ജാതിമര്യാദകൾ പാലിക്കാത്ത കാക്കശ്ശേരിയെ ഭ്ർഷ്ട്  കൽപ്പിക്കാൻ മുൻകൈയെടുത്തത് ഇവിടുത്തെ   കീഴ്‍പുറത്തു ഭട്ടതിരിയാണെന്നും ഒരു ഐതിഹ്യമുണ്ട്  ഉപദേവത  ആലുങ്കൽ ഭദ്രകാളി ,ദക്ഷിണാമൂർത്തി  ,ഗണപതി .ഒരു ഭക്തൻ തന്റെ സ്വത്ത് ഈ ക്ഷേത്രത്തിനു നൽകിയതിനാൽ ഉത്സവകാലത്തു  ദേവി  അഞ്ചുകിലോമീറ്റർ അകലെച്ചെന്നു ബലിയിടുന്ന ചടങ്ങുണ്ട് കാഞ്ഞിരപ്പള്ളി   കാവുങ്കൽ പള്ളിപ്പുറം  എളമന, ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു  1970  മുതൽ ഊരാണ്മ ദേവസം  ബോർഡ് .നാട്ടുകാരുടെ കമ്മിറ്റിയുണ്ട്  ഈ ക്ഷേത്രത്തിനു തൊട്ടടുത്ത് വിഷ്ണു ക്ഷേത്രവുമുണ്ട്   ഭഗവതിയുടെ ഉത്സവത്തോടനുബന്ധിച്ചു  ഒരു ദിവസം  ഈ വിഷ്ണുവിനും ഉത്സവമുണ്ട്  കൂടാതെ ഇതിനടുത്ത് പിറവം റൂട്ടിൽ രണ്ടു കിലോമീറ്റര് പാണ്ടിയമ്പാറ  ഭദ്രകാളിക്ഷേത്രം. ഇവിടെ മീനത്തിൽ പൂരം  ഇവിടെ കാലം കരിക്കൽ ഉണ്ട് . മുടിയേറ്റം ഉണ്ട് 

ഓങ്ങല്ലൂർ തളി ക്ഷേത്രം പാലാക്കാട് ജില്ല




ഓങ്ങല്ലൂർ തളി ക്ഷേത്രം പാലാക്കാട്  ജില്ല
=================================
പഴയ തളി ക്ഷേത്രങ്ങളിൽ ഒന്ന്  പാലാക്കാട്  ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ  പട്ടാമ്പി -ഷൊർണൂർ റൂട്ടിൽ മഞ്ഞളുങ്കൽ  സ്റ്റോപ്പ് പ്രധാനമൂർത്തി ശിവൻ ലിംഗത്തിനു നല്ല പൊക്കവും വണ്ണവുമുണ്ട് മൂന്നു നില ശ്രീകോവിൽ  കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട് തന്ത്രി പടിഞ്ഞാറേടത്ത്  കാലടി .ഉപദേവത  ദക്ഷിണാമൂർത്തി ഗണപതി അഷ്ടമി ത്തേവർ (ശിവൻ),അയ്യപ്പൻ  ഇവയിൽ ഗണപതിയും ദക്ഷിണാമൂർത്തിയും  തെക്കോട്ടു ദർശനമാണ് .പഴയകാലത്ത് അഷ്ടമി വാരമുണ്ടായിരുന്നു  പ്ലാച്ചേരി തമാനൂർ ,കറുത്തേടത്ത് ,പാലക്കാട് എരണ്ടപ്പുറത്തുകാട്  പേരമംഗലൂർ മുല്ലപ്പള്ളി മനക്കാരുടെ ക്ഷേത്രം ഇവരിൽ മുല്ലപ്പള്ളി അന്യം നിന്നു . കേരളത്തിൽ നമ്പൂതിരിമാരുടെ ആറു  കളരികളിൽ  ഒന്ന് ഈ ക്ഷേത്രത്തിന്റെ ഊരാളന്മാരിൽ ഒരാളായ പുലാച്ചേരി എന്ന പ്ലാച്ചേരിമനയിലായിരുന്നു .എന്ന് പഴമ .മറ്റു നമ്പൂരി കളരികൾ ആളൂർ വെളുത്തില്ലം .തിരുവേഗപ്പുറ ,കൊടുമുടിക്കാഴ്ച  ലക്കിടി പൂന്തോട്ടം എടപ്പാൾ പഴമ്പുറം തൃശൂർ പോരേറ്റ്യേടം  കളരി നശിച്ച പണിക്കർമാർ കളരിമൂർത്തികളുടെ കോപം കണ്ടാൽ കൊച്ചി രാജാവിന്റെ ആയുധഗുരുസ്ഥാനമുള്ള പോരേറ്റ്യേടം കളരിയിൽ വഴിപാട് നടത്തി വരുമായിരുന്നു എന്നതാണ് പഴയ കേരളത്തിലെ പതിവെന്ന് പറയുന്നു  18 നാട്ടിൽ 108  കളരികൾ .

ഏമൂർക്കാവ് തൃശൂർ ജില്ല




ഏമൂർക്കാവ് തൃശൂർ  ജില്ല

തൃശൂർ  ജില്ലയിൽ തോന്നൂർക്കരയിൽ  ചേലക്കര പഞ്ചായത്ത് . വടക്കൻ ചേരി -ചേലക്കര  റൂട്ടിലെ തോന്നൂർക്കര  വളവു സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റര് . മലയോരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്  കിഴക്കും പടിഞ്ഞാറും വടക്കും പാടം .പ്രധാനമൂർത്തി കാർത്യായനി .ഉപദേവത  ഗണപതി നാഗരാജാവ് . കുംഭത്തിലെ കാർത്തികയ്ക്കു  കിഴക്കും മുറി ,പടിഞ്ഞാട്ടു മുറി  ദേശക്കാരുടെ ഉത്സവം കാളകളിയുണ്ട് കിഴക്കോട്ടു ദർശനം .ഒരുനേരം പൂജ. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് രണ്ടര ഏക്കർ വരുന്ന കുളമുണ്ട് ഈ ക്ഷേത്രത്തിൽ വിവാഹ ആവശ്യത്തിനു  പ്രാർത്ഥന നടത്തിയാൽ സ്വർണ്ണം കിട്ടിയിരുന്നു  എന്ന് പഴമ. അടുത്ത ദിവസം കുളക്കടവിൽ സ്വർണ്ണപ്പൊതി കാണും  ആവശ്യം കഴിഞ്ഞാൽ തിരിച്ചു കൊടുക്കണം എന്നായിരുന്നു വ്യവസ്ഥയത്രേ  .ഒരു തവണ തിരിച്ചു കൊടുക്കാത്തതിനാൽ നിലച്ചു എന്നും പഴമ തോട്ടശേരി തലച്ചെന്നാർ എന്ന നാടുവാഴി പിഷാരടി കുടുംബത്തിന്റെ  കുലദേവതയാണ് .പോരാട്ടവിധികളിൽ വിദഗദ്ധരായിരുന്നു  ഈ പിഷാരടിമാർ  ക്ഷേത്രത്തിനടുത്തായിരുന്നു കളരി .ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായിരുന്നു  "മല്ലർ കോട്ട " ഇപ്പോൾ കോട്ടയില്ലങ്കിലും ഇവിടെയുള്ള ആലിന്റെ ചുവട്ടിൽ  കോഴിവെട്ടുണ്ട്.  ഈ ഭാഗത്ത് കല്ലറയും വാളുകളും കണ്ടെത്തിയിരുന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം .ഇതിനു ഒരുകിലോമീറ്റർ  വടക്കു  ചൊവ്വാക്കാവ് . അവിടെ ഭദ്രകാളി യാണ് ,കൂടാതെ തൊന്നൂർ  കളത്തിൽ  അന്തിമഹാകാളൻ .

2019, മേയ് 28, ചൊവ്വാഴ്ച

മരുതമലൈ ക്ഷേത്രം, കോയമ്പത്തൂര്‍



മരുതമലൈ ക്ഷേത്രം, കോയമ്പത്തൂര്‍
മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മരുതമലൈ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പ്രശസ്ത മുരുക ക്ഷേത്രമായ ആറുപടൈവീടു ക്ഷേത്രം കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. മരുതമലൈ മുരുകന്റെ ഏഴാമത്തെ പടൈ വീടാണെന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്. പഴക്കം ചെന്ന ഈ ക്ഷേത്രത്തില്‍ ഒട്ടേറെ ലിഖിതങ്ങളുണ്ട്. തിരുമുരുകന്‍പൂണ്ടി ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളിലും മരുതമലൈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 15 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. 

നമ്പൂതിരി ഗ്രാമവ്യവസ്ഥ: സമ്പത്തും അധികാരവും ക്ഷേത്ര കേന്ദ്രീകൃതം ആകുന്നു.


നമ്പൂതിരി ഗ്രാമവ്യവസ്ഥ: സമ്പത്തും അധികാരവും ക്ഷേത്ര കേന്ദ്രീകൃതം ആകുന്നു.

=====================================================================


നം പൂരയതേ ഇതി നമ്പൂതിരി” നമ്പൂതിരി എന്ന വാക്ക് അർത്ഥം ഇങ്ങിനെയാണു വിഗ്രഹിക്കുന്നത്. ‘നം’ എന്ന പദത്തിനു അർത്ഥം വേദം, ജ്ഞാനം എന്നെല്ലാമാണു. വേദത്തെ പോഷിപ്പിക്കുന്നവൻ എന്ന് സാമാന്യമായി ഇതിനർത്ഥം പറയാം. വിശ്വാസം എന്ന് അർത്ഥം വരുന്ന ‘നമ്പുക’ എന്ന ദ്രാവിഡ ക്രിയാപദത്തോട് സ്ഥാനം, പദവി എന്ന് അർത്ഥം വരുന്ന ‘തിരി’ എന്ന വാക്ക് ചേർന്നാണു നമ്പൂതിരി എന്ന പദം വന്നിരിക്കുന്നത് എന്ന് പ്രശസ്ത ഭാഷാ പണ്ഡിതനായ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നുണ്ട്. വിശ്വാസയോഗ്യൻ എന്ന് അദ്ദേഹം ഇതിനു അർത്ഥം നൽകുന്നുണ്ട്. മുൻ കാലങ്ങളിൽ രാജാക്കന്മാരുടെ ഏറ്റവും വിശ്വസ്തർ ഇവരായിരുന്നു എന്നും, വിശ്വസ്തർ എന്ന നിലയ്ക്ക് വളരെ തന്ത്രപ്രധാന പദവികളിൽ ഇവരെ നിയമിച്ചിരുന്നു എന്നും മലബാർ മാന്വൽ രചിച്ച വില്ല്യം ലോഗനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വേദങ്ങൾ നാലാണു എങ്കിലും കേരളത്തിൽ ഋഗ്വേദം, യജുർവ്വേദം, സാമവേദം എന്നീ വേദങ്ങളിൽ പെട്ടവർ മാത്രമേയുള്ളൂ. എന്നാൽ നാലു വേദങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്ന പല പ്രമുഖരും കേരളത്തിലും ഉണ്ടായിരുന്നു. രണ്ട് വേദങ്ങൾ കൈകാര്യം ചെയ്യുവാൻ പ്രാപ്തരായവരെ ദ്വിവേദി എന്നും, മൂന്നും കൈകാര്യം ചെയ്യുന്നവരെ ത്രിവേദി എന്നും, നാലിലും പാണ്ഡിത്യമുള്ളവരെ ചതുർവേദിയെന്നും ആയിരുന്നു വിളിച്ചിരുന്നത്. ഭാരതത്തിന്റെ ഇതര ദേശങ്ങളിൽ ഇത്തരത്തിലുള്ള ദ്വിവേദികളും, ത്രിവേദികളും, ചതുവേദികളും എല്ലാം എന്നും സാധാരണയായി തന്നെ കാണാം. കുടുംബത്തിൽ ആരെങ്കിലും ഇത്തരത്തിൽ ഒന്നിൽ കൂടുതൽ വേദങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പിന്മുറക്കാർ ആ ‘പേരു’ പാരമ്പര്യമായി നിലനിർത്തുന്ന സമ്പ്രദായം അവിടങ്ങളിൽ എല്ലാം ഉണ്ട്. എന്നാൽ ആ സമ്പ്രദായം കേരളത്തിൽ നിലവിൽ ഇല്ല. ഒന്നിൽ കൂടുതൽ വേദങ്ങളിൽ പ്രാവീണ്യം തെളിയിച്ച് ആർജ്ജിച്ച ആ പദവികൾ അവരുടെ കാലശേഷം അനന്തര തലമുറയിലേക്ക് പകരുന്ന പതിവ് കേരള നമ്പൂതിരിമാർക്കിടയിൽ ഇല്ല. ജനിച്ച് വളർന്ന തറവാട് പരമ്പരയായി ഏത് വേദമണൊ സ്വീകരിച്ച് ആചരിച്ച് വരുന്നത് അതിന്റെ അടിസ്ഥാനത്തിൽ ആണു ഒരു വ്യക്തി ഏത് വേദിയാണു എന്ന് നിർണ്ണയിക്കുന്നത്. സ്വന്തം വേദം പഠിച്ച് കഴിഞ്ഞ ശേഷം അടുത്ത വേദം പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്നാൽ സ്വന്തം വേദം പഠിക്കാതെ മറ്റൊരു വേദത്തെ സ്വീകരിക്കുവാൻ അയാൾക്ക് അർഹതയില്ല. ഒന്നിൽ കൂടുതൽ വേദങ്ങൾ പഠിച്ചു എങ്കിൽ കൂടിയും തന്റെ വേദത്തിനനുസരിച്ചായിരിക്കും അവരുടെ നിത്യ ചടങ്ങുകളും, മറ്റ് ആചാരങ്ങളും അനുവർത്തിച്ച് വരുന്നത്.

ഗ്രാമ വ്യവസ്ഥ.

ഒരു പറ്റം ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശം. ഇതാണു ഗ്രാമം എന്ന പദത്തിനു സാമാന്യമായി കൊടുക്കുന്ന അർത്ഥം. എന്നാൽ ഈ ഒരു സാമാന്യ സങ്കൽപ്പത്തിൽ നമ്പൂതിരി ഗ്രാമങ്ങളെ വിലയിരുത്തുവാൻ സാധിക്കുകയില്ല. ഭൂമി അല്ലെങ്കിൽ പ്രദേശം അല്ല നമ്പൂതിരി അധിവാസ ഗ്രാമങ്ങളുടെ മാനദണ്ഡം. അത് പോലെ തന്നെ ഒരു പ്രദേശത്ത് വസിക്കുന്ന ജനസംഘയും ഇവിടെ ഗ്രാമം എന്ന സംജ്ഞയിൽ ഒരു മാണദണ്ഡമല്ല. മുകളിൽ പറഞ്ഞ രണ്ട് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണെങ്കിൽ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളും വലിപ്പത്തിലും, ജനസംഖ്യയിലും ഏതാണ്ടൊക്കെ തുല്ല്യത പാലിക്കുമായിരുന്നേനേ.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് ഒരു കുടുംബം എന്നാണല്ലോ കണക്കാക്കുന്നത്. അത് പോലെ തന്നെ നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്നത് ഒരു കുടുംബം എന്നതിലപ്പുറം ഒരു ഇല്ലം അഥവാ ഒരു തറവാട് ആണു. ഒരു ഇല്ലം അല്ലെങ്കിൽ ഒരു ഭവനം എന്നതൊരു കുടുംബത്തിന്റെ വാസസ്ഥാനമായി സാമാന്യമായി കണക്കാക്കാമെങ്കിലും ഒരു നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്ന നിലയ്ക്ക് ഒരു ഭവനത്തിനെ കണക്കാക്കുമ്പോൾ അത് കേവലം ആ ഭവനത്തിൽ വസിക്കുന്ന കുടുംബാംഗങ്ങളെ മാത്രം കണക്കാക്കിയാൽ പോര. ആ തറവാട്ടിൽ വസിക്കുന്ന കുടുംബാംഗങ്ങൾ, അവരുടെ ഭൂസ്വത്ത്. കുടുംബ ക്ഷേത്രം, സ്ഥാവര ജംഗമങ്ങൾ, ആ കുടുംബാംഗങ്ങളുടെ ക്ഷേമത്തിന്നായി നിയുക്തരായ പരിചാരകർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ ജന്മം അംഗീകരിച്ച കുടിയാന്മാർ. ഇതൊക്കെ ഒരു ഇല്ലം എന്ന യൂനിറ്റിന്റെ പരിധിയിൽ പെടുന്ന കാര്യങ്ങൾ ആണു. കുടിയാന്മാർ ഉൾപ്പടെ ഇതിൽ വരുന്നു എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ കേരളത്തിൽ നടന്ന പല ഭൂദാന പട്ടയങ്ങളിലും ഭൂമിക്കൊപ്പം കുടിയാന്മാരേയും കൈമാറിയതായുള്ള പരാമർശങ്ങൾ കാണാൻ സാധിക്കും എന്നത് ഇതിനു ഒരു തെളിവാണു. ഓരോ ഇല്ലം എന്ന യൂനിറ്റുകളും സ്വയം പര്യാപ്തങ്ങൾ ആയ ഘടകങ്ങൾ അയിരുന്നു. ഓരോ തറവാടുകളുടേയും ദൈനംദിനമോ അല്ലാതെയോ ഉള്ള ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് ഇല്ലങ്ങളിലെ പരിചാരകരുടെ ആവശ്യം ഇല്ലായിരുന്നു. ഒരോ ഇല്ലത്തിന്റേയും നിത്യ പരിചാരകർക്ക് പുറമേ അലക്ക്, മരപ്പണി, കൽപ്പണി, ലോഹ വസ്തുക്കൾ, ക്ഷൗരം, എന്നിങ്ങിനെ സകല പ്രവർത്തികൾക്കും ആ ഇല്ലത്തിന്റെ പരിധിയിൽ തന്നെ പ്രത്യേകം നിയുക്തരായ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവർ പ്രസ്തുത കുടുംബത്തിലെ പ്രസ്തുത തൊഴിലിന്റെ ജന്മാവകാശികൾ എന്ന അർത്ഥത്തിൽ ‘ജന്മാരികൾ’ എന്നോ ‘ജന്മം’ കൊണ്ടവർ എന്നോ (പ്രാദേശികമായി ഈ പദത്തിനു വ്യത്യാസങ്ങൾ ഉണ്ടാകാം.) ഒക്കെയുള്ള വിശേഷണത്താൽ അറിയപ്പെട്ടിരുന്നു.
ഒരു ഇല്ലം അല്ലെങ്കിൽ ഒരു തറവാടും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ചേർന്നതാണു ഒരു ഗ്രാമത്തിന്റെ ഏറ്റവും ചെറിയ ഘടകമെങ്കിൽ അടുത്ത തട്ട് ഒരു ‘ദേശം’ ആണു. മുകളിൽ പറഞ്ഞത് പ്രകാരം സ്വയം പര്യാപ്തമായ ഏറ്റവും ചുരുങ്ങിയ പക്ഷം ഏഴ് ഇല്ലങ്ങൾ എങ്കിലും ചേരുന്ന ഒരു യൂനിറ്റിനെയാണു ദേശം എന്ന് പറയുന്നത്. ഓരോ ദേശത്തിനും അതത് ദേശങ്ങളിലെ ഇല്ലങ്ങൾക്ക് കൂട്ട് ഉടമസ്ഥതയുള്ള ഒരു ക്ഷേത്രമുണ്ടാകും. അത് ദേശക്ഷേത്രം എന്ന ഗണത്തിലാണു പെടുക. ദേശത്തെ മുഴുവൻ പ്രജകളുടേയും നാഥനായിട്ട് ആ ക്ഷേത്ര ദേവനെ പരിഗണിക്കുകയും, വാരം, ഓത്തൂട്ട് തുടങ്ങിയ വിശിഷ്ട വേദഘോഷങ്ങളും ഒക്കെ നടത്തുകയും ചെയ്യുക പതിവാണു. ആ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച ഒരു ഭരണ വ്യവസ്ഥയായിരിക്കും ആ നാട്ടിലെ പൊതു ജീവിത വ്യവഹാരങ്ങളെ കൈകാര്യം ചെയ്തിരുന്നത്.
ഇനി ഇതേ ക്രമത്തിൽ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിനാലു ദേശങ്ങൾ എങ്കിലും ചേരുന്ന ഒരു വലിയ യൂനിറ്റിനെയാണു ഒരു ഗ്രാമം എന്ന് പറയുന്നത്. ഓരോ ഗ്രാമത്തിനും ആ ഗ്രാമത്തിന്റെ ആകെയായി ഒരു ഗ്രാമ ക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥയാണു ആ ഗ്രാമത്തിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഒരു അർത്ഥത്തിൽ ഓരോ ഗ്രാമങ്ങളുടേയും തലസ്ഥാനമോ ഭരണ സിരാ കേന്ദ്രമോ ആയിരുന്നു ഗ്രാമക്ഷേത്രങ്ങൾ. ഗ്രാമസഭകളും ഭരണ നിർവ്വഹണവും ഈ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്.
മുഴുവൻ ദേശങ്ങളിൽ നിന്നും പ്രാധിനിഥ്യമുള്ള ഒരു ഭരണ സമിതിയാണു ഈ ഗ്രാമ ഭരണം കയ്യാളിയിരുന്നത്. ബ്രഹ്മസ്വം എന്ന് പൊതുവിൽ ഈ ഭരണതലത്തെ അറിയപ്പെടുന്നു. എല്ലാ ഗ്രാമങ്ങളും പരിപൂർണ്ണമായും സ്വയം പര്യാപ്ത ഗ്രാമങ്ങൾ ആയിരുന്നു. അവരുടെ നിത്യവൃത്തിക്ക് എന്നത് പോലെ തന്നെ വൈദീകം, സ്മാർത്തം, താന്ത്രികം, മാന്ത്രികം, അദ്ധ്യയനം തുടങ്ങി ഒന്നിനും മറ്റ് ഗ്രാമങ്ങളെ അശ്രയിക്കാതെ തന്നെ നിലനിൽക്കാൻ സാധിക്കുന്ന വിധമായിരുന്നു ഓരോ ഗ്രാമങ്ങളുടേയും ഘടന. ഓരോ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന്നായി ദേവസ്വം ഭൂമികളും ഉണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന ആദായങ്ങൾക്ക് പുറമെ ഗ്രാമത്തിലെ ഇല്ലങ്ങളിൽ ഇന്ന് അവരുടെ കൃഷി ആദായത്തിന്റെ ഇത്ര ശതമാനം ക്ഷേത്രങ്ങളിലേക്ക് സമർപ്പിക്കുക എന്ന സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. ഇത് ഗ്രാമ ക്ഷേത്രങ്ങളെ സമ്പന്നമാക്കി.
ഏതാണ്ട് ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള കുറച്ച് നൂറ്റാണ്ടുകളിൽ ആണു ഈ ഗ്രാമവ്യവസ്ഥിതി ഏറ്റവും പ്രബലമായി നിലനിന്നത് എന്ന് മനസിലാക്കുവാൻ സാധിക്കും. കേരളത്തിന്റെ മുഴുവൻ ഭാഗധേയവും നിർണ്ണയിക്കപ്പെട്ടത് ഇത്തരത്തിലുള്ള മുപ്പത്തിരണ്ട് മഹാക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സമ്പത്തും അധികാരവും ക്ഷേത്രങ്ങളിലേക്ക് കുമിഞ്ഞ് കൂടി. കലയുടേയും, സാംസ്കാരിക പ്രവർത്തനങ്ങളുടേയും മുഖ്യ കേന്ദ്രങ്ങളായി ഓരോ ഗ്രാമക്ഷേത്രവും. എന്തായാലും കേരള ചരിത്രത്തിന്റെ വളരെ നിർണ്ണായകമായ തന്നെയായിരുന്നു ഈ ക്ഷേത്രങ്ങൾ ഓരോന്നും.

തുടരും
അവലംബ കൃതികൾ
വില്ല്യം ലോഗൻ
 ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ/കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
 പ്രാചീന മലയാളം./ ചട്ടമ്പി സ്വാമികൾ
കേരളോൽപ്പത്തി
 ഇതിഹാസ പുരുഷൻ ആഴ്വാഞ്ചേരി തമ്പ്രാക്കൾ/ ഡോ:രാജൻ ചുങ്കത്ത്
 ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ


കേരള സാമൂഹിക നിർമ്മിതിയിൽ നമ്പൂതിരി കുടിയേറ്റത്തിന്റെ സ്വാധീനം

ഇന്ത്യയിൽ മറ്റ് എവിടത്തേതിനെ അപേക്ഷിച്ചും കേരളത്തിൽ വൈദീക മതത്തിന്റെ ആധിപത്യം പൂർണ്ണമായിരുന്നു എന്ന് നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാക്കുവാൻ സാധിക്കും. ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ ഭൂമിയിൽ മാത്രമല്ല ബ്രാഹ്മണർ ആധിപത്യം ഉറപ്പിച്ചത്. അതിനു പുറമെ വർഗ്ഗം, വർണ്ണം, സാമൂഹികം, ബൗദ്ധികം, വിദ്യാഭ്യാസപരം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ സമസ്ഥ മേഖലകളിലും ഏതാണ്ട് രണ്ട് സഹസ്രാബ്ദകാലത്തിനടുത്ത് മറ്റൊരാൾക്കും ഇട നൽകാതെ ഒന്നാമിടം ഉറപ്പിക്കുവാൻ ഒരു സമുദായം എന്ന നിലയ്ക്ക് നമ്പൂതിരിക്ക് സാധിച്ചിട്ടുണ്ട്. എതാണ്ട് പത്തൊമ്പതാം നൂറ്റാണ്ട് വരെ ഈ ഔന്നത്യം അനുഭവിക്കുവാൻ നമ്പൂതിരിക്ക് സാധിച്ചു. എന്ത് കൊണ്ടാണു, എങ്ങിനെയാണു ഇത് സാധിച്ചത്..? അത്ര എളുപ്പം ഉത്തരം പറയുവാൻ ഒക്കുന്ന ഒന്നല്ല ഇത്. വളരെ ആഴത്തിലുള്ള പഠനത്തിനു സാധ്യതയുള്ള ഒരു കാര്യമാണു അത്.
വേദങ്ങളും, ഉപനിഷത്തുക്കളും, സ്മൃതികളുമൊന്നുമല്ല കേരളത്തിൽ വൈദീക മതത്തെ പ്രബലമാക്കിയത്. നിസ്തുലമായ സംഘടനാ ശക്തിയുടേയും, കായികാധ്വാനത്തിന്റേയും, നിരന്തരമായ വിജ്ഞാന വിതരണത്തിന്റേയും ശക്തിയാലാണത് സാധ്യമായത്. നൂറ്റാണ്ടുകളുടെ പരിണാമ പ്രക്രിയയിലൂടെ നമ്പൂതിരിമാർ ഇവിടത്തെ മണ്ണിലും, ഇതര വിഭാഗങ്ങൾക്കിടയിലും ആധിപത്യം നേടിയെടുത്തു. കായിക വൃത്തിയേയും, അധ്വാന പരതയേയും കുറിച്ച് വേദങ്ങളിൽ കാണുന്ന ആയിരക്കണക്കിനു സൂക്തങ്ങൾ വ്യക്തമാക്കുന്നത് കാർഷികവൃത്തിയിലും, കായിക അധ്വാനത്തിലും ബ്രാഹ്മണർ വച്ച് പുലർത്തിയിരുന്ന നിഷ്ക്കർഷ തന്നെയാണു. പരശുരാമ കഥ ഈ അധ്വാനപരതയെ പ്രതീകവത്കരിച്ചതും ആകാം. പിൽക്കാലത്ത് തൊഴിലധിഷ്ടിതമായ വിഭജനം ജാതിവ്യവസ്ഥയിലേക്ക് പരിണമിക്കുകയും ബ്രാഹ്മണർ വൈദീകവൃത്തിയിൽ മാത്രം വ്യാപൃതരാവുകയും ചെയ്യുവാൻ തുടങ്ങുന്നത് വരെ ഈ അധ്വാന തൽപ്പരത അവർ കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അനുമാനിക്കാം. പിൽക്കാലത്ത് ഇതര വിഭാഗങ്ങളുടെ അധ്വാനത്തിന്റെ ഫലഭോക്താക്കളായി നിരവധിയായ കാർഷിക വിജ്ഞാന ഭണ്ഡാരമായ വേദങ്ങളുടെ പ്രയോക്താക്കൾ മാറി എന്നത് ഒരു വിരോധാഭാസവും ആയി പരിഗണിക്കേണ്ടി വരും.

ചാതുർവർണ്യം കേരളത്തിൽ.

തൊഴിലിനെ അടിസ്ഥാനമാക്കിയ വർണ്ണ വ്യവസ്ഥ വൈദീകമതത്തിന്റെ ആണിക്കല്ലുകൾ ആയിരുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന വർഗ്ഗ വിഭജനം ആ വർണ്ണവ്യവസ്ഥയുടെ തുടർച്ചയായി സംഭവിച്ചത് ആണു. അതിൽ നിന്നും വികാസം പ്രാപിച്ച ഉപ ഉൽപ്പന്നമാണു ജാതിവ്യവസ്ഥ. എന്നാൽ ചാതുർവർണ്യം എന്ന വൈദീക മതത്തിന്റെ വർഗ്ഗവിഭജനത്തെ ഭാരതത്തിന്റെ ഇതര ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഉയർന്ന് വന്ന സമ്പ്രദായം അടിസ്ഥാനപരമായിത്തന്നെ വിഭിന്നമായിരുന്നു എന്ന് കാണാം. വൈദീക മതത്തിന്റെ പ്രയോക്താക്കൾ ആയ ബ്രാഹ്മണർ ഇവിടെ കുടിയേറിയെങ്കിലും, കേരളത്തിലെ ഇതര ജാതി വിഭാഗങ്ങൾ ചാതുർവർണ്യശ്രേണിയിലെ മറ്റ്‌ മൂന്ന് തട്ടുകൾ ആയിരുന്നു എന്ന് സ്ഥാപിക്കാൻ തക്ക തെളിവുകൾ ഇല്ല. അതായത് കേരളത്തിലെ ഇതര ജാതി വിഭാഗങ്ങളിൽ വലിയൊരു ശതമണവും ബ്രാഹ്മണർക്ക് മുൻപോ ശേഷമോ ഇവിടെ കുടിയേറിയവർ ആണു. ബാക്കിയുള്ളവരാകട്ടെ മഹാശിലായുഗ കാലത്ത് തന്നെ ഇവിടെ അധിവസിച്ചിരുന്നവരുടെ പിന്മുറക്കാരും ആയിരുന്നു. അതായത് ബ്രാഹ്മണർ കേരളത്തിലെത്തിയ ശേഷം, ഇവിടെ വൈദീകമതത്തിന്റെ വ്യാപനത്തിന്റെ തുടർച്ചയായി ഇവിടെ ഉള്ള ഇതര വിഭാഗങ്ങളെ ചാതുർവർണ്യം എന്ന വൈദീക മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഉൾക്കൊള്ളിക്കുകയാണു ഉണ്ടായത് എന്ന് വേണം മനസിലാക്കുവാൻ. അത് പക്ഷേ സംഘടിതമായി ബോധപൂർവ്വം ചെയ്ത ഒരു പ്രവർത്തിയാകണമെന്നില്ല. കാലക്രമത്തിൽ അന്നത്തെ സാമൂഹിക ചുറ്റുപാടിൽ വന്ന് ഭവിച്ച സ്വാഭാവിക പ്രക്രിയയാകുവാനേ തരമുള്ളൂ. കേരള ഗസറ്റിയറിന്റെ രചയിതാവ് അഡൂർ കെ.കെ രാമചന്ദ്രൻ നായർ ഇക്കാര്യം നിരീക്ഷിച്ചത് ഇപ്രകാരമാണു. “ഉത്തരേന്ത്യയിലേത് മാതിരി ജാതി സമ്പ്രദായത്തെ ചാതുർ വർണ്യത്തിൽ ഉൾപ്പെടുത്തുവാൻ ഇവിടെ ബ്രാഹ്മണർക്ക് സാധിച്ചിട്ടില്ല. ജാതി സമ്പ്രദായത്തിൽ തന്നെ മൊത്തം ആശയക്കുഴപ്പം വരുത്തും വിധം പല ഉപ വിഭാഗങ്ങളായി അവ പരിണമിക്കുകയാണു ഉണ്ടായത് “.
ബ്രാഹ്മണർ ഇവിടെ ഉണ്ടാക്കുയെടുത്ത പദവിക്ക് അനുസൃതമായി കാലക്രമേണ സ്വയമേവ ഉരുത്തിരിഞ്ഞതാണു കേരളത്തിലെ ജാതിവ്യവസ്ഥ എന്ന് പി.കെ ബാലകൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലാണു ജാതികളും, ഉപജാതികളും ഉരുത്തിരിഞ്ഞത് എങ്കിലും, ബ്രാഹ്മണരോട് ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിച്ചു. അതായത് നമ്പൂതിരിമാർക്ക് വേണ്ടി ചെയ്യുന്ന ദാസ്യവൃത്തിയുടെ ഏറ്റക്കുറച്ചിലുകൾ ആണു സമൂഹത്തിലെ പദവികളും, ജാതികളുടെ ഉച്ച നീചത്വങ്ങളും നിർണ്ണയിച്ചത്. നമ്പൂതിരിമാരല്ലാത്ത ഇതര ബ്രാഹ്മണർക്ക് പോലും ഈ പറഞ്ഞ ചാതുർവർണ്യത്തിന്റെ കേരള മാതൃകയിൽ മേൽത്തട്ട് പരിഗണന ലഭിച്ചിരുന്നില്ല എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണു. അതായത് തമിഴ്, തുളു, ഹവ്യഗ ബ്രാഹ്മണരെ പോലും നമ്പൂതിരി രണ്ടാംകിട പൗരന്മാരായാണു പരിഗണിച്ചിരുന്നത്. ചാതുർവർണ്യ ഘടനയിൽ മേൽത്തട്ട്കാരായി നിലനിൽക്കുമ്പോഴും ഇവർക്ക് നമ്പൂതിരിക്കൊപ്പം പന്തിഭോജനം ചെയ്യാൻ അനുവാദമില്ലാത്ത അത്രയും ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു കേരളത്തിലെ ജാതി സമ്പ്രദായം എന്ന് ചുരുക്കം.

വൈദീക മതത്തിന്റെ വ്യാപനം, കല സാംസ്കാരിക രംഗങ്ങളിലെ വളർച്ച

വൈദീകമതം യാഗങ്ങൾക്കും യജ്ഞങ്ങൾക്കും ആണ് മുന്തിയ പ്രാധാന്യം കോടുത്തിരുന്നത് എങ്കിലും അധികം വൈകാതെ തന്നെ ക്ഷേത്ര കേന്ദ്രീകൃത ആരാധനാ ചിട്ടകളിലേക്ക് വഴിമാറി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദ പാഠശാലകളും, വേദ മത്സരങ്ങളും വ്യാപകമായി. വേദങ്ങളുടെ തുടർച്ചയോ അല്ലെങ്കിൽ സ്വതന്ത്ര ശാഖയോ ആയ തന്ത്രശാസ്ത്രം തികച്ചും കേരളീയമായ പദ്ധതികളിൽ പുനരാവിഷ്ക്കരിക്കപ്പെട്ടു. കേരളീയ തന്ത്രമെന്ന ആ ആരാധനാ പദ്ധതിയിലൂടെ കേരളത്തിലെമ്പാടും വ്യതിരിക്തമായ വാസ്തുഘടനയോട് കൂടിയ ക്ഷേത്ര സമുചയങ്ങൾ ഉയർന്നു വന്നു. അക്കാലമത്രയും വനദേവതാരാധനകളും, വീരാരാധനകളും മാത്രം നടത്തിയിരുന്ന ഇതര സമുദായങ്ങളും ഈ പുതിയ ആരാധനാക്രമങ്ങളിൽ ആകൃഷ്ടരായി. എന്നാൽ ചാതുർവർണ്യം ഇവിടെയും മതിൽക്കെട്ടുകൾ സൃഷ്ടിച്ചു. പക്ഷെ അപ്പോഴും ആ മതിക്കെട്ടുകൾക്കപ്പുറം നിന്നും അതിനകത്തെ ചലനങ്ങൾക്കനുസൃതമായി ആ വ്യവ്സ്ഥകൾ ചലിച്ചു. വൈദിക മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അവ നിർണ്ണയിക്കപ്പെട്ട് കൊണ്ടിരുന്നു.
സംസ്കൃതത്തെ മുഖ്യഭാഷയാക്കിയ വൈദീകമതം കലാ സാംസ്കാരിക രംഗത്ത് നല്കിയ സംഭാവനകളും നിരവധിയാണു. കൂടിയാട്ടം, പുരാണ കഥാകഥനം പോലുള്ള ക്ഷേത്ര കലകൾ ഇവിടെ പ്രാബല്ല്യം നേടി. കൂടിയാട്ടത്തിൽ നിന്ന് ഉരുത്ത് വന്ന വിദൂഷക കൂത്ത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടി. തോല കവിയെപ്പോലുള്ളവരുടെ പരീക്ഷണങ്ങൾ കൂത്തിനെ കൂടുതൽ രസാവഹമാക്കി. വൈദീക മതസ്ഥരുമായുള്ള സമ്പർക്കം നിമിത്തം സംസ്കൃത ഭാഷ പ്രാദേശിക ഭാഷകളിൽ സ്വാധീനം ചെലുത്തിത്തുടങ്ങി. ഇതിന്റെ തുടർച്ചയായാണു മലയാളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ മൂല ശൈലികളിൽ നിന്ന് മാറി സംസ്കൃത സങ്കര ഭാഷകളായി വികാസം പ്രാപിക്കുന്നത്. ഒഴികി വരുന്ന നദി കടലിലേക്ക് എന്നത് പോലെ, ഭിന്ന വർഗ്ഗക്കാരായ ജനങ്ങൾ ഇടകലർന്നപ്പോൾ അവരുടെ ഭാഷാ സംസ്കാരങ്ങളും ഇടകലർന്നു എന്ന് കേരള പാണിനീയത്തിൽ എ.ആർ രാജരാജ വർമ്മ അഭിപ്രായപ്പെടുന്നുണ്ട്. മണിപ്രവാളം എന്ന സാഹിത്യ ശാഖ ഈ മിശ്രഭാഷാ സാഹിത്യത്തിന്റെ സൃഷ്ടിയാണു.

സ്വത്തുടമാ സമ്പ്രദായം

ബ്രാഹ്മണ കേന്ദ്രീകൃത ഗ്രാമവ്യവസ്ഥയുടെ തുടർച്ചയായാണു ഭൂമി ഒരു സ്വത്ത് എന്ന നിലയിലേക്ക് മാറുന്നത്. ഭൂമി കേവലം ഒരു പ്രദേശം മാത്രമാണെന്ന് വന്യ ഗോത്ര രീതിയിൽ നിന്ന് മാറി സ്ഥിരമായ കൃഷിഭൂമികൾ എന്ന രീതിയിലേക്ക് പരിവർത്തനപ്പെട്ടത് നമ്പൂതിരി കുടിയേറ്റത്തിന്റെ തുടർച്ചയാണു. ഈ സമ്പ്രദായത്തിന്റെ തുടക്കക്കാരെന്ന നിലയ്ക്ക് പ്രായേണ അത് നമ്പൂതിരിമാരുടെ ജന്മസ്വത്തായി പരിണമിച്ചു. ഈ സ്വത്തുടമസ്ഥത രാഷ്ട്രീയ ഭരണാധികാരത്തോട് യാതൊരു പരാമർശവും ഇല്ലാത്ത സമ്പൂർണ്ണ സ്വത്തുടമസ്ഥതയായി മാറി. ഇതിന്റെ തുടർച്ചയായി കേരളത്തിലെ ഏതാണ്ട് മുഴുവനും ഭൂമിയുടേയും ഉടമസ്ഥത നമ്പൂതിരി എന്നൊരു സമൂഹത്തിന്റെ കൈകളിലൊതുങ്ങി. ജന്മി കുടിയാൻ വ്യവസ്ഥ ഇതിന്റെ തുടർച്ചയായി സംഭവിച്ച ഒരു സാമൂഹിക വ്യവസ്ഥിതിയാണു.
കേരളത്തിലേക്ക് കുടിയേറിയ കാലത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ മാതിരി ഒരു കൂട്ടായ ആവാസ വ്യവസ്ഥിതിയല്ല നമ്പൂതിരിമാർ തെരഞ്ഞെടുത്തത് എന്ന് മുൻ അദ്ധ്യായത്തിൽ ചർച്ച ചെയ്താണു. ഒരു പക്ഷേ അങ്ങിനെ ഒരു വൻ സംഘമായുള്ള കുടിപാർപ്പ് സമ്പ്രദായം ആയിരുന്നു നമ്പൂതിരിമാർ കേരളത്തിൽ നടപ്പാക്കിയിരുന്നത് എങ്കിൽ കേരളത്തിലെ സ്വത്തുടമാ സമ്പ്രദായം ഇന്ന് കാണുന്ന രീതിയിൽ ആയിരിക്കില്ല വികസിക്കുക. വ്യക്തി കേന്ദ്രീകൃത, അല്ലെങ്കിൽ കുടുംബ കേന്ദ്രീകൃത സ്വത്തുടമാ സമ്പ്രദായത്തിനു പകരം കൂട്ടുടമസ്ഥതാ സമ്പ്രദായത്തിലുള്ള കൃഷി സമ്പ്രദായമായിരുന്നേനെ കേരളത്തിൽ ഉരുത്തിരിയുക. ഇനി ഒരു പക്ഷേ ആദ്യകാലത്ത് കൂട്ടുടമസ്ഥതയിൽ ആരംഭിച്ച് പിൽക്കാലത്ത് വേർപിരിഞ്ഞത് ആകാം എന്ന് കരുതിയാൽ ആ വാദത്തിനും നിലനിൽപ്പ് ഇല്ല. കാരണം അങ്ങിനെ ഒരിക്കൽ കൂട്ടുടമസ്ഥതയിൽ ആയിരുന്ന ഭൂസ്വത്ത് ഭാഗം പിരിയുമ്പോൾ എല്ലാവർക്കും തത്തുല്ല്യമായി വീതിക്കാനേ സാധ്യത ഉള്ളൂ. എന്നാൽ കേരളത്തിൽ നമ്പൂതിരി ജന്മത്തിന്റെ കണക്ക് പരിശോധിച്ചാൽ ഒരിടത്തും തുല്ല്യത കാണുവാൻ സാധിക്കില്ല. തുല്ല്യ ഭാഗമായിരുന്നുവെങ്കിൽ ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ വലിയ ജന്മിമാരും, ചെറുകിട ജന്മിമാരും എന്ന വിഭജനം നമ്പൂതിരിമാർക്കിടയിൽ ഉണ്ടാകുമായിരുന്നില്ല. സ്വത്തിന്റെ അളവനുസരിച്ച് ആഢ്യനും, ആസ്യനും എന്ന രണ്ട് തട്ട് ആയുള്ള വർഗ്ഗ വിഭജനം നമ്പൂതിരിമാർക്കിടയിൽ തന്നെ ഉണ്ടാകുമായിരുന്നില്ല. സ്വത്തിനു പുറമെ വേറെയും ചില മാനദണ്ഡങ്ങൾ ഇതിൽ ഉണ്ടെങ്കിലും ആഢ്യൻ/ആസ്യൻ വിഭജനത്തിൽ ഉണ്ട് എങ്കിലും വലിയൊരളവോളം സ്വത്ത് ഇതിന്റെ ഒരു മുഖ്യ ഘടകം തന്നെയായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണു. എന്തായാലും സാമൂഹിക പരിണാമത്തിന്റെ പൊതു രീതി വച്ച് നോക്കുമ്പോൾ തികച്ചും അസ്വാഭാവികമായ ഒരു സ്വത്തുടമസ്ഥതയും, അത് സൃഷ്ടിച്ചതെങ്കിലും അതിലേറെ അസ്വാഭാവികമായ രാഷ്ട്രീയ സംവിധാനവുമാണു ഇവിടെ നിലനിന്നത് എന്ന് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ ബോദ്ധ്യം വരും.

തുടരും
അവലംബ കൃതികൾ
 ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ/ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്.
 ജാതിവ്യവസ്ഥയും കേരള ചരിത്രവും/പി.കെ ബാലകൃഷ്ണൻ
 സമ്പൂർണ്ണ മലയാള സാഹിത്യ ചരിത്രം/ ഒന്നാം ഭാഗം/ സാംസ്കാരിക പശ്ചാത്തലം/ഡോ:എംജി.എസ് നാരായണൻ
 കേരള ചരിത്ര ശിൽപ്പികൾ/ എ.ശ്രീധര മേനോൻ

 കേരള പാണിനീയം-പീഠിക/ എ.ആർ.രാജരാജ വർമ്മ.

2019, മേയ് 26, ഞായറാഴ്‌ച

നവകൈലാസങ്ങൾ (Navakailasangal)



നവകൈലാസങ്ങൾ (Navakailasangal)


പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.



കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു. അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.


പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശർ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.


തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.


ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.



പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.
പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു. അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശർ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.


ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.

പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.