നമ്പൂതിരി ഗ്രാമവ്യവസ്ഥ: സമ്പത്തും അധികാരവും ക്ഷേത്ര കേന്ദ്രീകൃതം ആകുന്നു.
=====================================================================നം പൂരയതേ ഇതി നമ്പൂതിരി” നമ്പൂതിരി എന്ന വാക്ക് അർത്ഥം ഇങ്ങിനെയാണു വിഗ്രഹിക്കുന്നത്. ‘നം’ എന്ന പദത്തിനു അർത്ഥം വേദം, ജ്ഞാനം എന്നെല്ലാമാണു. വേദത്തെ പോഷിപ്പിക്കുന്നവൻ എന്ന് സാമാന്യമായി ഇതിനർത്ഥം പറയാം. വിശ്വാസം എന്ന് അർത്ഥം വരുന്ന ‘നമ്പുക’ എന്ന ദ്രാവിഡ ക്രിയാപദത്തോട് സ്ഥാനം, പദവി എന്ന് അർത്ഥം വരുന്ന ‘തിരി’ എന്ന വാക്ക് ചേർന്നാണു നമ്പൂതിരി എന്ന പദം വന്നിരിക്കുന്നത് എന്ന് പ്രശസ്ത ഭാഷാ പണ്ഡിതനായ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നുണ്ട്. വിശ്വാസയോഗ്യൻ എന്ന് അദ്ദേഹം ഇതിനു അർത്ഥം നൽകുന്നുണ്ട്. മുൻ കാലങ്ങളിൽ രാജാക്കന്മാരുടെ ഏറ്റവും വിശ്വസ്തർ ഇവരായിരുന്നു എന്നും, വിശ്വസ്തർ എന്ന നിലയ്ക്ക് വളരെ തന്ത്രപ്രധാന പദവികളിൽ ഇവരെ നിയമിച്ചിരുന്നു എന്നും മലബാർ മാന്വൽ രചിച്ച വില്ല്യം ലോഗനും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വേദങ്ങൾ നാലാണു എങ്കിലും കേരളത്തിൽ ഋഗ്വേദം, യജുർവ്വേദം, സാമവേദം എന്നീ വേദങ്ങളിൽ പെട്ടവർ മാത്രമേയുള്ളൂ. എന്നാൽ നാലു വേദങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്ന പല പ്രമുഖരും കേരളത്തിലും ഉണ്ടായിരുന്നു. രണ്ട് വേദങ്ങൾ കൈകാര്യം ചെയ്യുവാൻ പ്രാപ്തരായവരെ ദ്വിവേദി എന്നും, മൂന്നും കൈകാര്യം ചെയ്യുന്നവരെ ത്രിവേദി എന്നും, നാലിലും പാണ്ഡിത്യമുള്ളവരെ ചതുർവേദിയെന്നും ആയിരുന്നു വിളിച്ചിരുന്നത്. ഭാരതത്തിന്റെ ഇതര ദേശങ്ങളിൽ ഇത്തരത്തിലുള്ള ദ്വിവേദികളും, ത്രിവേദികളും, ചതുവേദികളും എല്ലാം എന്നും സാധാരണയായി തന്നെ കാണാം. കുടുംബത്തിൽ ആരെങ്കിലും ഇത്തരത്തിൽ ഒന്നിൽ കൂടുതൽ വേദങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പിന്മുറക്കാർ ആ ‘പേരു’ പാരമ്പര്യമായി നിലനിർത്തുന്ന സമ്പ്രദായം അവിടങ്ങളിൽ എല്ലാം ഉണ്ട്. എന്നാൽ ആ സമ്പ്രദായം കേരളത്തിൽ നിലവിൽ ഇല്ല. ഒന്നിൽ കൂടുതൽ വേദങ്ങളിൽ പ്രാവീണ്യം തെളിയിച്ച് ആർജ്ജിച്ച ആ പദവികൾ അവരുടെ കാലശേഷം അനന്തര തലമുറയിലേക്ക് പകരുന്ന പതിവ് കേരള നമ്പൂതിരിമാർക്കിടയിൽ ഇല്ല. ജനിച്ച് വളർന്ന തറവാട് പരമ്പരയായി ഏത് വേദമണൊ സ്വീകരിച്ച് ആചരിച്ച് വരുന്നത് അതിന്റെ അടിസ്ഥാനത്തിൽ ആണു ഒരു വ്യക്തി ഏത് വേദിയാണു എന്ന് നിർണ്ണയിക്കുന്നത്. സ്വന്തം വേദം പഠിച്ച് കഴിഞ്ഞ ശേഷം അടുത്ത വേദം പഠിക്കുന്നതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്നാൽ സ്വന്തം വേദം പഠിക്കാതെ മറ്റൊരു വേദത്തെ സ്വീകരിക്കുവാൻ അയാൾക്ക് അർഹതയില്ല. ഒന്നിൽ കൂടുതൽ വേദങ്ങൾ പഠിച്ചു എങ്കിൽ കൂടിയും തന്റെ വേദത്തിനനുസരിച്ചായിരിക്കും അവരുടെ നിത്യ ചടങ്ങുകളും, മറ്റ് ആചാരങ്ങളും അനുവർത്തിച്ച് വരുന്നത്.
ഗ്രാമ വ്യവസ്ഥ.
ഒരു പറ്റം ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശം. ഇതാണു ഗ്രാമം എന്ന പദത്തിനു സാമാന്യമായി കൊടുക്കുന്ന അർത്ഥം. എന്നാൽ ഈ ഒരു സാമാന്യ സങ്കൽപ്പത്തിൽ നമ്പൂതിരി ഗ്രാമങ്ങളെ വിലയിരുത്തുവാൻ സാധിക്കുകയില്ല. ഭൂമി അല്ലെങ്കിൽ പ്രദേശം അല്ല നമ്പൂതിരി അധിവാസ ഗ്രാമങ്ങളുടെ മാനദണ്ഡം. അത് പോലെ തന്നെ ഒരു പ്രദേശത്ത് വസിക്കുന്ന ജനസംഘയും ഇവിടെ ഗ്രാമം എന്ന സംജ്ഞയിൽ ഒരു മാണദണ്ഡമല്ല. മുകളിൽ പറഞ്ഞ രണ്ട് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണെങ്കിൽ കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളും വലിപ്പത്തിലും, ജനസംഖ്യയിലും ഏതാണ്ടൊക്കെ തുല്ല്യത പാലിക്കുമായിരുന്നേനേ.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് ഒരു കുടുംബം എന്നാണല്ലോ കണക്കാക്കുന്നത്. അത് പോലെ തന്നെ നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്നത് ഒരു കുടുംബം എന്നതിലപ്പുറം ഒരു ഇല്ലം അഥവാ ഒരു തറവാട് ആണു. ഒരു ഇല്ലം അല്ലെങ്കിൽ ഒരു ഭവനം എന്നതൊരു കുടുംബത്തിന്റെ വാസസ്ഥാനമായി സാമാന്യമായി കണക്കാക്കാമെങ്കിലും ഒരു നമ്പൂതിരി ഗ്രാമത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റ് എന്ന നിലയ്ക്ക് ഒരു ഭവനത്തിനെ കണക്കാക്കുമ്പോൾ അത് കേവലം ആ ഭവനത്തിൽ വസിക്കുന്ന കുടുംബാംഗങ്ങളെ മാത്രം കണക്കാക്കിയാൽ പോര. ആ തറവാട്ടിൽ വസിക്കുന്ന കുടുംബാംഗങ്ങൾ, അവരുടെ ഭൂസ്വത്ത്. കുടുംബ ക്ഷേത്രം, സ്ഥാവര ജംഗമങ്ങൾ, ആ കുടുംബാംഗങ്ങളുടെ ക്ഷേമത്തിന്നായി നിയുക്തരായ പരിചാരകർ, അവരുടെ കുടുംബാംഗങ്ങൾ, അവരുടെ ജന്മം അംഗീകരിച്ച കുടിയാന്മാർ. ഇതൊക്കെ ഒരു ഇല്ലം എന്ന യൂനിറ്റിന്റെ പരിധിയിൽ പെടുന്ന കാര്യങ്ങൾ ആണു. കുടിയാന്മാർ ഉൾപ്പടെ ഇതിൽ വരുന്നു എന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാൽ കേരളത്തിൽ നടന്ന പല ഭൂദാന പട്ടയങ്ങളിലും ഭൂമിക്കൊപ്പം കുടിയാന്മാരേയും കൈമാറിയതായുള്ള പരാമർശങ്ങൾ കാണാൻ സാധിക്കും എന്നത് ഇതിനു ഒരു തെളിവാണു. ഓരോ ഇല്ലം എന്ന യൂനിറ്റുകളും സ്വയം പര്യാപ്തങ്ങൾ ആയ ഘടകങ്ങൾ അയിരുന്നു. ഓരോ തറവാടുകളുടേയും ദൈനംദിനമോ അല്ലാതെയോ ഉള്ള ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് ഇല്ലങ്ങളിലെ പരിചാരകരുടെ ആവശ്യം ഇല്ലായിരുന്നു. ഒരോ ഇല്ലത്തിന്റേയും നിത്യ പരിചാരകർക്ക് പുറമേ അലക്ക്, മരപ്പണി, കൽപ്പണി, ലോഹ വസ്തുക്കൾ, ക്ഷൗരം, എന്നിങ്ങിനെ സകല പ്രവർത്തികൾക്കും ആ ഇല്ലത്തിന്റെ പരിധിയിൽ തന്നെ പ്രത്യേകം നിയുക്തരായ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇവർ പ്രസ്തുത കുടുംബത്തിലെ പ്രസ്തുത തൊഴിലിന്റെ ജന്മാവകാശികൾ എന്ന അർത്ഥത്തിൽ ‘ജന്മാരികൾ’ എന്നോ ‘ജന്മം’ കൊണ്ടവർ എന്നോ (പ്രാദേശികമായി ഈ പദത്തിനു വ്യത്യാസങ്ങൾ ഉണ്ടാകാം.) ഒക്കെയുള്ള വിശേഷണത്താൽ അറിയപ്പെട്ടിരുന്നു.
ഒരു ഇല്ലം അല്ലെങ്കിൽ ഒരു തറവാടും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ചേർന്നതാണു ഒരു ഗ്രാമത്തിന്റെ ഏറ്റവും ചെറിയ ഘടകമെങ്കിൽ അടുത്ത തട്ട് ഒരു ‘ദേശം’ ആണു. മുകളിൽ പറഞ്ഞത് പ്രകാരം സ്വയം പര്യാപ്തമായ ഏറ്റവും ചുരുങ്ങിയ പക്ഷം ഏഴ് ഇല്ലങ്ങൾ എങ്കിലും ചേരുന്ന ഒരു യൂനിറ്റിനെയാണു ദേശം എന്ന് പറയുന്നത്. ഓരോ ദേശത്തിനും അതത് ദേശങ്ങളിലെ ഇല്ലങ്ങൾക്ക് കൂട്ട് ഉടമസ്ഥതയുള്ള ഒരു ക്ഷേത്രമുണ്ടാകും. അത് ദേശക്ഷേത്രം എന്ന ഗണത്തിലാണു പെടുക. ദേശത്തെ മുഴുവൻ പ്രജകളുടേയും നാഥനായിട്ട് ആ ക്ഷേത്ര ദേവനെ പരിഗണിക്കുകയും, വാരം, ഓത്തൂട്ട് തുടങ്ങിയ വിശിഷ്ട വേദഘോഷങ്ങളും ഒക്കെ നടത്തുകയും ചെയ്യുക പതിവാണു. ആ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച ഒരു ഭരണ വ്യവസ്ഥയായിരിക്കും ആ നാട്ടിലെ പൊതു ജീവിത വ്യവഹാരങ്ങളെ കൈകാര്യം ചെയ്തിരുന്നത്.
ഇനി ഇതേ ക്രമത്തിൽ ഏറ്റവും ചുരുങ്ങിയത് ഇരുപത്തിനാലു ദേശങ്ങൾ എങ്കിലും ചേരുന്ന ഒരു വലിയ യൂനിറ്റിനെയാണു ഒരു ഗ്രാമം എന്ന് പറയുന്നത്. ഓരോ ഗ്രാമത്തിനും ആ ഗ്രാമത്തിന്റെ ആകെയായി ഒരു ഗ്രാമ ക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്ര കേന്ദ്രീകൃതമായ ഒരു ഭരണ വ്യവസ്ഥയാണു ആ ഗ്രാമത്തിന്റെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഒരു അർത്ഥത്തിൽ ഓരോ ഗ്രാമങ്ങളുടേയും തലസ്ഥാനമോ ഭരണ സിരാ കേന്ദ്രമോ ആയിരുന്നു ഗ്രാമക്ഷേത്രങ്ങൾ. ഗ്രാമസഭകളും ഭരണ നിർവ്വഹണവും ഈ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണു നടന്നിരുന്നത്.
മുഴുവൻ ദേശങ്ങളിൽ നിന്നും പ്രാധിനിഥ്യമുള്ള ഒരു ഭരണ സമിതിയാണു ഈ ഗ്രാമ ഭരണം കയ്യാളിയിരുന്നത്. ബ്രഹ്മസ്വം എന്ന് പൊതുവിൽ ഈ ഭരണതലത്തെ അറിയപ്പെടുന്നു. എല്ലാ ഗ്രാമങ്ങളും പരിപൂർണ്ണമായും സ്വയം പര്യാപ്ത ഗ്രാമങ്ങൾ ആയിരുന്നു. അവരുടെ നിത്യവൃത്തിക്ക് എന്നത് പോലെ തന്നെ വൈദീകം, സ്മാർത്തം, താന്ത്രികം, മാന്ത്രികം, അദ്ധ്യയനം തുടങ്ങി ഒന്നിനും മറ്റ് ഗ്രാമങ്ങളെ അശ്രയിക്കാതെ തന്നെ നിലനിൽക്കാൻ സാധിക്കുന്ന വിധമായിരുന്നു ഓരോ ഗ്രാമങ്ങളുടേയും ഘടന. ഓരോ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന്നായി ദേവസ്വം ഭൂമികളും ഉണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന ആദായങ്ങൾക്ക് പുറമെ ഗ്രാമത്തിലെ ഇല്ലങ്ങളിൽ ഇന്ന് അവരുടെ കൃഷി ആദായത്തിന്റെ ഇത്ര ശതമാനം ക്ഷേത്രങ്ങളിലേക്ക് സമർപ്പിക്കുക എന്ന സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. ഇത് ഗ്രാമ ക്ഷേത്രങ്ങളെ സമ്പന്നമാക്കി.
മുഴുവൻ ദേശങ്ങളിൽ നിന്നും പ്രാധിനിഥ്യമുള്ള ഒരു ഭരണ സമിതിയാണു ഈ ഗ്രാമ ഭരണം കയ്യാളിയിരുന്നത്. ബ്രഹ്മസ്വം എന്ന് പൊതുവിൽ ഈ ഭരണതലത്തെ അറിയപ്പെടുന്നു. എല്ലാ ഗ്രാമങ്ങളും പരിപൂർണ്ണമായും സ്വയം പര്യാപ്ത ഗ്രാമങ്ങൾ ആയിരുന്നു. അവരുടെ നിത്യവൃത്തിക്ക് എന്നത് പോലെ തന്നെ വൈദീകം, സ്മാർത്തം, താന്ത്രികം, മാന്ത്രികം, അദ്ധ്യയനം തുടങ്ങി ഒന്നിനും മറ്റ് ഗ്രാമങ്ങളെ അശ്രയിക്കാതെ തന്നെ നിലനിൽക്കാൻ സാധിക്കുന്ന വിധമായിരുന്നു ഓരോ ഗ്രാമങ്ങളുടേയും ഘടന. ഓരോ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന്നായി ദേവസ്വം ഭൂമികളും ഉണ്ടായിരുന്നു. അവിടുന്ന് കിട്ടുന്ന ആദായങ്ങൾക്ക് പുറമെ ഗ്രാമത്തിലെ ഇല്ലങ്ങളിൽ ഇന്ന് അവരുടെ കൃഷി ആദായത്തിന്റെ ഇത്ര ശതമാനം ക്ഷേത്രങ്ങളിലേക്ക് സമർപ്പിക്കുക എന്ന സമ്പ്രദായങ്ങൾ ഉണ്ടായിരുന്നു. ഇത് ഗ്രാമ ക്ഷേത്രങ്ങളെ സമ്പന്നമാക്കി.
ഏതാണ്ട് ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള കുറച്ച് നൂറ്റാണ്ടുകളിൽ ആണു ഈ ഗ്രാമവ്യവസ്ഥിതി ഏറ്റവും പ്രബലമായി നിലനിന്നത് എന്ന് മനസിലാക്കുവാൻ സാധിക്കും. കേരളത്തിന്റെ മുഴുവൻ ഭാഗധേയവും നിർണ്ണയിക്കപ്പെട്ടത് ഇത്തരത്തിലുള്ള മുപ്പത്തിരണ്ട് മഹാക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സമ്പത്തും അധികാരവും ക്ഷേത്രങ്ങളിലേക്ക് കുമിഞ്ഞ് കൂടി. കലയുടേയും, സാംസ്കാരിക പ്രവർത്തനങ്ങളുടേയും മുഖ്യ കേന്ദ്രങ്ങളായി ഓരോ ഗ്രാമക്ഷേത്രവും. എന്തായാലും കേരള ചരിത്രത്തിന്റെ വളരെ നിർണ്ണായകമായ തന്നെയായിരുന്നു ഈ ക്ഷേത്രങ്ങൾ ഓരോന്നും.
തുടരും
തുടരും
അവലംബ കൃതികൾ
വില്ല്യം ലോഗൻ
വില്ല്യം ലോഗൻ
ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ/കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
പ്രാചീന മലയാളം./ ചട്ടമ്പി സ്വാമികൾ
കേരളോൽപ്പത്തി
ഇതിഹാസ പുരുഷൻ ആഴ്വാഞ്ചേരി തമ്പ്രാക്കൾ/ ഡോ:രാജൻ ചുങ്കത്ത്
ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
ഇന്ത്യയിൽ മറ്റ് എവിടത്തേതിനെ അപേക്ഷിച്ചും കേരളത്തിൽ വൈദീക മതത്തിന്റെ ആധിപത്യം പൂർണ്ണമായിരുന്നു എന്ന് നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാക്കുവാൻ സാധിക്കും. ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ ഭൂമിയിൽ മാത്രമല്ല ബ്രാഹ്മണർ ആധിപത്യം ഉറപ്പിച്ചത്. അതിനു പുറമെ വർഗ്ഗം, വർണ്ണം, സാമൂഹികം, ബൗദ്ധികം, വിദ്യാഭ്യാസപരം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ സമസ്ഥ മേഖലകളിലും ഏതാണ്ട് രണ്ട് സഹസ്രാബ്ദകാലത്തിനടുത്ത് മറ്റൊരാൾക്കും ഇട നൽകാതെ ഒന്നാമിടം ഉറപ്പിക്കുവാൻ ഒരു സമുദായം എന്ന നിലയ്ക്ക് നമ്പൂതിരിക്ക് സാധിച്ചിട്ടുണ്ട്. എതാണ്ട് പത്തൊമ്പതാം നൂറ്റാണ്ട് വരെ ഈ ഔന്നത്യം അനുഭവിക്കുവാൻ നമ്പൂതിരിക്ക് സാധിച്ചു. എന്ത് കൊണ്ടാണു, എങ്ങിനെയാണു ഇത് സാധിച്ചത്..? അത്ര എളുപ്പം ഉത്തരം പറയുവാൻ ഒക്കുന്ന ഒന്നല്ല ഇത്. വളരെ ആഴത്തിലുള്ള പഠനത്തിനു സാധ്യതയുള്ള ഒരു കാര്യമാണു അത്.
വേദങ്ങളും, ഉപനിഷത്തുക്കളും, സ്മൃതികളുമൊന്നുമല്ല കേരളത്തിൽ വൈദീക മതത്തെ പ്രബലമാക്കിയത്. നിസ്തുലമായ സംഘടനാ ശക്തിയുടേയും, കായികാധ്വാനത്തിന്റേയും, നിരന്തരമായ വിജ്ഞാന വിതരണത്തിന്റേയും ശക്തിയാലാണത് സാധ്യമായത്. നൂറ്റാണ്ടുകളുടെ പരിണാമ പ്രക്രിയയിലൂടെ നമ്പൂതിരിമാർ ഇവിടത്തെ മണ്ണിലും, ഇതര വിഭാഗങ്ങൾക്കിടയിലും ആധിപത്യം നേടിയെടുത്തു. കായിക വൃത്തിയേയും, അധ്വാന പരതയേയും കുറിച്ച് വേദങ്ങളിൽ കാണുന്ന ആയിരക്കണക്കിനു സൂക്തങ്ങൾ വ്യക്തമാക്കുന്നത് കാർഷികവൃത്തിയിലും, കായിക അധ്വാനത്തിലും ബ്രാഹ്മണർ വച്ച് പുലർത്തിയിരുന്ന നിഷ്ക്കർഷ തന്നെയാണു. പരശുരാമ കഥ ഈ അധ്വാനപരതയെ പ്രതീകവത്കരിച്ചതും ആകാം. പിൽക്കാലത്ത് തൊഴിലധിഷ്ടിതമായ വിഭജനം ജാതിവ്യവസ്ഥയിലേക്ക് പരിണമിക്കുകയും ബ്രാഹ്മണർ വൈദീകവൃത്തിയിൽ മാത്രം വ്യാപൃതരാവുകയും ചെയ്യുവാൻ തുടങ്ങുന്നത് വരെ ഈ അധ്വാന തൽപ്പരത അവർ കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അനുമാനിക്കാം. പിൽക്കാലത്ത് ഇതര വിഭാഗങ്ങളുടെ അധ്വാനത്തിന്റെ ഫലഭോക്താക്കളായി നിരവധിയായ കാർഷിക വിജ്ഞാന ഭണ്ഡാരമായ വേദങ്ങളുടെ പ്രയോക്താക്കൾ മാറി എന്നത് ഒരു വിരോധാഭാസവും ആയി പരിഗണിക്കേണ്ടി വരും.
ചാതുർവർണ്യം കേരളത്തിൽ.
തൊഴിലിനെ അടിസ്ഥാനമാക്കിയ വർണ്ണ വ്യവസ്ഥ വൈദീകമതത്തിന്റെ ആണിക്കല്ലുകൾ ആയിരുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന വർഗ്ഗ വിഭജനം ആ വർണ്ണവ്യവസ്ഥയുടെ തുടർച്ചയായി സംഭവിച്ചത് ആണു. അതിൽ നിന്നും വികാസം പ്രാപിച്ച ഉപ ഉൽപ്പന്നമാണു ജാതിവ്യവസ്ഥ. എന്നാൽ ചാതുർവർണ്യം എന്ന വൈദീക മതത്തിന്റെ വർഗ്ഗവിഭജനത്തെ ഭാരതത്തിന്റെ ഇതര ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഉയർന്ന് വന്ന സമ്പ്രദായം അടിസ്ഥാനപരമായിത്തന്നെ വിഭിന്നമായിരുന്നു എന്ന് കാണാം. വൈദീക മതത്തിന്റെ പ്രയോക്താക്കൾ ആയ ബ്രാഹ്മണർ ഇവിടെ കുടിയേറിയെങ്കിലും, കേരളത്തിലെ ഇതര ജാതി വിഭാഗങ്ങൾ ചാതുർവർണ്യശ്രേണിയിലെ മറ്റ് മൂന്ന് തട്ടുകൾ ആയിരുന്നു എന്ന് സ്ഥാപിക്കാൻ തക്ക തെളിവുകൾ ഇല്ല. അതായത് കേരളത്തിലെ ഇതര ജാതി വിഭാഗങ്ങളിൽ വലിയൊരു ശതമണവും ബ്രാഹ്മണർക്ക് മുൻപോ ശേഷമോ ഇവിടെ കുടിയേറിയവർ ആണു. ബാക്കിയുള്ളവരാകട്ടെ മഹാശിലായുഗ കാലത്ത് തന്നെ ഇവിടെ അധിവസിച്ചിരുന്നവരുടെ പിന്മുറക്കാരും ആയിരുന്നു. അതായത് ബ്രാഹ്മണർ കേരളത്തിലെത്തിയ ശേഷം, ഇവിടെ വൈദീകമതത്തിന്റെ വ്യാപനത്തിന്റെ തുടർച്ചയായി ഇവിടെ ഉള്ള ഇതര വിഭാഗങ്ങളെ ചാതുർവർണ്യം എന്ന വൈദീക മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഉൾക്കൊള്ളിക്കുകയാണു ഉണ്ടായത് എന്ന് വേണം മനസിലാക്കുവാൻ. അത് പക്ഷേ സംഘടിതമായി ബോധപൂർവ്വം ചെയ്ത ഒരു പ്രവർത്തിയാകണമെന്നില്ല. കാലക്രമത്തിൽ അന്നത്തെ സാമൂഹിക ചുറ്റുപാടിൽ വന്ന് ഭവിച്ച സ്വാഭാവിക പ്രക്രിയയാകുവാനേ തരമുള്ളൂ. കേരള ഗസറ്റിയറിന്റെ രചയിതാവ് അഡൂർ കെ.കെ രാമചന്ദ്രൻ നായർ ഇക്കാര്യം നിരീക്ഷിച്ചത് ഇപ്രകാരമാണു. “ഉത്തരേന്ത്യയിലേത് മാതിരി ജാതി സമ്പ്രദായത്തെ ചാതുർ വർണ്യത്തിൽ ഉൾപ്പെടുത്തുവാൻ ഇവിടെ ബ്രാഹ്മണർക്ക് സാധിച്ചിട്ടില്ല. ജാതി സമ്പ്രദായത്തിൽ തന്നെ മൊത്തം ആശയക്കുഴപ്പം വരുത്തും വിധം പല ഉപ വിഭാഗങ്ങളായി അവ പരിണമിക്കുകയാണു ഉണ്ടായത് “.
ബ്രാഹ്മണർ ഇവിടെ ഉണ്ടാക്കുയെടുത്ത പദവിക്ക് അനുസൃതമായി കാലക്രമേണ സ്വയമേവ ഉരുത്തിരിഞ്ഞതാണു കേരളത്തിലെ ജാതിവ്യവസ്ഥ എന്ന് പി.കെ ബാലകൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലാണു ജാതികളും, ഉപജാതികളും ഉരുത്തിരിഞ്ഞത് എങ്കിലും, ബ്രാഹ്മണരോട് ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിച്ചു. അതായത് നമ്പൂതിരിമാർക്ക് വേണ്ടി ചെയ്യുന്ന ദാസ്യവൃത്തിയുടെ ഏറ്റക്കുറച്ചിലുകൾ ആണു സമൂഹത്തിലെ പദവികളും, ജാതികളുടെ ഉച്ച നീചത്വങ്ങളും നിർണ്ണയിച്ചത്. നമ്പൂതിരിമാരല്ലാത്ത ഇതര ബ്രാഹ്മണർക്ക് പോലും ഈ പറഞ്ഞ ചാതുർവർണ്യത്തിന്റെ കേരള മാതൃകയിൽ മേൽത്തട്ട് പരിഗണന ലഭിച്ചിരുന്നില്ല എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണു. അതായത് തമിഴ്, തുളു, ഹവ്യഗ ബ്രാഹ്മണരെ പോലും നമ്പൂതിരി രണ്ടാംകിട പൗരന്മാരായാണു പരിഗണിച്ചിരുന്നത്. ചാതുർവർണ്യ ഘടനയിൽ മേൽത്തട്ട്കാരായി നിലനിൽക്കുമ്പോഴും ഇവർക്ക് നമ്പൂതിരിക്കൊപ്പം പന്തിഭോജനം ചെയ്യാൻ അനുവാദമില്ലാത്ത അത്രയും ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു കേരളത്തിലെ ജാതി സമ്പ്രദായം എന്ന് ചുരുക്കം.
വൈദീക മതത്തിന്റെ വ്യാപനം, കല സാംസ്കാരിക രംഗങ്ങളിലെ വളർച്ച
വൈദീകമതം യാഗങ്ങൾക്കും യജ്ഞങ്ങൾക്കും ആണ് മുന്തിയ പ്രാധാന്യം കോടുത്തിരുന്നത് എങ്കിലും അധികം വൈകാതെ തന്നെ ക്ഷേത്ര കേന്ദ്രീകൃത ആരാധനാ ചിട്ടകളിലേക്ക് വഴിമാറി. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വേദ പാഠശാലകളും, വേദ മത്സരങ്ങളും വ്യാപകമായി. വേദങ്ങളുടെ തുടർച്ചയോ അല്ലെങ്കിൽ സ്വതന്ത്ര ശാഖയോ ആയ തന്ത്രശാസ്ത്രം തികച്ചും കേരളീയമായ പദ്ധതികളിൽ പുനരാവിഷ്ക്കരിക്കപ്പെട്ടു. കേരളീയ തന്ത്രമെന്ന ആ ആരാധനാ പദ്ധതിയിലൂടെ കേരളത്തിലെമ്പാടും വ്യതിരിക്തമായ വാസ്തുഘടനയോട് കൂടിയ ക്ഷേത്ര സമുചയങ്ങൾ ഉയർന്നു വന്നു. അക്കാലമത്രയും വനദേവതാരാധനകളും, വീരാരാധനകളും മാത്രം നടത്തിയിരുന്ന ഇതര സമുദായങ്ങളും ഈ പുതിയ ആരാധനാക്രമങ്ങളിൽ ആകൃഷ്ടരായി. എന്നാൽ ചാതുർവർണ്യം ഇവിടെയും മതിൽക്കെട്ടുകൾ സൃഷ്ടിച്ചു. പക്ഷെ അപ്പോഴും ആ മതിക്കെട്ടുകൾക്കപ്പുറം നിന്നും അതിനകത്തെ ചലനങ്ങൾക്കനുസൃതമായി ആ വ്യവ്സ്ഥകൾ ചലിച്ചു. വൈദിക മതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അവ നിർണ്ണയിക്കപ്പെട്ട് കൊണ്ടിരുന്നു.
സംസ്കൃതത്തെ മുഖ്യഭാഷയാക്കിയ വൈദീകമതം കലാ സാംസ്കാരിക രംഗത്ത് നല്കിയ സംഭാവനകളും നിരവധിയാണു. കൂടിയാട്ടം, പുരാണ കഥാകഥനം പോലുള്ള ക്ഷേത്ര കലകൾ ഇവിടെ പ്രാബല്ല്യം നേടി. കൂടിയാട്ടത്തിൽ നിന്ന് ഉരുത്ത് വന്ന വിദൂഷക കൂത്ത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടി. തോല കവിയെപ്പോലുള്ളവരുടെ പരീക്ഷണങ്ങൾ കൂത്തിനെ കൂടുതൽ രസാവഹമാക്കി. വൈദീക മതസ്ഥരുമായുള്ള സമ്പർക്കം നിമിത്തം സംസ്കൃത ഭാഷ പ്രാദേശിക ഭാഷകളിൽ സ്വാധീനം ചെലുത്തിത്തുടങ്ങി. ഇതിന്റെ തുടർച്ചയായാണു മലയാളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകൾ മൂല ശൈലികളിൽ നിന്ന് മാറി സംസ്കൃത സങ്കര ഭാഷകളായി വികാസം പ്രാപിക്കുന്നത്. ഒഴികി വരുന്ന നദി കടലിലേക്ക് എന്നത് പോലെ, ഭിന്ന വർഗ്ഗക്കാരായ ജനങ്ങൾ ഇടകലർന്നപ്പോൾ അവരുടെ ഭാഷാ സംസ്കാരങ്ങളും ഇടകലർന്നു എന്ന് കേരള പാണിനീയത്തിൽ എ.ആർ രാജരാജ വർമ്മ അഭിപ്രായപ്പെടുന്നുണ്ട്. മണിപ്രവാളം എന്ന സാഹിത്യ ശാഖ ഈ മിശ്രഭാഷാ സാഹിത്യത്തിന്റെ സൃഷ്ടിയാണു.
സ്വത്തുടമാ സമ്പ്രദായം
ബ്രാഹ്മണ കേന്ദ്രീകൃത ഗ്രാമവ്യവസ്ഥയുടെ തുടർച്ചയായാണു ഭൂമി ഒരു സ്വത്ത് എന്ന നിലയിലേക്ക് മാറുന്നത്. ഭൂമി കേവലം ഒരു പ്രദേശം മാത്രമാണെന്ന് വന്യ ഗോത്ര രീതിയിൽ നിന്ന് മാറി സ്ഥിരമായ കൃഷിഭൂമികൾ എന്ന രീതിയിലേക്ക് പരിവർത്തനപ്പെട്ടത് നമ്പൂതിരി കുടിയേറ്റത്തിന്റെ തുടർച്ചയാണു. ഈ സമ്പ്രദായത്തിന്റെ തുടക്കക്കാരെന്ന നിലയ്ക്ക് പ്രായേണ അത് നമ്പൂതിരിമാരുടെ ജന്മസ്വത്തായി പരിണമിച്ചു. ഈ സ്വത്തുടമസ്ഥത രാഷ്ട്രീയ ഭരണാധികാരത്തോട് യാതൊരു പരാമർശവും ഇല്ലാത്ത സമ്പൂർണ്ണ സ്വത്തുടമസ്ഥതയായി മാറി. ഇതിന്റെ തുടർച്ചയായി കേരളത്തിലെ ഏതാണ്ട് മുഴുവനും ഭൂമിയുടേയും ഉടമസ്ഥത നമ്പൂതിരി എന്നൊരു സമൂഹത്തിന്റെ കൈകളിലൊതുങ്ങി. ജന്മി കുടിയാൻ വ്യവസ്ഥ ഇതിന്റെ തുടർച്ചയായി സംഭവിച്ച ഒരു സാമൂഹിക വ്യവസ്ഥിതിയാണു.
കേരളത്തിലേക്ക് കുടിയേറിയ കാലത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ മാതിരി ഒരു കൂട്ടായ ആവാസ വ്യവസ്ഥിതിയല്ല നമ്പൂതിരിമാർ തെരഞ്ഞെടുത്തത് എന്ന് മുൻ അദ്ധ്യായത്തിൽ ചർച്ച ചെയ്താണു. ഒരു പക്ഷേ അങ്ങിനെ ഒരു വൻ സംഘമായുള്ള കുടിപാർപ്പ് സമ്പ്രദായം ആയിരുന്നു നമ്പൂതിരിമാർ കേരളത്തിൽ നടപ്പാക്കിയിരുന്നത് എങ്കിൽ കേരളത്തിലെ സ്വത്തുടമാ സമ്പ്രദായം ഇന്ന് കാണുന്ന രീതിയിൽ ആയിരിക്കില്ല വികസിക്കുക. വ്യക്തി കേന്ദ്രീകൃത, അല്ലെങ്കിൽ കുടുംബ കേന്ദ്രീകൃത സ്വത്തുടമാ സമ്പ്രദായത്തിനു പകരം കൂട്ടുടമസ്ഥതാ സമ്പ്രദായത്തിലുള്ള കൃഷി സമ്പ്രദായമായിരുന്നേനെ കേരളത്തിൽ ഉരുത്തിരിയുക. ഇനി ഒരു പക്ഷേ ആദ്യകാലത്ത് കൂട്ടുടമസ്ഥതയിൽ ആരംഭിച്ച് പിൽക്കാലത്ത് വേർപിരിഞ്ഞത് ആകാം എന്ന് കരുതിയാൽ ആ വാദത്തിനും നിലനിൽപ്പ് ഇല്ല. കാരണം അങ്ങിനെ ഒരിക്കൽ കൂട്ടുടമസ്ഥതയിൽ ആയിരുന്ന ഭൂസ്വത്ത് ഭാഗം പിരിയുമ്പോൾ എല്ലാവർക്കും തത്തുല്ല്യമായി വീതിക്കാനേ സാധ്യത ഉള്ളൂ. എന്നാൽ കേരളത്തിൽ നമ്പൂതിരി ജന്മത്തിന്റെ കണക്ക് പരിശോധിച്ചാൽ ഒരിടത്തും തുല്ല്യത കാണുവാൻ സാധിക്കില്ല. തുല്ല്യ ഭാഗമായിരുന്നുവെങ്കിൽ ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ വലിയ ജന്മിമാരും, ചെറുകിട ജന്മിമാരും എന്ന വിഭജനം നമ്പൂതിരിമാർക്കിടയിൽ ഉണ്ടാകുമായിരുന്നില്ല. സ്വത്തിന്റെ അളവനുസരിച്ച് ആഢ്യനും, ആസ്യനും എന്ന രണ്ട് തട്ട് ആയുള്ള വർഗ്ഗ വിഭജനം നമ്പൂതിരിമാർക്കിടയിൽ തന്നെ ഉണ്ടാകുമായിരുന്നില്ല. സ്വത്തിനു പുറമെ വേറെയും ചില മാനദണ്ഡങ്ങൾ ഇതിൽ ഉണ്ടെങ്കിലും ആഢ്യൻ/ആസ്യൻ വിഭജനത്തിൽ ഉണ്ട് എങ്കിലും വലിയൊരളവോളം സ്വത്ത് ഇതിന്റെ ഒരു മുഖ്യ ഘടകം തന്നെയായിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണു. എന്തായാലും സാമൂഹിക പരിണാമത്തിന്റെ പൊതു രീതി വച്ച് നോക്കുമ്പോൾ തികച്ചും അസ്വാഭാവികമായ ഒരു സ്വത്തുടമസ്ഥതയും, അത് സൃഷ്ടിച്ചതെങ്കിലും അതിലേറെ അസ്വാഭാവികമായ രാഷ്ട്രീയ സംവിധാനവുമാണു ഇവിടെ നിലനിന്നത് എന്ന് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാൽ ബോദ്ധ്യം വരും.
തുടരും
അവലംബ കൃതികൾ
ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ/ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്.
ജാതിവ്യവസ്ഥയും കേരള ചരിത്രവും/പി.കെ ബാലകൃഷ്ണൻ
സമ്പൂർണ്ണ മലയാള സാഹിത്യ ചരിത്രം/ ഒന്നാം ഭാഗം/ സാംസ്കാരിക പശ്ചാത്തലം/ഡോ:എംജി.എസ് നാരായണൻ
കേരള ചരിത്ര ശിൽപ്പികൾ/ എ.ശ്രീധര മേനോൻ
കേരള പാണിനീയം-പീഠിക/ എ.ആർ.രാജരാജ വർമ്മ.