2019, ജൂലൈ 29, തിങ്കളാഴ്‌ച

ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി...... ചിലന്തിയമ്പലം





ഒരു ക്ഷേത്രം പ്രതിഷ്ഠ ചിലന്തി......
ചിലന്തിയമ്പലം

ഭാരതത്തിൽ ദുർഗ്ഗാ സങ്കൽപ്പത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്.
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് "ചിലന്തിയമ്പലം" എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ഭഗവതീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും ആശ്ചര്യചൂഢാമണിയുടെ
കർത്താവും ചെന്നീർക്കര സ്വരൂപത്തിന്റ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ്.കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ
പ്രതിഷ്ഠിച്ചിരുന്നതാണ് ഈ വിഗ്രഹം.
നമ്പൂതിരിമാരുമായുള്ളഅവകാശതർകത്തെതുടർന്ന് തന്റെ അവകാശമായ് ലഭിച്ച മഹാവിഷ്ണു, ദുർഗ്ഗാദേവി, ഗണപതി എന്നീ ദേവ വിഗ്രഹങ്ങളിൽ ദുർഗ്ഗാഭഗവതിയെ ശക്തിഭദ്രൻ കൊടുമണ് പള്ളിയറയിലും
മഹാവിഷ്ണുവിനെ വൈകുണ്ഠ്പുരത്തും പ്രതിഷ്ഠിച്ചു.
ശക്തിഭദ്രനും ചെന്നീർക്കര സ്വരൂപവും
ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത്.
ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ 966 ൽ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും പറയപ്പെടുന്നു. (കുടുംബ സ്വത്തുക്കൾ ഉൾപ്പെടെ). പഴയ മലയാണ്മ ലിപിയിൽ എഴുതി രേഖപ്പെടുത്തിയിട്ടുള്ള ദത്തോലക്കരണം (എഴുത്തോല) ഇന്നും മഠത്തിൽ സൂക്ഷിച്ചിട്ടുള്ളതായി കാണാവുന്നതാണ്. ശക്തിഭദ്രനും ചിലന്തി അമ്പലവും ശക്തിഭദ്ര കുടുംബത്തിന്റെ ആസ്ഥാനം. കൊടുമൺ പള്ളിയറ ദേവീക്ഷത്രത്തിന് സമീപമുള്ള കോയിക്കൽ കൊട്ടാരം ആയിരുന്നു.
ക്ഷേത്ര സ്പർശികളായ കല്പിത കഥകൾ പരിശോധിച്ചാൽ അവയിൽ ചിലത് ചരിത്രസംഭവങ്ങളുമായി അടുത്ത് കിടക്കുന്നതായി കാണാൻ കഴിയും. പുരാതനകാല ജനതയുടെ ആചാരാനുഷ്ഠാനങ്ങളും അവരുടെ ജീവിതചര്യകളും മനസ്സിലാക്കുവാൻ ചില ലിഖിതങ്ങളും വാസ്തു ശില്പങ്ങളും ഗ്രന്ഥസമുച്ഛയങ്ങളും സ്ഥലത്തെ മറ്റു പുരാവസ്തുക്കളും പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഉജ്ജ്വങ്ങളായ എത്രയോ ആവിഷ്കാരങ്ങൾ ഉടലെടുത്തത് ക്ഷേത്രസങ്കേതങ്ങളിൽ വച്ചാണ്. അതിൽ മേൽപ്പത്തൂരും, പൂന്താനവും, കാളിദാസനും തുടങ്ങിയ നിരവധി സാഹിത്യ കലാകാരന്മാരുടെ വിജ്ഞാനരശ്മികൾ വിതറിയ സന്ദർഭങ്ങൾ ക്ഷേത്രങ്ങളായിരുന്നു എന്നു പറയപ്പെടുന്നു. അതുപോലെതന്നെ ശക്തിഭദ്രമഹാകവിക്ക് തന്റെ കാവ്യമായ ആശ്ചര്യചൂഢാമണി രചിക്കാനിടയായ വിജ്ഞാന ഉദയം ലഭിച്ചത് പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം) ആയിരുന്നു എന്ന് പറയപ്പെടുന്നു.
ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗ്ഗാക്ഷേത്രത്തിൽ ലയിച്ചു ചേർന്നു ജഗദംബയിൽ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതൽ ക്ഷേത്രത്തിന് "ചിലന്തിയമ്പലം" എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന്.
വൈദ്യശാസ്ത്രത്തിനെപോലും വിസ്മയം കൊള്ളിക്കുന്ന ഇൗ ചികിത്സാ സമ്പ്രദായത്തിനു പിന്നിലെ രഹസ്യത്തിന്റെ ചുരുളുകൾ ഇന്നും അഞ്ജാതമായി തുടരുന്നു.
ഇവിടുത്തെ ഔഷധ ഗുണമുള്ള കിണറ്റിലെ ജലവും വിശേഷമാണ്. ഒരാഴ്ചകൊണ്ട് അസുഖം വിട്ടുമാറുമെന്നാണ് വിശ്വാസം. അതെത്ര വിഷം നിറഞ്ഞചിലന്തിതന്നെയായാലും. ഇത്തരത്തിൽ ഇവിടെയെത്തി സുഖം പ്രാപിച്ചവർ ധാരാളമുണ്ട്.വൃശ്ചികമാസത്തിലെ കാർത്തിക ദിവസമാണ് അമ്മയുടെതിരുന്നാൾ. വിഷു പൊങ്കാലയാണ് മറ്റൊരു പ്രധാന വഴിപാട്. മകരമാസത്തിലെ വെളുത്ത വാവ് ദിവസം കൊണ്ടാടുന്ന ചന്ദ്രപൊങ്കാലയും ദേവിക്ക് ശ്രേഷ്ഠമായ വഴിപാടാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ഇന്നീ ക്ഷേത്രം.
ചെന്നീര്‍ക്കര തമ്പുരാക്കന്മാരില്‍ രവീന്ദ്രവിക്രമന്‍ പ്രശസ്തനായ വിഷചികിത്സകനായിരുന്നു. അപൂര്‍വങ്ങളായ അങ്ങാടിമരുന്നുകളുടെ ശേഖരംതന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. രവീന്ദ്രവിക്രമന് മൂന്ന് പെണ്‍മക്കളായിരുന്നു. തന്റെ കാലശേഷം ചികിത്സതുടര്‍ന്നു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാന്‍ വലിയ കിടങ്ങു കുഴിച്ച് തന്റെ സമ്പാദ്യമായ മുഴുവന്‍ അങ്ങാടി മരുന്നും അതിലിട്ടു മൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴിച്ച ഈ കിടങ്ങില്‍നിന്നു വരുന്ന ഔഷധജലമാണ് ക്ഷേത്രകിണറ്റല്‍ എത്തിച്ചേരുന്നത് എന്നാണ് വിശ്വാസം. ക്ഷേത്ര കിണറിനെ ഔഷധ ഗുണമുള്ളതായി കല്‍പ്പിക്കാനും കാരണം ഇതുതന്നെ. തമ്പുരാന്റെ കാലശേഷം മക്കളില്‍ മൂത്തവള്‍ വസൂരി ബാധിച്ച് മരിച്ചു. രണ്ടാമത്തവള്‍ ജേഷ്ഠത്തി മരിച്ച നിരാശയില്‍ ആത്മഹത്യചെയ്തു. മൂന്നാമത്തേ ആള്‍ കൊട്ടാരത്തിന്റെ അറയില്‍ കയറി തപസ് അനുഷ്ഠിച്ചു. ഇതോടെ ചെന്നീര്‍ക്കര രാജവംശവും ഇല്ലാതെയായി. കാലശേഷം പറഞ്ഞ് എഴുതി വെച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കവഞ്ഞിപ്പുഴ മഠത്തിനായി.
നാളുകള്‍ക്കു ശേഷം അവിടെനിന്നു ആളുകളെത്തി അറതുറന്നു നോക്കുമ്പോള്‍ ചിലന്തികളെകൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് കണ്ടത്. അങ്ങനെ ആ തമ്പുരാട്ടി ചിലന്തിയമ്മയായി. ദേവസ്ഥാനം കല്‍പിച്ചു നല്‍കിയതോടെ കൊട്ടാരത്തിന്റെ നിലവറയില്‍ ചിലന്തിതമ്പുരാട്ടിക്കും കിണറ്റുകല്ലില്‍ മൂത്തതമ്പുരാട്ടിക്കും നിവേദ്യം നല്‍കി വരുന്നു. കാലക്രമത്തില്‍ തമ്പുരാട്ടിയെ വിധിപ്രകാരം പള്ളിയറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.