പുനത്തുംപടിക്കല്‍ അയ്യപ്പന്‍, ഭഗവതി,ക്ഷേത്രം
പുനത്തുംപടിക്കല്‍ അയ്യപ്പന്‍, ഭഗവതി,ക്ഷേത്രം
===========================================
പുനത്തുന്നവല്‍ എന്ന സ്ഥാനിയുടെ കീഴിലുള്ള ഒരു ക്ഷേത്രമായിരുന്നു പുനത്തുംപടിക്കല്‍. ഈയിടെ നടന്ന സ്വര്‍ണ്ണപ്രശ്‌നത്തില്‍ ഇവിടെയുള്ള കുളത്തിന് 1500 കൊല്ലത്തെ പഴക്കമുണ്ടെന്നും അക്കാലത്ത് ഇവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രവും ശ്രീകൃഷ്‌ണക്ഷേത്രവും ഉണ്ടായിരുന്നെന്നും കണ്ടു. 700കൊല്ലം മുമ്പ് സ്ഥാനികുടുംബം സ്ഥാപിച്ചതാണെത്രെ ഇപ്പോഴത്തെ ക്ഷേത്രങ്ങള്‍. അയ്യപ്പന്‍, ഭഗവതി, പരദേവത എന്നീ തുല്ല്യപ്രാധാന്യമുള്ള മൂര്‍ത്തികളും നാഗവുമാണ് ഇവിടെയുള്ളത്. ഈ അയ്യപ്പന്‍ ബ്രഹ്മചാരിയല്ല. സ്വയംപ്രഭ എന്ന ഭാര്യയോടും മകനോടും കൂടിയുള്ള ശാസ്‌താവാണ്. സ്ഥാനിയുടെ കീഴില്‍ നന്നായി നടന്ന ഈ ക്ഷേത്രം ഭൂനിയമം മൂലം വരവില്ലാതെ കുറെക്കാലം അടഞ്ഞുകിടന്നു. മുപ്പത്തിയഞ്ച് കൊല്ലംമുമ്പ് കുടുംബാംഗങ്ങളും നാട്ടുകാരും അടങ്ങുന്ന ഒരു കമ്മറ്റി ഏറ്റെടുത്തതോടെയാണ് ഇതിന്റെ ദുര്‍ദശ അവസാനിച്ചത്.
കുളത്തിലെ ഏട്ടക്ക് അരി കൊടുക്കുക എന്നത് ഇവിടുത്തെ ഒരു പ്രധാന വഴിപാടായിരുന്നു. മഞ്ഞയില്‍ കറുത്ത പുള്ളികളോടുകൂടിയ ഒരു മത്സ്യമായിരുന്നു ഏട്ട. ഒരു പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കി അരി വിതറിക്കൊടുത്താല്‍ നൂറുകണക്കിന് ഏട്ടമത്സ്യങ്ങള്‍ തിക്കിതിരക്കി കരയില്‍ ചാടിവീഴുന്നത് കൗതുകകരമായ ഒരു കാഴ്‌ചയായിരുന്നു. അമ്പലം അടഞ്ഞുകിടന്ന കാലത്ത് ചിലര്‍ ചളിയെടുക്കാന്‍ കുളം വറ്റിച്ചെപ്പോള്‍ ഈ മത്സ്യക്കൂട്ടം അപ്പാടെ നശിച്ചുപോയി. കുന്നത്തറ, ഉള്ള്യേരി എന്നിവിടങ്ങളില്‍ നിന്നൊക്കെ പണ്ടുകാലത്ത് ആരാധനക്കായി ആളുകള്‍ ഇവിടെ എത്തുമായിരുന്നു. നായകടിച്ചാല്‍ പാളയും കയറും നടയില്‍ വെക്കുക എന്ന ഒരു വഴിപാടുണ്ടായിരുന്നു. കഴുത്തും തലയും എടുത്തുവെക്കുക എന്ന വഴിപാട് ഇന്നുമുണ്ട്. ശരീരാവയവങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ബാധിക്കുന്നവര്‍ ക്ഷേത്രത്തിലെത്തി അവിടെയുള്ള വെള്ളിയില്‍ തീര്‍ത്ത ശരീരഭാഗങ്ങള്‍ തലയ്‌ക്കുഴിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം.
മുമ്പ് ക്ഷേത്രമേല്‍പ്പുര മാടോട്, കൂരോട് എന്നിങ്ങനെയുള്ള ചെറുതരം ഓടുകൊണ്ടായിരുന്നു മേഞ്ഞിരുന്നത്. 1941ല്‍ ചേലിയ വീര്യങ്കരയില്‍ നിന്നാണ് ഭഗവതിക്ഷേത്രം പുതുക്കിപണിയാന്‍ തേക്കുമുറിച്ചുകൊണ്ടുവന്നത്. 1975ല്‍ പരദേവതാ ക്ഷേത്രവും പുതുക്കിപ്പണിതു. ക്ഷേത്രങ്ങള്‍ക്കുമുമ്പില്‍ മുകളിലായി ഛായാചിത്രങ്ങളും, മരം, കളിമണ്ണ് എന്നിവകൊണ്ടുണ്ടാക്കിയ വിവിധകലാരൂപങ്ങളും ഉണ്ട്.
ആവിക്കരപ്പണിക്കരുടെ ചോറ് എന്ന പ്രസിദ്ധമായ പ്രസാദ ഊട്ട് പണ്ടിവിടെ നടന്നിരുന്നു. ഇതിന്റെ അവശിഷ്ടമെന്നനിലയ്‌ക്ക് ആറടി നീളമുള്ള ഒരു കൂറ്റന്‍ അമ്മിയും കരിങ്കല്‍ കൊട്ടത്തളവും കിണറും ഇവിടെ കാണാം. അക്കാലത്ത് വൃശ്ചികമാസം മുഴുവന്‍ മണ്ഡലവിളക്കും തുലാത്തില്‍ നട്ടത്തിറയും നടത്താറുണ്ടായിരുന്നു. നാഗകാളി, നാഗരാജാവ്, നാഗയക്ഷി എന്നീ ത്രീമൂര്‍ത്തി സങ്കല്‍പ്പമാണ് ഇവിടുത്തെ നാഗപ്രതിഷ്ട. സന്താന സൗഭാഗ്യത്തിന് ഇവിടെ സര്‍പ്പബലി നടത്തുന്നത് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുംഭം 18നാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. ഭഗവതിത്തിറ, നട്ടത്തിറ, പരദേവതത്തിറ, എന്നിവയാണുള്ളത്. മണ്ണാന്റെപൂതം, പാണരുടെ പിഞ്ഞാണക്കളി, പുലയരുടെകുതിരക്കോലം, തണ്ടാന്‍മാരുടെ പൂക്കലശം എന്നിവയൊക്കെ പണ്ടുകാലത്ത് ഉത്സവത്തിനെ മോടിപിടിപ്പിച്ചിരുന്നു. വലിയ പൂവെടിയും ഇവിടെയുണ്ടായിരുന്നു. അപൂര്‍വ്വമായചില അനുഷ്ടാനകലകള്‍ ഈക്ഷേത്രത്തില്‍ ആചരിച്ചുവരുന്നുണ്ട്. ഉത്സവദിവസം രാത്രി അയ്യപ്പന്റെ കഥ തീയാട്ട് എന്ന പേരില്‍ അഭിനയിക്കപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന വിളക്കെഴുന്നള്ളിപ്പില്‍ മുറ്റത്തുവെച്ച് തീയ്യാട്ട് നമ്പി, തെയ്യമ്പാടി കുറുപ്പ്, കാറോലപ്പണിക്കര്‍, എന്നിവരുടെ അതി മനോഹരമായ കൂട്ടുനൃത്തവുമുണ്ടാകും. അതിനുശേഷം തീയ്യാട്ട് നമ്പി കളം മായ്‌ക്കല്‍ നടത്തും. ചില വര്‍ഷങ്ങളില്‍ അയ്യപ്പനു പുറമെ പരദേവതക്കും ഭഗവതിക്കും കൂടി കളമെഴുത്ത് പാട്ടുണ്ടാകും. പനത്തില്‍ പറമ്പിലെ പുലിദൈവത്തുനു മുമ്പില്‍ പുലര്‍ച്ചെ നടക്കുന്ന പുലിത്തിറയോടു കൂടിയാണ് ഉത്സവം സമാപിക്കുന്നത്.
ശാസ്‌താവ്, ഭഗവതി, പരദേവത എന്നീ മൂര്‍ത്തികള്‍ക്കു വേണ്ടി അനുഷ്ടിക്കുന്ന കലകളാണ് കളമെഴുത്തും തീയാട്ടും എന്ന് പറഞ്ഞുവല്ലോ. കളമെഴുത്ത് പാട്ട്, കോമരത്തിന്റെ നര്‍ത്തനം എന്നീ ഇനങ്ങളാണ് പാട്ടുത്സവത്തിന്റെ മുഖ്യ ഭാഗങ്ങള്‍. ക്ഷേത്രത്തിലെ പാട്ടുപുരയിലോ ശ്രീകോവിലിനുമുമ്പില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്തോ വെച്ചാണ് ഇത് നടത്തുക. ഉച്ചപൂജക്കോ, അത്താഴപൂജക്കോ ശേഷമായിരിക്കും പാട്ടുണ്ടാവുക. ഇതിന് ഉച്ചപ്പാട്ട് എന്നാണ് പറയുന്നത്. ഭഗവതിക്ക് തെയ്യമ്പാടിക്കുറുപ്പും, വേട്ടക്കൊരുമകന് കാറകുലനായരും(പണിക്കര്‍), അയ്യപ്പന് തീയ്യാട്ട്‌നമ്പിയും കളമെഴുത്ത് നടത്തുന്നു. ആദ്യം പാട്ടുപുരയില്‍ വിളക്ക്, നിറനാഴി, നാളികേരം, എന്നിവ വെച്ച് ഒരു പീഠത്തില്‍ പട്ടുവിരിച്ച് ശ്രീകോവിലില്‍ നിന്ന് വാള്‍ എഴുന്നള്ളിച്ച് കൊണ്ടുവരുന്നു. പിന്നീട് ശാന്തിക്കാരന്‍ പീഠപൂജ കഴിച്ച ശേഷമാണ് അനുഷ്‌ഠാനക്കാരന്‍ പാടുന്നത്. ഓരോ ദേവനും, സമയത്തിനും അനുസരിച്ച് പാട്ടില്‍ വ്യത്യാസമുണ്ടാകും.
പാട്ടുത്സവത്തിന് കുറയിടല്‍ എന്ന ചടങ്ങ് പ്രധാനമാണ്. പട്ടും വെള്ള വസ്‌ത്രവും കൊണ്ട് പന്തലിന്റെ മേല്‍ത്തട്ട് അലങ്കരിക്കലാണ് കുറയിടല്‍. മേല്‍ത്തട്ട് കയര്‍ പാവി ചുറ്റും കുരുത്തോല, പൂക്കള്‍, മാവില, വെറ്റില മുതലായവ കൊണ്ട് അലങ്കരിക്കും. കളമെഴുത്ത് പാട്ടിന്റെ എല്ലാ ചടങ്ങുകഴും കഴിഞ്ഞെ വിതാനിച്ച പട്ടും വസ്‌ത്രവും നീക്കുകയുള്ളൂ. ഇതിന് കൂറവലിക്കല്‍ എന്നാണ് പറയുക. ക്ഷേത്രാധികാരിയുടെയോ, ഊരാളന്റെയോ സമ്മതം ചോദിച്ചാണ് കൂറയിടുക. കൂറവലിച്ചാല്‍ അനുമതി നല്‍കിയ ആള്‍തന്നെ അത് വാങ്ങി ദക്ഷിണ നല്‌കുകയും വേണം. ഉച്ചപ്പാട്ടിനു ശേഷം രാത്രിയാണ് കളമെഴുത്ത് ആരംഭിക്കുക. ഏത്‌ദേവതക്കാണോ കളമെഴുതുന്നത് ആ ദേവതയുടെ രൂപം വര്‍ണ്ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്നു. അരിപ്പൊടി(വെള്ള), മഞ്ഞള്‍പ്പൊടി(മഞ്ഞ), ചുവപ്പ്‌പൊടി(നൂറംമഞ്ഞളും കലര്‍ത്തിയത്), കറുത്തപൊടി(ഉമിക്കരി), പച്ചപ്പൊടി(വാകയോ,ശീമക്കൊന്നയോ, മഞ്ചാടിയോ ഇലപൊടിച്ചത്) എന്നിവയാണ് ഉപയോഗിക്കുന്നത്. ശാസ്‌താവിന്റെ കളത്തില്‍ കറൂപ്പും പച്ചയും ചേര്‍ത്തുപയോഗിക്കും. ഒമ്പതടി നീളവും ഏഴടി വീതിയുമുള്ള ഒരു കളത്തില്‍ ആദ്യം വെള്ളപ്പൊടി കൊണ്ട് രേഖാരൂപം വരച്ച ശേഷം മുകളില്‍ നിന്നും താഴോട്ട് രൂപമുണ്ടാക്കിവരും. വിവിധ ആയുധങ്ങള്‍ ധരിച്ച മട്ടിലാണ് രൂപങ്ങള്‍ നിര്‍മ്മിക്കുന്നത്. ആയുധമേന്തിയ കൈകളുടെ എണ്ണം കൂടിയാല്‍ ഭഗവതിക്ക് ശക്തികൂടുമെന്നാണ് വിശ്വാസം. ശാസ്‌താവിനെ കുതിര, പുലി എന്നിവ വാഹനമാക്കിയും വേട്ടക്കൊരുമകനെ വില്ലും, ശരവും, ചുരികയും ധരിച്ച നിലയിലും കാണാം. കളമെഴുതി രൂപം പൂര്‍ണ്ണമാക്കി കഴിഞ്ഞാല്‍ അരി, നെല്ല്, നാളികേരം, അടക്ക, വെറ്റില, ദീപം എന്നിവ ചുറ്റും വെച്ച് അലങ്കരിക്കണം. പിന്നീട് ശാന്തിക്കാരനോ തന്ത്രിയോ കളപൂജ നടത്തും. കളത്തിനടുത്തിരുന്ന് കുറുപ്പൊ, നമ്പയോ കളംപാട്ട് പാടുന്നു. ഒരു പന്തം കൊളുത്തി നാളികേരമുടച്ച് നിവേദിച്ച് അതുമെടുത്ത് കളത്തിന് പ്രദക്ഷിണം വെയ്‌ക്കും. കൂടെയുള്ളവരെയും ഉഴിയും. രോഗാദി ബാധകളെ ഉഴിഞ്ഞു കളയുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കളമെഴുത്തില്‍ കോമരത്തിന്റെ ഈടും കൂറംനൃത്തം, കളപ്രദിക്ഷിണനൃത്തം, കളത്തിലാട്ടനൃത്തം, പീഠംനിരക്കല്‍ തുടങ്ങിയ അംഗങ്ങളാണുള്ളത്. കോമരംതുള്ളല്‍ ഒരുതരം ഖഡ്‌ഗനൃത്തമാണ്. മാറ്റ് ഞെറിവെച്ചുടുത്താണ് നൃത്തം ചെയ്യുക. താളത്തില്‍ ശക്തിയായി തുള്ളുകയാണ് ഈടുംകൂറംതുള്ളലിന്റെ സ്വഭാവം. ചെണ്ടവാദ്യത്തിനനുസരിച്ച് പാദങ്ങള്‍ പ്രത്യകരീതിയിലും താളത്തിലും ചലിപ്പിച്ചുകൊണ്ട് അതിവേഗത്തില്‍ മുമ്പോട്ടും പിമ്പോട്ടും ഇങ്ങനെ ചലിക്കുമ്പോള്‍ പെരുവിരലില്‍ മാത്രമാണ് ശക്തികൊടുക്കുന്നത്. ആരെയും ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമിത്. ഈ നൃത്തത്തിനുശേഷമാണ് വിതാനംതറി. അലങ്കരിച്ച കുരുത്തോലയും പൂക്കുലയും വാളും കൊണ്ട് തട്ടിതകര്‍ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. കളത്തിലാട്ടത്തിനുശേഷമാണ് കളംമായ്‌ക്കല്‍ ആരംഭിക്കുന്നത്. ഇവിടെയും കാലുകള്‍ പ്രത്യകരീതിയില്‍ കളത്തിനുള്ളില്‍ ചലിപ്പിച്ചുകൊണ്ടാണ് ചിത്രം മായ്‌ക്കുന്നത്. പീഠംനിരക്കലും ഈ സമയം നടക്കും. കോമരത്തിന്റെ അരുളപ്പാടോടുകൂടി കളംമായ്‌ക്കല്‍ അവസാനിക്കുകയും കളപ്പൊടി പ്രസാദമായി നല്‍കുകയും ചെയ്യുന്നു.
കളം മായ്‌ക്കുന്നതിനു മുമ്പ് തന്നെ തീയാട്ട് ആരംഭിക്കും. കളംവരച്ചുകഴിഞ്ഞശേഷം തിയ്യാടിനമ്പി അര്‍ദ്ധരാത്രിയോടുകൂടി അയ്യപ്പന്റെ മുമ്പില്‍ വന്നിരുന്ന് പാട്ടുപാടിക്കൊണ്ട് വേഷവിധാനങ്ങള്‍ ധരിച്ചുതുടങ്ങുന്നു. തന്റെ ജന്മരഹസ്യം അന്യേഷിച്ച അയ്യപ്പന് ആ കഥ പറഞ്ഞുകൊടുക്കാന്‍ നന്ദികേശ്വരനോട് ശിവന്‍ ആവശ്യപ്പെടുന്നു. വിഷ്‌ണു മോഹിനീരൂപമെടുത്തതും ആ രൂപം കണ്ട് പരിഭ്രമിച്ച പരമേശ്വരന് അയ്യപ്പന്‍ പുത്രനായി ജനിക്കുന്നതുമാണ് തിയ്യാട്ട്‌നമ്പി പാട്ടിലൂടെ അവതരിപ്പിക്കുന്നത്. നിറയെ ആഭരണങ്ങളും ചുകന്നപട്ടുവസ്‌ത്രവും ഉത്തരീയവും കുപ്പായവും കിരീടവും ധരിച്ച തിയ്യാട്ട്‌നമ്പിക്ക് വേഷത്തില്‍ ഒരു സ്‌ത്രൈണഭാവം ഉണ്ടാവുന്നു. പാട്ടിനൊപ്പം ചെണ്ടയും ഇലത്താളവും ഉണ്ടാകും. വേഷവിധാനം പൂര്‍ത്തിയായാല്‍ ഈകഥ കൂത്തായി അവതരിപ്പിക്കുന്നു. ഇലത്താളമാണ് ഉപയോഗിക്കുക. അഭിനയസമയത്ത് പാട്ടോ സംഭാഷണങ്ങളോ ഉണ്ടാവില്ല. മനോഹരമായ ഒരുകൂത്താണ് തീയ്യാട്ട്. കുന്നംകുളത്തുകാരനായ കേശവന്‍ നമ്പിയാണ് പുനത്തുംപടിക്കല്‍ ക്ഷേത്രത്തില്‍ തീയ്യാട്ടും കളമെഴുത്തും നടത്തുന്നത്. തിയ്യാടിനമ്പ്യാന്മാരും കുറുപ്പന്മാരും നടത്തുന്ന ഈ അനുഷ്‌ഠാനകല അവതരിപ്പിക്കാന്‍ അറിവും കഴിവും മനോധര്‍മ്മവും ഉള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്നും ഇതി നമ്മെ സംബന്ധിച്ചിടത്തോളം തികഞ്ഞ നഷ്ടമായിരിക്കുന്നുവെന്നും കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ എം വിഷ്‌ണുനമ്പൂതിരി അഭിപ്രായപ്പെടുന്നു.
പുനത്തുന്നവല്‍ സ്ഥാനിയുടെ ആസ്ഥാനമായ പുനത്തില്‍ വീട്ടില്‍ പുലി ദൈവത്തിനായി ഒരു ചെറിയക്ഷേത്രമുണ്ട്. ഇവിടെ ഉത്സവദിവസം പുലിത്തറകെട്ടിയാടല്‍ ഉണ്ട് എന്ന് നേരത്തെ പറഞ്ഞല്ലോ. കുടുംബകാരണവരെയാണ് സാധാരണ ആചാര്യസ്ഥാനം നല്‍കി പുലിദൈവമായി ആരാധിക്കുന്നത്. പുനത്തിലെ പുലിയുടെ കഥ ഇങ്ങിനെയാണ്. ഒരിക്കല്‍ ഒടിമറിച്ചില്‍, തന്ത്രം, മന്ത്രം എന്നീ വിദ്യകളില്‍ അതിവിദഗ്‌ധനായ ഒരാള്‍ പുനത്തുന്നവലായി സ്ഥാനാരോഹണം ചെയ്‌തു. പലരാത്രികളിലും ഒടിമറിഞ്ഞ് മൃഗരൂപങ്ങള്‍ ധരിച്ച് നടക്കുകയും വഴിപോക്കരെ ഭയപ്പെടുത്തുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. പുലിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമൃഗം. ഭര്‍ത്താവിന്റെ ഇത്തരം വീരകൃത്യങ്ങള്‍ കേട്ടറിഞ്ഞ ഭാര്യക്ക് ഈ ഒടിവിദ്യ നേരില്‍ കാണണമെന്ന് അതിയായ ആഗ്രഹം ജനിച്ചു. ഒരു പുലിയായി ഓടിമറിഞ്ഞു വരാന്‍ അവര്‍ പല പ്രാവശ്യം അപേക്ഷിച്ചുവെങ്കിലും മറ്റൊരാള്‍ക്ക് വേണ്ടി ഇത്തരം വിദ്യകള്‍ പ്രയോഗിക്കുന്നത് അപകടകരമാണെന്ന് പറഞ്ഞ് പുനത്തുന്നവല്‍ ഒഴിഞ്ഞുമാറി. ഒരു ദിവസം അദ്ദേഹത്തിന് പ്രയതമയുടെ നിര്‍ബന്ധത്തിനുമുമ്പില്‍ നിവൃത്തിയില്ലാതെ വഴങ്ങേണ്ടിവന്നു. പുലിയായി വേഷംമാറിവരാന്‍ അദ്ദേഹം തയ്യാറായി. പോകുമ്പോള്‍ ഏഴുകല്ലുകള്‍ ജപിച്ച് ഭാര്യയുടെ കയ്യിലേല്‌പിച്ചു. താന്‍ പുലിയായി എത്തിയാല്‍ ഭയപ്പെടാതെ ഈ കല്ലുകള്‍ ഓരോന്നായി തന്റെ ദേഹത്തേക്ക് എറിയണമെന്നും അങ്ങിനെ ചെയ്‌തില്ലെങ്കില്‍ തനിക്ക് മനുഷ്യരൂപം തിരിച്ചുകിട്ടില്ലെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടാണ് അദ്ദേഹം പോയത്. അല്‌പനേരം കഴിഞ്ഞ് ഭീകരമായ ഒരലര്‍ച്ചകേട്ട് ഭാര്യ വന്നുനോക്കുമ്പോള്‍ അതാ ഒരു വമ്പന്‍ പുലി മുറ്റത്തു മുരണ്ടുകൊണ്ടിരിക്കുന്നു. ഭയന്ന് വിറച്ച് ഒരു നിലവിളിയോടെ അകത്തേക്കോടി അവര്‍ വാതിലടച്ച് സാക്ഷയിട്ടു. പുലി കുറെ നേരം അവിടെ ചുറ്റിനടന്നു ദയനീയമായി നിലവിളിച്ചു. എന്തുഫലം ഓരോ അലര്‍ച്ചയിലും നടുങ്ങിവിറച്ച ഭാര്യ ഒരിക്കലും വാതില്‍ തുറന്നില്ല. നിസ്സഹായനായി മനുഷ്യരൂപം തിരിച്ചു ലഭിക്കാനാകാതെ ആ പാവം പുലി കാട്ടിലേക്ക് കയറിപ്പോയി. പുലിമറഞ്ഞ ഈ കാരണവര്‍ക്കുവേണ്ടിയാണ് പുലിത്തറ കെട്ടിയാടുന്നത്.
പുനത്തുംവീട്ടില്‍ ആചരിച്ചിരുന്ന ഒരനുഷ്‌ഠാനമായിരുന്നു പാലുംവെള്ളരി. ഒരു മധ്യമപൂജാരീതിയാണിത്. ശക്ത്യാരാധനയാണ് ഇതിന്റെ അടിസ്ഥാനം. കളരിഭഗവതീ സങ്കല്‌പമുള്ള വീടുകളിലാണിത് സാധാരണയായി നടന്നിരുന്നത്. പാലും ഉണങ്ങലരിയും ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ടാകാം ഈ പേര്‍ ഇതിന്‌സിന്ധിച്ചത്. മകരമാസത്തിലെ ആദ്യ ചൊവ്വാഴ്‌ച സാമൂതിരീകോവിലകത്ത് ഈ ചടങ്ങ് നടത്തിയശേഷമാണ് പ്രത്യകപരിശീലനം സിദ്ധിച്ച കോമരങ്ങള്‍ നമ്മുടെ നാട്ടിലെത്തുക. ചാണകമെഴുതിയ മുറ്റത്തുവെച്ചാണ് ഇത് നടത്തുന്നത്. അവിടെ ഒരു കളമുണ്ടാക്കി ഒരു പീഠം സ്ഥാപിച്ച് അതില്‍ ഭഗവതിയെ സങ്കല്‌പിച്ച് പട്ടുവിരിച്ച് ഉണങ്ങലരി നിവേദിക്കുന്നു. അരമണികളും പള്ളിവാളും ചിലമ്പും ചുവപ്പ്‌പട്ടുമാണ് കോമരത്തിന്റെ വേഷവിതാനം. സാധാരണ പൂജാസാധനങ്ങള്‍ക്കൊപ്പം പൂക്കുല, പാല്, നൂറ്, അട, ചെമ്പരത്തിപൂക്കള്‍ എന്നിവയെല്ലാം പൂജക്ക് ഉപയോഗിക്കുന്നു. അല്‌പം ദൂരെ ധാരാളം പ്ലാവ് വിറക് കത്തിച്ച് കനല്‍ക്കൂമ്പാരം ഉണ്ടാക്കിയിരിക്കും. വാദ്യത്തിനനുസരിച്ച് ഒരു പ്രത്യേക നൃത്തവും കനലാട്ടവും ഉണ്ടാകും. കോമരം നെറ്റിയില്‍വട്ടി ചോരയൊലിപ്പിക്കുകയും ചെയ്യും. ഉരുളിയില്‍ തയ്യാറാക്കിവെച്ച മഞ്ഞള്‍പ്പൊടിയും കവുങ്ങിന്‍ പൂക്കുലയും വാരിയെടുത്ത് മുറ്റത്തും പീഠത്തിനു ചുറ്റും വിതറുന്നു. തയ്യാറാക്കിവെച്ച ഗുരുതി തേവിവറ്റിച്ച് ഉരുളി കമിഴ്‌ത്തുന്നു. അതിനുശേഷം അരുളപ്പാട് പറഞ്ഞ് ഭക്തരെ അനുഗ്രഹിക്കുകയും ദക്ഷിണവാങ്ങുകയും ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ ചടങ്ങ് ആരംഭിക്കുക. സന്ധ്യയാവുമ്പോഴേക്കും അവസാനിക്കുകയും ചെയ്യുന്നു. ഭദ്രകാളീപൂജയാണിതല്‍ നടക്കുന്നത്. തൂകുന്ന മഞ്ഞള്‍ പൊടിയും പൂക്കുലയും ഭുതഗണങ്ങള്‍ക്കാണെന്ന് വിശ്വസിക്കപ്പെടുന്നു. 1947ല്‍ പുനത്തില്‍ സ്ഥാനം വക നടത്തിയശേഷം പാലും വെള്ളരി നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല.
ഒരു ദിവസം നട്ടുച്ചക്ക് പുനത്തുന്നവലും വീട്ടുകാരും അതിഭയങ്കരമായ ഒരു മുഴക്കം കേട്ട് ഞെട്ടി. ഇടിമുഴക്കമോ കൊടുങ്കാറ്റോ എന്താണെന്ന് മനസ്സിലാവുന്നില്ല. ശബ്ദം പുനത്തുംപടിക്കല്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ആലിന്‍ചുവട്ടില്‍ നിന്ന് ആരംഭിച്ച് ഭൂമിക്കടിയിലൂടെ നീങ്ങി വീട്ടിലേക്ക് വരുന്നതായാണ് എല്ലാവര്‍ക്കും തോന്നിയത്. അല്‌പനിമിഷങ്ങള്‍ക്കുള്ളില്‍ ആ ഇരമ്പല്‍ നടുമുറ്റത്തെത്തി. അങ്ങോട്ടുനോക്കിയ എല്ലാവരുടെയും കണ്ണഞ്ചിപ്പോയി. മുറ്റത്തെ മണ്ണില്‍ അതാ ഒരു വലിയ ചെമ്പുപാത്രം ഉയര്‍ന്നുവന്നിരുക്കുന്നു. അതില്‍ നിറയെ വെട്ടിത്തിളങ്ങുന്ന രത്‌നങ്ങള്‍, സ്വര്‍ണ്ണനാണയങ്ങള്‍, തങ്കമാലകള്‍, മറ്റുപലവിധ ആഭരണങ്ങള്‍. ഏതോ ഭൂതം കാത്തുസൂക്ഷിക്കുന്ന നിധി പേടകമായിരുന്നു അത്. കാരണവരും കുടുംബാംഗങ്ങളും ഓടിയെത്തി വലിയ കമ്പക്കയര്‍ കൊണ്ടു പാത്രത്തിന്റെ രണ്ട് കാതുകള്‍ ചേര്‍ത്ത് മറ്റെത്തല വീടിന്റെ ഉത്തരത്തില്‍ ചേര്‍ത്തുകെട്ടി സുരക്ഷിതമാക്കി. എന്തുഫലം വീണ്ടും ഇരമ്പലുണ്ടായി. പാത്രം പതുക്കെ പതുക്കെ മണ്ണിലേക്ക് താഴ്‌ന്ന് പോകയും ചെയ്‌തു. കയര്‍ കൊണ്ട് ബലമായി കെട്ടിയതിനാല്‍ ചെമ്പുപാത്രത്തിന്റെ കാതുകള്‍ മാത്രം അതില്‍ തൂങ്ങിക്കിടന്നു. ആ കാതുകള്‍ കൊണ്ടാണെത്രെ പിന്നീട്‌പുനത്തില്‍ ഉണ്ടായിരുന്ന വലിയ ചെമ്പുപാത്രം നിര്‍മ്മിച്ചത്.
കടപ്പാട്