വെട്രിവേൽവീരവേൽ
പുരാണമായി തുടങ്ങി ഐതിഹ്യത്തിലേക്ക് രൂപം മാറി ചരിത്രത്തിലൂടെ സഞ്ചരിച്ചു വർത്തമാനത്തിൽ എത്തിയൊരു കഥയുണ്ട്.
എല്ലാവരെയും രക്ഷിക്കുന്ന ഈശ്വരനെ രക്ഷിക്കാൻ നിസ്സാരരായ നിങ്ങളാര് എന്ന് പലരും പരിഹസിക്കുന്ന കാലത്ത് നമ്മൾ ആവർത്തിച്ചു പരസ്പരം ഓർമിപ്പിക്കേണ്ടൊരു കഥ.
ഉമാമഹേശ്വരരെ മുഖം കാണിക്കാൻ കൈലാസഗിരി സന്ദർശിച്ച മഹാ ഋഷി നാരദന്റെ കയ്യിലുണ്ടായിരുന്നൊരു പഴത്തിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്.
ഭുജിക്കുന്നവനെ മഹാജ്ഞാനിയാക്കുന്ന അറിവിന്റെ രുചിയൊളിപ്പിച്ചൊരു ജ്ഞാനപ്പഴത്തിൽ നിന്ന്.
രണ്ടു ഉണ്ണികൾ ഒന്നിച്ചു കളിച്ചു വളരുന്ന കൈലാസത്തിലേക്ക് പങ്കിടാൻ ആവാത്ത ഒറ്റ പഴവുമായി വരാനുള്ള നിർണയത്തിന് പിന്നിൽ നാരദ ഋഷിയുടെ സഹജ സ്വഭാവമായ കലഹ പ്രിയതയും അത് വഴി ലോക കല്യാണത്തിനുള്ള ഒരു ശ്രേഷ്ഠോദ്ദേശവും ഉണ്ടാവണം.
സ്വാഭാവികമായും പഴത്തിന്റെ അവകാശത്തിന് വേണ്ടി ഉണ്ണികൾ തമ്മിൽ തർക്കമായി.
വളരെ വേഗത്തിൽ തന്നെ അത് പരിഹരിക്കാനുള്ള മാർഗ്ഗവും നിശ്ചയിക്കപ്പെട്ടു.
ഏറ്റവും ആദ്യം ലോകം ചുറ്റി വരുന്നയാൾക്ക് ജ്ഞാന പഴം സ്വന്തം.
ഭാരമുള്ള ശരീരവുമായി ഒരു കുഞ്ഞൻ എലിയുടെ മേലിരുന്ന് ഏട്ടൻ ലോകം ചുറ്റി വരാനെടുക്കുന്ന നേരമോർത്ത് ഊറി ചിരിച്ചും ജയം ഉറപ്പിച്ചും അനിയൻ തന്റെ മയിൽ വാഹനമേറി ശരവേഗത്തിൽ ലോക പ്രദക്ഷിണത്തിനു പുറപ്പെട്ടു.
വേഗത്തിൽ അല്പം പുറകിൽ ആണെങ്കിലും ഉപായത്തിൽ വളരെ മുൻപിലായിരുന്ന ഏട്ടൻ പക്ഷെ അതിനൊന്നും മിനക്കെട്ടില്ല.
എല്ലാ ലോകങ്ങളും സമ്മേളിക്കുന്ന ശിവപാർവ്വതിമാരെ വേഗത്തിൽ ഒരു വട്ടം വലം വെച്ച് പൂർത്തിയാക്കി മത്സരത്തിൽ താൻ വിജയിച്ചതായി ഏട്ടൻ ഉണ്ണി സ്വയം ദേവർഷിയോട് പ്രഖ്യാപിച്ചു.
അച്ഛനും അമ്മയും തന്നെയാണ് ലോകം എന്ന ഗജമുഖന്റെ ന്യായത്തെ നിഷേധിക്കാൻ ആവാതെ നാരദർ ജ്ഞാനപ്പഴം അവന് നൽകി.
ലോക പ്രദക്ഷിണം പൂർത്തിയാക്കി മടങ്ങിയെത്തിയ വേലായുധൻ കാണുന്നത് മത്സരം ജയിച്ച വിജയിയുടെ ഭാവത്തിൽ പഴവുമായി നിറഞ്ഞു ചിരിക്കുന്ന ഏട്ടനെയാണ്.
താൻ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ബാലകൻ അതിലെ അനീതി പൊറുക്കാനായില്ല.
ഏട്ടനും നാരദ ഋഷിയും ചേർന്ന് തന്നോട് അന്യായം പ്രവർത്തിച്ചു എന്നത് മാത്രമല്ല, ആ വഞ്ചനക്ക് അച്ഛനും അമ്മയും കൂട്ട് നിൽക്കുക കൂടി ചെയ്തു എന്ന ചിന്ത, ആ ഉണ്ണിയുടെയുള്ളിൽ നോവും നീറുമായി.
സർവ്വതിനോടും നിർമമതയും വൈരാഗ്യവും തോന്നിയ ആ നിമിഷത്തിൽ അവൻ സർവ്വവും ത്യജിച്ചു വൈരാഗീ ഭാവം പൂണ്ടു.
അച്ഛനേയും അമ്മയേയും ഉറ്റതിനെയൊക്കെയെയും അവനവനെയും തന്നെ ഉപേക്ഷിച്ചു സർവ്വ സംഗ പരിത്യാഗിയായ സന്ന്യാസിയായി.
മൊട്ടയടിച്ചു ഭസ്മം പൂശി കാവിയുടുത്ത് യോഗ ദണ്ഡേന്തി കൈലാസ ഗേഹം വെടിഞ്ഞു.
ദക്ഷിണ ദിക്കിലേക്ക് ഏറെ സഞ്ചരിച്ചു കൈലാസത്തിനൊത്ത മറ്റൊരു ഗിരിയിലെത്തി.
സ്വസ്ഥമായ തപസ്സിന് യുക്തം തന്നെയെന്ന് കണ്ട് അവിടെ ഉപസ്ഥിതനായി ധ്യാനത്തിലാണ്ടു.
തീവ്ര ധ്യാനത്തിന്റെ പരമ കാഷ്ഠയിൽ ആ ബാല സന്ന്യാസി ആത്മജ്ഞാനത്തിന്റെ നിർവൃതിയറിഞ്ഞു.
താനെന്തെന്ന തിരിച്ചറിവിന്റെ തനിരൂപം തന്തൈയാറായ ശ്രീപരമേശ്വരൻ തന്നെയെന്ന് അവൻ കണ്ടു.
മകന്റെ ബോധത്തിൽ നിറഞ്ഞു നിന്ന മഹാദേവൻ വാത്സല്യ നിധിയായ അച്ഛനായി.
അറിവിന്റെ പഴത്തിനായി കലഹിച്ച മകനെ സാന്ത്വനിപ്പിക്കാൻ ആ പിതൃവാത്സല്യം നാദമായി.
"ഉനക്ക് എതുക്കപ്പാ ജ്ഞാനപ്പളം?
അന്ത പളമേ നീതാനപ്പാ.."
അൻപൊടു തന്തൈയുടെ അരുമ വാണിയായ് കേട്ട പരമ തത്വം തത്വമസിയുടെ തങ്കത്തമിഴ് തന്നെയെന്നവൻ തിരിച്ചറിഞ്ഞു.
ആ അറിവിന്റെ പരമാനന്ദത്തിൽ അവനങ്ങനെ പളംനീഅപ്പനായ പളനിയപ്പനായി.
പളം നീയുടെ തത്വം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച പുണ്യമല, പളം നീ മലയായ പളനിമലയായി.
വൈരാഗീ ഭാവം വെടിഞ്ഞു കൈലാസത്തിൽ മടങ്ങിയെത്തിയ അനുജന് ചിരി ഒട്ടും മായാതെ ഏട്ടൻ നാരദർ നൽകിയ പഴം കൊണ്ട് തന്നെ പഞ്ചാമൃതം ഉണ്ടാക്കി സ്വയം ഊട്ടി.
സഹസ്രാബ്ദങ്ങൾക്കപ്പുറം പളനി മലയിലെത്തിയ സിദ്ധ ഭോഗർ അവിടെ ദണ്ഡായുധപാണിയായ ഒരു ബാല സന്ന്യാസിയുടെ ഉഗ്ര ചൈതന്യം തിരിച്ചറിഞ്ഞു.
പതിനെട്ട് ശൈവ സിദ്ധരിൽ ഒരാളായ ഭോഗർക്ക് അത് ശിവവാണി കേട്ട് ആത്മജ്ഞാനം നേടിയ ശ്രീമുരുഗന്റെ ചൈതന്യം തന്നെയെന്ന് മനസിലാക്കാൻ ഒട്ടും പ്രയാസമുണ്ടായില്ല.
എങ്കിലും ഇത്ര വിശേഷമുള്ള ഈ മലയിൽ എന്ത് കൊണ്ട് ഈ മഹാചൈതന്യത്തെ ആരും മാനവരാശിക്ക് അനുഗ്രഹ വർഷം ചൊരിയുന്ന ഭാവത്തിൽ വിഗ്രഹത്തിൽ ആവാഹിച്ചു ആരാധന ചെയ്യുന്നില്ല എന്നദ്ദേഹം വിസ്മയം പൂണ്ടു.
ആ മഹാനിയോഗം നിറവേറ്റേണ്ടത് ആരുടെ പുണ്യമാവാം എന്ന സന്ദേഹം തീരാതെ തന്നെ സിദ്ധ യോഗി ധ്യാനത്തിൽ പ്രവേശിച്ചു.
ധ്യാനത്തിന്റെ തീവ്രാവസ്ഥയിൽ എപ്പോഴോ സിദ്ധ ഭോഗർ തന്റെ പരമ്പരയിലെ ആദി സിദ്ധനായ നന്ദിദേവനെ കണ്ടു.
അവിടെ നിന്ന് പിന്നെയും ഉയരത്തിലേക്ക് ചെന്നപ്പോൾ നന്ദികേശ്വരാരൂഢനായ ശിവ പെരുമാളെയും കണ്ടു.
എന്നിട്ടും തുടർന്ന ധ്യാനത്തിന്റെ പാരമ്യത്തിൽ അദ്ദേഹം ശ്രീമുരുഗൻ കേട്ട ശിവ വാണി കേട്ടു.
"അന്ത പളമേ നീ താനപ്പാ"!!
തത്വമസിയുടെ തങ്കത്തമിഴ് പളനി മലയിൽ പിന്നെയും മുഴങ്ങിയത് തന്റെ സന്ദേഹത്തിനുള്ള മറുപടിയായാണെന്ന് മഹാ സിദ്ധനറിഞ്ഞു.
അത് ഞാൻ തന്നെ എന്ന് മനസ്സിലുരുവിട്ട് ധ്യാനത്തിൽ നിന്നദ്ദേഹം ജാഗ്രത്തിലേക്കുണർന്നു.
സമസ്ത രോഗങ്ങൾക്കും ശമനം പകരുന്ന സർവ്വ വ്യാധി നിവാരിണിയായ ദിവ്യൗഷധം ആകണം ശ്രീമുരുഗന്റെ പുണ്യ വിഗ്രഹം എന്ന് മഹാവൈദ്യൻ കൂടിയായ സിദ്ധ ഭോഗർ ഉറപ്പിച്ചു.
ഒറ്റയ്‌ക്കെടുത്താൽ മഹാ വിഷവും പ്രത്യേക അനുപാതത്തിൽ തമ്മിൽ ലയിപ്പിച്ചാൽ മഹാ ഔഷധവും ആകുന്ന ഒമ്പത് പാഷാണങ്ങൾ സംയോജിപ്പിച്ചു ഉള്ളിൽ തെളിഞ്ഞ ദണ്ഡായുധപാണിയുടെ രൂപം തയ്യാറാക്കാൻ അദ്ദേഹം ഒരുക്കം കൂട്ടി.
നാലായിരത്തിലേറെ ഒറ്റ മൂലികളിൽ നിന്നായി 81 ഭൈഷജ കൂട്ടുകൾ ശ്രദ്ധാപൂർവ്വം വേർതിരിച്ചു.
അവയെ പല മാത്രകളിൽ വീണ്ടും ലയിപ്പിച്ചു 9 മഹാ പാഷാണങ്ങൾ തയ്യാറാക്കി.
വീരം, പൂരം, രസം, ജാതിലിംഗം, കണ്ടകം, ഗൗരീ പാഷാണം, വെള്ള പാഷാണം, മൃദർശ്ശിങ്ക്, ശിലാസത്ത്..
ഈ നവപാഷാണ കൂട്ടിനെ പ്രത്യേക താപനിലയിൽ ചൂടാക്കിയും തണുപ്പിച്ചും മണ്ണിനടിയിൽ കുഴിച്ചിട്ടും വീണ്ടുമെടുത്ത് ചൂടാക്കിയും വിഗ്രഹ നിർമ്മിതിക്കുള്ള രസമിശ്രിതം തയ്യാറാക്കി.
പാകമായ മിശ്രിതത്തെ മൂന്നായി പകുത്ത് അതിലൊരു പങ്ക് കൊണ്ട് പളനി വിഗ്രഹത്തിന്റെ പണി ചെയ്തു തുടങ്ങി.
ശ്രീ മുരുഗന്റെ വദന ശോഭയിൽ സ്വയം മയങ്ങി വിഗ്രഹത്തിന്റെ മുഖം വീണ്ടും വീണ്ടും മിനുക്കിയും സുന്ദരമാക്കിയും ഭോഗർ കണക്കിലേറെ നേരം ചിലവഴിച്ചു.
തണുത്താൽ പാറ പോലെ ഉറച്ചു പോവുന്ന മിശ്രിതത്തിന്റെ ചൂടാറി വരുന്നത് വിഗ്രഹത്തിന്റെ മുഖം തൃപ്തി പോലെ തയ്യാറാക്കി കഴിഞ്ഞപ്പോളാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്.
പിന്നീടുള്ള അൽപ്പ നേരം കൊണ്ട് വിഗ്രഹത്തിന്റെ ഉടൽ അദ്ദേഹം വേഗത്തിൽ തയ്യാറാക്കി.
പളനി മുരുഗന്റെ തലയും ഉടലും തമ്മിലുള്ള ശില്പചാതുരിയിലെ വ്യത്യാസം ഒറ്റ നോട്ടത്തിൽ തന്നെ കണ്ണിൽ തെളിയുന്നത്ര പ്രകടമാണല്ലോ.
അങ്ങനെ പൂർണ്ണതയുടെ നിറവുള്ള മുഖവും അപൂർണ്ണതയുടെ ഗഹനത നിറച്ച ഉടലുമുള്ള അരുളമിഗു ദണ്ഡായുധ പാണിയുടെ നവപാഷാണ വിഗ്രഹം യുക്തമായ മുഹൂർത്തത്തിൽ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ചു തന്ത്രം നിശ്ചയിച്ചു ആദ്യ പൂജ സ്വയം ചെയ്തു.
ശേഷിച്ച രസ മിശ്രിതം വീണ്ടുമുരുക്കി അതേ മട്ടിൽ രണ്ട് വിഗ്രഹങ്ങൾ കൂടി നിർമ്മിച്ച ശേഷം അവയുമായി പ്രതിഷ്ഠയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാ കവാടത്തിൽ നിന്നുള്ള തുരങ്കത്തിലൂടെ ഭോഗർ പഴനി മലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന രഹസ്യ ഗുഹയിലെത്തി മുരുഗനെ ധ്യാനിച്ച് നിർവികല്പ സമാധിയിൽ പ്രവേശിച്ചു.
ദണ്ഡായുധപാണി പ്രതിഷ്ഠയുടെ നേരെ താഴെ തന്നെയായാണ് സിദ്ധ ഭോഗർ സമാധിയിൽ ഇരിക്കുന്നതെന്നും, ഉചിതമായ സമയത്ത് അദ്ദേഹം സമാധി വിട്ടുണർന്നു അവശേഷിക്കുന്ന രണ്ടു വിഗ്രഹങ്ങളുമായി പുറത്ത് വരുമെന്നും, ഭാരതത്തിന്റെ ദക്ഷിണ ദിക്കിലും ഉത്തര ദിക്കിലും അവ പ്രതിഷ്ഠിച്ചു കൗമാര ധർമ്മത്തിന്റെ പൂർവ്വ പ്രതാപം പുനസ്ഥാപിക്കുമെന്നും, അക്കാലം വരെയും യാതൊരു ലോഭവുമില്ലാതെ പളനി മുരുഗ വിഗ്രഹം ലോക രക്ഷ ചെയ്യുമെന്നും കൗമാരാനുയായികൾ ഉറച്ചു വിശ്വസിക്കുന്നു.
നിർവ്വികല്പ സമാധിയിൽ പ്രവേശിക്കും മുൻപ് സിദ്ധ ഭോഗർ തന്റെ ശിഷ്യനായ പുലിപ്പാണി സിദ്ധന് പഴനിയുടെ തന്ത്രം ഉപദേശിച്ചു.
വിഗ്രഹത്തിന്റെ ഔഷധ സിദ്ധിയും, അത് സർവ്വരോഗഹരമായി ഭക്തർക്ക് ഉപയോഗപ്പെടാൻ പാലും പഞ്ചാമൃതവും വിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷം പ്രസാദമായി സേവിച്ചാൽ മതിയാവും എന്ന വിദ്യയും, അഭിഷേകത്തിന്റെ സമയവും നിയമവും പൂജാ വിധികളും പൂജിക്കേണ്ട ഭാവങ്ങളും എല്ലാം പുലിപ്പാണി സിദ്ധർ ഭോഗരിൽ നിന്നറിഞ്ഞു.
വിഴൈ പൂജ, ഉച്ചി കലം, സായ രക്ഷൈ, രാക്കലം എന്നിങ്ങനെ ദിവസത്തിലെ നാല് സന്ധ്യകളിലും വേണ്ട പൂജകൾ നിശ്ചയിക്കപ്പെട്ടു.
സന്ന്യാസി, വേടൻ, ബാലൻ, വൈതീകൻ, അരസൻ, വിരിത്തൻ എന്നിങ്ങനെ അലങ്കാരത്തിന്റെ ആറു ഭാവങ്ങൾ നിർണ്ണയിച്ചു.
ഗുരുവിന്റെ സമാധീ പ്രവേശനത്തിന് ശേഷം പുലിപ്പാണി സിദ്ധർ ഗുരുപദേശം പോലെ പളനി മുരുഗന്റെ ആരാധന നടത്തി മലയിൽ തങ്ങി.
സിദ്ധരുടെ കാലശേഷം ഗുരുക്കളെന്ന പേരിൽ പ്രസിദ്ധരായ പുലിപ്പാണിയുടെ പരമ്പര ആ ആരാധന ഭംഗമില്ലാതെ തുടർന്ന് പോന്നു.
നാലാം നൂറ്റാണ്ടിൽ നായാട്ടിനിടെ വഴി തെറ്റി പളനി മലയുടെ ചുവട്ടിലെത്തി തളർന്നുറങ്ങിയ ചേര വംശ രാജാവായ പെരുമാൾ ചേരന് സ്വപ്നത്തിൽ ബാലമുരുഗന്റെ ദർശന സൗഭാഗ്യമുണ്ടായി.
മലയിൽ അധിവസിക്കുന്ന മഹാ ചൈതന്യമുള്ള വിഗ്രഹത്തിനു യുക്തമായ രീതിയിൽ ക്ഷേത്രം നിർമ്മിച്ച് ആചരിക്കാനുള്ള നിയോഗം തന്റേതെന്ന് ചേരവംശ പെരുമാൾ തിരിച്ചറിഞ്ഞു.
കാട് പിടിച്ച മലയിൽ ആന വഴിയുണ്ടാക്കി നിർമാണ സാമഗ്രികൾ മുകളിലെത്തിച്ചു.
ലോകം മുഴുവൻ പുകഴ് പെറ്റ മുരുഗൻ കോവിൽ പളനിമലക്ക് മുകളിൽ കമനീയമായുയർന്നു.
പിന്നീട് വന്ന പാണ്ഡ്യ വംശ രാജാക്കന്മാർ യഥാകാലം ക്ഷേത്രം പുനർനിർമ്മിക്കുകയും മോടി കൂട്ടുകയും ചെയ്തു.
ചേര രാജാവ് നിർമ്മിച്ചതെന്ന് പ്രശസ്തിയുള്ള ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന പാണ്ഡ്യകാല നിർമ്മാണ ശൈലിയുടെ സ്വാധീനം ആ ശ്രേഷ്ഠ സംഭാവനകൾക്ക് സാക്ഷ്യം പറയുന്നു.
പിന്നെയും അനവധി നൂറ്റാണ്ടുകൾ നവപാഷാണ വിഗ്രഹം പ്രയാസമേതുമില്ലാതെ പഴനിമലയിൽ പ്രൗഢിയോടെ നിലകൊണ്ടു.
കൃത്യമായി പറഞ്ഞാൽ, നേരിട്ടുള്ള ആക്രമണത്തിലൂടെ ക്ഷേത്രങ്ങളെ തകർക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ട ഹിന്ദു വിരുദ്ധ ശക്തികൾ നിയമത്തെയും സർക്കാരുകളെയും കൂട്ടുപിടിച്ചു അതിനിറങ്ങി തിരിച്ചു തുടങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ.
ദുരയും പണക്കൊതിയും മൂലം ഈശ്വരനെ വിറ്റു തിന്നാൻ പോലും മടിയില്ലാത്തവരായി മാറിയ ചിലരെ ഹിന്ദു സമാജത്തിൽ നിന്ന് തന്നെ വിലക്കെടുക്കാൻ കൂടി സാധിക്കുന്ന അവസ്ഥ വന്നതോടെ അവരുടെ ജോലി എളുപ്പമായി.
1983-84 കാലഘട്ടത്തിലാണ് പളനി വിരുദ്ധ ഗൂഢാലോചനകൾ പൂർണ്ണ രൂപത്തിൽ കളത്തിലിറങ്ങുന്നത്.
1970കളോടെ തന്നെ നിരവധി സിദ്ധ ക്ലിനിക്കുകൾ പഴനിമലക്ക് ചുറ്റും കൂണ് പോലെ മുളച്ചു പൊന്താൻ ആരംഭിച്ചിരുന്നു.
സർവ്വ രോഗങ്ങൾക്കും ഔഷധമായ പളനി മുരുഗ വിഗ്രഹത്തിലെ നവപാഷാണ കൂട്ടാണ് മരുന്നുകളിൽ ചേർക്കുന്നത് എന്നവരൊക്കെയും പരസ്യം ചെയ്തിരുന്നു.
സ്വാഭാവികമായും പളനിയപ്പന്റെ വിഗ്രഹത്തിൽ നിന്ന് അർച്ചകർ നവപാഷാണ പൊടിയും കഷ്ണങ്ങൾ പോലും ചുരണ്ടിയും പൊട്ടിച്ചും പുറത്ത് വിൽക്കുന്നുണ്ടാവാം എന്ന സംശയം പൊതുസമൂഹത്തിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ശ്രീകോവിലിന്റെ ഉള്ളറയിൽ പ്രവേശിക്കാൻ ആകെ അനുവാദമുള്ള ഗുരുക്കളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനും അവരുടെ വിശ്വാസ്യത തകർക്കാനും ഉദ്ദേശിച്ചുള്ള കരുതിക്കൂട്ടിയുള്ള നുണ പ്രചരണങ്ങൾ മാത്രമായിരുന്നു അവയെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.
പളനിയിൽ പെട്ടെന്ന് പൊന്തിയ ഒരൊറ്റ സിദ്ധാ ക്ലിനിക്കിലെ ഒരൊറ്റ മരുന്നിൽ പോലും നവപാഷാണത്തിന്റെ യാതൊരു അംശവും ഒരുകാലത്തും ഇല്ലായിരുന്നു.
വ്യാജ പരസ്യം ചെയ്തു ജനങ്ങളെ കബളിപ്പിച്ച ക്ലിനിക്കുകൾ എല്ലാം സ്റ്റേറ്റ് ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണത്തിൽ അടച്ചു പൂട്ടാൻ ഉത്തരവായി.
പളനി വിഗ്രഹത്തിന് തേയ്മാനവും പൊട്ടലും ഉണ്ടെന്ന് സ്ഥാപിക്കാനായി ആരംഭിച്ച ഉദ്യമം അതോടെ ആദ്യ ഘട്ടത്തിലേ തകർന്നു പോയി.
എന്നാൽ അത് കൊണ്ട് ശ്രമം അവസാനിപ്പിച്ച് അടങ്ങിയിരിക്കാൻ തല്പര കക്ഷികൾ ഒരുക്കമായിരുന്നില്ല.
1983 മുതൽ പളനി വിഗ്രഹത്തിന്റെ നില അപകടത്തിലാണെന്നും, വിഗ്രഹത്തിന്റെ ഉടലിന് കാര്യമായ പരിക്കുകളും പൊട്ടലുകളും ഉണ്ടെന്ന്, ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് വിഗ്രഹമെന്നും ആരോപിച്ചു കൊണ്ടുള്ള നിരവധി ഹർജികൾ സർക്കാരിന് സമർപ്പിക്കപ്പെട്ടു.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പലവിധ സംഘടനകളുടെയും വ്യക്തികളുടെയും പേരിലായി നൂറിലേറെ അപേക്ഷകളാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് വിഗ്രഹം പുതുക്കി പണിയാനോ പുതിയ വിഗ്രഹം സ്ഥാപിക്കാനോ തയ്യാറാവണം എന്നാവശ്യപ്പെട്ട് സർക്കാരിന് മുന്നിലെത്തിയത്.
വിഗ്രഹത്തിന്റെ മുഖത്തിനുള്ള പൂർണ്ണതയും മിനുസവും ഉടൽ ഭാഗത്തിനില്ലെന്നും, താരതമ്യത്തിൽ പരിശോധിച്ചാൽ കീഴ്ഭാഗത്ത് ശോഷണത്തിന്റെ അടയാളങ്ങൾ കണ്ടെത്താമെന്നും, കാൽമുട്ടുകളുടെ ഭാഗം ഏത് നിമിഷവും വിഗ്രഹം നിലംപതിക്കാൻ പോന്നത്രയും ദുർബലമാണെന്നും മറ്റുമുള്ള വാദങ്ങൾ അവയിലെല്ലാം ഉയർത്തിയിരുന്നു.
എന്നാൽ വിഗ്രഹത്തിനു യാതൊരു മാറ്റവും ഇല്ലെന്നും, തങ്ങൾ കണ്ടു തുടങ്ങിയ കാലം മുതൽക്കേ വിഗ്രഹം ഈ മട്ടിൽ തന്നെയാണെന്നും, മുഖവും ഉടലും തമ്മിലുള്ള വ്യത്യാസത്തിനും കീഴ്ഭാഗത്തെ ശോഷിത ഭാവത്തിനും കാൽമുട്ടുകളുടെ ദുർബല പ്രകൃതിക്കും മറ്റുമുള്ള കാരണങ്ങൾ ഭോഗർ നടത്തിയ പ്രതിഷ്ഠയുമായി തന്നെ ബന്ധപ്പെട്ട ഐതീഹ്യങ്ങളിൽ ഉണ്ടെന്നും അർച്ചകരായ ഗുരുക്കളും ക്ഷേത്രത്തിലെ നിത്യ സന്ദർശകരായ വിശ്വാസികളും ആണയിട്ട് പറഞ്ഞത് കേൾക്കാൻ ആരും ഒരുക്കമായിരുന്നില്ല.
1984ൽ തന്നെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ പളനി ക്ഷേത്രത്തെ സംരക്ഷിക്കാൻ എന്ന ന്യായം നിരത്തി പുരാതന നവപാഷാണ വിഗ്രഹം മാറ്റി പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
അതിശക്തമായ വിശ്വാസി പ്രക്ഷോഭമാണ് തുടർന്നുള്ള നാളുകളിൽ തമിഴ്‌നാട് കണ്ടത്.
മറ്റേതെങ്കിലും ക്ഷേത്രത്തിൽ കേടുപാടുള്ള വിഗ്രഹം മാറ്റി പുതിയ വിഗ്രഹം പുനഃപ്രതിഷ്ഠിക്കുന്ന പോലെയായിരുന്നില്ല പഴനിയിൽ.
പഴനി ക്ഷേത്രത്തിന്റെ മൗലികമായ പ്രാധാന്യം തന്നെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹവും അതിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുമാണ്.
ആ വിഗ്രഹം മാറ്റി പുതിയൊരെണ്ണം പ്രതിഷ്ഠിക്കുക എന്നാൽ പഴനി ക്ഷേത്രത്തെ മറ്റനേകം മുരുഗ ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമായി മാറ്റുക എന്നാണർത്ഥം.
നവപാഷാണ വിഗ്രഹമില്ലാതെ പഴനി ക്ഷേത്രം പഴനി ക്ഷേത്രമേ അല്ലാതാവുമായിരുന്നു.
ആയിരത്താണ്ടുകളായി ആരാധിച്ചു വന്ന ദണ്ഡായുധപാണിയെ ഒരു ദിവസം ഉപേക്ഷിച്ചു ഇരുട്ട് നിലവറയിൽ അടയ്ക്കുന്നത് പഴനി മലയിൽ ജീവൻ സൂക്ഷിക്കുന്ന തമിഴ്‌നാട്ടിലെ മുരുഗ ഭക്തർക്ക് ചിന്തിക്കാനാവുമായിരുന്നില്ല.
അക്കാലത്ത് അന്നാട്ടിലെ ഓരോ വിശ്വാസിയും സ്വയവും പരസ്പരവും ചോദിച്ചിരുന്നൊരു ചോദ്യമുണ്ടത്രേ.
"എല്ലാരെയും പളനി മുരുഗൻ കാപ്പാത്തുവോം..
പളനി മുരുഗനെ യാര് കാപ്പാത്തുവോം??"
അതിന്റെ ഉത്തരം മുരുഗനും ഭോഗരും കേട്ട ശിവ വാണിയായി അവർ ഓരോരുത്തരുടെയും ഉള്ളിൽ ആവർത്തിച്ചു അലയടിച്ചു.
"അന്ത പളമേ നീതാനപ്പാ!!"
ഇത്ര നാളും തങ്ങളെ കാത്തുരക്ഷിച്ച മൂർത്തിയോട് ഇപ്പോളതിനൊക്കെയും ഉള്ള നന്ദിയും കടപ്പാടും കാണിക്കേണ്ടത് തങ്ങളുടെ ധർമ്മമാണ് എന്നവർ തിരിച്ചറിഞ്ഞു.
പളനിയപ്പൻ ദൈവമാണെങ്കിൽ സ്വയം രക്ഷിക്കാമല്ലോ എന്ന് പറഞ്ഞു മുരുഗന്റെ ശക്തി പരീക്ഷിക്കാനുള്ള അവസരമായി ആ പ്രതിസന്ധി ഘട്ടത്തെ അവർ ഉപയോഗിച്ചില്ല.
യഥാവിധി മൂർത്തിയുടെ രക്ഷ ചെയ്യുന്നവർക്ക് മാത്രമേ രക്ഷ പകരേണ്ട കടമ മൂർത്തിക്കുള്ളൂ എന്നവർ നന്നായി മനസിലാക്കിയിരുന്നു.
പളനി മുരുഗൻ നിലനിൽക്കേണ്ടത് പളനി മുരുഗന്റെ ആവശ്യമല്ല, തങ്ങളുടെ ആവശ്യമാണ് എന്നതിൽ അവർക്ക് സംശയവും ഇല്ലായിരുന്നു.
'അത് ഞാൻ തന്നെ' എന്ന അറിവിന്റെ ആവേശത്തിൽ അവർ നയിച്ച പ്രക്ഷോഭത്തിന് മുന്നിൽ ഒന്നല്ല, മൂന്ന് സർക്കാരുകൾക്കാണ് മുട്ട് മടക്കേണ്ടി വന്നത്.
ആദ്യത്തെ ഊഴം 1984ൽ എം.ജി രാമചന്ദ്രന്റെ സർക്കാരിന് തന്നെയായിരുന്നു.
വിശ്വാസി പ്രക്ഷോഭത്തെ തുടർന്ന് വിഗ്രഹം മാറ്റാനുള്ള തീരുമാനം പിൻവലിച്ച എം.ജി.ആർ വിഷയം പഠിക്കാൻ ജസ്റ്റിസ് സദാശിവം അധ്യക്ഷനായ കമ്മീഷൻ രൂപീകരിച്ചു.
കമ്മീഷൻ വിശദമായ പഠനത്തിന്റെ അവസാനം വിഗ്രഹം മാറ്റേണ്ട സാഹചര്യമില്ല, അഭിഷേകങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി ഭാവിയിൽ കേടുപാടില്ലാതെ നവപാഷാണ വിഗ്രഹം നിലനിർത്തിയാൽ മതിയാവും എന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
അത് കൊണ്ടും അടങ്ങാൻ തയ്യാറാവാത്ത ക്ഷേത്ര വിരുദ്ധ ശക്തികൾ വിഗ്രഹം മാറ്റിക്കാനുള്ള സമ്മർദ്ധം തുടർന്ന് കൊണ്ടിരുന്നു.
പിന്നെയും പിന്നെയും അതേ ആവശ്യം ഉന്നയിച്ചു മാറി വരുന്ന സർക്കാരുകൾക്കൊക്കെ മുന്നിൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടു.
1994ൽ വന്ന ആദ്യ ജയലളിതാ മന്ത്രിസഭ എം.ജി.ആറിന്റെ പ്രഖ്യാപനം നടപ്പിലാക്കുക അഭിമാന പ്രശ്നമായി ഏറ്റെടുത്തു.
വീണ്ടും നവപാഷാണ വിഗ്രഹം മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വീണ്ടും അതിശക്തമായ വിശ്വാസി പ്രക്ഷോഭമുണ്ടായി.
വീണ്ടും സർക്കാരിന് നിലപാട് മാറ്റി തീരുമാനം പിൻവലിക്കേണ്ടി വന്നു.
2002ൽ ജയലളിതയുടെ സർക്കാർ തന്നെ പിന്നെയും പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു.
അഭിഷേകം നടത്താനായി മൂലവരുടെ നവപാഷാണ വിഗ്രഹത്തെ മറച്ചു കൊണ്ട് നിൽക്കുന്ന 200 കിലോഗ്രാം ഭാരം വരുന്ന വിഗ്രഹം നിർമ്മിക്കാനായിരുന്നു തീരുമാനം.
തമിഴ്നാട് എച്.ആർ&സി.ഇ ഡിപ്പാർട്മെന്റിനെയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയുടെയും നേതൃത്വത്തിൽ വിഖ്യാത വിഗ്രഹ ശില്പിയും പദ്മശ്രീ ജേതാവുമായ മുത്തയ്യ സത്പതിയെ പുതിയ വിഗ്രഹത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചു.
വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്നു കൊണ്ട് 2004 ജനുവരി 25ന് അർധരാത്രി പഴനി മുരുഗൻ കോവിലിൽ മൂലവിഗ്രഹത്തെ മറച്ചു കൊണ്ട് പഞ്ചലോഹ അഭിഷേക വിഗ്രഹം സ്ഥാപിക്കപ്പെട്ടു.
എന്നാൽ അത് കൊണ്ട് തോൽവി സമ്മതിക്കാൻ അവിടുത്തെ മുരുഗ ഭക്തർ തയ്യാറായിരുന്നില്ല.
കൂടുതൽ ശക്തിയോടെ സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച നവപാഷാണ വിഗ്രഹത്തെ കണ്ടു വണങ്ങാനുള്ള അവകാശത്തിന് വേണ്ടി അവർ പ്രതിഷേധം തുടർന്ന്.
പുതിയ വിഗ്രഹത്തിന്റെ നിർമ്മാണത്തിലെ അപാകതകളും ക്രമക്കേടുകളും ഓരോന്നായി അവർ തുറന്ന് കാട്ടി.
അഭിഷേക വിഗ്രഹം കൊണ്ട് മറച്ച മൂല വിഗ്രഹത്തിനു പകരം അതിന്റെ അനുകരണം സ്ഥാപിച്ചു യഥാർത്ഥ നവപാഷാണ വിഗ്രഹത്തെ വിദേശത്തേക്ക് കടത്താനുള്ള ഗൂഢാലോചനയും പരിശ്രമങ്ങളും വെളിച്ചത്ത് കൊണ്ട് വന്നു.
അനുദിനം കൂടുതൽ ശക്തി പ്രാപിക്കുന്ന വലിയ പ്രതിഷേധത്തിൽ നിന്ന് സർക്കാരിന് ഏറെ കാലം ഓടിയൊളിക്കാൻ സാധിച്ചില്ല.
സ്ഥാപിച്ചതിനു വെറും അഞ്ചു മാസത്തിനകം 2004 ജൂൺ 7ന് പുതിയ വിഗ്രഹം എടുത്ത് മാറ്റുകയും അതിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവാകുകയും ചെയ്തു.
ഈ വർഷമാണ്, ഇക്കഴിഞ്ഞ 2018 മാർച്ച് 26ന്, പളനിയിലെ മൂല വിഗ്രഹം കടത്താൻ ശ്രമിക്കുകയും പഞ്ചലോഹ വിഗ്രഹത്തിന്റെ നിർമ്മാണത്തിൽ സ്വർണ്ണത്തിന്റെ അളവിൽ പോലും ക്രമക്കേട് കാണിക്കുകയും എച്.ആർ&സി.ഇ വകുപ്പിന് ഒന്നര കോടിയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ. രാജയെയും മുഖ്യ ശില്പി മുത്തയ്യ സത്പതിയെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.
വേറെയും വിഗ്രഹ നിർമ്മാണങ്ങളിലെ ക്രമക്കേട് പുറത്ത് വന്നതിനെ തുടർന്ന് സത്പതിയുടെ പദ്മശ്രീ തിരിച്ചെടുക്കണം എന്ന ആവശ്യത്തിന്മേൽ കേന്ദ്രം തീരുമാനമെടുത്ത് വരികയാണ് എന്ന് കേൾക്കുന്നു.
1983 മുതൽ പളനി വിഗ്രഹത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയ ശക്തികളോ അതിന് കൂട്ട് നിന്ന ഭരണകർത്താക്കളോ ഇന്ന് ജീവിച്ചിരിപ്പില്ല.
എന്നാൽ അടുത്ത നിമിഷം തകർന്നു നിലംപൊത്തും എന്നവർ ഭീഷണിപ്പെടുത്തിയിരുന്ന അരുൾമിഗു ദണ്ഡായുധപാണി സാക്ഷാൽ ശ്രീ മുരുഗൻ 35 വർഷത്തിനിപ്പുറവും ഒരിളക്കവുമില്ലാതെ അതേ കോവിലിൽ അനുഗ്രഹദായിയായി വാണരുളുന്നു.
വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച തമിഴന്റെ പോരാട്ട വീര്യത്തിലാണ് ആ ക്ഷേത്രമിപ്പോഴും നിലനിൽക്കുന്നത്.
പളനി മുരുഗനെ യാര് കാപ്പാത്തുവോം എന്ന ചോദ്യത്തിന് "ഞാൻ" എന്നുത്തരം പറയാൻ അവൻ കാണിച്ച ധീരതയിലാണ് പളനിമുരുഗൻ ഇപ്പോഴും ലോകരക്ഷകനായി തുടരുന്നത്.
ഒരല്പമെങ്കിലും അവർ പതറിയിരുന്നെങ്കിൽ, ഒരിഞ്ചു താഴ്ന്നിരുന്നെങ്കിൽ, എപ്പോഴെങ്കിലും പിന്മാറിയിരുന്നെങ്കിൽ, സംശയിച്ചു നിന്നിരുന്നെങ്കിൽ, പരാജയ ഭീതിയിൽ പെട്ടിരുന്നെങ്കിൽ, സമരപാത വെടിഞ്ഞിരുന്നെങ്കിൽ, നിരാശയിൽ പൂണ്ടിരുന്നെങ്കിൽ.. പളനി മുരുഗൻ ഇന്നില്ല.
ആ വീര്യത്തിൽ നിന്ന്, ആ ധീരതയിൽ നിന്ന്, ആ സ്ഥിരോത്സാഹത്തിലും സ്ഥൈര്യത്തിലും നിന്ന് മലയാളിക്ക് പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്.
ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലൂടെ സ്വന്തം ഭാഷയെ,
ജല്ലിക്കെട്ട് പ്രക്ഷോഭത്തിലൂടെ സ്വന്തം സാംസ്‌കാരിക പൈതൃകത്തെ,
പളനീ ക്ഷേത്ര പ്രക്ഷോഭത്തിലൂടെ സ്വന്തം വിശ്വാസങ്ങളെ.. ഇവയൊക്കെ സംരക്ഷിച്ചു നിർത്തിയ തമിഴനൊരു വലിയ മാതൃകയാണ്.
എതിര് നിന്നതാരെന്നു നോക്കാതെ മുഴുവൻ ശക്തിയുമെടുത്ത് പോരാടിയ ആ സമരങ്ങൾക്കൊടുവിലൊക്കെ അവൻ മുട്ടുമടക്കിച്ച സർക്കാരുകളുടെ എണ്ണവും വലിപ്പവും വലിയ ആവേശവും.
പളനി മുരുഗന്റെ സഹോദരനാണ് അയ്യപ്പൻ.
തത്വമസിയുടെ തമിഴാണ് നീ താനപ്പാ.