2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം.


 അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം...

പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിനും ആ ദേശത്തിനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ ദേശത്തിന്റെ പൂർവ ചരിത്രത്തിനും ക്ഷേത്രോൽഭവത്തിനും തമ്മിലുണ്ട് .ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മദ്ധ്യതിരുവിതാംകൂറിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ .താലൂക്ക് തലസ്ഥാനമായ അടൂർ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു പള്ളിക്കൽ പഞ്ചായത്ത് അതിർത്തിയിൽപെട്ട പെരിങ്ങനാട് വില്ലേജിലാണ് .എം സി റോഡിൽ അടൂർ നിന്നും കായംകുളം റോഡിൽ കൂടി രണ്ടു കിലോമീറ്റർ പടിഞ്ഞാറോട്ടു ചെന്ന് ചേന്നംപള്ളിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇ വി റോഡിൽ കൂടി 2 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചാൽ ഈ ക്ഷേത്ര സങ്കേതത്തിൽ എത്താം.


പെരിങ്ങനാട് ദേശം ഒരു കാലത്തു കായകുളം രാജാവിന്റെ അധികാരാതിർത്തിയിൽ ആയിരുന്നു .ക്ഷേത്രം നിൽക്കുന്ന സ്ഥലം പൂവൻകുന്നിമല ,തേവർകോട്ടുമല,അട്ടകൊട്ടുമല,കടക്കുന്നിമല ,കുന്തിരിങ്ങാമല,ആതിരാമല എന്നീ കുന്നിൻ പ്രദേശങ്ങളുടെ മദ്ധ്യഭാഗത്താണ് .


പൂർവരാശിയിലുള്ള തടകാഭിമുഖമായ പശ്ചാൽ ഭഗത് നാഗരാജ വാസമുള്ള പൂങ്കാവിനാൽ രക്ഷിതമായ ദക്ഷിണോത്തര ഭാഗങ്ങളിൽ ഉള്ള വിശാല മൈതാനങ്ങളാൽ പരിസേവ്യമാനമായി വിശ്വസംരക്ഷകനും സംഹാര മൂർത്തിയും അഭയവരദായകനുമായി വാണരുളുന്ന തൃച്ചേന്ദമംഗലത്തു മഹാദേവരുടെ ക്ഷേത്രം ഉണ്ടായത് എന്നാണെന്ന് കൃത്യമായി പറയാൻ തക്ക ചരിത്രരേഖകൾ ഒന്നും തന്നെ ലഭ്യമല്ല ശിലാ ലിഖിതങ്ങൾ വളരെ പഴക്കമുള്ള ലിപി സമ്പ്രദായത്തിലാണ് കാണപ്പെടുന്നത് .


ടിപ്പുവിന്റെ പടയോട്ടകാലത്തു മുമ്പുതന്നെ ഒരു വാണിജ്യ കേന്ദ്രവും തുറമുഖവുമായിരുന്ന കല്ലടയിൽ നിന്നും പറക്കോട് ,പത്തനാപുരം ,പുനലൂർ ,ചെങ്കോട്ടവഴി തൂത്തുകുടിയിലേക്കുള്ള രാജപാതയിലെ ഒരു പ്രധാന താവളം ഈ ക്ഷേത്ര സങ്കേതമായിരുന്നു .ക്ഷേത്രത്തിനു തെക്കുവശത്തും വടക്കുവശത്തും വിശാലമായി കിടക്കുന്ന മൈതാനങ്ങൾ ആശ്വസംരക്ഷണത്തിനും സേന സന്നിവേശത്തിനും ഉള്ള കുതിരപ്പന്തികളായി ഉപയോഗിച്ചിരുന്നു .തെക്കുവശത്തുള്ള മൈതാനത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള കല്ലുകെട്ടി സൂക്ഷിച്ചിട്ടുള്ളതും ഒരിക്കലും വറ്റാത്തതുമായ ഒരു വൻചിറക്ക് (മാതരേശ്വരംകുളം) പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രത്തിലെ ആറാട്ടിന് ദേവനെ എഴുന്നള്ളിച്ചിരുത്തുന്ന കളപ്പുര മാളികയുടെ ശിഷ്ടഭാഗങ്ങൾ ഇന്നും കാണ്മാനുണ്ട് .”വടക്കു നിന്ന് പടവെട്ടി മറ്റോ നാലു കുറവർ ഈ ദിക്കിൽ വന്നതായും അവർ ഒരു കാട്ടിലെ കാട്ടുകുറ്റികൾ തെളിച്ചുകൊണ്ടിരിക്കവേ ‘ചേന്നൻ‘ എന്ന ഒരു കുറവൻ തന്റെ വെട്ടുകത്തി ഒരു കല്ലിൽ തേച്ചപ്പോൾ രക്തം കണ്ടതായും ആ കല്ല് ഈ പ്രതിഷ്ഠയായും തീർന്നു എന്നുമാണ് കഥ .


ഈ ക്ഷേത്ര നാമധേയം “ഈശാന്തിമംഗലം” എന്നായിരുന്നു .മുന്നൂറു വര്ഷം മുൻപ് ക്ഷേത്രഭരണാധികാരികളായ ബ്രാഹ്മണന്മാർ തമ്മിലുള്ള ഒരു വ്യവഹാരത്തിൽ ‘ഈശാന്തിമംഗലം‘ എന്ന പേര് ഉപേക്ഷിച്ച് ‘തൃച്ചേന്ദമംഗലം‘ എന്ന പുതിയ പേര് സ്വീകരിച്ചുകൊണ്ടുള്ള റിക്കാർഡുകൾ തിരുവനന്തപുരത്തു ഹജൂരാഫിസിൽ  ഇന്നുമുണ്ട്.


രാജപാതയുടെ സംരക്ഷണത്തിൽ ഏർപ്പെട്ട ഒരു കുറവൻ (ചേന്നൻ) ആയുധത്തിനു മൂർച്ച കൂട്ടാനായി ഒരു കല്ലിൽ തേച്ചപ്പോൾ രക്തം ഒഴുകിവരുന്നത്‌ കണ്ടു ബോധരഹിതനാകുകയും വിവരം അറിഞ്ഞ് ‘മഹാദേവരുടെ അധിവാസമുള്ള ‘ ആ ശിലാഭാഗം പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രമുണ്ടാക്കണമെന്ന് അന്നത്തെ നാട്ടു ജന്മിയും സമീപസ്ഥനുമായ മംഗലശ്ശേരിൽ പോറ്റിയുടെ നിർദ്ദേശമനുസരിച്ച് നാട്ടുകാരുടെ ഒത്താശയോടുകൂടി ഈ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു .ഉടയാനായി സങ്കൽപ്പിച്ച് മംഗലശ്ശേരി പോറ്റിയെ ഇവിടെ ഇന്നും ആരാധിച്ചു വരുന്നു .


നൂറ്റുപേരാൽ നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പാണ്ഡവർ കാട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തു പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം സമ്പാദിക്കാൻ ഇന്ദ്രപുത്രനായ അർജുനൻ തപസ്സു ചെയ്യുകയും പരമശിവൻ കിരാത വേഷം ധരിച്ചു അർജുനനോട് യുദ്ധം ചെയ്യുകയും ഭക്തനായ അർജുനനന്റെ ബാഹുബലവും തപോബലവും പരീക്ഷിച്ചു സംതൃപ്തനായി പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്ത കഥ ഭാരത പ്രസിദ്ധമാണ് .ശിവ ഭക്തനായ അർജുനൻ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു . പാണ്ഡവർ സമീപ പ്രദേശങ്ങളിൽ പാർത്തിരുന്നു എന്ന ഊഹിക്കത്തക്കവിധം നൂറനാട് (നൂറ്റുപേർനാട്),ഐവർകാല,കുന്തിരിങ്ങാമല(കുന്തി ഇരുന്ന മല),കൊറ്റനല്ലൂർ (കൂറ്റനെല്ലൂർ ) മുതലായ സ്ഥലനാമങ്ങൾ സമീപ പ്രദേശങ്ങൾക്ക് ഇന്നുമുണ്ട്.


ശില്പകലാവൈദഗ്ധ്യത്തിന്റെയും ശാസ്ത്രിയ തത്ത്വമനുസരിച്ചുള്ള ക്ഷേത്ര നിര്മിതിയുടെയും ഉത്തമോദാഹരണമായി ശോഭിക്കുന്ന പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിന്റെ നിർമ്മാണകാലം ,പഴക്കം എന്നിവ ക്ഷേത്രോല്പത്തി പോലെ ഇന്നും അജ്ഞാതമാണ് .എങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ ചുറ്റമ്പലം കൊല്ലവർഷം 982 ൽ പണി തീർന്നതായി അവിടെ കാണുന്ന ശിലാലിഖിതങ്ങളിൽ നിന്നും വെളിപ്പെടുന്നു .ശ്രീകോവിലിന്റെ ചുവരിൽ ഉള്ള ശിലാലിഖിതങ്ങൾ അതി പ്രാചീനങ്ങളായ ലിപി സമ്പ്രദായത്തിലാകയാൽ ഉൾപ്പോരുൾ അറിയാൻ നിർവാഹമില്ല .


ഇവിടുത്തെ പ്രധാന പ്രതിഷ്ഠാ മൂർത്തി ശിവനാണ് .’വിളിച്ചാൽ വിളികേൾക്കുന ദേവൻ ‘എന്ന് ഭക്തന്മാർ വിശ്വസിക്കുന്നു.’ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീധിയതേ‘ എന്നാ ഗീതാവചന തത്ത്വമനുസരിച്ചു സപ്തധാതുപൂരിതമായ ശരീരം പോലെ ചുറ്റുമതിൽ ,ചുറ്റമ്പലം ,ശ്രീകോവിൽ ,ഗർഭശ്രീകോവിൽ ,മണിത്തറ ,പീഠത്തറ ,തളക്കല്ല് എങ്ങനെ ക്ഷേത്രം നിർമിച്ചിരിക്കുന്നു .കരിങ്കല്ല് കൊണ്ടുള്ള ഗർഭശ്രീകോവിലും അതിമനോഹരമായ ദാരുശില്പങ്ങളാൽ അലംകൃതമായ ശ്രീകോവിലും ചെമ്പുമേഞ്ഞു സൂക്ഷിച്ചിരിക്കുന്നു .പ്രധാന ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്തു ശ്രീ പാർവതി പ്രതിഷ്ഠയും പൂജകളും ഉണ്ട് .ശ്രീകോവിലിനു മുൻഭാഗത്തു മണ്ഡപവും ശ്രീകോവിലിനോട് ചേർന്ന് പ്രത്യേകം മഹാഗണപതി പ്രതിഷ്ഠയും ചുറ്റമ്പലത്തിനുള്ളിലുണ്ട് .


ചുറ്റമ്പലത്തിന്റെ തെക്കുവശത്തായി ഭൂതത്താൻ ,യക്ഷി ,ശാസ്താവ് എന്നി ദേവന്മാരുടെയും പടിഞ്ഞാറുവശത്തായി നാഗരാജാവ് ,നാഗയക്ഷി , മാടൻ ,ഉടയാൻ ,രക്ഷസ്സ് എന്നീ ദേവതകളുടെയും വടക്കുഭാഗത്ത് ദുർഗ്ഗാദേവിയും തെക്കുഭാഗത്ത് പുറത്തായി ഭദ്രകാളി പ്രതിഷ്ഠയും ഉണ്ട് .മൂർത്തിക്കും ഗരുഡനും മലദൈവങ്ങൾക്കും പ്രത്യേകം ആരാധനവിഗ്രഹങ്ങളും ,സ്ഥാനങ്ങളും ഇല്ലെങ്കിലും പ്രത്യേക പൂജകൾ പതിവുണ്ട് .


വടക്കുവശത് സുപ്രസിദ്ധിയാർജിച്ച ഊട്ടുപുരയുണ്ട് ഓച്ചിറ ദേശത്തെ കരക്കാർ തമ്മിൽ പിണങ്ങി ,യോജിപ്പിലെത്താൻ പല സ്ഥലങ്ങളിൽ വെച്ച ആലോചനകൾ നടന്നു .ഒടുവിൽ പെരിങ്ങനാട്ടെത്തി ഈ ഊട്ടുപുരയിൽ വെച്ച് നടത്തിയ ആലോചനയിൽ ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടു എന്നും അതനുസരിച്ച് ഓച്ചിറകളി ആരംഭിക്കുന്ന അവസരങ്ങളിൽ കരക്കാർ ഇപ്പോഴും ‘പെരിങ്ങനാട്ടെ ഊട്ടുപുരയിൽ വെച്ച് നിശ്ചയിച്ചതുപോലെ ‘എന്നു സ്മരിച്ചുകൊണ്ടാണ് കളി തുടങ്ങുന്നത് .


ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന് പ്രദശിപ്പിക്കുന്ന സ്വർണനിർമ്മിതമായ ഏഴരപൊന്നാന ഈ നാട്ടിലെ വിദഗ്ദ്ധ ശിൽപികൾ ഇവിടെ വെച്ച് പണിതു കൊടുത്തതായി ഐതീഹ്യം,ഏറ്റുമാനൂരും ഇവിടെയും ഒരേ സമയത്താണ് ഉത്സവം എന്നതും ശ്രദ്ധാർഹമാണ്‌.


കേരളം മുഴുവൻ ഒരു കാലത്തുബ്രാഹ്മണന്മാരുടെ വകയായിരുന്നുവെന്നാണല്ലോ ഐതീഹ്യം .മംഗലശ്ശേരിൽ പോറ്റി ,കുമാരമംഗലത്തു നമ്പൂതിരി , വാക്കമഞ്ഞിപ്പുഴപണ്ടാരത്തിൽ ,കയവേലി (താമരശ്ശേരി )മഠത്തിൽ പോറ്റി തുടങ്ങിയവരുടെ ഭരണചുമതലയിൽ ഈ ക്ഷേത്രം വിവിധ കാലഘട്ടങ്ങളിൽ ഇരുന്നതായി രേഖകൾ ഉണ്ട് .


പ്രബുദ്ധരായ നാട്ടുകാർ 1955 ൽ ക്ഷേത്രത്തിന്റെ ഭദ്രതയെ മുഖ്യ ലക്ഷ്യമായി കരുതികൊണ്ട് 42 – ആം നമ്പർ ‘പെരിങ്ങനാട് മഹാദേവ വിലാസം ഹൈന്ദവസംഘം ‘എന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്തു ,നല്ല ഒരു ഭരണഘടന ഉണ്ടാക്കി പ്രവര്ത്തനം ആരംഭിച്ചു .1974 ൽ ക്ഷേത്രത്തിന്റ്രെ ഭരണാവകാശിയായിരുന്ന താമരശ്ശേരിമഠത്തിൽ ബ്രഹ്മശ്രീ രാധാകൃഷ്‌ണഭട്ടതിരി അവർകൾ ക്ഷേത്രവും വസ്തുവകകളും ഹൈന്ദവസംഘത്തെ രേഖാമൂലം ഏൽപ്പിക്കുകയും ചെയ്തു.തെക്കുമുറി ,മുണ്ടപ്പള്ളി ,

ചെറുപുഞ്ച,പോത്തടി,കുന്നത്തൂക്കര, മലമേക്കര ,അമ്മകണ്ടകര ,കരുവാറ്റ ,

മേലൂട് ,മൂന്നാളം എന്നീ പത്ത് കരകളാണ് ക്ഷേത്രത്തിലുള്ളത്


ഈ ക്ഷേത്രത്തിന്റെ തന്ത്രി സ്ഥാനം ചെങ്ങന്നൂർ താഴമൺ മഠത്തിലേക്കാണ്.


പറയെടുപ്പ്മഹോത്സവം


പെരിങ്ങനാട് ദേശത്തിന്റെ ഉത്സവാഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിലെ പറയെടുപ്പ് മഹോത്സവത്തോട്കൂടിയാണ്. എല്ലാ മഹാദേവ വിശ്വാസികളും ജാതിമത ഭേദമില്ലാതെ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്ന ഒന്നാണു ഭഗവാന്റെ ഒരുമാസക്കാലം രാപകൽ ഭേദമില്ലാതെ നടക്കുന്ന ഭഗവാന്റെ പറയെടുപ്പ് മഹോത്സവം .മഹാദേവന്‍ ജീവിതയില്‍കരകളിലെ എല്ലാഭവനവും സന്ദര്‍ശിച്ചു ഭക്തര്‍ സമര്‍പ്പിക്കുന്ന നിറപറയും സ്വീകരിച്ചു അനുഗ്രഹവര്‍ഷം ചൊരിയുന്നു....ഈ മഹാക്ഷേത്രത്തില്‍ പത്തു കരകള്‍ ആണുള്ളത് തെക്കുംമുറി ,മുണ്ടപ്പള്ളി ,ചെറുപുഞ്ച ,പോത്തടി ,കുന്നത്തൂക്കര ,മലമേക്കര ,കരുവാറ്റ ,അമ്മകണ്ടകര ,മേലൂട് ,മൂന്നാളം എന്നിങ്ങനെയാണ് കരകള്‍,


ആറാട്ടുത്സവം


ഈ മഹാക്ഷേത്രത്തില്‍ ,,ചതയം നാളില്‍ തൃക്കോടിയേറി തിരുവാതിര തിരുനാളില്‍ ആറാട്ടു വരത്തക്കവിധം ആണു തിരുവുത്സവം

നടക്കുന്നത്. ക്ഷേത്രത്തിൽ കൊടിയേറ്റുദിവസം നടക്കുന്ന കൊടിയേറ്റുസദ്യ പ്രസിദ്ധമാണ്. ഭൂതഗണങ്ങൾക്കൊപ്പം ഭഗവാനും ഈ കൊടിയേറ്റ് സദ്യയിൽ പങ്കുകൊള്ളുന്നു എന്നാണ് വിശ്വാസം ..കൊടിയേറ്റിനുശേഷം കൊടിക്കീഴില്‍ ശയനപ്രദക്ഷിണം ഇവിടുത്തെ പ്രധാവവഴിപടുകളില്‍ ഒന്നാണു,,അരയിലും തലയിലും കുരുത്തോല കെട്ടി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കുളത്തിൽ മുങ്ങി ഈറനോടെ ഭഗവാന്റെ തിരുമുന്പിൽ ശയനപ്രദക്ഷിണം ചെയ്യുന്നു. അന്നപ്രാശനം കഴിഞ്ഞ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഭഗവാന്റെ തിരുമുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്നു. കൊടിക്കീഴില്‍ പറയിടീല്‍ ആണു മറ്റൊരു പ്രധാന വഴിപാട്‌, അൻപൊലിപ്പറ ഉൾപ്പെടെ ക്ഷേത്രത്തിൽ എല്ലാദിവസവും സമർപ്പിക്കാമെന്നിരിക്കെ കൊടിക്കീഴിൽ പറയിടുവാനുള്ള ഭക്തജനത്തിരക്കുമൂലം ഭക്തജനങ്ങൾ മണിക്കൂറുകൾ കാത്തു നിന്നാണ് പറ സമർപ്പിക്കുന്നത്. കൊടിയേറ്റിനുശേഷം പതിവ് പൂജകള്‍ക്ക്പുറമേ വിശേഷാല്‍ പൂജകളും 8ദിവസം ഉത്സവബലിയും എന്നും ഉണ്ടായിരിക്കുന്നതാണ്,,,

ഭഗവാന്‍റെഒന്‍പതാംഉത്സവനാളില്‍ പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്നത് .തിരുവുല്‍സവനാളില്‍ ശീവേലിക്ക് ശേഷം ആറാട്ട് ബലി നടക്കും അതിനുശേഷം ഭഗവാനേ ശാസ്താനടയില്‍ നിന്നാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്..കരക്കാര്‍ കരപറഞ്ഞതിനുശേഷം മഹാദേവന്‍,,,കരക്കാര്‍ അണിയിച്ചോരുക്കിയ തിരുമുല്‍ക്കാഴ്ച സ്വീകരിച്ചുഅനുഗ്രഹിക്കുന്നു..കരവിളിച്ചുകഴിഞ്ഞു ഭഗവാൻ, കരക്കാരൊരുക്കിയ തിരുമുൽക്കാഴ്ചയോടൊപ്പം കാശ്ചപ്പറമ്പിൽ തന്നെ ആനന്ദനടനമാടി ഭക്തരെ അനുഗ്രഹിക്കുന്നു. അതിനുശേഷം ഭഗവാൻ വിശ്രമിക്കുന്നത് ആറാട്ടുകുളത്തിനു സമീപം സ്ഥിതിചെയ്യുന്ന ആറാട്ട് കളപ്പുരയിൽ ആണു. അതിനുശേഷം പിറ്റേദിവസം വെളുപ്പിന് മൂന്നുമണിക്ക് ഭഗവാന്റെ ആറാട്ടും ആറാട്ടിന് ശേഷം ആറാട്ട് തിരിച്ചെ ഴുന്നള്ളത്ത്  ഉണ്ടാവും .അതിനു ശേഷം കൊടിയിറക്കൊടുകൂടി ആവര്ഷത്തെ ഉത്സവത്തിന്‌ പരിസമാപ്തിയാകുന്നു.


ക്ഷേത്രത്തിലെ ഉൽസവങ്ങളും സേവന പദ്ധതികളും


സപ്താഹം


ക്ഷേത്രത്തിൽ 7 ദിവസം.... നീണ്ടുനിൽക്കുന്ന സപ്താഹയജ്ഞവും വർഷംതോറും നടത്തുന്നു.


മഹാമൃത്യുയുഞ്ജയഹോമം


മഹാക്ഷേത്രങ്ങളിൽ മാത്രം നടത്തപ്പെടുന്ന, 7ദിവസം നീണ്ടു നിൽക്കുന്ന മഹാമൃതുജ്ഞയഹോമം ഈ തിരുസന്നിധിയിൽ നടത്തപ്പെടുന്നു


അഷ്ടദ്രവ്യ_മഹാ_ഗണപതിഹോമം


വിനായകചതുർഥി ദിനത്തിൽ ശ്രീ ഗണപതി ഭഗവാന്റെ പ്രീതിക്കായി എല്ലാ വർഷവും 1008 നാളീകേരത്തിന്റെ മഹാ ഗണപതിഹോമം നടത്തപ്പെടുന്നു...


മണ്ഡലചിറപ്പ്മഹോത്സവം


വൃശ്ചികം ഒന്നാംതീയതിമുതൽ41ദിവസം ഭഗവാന്റെ എഴുന്നള്ളത്തോടുകൂടി മണ്ഡലചിറപ്പ് വിപുലമായി നടത്തപ്പെടുന്നു .ചിറപ്പുദിവസങ്ങളിൽ ഉടയോൻസ്വാമി നടയിൽ നടക്കുന്ന പഴം എറിയൽ ചടങ്ങു ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് .


പ്രദോഷം


എല്ലാ മാസത്തിലെയും കറുത്തപക്ഷത്തിലെ പ്രദോഷം വിപുലമായി ഭഗവാന്റെ പുറത്തെഴുന്നള്ളത്തോടുകൂടിയും,അഖണ്ഡനാമ ജപത്തോടുകൂടിയും ആചരിക്കുന്നു.എഴുന്നള്ളത്തിനുശേഷം എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്‌നിവേദിച്ച വെള്ളനിവേദ്യം പ്രസാദമായി നൽകുന്നു.... ....


അന്നദാനം


വർഷത്തിൽ എല്ലാ ദിവസവും ഭഗവാന്റെ ഉച്ച ശീവേലിക്കു ശേഷം അന്നദാനം ഈ മഹാക്ഷേത്രത്തിൽ നടത്തുന്നു. അനേകം ഭക്തജനങ്ങൾ ഭഗവൽ പ്രസാദമായികണ്ടു അന്നദാനത്തിൽ പങ്കെടുക്കുന്നു....


തൊട്ടിൽകെട്ടുവഴിപാട്


പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവന്‍റെ തിരുമുറ്റത്തു,,വടക്കേ നടയില്‍ വാണരുളുന്ന ശ്രീ ദുര്‍ഗ്ഗാദേവി...സന്താനസൗഭാഗ്യം ഇല്ലാത്തവരുടെ സന്താപത്തിനു അറുതിവരുത്തുന്ന അമ്മ.............ശ്രീ ദുര്‍ഗ്ഗാദേവിയുടെ തിരുനടയില്‍ തൊട്ടില്‍ കെട്ടി മനം നിറഞ്ഞു പ്രാര്‍ഥിച്ചാല്‍ സന്താന സൗഭാഗ്യം ലഭിക്കുമെന്നതിനു അനുഭവസാക്ഷ്യങ്ങള്‍ ഒട്ടനവധി ഉണ്ട്...



ഇരട്ട ജീവിത

10 കരകൾക്കും അധിപനായ് ദേശനാഥനായ് വാഴുന്ന ദേശനാഥന്റെ

."ഇരട്ട ജീവിത ', കേരളത്തിൽ തന്നെ എഴുന്നള്ളത് ഇരട്ട ജീവിതയിൽ നടത്തുന്ന ഒരേ ഒരു ക്ഷേത്രമാണ് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം. ക്ഷേത്രത്തിലെ ഇരട്ട ജീവിതയെ പറ്റി ചരിത്രങ്ങളും പഴമകളും കഥ പറയുന്നുണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ക്ഷേത്രത്തിന് വെളിയിൽ എഴുന്നള്ളിക്കാൻ ജീവിത പണിയുന്നതിനെക്കുറിച്ച് പലതവണശ്രമിച്ചു പക്ഷെ ശരിയായ ആകൃതി കിട്ടാതെ കുഴങ്ങുമ്പോൾ പോത്തടി കരയിലെ പ്രശസ്ത സാഹിത്യകാരൻ ഇ.വി കൃഷ്ണപിള്ളയുടെ കുടുംബ വീടായ ചെറുതെങ്ങിലഴികത്ത് വീടിന്റെ മുറ്റത്ത് പണിയേണ്ട ജീവിതയുടെ രൂപം മഹാദേവൻ തന്നെ വരച്ചിട്ടിരുന്നതായും അതനുസരിച്ച് ജീവിത പണിതതുമായാണ് ഐതിഹ്യം

ഈ ഇരട്ട ജീവിതയുമായ് ഭഗവാൻ പറയക്കെഴുന്നള്ളത്തിന് ഭക്തരുടെ വീടുകളിൽ എത്തുന്നു കൂടാതെ ആറാട്ടുത്സവ ദിനം കരക്കാർ കെട്ടി കൊണ്ടുവരുന്ന കെട്ടുരുപ്പടികളെ അകമ്പടി സേവിക്കാൻ ഭഗവാൻ എഴുന്നള്ളുന്നതും ഈ ഇരട്ട ജീവിതയിൽ ആണു.


നൂറും_പാലും, സർപ്പബലി   


എല്ലാ വർഷവും മുടങ്ങാതെ കാവിൽ ആയില്യം നാളിൽ നൂറും പാലും നടത്തുന്നു. കൂടാതെ കാവിൽ അടിയന്തിരവും സർപ്പബലിയും നടത്തുന്നു


ഭദ്രകാളിക്കു കളമെഴുത്തും പാട്ടും ഗുരുതിയും എല്ലാവർഷവും ആചരിക്കുന്നു


സനാതനധർമ്മ_രവിവാരപാഠശാല


എല്ലാ ഞായറാഴ്ചയും ക്ഷേത്രത്തിൽ വിദക്ദ്ധരായ അദ്യാപകരുടെ ശിക്ഷണത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസ് 40 ഇൽ പരം വര്ഷങ്ങളായി പ്രവർത്തിക്കുന്നു


പൂജാദികർമ്മങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കും പുറമെ ജനക്ഷേമകരമായ കാര്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് ശ്രദ്ധേയമാകുകയാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവർ ക്ഷേത്രം


(1) PSC_പരിശീലനം


പെരിങ്ങനാട് തൃച്ചേന്ദമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ അധീനതയിൽ ഉള്ള 10കരയിലെ യുവതീയുവാക്കൾക്കായി എല്ലാ ഞായറാഴ്ചയും വിദക്ദ്ധരായ അദ്ധ്യാപകകരുടെ ശിക്ഷണത്തിൽ സൗജന്യ PSC പരിശീലനം നടത്തിവരുന്നു..


(2) വിദ്യാഭ്യാസധനസഹായം     അദ്ധ്യാപകരായ 


പത്തുകരയിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപരിപഠനം ചെയ്യുന്ന കുട്ടികൾക്ക് ക്ഷേത്രം വിദ്യാഭ്യാസ ധനസഹായം ചെയ്തുകൊടുക്കുന്നുണ്ട്..


3) ചികിത്സാ_സഹായം.


പത്തു കരയിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓരോ കരയിലെ ഹൈന്ദവസമിതികളുടെ ശുപാർശയിൽ സാമ്പത്തിക സഹായം ക്ഷേത്രത്തിൽനിന്നും നൽകുന്നു..


(4)ശ്രീ_പാർവ്വതി_മംഗല്യനിധി.


പത്തു കരകളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളുടെ വിവാഹത്തിനായി ക്ഷേത്രം പാർവതി മംഗല്യനിധിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ചെയ്യപ്പെടുന്നു.


തുടങ്ങി അനേകം ജനോപയോഗപ്രദമായ സൽപ്രവർത്തികൾ കൊണ്ട് വിത്യസ്തമാകുകയാണ് അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം...