ആമമംഗലം ശ്രീ മഹാവിഷ്ണു
ക്ഷേത്രം
===================================
ക്ഷിതിരതി വിപുലതരേ തവതിഷ്ഠതിപ്രവ്യോധരണി
ധരണകിണ ചക്രഗരിഷഠേ കേശവാധൃതഃ കച്ഛപരൂപാ
ജയ ജഗദീശഹരേ ശ്രീ ഗോപാലകൃഷ്ണാ
ജയ ജഗദീശഹരേ
ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം (കൂർമ്മാവതാരം ) കോഴിക്കോട് ജില്ലയിൽ കാക്കൂർ വില്ലേജിലെ രാമല്ലൂർ ദേശത്ത് കോഴിക്കോട് -ബാലുശ്ശേരി സംസ്ഥാന പാതയിൽ കാക്കൂർ 11 / 4 ബസ് സ്റ്റോപ്പിന് സമീപമായി റോഡിൻറെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു . കൂർമാവതാര സങ്കല്പമായ ചതുർബാഹുവായ വിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം . ഗണപതിയും, അയ്യപ്പനും ,ദക്ഷിണാമൂർത്തിയും, ഭദ്രകാളിയും ഉപദേവന്മാരാണ് .കേരളത്തിലെ കൂർമ്മാവതാര ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായിട്ടാണ് ഈ ക്ഷേത്രത്തെ കാണുന്നത് .ക്ഷേത്രത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത് .മംഗല്യ ഭാഗ്യത്തിനായി ലക്ഷ്മി നാരായണ പൂജക്ക് ഇവിടെ ഒട്ടേറെ ഭക്ത ജനങ്ങൾ എത്തിച്ചേരുന്നു .സന്താന ലബ്‌ധിക്കായും , ആമവാത രോഗ ശമനത്തിനായും ഇവിടെ പൂജക്കായി ആളുകൾ എത്താറുണ്ട് . ഈക്ഷേത്രത്തിൽ പ്രാർത്ഥിച്ച് വ്യവസായ ,വ്യാപാര ,നിർമാണ ,പഠന പ്രവർത്തങ്ങൾ തുടങ്ങിയാൽ അത് പുരോഗതിയിലേക്ക് ഉയരുന്നതായാണ് ഭക്തജനങ്ങൾ കാണുന്നത് .
ഐതീഹ്യം
കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളത്തില്‍ ധാരാളം ബ്രാഹ്മണരെ കുടിയിരുത്തി. ആ ബ്രാഹ്മണന്മാരാണ് പില്‍ക്കാലത്ത് നമ്പൂതിരിമാര്‍ എന്ന് അറിയപ്പെട്ടത്. കാലാന്തരത്തില്‍ കേരളം 32 നമ്പൂതിരി ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായി തീര്‍ന്നു. ഈ 32 ഗ്രാമങ്ങളില്‍ ഒന്നായ ഈശാനമംഗലം ഗ്രാമത്തിലെ ഒരു ദേശമാണ് രാമല്ലൂര്‍. ഈ ദേശത്താണ് ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അക്കാലത്തെ ഗ്രാമങ്ങളും ദേശങ്ങളും ഇപ്പോഴത്തെ ഗ്രാമങ്ങളെയും, ദേശങ്ങളെയും അപേക്ഷിച്ച് വളരെ വലുതായിരുന്നു. ദശാവതാരത്തിലെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം. ദശാവതാര പ്രതിഷ്ഠകള്‍ ഇവിടെ നടത്തിയതിന് പ്രത്യേകകാരണങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പ്രതിഷ്ഠിക്കുകയും മറ്റു മഹര്‍ഷിമാരെ വിവിധങ്ങളായ ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുവാന്‍ പരശുരാമന്‍ നിയോഗിക്കുകയും ചെയ്തതിനാല്‍ കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ക്ഷേത്രങ്ങളുണ്ടാ യി. എന്നാല്‍ വൈഷ്ണവ വംശജനായ താന്‍ വിഷ്ണുവിന്റെ ദശാവതാരങ്ങള്‍ പ്രതിഷ്ഠിക്കേണ്ടതല്ലേ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. അതിന് പറ്റിയ സ്ഥലം കണ്ടെത്താന്‍ ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ ധാരാളം മഹര്‍ഷിമാര്‍ വസിക്കുന്ന പൊന്‍കുന്ന് മലയും താഴ്‌വരയും കണ്ടു. നിബിഡമായ കാടും, ധാരാളം തെളിനീര്‍ ചോലകളും ഉള്ള ഈ പ്രദേശം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. പനിനീര്‍ ചോലകളുടെ കളകളാരവവും പക്ഷിക്കൂട്ടങ്ങളുടെ കളകൂജനങ്ങളും അദ്ദേഹത്തില്‍ ഒരു നവോന്മേഷം ഉണ്ടാക്കി. ഹിംസ്ര മൃഗങ്ങള്‍പോലും വളരെ ശാന്തമായി സഞ്ചരിക്കുന്നത് അദ്ദേഹത്തെ ആകര്‍ഷിച്ചു. അന്ന് ഇവിടെ തപസ്സ് ചെയ്തിരുന്ന ഗൗതമ മഹര്‍ഷിയുടെ അരികെ എത്തുകയും തന്റെ ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു. സന്തുഷ്ഠനായ ഗൗതമ മഹര്‍ഷിയുടെ നിര്‍ദ്ദേശാനുസരണം ദശാവതാരങ്ങള്‍ ഒരു വൃത്തപരിധിയില്‍ വരത്തക്കവിധത്തിലും വൃത്ത കേന്ദ്രത്തില്‍സ്ഥിതി ചെയ്യുന്ന മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയില്‍ നിന്ന് ഏതാണ്ട് തുല്യ ദൂരത്തിലുമായി ദശാവതാര പ്രതിഷ്ഠകള്‍നടത്തി. പൂജാദികര്‍മ്മങ്ങള്‍ക്കായി നമ്പൂതിരിമാരെ ഏല്‍പ്പിച്ചു. അന്നവിടെ ഉണ്ടായിരുന്ന നൂറുകണക്കിന് നമ്പൂതിരി കുടുംബങ്ങള്‍ ഒത്തുകൂടി മഹാവിഷ്ണു ക്ഷേത്രത്തിനും ദശാവതാരക്ഷേത്രങ്ങള്‍ക്കും പൂജാദികള്‍ നടത്തുവാന്‍ ആവശ്യമായ ക്രമീണകരണങ്ങള്‍ ഉണ്ടാക്കി. ഇങ്ങനെ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ദശാവതാര ക്ഷേത്രങ്ങളില്‍ രണ്ടാമത്തേതാണ് ഈ കൂര്‍മ്മാവതാര ക്ഷേത്രം.
ദേവതാ സങ്കല്‍പം
ലോകോപകാരാർത്ഥം മന്ഥര പർവ്വതത്തിന്റെ ഭാരവും വഹിച്ചുകൊണ്ട് മഹാവിഷ്ണുവിന്റെ അതിശക്തമായ 'കടയൽ' അനുഭവിച്ചുകൊണ്ട് അമൃത് മഥനം കഴിയുന്നതുവരെ അക്ഷോഭ്യനായി നിലകൊണ്ട ഏറ്റവും ശക്തനായ മഹാകൂർമ്മാവതാര സങ്കൽപമാണ് ശ്രീ പരശുരാമനാൽ ഈ ആമമംഗല ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായത്. കൂർമ്മാവതാരമായതുകൊണ്ട് ആമമംഗലം എന്നും സർവ്വദുഃഖ ഹരനായതുകൊണ്ട് ആമേയമംഗലമെന്നും പറയാം. ഏത് രീതിയിലാണെങ്കിലും ''ആമേങ്ങലത്ത് അപ്പൻ'' സർവ്വജനങ്ങളുടെയും ദുഃഖം തീർക്കാനാണ് ഇവിടെ നിലകൊള്ളുന്നത്.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണങ്ങളുടെ ഭാഗമായും ഈ ക്ഷേത്രം തകർക്കപ്പെടുകയും അന്യാധീനമാവുകയും ചെയ്തു. ക്ഷേത്രസം രക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച പാട്ടം വിഷ്ണു നമ്പൂതിരി (നന്മണ്ട ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ) യുടേയും മറ്റും നേതൃത്വത്തിൽ ഒരുകൂട്ടം ഭക്തജനങ്ങൾ കാടുപിടിച്ചുകിടക്കുകയായിരുന്ന ഈ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണ പ്രക്രിയ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് നാല്പത് കൊല്ലത്തെ പ്രവർത്തനഫലമായി ക്ഷേത്രം ഇപ്പോഴത്തെ സ്ഥിതിയിലെത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. പൂർവ്വികത്തിൽ ഇവിടെ നിത്യനിദാനജപം, വേദോച്ചാരണങ്ങൾ, വാരം, ഊട്ട്, കൊടികയറി ഉത്സവം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയവ ഉണ്ടായിരുന്നു. കൂടാതെ ക്ഷേത്രത്തിന് ഒരു സത്രവും രണ്ട് കുളങ്ങൾ, രണ്ട് കിണറുകൾ,നാഗാലയങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു സമീപത്തായി വിളക്കുമഠം, പട്ടർമഠം തുടങ്ങി സ്ഥലനാമങ്ങൾ ഇപ്പോഴുമുണ്ട് . ഇവിടെ ശാന്തി കഴിക്കാനായി തെഞ്ചേരി ഇല്ലക്കാരെയാണ് ഏൽപിച്ചിരുന്നത്. അവർക്ക് നിത്യ നിദാനത്തിനായി ''ശാന്തിപാടം'' എന്ന വയലും നൽകിയിരുന്നു.
പൂർവ്വിക കാലത്ത് ഈ ക്ഷേത്രം ബ്രാഹ്മണരുടെ കൈവശമായിരുന്നു. ആ കാലത്ത് ക്ഷേത്രത്തിനു ചുറ്റുമായി നിരവധി ബ്രാഹ്മണ ഗൃഹങ്ങളുണ്ടായിരുന്നു. കാലാന്തരത്തിൽ മൂസ്സത് വിഭാഗത്തിന്റേയും പിന്നീട് നായർ വിഭാഗത്തിന്റേയും കൈവശമായി. നല്ലൂളി, നീലഞ്ചേരി, അടുംക്കുടി, ആമമംഗലം എന്നീ നായർ തറവാടുകളായിരുന്നു ആദ്യകാല ഊരാളൻമാർ. പിൽക്കാലത്ത് തൊടുവയിൽ, ചമ്മിൽ പുതുക്കുടി, ചമ്മിൽക്കുന്നത്ത്, മംഗലശ്ശേരി എന്നീ നാലു നായർ തറവാട്ടുകാരാണ് ഊരാളന്മാരെങ്കിലും തൊടുവയിൽ തറവാട്ടുകാർക്കാണ് അതിൽ പ്രാധാന്യം.
ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് ( ക്ഷേത്രം തന്ത്രി
ദശാവതാരക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് ഉണ്ടാവുക എന്നത് തികച്ചും ആശ്ചര്യമായിരിക്കും. കാക്കൂരിലെ പൊന്‍കുന്ന് മലയുടെ ചുറ്റുമായിട്ടാണ് ദശാവതാരക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അവ ഇപ്രകാരമാണ്.
1. പെരുമീന്‍ പുറം ശ്രീ മാഹാവിഷ്ണു ക്ഷേത്രം - മത്സ്യാവതാരം
2. ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം - കൂര്‍മ്മാവതാരം
3. പന്ന്യം വള്ളി വാര്യമഠം ശ്രീവിഷ്ണു ക്ഷേത്രം - വരാഹാവതാരം
4. തൃക്കോയിക്കല്‍ നരസിംഹക്ഷേത്രം - നരസിംഹാവതാരം
5. തീര്‍ത്ഥങ്കര വാമന ക്ഷേത്രം - വാമനാവതാരം
6. പരശുരാമ ക്ഷേത്രം (കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത്) - പരശുരാമാവതാരം
7. രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം - ശ്രീരാമാവതാരം
8. കാവില്‍ ബലരാമക്ഷേത്രം - ബലരാമാവതാരം
9. ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം - ശ്രീകൃഷ്ണാവതാരം
കല്‍ക്കി - ദശാവതാര ക്ഷേത്രങ്ങളില്‍ ഇനിയും കെത്താത്ത ക്ഷേത്രമാണിത്. കാക്കൂരിലാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.