2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

എന്താണ് സ്ത്രീ ശാപം?



എന്താണ് സ്ത്രീ ശാപം? 
====================================
അതിന് ജാതിയോ മതമോ ഒന്നും സനാതന ധർമം എവിടെയും പരാമര്ശിക്കുന്നുമില്ല. രാമായണത്തിലെ രാവണന് കിട്ടുന്ന ശാപങ്ങളിൽ മൂന്നെണ്ണവും സ്ത്രീകളെ ദ്രോഹിച്ചതു കൊണ്ടാണ്.
1. വേദവതി ശാപം.. വിഷ്ണു ഭഗവാനെ ഭർത്താവായി കിട്ടുന്നതിന് തപസ്സു ചെയ്തിരുന്ന വേദവതിയെ കണ്ടു മോഹിച്ച രാവണൻ ഇങ്കിതം അറിയിച്ചെങ്കിലും വേദവതി തന്റെ തപസ്സിന്റെ കാര്യം രാവണനോട് പറഞ്ഞു. അതൊന്നും അനുസരിക്കാതെ രാവണൻ ബലം പ്രയോഗിച്ചപ്പോഴാണ് വേദവതി ശപിക്കുന്നത്. "അനുവാദമില്ലാതെ എന്നെ തൊട്ടതുകൊണ്ട് ഞാൻ ഈ ദേഹം ഉപേക്ഷിച്ചു അടുത്തജന്മം അയോനിജയായി ജനിച്ചു നിന്നെ കൊല്ലുവാൻ കാരണമാകും" എന്നാണ്.
2. രംഭ.. നള കൂബരന്റെ കാമുകിയായ രംഭ അയാളെ കാത്തു നിൽക്കുമ്പോഴാണ് രാവണൻ രംഭയെ കാണുന്നതും പിടിക്കാൻ നോക്കുന്നതും. അപ്പോൾ രംഭ പറഞ്ഞു അവൾ നള കൂബരൻ എന്ന വൈശ്രവണ പുത്രനെ കാത്തുനില്കുകയായിരുന്നുവെന്ന്. വൈശ്രവണനും രാവണനും ഒരച്ഛന്റെ മക്കൾ തന്നെയെന്നിരിക്കെ ആ പ്രവർത്തി അനുചിതം എന്നറിയിച്ചിട്ടും അപ്സരസ്സുകൾക്കു അങ്ങിനെയും ആവാം എന്നും പറഞ്ഞു പിടിക്കുന്നത്. ഇതറിഞ്ഞ നളകൂബരൻ രാവണനെ ശപിക്കുന്നു.," ഇനി ഏതെങ്കിലും സ്ത്രീയെ ബലമായി തൊട്ടാൽ രാവണന്റെ തല ഏഴായി നുറുങ്ങട്ടെ " എന്ന്.
3. അംഗാനശാപം.. ഒരു കൂട്ടം പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുമ്പോഴാണ് ആ പെൺകുട്ടികൾ ശപിക്കുന്നത്.
" ഒരു ദിവ്യാങ്കന മൂലം രാവണന് മരണം സംഭവിക്കട്ടെ " എന്ന്.
ഇനി രാവണന് കിട്ടിയ വരബലം കൂടി നോക്കു..
==========================================
1. കേവലം ഒരു മനുഷ്യനാലല്ലാതെ ഒരു ദേവ, മൃഗ, ഉരഗ, ഖഗ ജന്തുക്കൾക്കും കൊല്ലാൻ കഴിയില്ല. പിന്നെ എങ്ങിനെ കേവലം മനുഷ്യന് കൊല്ലാൻ കഴിയും?
2. പരമ ശിവൻ കൊടുത്ത ചന്ദ്രഹാസം ഉള്ളപ്പോൾ ആർക്കും രാവണനെ കൊല്ലാൻ കഴിയില്ല. അതുമല്ല. ശിവ പ്രീതി വരുത്തി യുദ്ധം ചെയ്താൽ അജയ്യനുമാകും.
3.മേഘനാഥൻ തടവിലിട്ട ഇന്ദ്രനെ മോചിപ്പിക്കാൻ ബ്രഹ്മാവ് ഒരു വരം കൊടുത്തു ഇന്ദ്രജിത്തിന്. പൂജ ചെയ്തു കഴിഞ്ഞാൽ ഏതു തരം ആയുധവും ലഭിക്കുമെന്നും എന്നും അജയ്യനായിത്തീരുമെന്നും. പിന്നെ രാവണനെ എങ്ങിനെ കൊല്ലാൻ കഴിയും?
4. രാവണൻ തപസു ചെയ്തു വരം വാങ്ങാൻ വേണ്ടി ഓരോ തലയും അറുത്തു ഹോമിക്കുകയുണ്ടായി. പത്താമത്തെ തലയും അറുത്തപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു വരം നൽകി. "നിന്റെ എത്ര തലയറുത്താലും മരണം വരാതെ തലമുളക്കുമെന്നും. "
5. അമ്മായി അച്ഛനായ മയൻ ഒരു വേൽ കൊടുത്തിരുന്നു. അതുള്ളവരെയ്ക്കും മരണം വരില്ലെന്ന്.
ഇത്രയും ബലവേഗങ്ങളും, വരങ്ങളും നേടിയിട്ടും കേവലം മനുഷ്യനായ ശ്രീരാമൻ രാവണനെ കൊല്ലുവാൻ കഴിഞ്ഞതിനു കാരണം ഈ മൂന്നു സ്ത്രീകളുടെ ശാപമായിരുന്നു. ഏഴ് ജന്മം കൊണ്ടും തീരാത്തതാണ് സ്ത്രീശാപം. പുനർ ജന്മത്തിൽ വിശ്വാസമില്ലാത്തവർ അവരുടെ വരും എഴുതലമുറകളും കടും ദുരിതം അനുഭവിക്കേണ്ടിവരുമെന്നും അറിയുക. എന്തെന്നാൽ മനസ്സെന്ന ഇന്ദ്രിയമല്ലാത്ത ഇന്ദ്രിയത്തോടു കൂടിയ ഒരു മനുഷ്യനെ സൂക്ഷ്മതയിൽ നിന്നും ജനിപ്പിക്കുന്നതവളാണ്.
ഇത്തരം സ്ത്രീ പീഡനം ചെയ്യുന്നവർക്കാണ് ശ്രീരാമൻ എന്ന് കേൾക്കുമ്പോൾ കലിയിളകുന്നതെന്നത് വിരോധാഭാസം എന്നെ പറയേണ്ടു.

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും



ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും
===============================================
വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.
കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.
ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.
ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.
കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.
അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.
അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.
മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.
സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.
പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.
തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.
ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.
അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.
ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.
ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.
നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.
മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.”
വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”
അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”
“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”
“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:
“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”
ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”
ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.
മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.
“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”
കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.
മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.
“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”
ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”
“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”
“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”
അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.
താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?
ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.
ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.
അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം.

ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം ഇടുക്കി ജില്ല





ഇടവെട്ടി ഔഷധസേവ ഇന്ന് (2018 ആഗസ്റ്റ് 1 കർക്കിടകം 16)- ഒരുനേരം ഔഷധം ഒരാണ്ട് സൗഖ്യം.
===============================================
ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി എന്ന സ്ഥലത്താണ് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ക്ഷേത്രത്തിൽ നടത്തി വരുന്നു ഔഷധസേവ വളരെ പ്രസിദ്ധമാണ്
*എല്ലാ ക്ഷേത്രങ്ങള്‍ക്കും അവിടുത്തെ ചൈതന്യം ഏറ്റവും ദീപ്തമായി പ്രകാശിക്കുന്ന ഒരു പുണ്യദിനമുണ്ട്. ശബരിമലയില്‍ മകരവിളക്കും, ഗുരുവായൂര്‍ ഏകാദശിയും, ചോറ്റാനിക്കര മകം തൊഴലും, ആറ്റുകാല്‍ പൊങ്കാലയും വൈക്കത്തഷ്ടമി ദര്‍ശനവും ഉദാഹരണങ്ങള്‍. രോഗഹരമായ ചൈതന്യപ്രവാഹത്തോടെ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനമാണ് കര്‍ക്കടകം 16-ലെ ഔഷധസേവ.*
*കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കാലം കര്‍ക്കിടകമാസമാണല്ലോ. അതുകൊണ്ടുതന്നെ കര്‍ക്കടകമാസത്തിലെ മധ്യദിനത്തില്‍ രോഗഹരമായ ചൈതന്യത്താല്‍ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ തിരുസന്നിധിയിലിരുന്ന്, പ്രാര്‍ത്ഥനയോടെ, ക്ഷേത്രത്തില്‍നിന്നും നല്‍കുന്ന ഔഷധം സേവിക്കുന്നതാണ് ഈ ചടങ്ങ്.*
*ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ഔഷധസേവ നടക്കാറുണ്ടെങ്കിലും ഭഗവാന്റെ ധന്വന്തരീ ചൈതന്യപ്രഭാവം ലോകമെങ്ങും അറിയാന്‍ തുടങ്ങിയത്‌ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു.*
*ഔഷധം സേവിച്ച ഒരാള്‍ക്കുപോലും ചിക്കുന്‍ഗുനിയ പിടിപെട്ടില്ല. മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കിയില്ലെങ്കിലും ഈ അത്ഭുതം ഔഷധം സേവിച്ച നൂറുകണക്കിനാളുകള്‍ വാമൊഴിയായി ലോകമെങ്ങും പടര്‍ത്തി.*
*തൊട്ടടുത്ത വര്‍ഷത്തെ ഔഷധസേവ മുതലാണ്‌ ഇടവെട്ടി ഔഷധസേവയ്‌ക്ക് സംസ്‌ഥാനത്തിന്‌ പുറത്തുനിന്നും ഭക്‌തജനപ്രവാഹം ഉണ്ടാകാന്‍ തുടങ്ങിയത്‌.*
*പിന്നീട്‌ സംഭവിച്ചത്‌ അത്ഭുതങ്ങളുടെ നീണ്ട പ്രവാഹമായിരുന്നു. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങി, ഹാര്‍ട്ടിന്‌ ബൈപാസിന്‌ തീയതി നിശ്‌ചയിച്ച കേസുവരെ ഓപ്പറേഷന്‍ കൂടാതെ സുഖംപ്രാപിച്ച അനുഭവങ്ങള്‍.*
*ശാസ്‌ത്രത്തിന്റെ ദൃഷ്‌ടിയില്‍ ഇനിയും വിശദീകരണം നില്‍കുവാന്‍ സാധിക്കാത്ത ഈ അനുഭവങ്ങളെ ഭക്‌തജനങ്ങള്‍ കാണുന്നത്‌ ഭഗവാന്റെ ധന്വന്തരീചൈതന്യപ്രവാഹമായാണ്‌.*
*ശിലാവിഗ്രഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ വൈഷ്‌ണവ ശക്‌തിയായ ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യമായതിനാല്‍, ഈ ചൈതന്യം ഏറ്റവും ദീപ്‌തമായ കര്‍ക്കടകം 16-ന്‌* *ക്ഷേത്രത്തിലെത്തി ഔഷധം സേവിച്ചാല്‍ രോഗം ശമിക്കുമെന്നുള്ളതാണ്‌ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളുടെ അനുഭവസാക്ഷ്യം.*
*ഒരു നേരത്തെ ഔഷധസേവകൊണ്ട്‌ ഒരുവര്‍ഷം മുഴുവനും സര്‍വ്വരോഗങ്ങള്‍ക്കും ശമനം ലഭിക്കുന്ന പുണ്യദിനമാണ്‌ ഈ വരുന്ന കര്‍ക്കടകം 16 (2018 ഓഗസ്‌റ്റ് 1 ബുധനാഴ്‌ച) രാവിലെ 6 മണി മുതല്‍ ഔഷധസേവ ആരംഭിക്കും.*
*വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണ്‌. ആദിവാസികള്‍, ഔഷധം തയ്യാറാക്കുന്നതിന്‌ മുമ്പ്‌ അതിനുള്ള പച്ചമരുന്നുകള്‍ പറിച്ച്‌, ഇടവെട്ടി ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ മുങ്ങിക്കുളിച്ച്‌, ക്ഷേത്രമണ്ഡപത്തില്‍ കൊണ്ടുവച്ച്‌ പ്രാര്‍ത്ഥിച്ച്‌ കുറച്ചു ദിവസങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുപോയി ഔഷധം ഉണ്ടാക്കിയിരുന്നു. പഴമക്കാര്‍ ഇപ്പോഴും അക്കാര്യം ഓര്‍ക്കുന്നു. ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ കുളിച്ചുതൊഴുത്‌ കൊടിയ വാതരോഗങ്ങള്‍ ശമിപ്പിച്ച സംഭവവും അവര്‍ മറന്നിട്ടില്ല.*
*അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറമുള്ള വിസ്മയകരമായ ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. പഞ്ചപാണ്ഡവരുടെ വനവാസകാലം. നാനാ ഭാരതത്തിലും അവര്‍ യാത്ര ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിലും എത്തി. കേരളത്തിലെ പല ഭാഗങ്ങളിലും പാണ്ഡവര്‍ ചെറിയ കാലത്തേക്കെങ്കിലും താമസിച്ചിരുന്നതിന്റെ ഐതിഹ്യങ്ങളും തിരുശേഷിപ്പുകളും അടയാളങ്ങളും ഇന്നും കാണാം. അക്കാലത്ത് ഒരിക്കല്‍ അവര്‍ ചുരുങ്ങിയ കാലം തൊടുപുഴയിലും തങ്ങുകയുണ്ടായി.*
*പഞ്ചപാണ്ഡവര്‍ പൂര്‍ണരായ വിഷ്ണു (കൃഷ്ണ) ഭക്തരാണ്. അഞ്ചുപേരും ഭാരതത്തില്‍ നിരവധി വിഷ്ണുക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുമുണ്ട്. പാണ്ഡവര്‍ തൊടുപുഴയുടെ പരിസരങ്ങളില്‍ തങ്ങിയ കാലത്ത് ഈ പ്രദേശത്തും അഞ്ചു വിഷ്ണുക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അവയാണ് തൊടുപുഴ, കോലാനി, മുട്ടം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്രങ്ങള്‍.*
*തൊടുപുഴ ക്ഷേത്രം, ധര്‍മ്മപുത്രനും പാണ്ഡവരില്‍ അഗ്രജനുമായ യുധിഷ്ഠിരനാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. (ഈ പ്രതിഷ്ഠാവിഗ്രഹം ദീര്‍ഘകാലം അപ്രത്യമായിരുന്നു എന്നും പിന്നീട് ഒരു യോഗീശ്വരന്‍ കണ്ടെത്തി പുനഃപ്രതിഷ്ഠിച്ചുവെന്നും ചരിത്രം) കോലാനിയിലെ വിഷ്ണുക്ഷേത്രം വായുദേവന്റെ പുത്രനായ ഭീമസേനനാണ് പ്രതിഷ്ഠിച്ചത്.*
*കോലാനിക്ക് സമീപമുള്ള ഉറവപ്പാറയിലും മറ്റും ഭീമസേനന്റെ ചില ചരിത്രശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ദേവേന്ദ്രന്റെ പുത്രനായ അര്‍ജുനനാണ് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ മൂന്നു വിഷ്ണുക്ഷേത്രങ്ങളും (കുന്തീപുത്രന്മാര്‍ പ്രതിഷ്ഠിച്ചവ) കിഴക്കോട്ട് ദര്‍ശനമായിട്ടും മറ്റ് രണ്ടെണ്ണം പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുമാണ് കാണപ്പെടുന്നത്.*
*സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളും ദേവന്മാരുടെ ഭിഷഗ്വരന്മാരും ആരോഗ്യശാസ്ത്രമായ ആയുര്‍വേദത്തിന്റെ ആചാര്യന്മാരുമായ അശ്വനീദേവകളുടെ പുത്രനായ നകുലനാണ് ഇടവെട്ടി ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന നകുലന്റെ മഹത്തായ സങ്കല്പമാണ് ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യത്തിന് നിദാനം.*

തൊടുപുഴ_ശ്രീകൃഷണസ്വാമി_ക്ഷേത്രം, ഇടുക്കി




തൊടുപുഴശ്രീകൃഷണസ്വാമിക്ഷേത്രം, ഇടുക്കി.
==========================================
ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരമദ്ധ്യത്തിലാണ് പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രവും ഇതത്രെ. തോട് പുഴയായി മാറിയതുകൊണ്ടാണ് ഈ സ്ഥലത്തിന് തൊടുപുഴയെന്ന പേരുണ്ടായതതെന്ന് പറയപ്പെടുന്നു. ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളില്‍ ശ്രീകൃഷ്ണന്‍. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തില്‍ അഞ്ചു പൂജയും മൂന്ന് ശിവേലിയുമുണ്ട്. തന്ത്രം ആമല്ലൂര്‍ കാവനാട്ടാണ്. വെളുപ്പിന് നട തുറന്നാല്‍ ആദ്യം നേദ്യമാണ്. മലര്‍നിവേദ്യം. കൈയില്‍ നേദ്യവുമായി നട തുറക്കും. പിന്നീട് അഭിഷേകം. ഒരു യോഗീശ്വരനാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം. മലബാറില്‍ ടിപ്പുവിന്റെ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്നും തെക്കോട്ടു വന്ന ചില നമ്പൂതിരിമാര്‍ അവരുടെ പരദേവതാമൂര്‍ത്തിയെ ഇവിടെ വച്ച് ആരാധിച്ചുപോന്നു. ഇങ്ങനെ ഒരു ശ്രീകൃഷ്ണ വിഗ്രഹവുമായി ഏതാനും ഭക്തന്മാര്‍ ഇവിടെ എത്തുമെന്നും അത് പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയണമെന്നും യോഗിക്ക് സ്വപ്‌നദര്‍ശനമുണ്ടായി. അതുകൊണ്ടായിരിക്കാം ഇവിടെ നടക്കുന്ന യോഗീശ്വരപൂജയ്ക്ക് പ്രാധാന്യം. ഭഗവതി, ശിവന്‍, ശാസ്താവ്, ഗണപതി, നാഗം എന്നീ ഉപദേന്മാര്‍. വലിയമ്പലത്തിന്റെ തൂണിന്മേലാണ് വാതില്‍മാടം ഭഗവതിയുടെ പ്രതിഷ്ഠ. ഇടതുവശത്തായി ചാക്യാര്‍കൂത്തിന് മണ്ഡപം. തേക്കിന്‍തടിയില്‍ നിര്‍മ്മിച്ച ഈ മണ്ഡപത്തിന്റെ നിര്‍മ്മാണത്തിനുമുണ്ട് സവിശേഷത. പലതരം കൊത്തുപണികളോടുകൂടിയ മണ്ഡപത്തില്‍ ഉത്സവകാലത്ത് എല്ലാദിവസവും ചാക്യാര്‍കൂത്ത് നടക്കും. ക്ഷേത്രം വകയായി കൃഷ്ണതീര്‍ത്ഥം എന്നൊരു ആഡിറ്റോറിയവുമുണ്ട്. പുള്ളും പ്രാവും നടയ്ക്കുവയ്ക്കലാണ് പ്രധാന വഴിപാട്.കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനാണ് ഇത്. കുട്ടികളെ ഇവിടെ കൊണ്ടുവന്നു വേണം വഴിപാട് നടത്താന്‍. ഇവിടെ നിന്നും ലഭിക്കുന്ന രൂപം കുട്ടിയുടെ തലയ്ക്ക് ഉഴിഞ്ഞ് നടയ്ക്കുവയ്ക്കുന്നു. ഉണ്ണികൃഷ്ണനെ നശിപ്പിക്കുന്നതിനുവേണ്ടി പുള്ളായി വന്ന ബകാസുരന്റെ കൊക്കുകള്‍ വലിച്ചുകീറി ഭഗവാന്‍ അവനെ നിഗ്രഹിക്കുകയായിരുന്നു. ആ ധ്യാനത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ എന്ന സങ്കല്പം. പാല്‍പ്പായസവും വെണ്ണയും അപ്പവും ഇതര വഴിപാടുകള്‍. ഇവിടെ വെടി വഴിപാടില്ല. അഷ്ടമിരോഹിണിയും വിഷുവും വിജയദശമിയും നിര്‍വിഘ്‌നം ആഘോഷിക്കുന്നു.മീനമാസത്തിലെ ചോതി കഴിഞ്ഞ് വരുന്ന തിരുവോണം കൊടിയേറ്റായി പത്തുദിവസത്തെ ഉത്സവം. കൊടിയേറ്റിനു മുന്‍പായി ബലിക്കല്‍പുര നമസ്‌ക്കാരം നടക്കും. ക്ഷേത്രജീവനക്കാര്‍ എല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തന്ത്രി ബലിക്കല്‍പുരയില്‍ ഇരിക്കും. തന്ത്രിക്കും ബലിക്കല്ലിനും പ്രദക്ഷിണം വച്ച് തന്ത്രിയുടെ മുന്‍പില്‍ നമസ്‌ക്കരിച്ച് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുക്കണമെന്ന് ദേവനോട് അപേക്ഷിച്ച് കാണിക്കയര്‍പ്പിക്കുന്നു. ഇതാണ് ബലിക്കല്‍പുര നമസ്‌ക്കാരം. ഈ ചടങ്ങിനുശേഷമാണ് കൊടിയേറ്റം നടക്കുക. ന്‍പതാം ഉത്സവനാളിലെ ഉത്സവബലി വിശേഷമാണ്. ഒറ്റ ഉത്സവബലി മാത്രമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രസാദമൂട്ടും ഉണ്ട്. പള്ളിവേട്ടയും തിരുമുന്‍പില്‍ വലിയ കാണിക്കയും ഉണ്ട്. പത്താംദിവസം ആറാട്ടും കൊടിക്കീഴില്‍ പറ വയ്പും കഴിഞ്ഞാല്‍ കൊടിയിറങ്ങും. ആണ്ടുതോറും നടക്കുന്ന ഉത്സവാഘോഷങ്ങളുടെ മങ്ങാത്ത സ്മരണ തൊടുപുഴയുടെ ആദ്ധ്യാത്മിക സാംസ്‌കാരിക പൈതൃകത്തെ ഉത്തേജിപ്പിക്കുന്ന ഉണര്‍ത്തുപാട്ടായി ഇന്നും വര്‍ത്തിക്കുന്നു.

സീതാദേവി ലവ_കുശക്ഷേത്രം, പുൽപ്പള്ളി, വയനാട്‌.




സീതാദേവി ലവ_കുശക്ഷേത്രം, പുൽപ്പള്ളി, വയനാട്‌.
===============================================
വയനാട്‌ ജില്ലയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലാണ്‌ പുരാതനമായ സീതാദേവി-ലവ-കുശ ക്ഷേത്രം. ത്രേതായുഗ സന്ധ്യകളെ കണ്ണീര്‍കൊണ്ട്‌ ഈറന്‍ ചാര്‍ത്തിയ സീതയ്ക്കും മക്കള്‍ക്കും ആശ്രയമായിരുന്ന വാല്മീകി ആശ്രമം വയനാട്ടിലെ പുല്‍പ്പള്ളിയിലായിരുന്നുവെന്ന്‌ വിശ്വാസം. പരമപവിത്രമായ ഈ ആശ്രമം സ്ഥിതി ചെയ്യുന്നിടം ആശ്രമകൊല്ലിയായും ശിശുക്കള്‍ കളിച്ചുനടന്ന സ്ഥലം പുല്‍പ്പള്ളിക്കടുത്തുള്ള ശിശുമലയായും അറിയപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നാണ്‌ കാണാവുന്ന ദൂരത്താണീ ശിശുമല. അതുകൊണ്ടായിരിക്കാം സീതയുടേയും ലവ-കുശന്മാരുടേയും ക്ഷേത്രങ്ങളുണ്ടാവാന്‍ കാരണം. ആശ്രമകൊല്ലിയിലുള്ള പാറയിലാണ്‌ വാല്മീകി തപസ്സുചെയ്തിരുന്നതെന്ന്‌ വിശ്വസിക്കപ്പെട്ടു. അവിടെ ഒരു ഗുഹയുണ്ട്‌. പണ്ട്‌ ഈ പാറയില്‍ വിരലുകള്‍ ഉരച്ചാല്‍ ചന്ദനം ലഭിച്ചിരുന്നതായും പഴമ. പുല്‍പ്പള്ളിയിലെ താഴത്തങ്ങാടിക്കടുത്ത്‌ ചേടാറ്റിന്‍കാവ്‌ എന്നൊരു ക്ഷേത്രവുമുണ്ട്‌. പുല്‍പ്പള്ളി ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. തെക്കുമാറിയാണ്‌ ഈ കാവ്‌. ഇതിനടുത്തുവച്ചാണ്‌ ഭൂമി പിളര്‍ന്ന്‌ സീത പ്രത്യക്ഷയായതെന്ന്‌ വിശ്വാസികള്‍ കരുതുന്നു. സീതാദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനവുമാണിത്‌. ചുറ്റും ചെടികളും മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന പറമ്പിലൂടെ കയറിച്ചെല്ലുന്നിടത്ത്‌ ബലിക്കല്ലുമുണ്ട്‌. മുരുക്കന്മാര്‍ എന്ന ലവകുശന്മാരുടേയും വേട്ടക്കൊരുമകന്റെയും സ്ഥാനങ്ങളുമുണ്ട്‌. കിഴക്കുഭാഗത്തായി പുണ്യതീര്‍ത്ഥസ്ഥാനവുമുണ്ട്‌.
#ഐതീഹ്യം
ലോകാപവാദത്തെത്തുടര്‍ന്ന്‌ ശ്രീരാമന്‍ ഗര്‍ഭിണിയായ പത്നി സീതാദേവിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ ദേവി വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എത്തിയെന്നും അവിടുത്തെ വാത്മീകി ആശ്രമത്തില്‍ ദേവി അഭയം പ്രാപിച്ചുവെന്നും ആണ് ഐതിഹ്യം. ദേവി ലവകുശന്മാര്‍ക്ക്‌ ജന്മം നല്‍കിയതും ഇവിടെ വെച്ചാണ്‌.പിന്നീട് വല്‍മികിയുടെസംരക്ഷണത്തില്‍ ആയിരുന്നു പുത്രന്മാര്‍ വളര്‍ന്നത്‌.
ദേവിയും ലവ കുശന്മാരും അവിടെ താമസിച്ചുകൊണ്ടിരിക്കെ,ശ്രീരാമന്‍ ദ്വിഗ്‌വിജയത്തിനയച്ച അശ്വത്തെ കാണാനിടയായി.സീതാദേവിയുടെ ആശീര്‍
വാദത്തോടെ ലവകുശന്മാര്‍ അശ്വത്തെ ബന്ധിച്ചു. അശ്വമോചനത്തിനെത്തിയ ശ്രീരാമ ചക്രവര്‍ത്തിയെ ദേവി കാണാനിടയായി. തത്ക്ഷണം തന്‍റെ മാതാവ്‌ ഭൂമി ദേവിയില്‍ വിലയം പ്രാപിക്കാന്‍ ഭൂമി ദേവിയോട് പ്രാര്‍ത്ഥിച്ചു.ഭൂമിയിലേക്ക്‌ താഴ്ന്നു പൊയ്ക്കോണ്ടിരിക്കുന്ന ദേവിയുടെ മുടിയില്‍ ശ്രീരാമന്‍ പിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.തിരുമുടി രാമന്‍റെ കയ്യിലിരിക്കുവാണ് ചെയ്തത്.ദേവി ഭൂമിയില്‍ അലിഞ്ഞു ചേരുകയും ചെയ്തു.മുടിയറ്റുപോയ ദേവിയുടെ സങ്കല്‍പ്പമായി ചേടാറ്റിലമ്മ പുല്‍പ്പള്ളിയില്‍ വിരാജിക്കുന്നുവെന്നാണ്‌ പഴമക്കാരുടെ വിശ്വാസം.പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ്‌ ചേടാറ്റിന്‍കാവ്‌.സീതാദേവിയോടൊപ്പം മക്കളായ ലവകുശന്മാരുടെ മുനികുമാരന്മാരുടെ (മുരിക്കന്മാര്‍) സങ്കല്‍പ്പവും ക്ഷേത്രത്തില്‍ ഉണ്ട്.
സീതാദേവി ക്ഷേത്രം പുല്‍പ്പള്ളി
പുല്‍പ്പള്ളിയില്‍ ആയിരുന്നു ആദികവി വാല്‍മികി രാമായണ രചന നടത്തിയതും സീതാമാതാവിനെ സംരക്ഷിച്ചുപോന്നതും എന്നാണ് ഐതിഹ്യം. വര്‍ഷംതോറും ദര്‍ഭപ്പുല്ല്‌ പുതച്ച്‌ ആശ്രമം സംരക്ഷിച്ചുവരുന്നു.
ഇവിടെയുള്ള മന്ദാരവൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ട്‌ പൂക്കള്‍ ദേവിയുടെ ഇരുമക്കളെ അനുസ്മരിപ്പിക്കുന്നു. തൊട്ടുതാഴെയുള്ള ആശ്രമക്കൊല്ലിയുടെ പാറപ്പുറത്തിരുന്നാണ്‌ ആദികവി തപസനുഷ്ഠിച്ചത്‌.
കുട്ടികളുടെ ഭൂമി എന്ന സങ്കല്‍പ്പത്തില്‍ പുല്‍പ്പള്ളി ക്ഷേത്രഭൂമി ഇന്നും മൈനര്‍സ്വത്തായി സൂക്ഷിച്ചിരിക്കുന്നു.14,000 ഏക്കറിലധികം വനഭൂമിയുണ്ടായിരുന്ന പുല്‍പ്പള്ളി ദേവസ്വത്തിന്‌ ആനപിടുത്തകേന്ദ്രങ്ങളും ആനപ്പന്തികളും നിരവധി ആനകളും ഉണ്ടായിരുന്നു. ക്ഷേത്രസ്വത്ത്‌ കണ്ട്‌ ആക്രമണത്തിനെത്തിയ ടിപ്പുവിനെ ദിഗ്ഭ്രമം വരുത്തി സീതാദേവി ക്ഷേത്രകുളത്തിനടുത്തുനിന്നും തിരിച്ചയച്ച കഥയും ഇവിടെ പ്രചാരത്തിലുണ്ട്‌. വയനാടിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്ന വത്മീകങ്ങള്‍ (ചിതല്‍പുറ്റുകള്‍) പുല്‍പ്പള്ളിയുടെ മാത്രം പ്രത്യേകതയാണ്‌. ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിയിരുന്നു. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും കൗതുകകരം തന്നെ. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ്‌ പുല്‍പ്പള്ളിയുടെ നാമധേയം എന്നാണ്‌ വിശ്വാസികളുടെ മതം.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയുള്ള പൊന്‍കുഴിയില്‍ സീതാദേവി ക്ഷേത്രത്തിനടുത്ത് ഒരു കുളം ഉണ്ട്.എന്‍റെ വീട്ടീന്ന് 3 കിലോമീറ്റര്‍ പോയാല്‍ അവടെ എത്താം.ആ കുളം സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടായതാണ്,തെളിനീര്‍ ആണ് അതിലുള്ളത്.അവടെയുള്ളവര്‍ ഇ കുളത്തിന് "കണ്ണീര്‍കുളം"എന്നും 'സീതാക്കുളം' എന്നും പറയുന്നുണ്ട്.റോഡരുകിലായി കാട്ടിനുള്ളില്‍ ഇല്ലിക്കൂട്ടങ്ങളുടെ മധ്യത്തിലാണ് കുളം ഉള്ളത്.മറ്റ് പരിസരത്തുള്ള പുഴയിലും,തോടുകളിലും വെള്ളം വറ്റുമ്പോള്‍,ഇവടെ കൊടും വേനലില്‍ പോലും വെള്ളം വറ്റാറില്ല എന്നുള്ളതും ഒരു അത്ഭുതമാണ്.
സീതാദേവിയുടെ കണ്ണീര്‍കുളം,പുറകില്‍ സീതാദേവി ക്ഷേത്രം പൊന്‍കുഴി
പൊന്കുഴിയില്‍ ശ്രീരാമ ക്ഷേത്രവും,സീതാദേവി ക്ഷേത്രവും ഉണ്ട്.വനമദ്ധ്യത്തില്‍ മുത്തങ്ങക്ക്‌ സമീപമുള്ള ദേവസ്ഥാനമായ ആലിങ്കളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര്‍ രാമായണകഥ പാടിനടന്ന ഭാഗമാണിതെന്നാണ് വിശ്വാസം.. യതീശ്വരനായ വാത്മീകിക്ക്‌ കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ഒരു ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക്‌ ഏറെ ചരിത്രപ്രാധാന്യമുണ്ട്‌.
പുല്‍പ്പള്ളിയുടെ അതിര്‍ത്തിയില്‍ ഉള്ള കണ്ണാരംപുഴയും സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടയതെന്നാണ് പറയപ്പെടുന്നത്.വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്ര കുളമായ 'പഞ്ചതീര്‍ത്ത'യുടെ നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു ശില കാണാം.അതില്‍ ശ്രീരാമന്‍റെ കാല്‍പാദം ദര്‍ശിക്കാന്‍ പറ്റും,കൂടാതെ ചക്രായുധത്തിന്‍റെ അടയാളവും പതിഞ്ഞിട്ടുണ്ട്.
വയനാട്ടിലെ അമ്പലവയലിനടുത്തുള്ള 'അമ്പൂത്തിമല'-ക്കും ശ്രീരാമനുമായി ബന്ധം ഉണ്ട്.ശ്രീരാമന്‍ 'താഡക' എന്ന രാക്ഷസിയെ അമ്പെയ്ത് കൊന്നത് ഇവടെവെച്ചാണ്.അങ്ങനെ ശ്രീരാമന്‍റെ അമ്പ് കൊണ്ടത് കൊണ്ട് അമ്പൂത്തിമല എന്നറിയപ്പെടുന്നു.മലയ്ക്കു വീണു കിടക്കുന്ന സ്ത്രീ രൂപമാണ്‌ ഉള്ളത്.
വയനാട്ടിലെ ചെതലയം,ശശിമല,ആശ്രമകൊല്ലി എന്നീസ്ഥലങ്ങളും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഇങ്ങനെ പല രീതിയിലും രാമായണം ഇവിടെ ഉറങ്ങുന്നു എന്നാണ് പറയപ്പെടുന്നതും,വിശ്വാസികള്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു പോരുന്നതും.
പുല്‍പ്പള്ളി ബസ്‌ സ്റ്റാന്‍ഡിനടുത്താണ്‌ സീതാക്ഷേത്രം. കടകളും നിരവധി സ്ഥാപനങ്ങളുമുള്ള ജംഗ്ഷന്‌ പട്ടണത്തിന്റെ പ്രൗഢിയുണ്ട്‌. ചരിഞ്ഞുകിടക്കുന്ന റോഡിലൂടെ കയറിയാല്‍ വിസ്തൃതമായ അമ്പലപ്പറമ്പ്‌. അതിന്റെ ഒരറ്റത്ത്‌ ആനയുണ്ട്‌. ക്ഷേത്രത്തിനഭിമുഖമായി ദേവസ്വം ഓഫീസും സ്റ്റേജുമുണ്ട്‌. താഴെ വടക്കുഭാഗത്താണ്‌ കുളം. നേരെ മുകളില്‍ ഊട്ടുപുരയും. സീതാദേവിയുടെ അരികില്‍നിന്ന്‌ അസ്ത്രവിദ്യ പരിശീലിക്കുന്ന ലവകുശന്മാരുടെ മനോഹരചിത്രം ക്ഷേത്രത്തിന്‌ മുന്നിലുണ്ട്‌. ചെമ്പുമേഞ്ഞ രണ്ടുനില ശ്രീകോവിലില്‍ സീതാദേവിയേയും ലവകുശന്മാരേയും പ്രതിഷ്ഠിക്കുന്നു. ഉപദേവന്മാരായി അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, വേട്ടയ്ക്കൊരുമകന്‍, എന്നീ പ്രതിഷ്ഠകളും നാഗരാജസങ്കല്‍പ്പവുമുണ്ട്‌. മൂന്നുനേരം പൂജയുണ്ട്‌. തന്ത്രം ഉടാത്തനാട്ട്‌ ഇല്ലം കോഴിക്കോട്ടിരി മന എന്നിവര്‍ക്കാണ്‌ ദേവിക്ക്‌ വെള്ള നിവേദ്യവും നെയ്പ്പായസവും ലവ-കുശന്മാര്‍ക്ക്‌ ഉണ്ണിയപ്പവും വഴിപാടായുണ്ട്‌. മണ്ഡലകാലം, മകരത്തിലെ രേവതിക്കുള്ള പ്രതിഷ്ഠാദിനം. ധനുവിലെ ചുറ്റുവിളക്കും ഉത്സവാഘോഷങ്ങളും ഇവിടത്തെ വിശേഷങ്ങളാണ്‌. നവരാത്രിക്കും വിഷുവിനും പ്രത്യേക ആഘോഷങ്ങളുണ്ട്‌. ലവകുശന്മാര്‍ കളിച്ചുനടന്നതിനെ അനുസ്മരിച്ച്‌ ഇവിടെ വെള്ളാട്ടം നടത്തുന്നു. ക്ഷേത്രത്തിന്‌ തെക്കുവശത്തുള്ള വെള്ളാട്ട്‌ തറയില്‍വച്ചാണിത്‌. വൃശ്ചികവും കര്‍ക്കിടകവും ഒഴികെയുള്ള എല്ലാ മലയാളമാസവും രണ്ടാം തീയതിയ്ക്കുള്ള ചുറ്റുവിളക്കിനും വെള്ളാട്ടമുണ്ട്‌. ഉപദേവതാ സ്ഥാനമായ കരിങ്കാളി ക്ഷേത്രത്തില്‍ എല്ലാ മാസവും സംക്രമ പൂജയുണ്ട്‌. ജനുവരിമാസത്തിലാണ്‌ ഇവിടെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച്‌ വെള്ളാട്ടം നടക്കും. ഉത്സവത്തിന്‌ താലപ്പൊലിയുണ്ടാകും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലെ ഭക്തജനങ്ങള്‍ താലപ്പൊലിയില്‍ പങ്കെടുക്കും

ത്രിശ്ശിലേരിമഹാദേവക്ഷേത്രം, വയനാട്. മാനന്തവാടി-മൈസൂർ ഹൈവേ



ത്രിശ്ശിലേരിമഹാദേവക്ഷേത്രം, വയനാട്.
=========================================
തിരുനെല്ലിയിൽ നിന്ന് 19 കിലോമീറ്റർ അകലെ പ്രധാന മാനന്തവാടി-മൈസൂർ ഹൈവേയിലാണ് ത്രിശിലേരി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ്.
തിരുനെല്ലിയിലെ വിഷ്ണുക്ഷേത്രവുമായി ഇഴപിരിഞ്ഞ ബന്ധമാണ് ക്ഷേത്രത്തിനുള്ളത്. 
തിരുനല്ല ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികൾ അവരുടെ പൂർവ്വികരെ ആദരിക്കാനും തൃശ്ശേരി ക്ഷേത്രവും സന്ദർശിക്കുന്നു.
ജഗദുർഗയുടെ ഒരു ചെറിയ ക്ഷേത്രവും ഇവിടെയുണ്ട്. ഈ ക്ഷേത്രത്തിലൂടെ പാപനാസിനി ജലം ഒഴുകുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ് ഇവിടെ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. കാർത്തികുളത്തു നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
കൽപറ്റയിൽ നിന്ന് 50 km, സുൽത്താൻ ബത്തേരിയിൽ നിന്നും 25 km, മാനന്തവാടിയിൽ നിന്ന് 41 kmഅകലെയാണ് ക്ഷേത്രം.

ബാലി തെയ്യം { 27 }




ബാലി തെയ്യം { 27 }
==============================
ഐതീഹ്യം/ചരിത്രം
------------------------------
തന്‍റെ ഭര്‍ത്താവിനെ പരിഹസിച്ച സൂര്യനെ ഭര്‍തൃ ഭക്തയും പഞ്ചരത്നങ്ങളില്‍ ഒരുവളുമായ ശീലാവതി നീ ഉദിക്കാതാകട്ടെ എന്നു ശപിച്ചു..
സൂര്യന്‍ ഉദിക്കാതെ ഇരുന്ന നേരം സൂര്യ തേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഒരു മോഹം തോന്നി.. ഇന്ദ്ര സഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണാമെന്നു..
തന്‍റെ രൂപത്തില്‍ ചെന്നാല്‍ ദേവേന്ദ്രന്‍ കോപിക്കുമോ എന്നു ഭയന്ന് അരുണന്‍ ഒരു സ്ത്രീ രൂപമെടുത്തു അവിടെ ചെന്നു .. അതി സുന്ദരിയായ അരുണന്റെ സ്ത്രീ രൂപം കണ്ട് ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു..
അതില്‍ അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ ബാലി.. പിന്നീട് അരുണന്റെ ഇതേ രൂപം കണ്ട് സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാകുകയും ചെയ്തു..
തന്‍റെ കാല ശേഷം കിഷ്കിന്ദ ഭരിക്കാന്‍ നന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച കിഷ്കിന്ദാപതി ഋഷരചസ്സിനു ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്‍കി..
എല്ലാവരെയും അത്ഭുതപെടുത്തുന്ന സഹോദര സ്നേഹത്തോടെ അവര്‍ കിഷ്കിന്ദയില്‌ വളര്‍ന്നു… ഋഷ രചസ്സിന്റെ മരണ ശേഷം ബാലി കിഷ്കിന്ധാധിപതിയായി സ്ഥാനമേറ്റു ..
മാലവ്യാന്‍ പര്‍വ്വതത്തില്‍ കൊട്ടാരം നിര്‍മിച്ച് ബാലി അവിടെ താമസിച്ചു.പുത്രനോടുള്ള വാല്‍സല്യതാല്‍ ,ആര് ബാലിയോടു എതിരിടുന്നോ അവരുടെ പാതി ശക്തി കൂടി ബാലിക്ക് ലഭിക്കുമെന്ന വരം നല്‍കി ദേവേന്ദ്രന്‍ …
രാക്ഷസ രാജാവായ രാവണന്റെ കിങ്കരമാരെ നിഷ്പ്രയാസം വധിച്ചു കളഞ്ഞ ബാലിയോടു ഏറ്റുമുട്ടാന്‍ രാവണന്‍ തന്നെ പല തവണ നേരിട്റെതിയെങ്കിലും ബാലിയെ ജയിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല , സംവല്സരങ്ങളോളം ബാലിയുടെ അടിമയായി കഴിയേണ്ടിയും വന്നു..
ബാലിയെ ചതിയിലൂടെ തോല്‍പ്പിക്കാന്‍ രാവണന്‍ അസുര ശില്പിയായ മയന്റെ പുത്രന്‍ മായാവിയെ കിഷ്കിന്ധയിലേക്ക് അയച്ചു.. മായാവിയെയും ബാലി വധിച്ചു എങ്കിലും മായാവിയുടെ ചതി പ്രയോഗം സുഗ്രീവനെ
ബാലിയുടെ ശത്രുവാക്കി തീര്‍ത്തു.. തന്നെ വധിക്കാന്‍ ഒരുങ്ങിയ ബാലിയെ പേടിച്ച് സുഗ്രീവന്‍ ഋഷ്യ മൂകാചലത്തില്‍ പോയി ഒളിച്ചു .. ഒടുവില്‍ സുഗ്രീവ പക്ഷം ചേര്‍ന്ന രാമന്‍ സപ്തസാല വൃക്ഷത്തിനു പിന്നില്‍
ഒളിച്ചിരുന്ന് എയ്ത അമ്പേറ്റ് ബാലി വീര സ്വര്‍ഗം പൂകി..
വിശ്വകർമ്മ സമുദായത്തിന്റെ കുല ദൈവമാണ് ബാലി .. വടുക രാജാവ് തന്‍റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചുപോന്നിരുന്നു.. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ഥനയും കണ്ട് ദൈവം അദേഹത്തിന്റെ വെള്ളോലമേക്കുട ആധാരമായി മണ്ണുമ്മല്‍ പടിഞ്ഞാറ്റയില്‍ എത്തി എന്നും പറയപ്പെടുന്നു.. പിന്നീട് മൊറാഴ,വടക്കുംകൊവില്‍,മണ്ണുമ്മല്‍ ,കുറുന്താഴ എന്നിവടങ്ങിളിലും അവിടെ നിന്നും പിന്നെ മിക്ക ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം….. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്.

കുണ്ടോറ ചാമുണ്ഡി തെയ്യം




കുണ്ടോറ ചാമുണ്ഡി തെയ്യം { 26 }
===================================
ഐതീഹ്യം\ ചരിത്രം
ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ദേവിയുടെത്. വേലന്മാിര്‍ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ഈ ദേവി.
യുദ്ധ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്.ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തില്‍ അവതാരമെടുത്ത് അസുര നിഗ്രഹം നടത്തിയത്രേ. അതില്‍ പ്രാധാനപ്പെട്ട ഒരു അവതാരമൂര്ത്തി യാണ് ദേവി കൌശികി. ആ കൌശികി ദേവിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി ദേവതാ സങ്കല്പ്പുത്തിലുള്ള തെയ്യക്കോലമാണ് കുണ്ടോറ ചാമുണ്ഡി. ദാരികാസുരനെ വധിച്ച കാളി തന്നെയാണ് കുണ്ടോറ ചാമുണ്ഡി എന്നും പറയപ്പെടുന്നു. ഈ ചാമുണ്ഡി ദാരിക പത്നി കാലകേയി പൊന്മകളോടു ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്രസ്വരൂപിണിയായി അസുരനോട് ഏഴു രാപ്പകല്‍ പോരാടിയശേഷം എട്ടാം ദിവസം വേതാളം വിരിച്ച നാക്കില്‍ കിടത്തി ദാരികനെ മുടിയെപ്പിടിച്ച് കൊരല്‍ അറുത്ത് കൊല്ലുകയായിരുന്നുവത്രേ.
ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീര്ഥങ്ങളായ പക്ഷി തീര്‍ത്ഥവും കുക്ഷ തീര്‍ത്ഥവും നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാല്‍ കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തിയെന്നും അപ്പോള്‍ അവിടെ മറുകരയില്‍ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കര്മ്മങ്ങളിലും കാളി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ്‌ ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടക്കുകയും ചെയ്തുവത്രേ.
ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് വരും വഴി മരത്തണലില്‍ പാത്രം വെച്ച് വിശ്രമിച്ചു. കാളി അവരെ ഉറക്കിക്കിടത്തി. കിടാരം പിളര്ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ കന്നു കാലികളെ ഒറ്റ രാവില്‍ തിന്നു തീര്ത്തു . കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറപ്പന്റെ വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രാര്ഥിാച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയത് പോലെ നിന്നു കണ്ടതിനാല്‍ പറഞ്ഞതിന്‍ പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്കി. അങ്ങിനെ കാളി അവിടെ സ്ഥാനം പിടിച്ചു. അങ്ങിനെ ചാമുണ്ടിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു.
പിന്നീട് അവിടുന്നു തെക്കോട്ടേക്ക് യാത്ര തിരിച്ച കാളി കീഴൂര്‍ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത് നിന്നിട്ടും കീഴൂര്‍ ശാസ്താവ് ദേവിക്ക് വഴി കൊടുക്കാത്തതില്‍ കോപാകുലയായ കാളി നാട്ടില്‍ അനര്ത്ഥങ്ങള്‍ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം “മണല്‍ വിരിച്ച് കമ്പക്കയര്‍ തീര്ത്ത് കാണിച്ചതിനെ ക്കുറിച്ച് ഇങ്ങിനെ പറയുന്നു. “പതിനാറ് മുഴമുള്ള മണല്‍ കൊണ്ട് കമ്പയത് കയറാക്കിപ്പിരിച്ചു മണലും തൂറ്റിപ്പാറ്റിയത് കണ്ടു അതിശയിച്ചിട്ടാണ് കീഴൂരപ്പന്‍ വഴി പകര്ന്നു നല്കുകയും “നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിക്ക് നീ കന്നിരാശി പരദേവത” എന്ന് അനുഗ്രഹിക്കുകയും ചെയ്തത്രേ. അങ്ങിനെ ദേവി തുളുനാട് കടന്ന്‍ മലനാട്ടില്‍ കോലത്തിരി രാജാവിന്റെ അടുത്ത് എത്തി. അവിടെ ദേവിക്ക് കോല രൂപവും ഗുരുതി, കലശം എന്നിവയും നല്കി . അതില്‍ സംപ്രീതയായ ദേവി ഭക്തര്ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് കോലത്ത് നാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.
ഇതില്‍ നിന്ന് അല്പ്പം ഭിന്നമായ ഒരു കഥ താഴെ കൊടുക്കുന്നു.
ദാരികാസുരനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയില്‍ പോയ കാളി അവിടെ താമസിക്കുവാന്‍ തുടങ്ങിയത്രേ. അങ്ങിനെ ഒരിക്കല്‍ കുണ്ടൂര്‍ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് പുറപ്പെട്ടു.അവിടെ കുണ്ടോറപ്പന്റെ (ശിവന്റെ) അമ്പലത്തില്‍ താമസിക്കാന്‍ തുടങ്ങിയ കാളിയെ കുണ്ടോറപ്പന്‍ വര്ഷങ്ങളായി വേലക്കാരിയാക്കി വെച്ചുവെന്നും പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവന്‍ മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലമൊരുക്കുകയും ചെയ്തുവത്രേ. കുണ്ടൂര്‍ തന്ത്രിയുടെ കൂടെ കോലത്ത് നാട്ടിലേക്ക് വന്നത് കൊണ്ട് കുണ്ടൂര്‍ ചാമുണ്ഡിയെന്നു വിളിക്കുന്നു.
ഈ തെയ്യത്തിന്റെ പുറപ്പാട് (തെയ്യം കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങ്) കുണ്ടാടി ചാമുണ്ടിയുടെ ഇളം കോലമാണ്. കത്തിജ്ജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്നത് ഈ ഇളങ്കോലമാണ്. എന്നാല്‍ മോന്തിക്കോലം എന്ന ചടങ്ങ് കുണ്ടാടി ചാമുണ്ഡി കുണ്ടോറപ്പന്റെ വേലക്കാരിയായിരുന്ന കാലത്തെ കാണിക്കുന്നതാണ്.
വേലന്മാര്‍ ആണ് ഈ തെയ്യം കെട്ടിയാടുന്നത്‌. തുളു തോറ്റമാണ്‌ ഈ തെയ്യത്തിനു ആദ്യം പാടുന്നത്. അതിനു ശേഷമാണ് പുരാവൃത്ത ഗീതം. ഈ ദേവിയുടെ പരിവാര ദേവതയാണ് ‘തുരക്കാരത്തി തെയ്യം’. വേലന്മാതര്‍ തന്നെയാണ് ഈ തെയ്യത്തെയും കെട്ടിയാടുന്നത്‌. മറ്റൊരു പരിവാര ദേവതയാണ് ‘മോന്തിക്കോലം’. കുണ്ടോറപ്പന്റെ ദാസിയാണ് ഈ ദേവി.
കടപ്പാട്:
Melparampath temple എന്നയാളുടെ ഫോട്ടോ

ശൂലപ്പാറശ്രീമഹാദേവക്ഷേത്രം, കുമിളി, വണ്ടൻമേട്, ഇടുക്കി.



ശൂലപ്പാറശ്രീമഹാദേവക്ഷേത്രം, കുമിളി, വണ്ടൻമേട്, ഇടുക്കി.
========================================
കൈലാസവാസിയായ ശിവഭഗവാന്റെ മഹത് ചൈതന്യം നിറഞ്ഞു നിൽക്കുന്ന മഹാക്ഷേത്രം....... മഹാദേവ ചൈതന്യത്തെ രണ്ടു ശ്രീ കോവിലിൽ മഹാശിവലിംഗമായും അർദ്ധനാരീശ്വരനായും കുടികൊള്ളുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന് ......... ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഒരു മുനിശ്വരൻ ശൂലപ്പാറമലയിൽ തപസ്സ് അനുഷ്ഠിച്ച് ഭഗവാനെ പ്രത്യക്ഷപ്പെടുത്തി പാറക്കെട്ടുകൾ നിറഞ്ഞ മലയിൽ ഭാഗവാന്റെ അനുഗ്രഹത്താൽ ഗംഗദേവിക്ക് സമാനമായി ജലപ്രവാഹം രൂപപ്പെടുകയും ആ ജലസ്രോതസ്സ് ഇപ്പോഴും ക്ഷേത്രത്തിൽ നിലകൊള്ളുന്നു ....... ശൂലപ്പാറ മലയിൽ മഹാദേവ സന്നിധ്യത്തെ പിന്നീട് അറിഞ്ഞവരുടെ എണ്ണം എണ്ണിയാൽ തീരാത്ത അത്രയും ... നൂറ്റാണ്ടുകൾ മുന്പ് തന്നെ മഹാദേവ ചൈതന്യം തിരിച്ചറിഞ്ഞ ഭക്തജനങ്ങൾ ശൂലപാറ മലയിൽ പുജാദി കർമ്മങ്ങൾ നടത്തി തുടങ്ങി പാറക്കെട്ടുകൾ നിറഞ്ഞ മലയിൽ ആൽ മരം വളരുകയും പീന്നീട് ആൽമരചുവട്ടിൽ മഹാദേവനു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു വർഷങ്ങൾക്കു ശേഷം ക്ഷേത്രത്തിലെ ദേവപ്രശ്നത്തിൽ ഇന്ന് കാണുന്ന രീതിയിൽ ഒരു മഹാക്ഷേത്രം നിർമ്മിക്കണം എന്ന് തെളിയുകയും ചെയ്തു അങ്ങനെ ക്ഷേത്ര നിർമ്മാണം ആരംഭിക്കുകയും ഷഢാധാര പ്രതിഷ്ഠ നടത്തുകയും പീന്നീട് ക്ഷേത്ര നിർമ്മാണം വർഷങ്ങളോളം മുടങ്ങി കിടന്നു ശേഷം 6വർഷങ്ങൾക്ക് മുന്പ് ക്ഷേത്ര നിർമ്മാണം പുനരാരംഭിച്ചു ഭക്തജനങ്ങളുടെ പൂർണ പിന്തുണയും മഹാദേവൻന്റെ അനുഗ്രഹവും കൊണ്ട് അങ്ങനെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും പ്രതിഷ്ഠ വേളയിൽ ശൂലപ്പാറ മഹാദേവ സന്നിധി ഭക്തജനങ്ങളെ കൊണ്ട് നിറയുകയും ചെയ്തു. ധ്വജപ്രതിഷ്ഠയോടെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പുർണമായത്.

2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

എന്താണ് കലിയുഗം



എന്താണ് കലിയുഗം
===========================
കലിയുഗം*
÷÷÷÷÷÷÷÷÷÷÷÷
കാലഗണനാസമ്പ്രദായം അനുസരിച്ച് നാലാമത്തെ യുഗമാണ് കലിയുഗം. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117 വർഷം നാം പിന്നിട്ടിരിക്കുന്നു.
അതായത്, ഇപ്പോൾ കലിയെ മനുഷ്യരൂപത്തിൽ‌ ദർശിച്ചാൽ, കേവലം ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
*ആരാണ് കലി?*
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാ പുരാണത്തിലാണ്. യഥാർ‌ഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് ഇവിടെ.
യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാൾ ഒരു കാളയുടെ നാലാമത്തെ കാൽ, ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകൾ ഒടിഞ്ഞു പോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം, അയാൾ സ്വയം പരിചയപ്പെടുത്തുന്നു.
*ഞാൻ‌ കലിയെന്നു പേരുളളവനും, ഈ യുഗത്തിന്റെ അധികാരിയുമാണ്.*
കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമ്മമായിരുന്നു. ധർമ്മത്തിനു നാലു കാലുകളുണ്ട്:
*ദയ*
*ദാനം*
*ശുചിത്വം*
*സത്യം*
സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർ‌ഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും, ദ്വാപരത്തിൽ ദാനമില്ലാതാവുകയും, കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്.)
*നാലാം കാലായ സത്യ ത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും, നടന്നില്ല.*
അതിനർഥം, സത്യമെന്ന ഏകപാദത്തിൽ *ധർമം* കലിയുഗത്തിൽ നിലകൊളളുമെന്നാണ്.
സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും, ദുർമനസുളളവരും, കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർ‌മത്തിനു ച്യുതി സംഭവിക്കും. ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർ‌മാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും, ഏതു വർ‌ണത്തിലുളള കന്യകയെയും, വിവാഹം കഴിക്കാൻ യോഗ്യരാകും. ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർ‌മങ്ങൾ നടത്തുകയും ചെയ്യും.
*ധർമ്മാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും.*
ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.
ഭഗവദ്‌ഗീത മുതലായ
പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുകയും, ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും.
സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾ‌ക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കള‍ഞ്ഞത്. അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ, അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു.
ഉപവാസം, തീർ‌ത്ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും, അതിനൊക്കെ ധർ‌മത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർ‌ഥിച്ചിരിക്കുന്നു.
കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർ‌വ്‌ ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾ‌ക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്.
ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും, എത്ര നിന്ദ്യനായാലും പണക്കാരൻ, ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർ‌മങ്ങൾ നടത്തുകയില്ലെന്നും, ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും, അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യ മര്യാദകൾ വേണ്ട വിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
കലിയുഗാവസാനമാകുമ്പോഴേക്കും, സ്തീകൾക്ക് 5, 6, 7 വയസുകളിൽ സന്താനങ്ങൾ ഉണ്ടാകുമെന്നും 8, 9, 10 വയസ്സ് പുരുഷനു സന്താനാർഹമാകുമെന്നും 12 വയസ്സാകുമ്പോഴേക്കും തലനരയ്ക്കാനും 20 വയസ്സാകുമ്പോഴേക്കും കാലപുരി പൂകാനും യോഗ്യരാകുമെന്നു ചില ഗ്രന്ഥങ്ങളിൽ പറയുന്നു.
മഴ കുറയുമെന്നും, വയലുകൾ നികത്തുമെന്നും, ഭക്ഷണസാമഗ്രികൾ സാരയുക്തങ്ങളല്ലാതെയാകുമെന്നുളള, പ്രവചനം അക്ഷരാർ‌ഥത്തിൽ ശരിയാകുന്നുണ്ട്.
*കാമം, ക്രോധം, ഭയം ഈ മൂന്നു വികാരങ്ങളും നൈമിഷാഘാതമുളളവയാണ്. അവയുടെ ചർച്ചകളും സംഭവങ്ങളും മാത്രമേ കലിയുഗത്തിൽ പ്രാധാന വാർത്തകളാകൂ. കാമസംബന്ധമായ ചതി, വഞ്ചന, അനാചാരം, തുടങ്ങിയവ, ക്രോധസ്വരൂപമായ കൊല, യുദ്ധം, പക മുതലായവ, ഭയസ്വരൂപങ്ങളായ പ്രകൃതി ക്ഷോഭങ്ങൾ, ഭീഷണി, രോഗം, മരണം, സാമ്പത്തികബാധ്യത, ആത്മഹത്യകൾ എന്നിവയെല്ലാം വർ‌ധിക്കും.*
ഇങ്ങനെയൊക്കെയാണെങ്കിലും, അല്പമായ പ്രയത്നത്താൽ ജനങ്ങൾ‌ക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും. എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു, കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
‘‘യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേ തന്നെ മുക്തി വരുത്തുവാൻ"
*സത്യം കൈവെടിയാതെ ജീവിക്കുക.*

സഹസ്ര രാവണന്‍





സഹസ്ര രാവണന്‍
സഹസ്ര രാവണന്‍ ദശാനനന്‍റെ ജ്യേഷ്ഠസഹോദരനാണെന്ന വിവരം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. വാത്മീകിമഹര്‍ഷി രചിച്ച “അത്ഭുത രാമായണം” എന്ന ഇതിഹാസതിലാണ് ഈ വീരയോദ്ധാവിനെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നത്. അദ്ധ്യാത്മരാമായണം എഴുതിയ വാത്മീകിമഹര്‍ഷിയും അത്ഭുത രാമായണം എഴുതിയ വാത്മീകിമഹര്‍ഷിയും ഒരാളല്ല, രണ്ടു പേരാണു എന്നൊരു വാദഗതിയും നിലവിലുണ്ട്.
( അത്ഭുത രാമായണത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത് ഗുരുവായൂര്‍ കിഴക്കേനടയിലുള്ള “മതഗ്രന്ഥ ശാല” എന്നപേരില്‍ അറിയപ്പെടുന്ന ഗ്രന്ഥശാലയില്‍ നിന്നാണ്. കേരളത്തില്‍ കിട്ടുന്ന സകല പത്രങ്ങളും, മാസികകളും, നോവലുകളും, ചെറുകഥകളും ഒക്കെയുള്ള ഈ ശാലയ്ക്ക് “മതഗ്രന്ഥ ശാല” എന്നുപേരിട്ട ആ മഹാനു എന്‍റെ വക ഒരു നമസ്കാരം.(നടുവിരല്‍ നമസ്കാരമാണ് ഇങ്ങിനെയുള്ളവര്‍ക്ക് വേണ്ടത്). ഇത്രയും വരുമാനമുള്ള ക്ഷേത്രത്തിന്‍റെ ഗ്രന്ഥശാലയുടെ അടിസ്ഥാനസൌകര്യങ്ങള്‍ (infrastructure) കണ്ടാല്‍ കരഞ്ഞു പോകും. അതുപോകട്ടെ. ഇത്തരുണത്തില്‍, വായനശാല അധികാരി ശ്രീമതി.രാജലക്ഷ്മി തന്ന സഹായ സഹകരണങ്ങളെ ബഹുമാനപൂര്‍വ്വം സ്മരിക്കുന്നു.)
സഹസ്രരാവണന്‍ ചെറുപ്പത്തില്‍ തന്നെ വലിയ ശക്തിമാനും വിക്രമനുമാ യിരുന്നു. ചേട്ടനും അനിയനും തമ്മില്‍ അടികൂടാത്ത അവസരം വിരളം. ഒരുദിവസം അനിയന്‍ രാവണനുമായുണ്ടായ ശണ്ഠ കുറച്ചു കടുത്തുപോയി. അടികൊണ്ടവശനായി കരഞ്ഞുവിളിച്ചു വരുന്ന ദശാനനെ കണ്ടപ്പോള്‍ അമ്മ കൈകെശിക്ക് വലിയ വിഷമമായി. ആയമ്മ അന്നുതന്നെ മൂത്തവനായ സഹസ്രരാവണനെ കൊട്ടാരത്തില്‍നിന്നും ഇറക്കിവിട്ടു. മാതൃശാസനം ശിരസ്സാവഹിച്ച ജ്യേഷ്ഠന്‍ പുഷകരം എന്ന ദ്വീപ്‌ ആക്രമിച്ചു, അവിടത്തെ രാജാവായി താമസം ഉറപ്പിച്ചു. പിന്നെ അദ്ധേഹത്തെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല.
രാവണ നിഗ്രഹം കഴിഞ്ഞു സീത, ലക്ഷ്മണ ഹനുമാന്‍ സമേതനായി ഇരിക്കുന്ന ശ്രീരാമചന്ദ്രനെ കാണാന്‍ പല വലിയ മഹര്‍ഷിമാരും, താപസന്മാരും എത്തിച്ചേര്‍ന്നു. അവരോടൊക്കെ ശ്രീരാമന്‍ തന്‍റെ വീരകൃത്യങ്ങള്‍ വര്‍ണ്ണിക്കുന്നതുകേട്ട സീതാദേവിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു. ഇതുകണ്ടമ്പരന്ന സദസ്യര്‍ സീതാദേവിയോടു ആ മന്ദഹാസത്തിന്‍റെ കാരണം തിരക്കി. അപ്പോള്‍ ദേവി അവരോടു സഹസ്രരാവണനിഗ്രഹത്തെക്കുറിച്ച് വര്‍ണ്ണിച്ചു.
അനിയന്‍റെ മരണവാര്‍ത്തയറിഞ്ഞു കോപാക്രാന്തനായ സഹസ്രരാവണന്‍ ലങ്കാപുരിയിലെത്തി സീതാസമേതനായി ഇരിക്കുന്ന ശ്രീരാമചന്ദ്രനെ യുദ്ധത്തിനു വിളിച്ചു. പോര്‍വിളികേട്ടു, രാമന്‍ സൈന്യത്തോടും, സഹോദരനോടും, ഹനുമാനോടും യുദ്ധസദ്ധരാകാന്‍ കല്‍പ്പിച്ചു. അവരോടൊപ്പം പുറപ്പെടാന്‍ തുടങ്ങിയ രാമനെ സീത തടുത്തു. “അങ്ങിപ്പോള്‍ വളരെ ക്ഷീണിതനാണ്. അല്പം വിശ്രമിച്ചിട്ട് പോയാല്‍ പ്പോരെ. യുദ്ധം നാളെയും ആകാമല്ലോ.” “ഏയ്‌, അതുവേണ്ട. ദേവി വിശ്രമിക്കൂ. ഇവനെ ക്ഷണനേരം കൊണ്ട് യമപുരിക്കയച്ചു ഞാന്‍ തിരികെ വരാം.” എന്നായി ശ്രീരാമന്‍ എന്തായാലും രാമന്‍ യുദ്ധത്തിനു പുറപ്പെട്ടു.
സേനാ സമേതനായി വരുന്ന ശ്രീരാമചന്ദ്രനെ കണ്ടിട്ട് സഹസ്രരാവണന് കോപം ഇരട്ടിച്ചു. അദേഹം ഒരൊറ്റ വായവാസ്ത്രം കൊണ്ട് രാമസൈന്യത്തെ അവരവരുടെ വീടുകളില്‍ എത്തിച്ചു. വാനരസൈന്യം കാട്ടിലും, ലക്ഷ്മണന്‍ അയോദ്ധ്യയിലും , മറ്റു രാക്ഷസന്മാര്‍ അവരവരുടെ വീടുകളിലും എത്തി. ഏകനായി നിന്ന ശ്രീരാമചന്ദ്രനോട് യുദ്ധവും ആരംഭിച്ചു. ശ്രീരാമചന്ദ്രന്‍ പഠിച്ച തന്ത്രങ്ങളും, മുറകളും ആയുധങ്ങളും മുഴുവന്‍ പ്രയോഗിച്ചിട്ടും പ്രതിയോഗിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ശ്രീരാമന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തെ സഹസ്രരാവണന്‍ ആന കരിമ്പ്‌ ഒടിച്ചുകളയുംപോലെ ഒടിച്ചു ദൂരോട്ടെറിഞ്ഞു. അവസാനം ക്ഷീണിതനായ രാമനെ സഹസ്രരാവണന്‍ ശക്തി ആയുധം ഉപയോഗിച്ചു മാരകമായ മുറിവേല്‍പ്പിച്ചു. മൃതപ്രായനായ രാമന്‍ ബോധം കെട്ടു രഥത്തട്ടില്‍മയങ്ങി വീണു.
ലങ്കാപുരിയിലെ അന്ത:പുരത്തില്‍ ഇരുന്ന ദേവിക്ക് ദു:സ്സൂചനകള്‍ കാരണം തന്‍റെ ഭര്‍ത്താവ് അത്യാപത്തില്‍ പെട്ടിരിക്കുന്നുവെന്നു മനസ്സിലായി. ശാന്തസ്വരൂപിണിയും, സ്നേഹസമ്പന്നയും ആയ ദേവിയുടെ രൂപവും ഭാവവും മാറി. ദേവി മഹാകാളിയുടെ ഭീകരരൂപം കൈക്കൊണ്ടു. ക്ഷുഭിതയായ ദേവി “ഹും” കാരം മുഴക്കി രണാങ്കണത്തിലേക്കു പാഞ്ഞു. പോകുന്ന വഴിക്കെല്ലാം മരണം വിതച്ച ദേവി, ഒരൊറ്റ നിശ്വാസത്തില്‍ സഹസ്രരാവണനെ വധിച്ചു. പ്രളയകാലത്ത്മാത്രം പ്രത്യക്ഷപ്പെടുന്ന ആ സംഹാരാഗ്നി പ്രതിയോഗിയുടെ മരണം കൊണ്ട് തൃപ്തിപ്പെട്ടില്ല. കോപിഷ്ഠയായ ദേവി അവസാനം പ്രപഞ്ചം മുഴുവന്‍ നശിപ്പിക്കും എന്നുറപ്പായപ്പോള്‍, ബ്രഹ്മാവും, വിഷ്ണുവും മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവന്‍ , ഭദ്രകാളിയുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിച്ചു ശയിച്ചു. മാര്‍ഗ്ഗത്തില്‍ ദേവന്‍റെ രൂപം കണ്ട മഹാശക്തി ശാന്തയായി.
മോഹാലസ്യം വിട്ടുണര്‍ന്ന ശ്രീരാമന്‍, ഭീകരരൂപിണിയായ ഭദ്രകാളിയെ കണ്ടമ്പരന്നു. ബ്രഹ്മാവ്‌, സീത തന്നെയാണ്, ഭദ്രകാളിയെന്ന സത്യം ശ്രീരാമചന്ദ്രന് ഉപദേശിച്ചു. ഇതുകേട്ട ഭദ്രകാളി തന്‍റെ യഥാര്‍ത്ഥ തത്വത്തെയെയും, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ശിവശക്തി സംയോഗത്തെക്കുറിച്ചും വിവരിച്ചു കൊടുത്തു. അതിനുശേഷം ശ്രീരാമന്‍റെ പ്രാര്‍ത്ഥനയെ മാനിച്ചു ഭദ്രകാളി , സീതാദേവിയുടെ പൂര്‍വ്വ രൂപത്തില്‍ പ്രത്യക്ഷയായി. അവര്‍ അനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുകയും ചെയ്തു.
അദ്ഭുത രാമായണത്തില്‍. സീതാദേവിയെ പരാശക്തിയായും, തൃദേവീ രൂപമായും, ലോകമാതാവും ശക്തി സ്വരൂപിണിയും ആയി വാഴ്ത്തുന്നു. ശ്രീരാമനെക്കാളും പ്രാധാന്യം ദേവിക്ക് കൊടുത്തിരിക്കുന്നു.