2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

സഹസ്ര രാവണന്‍





സഹസ്ര രാവണന്‍
സഹസ്ര രാവണന്‍ ദശാനനന്‍റെ ജ്യേഷ്ഠസഹോദരനാണെന്ന വിവരം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. വാത്മീകിമഹര്‍ഷി രചിച്ച “അത്ഭുത രാമായണം” എന്ന ഇതിഹാസതിലാണ് ഈ വീരയോദ്ധാവിനെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നത്. അദ്ധ്യാത്മരാമായണം എഴുതിയ വാത്മീകിമഹര്‍ഷിയും അത്ഭുത രാമായണം എഴുതിയ വാത്മീകിമഹര്‍ഷിയും ഒരാളല്ല, രണ്ടു പേരാണു എന്നൊരു വാദഗതിയും നിലവിലുണ്ട്.
( അത്ഭുത രാമായണത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത് ഗുരുവായൂര്‍ കിഴക്കേനടയിലുള്ള “മതഗ്രന്ഥ ശാല” എന്നപേരില്‍ അറിയപ്പെടുന്ന ഗ്രന്ഥശാലയില്‍ നിന്നാണ്. കേരളത്തില്‍ കിട്ടുന്ന സകല പത്രങ്ങളും, മാസികകളും, നോവലുകളും, ചെറുകഥകളും ഒക്കെയുള്ള ഈ ശാലയ്ക്ക് “മതഗ്രന്ഥ ശാല” എന്നുപേരിട്ട ആ മഹാനു എന്‍റെ വക ഒരു നമസ്കാരം.(നടുവിരല്‍ നമസ്കാരമാണ് ഇങ്ങിനെയുള്ളവര്‍ക്ക് വേണ്ടത്). ഇത്രയും വരുമാനമുള്ള ക്ഷേത്രത്തിന്‍റെ ഗ്രന്ഥശാലയുടെ അടിസ്ഥാനസൌകര്യങ്ങള്‍ (infrastructure) കണ്ടാല്‍ കരഞ്ഞു പോകും. അതുപോകട്ടെ. ഇത്തരുണത്തില്‍, വായനശാല അധികാരി ശ്രീമതി.രാജലക്ഷ്മി തന്ന സഹായ സഹകരണങ്ങളെ ബഹുമാനപൂര്‍വ്വം സ്മരിക്കുന്നു.)
സഹസ്രരാവണന്‍ ചെറുപ്പത്തില്‍ തന്നെ വലിയ ശക്തിമാനും വിക്രമനുമാ യിരുന്നു. ചേട്ടനും അനിയനും തമ്മില്‍ അടികൂടാത്ത അവസരം വിരളം. ഒരുദിവസം അനിയന്‍ രാവണനുമായുണ്ടായ ശണ്ഠ കുറച്ചു കടുത്തുപോയി. അടികൊണ്ടവശനായി കരഞ്ഞുവിളിച്ചു വരുന്ന ദശാനനെ കണ്ടപ്പോള്‍ അമ്മ കൈകെശിക്ക് വലിയ വിഷമമായി. ആയമ്മ അന്നുതന്നെ മൂത്തവനായ സഹസ്രരാവണനെ കൊട്ടാരത്തില്‍നിന്നും ഇറക്കിവിട്ടു. മാതൃശാസനം ശിരസ്സാവഹിച്ച ജ്യേഷ്ഠന്‍ പുഷകരം എന്ന ദ്വീപ്‌ ആക്രമിച്ചു, അവിടത്തെ രാജാവായി താമസം ഉറപ്പിച്ചു. പിന്നെ അദ്ധേഹത്തെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല.
രാവണ നിഗ്രഹം കഴിഞ്ഞു സീത, ലക്ഷ്മണ ഹനുമാന്‍ സമേതനായി ഇരിക്കുന്ന ശ്രീരാമചന്ദ്രനെ കാണാന്‍ പല വലിയ മഹര്‍ഷിമാരും, താപസന്മാരും എത്തിച്ചേര്‍ന്നു. അവരോടൊക്കെ ശ്രീരാമന്‍ തന്‍റെ വീരകൃത്യങ്ങള്‍ വര്‍ണ്ണിക്കുന്നതുകേട്ട സീതാദേവിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു. ഇതുകണ്ടമ്പരന്ന സദസ്യര്‍ സീതാദേവിയോടു ആ മന്ദഹാസത്തിന്‍റെ കാരണം തിരക്കി. അപ്പോള്‍ ദേവി അവരോടു സഹസ്രരാവണനിഗ്രഹത്തെക്കുറിച്ച് വര്‍ണ്ണിച്ചു.
അനിയന്‍റെ മരണവാര്‍ത്തയറിഞ്ഞു കോപാക്രാന്തനായ സഹസ്രരാവണന്‍ ലങ്കാപുരിയിലെത്തി സീതാസമേതനായി ഇരിക്കുന്ന ശ്രീരാമചന്ദ്രനെ യുദ്ധത്തിനു വിളിച്ചു. പോര്‍വിളികേട്ടു, രാമന്‍ സൈന്യത്തോടും, സഹോദരനോടും, ഹനുമാനോടും യുദ്ധസദ്ധരാകാന്‍ കല്‍പ്പിച്ചു. അവരോടൊപ്പം പുറപ്പെടാന്‍ തുടങ്ങിയ രാമനെ സീത തടുത്തു. “അങ്ങിപ്പോള്‍ വളരെ ക്ഷീണിതനാണ്. അല്പം വിശ്രമിച്ചിട്ട് പോയാല്‍ പ്പോരെ. യുദ്ധം നാളെയും ആകാമല്ലോ.” “ഏയ്‌, അതുവേണ്ട. ദേവി വിശ്രമിക്കൂ. ഇവനെ ക്ഷണനേരം കൊണ്ട് യമപുരിക്കയച്ചു ഞാന്‍ തിരികെ വരാം.” എന്നായി ശ്രീരാമന്‍ എന്തായാലും രാമന്‍ യുദ്ധത്തിനു പുറപ്പെട്ടു.
സേനാ സമേതനായി വരുന്ന ശ്രീരാമചന്ദ്രനെ കണ്ടിട്ട് സഹസ്രരാവണന് കോപം ഇരട്ടിച്ചു. അദേഹം ഒരൊറ്റ വായവാസ്ത്രം കൊണ്ട് രാമസൈന്യത്തെ അവരവരുടെ വീടുകളില്‍ എത്തിച്ചു. വാനരസൈന്യം കാട്ടിലും, ലക്ഷ്മണന്‍ അയോദ്ധ്യയിലും , മറ്റു രാക്ഷസന്മാര്‍ അവരവരുടെ വീടുകളിലും എത്തി. ഏകനായി നിന്ന ശ്രീരാമചന്ദ്രനോട് യുദ്ധവും ആരംഭിച്ചു. ശ്രീരാമചന്ദ്രന്‍ പഠിച്ച തന്ത്രങ്ങളും, മുറകളും ആയുധങ്ങളും മുഴുവന്‍ പ്രയോഗിച്ചിട്ടും പ്രതിയോഗിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. ശ്രീരാമന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തെ സഹസ്രരാവണന്‍ ആന കരിമ്പ്‌ ഒടിച്ചുകളയുംപോലെ ഒടിച്ചു ദൂരോട്ടെറിഞ്ഞു. അവസാനം ക്ഷീണിതനായ രാമനെ സഹസ്രരാവണന്‍ ശക്തി ആയുധം ഉപയോഗിച്ചു മാരകമായ മുറിവേല്‍പ്പിച്ചു. മൃതപ്രായനായ രാമന്‍ ബോധം കെട്ടു രഥത്തട്ടില്‍മയങ്ങി വീണു.
ലങ്കാപുരിയിലെ അന്ത:പുരത്തില്‍ ഇരുന്ന ദേവിക്ക് ദു:സ്സൂചനകള്‍ കാരണം തന്‍റെ ഭര്‍ത്താവ് അത്യാപത്തില്‍ പെട്ടിരിക്കുന്നുവെന്നു മനസ്സിലായി. ശാന്തസ്വരൂപിണിയും, സ്നേഹസമ്പന്നയും ആയ ദേവിയുടെ രൂപവും ഭാവവും മാറി. ദേവി മഹാകാളിയുടെ ഭീകരരൂപം കൈക്കൊണ്ടു. ക്ഷുഭിതയായ ദേവി “ഹും” കാരം മുഴക്കി രണാങ്കണത്തിലേക്കു പാഞ്ഞു. പോകുന്ന വഴിക്കെല്ലാം മരണം വിതച്ച ദേവി, ഒരൊറ്റ നിശ്വാസത്തില്‍ സഹസ്രരാവണനെ വധിച്ചു. പ്രളയകാലത്ത്മാത്രം പ്രത്യക്ഷപ്പെടുന്ന ആ സംഹാരാഗ്നി പ്രതിയോഗിയുടെ മരണം കൊണ്ട് തൃപ്തിപ്പെട്ടില്ല. കോപിഷ്ഠയായ ദേവി അവസാനം പ്രപഞ്ചം മുഴുവന്‍ നശിപ്പിക്കും എന്നുറപ്പായപ്പോള്‍, ബ്രഹ്മാവും, വിഷ്ണുവും മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവന്‍ , ഭദ്രകാളിയുടെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിച്ചു ശയിച്ചു. മാര്‍ഗ്ഗത്തില്‍ ദേവന്‍റെ രൂപം കണ്ട മഹാശക്തി ശാന്തയായി.
മോഹാലസ്യം വിട്ടുണര്‍ന്ന ശ്രീരാമന്‍, ഭീകരരൂപിണിയായ ഭദ്രകാളിയെ കണ്ടമ്പരന്നു. ബ്രഹ്മാവ്‌, സീത തന്നെയാണ്, ഭദ്രകാളിയെന്ന സത്യം ശ്രീരാമചന്ദ്രന് ഉപദേശിച്ചു. ഇതുകേട്ട ഭദ്രകാളി തന്‍റെ യഥാര്‍ത്ഥ തത്വത്തെയെയും, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ശിവശക്തി സംയോഗത്തെക്കുറിച്ചും വിവരിച്ചു കൊടുത്തു. അതിനുശേഷം ശ്രീരാമന്‍റെ പ്രാര്‍ത്ഥനയെ മാനിച്ചു ഭദ്രകാളി , സീതാദേവിയുടെ പൂര്‍വ്വ രൂപത്തില്‍ പ്രത്യക്ഷയായി. അവര്‍ അനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുകയും ചെയ്തു.
അദ്ഭുത രാമായണത്തില്‍. സീതാദേവിയെ പരാശക്തിയായും, തൃദേവീ രൂപമായും, ലോകമാതാവും ശക്തി സ്വരൂപിണിയും ആയി വാഴ്ത്തുന്നു. ശ്രീരാമനെക്കാളും പ്രാധാന്യം ദേവിക്ക് കൊടുത്തിരിക്കുന്നു.