2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

എന്താണ് സ്ത്രീ ശാപം?



എന്താണ് സ്ത്രീ ശാപം? 
====================================
അതിന് ജാതിയോ മതമോ ഒന്നും സനാതന ധർമം എവിടെയും പരാമര്ശിക്കുന്നുമില്ല. രാമായണത്തിലെ രാവണന് കിട്ടുന്ന ശാപങ്ങളിൽ മൂന്നെണ്ണവും സ്ത്രീകളെ ദ്രോഹിച്ചതു കൊണ്ടാണ്.
1. വേദവതി ശാപം.. വിഷ്ണു ഭഗവാനെ ഭർത്താവായി കിട്ടുന്നതിന് തപസ്സു ചെയ്തിരുന്ന വേദവതിയെ കണ്ടു മോഹിച്ച രാവണൻ ഇങ്കിതം അറിയിച്ചെങ്കിലും വേദവതി തന്റെ തപസ്സിന്റെ കാര്യം രാവണനോട് പറഞ്ഞു. അതൊന്നും അനുസരിക്കാതെ രാവണൻ ബലം പ്രയോഗിച്ചപ്പോഴാണ് വേദവതി ശപിക്കുന്നത്. "അനുവാദമില്ലാതെ എന്നെ തൊട്ടതുകൊണ്ട് ഞാൻ ഈ ദേഹം ഉപേക്ഷിച്ചു അടുത്തജന്മം അയോനിജയായി ജനിച്ചു നിന്നെ കൊല്ലുവാൻ കാരണമാകും" എന്നാണ്.
2. രംഭ.. നള കൂബരന്റെ കാമുകിയായ രംഭ അയാളെ കാത്തു നിൽക്കുമ്പോഴാണ് രാവണൻ രംഭയെ കാണുന്നതും പിടിക്കാൻ നോക്കുന്നതും. അപ്പോൾ രംഭ പറഞ്ഞു അവൾ നള കൂബരൻ എന്ന വൈശ്രവണ പുത്രനെ കാത്തുനില്കുകയായിരുന്നുവെന്ന്. വൈശ്രവണനും രാവണനും ഒരച്ഛന്റെ മക്കൾ തന്നെയെന്നിരിക്കെ ആ പ്രവർത്തി അനുചിതം എന്നറിയിച്ചിട്ടും അപ്സരസ്സുകൾക്കു അങ്ങിനെയും ആവാം എന്നും പറഞ്ഞു പിടിക്കുന്നത്. ഇതറിഞ്ഞ നളകൂബരൻ രാവണനെ ശപിക്കുന്നു.," ഇനി ഏതെങ്കിലും സ്ത്രീയെ ബലമായി തൊട്ടാൽ രാവണന്റെ തല ഏഴായി നുറുങ്ങട്ടെ " എന്ന്.
3. അംഗാനശാപം.. ഒരു കൂട്ടം പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുമ്പോഴാണ് ആ പെൺകുട്ടികൾ ശപിക്കുന്നത്.
" ഒരു ദിവ്യാങ്കന മൂലം രാവണന് മരണം സംഭവിക്കട്ടെ " എന്ന്.
ഇനി രാവണന് കിട്ടിയ വരബലം കൂടി നോക്കു..
==========================================
1. കേവലം ഒരു മനുഷ്യനാലല്ലാതെ ഒരു ദേവ, മൃഗ, ഉരഗ, ഖഗ ജന്തുക്കൾക്കും കൊല്ലാൻ കഴിയില്ല. പിന്നെ എങ്ങിനെ കേവലം മനുഷ്യന് കൊല്ലാൻ കഴിയും?
2. പരമ ശിവൻ കൊടുത്ത ചന്ദ്രഹാസം ഉള്ളപ്പോൾ ആർക്കും രാവണനെ കൊല്ലാൻ കഴിയില്ല. അതുമല്ല. ശിവ പ്രീതി വരുത്തി യുദ്ധം ചെയ്താൽ അജയ്യനുമാകും.
3.മേഘനാഥൻ തടവിലിട്ട ഇന്ദ്രനെ മോചിപ്പിക്കാൻ ബ്രഹ്മാവ് ഒരു വരം കൊടുത്തു ഇന്ദ്രജിത്തിന്. പൂജ ചെയ്തു കഴിഞ്ഞാൽ ഏതു തരം ആയുധവും ലഭിക്കുമെന്നും എന്നും അജയ്യനായിത്തീരുമെന്നും. പിന്നെ രാവണനെ എങ്ങിനെ കൊല്ലാൻ കഴിയും?
4. രാവണൻ തപസു ചെയ്തു വരം വാങ്ങാൻ വേണ്ടി ഓരോ തലയും അറുത്തു ഹോമിക്കുകയുണ്ടായി. പത്താമത്തെ തലയും അറുത്തപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു വരം നൽകി. "നിന്റെ എത്ര തലയറുത്താലും മരണം വരാതെ തലമുളക്കുമെന്നും. "
5. അമ്മായി അച്ഛനായ മയൻ ഒരു വേൽ കൊടുത്തിരുന്നു. അതുള്ളവരെയ്ക്കും മരണം വരില്ലെന്ന്.
ഇത്രയും ബലവേഗങ്ങളും, വരങ്ങളും നേടിയിട്ടും കേവലം മനുഷ്യനായ ശ്രീരാമൻ രാവണനെ കൊല്ലുവാൻ കഴിഞ്ഞതിനു കാരണം ഈ മൂന്നു സ്ത്രീകളുടെ ശാപമായിരുന്നു. ഏഴ് ജന്മം കൊണ്ടും തീരാത്തതാണ് സ്ത്രീശാപം. പുനർ ജന്മത്തിൽ വിശ്വാസമില്ലാത്തവർ അവരുടെ വരും എഴുതലമുറകളും കടും ദുരിതം അനുഭവിക്കേണ്ടിവരുമെന്നും അറിയുക. എന്തെന്നാൽ മനസ്സെന്ന ഇന്ദ്രിയമല്ലാത്ത ഇന്ദ്രിയത്തോടു കൂടിയ ഒരു മനുഷ്യനെ സൂക്ഷ്മതയിൽ നിന്നും ജനിപ്പിക്കുന്നതവളാണ്.
ഇത്തരം സ്ത്രീ പീഡനം ചെയ്യുന്നവർക്കാണ് ശ്രീരാമൻ എന്ന് കേൾക്കുമ്പോൾ കലിയിളകുന്നതെന്നത് വിരോധാഭാസം എന്നെ പറയേണ്ടു.