2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/കല്ലന്താറ്റിൽ ഗുരുക്കൾ

ഐതിഹ്യമാല/കല്ലന്താറ്റിൽ ഗുരുക്കൾ

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കല്ലന്താറ്റിൽ ഗുരുക്കൾ

കോലത്തുനാട്ടുകാരനായ ഒരു ബ്രാഹ്മണൻ ആയുധവിദ്യ അഭ്യസിക്കണമെന്ന ആഗ്രഹത്തോടുകൂടി കോഴിക്കോട്ടു വന്നുചേർന്നു. അവിടെ അക്കാലത്തെ മൂന്നാം മുറ രാജാവ് വലിയ അഭ്യാസിയായിരുന്നതിനാൽ ഈ ബ്രാഹ്മണൻ അദ്ദേഹത്തെ ചെന്നു കണ്ടു തന്റെ ആഗ്രഹം അറിയിച്ചു. രാജാവു സന്തോ‌ഷസമേതം ബ്രാഹ്മണന്റെ അപേക്ഷയെ സ്വീകരിച്ചു. ഒരു സുമുഹൂർത്തത്തിങ്കൽ ബ്രാഹ്മണൻ അഭ്യാസം ആരംഭിക്കുകയും ചെയ്തു.
ഇങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ദിവസം ഗുരുവായ രാജാവു ശി‌ഷ്യനായ ബ്രാഹ്മണനോട് "ഇപ്പോൾ അങ്ങേപ്പിടിക്കാനായി എത്രപേർ വന്നാൽ തടുത്തുനിർത്താ"മെന്നു ചോദിച്ചു. അപ്പോൾ ബ്രാഹ്മണൻ "പതിനായിരം പേരുവന്നാൽ ഒരു പ്രയാസവും കൂടാതെ ഞാൻ തടുത്തുനിർത്താം" എന്നുത്തരം പറഞ്ഞു. "അതുകൊണ്ടുമതിയായില്ല. കുറച്ചുകൂടി അഭ്യസിക്കണം" എന്നു പറഞ്ഞു രാജാവു വീണ്ടും പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണൻ അതിജാഗ്രതയോടുകൂടി പഠിച്ചും കൊണ്ടു താമസിച്ചു. അങ്ങനെ ഒരു കൊല്ലം കൂടെ കഴിഞ്ഞപ്പോൾ വീണ്ടും ഗുരു മേൽപ്രകാരം ചോദിച്ചു. അപ്പോൾ "അയ്യായിരം പേരു വന്നാൽ തടഞ്ഞുനിർത്താം" എന്നു ബ്രാഹ്മണൻ പറഞ്ഞു. "ഇനിയും മതിയായില്ല" എന്നു പറഞ്ഞു പിന്നെയും അഭ്യസിപ്പിച്ചു.
ഇങ്ങനെ ഓരോ കൊല്ലം കൂടുമ്പോൾ മേൽപ്രകാരം ഗുരു ചോദിക്കയും ശി‌ഷ്യൻ "രണ്ടായിരം പേരെത്തടുക്കാം, ആയിരംപേരെത്തടുക്കാം, അഞ്ഞൂറുപേരെത്തടുക്കാം" എന്നിങ്ങനെ പറയുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ പന്ത്രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ "ഇപ്പോൾ എന്തു തോന്നുന്നു" എന്നു ഗുരു ചോദിച്ചു. "ഒരാൾ വന്നാൽ തടഞ്ഞുനിർത്താമെന്നു തോന്നുന്നുണ്ട്" എന്നു ശി‌ഷ്യൻ ഉത്തരം പറഞ്ഞു."ഇനിയും മതിയായെന്നു തോന്നുന്നില്ല. കുറച്ചുകൂടെ പഠിക്കണം" എന്നു പറഞ്ഞു ഗുരു പിന്നെയും പഠിപ്പിക്കയും ശി‌ഷ്യൻ പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഗുരുശി‌ഷ്യന്മാരുടെ മേൽപറഞ്ഞ ചോദ്യോത്തരങ്ങൾകൊണ്ട് അല്പജ്ഞാനം അഹമ്മതിയെ ഉണ്ടാക്കുന്നതാണെന്നു സ്പഷ്ടമാകുന്നു. ആദ്യം ബ്രാഹ്മണൻ നിരോധനമാർഗങ്ങളല്ലാതെ പരാക്രമണവൈ‌ഷമ്യങ്ങൾ ഗ്രഹിക്കായ്കയും പിന്നീട് അതുകൂടെ ഗ്രഹിച്ചുതുടങ്ങുകയും ചെയ്തതുകൊണ്ടാണ് മേൽപ്രകാരം പറഞ്ഞത്.
ഇങ്ങനെ കുറച്ചുകാലംകൂടെ കഴിഞ്ഞപ്പോഴേക്ക് ഈ ബ്രാഹ്മണൻ ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു. ഇനി പഠിച്ചതു മതി എന്ന് അദ്ദേഹത്തിനുതന്നെ തോന്നിത്തുടങ്ങി. എങ്കിലും ഗുരു സമ്മതിച്ചില്ല. ശി‌ഷ്യവത്സലനായ ആ രാജാവ് "പോരാ പോരാ, മെയ്യു കണ്ണാകണം" എന്നു പറഞ്ഞുംകൊണ്ടു പിന്നെയും അഭ്യസിപ്പിച്ചു.
ഇങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഈ ബ്രാഹ്മണൻ രാവിലെ പതിവുള്ള അഭ്യാസവും കഴിഞ്ഞു തേച്ചുകുളിക്കാനായി സർവാംഗം എണ്ണയും തേച്ചുകൊണ്ടു പുറപ്പെട്ടു. ബ്രാഹ്മണൻ അവിടെയുള്ള ഒരു മതിൽക്കെട്ടിനകത്തിരുന്നാണ് എണ്ണ തേച്ചത്. ആ മതിൽക്കെട്ടിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനുള്ള വാതിൽക്കൽ മതിൽക്കു പുറത്തായിട്ടു രണ്ടുവശത്തും ഓരോരുത്തർ ഓരോ കുന്തവും പിടിച്ചുകൊണ്ടു നില്ക്കുന്നതിനും ബ്രാഹ്മണൻ വാതിൽക്കൽ വന്നിറങ്ങുമ്പോൾ രണ്ടുപേരും രണ്ടുവശത്തുനിന്നു പെട്ടെന്നു കുത്തുന്നതിനും കല്പനകൊടുത്തു രണ്ടുപേരെ ഗുരുവായ രാജാവു നിർത്തീട്ടുണ്ടായിരുന്നു. രാജാവും അവിടെ ഒരു സ്ഥലത്തു മറഞ്ഞിരുന്നിരുന്നു. ബ്രാഹ്മണൻ ഈ വിവരമൊന്നും അറിയാതെ പതിവുപോലെ വാതിൽക്കൽ വന്ന് പുറത്തേക്കിറങ്ങി. പെട്ടെന്നു രണ്ടുവശത്തും നിന്നിരുന്ന കുന്തക്കാർ ഓരോ കുത്തും വെച്ചുകൊടുത്തു. കുത്തുകൊണ്ടതിന്റെ ശേ‌ഷമേ ബ്രാഹ്മണൻ കുന്തക്കാരെ കണ്ടുള്ളൂ. എങ്കിലും ഉടനെ അദ്ദേഹം അവിടെനിന്നു ചാടിക്കളഞ്ഞു. ഗുരുവായ രാജാവു വെളിയിൽ ഇറങ്ങിവന്നു നോക്കിയപ്പോൾ രണ്ടു കുന്തത്തിന്റെയും അറ്റത്ത് എണ്ണ പറ്റിയും ബ്രാഹ്മണന്റെ ദേഹത്ത് തൊലിപോലും മുറിയാതെയും ഇരിക്കുന്നതായും കണ്ടു. രാജാവു വളരെ സന്തോഷിച്ച്, "ഇതാണ് മെയ്യ് കണ്ണാകണം എന്നു പറയാറുള്ളതിന്റെ അർഥം. ഇനി അഭ്യാസം മതിയാക്കാം" എന്നു ശി‌ഷ്യനോടു പറഞ്ഞു. "എല്ലാം അവിടുത്തെ കൃപ" എന്നു ശി‌ഷ്യനും പറഞ്ഞു. രാജാവു കോവിലകത്തേക്കും ബ്രാഹ്മണൻ കുളിക്കാനുംപോകയും ചെയ്തു. രാജാവ് ഇപ്രകാരം തന്റെ പ്രിയശി‌ഷ്യനെ കുന്തംകൊണ്ട് കുത്തിച്ചതു ശി‌ഷ്യന്റെ അഭ്യാസബലത്തെ പരീക്ഷിക്കുന്നതിനായിട്ടും ഇതുകൊണ്ടു തന്റെ ശി‌ഷ്യന് അപകടമൊന്നും പിണയുകയില്ലെന്നുള്ള നിശ്ചയമുണ്ടായിട്ടും ആണെന്നുള്ളതു പ്രത്യേകം പറയണമെന്നില്ലല്ലോ. കണ്ണിൽ എന്തെങ്കിലും പോകുന്നതിനു കൊള്ളാൻ തുടങ്ങുമ്പോൾ എത്രയും വേഗത്തിൽ അതു അടഞ്ഞുപോകുന്നുവല്ലോ. അതുപോലെയുള്ള സ്വാധീനത ശരീരത്തിനുമുണ്ടാകണമെന്നതാണ് "മെയ്യും കണ്ണാകണം" എന്നുള്ളതിന്റെ അർഥം. അത്യന്തം ഊക്കോടുകൂടി കുത്തിയ അതിനിശിതങ്ങളായ കുന്തങ്ങൾ തന്റെ ദേഹത്തിൽ കൊണ്ടതിന്റെശേ‌ഷം വിവരമറിഞ്ഞു തൊലിമുറിയുന്നതിനു മുമ്പായി ചാടിക്കളയണമെങ്കിൽ അദ്ദേഹത്തിനു എത്രമാത്രം മെയ്സ്വാധീനമുണ്ടായിരിക്കണം.അപ്പോൾ അദ്ദേഹത്തിനു മെയ്യു കണ്ണാകണമെന്നു ഗുരുവിനുണ്ടായിരുന്ന അഭിപ്രായം സഫലമായി എന്നറികയാലാണ് ഗുരു "ഇനി അഭ്യാസം മതിയാക്കാം" എന്നു സമ്മതിച്ചതെന്നുള്ളതു പറയണമെന്നില്ലല്ലോ.
ബ്രാഹ്മണൻ പിന്നെയും കുറച്ചുകാലം ഗുരുസന്നിധിയിൽ താമസിച്ചു തനിക്കുണ്ടായിരുന്ന സന്ദേഹങ്ങൾ സകലവും തീർത്തതിന്റെശേ‌ഷം യഥാശക്തി ഗുരുദക്ഷിണയും കഴിച്ച് അനുഗ്രഹവും വാങ്ങി അവിടെനിന്നു പുറപ്പെട്ടു.
അനന്തരം അദ്ദേഹം ഓരോ രാജ്യങ്ങളിൽ സഞ്ചരിച്ച് ക്രമേണ കായംകുളത്തു ചെന്നുചേർന്നു. ആ രാജ്യം അന്നു തിരുവിതാംകോട്ടേക്കു ചേർന്നിട്ടില്ലായിരുന്നു. കായംകുളത്തു രാജാവിനെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ കല്പനപ്രകാരം അവിടത്തെ സൈന്യങ്ങളെ ആയോധനവിദ്യ അഭ്യസിപ്പിച്ചുകൊണ്ട് കുറഞ്ഞൊരു ദിവസം അവിടെ താമസിച്ചു. എങ്കിലും അധികകാലം താമസിയാതെ അവിടത്തെ രാജാവിന്റെ നടപടികൾ അദ്ദേഹത്തിന് അത്ര രസിക്കായ്കയാൽ അദ്ദേഹം അവിടെനിന്നു പൊയ്ക്കളഞ്ഞു.
പിന്നെയും പലസ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം അദ്ദേഹം അക്കാലത്തു തിരുവിതാംകൂർ മഹാരാജാക്കന്മാരെഴുന്നള്ളിത്താമസിച്ചിരുന്ന പത്മനാഭപുരത്തു ചെന്നുചേർന്നു. അപ്പോൾ 933-ൽനാടുനീങ്ങിയ പ്രസിദ്ധനായ മാർത്താണ്ഡവർമ്മ മഹാരാജാവു നാടുവാഴുന്ന കാലമായിരുന്നു. അവിടുന്ന് അവിടുത്തെ ഭാഗിനേയനായ 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ മഹാരാജാവിനെ ആയുധവിദ്യ അഭ്യസിപ്പിക്കുന്നതിനായി അനേകം അഭ്യാസികളെ വരുത്തിപ്പരീക്ഷിച്ചിട്ടും ബോധിക്കാതെ എല്ലാവരെയും പറഞ്ഞയച്ചിട്ട് ഇനി എന്തു വേണ്ടൂ എന്നു വിചാരിച്ചുംകൊണ്ടിരിക്കുന്ന കാലത്താണ് ഈ ബ്രാഹ്മണൻ അവിടെ ചെന്നുചേർന്നത്.
ബ്രാഹ്മണൻ അവിടെ എത്തിയതിന്റെശേ‌ഷം മുഖം കാണിക്കണമെന്നാഗ്രഹിച്ചു. വിവരം തിരുമനസ്സിലെ സേവകന്മാർ മുഖാന്തരം തിരുമനസ്സറിയിച്ചു. ഇദ്ദേഹം ഒരു വലിയ അഭ്യാസിയാണെന്നുള്ള വിവരംകൂടെ തിരുമനസ്സറിയിക്കണമെന്നും പ്രത്യേകം പറഞ്ഞിരുന്നു. സേവകന്മാർ എല്ലാ വിവരവും തിരുമനസ്സറിയിക്കുകയും ചെയ്തു. പിറ്റേദിവസം പകൽ പന്ത്രണ്ടു മണിക്കു തിരുമുമ്പാകെ ചെല്ലുന്നതിനു കല്പനയുണ്ടായി. ബ്രാഹ്മണൻ കല്പനപ്രകാരം പിറ്റേ ദിവസം പന്ത്രണ്ടു മണിയാകാറായപ്പോൾ കോട്ടവാതില്ക്കൽ ചെന്നു. അപ്പോഴേക്കും മഹാരാജാവിന്റെ കല്പനപ്രകാരം കോട്ടവാതിലുകളെല്ലാം അടയ്ക്കുകയും കോട്ടയ്ക്കകത്തു കോട്ടമതിലിനോടടുത്ത് ഓരോ തീണ്ടാമതി അകലത്തോളമിട എല്ലാ സ്ഥലത്തും വലിയ ആന്തങ്ങൾ (ഒരാൾ പൊക്കത്തിലുള്ള ഇരുമ്പാണികൾ) അടുപ്പിച്ചടുപ്പിച്ചു തറയ്ക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണൻ കോട്ടയ്ക്കു ചുറ്റും നടന്നു നോക്കീട്ട് എല്ലാ വാതിലുകളും അടച്ചിരിക്കുന്നതായി കാണുകയാൽ ഇതു തന്നെ പരീക്ഷിക്കാനാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഉടനെ അദ്ദേഹം അരയും തലയും മുറുക്കി, വാളും പരിചയുമെടുത്ത് പിടിച്ച് താണുനിന്നു ചില ചുവടുകൾ വച്ചിട്ടു കോട്ടമതിലിന്റെ മീതെ അകത്തേക്കു ചാടി. അകത്ത് ആന്തങ്ങൾ തറച്ചിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല.ചാടിപ്പൊങ്ങി കോട്ടമതിലിന്റെ മീതേക്കൂടി അകത്തേക്കു ചെന്നപ്പോഴാണ് കാലുകൾ നിലത്തു കുത്താനിടമില്ലാതെ അടുപ്പിച്ച് ആന്തങ്ങൾ തറച്ചിരിക്കുന്നത് കണ്ടത്. ബുദ്ധിശാലിയും അഭ്യാസിയുമായ അദ്ദേഹം മേൽഭാഗത്തു നിന്നു താഴെ എത്തുന്നതിനു മുമ്പായി തത്കാലോചിതമായ ഒരു കൗശലം ആലോചിച്ചു നിശ്ചയിച്ച് അപ്രകാരം ചെയ്തു. എങ്ങനെയെന്നാൽ തന്റെ കൈയിലുണ്ടായിരുന്ന പരിച മലർത്തിപ്പിടിച്ച് ഒരാന്തത്തിന്റെ മീതെ വച്ചു കാലുകൾ രണ്ടും ആ പരിചയ്ക്കകത്തു ചവിട്ടിയുംകൊണ്ടു ചെന്നചെലവിനെ ഒന്നിരുന്നു. അവിടെയിരുന്നുകൊണ്ടും പിന്നോക്കം ചാടി കോട്ടമതിൽ തൊടാതെ പുറത്തുവന്നു. നിൽക്കുകയും ചെയ്തു. എങ്ങനെയുള്ള അഭ്യാസികൾക്കും ഒന്നു ചാടിയാൽ പിന്നെ അവിടെനിന്നു ചാടണമെങ്കിൽ കാലൊന്ന് ഊന്നാതെ നിവൃത്തിയില്ലല്ലോ. അതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ബ്രാഹ്മണൻ കോട്ടയ്ക്കു പുറത്തു വന്നതിന്റെശേ‌ഷം കോട്ടവാതിൽക്കൽ കാത്തുനിന്നിരുന്ന ശേവുകക്കാരോട് "എന്നെ കല്പിച്ചന്വേ‌ഷിച്ചെങ്കിൽ ഞാനിവിടെ വന്നിരുന്നു എന്നും കോട്ടവാതിൽ അടച്ചിരുന്നതിനാൽ അകത്തു കടക്കുവാൻ നിവൃത്തിയില്ലാതെ മടങ്ങിപ്പോയി എന്നും അറിയിച്ചേക്കണം" എന്നു പറഞ്ഞ് അദ്ദേഹം പോകാൻ ഭാവിച്ചു. അപ്പോൾ ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന മഹാരാജാവ് വളരെ വിസ്മയത്തോടും സന്തോ‌ഷത്തോടുംകൂടി ആളയച്ചു. കോട്ടവാതിൽ തുറപ്പിച്ചു ബ്രാഹ്മണനെ തിരുമുമ്പാകെ വരുത്തിസന്തോ‌ഷസമേതം തത്ക്കാലം കുറഞ്ഞൊന്ന് അരുളിച്ചെയ്കയും അക്കാലത്തു ബാല്യമായിരുന്ന രാമവർമ രാജാവിനെ ആയുധാഭ്യാസം ചെയ്യിക്കുന്നതിനായി കല്പിക്കുകയും ചെയ്തു.
ഇപ്രകാരം ബ്രാഹ്മണൻ രാജഗുരുവായിത്തീരുകയാൽ അദ്ദേഹത്തിന്റെ തറവാട്ടെയ്ക്കു "ഗുരുക്കൾ" എന്നൊരു സ്ഥാനവും കരമൊഴിവായിട്ട് അനേകം വസ്തുക്കളും കല്പിച്ചുകൊടുത്തു. "കല്ലന്താറ്റിൽ" എന്നുള്ളത് ഈ ബ്രാഹ്മണന്റെ സ്വതേയുള്ള ഭവനപ്പേരാണ്. കല്ലാന്താറ്റിൽഗുരുക്കളെ ബ്രാഹ്മണർ മുതലായവർ ഇന്നും ഗുരുക്കളെന്നും ശൂദ്രർ മുതലായവർ ഗുരുക്കളച്ഛൻ എന്നുമാണ് പറയുന്നത്.
തിരുവിതാംകൂർ മഹാരാജാക്കന്മാർ തിരുവനന്തപുരത്തു തന്നെ സ്ഥിരമായി എഴുന്നള്ളിത്താമസിച്ചു തുടങ്ങിയപ്പോൾ ഗുരുക്കളുടെ താമസവും തിരുവനന്തപുരത്തായി. അവിടെ അദ്ദേഹത്തിന് അനേകം സ്ഥാനമാനങ്ങൾ കല്പിച്ചുകൊടുത്തതുകൂടാതെ പതിവായിപ്പാർക്കുന്നതിന് ഒരു മഠവും കല്പിച്ചു പണിയിച്ചുകൊടുത്തു.
ഇപ്രകാരം അനേകം സ്ഥാനമാനങ്ങളും രാജസന്നിധിയിൽനിന്നു പലവിധത്തിലുള്ള ആദായങ്ങളും കരമൊഴിവായി വളരെ വസ്തുക്കളും കിട്ടിയതിന്റെ ശേ‌ഷം ഗുരുക്കൾ കോലത്തുനാട്ടിൽനിന്ന് തന്റെ കുടുംബം മുഴുവനും ഇവിടെ വരുത്തി, സ്വജനങ്ങൾ അധികമുള്ള തിരുവല്ലായിൽ ഒരു ഭവനമുണ്ടാക്കി കുടുംബത്തെ അവിടെ സ്ഥിരതാമസമാക്കി.
ഇപ്പോഴും കല്ലന്താറ്റിൽ ഗുരുക്കളുടെ കുടുംബത്തിൽ ഒരു ക്ഷയവും ബാധിച്ചിട്ടില്ല. അവർ നല്ല ധനവാന്മാരായിട്ടു തന്നെ ഇരിക്കുന്നു. അവർക്കു തിരുവനന്തപുരത്തു രാജസന്നിധിയിലുള്ള സ്ഥാനമാനങ്ങൾക്കും ബഹുമാനത്തിനും ഇക്കാലം വരെ കുറവു വന്നിട്ടില്ല. ഇപ്പോഴും മഹാരാജാവു തിരുമനസ്സുകൊണ്ട് പൂജയെടുപ്പിന് വിദ്യാരംഭത്തിനായി പൂജപ്പുരയിൽ എഴുന്നള്ളുമ്പോൾ ഗുരുക്കൾക്കു ഗുരുദക്ഷിണ ചെയ്ക പതിവാണ്. ഇക്കാലത്തു തിരുവിതാംകൂർ മഹാരാജാക്കന്മാർക്ക് ആയോധനവിദ്യാഭ്യാസം ആവശ്യമല്ലാത്തതിനാൽ അത് ചെയ്യാറുമില്ല. ഇപ്പോൾ ഉള്ള ഗുരുക്കന്മാർക്ക് ഈ വിദ്യ അറിഞ്ഞുകൂടാ. എങ്കിലും ഈ രാജവംശത്തിന്റെ കളരിസ്ഥാനം ഇന്നും വഹിക്കുന്നത് കല്ലന്താറ്റിൽ ഗുരുക്കൾ തന്നെ ആണ് .
സാക്ഷാൽ ഗുരുക്കളുടെ ശി‌ഷ്യസാമർഥ്യത്തിന്റെ ദൃഷ്ടാന്തങ്ങളായിട്ട് അനേകം കഥകളുണ്ട്. വിസ്തരഭയത്താൽ അവയെല്ലാം ഇവിടെ വിസ്തരിക്കുന്നില്ല. എങ്കിലും ചുരുക്കത്തിൽ ഒരു കഥ പറയാം.
973-ആമാണ്ടു നാടുനീങ്ങിയ രാമവർമ മഹാരാജാവു തിരുമനസ്സിലേക്ക് ഏകദേശം വാർദ്ധക്യമായതിന്റെ ശേ‌ഷം നടത്തിയതായ 967-ആമാണ്ടത്തെ മുറജപക്കാലത്ത് തിരുവനന്തപുരത്തു കൂടിയിരുന്ന അസംഖ്യം ബ്രാഹ്മണരുടെ കൂട്ടത്തിൽ അഭ്യാസികളായിട്ടും ചിലരുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് നല്ല അഭ്യാസിയായിരുന്നതിനാൽ അഭ്യാസികളായിട്ടുള്ളവരുടെ പേരിലൊക്കെ അവിടേക്ക് വളരെ പ്രതിപത്തിയുണ്ടായിരുന്നു. അതിനാൽ അഭ്യാസികളായിട്ടുള്ളവരെ ഒക്കെ തിരുമുമ്പാകെ വരുത്തി വല്ലതുമൊക്കെ കല്പിച്ചു സമ്മാനിക്കയും പതിവായിരുന്നു. സാക്ഷാൽ ഗുരുക്കളുടെ കാലം ഇക്കാലത്തിനു വളരെമുമ്പെ കഴിഞ്ഞുപോയിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ.
ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം "മുണ്ട്യൂര്" എന്നു ഭവനപ്പേരുള്ള അഭ്യാസിയായ ഒരു ബ്രാഹ്മണൻ കൗപീനം മാത്രം ധരിച്ച് എണ്ണയും തേച്ചുകൊണ്ട് കുളിക്കാനായി പത്മതീർത്ഥക്കരെ നിൽക്കുമ്പോൾ വൃദ്ധനായ ഒരു വിരുത്തിക്കാരൻ നായർ ഒരു നെയ്ക്കുടവും തലയിൽവച്ചുകൊണ്ട് അതിലേ കടന്നുപോയി. ആ നായരുടെ കക്ഷത്തിൽ ഒരു നല്ല വടിയിരിക്കുന്നതുകണ്ട് ഈ ബ്രാഹ്മണൻ "എടാ ആ വടി എനിക്കു തരാമോ?" എന്നു ചോദിച്ചു. അപ്പോൾ നായർ "അവിടേക്കു ചെറുപ്പമാണല്ലോ. വടി വയസ്സായ എനിക്കു വേണ്ടതല്ലേ?" എന്നു ചോദിച്ചു. "നീ വേറെ ഒന്നുണ്ടാക്കിക്കോ" എന്നു ബ്രാഹ്മണൻ പറഞ്ഞു. "അത് അവിടേക്കാകാമല്ലോ" എന്നു നായർ പറഞ്ഞു. അപ്പോൾ ബ്രാഹ്മണൻ "നീ തന്നില്ലെങ്കിൽ വടി ഞാൻ മേടിക്കും" എന്നു പറഞ്ഞു. ഉടനെ നായർ "എന്നാലങ്ങനെയാവട്ടെ" എന്നു പറഞ്ഞു നടന്നുതുടങ്ങി.ബ്രാഹ്മണൻ പിന്നാലെ ചെന്നു നായരുടെ കക്ഷത്തിലിരിക്കുന്ന വടിയുടെ അറ്റത്തു പിടിച്ചു വലിച്ചു. ഒരു കൈകൊണ്ടു പിടിച്ചുവലിച്ചിട്ടു വരായ്കയാൽ രണ്ടുകൈകൊണ്ടും മുറുകെ പിടിച്ചു വളരെ ശക്തിയോടുകൂടി പുറകോട്ടു വലിച്ചു. എന്നിട്ടും വടി കിട്ടിയില്ലെന്നുതന്നെയുമല്ല, വടി നായരുടെ കക്ഷത്തിൽ ഇരുന്ന സ്ഥലത്തുനിന്നു കടുകിടയെങ്കിലും മാറുകയാകട്ടെ നായരുടെ നടപ്പിനു സ്വല്പമെങ്കിലും താമസം സംഭവിക്കുകയാകട്ടെ ചെയ്തില്ല. എന്നിട്ടും ബ്രാഹ്മണൻ ഒഴിച്ചു പോകുന്നില്ലെന്നു കണ്ടപ്പോൾ നായർ അവിടെനിന്നുകൊണ്ട് വലത്തൂട്ട് ഒന്നു വട്ടത്തിൽ ചുറ്റിത്തിരിഞ്ഞിട്ടു നേരെ ഉത്സവമഠത്തിലേക്കു നടന്നുതുടങ്ങി. അപ്പോൾ ബ്രാഹ്മണൻ എന്തുകൊണ്ടോ വടിയിന്മേൽ പിടിച്ചിരിക്കുന്ന പിടുത്തം വിട്ടുംവെച്ചു പോരാൻ പാടില്ലാതെയായിത്തീർന്നു. അതിനാൽ അദ്ദേഹം മുണ്ടുടുക്കാതെ, എണ്ണയും തേച്ചുവെയിലുംകൊണ്ടു വടിയുടെ അറ്റത്തു പിടിച്ചുംകൊണ്ടു നായരുടെ പിന്നാലെതന്നെ പോയി. നായർ ഉത്സവമഠത്തിൽ ചെന്നു നെയ്ക്കുടം താഴെയിറക്കിവെച്ച് അവിടെ നിന്നു. വടിയുടെ അറ്റത്ത് പിടിച്ചുംകൊണ്ട് ബ്രാഹ്മണനും അവിടെ നിലയായി. നായർ നെയ്യെല്ലാം അളന്നേല്പിച്ച് പറ്റുചിട്ടി വാങ്ങിച്ചു കഴിഞ്ഞപ്പോഴേക്കും ഈ വർത്തമാനങ്ങളെല്ലാം എങ്ങനെയോ മഹാരാജാവു തിരുമനസ്സുകൊണ്ടറിഞ്ഞ് ഈ നായരെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെല്ലുവാൻ കല്പനയായി. ഉടനെ ഒരു ഹരിക്കാരൻ വന്നു പറയുകയാൽ നായർ കൊട്ടാരത്തിലേക്കു നടന്നുതുടങ്ങി. വടിവിട്ടുംവെച്ചു പോരാൻ നിവൃത്തിയില്ലായ്കയാൽ പിന്നാലെ ബ്രാഹ്മണനും പോയി. തിരുമുമ്പാകെ ചെന്നപ്പോൾ "ഹേ!മുണ്ട്യൂര് എന്താ ഇങ്ങനെ?" എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ ബ്രാഹ്മണൻ വളരെ ലജ്ജിച്ചു എന്നുള്ളതു പറയണമെന്നില്ലല്ലോ. താനൊരഭ്യാസിയും ചെറുപ്പക്കാരനുമായിട്ട് ഇങ്ങനെ ഒരപകടത്തിലകപ്പെട്ടു വൃദ്ധനായ ഒരു നായരുടെ പിന്നാലെ മുണ്ടുമുടുക്കാതെ തിരുമുമ്പാകെ ചെല്ലുന്നതിനു സംഗതിയായല്ലോ എന്നു വിചാരിച്ചു ലജ്ജയും വ്യസനവും സഹിക്കവയ്യാതെയായിട്ട് എമ്പ്രാൻ കരഞ്ഞുതുടങ്ങി.അപ്പോൾ തിരുമനസ്സുകൊണ്ട് "ആ സാധു ബ്രാഹ്മണനെ വിട്ടേയ്ക്കൂ" എന്നു കല്പിച്ചു. ഉടനെ നായർ "അടിയൻ" എന്നു പറഞ്ഞ് അവിടെ നിന്നുംകൊണ്ട് ഇടത്തൂട്ട് ഒന്നു തിരിഞ്ഞു. അപ്പോൾ ബ്രാഹ്മണന്റെ പിടിവിട്ടു. "ഇനി വേഗം പോയി ഊണു കഴിച്ചുവരൂ" എന്നു കല്പിച്ചു.
ബ്രാഹ്മണൻ പോവുകയും ചെയ്തു. നായർ ബ്രാഹ്മണനോടു ചെയ്ത പ്രയോഗം തിരുമനസ്സിലേക്കും അറിയാമായിരുന്നു. എങ്കിലും അതു സാധാരണക്കാരായ അഭ്യാസികൾക്ക് അറിഞ്ഞുകൂടാത്തതായിരുന്നതിനാൽ ഈ നായർ സാമാന്യനല്ലെന്നും ഈ നായരെ കണ്ടപ്പോൾത്തന്നെ അയാള് എവിടെവെച്ചോ താൻ മുമ്പൊരിക്കൽ കണ്ടിട്ടുണ്ടെന്നും തിരുമനസ്സിൽ തോന്നുകയാൽ "നീ എവിടുത്തുകാരനാണ്, ആരാണ്" എന്നൊക്കെ കല്പിച്ചു ചോദിച്ചു. അപ്പോൾ നായർ തൊഴുതുംകൊണ്ടു താഴെ വരുന്ന പ്രകാരം വിനയപൂർവം അറിയിച്ചു.
"അടിയൻ കായംകുളത്തുകാരൻ ഒരു ശൂദ്രനാണ്. തിരുമനസ്സിലെ വിരുത്തിക്കാരിൽ ഒരുവനാണ്. ഇവിടെ മുറജപമടിയന്തിരം വകയ്ക്കു നെയ്യേൽപ്പിക്കനായി വിടകൊണ്ടതാണ്. കല്പിച്ച് അടിയനെക്കുറിച്ച് ഓർക്കാനിടയുണ്ട്". ഇത്രയും കേട്ടപ്പോൾ തിരുമനസ്സിലേക്ക് ഓർമ്മയുണ്ടായി. എങ്കിലും സംഗതി അയാളെക്കൊണ്ടുതന്നെ പറയിക്കാനായി "ഓർക്കാനുള്ള കാരണമെന്താണ്" എന്നു കല്പിച്ചു ചോദിച്ചു. അപ്പോൾ നായർ, "തിരുമനസ്സുകൊണ്ട് കായംകുളം പിടിക്കാനായി എഴുന്നള്ളിയകാലത്തു കോട്ടയ്ക്കു മീതെ കുതിരയെ ചാടിച്ചപ്പോൾ കുതിര ഒരു വെട്ടു കൊള്ളുകയാൽ കോട്ടയ്ക്കു പുറത്തേക്കു വീഴുകയും തിരുമേനി കോട്ടയ്ക്കകത്തേക്കു ചാടുകയും ചെയ്തതു തിരുമനസ്സിൽ ഓർമയുണ്ടായിരിക്കുമല്ലോ. അന്നു കൊത്തളത്തിൽ ഒളിച്ചിരുന്നു കുതിരയുടെ കാൽ വെട്ടിയത് അടിയനാണ്. ആ സമയം കല്പിച്ച് അടിയനെ കണ്ടിട്ടുണ്ടല്ലോ" എന്നറിയിച്ചു. "ശരി, ഇതും നമുക്ക് ഓർമയുണ്ട്. നിന്നെ കണ്ടപ്പോൾത്തന്നെ നമുക്ക് മനസ്സിലായി. എങ്കിലും ചോദിച്ചു എന്നേ ഉള്ളൂ. നീ കായംകുളം രാജാവിന്റെ ഒരു സൈനികൻ ആയിരുന്നു അല്ലേ?" എന്നു കല്പിച്ചു. നായർ "അടിയൻ" എന്നറിയിച്ചു. തിരുമനസ്സുകൊണ്ട് "എന്നിട്ടിപ്പോൾ ഇവിടെ നെയ്ചുമടുംകൊണ്ടുവന്നതെന്താണ്" എന്നു കല്പിച്ചു ചോദിച്ചു. നായർ, "അന്ന് അടിയന്റെ കരിക്കാടി അതായിരുന്നു. ഇന്ന് അടിയന്റെ കരിക്കാടി ഇതാണ്" എന്നറിയിച്ചു. മഹാരാജാവ് സന്തോ‌ഷിച്ച്, "ശരി അന്നന്നു തിന്നുന്ന ചോറിന്റെ നന്ദി കാണിക്കുന്നതു പുരു‌ഷധർമ്മമാണ്. ഇങ്ങനെതന്നെ വേണം" എന്നു കല്പിച്ചു. പിന്നെയും തിരുമനസ്സുകൊണ്ടും ആ നായരുംകൂടി വിദ്യാഭ്യാസസംബന്ധമായും മറ്റും കുറഞ്ഞോരു നേരം സംഭാ‌ഷണം ചെയ്തു. അപ്പോൾ നായരും സാക്ഷാൽ ഗുരുക്കളുടെ ശി‌ഷ്യനാണെന്നു മനസ്സിലാവുകയാൽ അയാളെക്കുറിച്ചു വിശേ‌ഷിച്ചും തിരുമനസ്സിൽ ഒരു സന്തോ‌ഷമുണ്ടായി. തങ്ങളുടെ സതീർഥ്യന്മാരെക്കുറിച്ച് ഒരു പ്രത്യേകസ്നേഹം എല്ലാവർക്കും ഉണ്ടാകുന്നതാണല്ലോ.ഉച്ചതിരിഞ്ഞു വീണ്ടും വരാമെന്നു കല്പിച്ച് അപ്പോൾ നായരെ പറഞ്ഞയച്ചു.
ഉച്ചതിരിഞ്ഞപ്പോൾ അഭ്യാസികളായിട്ടുള്ള ബ്രാഹ്മണരെല്ലാം തിരുമുമ്പാകെ എത്തി. ആ കൂട്ടത്തിൽ മുണ്ട്യൂര് എന്ന ബ്രാഹ്മണനും ഉണ്ടായിരുന്നു. കായംകുളത്തുകാരൻ നായരും വന്നുചേർന്നു. അപ്പോൾ അവിടെ അണ്ഡാകൃതിയായിട്ട് ഒരു വലിയ ഇരുമ്പുകട്ടി കിടപ്പുണ്ടായിരുന്നു. "ഇത് ആർക്കെങ്കിലും എടുത്തു പൊക്കാമോ?" എന്നു കല്പിച്ചു ചോദിച്ചു. ഇതുകേട്ട് അഭ്യാസികളായിട്ടുള്ള ഓരോ ബ്രാഹ്മണൻ ചെന്ന് എടുത്തുനോക്കി. ആ കട്ടിയൊന്ന് ഇളക്കാൻപോലും ആർക്കും കഴിഞ്ഞില്ല. ഒടുക്കം മുണ്ട്യൂര് ബ്രാഹ്മണൻ മുട്ടോളം പൊക്കി. പിന്നെ നായരെടുത്ത് അരയോളം പൊക്കി. പിന്നെ അതെടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഒടുക്കം തിരുമനസ്സുകൊണ്ട് "നമുക്കിപ്പോൾ വാർദ്ധക്യംകൊണ്ടു ക്ഷീണമായി. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം" എന്നു കല്പിച്ചുകൊണ്ട്
ചെന്നെടുത്ത് കഴുത്തോളം പൊക്കി "വിദ്യാഭ്യാസകാലത്ത് ഇതെടുത്ത് ദിവസംതോറും ആയിരം പ്രാവശ്യം വീതം തലയ്ക്കുമീതെ പൊക്കി പുറകോട്ടിടാറുണ്ട്. ഇപ്പോൾ ഒന്നും വയ്യാതെയായി" എന്നും കല്പിച്ചു. വളരെ വയസ്സും ക്ഷീണവുമായ തിരുമനസ്സുകൊണ്ട് എടുത്തുപൊക്കിയ ഇരുമ്പുകട്ടി ചെറുപ്പക്കാരായ തങ്ങൾക്ക് ഒന്നിളക്കാൻപോലും കഴിഞ്ഞില്ലല്ലോ എന്നു വിചാരിച്ച് അഭ്യാസികളെന്ന നാട്യത്തോടുകൂടി അവിടെ കൂടിയിരുന്നവരെല്ലാം ലജ്ജിച്ചുപോയി.
കായംകുളത്തുകാരൻ നായർക്ക് സബഹുമാനം അനേകം സമ്മാനങ്ങൾ കല്പിച്ചുകൊടൂത്തതു കൂടാതെ, ആജീവനാന്തം അനുഭവിച്ചു അയാൾക്കുള്ള വിരുത്തിവസ്തു ഊഴിയംകൂടാതെ കൊള്ളുന്നതിനും കല്പിച്ചതിനും പുറമേ പ്രതിമാസം കുറേ പണം അടുത്തൂണായിട്ടും കല്പിച്ചു പതിച്ചുകൊടുത്തു. ഗുരുക്കളുടെ ശിക്ഷാസാമർഥ്യം നിമിത്തം രാമവർമ മഹാരാജാവിനു സിദ്ധിച്ച അഭ്യാസബലം ചരിത്രപ്രസിദ്ധമായിട്ടുള്ളതാകയാൽ അധികം വിസ്തരിക്കണമെന്നില്ല. എങ്കിലും അവിടുന്നു വിദ്യാഭ്യാസം ചെയ്തുകഴിഞ്ഞയുടനെ ഉണ്ടായ ഒരു സംഗതി മാത്രം പറയാം. തിരുമനസ്സുകോണ്ട് ഗുരുക്കളുടെ അടുക്കൽ വിദ്യാഭ്യാസം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ അവിടുത്തെ മാതുലനായ മാർത്താണ്ഡവർമ്മ മഹാരാജാവ്, കോഴിക്കോട്ട് രാജാവ് ഗുരുക്കളുടെ അഭ്യാസകാലത്ത് ചോദിച്ചതുപോലെ ചോദിക്കയും ഗുരുക്കൾ അന്നു പറഞ്ഞതുപോലെ പതിനായിരം പേരെ തടുക്കാമെന്നും അയ്യായിരം പേരെത്തടുക്കാമെന്നുമൊക്കെ തിരുമനസ്സുകൊണ്ട് ഉത്തരം അറിയിക്കയും ചെയ്തുകൊണ്ടിരുന്നു. ഒടുക്കം അഭ്യാസം ഒട്ടു കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം മാർത്താണ്ഡവർമ്മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ മാളികയിൽ എഴുന്നള്ളി നില്ക്കുന്ന സമയം രാമവർമ മഹാരാജാവ് മാളികയിലേക്കു കോവണിയിൽക്കൂടെ കയറിച്ചെന്നു. അപ്പോൾ മാർത്താണ്ഡവർമ മഹാരാജാവ് കോവണി വതില്ക്കൽ ഒരു വശത്തേക്കു മാറി, ഒളിച്ചുനിൽക്കുകയായിരുന്നു. രാമവർമമഹാരാജാവിനു തന്റെ മാതുലൻ നിൽക്കുന്നതു കാണാൻ പാടില്ലായിരുന്നു. അവിടുന്നു കോവണിയിൽക്കൂടെ കയറി ഒട്ടു മുകളിലായ സമയം മാർത്താണ്ഡവർമ മഹാരാജാവു തന്റെ കയ്യിലിരുന്ന പള്ളിവാൾകൊണ്ടു രാമവർമ മഹാരാജാവിന്റെ കഴുത്തു നോക്കി ഒരു വെട്ടുകൊടുത്തു. വെട്ടു കഴുത്തിൽ കൊണ്ടതിന്റെ ശേ‌ഷമേ രാമവർമ മഹാരാജാവ് അറിഞ്ഞുള്ളൂ. എങ്കിലും അവിടുന്നു തൊലി മുറിയുന്നതിനു മുമ്പായി ആ കോവണിപ്പടിയിൽ താണിരുന്നുകളഞ്ഞു. വെട്ടു കൊട്ടാരമാളികയുടെ ഒരു കഴുക്കോലിനു
കൊള്ളുകയാൽ കഴുക്കോൽ മുറിഞ്ഞുപോയി. ഉടനെ ഗുരുക്കൾ അവിടെയെത്തി, "അവിടുന്ന് ഈ കഠിനപ്രവൃത്തി ചെയ്തതെന്താണെ"ന്ന് ചോദിച്ചു. അപ്പോൾ മാർത്താണ്ഡവർമ മഹാരാജാവ് "ഒന്നുമില്ല. ഉണ്ണിയുടെ വിദ്യാഭ്യാസം കഴിയാറായല്ലോ. അയാൾ വല്ലതും പഠിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചുനോക്കുകയായിരുന്നു. ഇപ്രകാരമുള്ള ചതിപ്രയോഗങ്ങൾ ശത്രുക്കളിൽനിന്നു സാധാരണയായി സംഭവിക്കാവുന്നതാണ്. അതിൽ നിന്ന് സ്വാത്മരക്ഷ ചെയ്യാൻ കഴിയാത്തവർ ഈ വംശത്തിൽ ജീവിച്ചിരുന്നിട്ടു പ്രയോജനമില്ല. അതിനു കഴിയുന്നവനാണെങ്കിൽ ഇതുകൊണ്ടു വൈ‌ഷമ്യം ഒന്നും വരാനുമില്ലല്ലോ എന്നു വിചാരിച്ച് അങ്ങനെ ചെയ്തതാണ്" എന്നു കല്പിച്ചു. "എന്റെ ഗുരുനാഥന്റെ അനുഗ്രഹം കൊണ്ട് എന്റെ അടുക്കൽ പഠിക്കുന്നവർക്ക് ഇപ്രകാരമുള്ള പ്രയോഗങ്ങളിലൊന്നും അപകടം പറ്റുമെന്നു തോന്നുന്നില്ല" എന്നു ഗുരുക്കൾ അറിയിച്ചു.
മേല്പറഞ്ഞപ്രകാരം അനേകം പരീക്ഷകൾ കഴിഞ്ഞതിന്റെ ശേ‌ഷമാണ് മാർത്താണ്ഡവർമ മഹാരാജാവ് തന്റെ ഭാഗിനേയനെ കായംകുളം മുതലായ യുദ്ധങ്ങൾക്കു തന്നോടുകൂടി കൊണ്ടുപോവുകയും ചില സമയങ്ങളിൽ തനിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു തുടങ്ങിയത്. ശി‌ഷ്യന്മാരുടെ യോഗ്യത ഗുരുക്കന്മാരുടെ യോഗ്യതയ്ക്കു ദൃഷ്ടാന്തമാകയാൽ രാമവർമ മഹാരാജാവിനു സിദ്ധിച്ച വൈദഗ്ദ്ധ്യമെല്ലാം ഗുരുക്കളുടെ ശിക്ഷാനൈപുണ്യത്തിൽനിന്നുണ്ടായതാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഐതിഹ്യമാല/പുളിയാമ്പിള്ളി നമ്പൂരി

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പുളിയാമ്പിള്ളി നമ്പൂരി

ദ്ദേഹം ഒരുത്തമബ്രാഹ്മണനും നല്ല ശാക്തേയനുമായിരുന്നു. ദിവസംതോറും ദേവിയെ ഉപാസന ഇദ്ദേഹത്തിനു പതിവുണ്ടായിരുന്നു എന്നു മാത്രമല്ല, ചൊവ്വാഴ്ച, വെള്ളിയാഴ്ച, കറുത്ത വാവ് മുതലായ ദിവസങ്ങളിൽ മദ്യമാംസാദി നിവേദ്യങ്ങളോടുകൂടി വിധിപ്രകാരമുള്ള ശക്തിപൂജയുമുണ്ടായിരുന്നു. പൂജാനന്തരം, അദ്ദേഹം ധാരാളം മദ്യം സേവിക്കാറുമുണ്ട്. ദേവി അദ്ദേഹത്തിനു പ്രത്യക്ഷമൂർത്തിയായിരുന്നു.
ഇദ്ദേഹം മദ്യമാംസാദികൾ കൂട്ടി ശക്തിപൂജ കഴിക്കയും മദ്യം സേവിക്കുകയും ചെയ്യുന്ന വിവരം മറ്റു ബ്രാഹ്മണർ ധാരാളമായി അറിഞ്ഞു എങ്കിലും ഇദ്ദേഹത്തിന്റെ ദിവ്യത്വം നിമിത്തം അതൊന്നും കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു പതിത്വം കല്പിക്കുന്നതിനും ആർക്കും കഴിഞ്ഞില്ല. ഇദ്ദേഹം ഇല്ലാത്ത സ്ഥലത്തുവെച്ച് നമ്പൂരിമാർ കൂടിയിരുന്നുകൊണ്ട്, "ഇയ്യാൾ ശുദ്ധ നീചനാണ്. ഇതൊക്കെ ബ്രാഹ്മണർക്കു ചേർന്നതാണോ? നമുക്കിനി ഈ കള്ളുകുടിയനെ നമ്മുടെ ഇല്ലങ്ങളിൽ യാതൊരടിയന്തിരത്തിനും ക്ഷണിക്കരുത്. ക്ഷണിക്കാതെ വന്നാൽ അടിച്ചു പുറത്താക്കണം. നമുക്കാർക്കും യാതൊരടിയന്തിരത്തിനും ഇയ്യാളുടെയവിടെ പോവുകയും വേണ്ട" എന്നൊക്കെ പറയും എങ്കിലും ഇദ്ദേഹത്തോടു നേരിട്ട് ഒന്നും പറയാൻ ആർക്കും യുക്തിയുണ്ടായിരുന്നില്ല. തക്കതായ ഒരു ലക്ഷ്യം കിട്ടാതെ ഒരാൾക്കു ഭ്രഷ്ട് കല്പിക്കുന്നതെങ്ങനെയാണ്? അതിനാൽ വലതും ലക്ഷ്യം കണ്ടുപിടിക്കണമെന്നു നിശ്ചയിച്ചു സ്വദേശികളായ നമ്പൂരിമാരെല്ലാംകൂടി അതിനു തരം നോക്കിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു വെള്ളിയാഴ്ച നാൾ പുളിയാമ്പിള്ളി നമ്പൂരി ശക്തിപൂജയ്ക്കു മദ്യം വാങ്ങാനായി പോയിരിക്കുന്നു എന്നുള്ള വിവരം നമ്പൂരിമാർക്കറിവു കിട്ടി. ഉടനെ അവർ പലർകൂടി ഇദ്ദേഹം മദ്യവുംകൊണ്ടു വരുമ്പോൾ ഇടയ്ക്കുവെച്ചു പിടിക്കണമെന്നു നിശ്ചയിച്ചു വഴിവക്കത്ത് ഒരു സ്ഥലത്തു ചെന്നൊളിച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ പുളിയാമ്പിള്ളി നമ്പൂരി മദ്യകുംഭവും തലയിൽ വെച്ചു വരവായി. ഉടനെ നമ്പൂരിമാരെല്ലാം കൂടി ചുറ്റും ചെന്നു വളഞ്ഞു. കാര്യം പറ്റിപ്പോയി എന്നു വിചാരിച്ചുംകൊണ്ട് ഇവർ "ഈ കുടത്തിലെന്താണെ"ന്നു ചോദിച്ചു. ഇവർ തന്നെ ചതിക്കാൻ വന്നിരിക്കുന്നവരാണെന്നു പുളിയാമ്പിള്ളി നമ്പൂരിക്കു മനസ്സിലായി. ഇവരുടെ ചതിയൊന്നും തന്നോടു പറ്റുകയില്ലെന്ന് ഇദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും, ഇവർക്കിവരുടെ ഉത്സാഹം ഫലിച്ചു എന്നു വിചാരിച്ചു കുറച്ചുകൂടി സന്തോ‌ഷമുണ്ടാക്കീട്ടു പിന്നീട് അബദ്ധമാക്കി വിടാമെന്നു വിചാരിച്ചു തത്ക്കാലം ഒന്നും മിണ്ടാതെ പരുങ്ങാൻ ഭാവിച്ചു. അപ്പോഴേക്കും നമ്പൂരിമാർക്ക് ഉത്സാഹം വർധിച്ചു. "എന്താ കുടത്തിൽ, എന്താ കുടത്തിൽ" എന്നെല്ലാവരും ചോദ്യം മുറുക്കമായി. പുളിയാമ്പിള്ളി നമ്പൂരി വലിയ ജളത സംഭവിച്ച ഭാവത്തിൽ ആരുടേയും നേരെ നോക്കാതെ മുഖം കുമ്പിട്ടു കീഴ്പോട്ടു നോക്കിക്കൊണ്ട്, "ഇതിൽ വിശേ‌ഷിച്ചൊന്നുമില്ല" എന്നു പതുക്കെ പറഞ്ഞു. അപ്പോൾ ചിലർ "എന്നാൽ കുടം അഴിച്ചു കാണണം" എന്നായി. ചിലർ കുടം പിടിച്ചു താഴെയിറക്കിവെച്ചു. അപ്പോൾ മദ്യത്തിന്റെ ഗന്ധം ധാരാളമായി വന്നതുകൊണ്ടു കുടത്തിനകത്തെന്താണെന്നു നമ്പൂരിമാർക്കു നിശ്ചയമായി. അതിനാൽ കുടം അടച്ചുകെട്ടിയിരിക്കുന്നത് അഴിച്ചു കാണണമെന്നുള്ള മുറുക്കം കലശലായിക്കഴിഞ്ഞു. അപ്പോൾ പുളിയാമ്പിള്ളി നമ്പൂരി "എന്തിനഴിച്ചു കാണുന്നു? ഇതിൽ കുറച്ചു കളിയടയ്ക്കയാണ്. അകായിലേക്കു മൂന്നും കൂട്ടാൻ കളിയടയ്ക്ക വേണമെന്നു പറഞ്ഞിട്ടു വാങ്ങിക്കൊണ്ടു പോവുകയാണ്" എന്നു പറഞ്ഞു. അപ്പോൾ നമ്പൂരിമാർ "എന്നാൽ ഈ കളിയടയ്ക്ക ഞങ്ങൾക്കൊന്നു കാണണം" എന്നായി. എന്തിനു വളരെ പറയുന്നു, കുടമഴിച്ചു കാണിക്കാൻ അദ്ദേഹം മടിക്കുംതോറും കുടത്തിൽ മദ്യമാണെന്നുള്ള നിശ്ചയവും അതഴിച്ചു കാണണമെന്നുള്ള നിർബന്ധവും നമ്പൂരിമാർക്കു കലശലായിത്തീർന്നു. അഴിച്ചു കാണിക്കാതെ വിട്ടയയ്ക്കില്ലെന്നു തീർച്ചയായപ്പോൾ പുളിയാമ്പിള്ളി നമ്പൂരി "എന്നാൽ കണ്ടോളിൻ" എന്നു പറഞ്ഞു കുടത്തിന്റെ മൂടി അഴിച്ചു. നമ്പൂരിമാർ നോക്കിയപ്പോൾ കുടം നിറച്ച് നല്ല ഒന്നാന്തരം കളിയടയ്ക്കയായിരുന്നു. നമ്പൂരിമാരെല്ലാം മധ്യമമായിപ്പോയി എന്നു പറയേണ്ടതില്ലല്ലോ. എല്ലാവരും പോയപ്പോൾ പുളിയാമ്പിള്ളി നമ്പൂതിരി കുടം പൂർവസ്ഥിതിയിൽ അടച്ചുകെട്ടി എടുത്തുംകൊണ്ട് അദ്ദേഹത്തിന്റെ ഇലത്തേക്കു പോയി. പൂജയുടെ സമയമായപ്പോൾ കളിയടയ്ക്ക മദ്യംതന്നെ ആയിത്തീരുകയും ചെയ്തു.
ഇങ്ങനെ പലവിധത്തിൽ പരീക്ഷിച്ചിട്ടും ഇദ്ദേഹം മദ്യപാനം ചെയ്യുന്നുണ്ടന്നുള്ളതിനു തക്കതായ ഒരു ലക്ഷ്യം കണ്ടുപിടിക്കുന്നതിനു നമ്പൂരിമാർ വിചാരിച്ചിട്ടു കഴിഞ്ഞില്ല. പൂജിക്കുന്നതും മദ്യം സേവിക്കുന്നതും പുരയ്ക്കകത്തുതന്നെയാണ് പതിവ്. അതു രാത്രികാലങ്ങളിലായിരിക്കയും ചെയ്യും. അങ്ങനെയുള്ള സമയങ്ങളിൽ ആരെങ്കിലും കാണാൻ ചെന്നാൽ "ഇപ്പോൾ സമയമില്ല. രാവിലെ ആവട്ടെ" എന്നു പറയുന്നതിനു ഭൃത്യന്മാരെ ശട്ടം കെട്ടിയിരിക്കും. പിന്നെ രാത്രിസമയത്തു വാതിലടച്ചു കിടക്കുന്ന ഇദ്ദേഹത്തിനെ ആർക്കെങ്കിലും ചെന്നു കാണാൻ കഴിയുമോ? പകൽ പുറത്തു കാണുമ്പോഴെങ്ങും കുടിച്ചിട്ടുണ്ടായിരിക്കയുമില്ല. പിന്നെ എന്തു നിവൃത്തിയാണുള്ളത്?
ഇങ്ങനെ ഒരു നിവൃത്തിമാർഗവും ഇല്ലാതെ വളരെക്കാലം വി‌ഷമിച്ചതിന്റെ ശേ‌ഷം നമ്പൂരിമാരെല്ലാവരുംകൂടി വിവരം രാജാവിങ്കൽ അറിയിച്ചു. ശക്തിപൂജയുള്ള ദിവസം നിശ്ചയമായി അറിഞ്ഞു പറഞ്ഞാൽ നിവൃത്തിയുണ്ടാക്കാമെന്നു രാജാവു കല്പിച്ചു. പിന്നെ നമ്പൂരിമാരെല്ലാവരുംകൂടി കർക്കടകത്തിൽ കറുത്ത വാവിന്നാൾ ശക്തിപൂജയുണ്ടെന്നുള്ള വിവരം സൂക്ഷ്മമായി അറിഞ്ഞു രാജാവിങ്കൽ ഗ്രഹിപ്പിച്ചു. പുളിയാമ്പിള്ളി നമ്പൂരി പതിവുപോലെ പൂജയും കഴിച്ചു മദ്യവും സേവിച്ചു മദാന്ധഹൃദയനായിക്കിടന്ന സമയം അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരുവാനായിട്ടു രാജാവാളയച്ചു. രാജാവിന്റെ ആൾ നമ്പൂരിയുടെ ഇല്ലത്തു ചെന്നു വിവരം ദാസി മുഖാന്തരം അകായിൽ ഗ്രഹിപ്പിച്ചു. അന്തർജനം ആ വിവരം നമ്പൂരിയുടെ അടുക്കൽ ചെന്നു പറഞ്ഞു. അപ്പോൾ മദ്യത്തിന്റെ ലഹരികൊണ്ടു ബോധംകെട്ടു കിടന്ന നമ്പൂരി "ആട്ടെ നിലാവുദിക്കുമ്പോൾ ചെല്ലാം. ഇപ്പോൾ ഇരുട്ടത്തു പ്രയാസമുണ്ടെന്നു പറഞ്ഞയച്ചേക്ക്" എന്നു പറഞ്ഞു. അന്തർജനം ആ വിവരം ദാസിമൂലം രാജഭൃത്യനോടു പറഞ്ഞയയ്ക്കുകയും ചെയ്തു.
പുളിയാമ്പിള്ളി നമ്പൂരി വെളിവു കൂടാതെ വരുന്നതു കാണുന്നതിനും രാജാവിനെക്കൂടി സാക്ഷിയാക്കി വെച്ചുകൊണ്ടു ഭ്രഷ്ട് കല്പിക്കുന്നതിനുമായി അന്നു രാജസന്നിധിയിൽ അസംഖ്യം നമ്പൂരിമാർ കൂടിയിരുന്നു. അപ്പോൾ രാജഭൃത്യൻ വന്നു "നമ്പൂരി നിലാവുദിക്കുമ്പോൾ വരാമെന്നു പറഞ്ഞിരിക്കുന്നു" എന്നു രാജാവിന്റെ അടുക്കൽ അറിയിച്ചു. അതുകേട്ടു നമ്പൂരി മദ്യപാനം ചെയ്തു വെളിവു കൂടാതെ പറഞ്ഞയച്ചതാണെന്ന് എല്ലാവരും തീർച്ചപ്പെടുത്തി. കറുത്തവാവിന്നാൾ ചന്ദ്രനുദിക്കയെന്നുള്ളത് ഒരിക്കലും ഉണ്ടാകാത്തതാകയാൽ അതു സ്വബോധമുള്ളവർ പറയുകയില്ലല്ലോ. അപ്പോൾ രാത്രി കുറെ അധികമായതിനാൽ നമ്പൂരിമാരാരും അവരവരുടെ ഇല്ലങ്ങളിലേക്കു പോയില്ല. രാജാവ് പള്ളിയറയിലേക്കെഴുന്നള്ളിയതിന്റെ ശേ‌ഷം എല്ലാവരും രാജഭവനത്തിൽത്തന്നെ ഓരോ സ്ഥലത്തു പോയിക്കിടന്നുറങ്ങി.
ഏകദേശം അർധരാത്രിയായപ്പോൾ പുളിയാമ്പിള്ളി നമ്പൂരിക്കു ബോധം വീണു. അപ്പോൾ അദ്ദേഹത്തിനു രാജാവിന്റെ ആൾ വന്നിരുന്നു എന്നോ താൻ എന്തോ അസംബന്ധം പറഞ്ഞയച്ചു എന്നോ ഏതാണ്ടൊക്കെ ഒരു സ്വപ്നം പോലെ ഓർമതോന്നുകയാൽ വിവരം അന്തർജനത്തോടു ചോദിക്കയും ഉണ്ടായ വസ്തുത അന്തർജനം പറയുകയും ചെയ്തു. നിലാവുദിക്കുമ്പോൾ ചെല്ലാമെന്നാണ് പറഞ്ഞയച്ചിരിക്കുന്നതെന്നു കേട്ടപ്പോൾ നമ്പൂരി തത്ക്കാലം ഒന്നന്ധാളിച്ചു. എങ്കിലും സർവലോകൈകമാതാവായിരിക്കുന്ന സാക്ഷാൽ ശക്തിയുടെ സഹായമുള്ളതുകോണ്ട് തനിക്ക് ഒന്നും ദുഃസാദ്ധ്യമായും അവമാനകരമായും വരികയില്ലെന്നുള്ള വിശ്വാസത്തോടുകൂടി അദ്ദേഹം ഉടനെ എണീറ്റു രാജസന്നിധിയിലേക്ക് പുറപ്പെട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ പൂർണചന്ദ്രൻ ആകാശമധ്യത്തിങ്കൽ പ്രകാശിച്ചു നിൽക്കുന്നതും നല്ല വിശദചന്ദ്രിക ലോകമെല്ലാം നിറഞ്ഞു പരന്നിരിക്കുന്നതും കാണപ്പെട്ടു. അതിനാൽ അത്യന്തം സന്തുഷ്ടഹൃദയനായ നമ്പൂരി വേഗത്തിൽ രാജഭവനത്തിലെത്തി രാജാവു കിടന്നുറങ്ങുന്ന പള്ളിയറവാതില്ക്കൽ ചെന്നു മുട്ടി വിളിച്ചു. ഉടനെ രാജാവുണർന്ന് "ആരത്?" എന്നു ചോദിച്ചു. " ഞാൻതന്നെ, പുളിയാമ്പിള്ളി" എന്നു നമ്പൂരി ഉടനെ രാജാവു പുറത്തിറങ്ങി നോക്കിയപ്പോൾ പറഞ്ഞു. പൂർണചന്ദ്രനെയും ചന്ദ്രികാപ്രകാശത്തെയും കണ്ട് അത്യന്തം വിസ്മയിച്ചു. അപ്പോൾത്തന്നെ രാജാവു ഭൃത്യന്മാരെപ്പറഞ്ഞയച്ചു നമ്പൂരിമാരെയെല്ലാം വിളിച്ചുവരുത്തി. എല്ലാവരും ഇതുകണ്ട് ഏറ്റവും അത്ഭുതപ്പെട്ടു. രാജാവു പുളിയാമ്പിള്ളി നമ്പൂരിക്ക് അനവധി സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തെത്തിയപ്പോഴേക്കും ചന്ദ്രനും ചന്ദ്രികയും മറഞ്ഞു നല്ല ഇരുട്ടാവുകയും ചെയ്തു. ആ കാണപ്പെട്ടത് സാക്ഷാൽ ചന്ദ്രനും ചന്ദ്രികയുമല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭക്തവത്സലയായ ദേവി ഭക്തനായ നമ്പൂരിക്ക് അവമാനം സംഭവിക്കാതെ ഇരിക്കാൻ വേണ്ടി തന്റെ കുണ്ഡലങ്ങളിൽ ഒന്നെടുത്ത് ഉയർത്തിപ്പിടിക്കയായിരുന്നു ചെയ്തത്. അത് കണ്ടവർക്കെല്ലാം ചന്ദ്രനായിട്ടു അതിന്റെ ശോഭ ചന്ദ്രികയായിട്ടു തോന്നി എന്നേയുള്ളൂ.
ഇപ്രകാരം പലരും പല വിധത്തിൽ പരീക്ഷിച്ചിട്ടും പുളിയാമ്പിള്ളി നമ്പൂരിയെ അവമാനിക്കുന്നതിനോ അദ്ദേഹത്തിന്റെ മദ്യപാനത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനോ അദ്ദേഹത്തിനു ഭ്രഷ്ട് കല്പിക്കുന്നതിനോ കഴിഞ്ഞില്ല. ദേവിപ്രസാദം വേണ്ടതുപോലെ സിദ്ധിച്ചിട്ടുള്ളവരെ ജയിക്കാൻ ആരു വിചാരിച്ചാലും കഴിയുന്നതല്ലല്ലോ.
പുളിയാമ്പിള്ളി നമ്പൂരി ഒരു നല്ല മന്ത്രവാദിയുമായിരുന്നു. അദ്ദേഹത്തെ മന്ത്രവാദത്തിനായി പലരും ക്ഷണിച്ചുകൊണ്ട് പോവുക പതിവായിരുന്നു. അദ്ദേഹം ഒഴിച്ചാൽ ഒഴിയാത്ത ബാധ ഒന്നും ഉണ്ടായിരുന്നില്ല. നമ്പൂരി മന്ത്രവാദത്തിനും മറ്റുമായി അന്യസ്ഥലങ്ങളിൽ പോവുമ്പോൾ ദേവി പ്രത്യക്ഷമൂർത്തിയായിട്ട് അദ്ദേഹത്തോടുകൂടി പോവുക പതിവായിരുന്നു. എങ്കിലും അത് അന്യന്മാർക്ക് അപ്രത്യക്ഷം തന്നെ ആയിരുന്നു.
ഒരു ദിവസം നമ്പൂരി എവിടെയോ പോയി ഒരു മന്ത്രവാദം കഴിഞ്ഞ് അർധരാത്രി നമ്പൂരി മുമ്പും ദേവി പിമ്പുമായി ഇല്ലത്തേക്കു പുറപ്പെട്ടു. കുറെ വഴി പോന്നതിന്റെ ശേ‌ഷം ഒരിക്കൽ നമ്പൂരി തിരിഞ്ഞുനോക്കിയപ്പോൾ ദേവിയെക്കണ്ടില്ല. എവിടെപ്പോയതായിരിക്കും എന്നു സംശയിച്ചു കുറച്ചു നേരം തിരിഞ്ഞുനിന്നു. എന്നിട്ടും കാണായ്കയാൽ നമ്പൂരിക്കു വ്യസനമായി. ഒന്നന്വേ‌ഷിച്ചിട്ടുവേണം പോകാനെന്നു നിശ്ചയിച്ച് അദ്ദേഹം പോന്ന സ്ഥലത്തേക്കുതന്നെ തിരിയെപ്പുറപ്പെട്ടു. കുറച്ചു ചെന്നപ്പോൾ വഴിക്കുസമീപം ഒരു പറയന്റെ മാടത്തിൽ ഒരു പറയൻ ഒരു വാളും പീഠവും വെച്ചു ദേവിയെ പൂജിക്കുന്നതും കൊട്ടുന്നതും ചാറ്റുന്നതും ചില സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നതും ദേവി ആ പൂജ ഏറ്റുകൊണ്ട് ആ പീഠത്തിന്മേൽ ഇരിക്കുന്നതും നമ്പൂരി കണ്ടു. (ദേവിയെ പറയനു കാണാൻ പാടില്ലായിരുന്നുതാനും). അവന്റെ പൂജയും മറ്റും കഴിയുന്നതുവരെ നമ്പൂരി എല്ലാം കണ്ടുംകൊണ്ട് വഴിയിൽത്തന്നെ നിന്നു. അതെല്ലാം കഴിഞ്ഞപ്പോൾ ദേവി എണീറ്റ് അവിടെനിന്നു പുറപ്പെട്ടു നമ്പൂരിയൂടെ അടുക്കൽ വന്നു. അപ്പോൾ നമ്പൂരി "അല്ലയോ ദേവി! ഈ പറമാടത്തിലും മറ്റും അവിടെന്നെഴുന്നെള്ളിയത് വലിയ കഷ്ടമാണ്. മന്ത്രതന്ത്രാദികളൊന്നുമില്ലാതെ നീചനായ ആ പറയൻ പൂജിച്ചതിനെ അവിടുന്നു കൈക്കൊള്ളുകയും അവന്റെ നിവേദ്യാംശത്തെ അവിടുന്നനുഭവിക്കുകയും ചെയ്യുന്നതു കണ്ടിട്ട് എനിക്ക് വളരെ വല്ലാതെ തോന്നി. ഇനി മേലാലെങ്കിലും ഇങ്ങനെയുള്ളതിനു പോകാതിരുന്നാൽ കൊള്ളാം" എന്നു പറഞ്ഞു. ഇതു കേട്ടു ദേവി ചിരിച്ചുംകൊണ്ട് "അല്ലാ, അങ്ങ് ഇതുവരെ എന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടില്ല, അല്ലേ? അങ്ങേക്കു മനഃശുദ്ധിയും ഭക്തിയും മതിയായിട്ടില്ല. എന്നെക്കുറിച്ചു ഭക്തിയുള്ള എല്ലാവരും എനിക്കൊന്നു പോലെയാണ്.ചണ്ഡാലനെന്നും ബ്രാഹ്മണനെന്നുമുള്ള വ്യത്യാസം എനിക്കില്ല. ഭക്തിയുള്ളവർ ആരു വിളിച്ചാലും എനിക്കവിടെ പോകാതിരിക്കാൻ നിവൃത്തിയില്ല. ഞാൻ മന്ത്രതന്ത്രാദികളെക്കാൾ ഗണിക്കുന്നത് ഭക്തിയെയാണ്. ഈ തത്ത്വം അറിഞ്ഞിട്ടില്ലാത്ത അങ്ങേടെ കൂടെ ഞാൻ വരുന്നില്ല. ഇനി അങ്ങേയ്ക്ക് എന്നെക്കാണാനും കഴിയില്ല എങ്കിലും പതിവിൻപ്രകാരം ഭക്തിയോടുകൂടി എന്നെ ഉപാസിച്ചുകൊണ്ടിരുന്നാൽ അങ്ങു വിചാരിക്കുന്ന കാര്യമെല്ലാം ഞാൻ സാധിപ്പിച്ചു തരികയും ചെയ്യാം" എന്നരുളിച്ചെയ്ത് അവിടെത്തന്നെ അന്തർധാനവും ചെയ്തു. അതിൽപ്പിന്നെ നമ്പൂരി മാംസചക്ഷുസ്സുകൊണ്ടു ദേവിയെ കണ്ടിട്ടില്ല. ദേവി അപ്രത്യക്ഷയായതിന്റെ ശേ‌ഷം അധികകാലം അദ്ദേഹം ജീവിച്ചിരുന്നിട്ടുമില്ല.
പുളിയാമ്പിള്ളി നമ്പൂരിയെ മലയാളത്തിൽ പല ദേശങ്ങളിലും പല ജനങ്ങളും ഇന്നും കുടുംബപരദേവതയായി വെച്ചാചരിച്ചുവരുന്നുണ്ട്. കർക്കിടമാസത്തിലും തുലാംമാസത്തിലും മറ്റും പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി വെയ്ക്കുക എന്നൊരു കാര്യവും പലേടത്തും നടപ്പുണ്ട്. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാർത്ഥിച്ചാൽ സകല കാര്യങ്ങളും സാധിക്കുമെന്നാണ് ചിലരുടെ വിശ്വാസം. സന്തതിയുണ്ടാകാനായിട്ടും സമ്പത്തുണ്ടാകാനായിട്ടും ബാധോപദ്രവങ്ങൾ, രോഗങ്ങൾ മുതലായവ മാറുന്നതിനായിട്ടു നമ്പൂരിക്കു വെള്ളംകുടി പ്രാർത്ഥിക്ക പലേടത്തും നടപ്പാണ്. മോ‌ഷണം തെളിയിക്കുന്ന വി‌ഷയത്തിലാണത്രെ ഇതു പ്രധാനം. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാർഥിച്ചാൽ തെളിയാത്ത മോ‌ഷണം ലോകത്തിലില്ലെന്നാണ് ചിലർ പറയുന്നത്. വെള്ളംകുടി പ്രാർഥിച്ചാൽ നാല്പത്തൊന്നു ദിവസത്തിനകം മോഷ്ടിച്ചവൻ മാപ്പു ചോദിച്ചുകൊണ്ടു മോ‌ഷണത്തൊണ്ടി ഉടമസ്ഥന്റെ പാദത്തിങ്കൽ കൊണ്ടുചെന്നു നമസ്കരിക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ ആ മോഷ്ടാവും അവന്റെ തറവാട്ടിലുള്ള എല്ലാവരും രക്തം ഛർദ്ദിച്ചു മരിക്കും. കാര്യം സാധിച്ചിട്ടു പ്രാർഥന നടത്താതെയിരുന്നാൽ മോഷ്ടാവിന്റെ അനുഭവംതന്നെ ഉടമസ്ഥനും സിദ്ധിക്കും. പുളിയാമ്പിള്ളി നമ്പൂരിയുടെ സ്വഭാവം കായംകുളം വാളുപോലെ ഇരുഭാഗത്തും മൂർച്ചയുള്ളതാണ്. ഇദ്ദേഹത്തെപ്പോലെ ഉഗ്രമൂർത്തിയായിട്ടു വേറെ യാതൊരു മൂർത്തിയുമില്ല എന്നിങ്ങനെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഇക്കാലത്തു ധാരാളമുണ്ട്. വളരെക്കാലം മുമ്പേ മരിച്ചുപോയിരിക്കുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള ഭയഭക്തിവിശ്വാസബഹുമാനങ്ങൾ ഇക്കാലംവരെ നിലനിൽക്കണമെങ്കിൽ, ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇദ്ദേഹത്തിന്റെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും സാമാന്യമൊന്നുമല്ലായിരുന്നുവെന്നു എല്ലാവർക്കും ഊഹിക്കാവുന്നതാണ്.
ഇദ്ദേഹത്തിന്റെ ഇല്ലം കോഴിക്കോട്ടായിരുന്നു എന്നും ഇദ്ദേഹം ചരമഗതിയെ പ്രാപിചിട്ട് ഇപ്പോൾ അഞ്ഞൂറു സംവത്സരത്തിൽ അധികമായിരിക്കുന്നു എന്നുമാണ് കേട്ടിരിക്കുന്നത്.

ഐതിഹ്യമാല മുട്ടസ്സു നമ്പൂതിരി

മുട്ടസ്സു നമ്പൂതിരി


ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
മുട്ടസ്സു നമ്പൂതിരി

വികടസരസ്വതിയുടെ നടനരംഗമായ നാവിനാൽ അത്യന്തം കീർത്തിമാനായിരുന്ന ഈ ബ്രാഹ്മണന്റെ ഇല്ലം തിരുവിതാംകൂറിൽ പ്രസിദ്ധമായിട്ടുള്ള വൈക്കത്തു ക്ഷേത്രത്തിനു സമീപത്താകുന്നു. എന്നുമാത്രമല്ല, വൈക്കത്തു ക്ഷേത്രത്തിലെ സദ്യകളുടെ ദേഹണ്ഡങ്ങൾക്കുള്ള ഭാരവാഹിത്വവും ഇദ്ദേഹത്തിന്റെ ഇല്ലത്തേക്കു കാരാൺമയായിട്ടുള്ളതുമാണ്. ഇപ്പോഴും വലിയ മടപ്പള്ളിയിൽ അടുപ്പിൽ തീയിടുന്നതിനു മൂട്ടസ്സുനമ്പൂരി വന്നല്ലാതെ പാടില്ലെന്നാണ് വെച്ചിരിക്കുന്നത്. ഈ തറവാട്ടിൽ ഉദ്ദേശം അമ്പതുകൊല്ലം മുമ്പുവരെ ജീവിച്ചിരുന്ന ഒരു നമ്പൂരിയെക്കുറിചാണ് ഇവിടെ കുറഞ്ഞൊന്നു പറയാൻ പോകുന്നത്.
പ്രസിദ്ധനായ ഈ മുട്ടസ്സുനമ്പൂരിക്ക് അനന്യസാധാരണമായ ഒരു വാഗ്വിലാസം സംഭവിക്കാനുണ്ടായ കാരണത്തെത്തന്നെ ആദ്യമായി പറയാം. ഇദ്ദേഹം സമാവർത്തനം കഴിഞ്ഞ് ഉണ്ണിനമ്പൂരിയായി താമസിക്കുന്ന കാലത്ത് മൂകാംബികയിൽ പോയി ഒരു മണ്ഡലഭജനം കഴിക്കയുണ്ടായി. അക്കാലത്ത് അവിടുത്തെ ദിവ്യമായിരിക്കുന്ന ത്രിമധുരം സേവിക്കാൻ സംഗതിയായതിനാലാണ് ഇദ്ദേഹത്തിന് ഈ മാഹാത്മ്യം സിദ്ധിച്ചത്. മൂകാംബികയിലെ ദിവ്യമായിരിക്കുന്ന ആ ത്രിമധുരം മലയാളികൾക്ക് അസുലഭമാണെന്ന് പ്രസിദ്ധമാണല്ലോ. ആ ത്രിമധുരത്തിനുള്ള മാഹാത്മ്യമെന്താണെന്നുകൂടി പറയാം.
മൂകാംബികയിൽ പതിവായി അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കാറാവുമ്പോൾ ശർക്കര, കദളിപ്പഴം, തേൻ ഇങ്ങനെയുള്ള മധുരദ്രവ്യങ്ങൾ ഒരു പാത്രത്തിലാക്കി ബിംബത്തിന്റെ മുൻഭാഗത്തു വച്ചിട്ടാണ് നടയടയ്ക്കുന്നത്. ദിവസംതോറും രാത്രികാലങ്ങളിൽ ദേവന്മാർ അവിടെ വന്ന് ദേവിയെ പൂജിക്ക പതിവുള്ളതിനാൽ ആ ത്രിമധുരനേദ്യം കഴിക്കുന്നതും ദേവന്മാർതന്നെയാണ് പതിവ്. അതിനാലാണ് ആ ത്രിമധുരത്തിന് അസാധാരണമായ ദിവ്യത്വമുള്ളത്. അതു സേവിക്കുന്ന മലയാളികൾക്ക് അന്യാദൃശമായ വണീവിലാസമുണ്ടാകുമെന്നുള്ളതു കൊണ്ട് പരദേശികൾ ഇവരോടുള്ള അസൂയ നിമിത്തം ആർക്കും കൊടുക്കാതെ അത് അവിടെ ഒരു അഗാധമായ കിണറ്റിൽ ഇട്ടുകളയുകയാണ് പതിവ്. ദിവസംതോറും രാവില നട തുറക്കുമ്പോൾ, തലേന്നാൾ രാത്രിയിൽ ദേവന്മാരാൽ ആരാധിക്കപ്പെട്ട പാരിജാതാദി ദിവ്യപു‌ഷ്പങ്ങൾ കാണപ്പെടുന്നതിനാൽ, അവിടെ തലേ ദിവസം ശാന്തികഴിച്ച ആൾക്കു പിറ്റേ ദിവസം ശാന്തി കഴിക്കാൻ പാടില്ലെന്ന് ഒരേർപ്പാടുണ്ട്. എന്നു മാത്രമല്ല "അകത്തു കണ്ടത് പുറത്തു പറയുകയില്ല" എന്ന് ഒരു സത്യവും ചെയ്യിപ്പിച്ചിട്ടാണ് ദിവസംതോറും ശാന്തിക്കാരെ അകത്തേക്ക് കടത്തിവിടുന്നത്.
നമ്പൂരി അവിടെ എത്തി കുറച്ചു ദിവസം ഭജനം കഴിഞ്ഞപ്പോഴേക്കും അവിടത്തെ പതിവുകളെല്ലാം മനസ്സിലായി. ഏതു വിധവും ഈ ത്രിമധുരം സേവിക്കണമെന്നു നിശ്ചയിച്ച് അതിനു തരംനോക്കിക്കൊണ്ട് താമസിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പതിവുപോലെ പ്രഭാതമായപ്പോഴേക്കും നമ്പൂരി കുളി കഴിച്ചു മണ്ഡപത്തിൽ എത്തി. കണ്ണുമടച്ചിരുന്നു ജപം തുടങ്ങി. അപ്പോൾ ശാന്തിക്കാരൻ വന്നു നട തുറന്നു. തലേദിവസത്തെ പൂവും മാലയും ത്രിമധുരവും എല്ലാം എടുത്തു കിണറ്റിൽ കൊണ്ടുപോയി ഇടുന്നതിന് ഒരു കുടം വെള്ളം കോരിക്കൊണ്ടുവന്നിട്ടാവാമെന്നു വിചാരിച്ച് അദ്ദേഹം കിണറ്റുപുരയിലേക്കു പോയി. ആ തരത്തിനു നമ്പൂരി ശ്രീകോവിലിനകത്തേക്കു കടന്നു കുറേ ത്രിമധുരമെടുത്തു വായിലാക്കി. അപ്പോഴേക്കും ശാന്തിക്കാരൻ ഓടിവന്നു നമ്പൂരിയുടെ കഴുത്തിൽ പിടിയുംകൂടി. പിന്നെ രണ്ടുപേരുംകൂടെ അവിടെവച്ചു യഥാശക്തി ഒരു ദ്വന്ദ്വയുദ്ധമുണ്ടായി. എങ്കിലും നമ്പൂരി ഒരുവിധത്തിൽ വായിലാക്കിയേടത്തോളം ത്രിമധുരം വയറ്റിലുമാക്കി. ശാന്തിക്കാരൻ വിളിച്ചുനിലവിളിച്ചു. സംഖ്യയില്ലാത്ത ആളുകളും കൂടി. എലാവരുകൂടി നമ്പൂരിയെ പിടിച്ചു പ്രഹരിചുതുടങ്ങി. ആകപ്പാടെ നമ്പൂരി കുഴങ്ങി. മലയാളിയായിട്ടു താനൊരുത്തനല്ലാതെ ആരുമില്ല. എല്ലാം പരദേശികൾ. ഒരു പരിചയമില്ലാത്ത ദിക്കും. ഈശ്വരാ എന്തുവേണ്ടൂ? എന്നിങ്ങനെ വിചാരിച്ചു വി‌ഷാദിക്കുമ്പോൾ ദേവിയുടെ അനുഗ്രഹത്താൽ അദ്ദേഹത്തിന് ഒരുപായം തോന്നി. ശ്വാസമെല്ലാം അടകിപ്പിടിച്ച് കണ്ണുമിഴിച്ച് ചത്തതുപോലെ കിടന്നു. അപ്പോഴേക്കും എല്ലാവർക്കും ഭയമായി. വേഗമെടുത്ത് അമ്പലത്തിനു പുറത്തു കൊണ്ടുപോയി. എന്നിട്ടും ശ്വാസമില്ലാതെയിരിക്കുന്നതു കണ്ട് ചത്തു എന്നു തീർച്ചപ്പെടുത്തി എല്ലാവരുംകൂടെ എടുത്ത് ഒരു വലിയ വനാന്തരത്തിൽ കൊണ്ടുപോയി ഇട്ടുംവച്ചു പോരികയും ചെയ്തു. ആളുകളൊക്കെ പോയെന്നു കണ്ടപ്പോൾ നമ്പൂരി പതുക്കെ എണീറ്റ്, തല്ലും ഇടിയുംകൊണ്ട് എല്ലെല്ലാം തകർന്നിരുന്നു എങ്കിലും പ്രാണഭീതിയോടുകൂടി അവിടെ നിന്നും ഓടിപ്പോരികയും ചെയ്തു. ഏതാനും ദിവസങ്ങൾകൊണ്ട് ഇല്ലത്തു വന്നുചേർന്നു. പിന്നെ ചില ചികിത്സകളും മറ്റും ചെയ്തു ദേഹസുഖം നല്ലപോലെ ഉണ്ടായതിനുശേശമാണ് ഓരോ ദിവ്യത്വങ്ങൾ തുടങ്ങിയത്. എന്നാൽ ഇദ്ദേഹത്തിന്റെ മന്നത്തങ്ങൾ മിക്കവാറും അസഭ്യങ്ങളാകയാൽ അങ്ങനെയല്ലാത്ത ചില സംഗതികൾ മാത്രമേ ഇവിടെ പറയാൻ നിവൃത്തിയുള്ളൂ.
ഒരിക്കൽ ഈ നമ്പൂരി ഒരു ദിക്കിൽ ചെന്നപ്പോൾ അവിടെ ഒരു ശാസ്ത്രി ചില കുട്ടികളെ കാവ്യങ്ങൾ വായിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശാസ്ത്രികളുടെ പഠിപ്പിക്കലും കുട്ടികളുടെ പഠിക്കലും ഒക്കെ കണ്ടും കേട്ടുംകൊണ്ടു നമ്പൂരി കുറച്ചു സമയം അവിടെ ഇരുന്നു. അപ്പോൾ ശാസ്ത്രികൾ മൂത്രശങ്കയ്ക്കായി കുളക്കടവിലേക്കു പോയി. ആ സമയം രഘുവംശം പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയ്ക്ക് ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നാതെ വന്നതിനാൽ മിണ്ടാതെയിരിക്കുന്നതു കണ്ടിട്ട് "എന്താ മിണ്ടാതെ ഇരിക്കുനന്ത്?" എന്നു നമ്പൂരി ചോദിച്ചു.
കുട്ടി: ഒരു പദത്തിന്റെ പരിഭാ‌ഷ തോന്നിയില്ല.
നമ്പൂരി: ഏതു പദത്തിന്റെയാണ്?
കുട്ടി: കരി എന്നുള്ളതിന്റെയാണ്.
നമ്പൂരി: അത് ഞാൻപറഞ്ഞുതരാം. കരിക്കട്ടെ എന്നു ചൊല്ലിയാൽ മതി.
മാഘം പഠിച്ചുകൊണ്ടിരുന്ന വേറൊരു കുട്ടി:അച്ഛസ്ഫടികാക്ഷമാല എന്നുള്ളതിന്റെ പരിഭാ‌ഷ എനിക്കും തോന്നുന്നില്ല.
നമ്പൂരി: അച്ഛസ്ഫടികാക്ഷമാല, അച്ഛന്റെ സ്ഫടികാക്ഷമാല.
അച്ഛൻ അമ്മേടെ നായര്. സ്ഫടികാക്ഷമാല എന്താണെന്ന് എനിക്കും നല്ല നിശ്ചയമില്ല. അതു ശാസ്ത്രികളോട് ചോദിക്കണം. നമ്പൂരി യാതൊരു സംശയവും കൂടാതെ ഇങ്ങനെ പറഞ്ഞതിനെ വിശ്വസിച്ചു കുട്ടികൾ അങ്ങനെ തന്നെ ഉരുവിട്ടും തുടങ്ങി. അപ്പോഴേക്കും ശാസ്ത്രികളും തിരിച്ചുവന്നു. ഉടനെ കുട്ടികൾ ഈ അബദ്ധം പറയുന്നതു കേട്ട് അദ്ദേഹം ദേ‌ഷ്യപ്പെട്ടപ്പോൾ നമ്പൂരി ചൊലിക്കൊടുത്തതാണെന്ന് കുട്ടികൾ പറയുകയാൽ പിന്നെ ശാസ്ത്രികളും നമ്പൂരിയും തമ്മിലായി വാദം.
ശാസ്ത്രികൾ: ഇതെന്താ നമ്പൂരി! കുട്ടികൾക്കിങ്ങനെ അബദ്ധം പറഞ്ഞുകൊടുത്തത്?
നമ്പൂരി: തനിക്കൊന്നും അറിഞ്ഞുകൂടാഞ്ഞിട്ടാണ് ഇത് അബദ്ധമെന്നു തോന്നുന്നത്. വലിയ ശാസ്ത്രികളാണെന്നും പറഞ്ഞ് ആശാനായിട്ടു ഞെളിഞ്ഞിരുന്നാൽ പോരാ. വല്ലതും കുറച്ചെങ്കിലും പഠിച്ചിട്ടുവേണം മറ്റൊരാളെ പഠിപ്പിക്കാൻ പുറപ്പെടാൻ. അല്ലാഞ്ഞാൽ അറിവുള്ളവർ പറയുന്നതെല്ലാം അബദ്ധമാണെന്നു തോന്നും.
ശാസ്ത്രികൾ: ആഹാ! അപ്പോൾ എന്നേക്കാൾ വ്യുത്പത്തി നമ്പൂരിക്കുണ്ടെന്നാണോ ഭാവം?
നമ്പൂരി: എന്താ അത്ര സംശയം? ഞാനൊരു ചോദ്യം ചോദിച്ചാൽ താൻ നക്ഷത്രം നോക്കിപ്പോകുമല്ലോ.
ശാസ്ത്രികൾ: എന്നാലാകട്ടെ, എന്തെങ്കിലും ചോദിച്ചോളണം.
നമ്പൂരി: താൻ അമരേശം പഠിച്ചിട്ടുണ്ടോ?
ശാസ്ത്രികൾ" ഉണ്ട്. അതിനെന്തുവേണം?
നമ്പൂരി: അതിൽത്തന്നെ ഞാനൊന്നു ചോദിക്കാം. "ഇന്ദിരാ ലോകമാതാ മാ" എന്നും "ഭാർഗവീ ലോകജനനീ" എന്നും ഉള്ളേടത്തു "ലോകമാതാ" എന്നും "ലോകജനനീ" എന്നും രണ്ടും കൂടി പ്രയോഗിച്ചിരിക്കുന്നത് എന്തിനായിട്ടാണ്? അവയിൽ ഏതെങ്കിലും ഒന്നായാലും മതിയാകുന്നതല്ലേ?
ശാസ്ത്രികൾ: ഒന്നായാലും മതിയായിരുന്നു.
നമ്പൂരി: ഇതാണ് തനിക്കൊന്നും അറിഞ്ഞുകൂടെന്നു ഞാൻ പറയുന്നത്. ഏറ്റവും ചുരുക്കമായി ഉണ്ടാക്കിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ അതിഗംഭീരനായിരിക്കുന്ന തത്കർത്താവ് വെറുതെ ഇങ്ങനെയൊരു പദം പ്രയോഗിക്കില്ല.
ശാസ്ത്രികൾ: എന്നാൽ ഇതിന്റെ പ്രയോജനമെന്താണെന്ന് നമ്പൂരി പറയണം.
നമ്പൂരി: (മേല്പട്ടും കീഴ്പട്ടും ചൂണ്ടിക്കാണിച്ചുകൊണ്ട്) "ആ ലോകമാതാ എന്നും ഈ ലോകജനനീ എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മഹാലക്ഷ്മി ഒരു ലോകത്തിന്റെ മാത്രമല്ല, പരലോകത്തിലെ മാതാവും ഇഹലോകത്തിലെ ജനനിയുമാണെന്നാണ് അതിന്റെ അർഥം. ഒന്നു മാത്രം പറഞ്ഞാൽ ഒരു ലോകത്തിലേക്കല്ലാതെ ആകുമോ? എടോ ഇതൊക്കെ വല്ലതും പഠിചെങ്കിലേ മനസ്സിലാകൂ" എന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു.
പിന്നെയൊരിക്കൽ ഒരു ദിവസം വൈകുന്നേരം ഇദ്ദേഹം അമ്പലപ്പുഴെ എത്തിച്ചേർന്നു. കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച് അമ്പലത്തിൽ എത്തി. അന്നു വാവോ മറ്റോ ആയിരുന്നതിനാൽ അത്താഴമില്ലാത്ത ഒരു ദിവസമായിരുന്നു. ഉപായത്തിൽ പലഹാരം വല്ലതും കഴിക്കണം എന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ അത്താഴപൂജ കഴിഞ്ഞു ശാന്തിക്കാരൻ നേദ്യം കഴിച്ച അപ്പവുമെടുത്തുംകൊണ്ട് തിടപ്പള്ളിയിലേക്കു പോകുന്നതുകണ്ടു. അവിടെ ബ്രഹ്മസ്വമായിട്ടു പതിവുള്ള അപ്പം വഴിപോക്കർക്കു കൊടുക്കാതെ ശാന്തിക്കാരുതന്നെ അപഹരിക്കയാണു പതിവ്. അഥവാ കൊടുത്താലും ഒന്നോ ഒരു മുറിയോ അല്ലാതെ കൊടുക്കുകയില്ല. ഈ പതിവുകൾ മുട്ടസ്സുനമ്പൂരി മുമ്പേതന്നെ അറിഞ്ഞിരുന്നതുകൊണ്ട് അപ്പവുംകൊണ്ട് പോയ ശാന്തിക്കാരന്റെ പിന്നാലെ അദ്ദേഹവും തിടപ്പള്ളിയിലെത്തി.
നമ്പൂരി: എടോ ശാന്തിക്കാരൻ! ഇവിടത്തെ അപ്പം ഒരാൾ തിന്നുകയാണെങ്കിൽ എത്രയെണ്ണം തിന്നും?
ശാന്തിക്കാരൻ: ഞെരുങ്ങിയാൽ ഒരിരുപതെണ്ണം തിന്നുമായിരിക്കാം.
നമ്പൂരി: ഐഃ അതൊന്നുമല്ല. നൂറെണ്ണത്തിനു സംശയമില്ല. എന്നെപ്പോലെയുള്ളവരാണെങ്കിൽ ഒരുസമയം ഇരുനൂറെണ്ണം തട്ടിയെന്നും വരാം.
ശാന്തിക്കാരൻ: ഐഃ ഒരു കാലത്തുമില്ല. അത്ര മിടുക്കന്മാരിപ്പോൾ ഭൂമിയിൽ ജനിച്ചിട്ടില്ല. എത്ര പെരുവയറനായാലും മുപ്പതെണ്ണത്തിൽ അധികം തിന്നുകയില്ല നിശ്ചയം തന്നെ.
നമ്പൂരി: അതൊന്നുമല്ലെടോ. ഇരുനൂറെണ്ണം ഈ പറയുന്ന ഞാൻതന്നെ തിന്നു കാണിച്ചുതരാം. യാതൊരു സംശയവുമില്ല.
ഇങ്ങനെ അവർ തമ്മിൽ ഇല്ലെന്നും ഉവ്വെന്നും വലിയ തർക്കമുണ്ടായി. ഒടുക്കം വാദം മുറുകി അയ്യഞ്ചു രൂപാ പന്തയവും പറഞ്ഞു. "എന്നാൽ ഇപ്പോൾത്തന്നെ അതറിയണം" എന്നു പറഞ്ഞ് ശാന്തിക്കാരൻ ഇരുനൂറപ്പം ഒരുരുളിയിലാക്കി നമ്പൂരിയുടെ മുമ്പിൽ വെച്ചുകൊടുത്തു. നമ്പൂരി അവിടെയിരുന്നു പതുക്കെ തിന്നാനും തുടങ്ങി. പത്തോ പതിനഞ്ചോ അപ്പം തിന്നപ്പോഴേക്കും നമ്പൂരിക്കും വയറു നിറഞ്ഞു തൃപ്തിയായി, അപ്പോൾ നമ്പൂരി "എടോ ശാന്തിക്കാരാ! താനിത്ര മിടുക്കനാണെന്നു ഞാൻവിചാരിച്ചിരുന്നില്ല. ഞാൻതന്നെ വിഡ്ടന്മി. എന്റെ വയറിനെക്കുറിച്ച് എന്നെക്കാൾ നിശ്ചയം തനിക്കാണല്ലോ. ഇതാ എനിക്കിപ്പോൾ വയറു നിറഞ്ഞുകഴിഞ്ഞു. ഇനി ഒരപ്പംപോലും തിന്നാൻ പ്രയാസമാണ്".
ശാന്തിക്കാരൻ:എന്നാൽ രൂപ തരൂ. ഞാൻ മുമ്പെതന്നെ പറഞ്ഞില്ലേ?
നമ്പൂരി: "എടോ ബ്രഹ്മസ്വംവക അപ്പം ദിവസംതോറും താൻ തിന്നുന്നതിന്റെ വില വഴിപോക്കനായ എനിക്കു താൻ കണക്കുതീർത്തു തരികയാണ് വേണ്ടത്. അതിൽനിന്ന് തന്റെ അഞ്ചു രൂപ എടുത്തുംകൊണ്ടു ശേ‌ഷം ഇങ്ങോട്ടു തന്നേക്കു" എന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തു.
പിന്നെയൊരിക്കൽ ഇദ്ദേഹം വേറെ ഒരു ദിക്കിൽ ഒരമ്പലത്തിൽ ചെന്നു. അതു രാവിലെയായിരുന്നു. ആ ക്ഷേത്രം സർക്കാർ വകയാണെങ്കിലും അവിടത്തെ സകലാധികാരവും അവിടത്തെ വാര്യർക്കായിരുന്നു. വാര്യര് വലിയ ധനവാനും ഏറ്റവും ഗർവി‌ഷ്ഠനും ആയിരുന്നു. നമ്പൂരി കുളിക്കാനായി കുളക്കടവിൽ വന്നപ്പോൾ വാര്യരു മുണ്ടുടുക്കാതെ ഇരുന്ന് എണ്ണ തേക്കാൻ ഭാവിക്കയാണ്. നമ്പൂരിയെ കണ്ടിട്ട് യാതൊരാചാരവും ഭാവിച്ചില്ല. ആ ദേശത്തേക്ക് വാര്യര് ഒരു പ്രധാനനും ക്ഷേത്രാധികാരിയും ആയിരുന്നതുകൊണ്ട് അങ്ങനെയാണ് പതിവ്. നമ്പൂരിക്ക് അതൊക്കെ അറിവുണ്ടായിരുന്നതിനാൽ അദ്ദേഹവും അടുക്കൽ ചെന്നിരുന്നു. "തേച്ചുകുളി നമുക്കു പങ്കായിട്ടായിക്കളയാം. ഞാനും തേച്ചുകുളിച്ചിട്ടു വളരെ ദിവസമായി" എന്നും പറഞ്ഞു നമ്പൂരിയും എണ്ണയെടുത്തു തേച്ചുതുടങ്ങി. വാര്യർക്കു കേമമായി ദേ‌ഷ്യം വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. നമ്പൂരി വേഗം എണ്ണയും തേച്ചു കുറെ ഇഞ്ചയും താളിയും ഇങ്ങോട്ടെടുത്തു ക്ഷണത്തിൽ തേച്ചുകുളിയും കഴിച്ച് അമ്പലത്തിലെത്തി. അപ്പോഴേക്കും ഉച്ചപ്പൂജയും കഴിയാറായി. തേവാരമെല്ലാം കഴിഞ്ഞപ്പോഴേക്കും നമസ്കാരം കാലമായി എന്നു ശാന്തിക്കാരൻ വന്നു പറഞ്ഞു. ഉടനെ നമ്പൂരി പോയി ഉണ്ണാനിരുന്നു. അവിടെ ഉച്ചപ്പൂജയ്ക്കു സർക്കാർ വകയായി ഒരു പാല്പായസം പതിവുണ്ട്. അത് വഴിപോക്കരായി വരുന്ന ബ്രാഹ്മണർക്ക് ബ്രഹ്മസ്വമായി നമസ്കാരത്തിനു വിളമ്പണമെന്നാണ് ഏർപ്പാടുള്ളത്. എങ്കിലും ദിവസംതോറും വാര്യരു കൊണ്ടുപോയി സാപ്പാടു കഴിക്കയാണ് പതിവ്. അതും മുട്ടസ്സു നമ്പൂരി അറിഞ്ഞിരുന്നതിനാൽ ഊണു പകുതിയായപ്പോൾ പാല്പായസം വിളമ്പാൻ ശാന്തിക്കാരനോട് പറഞ്ഞു. വാര്യരു പറഞ്ഞല്ലാതെ പാല്പായസം തരാൻ പാടില്ലെന്നു ശാന്തിക്കാരൻ പറഞ്ഞപ്പോൾ "വാര്യരു പറഞ്ഞിട്ടുതന്നെയാണ്. ഭയപ്പെടേണ്ടാ. വിളമ്പിക്കോളൂ" എന്നു നമ്പൂരി പറഞ്ഞു. ശാന്തിക്കാരൻ പാല്പായസം വിളമ്പിക്കൊടുത്തു. നമ്പൂരി മൂക്കുമുട്ടെ സാപ്പാടും കഴിച്ചു വെലിക്കൽപ്പുരയിൽ പോയി കിടപ്പുമായി.
വാര്യർ കുളിയും ജപവും എല്ലാം കഴിഞ്ഞ് ഉണ്ണാൻ ചെന്നിരുന്നു. ഊണു പകുതിയായപ്പോൾ പതിവുപോലെ പാല്പായസം വിളമ്പാൻ പറഞ്ഞു. അപ്പോൾ വിളമ്പിക്കൊണ്ടു നിന്ന സ്ത്രീ "പാല്പായസം ആ വഴിപോക്കൻ നമ്പൂരിക്ക് കൊടുത്തു എന്നു ശാന്തിക്കാരൻ പറഞ്ഞു" എന്നു പറഞ്ഞു.
വാര്യർ: അതുവ്വോ? ആരു പറഞ്ഞിട്ടാണ് കൊടുത്തത്?
സ്ത്രീ: അമ്മാവൻ പറഞ്ഞു എന്ന് ആ നമ്പൂരി പറഞ്ഞിട്ടാണ് കൊടുത്തതെന്നു ശാന്തിക്കാരൻ പറഞ്ഞു.
വാര്യർ: ആഹാ! ദ്രോഹി വ്യാജം പറഞ്ഞു പറ്റിക്കയാണല്ലേ ചെയ്തത്? എന്നാൽ അയാളോടൊന്നു ചോദിച്ചിട്ടുതന്നെ വേണം വിടാൻ. എന്നിട്ടേ ഇനി ഊണു ഭാവമുള്ളൂ .
എന്നു പറഞ്ഞ് വാര്യര് എച്ചിക്കയും മടക്കിപ്പിടിച്ചുംകൊണ്ട് ദേ‌ഷ്യപ്പെട്ടെണീറ്റു വെലിക്കൽപ്പുരയുടെ വാതിൽക്കൽ ചെന്ന് "പാല്പായസം മേടുച്ചുണ്ടോളാൻ ഞാൻനമ്പൂരിയോടു പറഞ്ഞുവോ?
നമ്പൂരി: ഹാ, കൊശവാ! നീയെന്തു വാര്യരാണ്? നിനക്കുണ്ടോ അഷ്ടാംഗഹൃദയം? ഏഭ്യാ! മോനിപ്പള്ളി ശങ്കുവാര്യരു മഹായോഗ്യൻ, നല്ല
അഷ്ടാംഗഹൃദയക്കാരൻ. അയാളാണു തേച്ചുകുളിച്ചാൽ പാല്പായസമുണ്ണണമെന്നു പറഞ്ഞിരിക്കുന്നത്. അല്ലാതെ നീ പറഞ്ഞാൽ ആരു കേൾക്കും? ഞാൻനിന്റെ വാലിയക്കാരനോ?
എപ്രകാരം യാതൊരു തടസ്സവും കൂടാതെ നമ്പൂരിയുടെ ശകാരം കേട്ടപ്പോൾ വാര്യരു വല്ലാതെ അന്ധനായിത്തീർന്നു. അതിനുമുമ്പ് ഒരിക്കൽപ്പോലും ആരും ഇങ്ങനെ തന്നെ പറഞ്ഞിട്ടില്ലാത്തതിനാൽ ഇത് ഏറ്റവും ദുസ്സഹമായി ഭവിക്കയാൽ ഇനിയും നമ്പൂരി വല്ലതും പറയുന്നതിനും വല്ലവരും വന്നു കേൾക്കുന്നതിനും ഇടയാകേണ്ടെന്നു വിചാരിച്ച് അത്യന്തം ലജ്ജയോടൂകൂടി അഭിമാനനിധിയായ വാര്യർ ക്ഷണത്തിൽ വാര്യത്തേക്കുതന്നെ മടങ്ങിപ്പോയി. നമ്പൂരിയുടെ വഴിക്ക് നമ്പൂരിയും പോയി.
പിന്നെ ഒരിക്കൽ ആ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ ഉത്സവമായിരുന്നു. എന്തോ കാരണവശാൽ അവിടെ കൂത്തിനു വന്നിരുന്ന നമ്പ്യാരുമായി മു‌ഷിയുന്നതിനിടയായി. അതിനാൽ നമ്പ്യാരെ ഒന്നു പറ്റിക്കണമെന്നു നിശ്ചയിച്ചു. അവിടെ ഉത്സവം നടത്തിക്കൊണ്ടിരുന്ന തഹശീൽദാർ ക്ഷേത്രമര്യാദകൾ ഒന്നും നിശ്ചയമില്ലാതെയും ക്ഷേത്രത്തിന്റെ മതിൽക്കകത്തുപോലും കടക്കാൻ പാടില്ലാതെയും ഉള്ള ഒരു സാധു മനു‌ഷ്യനായിരുന്നു. നമ്പൂരി ആ തഹശീൽദാരുടെ അടുക്കൽ സേവയ്ക്കടുത്തുകൂടി ഒന്നാംതരത്തിൽ ഉണ്ടയില്ലാത്ത ഒരു വെടി പറഞ്ഞുപിടിപ്പിച്ചു.എങ്ങനെയെന്നാൽ, "ഇവിടെ ഉത്സവക്കാലത്ത് വിളക്കിന്റെ ഇടയ്ക്കുള്ള പ്രദക്ഷിണത്തിനു മുമ്പൊക്കെ നമ്പ്യാർ മിഴാവുവാദ്യം കൂടെ എടുത്തു സേവിക്ക പതിവുണ്ടായിരുന്നു. ഇക്കൊല്ലം അതും കാണാനില്ല. ക്ഷേത്രങ്ങളിൽ ഈ വാദ്യം വളരെ മുഖ്യമായിട്ടുള്ളതാണ്. യജമാനന് ഇതിന്റെ നിശ്ചയമില്ലായിരിക്കുമെന്നു വിചാരിച്ചു നമ്പ്യാർ ഇതു കബളിപ്പിക്കുകയാണു ചെയ്യുന്നത്. അതിനാൽ അതു കൂടെ നടത്താനായി ചട്ടംകെട്ടാത്ത പക്ഷം യജമാനനു വളരെ കുറചിലാണ്.
ഇപ്രകാരം നമ്പൂരിയുടെ വ്യാജവചനത്തെക്കേട്ടു വിശ്വസിച്ച് സാധുവായ തഹശീൽദാർ പാവപ്പെട്ട നമ്പ്യാരെക്കൊണ്ട് മഹാമേരുവിനെ പ്പോലെയിരിക്കുന്ന മിഴാവ് ഒരു ദിവസം കെട്ടിയെടുപ്പിച്ചുവത്ര. പിറ്റേദിവസമായപ്പോഴേക്കും നമ്പ്യാർ നമ്പൂരിയെ ശരണം പ്രാപിച്ചു. പിന്നെ അദ്ദേഹംതന്നെ തഹശീൽദാരുടെ അടുക്കൽ പറഞ്ഞു നമ്പ്യാരുടെ ഈ ഗ്രഹപ്പിഴ ഒഴിച്ചുവിടുകയും ചെയ്തു.
പിന്നെയൊരിക്കൽ മുട്ടസ്സുനമ്പൂരി വഴിയാത്രയിൽ ഒരു ലുബ്ധനായ നമ്പൂരിയുടെ ഇല്ലത്ത് ഊണു കഴിക്കാനായി കേറി. അവിടത്തെ നമ്പൂരി വഴിപോക്കർക്കു പച്ചവെള്ളംപോലും കൊടുക്കാത്ത കശ്മലനാണെന്ന് മുട്ടസ്സുനമ്പൂരി അറിഞ്ഞിരുന്നതിനാൽ അവിടെയും അദ്ദേഹം ഒരു ഉപായമാണ് ഉപയോഗിച്ചത്. മുട്ടസ്സുനമ്പൂരി മുറ്റത്തു ചെന്നുനിന്ന് ഒന്നു ചുമച്ചപ്പോൾ അകത്തു തേവാരം കഴിച്ചുകൊണ്ടിരുന്ന ഗൃഹസ്ഥൻ നമ്പൂരി ദുർമുഖവും കാണിച്ചുകൊണ്ട് പതുക്കെ പുറത്തുവന്ന് "എന്തിനാ വന്നത്" എന്നു ചോദിച്ചു.
മുട്ടസ്സുനമ്പൂരി: ഞാൻകുറച്ചു ദൂരെ ഒരു സ്ഥലത്തു പോയി വരികയാണ്. നമ്മുടെ അമ്മയുടെ ശ്രാദ്ധം ഇന്നാണ്. നിവൃത്തിയുണ്ടെങ്കിൽ അതു മുട്ടിക്കാതെ ഇവിടെക്കഴിച്ചു പോയാൽക്കൊള്ളാമെന്നുണ്ട്. പണം എത്രവേണമെങ്കിലും ചെലവു ചെയ്യാൻ തയ്യാറാണ്. അങ്ങ് കൃപയുണ്ടായി അതു കഴിപ്പിച്ചയയ്ക്കണം. ശ്രാദ്ധവും മൂസ്സുതന്നെ വേണമെന്നാണ് എന്റെ ആഗ്രഹം.ഇതുകേട്ടപ്പോൾ ദക്ഷിണയായിട്ടും സാമാനവിലയായിട്ടും പണം കുറെ തട്ടിയെടുക്കാമെന്നു വിചാരിച്ച് "എന്നാൽ ചതുർവിധമായിട്ടുതന്നെ വേണോ?" എന്നു ഗൃഹസ്ഥൻ ചോദിച്ചു.
മുട്ടസ്സുനമ്പൂരി: അമ്മയുടെ ശ്രാദ്ധം അങ്ങനെയല്ലാതെ ഉണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനെതന്നെ ആയാൽകൊള്ളാമെന്നാണ് ആഗ്രഹം. പണം എത്ര വേണമെങ്കിലും ഉണ്ട്.
ഗൃഹസ്ഥൻ: എന്നാൽ വേണ്ടതുപോലെ ഒക്കെ ആവാം.
മുട്ടസ്സുനമ്പൂരി: എന്നാൽ അങ്ങ് തേച്ചുകുളിക്കണം. എണ്ണയുടെ വിലകൂടി എന്താണെന്നുവച്ചാൽ തന്നേക്കാം.
ഉടനെ ഗൃഹസ്ഥൻ അങ്ങനെ ആവാമെന്നു സമ്മതിച്ചു. പിന്നെ അകത്തുപോയി വേണ്ടതെല്ലാം ക്ഷണത്തിൽ വെച്ചുണ്ടാക്കുനന്തിനു ചട്ടംകെട്ടി എണ്ണയുമെടുത്തു
രണ്ടുപേരുംകൂടി കുളിക്കാൻപോയി. മുട്ടസ്സുനമ്പൂരി ക്ഷണത്തിൽ കുളി കഴിച്ചു. "എന്നാൽ ഞാൻപോയി എല്ലാം വട്ടം കൂട്ടട്ടെ. അങ്ങ് കുളി കഴിഞ്ഞ് വേഗത്തിൽ വന്നേക്കൂ" എന്നും പറഞ്ഞ് ഇല്ലത്തെത്തി. അപ്പോഴേക്കും അന്തർജനം വെലിക്കു വേണ്ടതെല്ലാം വെച്ചുണ്ടാക്കി, നാലുകെട്ടിൽ കൊണ്ടുവന്നുവച്ചു വാതിലും ചാരി അടുകളയിലേക്കു പോയി. "ഇനി അകത്തേക്കു കടക്കാമെന്നു പറഞ്ഞേക്കടി" എന്നു പറഞ്ഞു. ഉടനെ മുട്ടസ്സുനമ്പൂരി അകത്തേക്കു കടന്നു നാലുകെട്ടിന്റെ പുറത്തേക്കുള്ള വാതിലെല്ലാമടച്ചു സാക്ഷായുമിട്ടു അവിടെ ഇരുന്ന് തന്നെത്താൻ വിളമ്പി വെടിപ്പായിട്ട് ഊണും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഗൃഹനാഥൻ നമ്പൂരി തേച്ചുകുളിയും കഴിഞ്ഞു വാതിൽക്കൽ വന്നു മുട്ടി വിളിക്കാൻ തുടങ്ങി. മുട്ടസ്സുനമ്പൂരി "ഇതാ ഞാൻ വരുന്നു. കുറച്ച് അവിടെ നിൽക്കണം. ഇതൊന്നു മുഴുവനായിക്കോട്ടെ" എന്നു പറഞ്ഞ് സാവധാനത്തിൽ ഊണു കഴിച്ചു. ഊണു കഴിഞ്ഞു കൈയും മടക്കിപ്പിടിച്ചുംകൊണ്ടുവന്ന് ഇടത്തെ കൈകൊണ്ട് വാതിൽ തുറന്നപ്പോൾ ഗൃഹസ്ഥൻനമ്പൂരി "അല്ലേ! തനിക്കു ശ്രാദ്ധമൂട്ടാനുണ്ടെന്നു പറഞ്ഞിട്ട് ഇങ്ങനെയാണോ? എന്നു ചോദിച്ചു.
മുട്ടസ്സുനമ്പൂരി: എന്റെ മൂസ്സ് ദേ‌ഷ്യപ്പെടരുത്. അന്ധാളിത്തംകൊണ്ട് എനിക്ക് അല്പം തെറ്റിപ്പോയി. ഇവിടെ വന്നപ്പോഴാണ് ഓർമയുണ്ടാകുന്നത്. ഇന്ന് അമ്മയുടെ ശ്രാദ്ധമല്ല എന്റെ പിറന്നാളാണ്. അതുകൊണ്ട് തരക്കേടൊന്നുമുണ്ടായില്ല. അടപ്രഥമൻ ധാരാളം. ദേഹണ്ഡമെലാം അതിശയായി." ഇതുകേട്ടപ്പോൾ ഗൃഹസ്ഥൻനമ്പൂരി കോപാന്ധനായി കണ്ണും ചുവത്തിക്കൊണ്ട് എന്താണിതിനു മറുപടി പറയേണ്ടതെന്നു വിചാരിച്ചുംകൊണ്ട് നിൽക്കുമ്പോൾ മുട്ടസ്സുനമ്പൂരി കൈയും കഴുകി പടിക്കലിറങ്ങിപ്പോവുകയും ചെയ്തു.
ഇദ്ദേഹം ഒരിക്കൽ ആറാട്ടുപുഴെ പൂരം കാണാൻ പോവുകയുണ്ടായി. ആറാട്ടുപുഴെ പൂരത്തിനു പോകുന്നവർ തങ്ങൾക്കുള്ളവയെല്ലാം കഴിഞ്ഞ്, കിട്ടുന്നിടത്തോളം ഇരവലും വാങ്ങി സർവാഭരണഭൂ‌ഷിതന്മാരായിട്ടാണല്ലോ പോവുക പതിവ്. എന്നാൽ മുട്ടസ്സുനമ്പൂരി പോയത് അങ്ങനെയല്ല. അദ്ദേഹത്തിന്റെ തറവാട്ടുവകയായിട്ടുള്ള സകല വസ്തുക്കളുടെയും ആധാരപ്രമാണങ്ങൾ എലാം ഒരു പെട്ടിയിലാക്കിക്കെട്ടിയെടുത്തുംകൊണ്ടാണ്. പൂരസ്ഥലത്ത് കയറി ആധാരപ്പെട്ടിയും തലയിൽവച്ച് പൂരം ഒരാൽത്തറയ്യിൽ കണ്ടുകൊണ്ടു നിന്നു. അനന്യസാധാരണമായ ഈ പ്രവൃത്തിയുടെ ഉദ്ദേശ്യമെന്താണെന്ന് ചിലർ ചോദിച്ചപ്പോൾ "അവരവർക്കുള്ള ദ്രവ്യപു ഷ്ടി എത്രത്തോളമുണ്ടെന്നല്ലോ ഇവിടെ കാണിക്കേണ്ടത്? അല്ലെങ്കിൽ ഈ ആളുകളെല്ലാം ഇത്ര വളരെ സ്വർണം ചുമന്നുംകൊണ്ട് വന്നിരിക്കുന്നതെന്തിനാണ്? അതിനാൽ നമുക്കുള്ള സമ്പാദ്യങ്ങളുടെ ആധാരങ്ങൾ ഞാൻ കൊണ്ടുപോന്നതാണ്. ഞാൻ കുറച്ചു സമ്പാദിച്ചിട്ടുള്ളത് വസ്തുക്കളായിട്ടാണ്; സ്വർണമായിട്ടല്ല. പിന്നെ ഇങ്ങനെയല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു. എടുപ്പതിലധികം സ്വർണാഭരണങ്ങളുമണിഞ്ഞു വന്നിരുന്ന പല യോഗ്യന്മാരും ഇതു കേട്ടു സാമാന്യത്തിലധികം മധ്യമമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.
ഇദ്ദേഹം ആദ്യമായി തിരുവനന്തപുരത്തു പോയപ്പോൾ ഒരു ദിവസം പൊന്നുതമ്പുരാൻ തിരുമനസ്സിലെ കോവിലെഴുന്നള്ളത്തു സമയം മുണ്ടുകൊണ്ടു തല മൂടിക്കെട്ടി ശീവേലിപ്പുരയിലുള്ള ഒരു വലിയ കൽത്തൊട്ടിയിലിറങ്ങി മുഖം മാത്രം പുറത്തേക്കു കാണിച്ചുകൊണ്ടിരുന്നു. ഒരിക്കൽ തിരുമനസ്സുകൊണ്ട് അങ്ങോട്ടു നോക്കിയപ്പോൾ ഈ മുഖം കണ്ടു "അതാരാണ് കൽത്തൊട്ടിയിലിറങ്ങിയിരിക്കുന്നത്, വിളിക്കട്ടെ" എന്നു കല്പിച്ചു. ഉടനെ ഹരിക്കാരൻ നമ്പൂരിയെ വിളിച്ചു തിരുമുമ്പാകെ കൊണ്ടുചെന്നു. "എന്തിനായിട്ടാണ് ഇതിൽ ഇറങ്ങിയിരുന്നത്?" എന്നു കല്പിചു ചോദിചു.
നമ്പൂരി: ഇവിടെ വന്നാൽ മുഖം കാണിക്കണമെന്ന് കേട്ടിട്ടുണ്ട്.
അതിലിറങ്ങിയിരിക്കാഞ്ഞാൽ മുഖം മാത്രമായിട്ടു കാണിക്കാൻ പ്രയാസമായിട്ടിറങ്ങിയതാണ്. നമ്പൂരിയുടെ ഈ ഫലിതം കേട്ടിട്ടു തിരുമനസ്സുകൊണ്ടു സന്തോ‌ഷിച്ചു സമ്മാനം കല്പിച്ചുകൊടുത്തതല്ലാതെ ഒട്ടും തിരുവുള്ളക്കേടുണ്ടായില്ല. ഇതെല്ലാം ഇദ്ദേഹം സേവിച്ച തിരുമധുരത്തിന്റെ മാഹാത്മ്യമാണ്. അദ്ദേഹം എന്തു പ്രവർത്തിച്ചാലും എന്തു പറഞ്ഞാലും അദ്ദേഹത്തോടു വിരോധം തോന്നുകയില്ല. അതു വെറുതെ വരുന്നതല്ലല്ലോ? അദ്ദേഹം ആണ്ടുതോറും തൃപ്പൂണീത്തുറ ഉത്സവത്തിനു പോകാറുണ്ടായിരുന്നു. ആട്ടം, ഓട്ടംതുള്ളൽ, ഞാണിന്മേൽക്കളി, വാളേറ്, ചെപ്പടിവിദ്യ, അമ്മാനാട്ടം, കുറത്തിയാട്ടം, ആണ്ടിയാട്ടം മുതലായി എല്ലാ കൂട്ടവും അദ്ദേഹവും ഓരോന്നു ചാർത്തിക്കയും പതിവാണ്. മറ്റു ചാർത്തുകാരെക്കൊണ്ട് അദ്ദേഹത്തിന്റെ പേർക്കുകൂടി ഓരോ പ്രാവശ്യം കളിപ്പിക്കും. ആ വകയ്ക്കുള്ള അരിക്കോപ്പുകൾ വാങ്ങി അവർക്കു കൊടുക്കും. പണം മുഴുവനും അദ്ദേഹം എടുക്കും. അങ്ങനെയാണ് പതിവ്. പാഠകം പറയുകയെന്നുള്ളത് ഒന്നുമാത്രം ആൾപ്പേരെക്കൊണ്ടു സാധിക്കാത്തതാകയാൽ അത് അദ്ദേഹംതന്നെയാണ് നടത്തുക. വേ‌ഷംകെട്ടി വിളക്കത്തു ചെന്ന് നിൽക്കുമെന്നല്ലാതെ പാഠകം പറയനുള്ളതൊന്നും അദ്ദേഹം പഠിച്ചിട്ടുണ്ടായിരുന്നില്ലാത്തതിനാൽ ഒന്നും പറയാറില്ല. യോഗ്യന്മാരായ അനേകം പാഠകക്കാർ വേറെ ഉള്ളതുകൊണ്ട് ആരും ഇദ്ദേഹത്തിന്റെ അടുത്ത് പോകാറുമില്ല ഒരുദിവസം പാഠകം കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തന്റെ അടുക്കൽ വരുത്തണമെന്ന് നമ്പൂരി നിശ്ചയിച്ച് ഒരുപായം ചെയ്തു. എങ്ങനെയെന്നാൽ, രണ്ടു കൈയും തലയിൽ വചുകൊണ്ട് "അയ്യോ പാവേ" എന്ന് ഉറക്കെ ഒരു നിലവിളി വച്ചു കൊടുത്തു. അതുകേട്ട് ആളുകളൊക്കെ പരിഭ്രമിച്ച് എന്താണെന്നറിയാനാ യിട്ട് ഓടി ഇദ്ദേഹം വേ‌ഷം കെട്ടി നിൽക്കുന്ന ദിക്കിലേക്ക് ചെന്നു. അപ്പോൾ നമ്പൂരി "ഇങ്ങനെ നിലവിളിച്ചുകൊണ്ട് ആ ശൂർപ്പണഖ ഖരന്റെ അടുക്കലേക്ക് ചെന്നു" എന്നു പറഞ്ഞു പാഠകവും മതിയാക്കി. കേൾക്കാനാരുമില്ലാതെയായപ്പോൾ മറ്റു പാഠകക്കാരും മതിയാക്കി. അങ്ങനെ കേൾവിക്കാർക്ക് അതുമില്ല ഇതുമില്ലെന്നാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ.
പിന്നെ ഒരു ദിവസം ഒരു നല്ല വ്യുത്പന്നനായ ഒരാൾ നമ്പൂരിയെ ആക്ഷേപിക്കണമെന്നു കരുതിക്കൊണ്ടു നമ്പൂരിയുടെ പാഠകം കേൾക്കാനായിച്ചെന്നു. അപ്പോൾ നമ്പൂരി,
ഘടാ പടാ ഘടപടാ ഘടപാടപാടാ
ഭാടാ ചടാ ചട ചടാ ചട ചാട ചാടാ
മൂടന്മാ കടാ കടകടാ കടകാട കാടാ
കൂടാ കുടാ കുടുകുടാ കുടിയാടികൂടാ
എന്നൊരു ശ്ലോകം ചൊല്ലി അദ്ദേഹത്തിനു തോന്നിയതു പോലെയുള്ള വിഡ്ഢിത്തങ്ങളെല്ലാം അതിനർഥമായിട്ടു പറഞ്ഞു. പാഠകം കഴിഞ്ഞയുടൻ ആ വിദ്വാൻ നമ്പൂരിയോട് "ഹേ, ഈ ശോകം ഏതു പ്രബന്ധത്തിലുള്ളതാണ്? ഇതിന്റെ അർഥം ഒന്നുകൂടി പറഞ്ഞുകേട്ടാൽ കൊള്ളാം" എന്നു പറഞ്ഞു.
നമ്പൂരി: ഫഃ കുശവാ! നീ പറയുമ്പോളൊക്കെപ്പറയാൻ ഞാൻനിന്റെ ശി‌ഷ്യനാണോ? ഏതു പ്രബന്ധത്തിലുള്ളതാണെന്ന് അറിയണമെങ്കിൽ ഗ്രന്ഥപരിചയമുള്ള ആണുങ്ങളോടു വല്ലവരോടും പോയി ചോദിക്ക്. എനിക്കിപ്പോൾ പറയാൻ അവസരമില്ല. വിദ്വാനായിട്ട് ഞാനൊരുത്തൻ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ.
മുട്ടസ്സുനമ്പൂരി ഓരോ സംഗതിവശാൽ അനേകം ഭാ‌ഷാശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ട്. അവ അത്ര സഭ്യങ്ങളല്ലാത്തതിനാൽ ഇവിടെ ഒന്നും ചേർക്കുന്നില്ല. ശ്ലോകങ്ങളെല്ലാം സാമാന്യം നന്നായിട്ടുണ്ട്.
യാത്രക്കളിയിൽ ഇദ്ദേഹം കൊങ്ങിണി മുതലായ അനേകം വേ‌ഷങ്ങൾ കെട്ടാറുണ്ട്. വേ‌ഷങ്ങളെല്ലാം വളരെ നന്നായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. വാക്കുകളെല്ലാം ഫലിതമയമായിരിക്കും. മുട്ടസ്സുനമ്പൂരിയുടെ വേ‌ഷം അരങ്ങത്തുവന്നാൽ പോവുന്നതുവരെ കാഴ്ചക്കാരിൽ ഒരുത്തരെങ്കിലും ഒരു സമയവും ചിരിക്കാതെ ഇരുന്നുപോയി എന്നു വരാറില്ല. അദ്ദേഹത്തിന്റെ വേ‌ഷം കുറച്ചുകാലം തിരുവാർപ്പിൽ വലിയ മേനോൻ (ദേവസ്വം കോയിമ്മ) ആയിട്ടും ഇരുന്നിട്ടുണ്ട്.

കാക്കശ്ശേരി ഭട്ടതിരി


രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടു (മാനവിക്രമൻ) ശക്തൻതമ്പുരാന്റെ കാലത്തു വേദശാസ്ത്രപുരാണതത്ത്വജ്ഞന്മാരായ മഹാബ്രാഹ്മണരുടെ ഒരു യോഗം ആണ്ടിലൊരിക്കൽ അവിടെ കൂടണമെന്ന ഒരേർപ്പാടുണ്ടായിരുന്നു. ആ യോഗം കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിലാണ് കൂടുക പതിവ്. ബ്രാഹ്മണർ അവിടെ കൂടിയാൽ വേദം, ശാസ്ത്രം, പുരാണം മുതലായവയെക്കുറിച്ച് വാദം നടത്തുകയും വാദത്തിൽ ജയിക്കുന്നവർക്കു സംഭാവനയായി ഓരോ പണക്കിഴി തമ്പുരാൻ കൊടുക്കുകയും പതിവായിരുന്നു. വേദശാസ്ത്രപുരാണങ്ങളുടെ ഓരോ ഭാഗങ്ങളെ വേർതിരിച്ച് നൂറ്റെട്ടായി വിഭജിച്ച് അവയിൽ ഓരോ ഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വാദവും അവയ്ക്കെലാം ഓരോ പണക്കിഴിയുമാണ് പതിവ്. അതുകൂടാതെ നൂറ്റൊമ്പതാമത് വയോധികന്മാർക്ക് ഒരു കിഴി വിശേ‌ഷിച്ചും പതിവുണ്ട്.
ഇങ്ങനെ കുറഞ്ഞോരു കാലം കഴിഞ്ഞപ്പോൾ മലയാളബ്രാഹ്മണരിൽ എല്ലാ വേദങ്ങളും എല്ലാ ശാസ്ത്രങ്ങളും അറിയാവുന്ന യോഗ്യന്മാർ കുറഞ്ഞുതുടങ്ങുകയും തമ്പുരാന്റെ ഈ ഏർപ്പാട് പരദേശങ്ങളിലും പ്രസിദ്ധമാവുകയാൽ പരദേശങ്ങളിൽ നിന്നു യോഗ്യന്മാരായ ബ്രാഹ്മണർ ഈ യോഗത്തിൽ കൂടുന്നതിനായി ഇങ്ങോട്ടു വന്നുതുടങ്ങുകയും ചെയ്തു. അങ്ങനെ മലയാളബ്രാഹ്മണരും പരദേശബ്രാഹ്മണരുംകൂടി ആ നൂറ്റൊമ്പതുകിഴിയും കുറച്ചുകാലത്തേക്കു വാങ്ങിവന്നു. പിന്നെയും കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ വാദത്തിൽ ജയിച്ചു കിഴി വാങ്ങാൻ തക്ക യോഗ്യതയുള്ളവർ മലയാളബ്രാഹ്മണരിൽ ആരുമില്ലാതെയായി.
അങ്ങനെയിരിക്കുന്ന കാലത്ത് സർവജ്ഞനായി, വാഗീശനായി, കവികുലശിഖാമണീയായി "ഉദ്ദണ്ഡൻ" എന്ന നാമത്തോടുകൂടിയ ഒരു ശാസ്ത്രിബ്രാഹ്മണൻ ഈ സഭയിൽ ചെന്നു വാദം നടത്താനായി പരദേശത്തുനിന്നു വന്നു. അദ്ദേഹം വളരെ അറിവുള്ള ആളായിരുന്നു. എങ്കിലും അത്യന്തം ഗർവി‌ഷ്ഠനുമായിരുന്നു. അദ്ദേഹം കേരളദേശത്തേക്കു കടന്നുവന്നതുതന്നെ
"പാലയധ്വം പാലയധ്വം രേ രേ ദു‌ഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ"
എന്നൊരു ശ്ലോകം ചൊല്ലിക്കൊണ്ടാണ്. ഇതിന്റെ അർത്ഥം "അല്ലയോ അല്ലയോ ദുഷ്കവികളാകുന്ന ആനകളേ! നിങ്ങൾ ഓടിക്കൊൾവിൻ, ഓടിക്കൊൾവിൻ; എന്തെന്നാൽ വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡനാകുന്ന സിംഹം ഇതാ വരുന്നു" എന്നാകുന്നു. ഇദ്ദേഹം സഭയിൽ വന്നു സകല വി‌ഷയങ്ങളിലും വാദിച്ചു. മലയാളികളും പരദേശികളൂമായ സകല യോഗ്യന്മാരെയും ജയിച്ചു കിഴികളെല്ലാം വാങ്ങി. ഇദ്ദേഹത്തിന്റെ ഇപ്രകാരമുള്ള യോഗ്യത കണ്ടപ്പോൾ ശക്തൻ തമ്പുരാന് വളരെ ബഹുമാനം തോന്നുകയാൽ ശാസ്ത്രികളെ തന്റെ കൂടെത്തന്നെ സ്ഥിരമായി താമസിപ്പിച്ചു. ആണ്ടുതോറും ശാസ്ത്രികൾ എല്ലാവരെയും ജയിച്ചു കിഴികളെല്ലാം വാങ്ങിയും വന്നു. ഇങ്ങനെയായപ്പോൾ മലയാളബ്രാഹ്മണർക്കെല്ലാം വളരെ ലജ്ജയും വ്യസനവുമായിത്തീർന്നു. തങ്ങളുടെ കൂട്ടത്തിൽ യോഗ്യന്മാരില്ലാതെയായിട്ടാണല്ലോ പരദേശത്തുനിന്ന് ഒരാൾ വന്ന് ഈ രാജസംഭാവനകളെല്ലാം വാങ്ങുകയും ഏറ്റവും ബഹുമതിയോടുകൂടി രാജസന്നിധിയിൽ താമസിക്കുകയും ചെയ്യാനിടയായത് എന്നു വിചാരിച്ച് ഇതിലേക്ക് ഒരു നിവൃത്തിമാർഗം ആലോചിച്ചു നിശ്ചയിക്കുന്നതിനായി മലയാളബ്രാഹ്മണരിൽ പ്രധാനന്മാരായിട്ടുള്ളവരെല്ലാംകൂടി ഗുരുവായൂർക്ഷേത്രത്തിൽ കൂടി. പിന്നെ അവർ എല്ലാവരുംകൂടി അവരുടെ കൂട്ടത്തിൽ, ഉദ്ദണ്ഡശാസ്ത്രികളെ ജയിക്കാൻ തക്ക യോഗ്യതയുള്ള ഒരാൾ ഉണ്ടാകുന്നതിന് ഒരു മാർഗം ആലോചിച്ചു നിശ്ചയിച്ചു. അന്നു കാക്കശ്ശേരി ഭട്ടതിരിയുടെ ഇല്ലത്ത് ഒരന്തർജനത്തിനു ഗർഭശങ്കയുള്ള വിവരം അറിഞ്ഞ് അവർ എല്ലാവരുംകൂടി ഒരു ദിവ്യമന്ത്രം (ബാല)കൊണ്ടു വെണ്ണ ജപിച്ച് ആ അന്തർജനം പ്രസവിക്കുന്നതുവരെ ദിവസം തോറും കോടുക്കുകയും സങ്കടനിവൃത്തിക്കായി ഗുരുവായൂരപ്പനെ പ്രാർഥിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മന്ത്രശക്തിയോടും ഈശ്വരാനുഗ്രഹത്തോടും കൂടി ആ അന്തർജനം പ്രസവിച്ച് ഒരു പുരു‌ഷപ്രജയുണ്ടായി. ആ ശിശുവാണ് കാക്കശ്ശേരി ഭട്ടതിരിയെന്നു ലോകപ്രസിദ്ധമായ നാമധേയത്തിനു വി‌ഷയമായിത്തീർന്നതെന്നുള്ളത് വിശേ‌ഷിച്ചു പറയേണ്ടതില്ലല്ലോ.
കാക്കശ്ശേരി ഭട്ടതിരി ബാല്യത്തിൽതന്നെ അത്യന്തം ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നെ ഒരു സംവത്സരം ദീക്ഷ വേണമല്ലോ. ദീക്ഷക്കാലത്തു ബലിയിട്ടു പിണ്ഡം കൊണ്ടുവന്നുവച്ചു കൈകൊട്ടുമ്പോൾ പിണ്ഡം കൊത്തിത്തിന്നാനായി വരുന്ന കാക്കകളെ കണ്ടാൽ തലേദിവസം വന്നിരുന്നവയെയും അല്ലാത്തവയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ബ്രാഹ്മണശിശു തന്റെ അമ്മയോടു പറയുക പതിവായിരുന്നു. അദ്ദേഹത്തിനു "കാക്കശ്ശേരി" എന്ന പേരു സിദ്ധിച്ചതുതന്നെ ഇതു നിമിത്തമാണ്. അതിനുമുമ്പ് ഇല്ലപ്പേരു വേറെ ഏതാണ്ടായിരുന്നു. ഒരിക്കൽ കണ്ട കാക്കയെ വീണ്ടും കണ്ടാൽ അറിയാൻ സാധാരണ മനു‌ഷ്യർക്കു കഴിയുന്നതല്ലല്ലോ. ഈ ശിശുവിന് അതു സുകരമായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബുദ്ധിയുടെ സൂക്ഷ്മത എത്രമാത്രമായിരുന്നു എന്നു സ്പഷ്ടമാകുന്നു.
ബ്രാഹ്മണർക്ക് സാധാരണയായി ഉപനയനത്തിന്റെ കാലം എട്ടാം വയസ്സിലെന്നാണ് വെച്ചിരിക്കുനന്ത്.
"എട്ടാണ്ടിലുപനീതിക്കു
വിപ്രാണാമുത്തമം പുനഃ"
എന്നു ശാസ്ത്രവുമുണ്ട്. ഉപനയനം കഴിഞ്ഞാൽ നിത്യകർമ്മാനു‌ഷ്ഠാനങ്ങൾക്കും മറ്റുമുള്ള മന്ത്രങ്ങൾ പഠിക്കുകയും വേദാദ്ധ്യയനം ചെയ്യുകയും വേണ്ടതാകയാൽ അതിനു തക്കപ്രായം കൂടി വരണമല്ലോ എന്നു വിചാരിച്ചായിരിക്കാം അങ്ങനെ വെച്ചിരിക്കുന്നത്. എന്നാൽ കുശാഗ്രബുദ്ധിയായിരുന്ന കാക്കശ്ശേരി ഭട്ടതിരിയെ മൂന്നാം വയസ്സിൽ എഴുത്തിനിരുത്തുകയും അഞ്ചര വയസ്സിൽ ഉപനയിക്കുകയും ചെയ്തു. അദ്ദേഹത്തിന് അതാതു കാലത്തു പഠിക്കേണ്ടതിനെ പഠിക്കാൻ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ ബുദ്ധിയുടെ മാഹാത്മ്യത്തിന്റെ ശക്തിയുടെയും വക്രതയുടെയും ലക്ഷ്യമായി ഒരു സംഗതികൂടി പറയാം.
കാക്കശ്ശേരി ഭട്ടതിരിയുടെ ബാല്യംമുതൽതന്നെ അവിടെ അടുക്കലുള്ള "മൂക്കറ്റത്തു" (മൂക്കുതല) ഭഗവതിക്ഷേത്രത്തിൽ ദിവസംതോറും തൊഴീക്കാൻ കൊണ്ടുപോവുക പതിവുണ്ടായിരുന്നു. ആ പതിവിൻപ്രകാരം ഒരുദിവസം ഒരു ഭൃത്യനോടുകൂടി പോയി തൊഴുതു തിരിച്ചു വരുമ്പോൾ വഴിയിൽവെച്ച് ആരോ "എവിടെ പോയിരുന്നു" എന്നു ചോദിച്ചു. അപ്പോൾ അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ ഉണ്ണി "ഞാൻഭഗവതിയെ തൊഴാൻ പോയിരുന്നു" എന്നുത്തരം പറഞ്ഞു. അപ്പോൾ മറ്റെയാൾ "എന്നിട്ടു ഭഗവതി എന്തു പറഞ്ഞു" എന്നു വീണ്ടും ചോദിച്ചു. ഉടനെ ഉണ്ണി,
"യോഗിമാർ സതതം പൊത്തും തുമ്പത്തെത്തള്ളയാരഹോ!
നാഴിയിൽപ്പാതിയാടീല പലാകാശേന വാ ന വാ"
എന്നൊരു ശ്ലോകം ചൊല്ലി. ശ്ലോകത്തിന്റെ അർഥം മനസ്സിലാകാതെ ചോദ്യക്കാരൻ വി‌ഷമിച്ചു. പിന്നെ അതിന്റെ അർഥം ആ ഉണ്ണി തന്നെ താഴെപ്പറയും പ്രകാരം പറഞ്ഞു. യോഗിമാർ സതതം (എല്ലായ്പോഴും) പൊത്തുന്നതു മൂക്ക് (യോഗികൾ എല്ലായ്പ്പോഴും മൂക്കു പിടിച്ച് ജപിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്). തുമ്പത്തെ (അറ്റത്തെ) തള്ളയാർ (ഭഗവതി) എല്ലാം കൂടി മൂക്കറ്റത്തു ഭഗവതി എന്നർത്ഥം. നാഴിയിൽ പാതി (ഉരി) ആടീല (ആടിയില്ല) ഉരിയാടിയില്ല. പല (ബഹു) ആകാശേന (മാനേന) ആകാശത്തെ മാനം എന്നും പറയാറുണ്ടല്ലോ. ബഹുമാനം കൊണ്ടോ അല്ലയോ, ഏതായാലും മിണ്ടിയില്ല എന്നു താത്പര്യം. ഈ അർത്ഥം കേട്ടപ്പോൾ ചോദ്യക്കാരൻ ആ ഉണ്ണി സാമാന്യനല്ല എന്നുപറഞ്ഞു പോവുകയും ചെയ്തു.
കാക്കശ്ശേരി ഭട്ടതിരിയുടെ സമാവർത്തനം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം സർവജ്ഞനും നല്ല വാഗ്മിയും യുക്തിമാനുമായിത്തീർന്നു. അതിനാൽ ശക്തൻതമ്പുരാന്റെ ബ്രഹ്മസമാജത്തിൽ ഉദ്ദണ്ഡശാസ്ത്രികളുമായി വാദിക്കുന്നതിനു പോകണമെന്നു മലയാളബ്രാഹ്മണരെല്ലാംകൂടി അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെതന്നെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. സഭ കൂടുന്ന ദിവസം തളിയിൽ ക്ഷേത്രത്തിലെത്തി.
ഉദ്ദണ്ഡശാസ്ത്രികളുടെ ഭാഗം വാദിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രതിനിധിയായി ഒരു തത്തക്കിളിയുണ്ട്. ശാസ്ത്രികൾ വാദത്തിനുപോകുമ്പോൾ ആ കിളിയെ കൂടെ കൊണ്ടുപോകും. അങ്ങനെയാണ് പതിവ്. കാക്കശ്ശേരി ഭട്ടതിരി ആ വിവരം അറിഞ്ഞ് തന്റെ ഭൃത്യനെക്കൊണ്ട് ഒരു പൂച്ചയെ കൂടെ എടുപ്പിച്ചുകൊണ്ടു പോയിരുന്നു. ഭൃത്യനെ ക്ഷേത്രത്തിനു പുറത്തു നിർത്തീട്ടു ഭട്ടതിരി അകത്തു കടന്നുചെന്നു. അപ്പോൾ ശക്തൻതമ്പുരാനും ഉദ്ദണ്ഡശാസ്ത്രികളും മറ്റ് അനേകം യോഗ്യന്മാരും അവിടെ കൂടിയിരുന്നു. തമ്പുരാൻ ഭട്ടതിരിയെ കണ്ടിട്ട് (അന്ന് അദ്ദേഹം ബ്രഹ്മചാരിയായിരുന്നതിനാൽ) ഉണ്ണി എന്തിനാണ് വന്നത്; വാദത്തിൽ ചേരാനാണോ?" എന്നു ചോദിച്ചു. "അതേ" എന്ന് അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോൾ ശാസ്ത്രി "ആകാരോ ഹ്രസ്വഃ" എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി "നഹി നഹ്യാകാരോ ദീർഘഃ അകാരോ ഹ്രസ്വഃ" എന്നുത്തരം പറഞ്ഞു. ശാസ്ത്രികൾ ഭട്ടതിരിയെ കണ്ടിട്ട് അദ്ദേഹം കുട്ടിയായിരുന്നതിനാൽ ആകാരം (ശരീരം) ഹ്രസ്വം (നീളം കുറഞ്ഞത്) മുണ്ടൻ ആയിരിക്കുന്നു എന്നാണ് പറഞ്ഞത്. അതിനു ഭട്ടതിരി ആകാരം "ആ" എന്നുള്ള അക്ഷരമെന്ന് അർഥമാക്കി ഉത്തരം പറഞ്ഞു. ഈ യുക്തിയിൽ ശാസ്ത്രികൾ മടങ്ങി ലജ്ജിച്ചു പോയി. ഉടനെ എല്ലാവരുമിരുന്നു വാദം ആരംഭിക്കാറായപ്പോൾ ശാസ്ത്രികൾ തന്റെ കിളിയെ എടുത്തു മുമ്പിൽ വെച്ചു. ഉടനെ ഭട്ടതിരി തന്റെ പൂച്ചയെയും കൊണ്ടുവന്ന് അദ്ദേഹത്തിന്റെ മുമ്പിലും വച്ചു. പൂച്ചയെ കണ്ടപ്പോഴേക്കും കിളി ഭയപ്പെട്ടു നിശ്ശബ്ദയായിരുന്നു. പിന്നെ ശാസ്ത്രിതന്നെ വാദം തുടങ്ങി. ശാസ്ത്രികൾ പറഞ്ഞ പൂർവപക്ഷത്തെ എല്ലാം ഭട്ടതിരി ഖണ്ഡിച്ചു. ശാസ്ത്രികൾ എന്തു പറഞ്ഞുവോ അതെല്ലാം ഭട്ടതിരി അബദ്ധമാണെന്ന് പറയുകയും യുക്തികൾ കൊണ്ട് സർവവും സാധിക്കയും ചെയ്തു. ഒന്നുകൊണ്ടും ശാസ്ത്രി വിചാരിച്ചാൽ ഭട്ടതിരിയെ ജയിക്കാൻ കഴികയില്ലെന്നു തീർച്ചയായപ്പോൾ തമ്പുരാൻ "ഇനി അധികം വാദിക്കണമെന്നില്ല. രഘുവംശം കാത്യത്തിലെ ആദ്യത്തെ ശ്ലോകത്തിന് അധികം അർഥം പറയുന്നത് നിങ്ങളിലാരോ അവർ ജയിച്ചു എന്നു തീർചപ്പെടുത്തിയേക്കാം" എന്നു പറഞ്ഞു. ശാസ്ത്രികൾ ആ ശ്ലോകത്തിന് അർഥം പറയുന്നതുപോലെ മറ്റാരും പറയുകയില്ലെന്ന് തമ്പുരാന് വിശ്വാസമുണ്ടായിരുന്നതുകൊണ്ടും മഹായോഗ്യനായ അദ്ദേഹത്തെ അശേ‌ഷം മടക്കി എന്നു വരുന്നതു കഷ്ടമാണല്ലോ എന്നു വിചാരിച്ചിട്ടുമാണ് ഇപ്രകാരം പറഞ്ഞത്. ഉടനെ തമ്പുരാൻ പറഞ്ഞതിനെ രണ്ടുപേരും സമ്മതിച്ചു. ശാസ്ത്രികൾ അർഥം പറയാനും തുടങ്ങി. ശാസ്ത്രികൾ ആ ശ്ലോകത്തിനു നാലു വിധം അർഥം പറഞ്ഞു. അതു കേട്ടപ്പോൾ ഇതിലധികം ഇനി ആരും പറയുകയില്ലെന്നും കിഴിയെല്ലാം ശാസ്ത്രികൾക്കായിപ്പോയി എന്നും സഭയിലുണ്ടായിരുന്ന സകല യോഗ്യന്മാരും തമ്പുരാനും തീർച്ചപ്പെടുത്തി. ഭട്ടതിരി ആ ശ്ലോകത്തിന് ശാസ്ത്രികൾ പറഞ്ഞതിലധികം വ്യക്തമായും പൂർണ്ണമായും അക്ലിഷ്ടമായും എട്ടർഥം പറഞ്ഞു. ഉടനെ ശാസ്ത്രികൾ മടങ്ങിയെന്നു സ്വയമേവ സമ്മതിച്ചു. കിഴി നൂറ്റെട്ടും ഭട്ടതിരിതന്നെ വാങ്ങുകയും ചെയ്തു. അപ്പോൾ ശാസ്ത്രികൾ "വയോവൃദ്ധന്മാർക്കുള്ള ആ കിഴിക്ക് അർഹത എനിക്കാണുള്ളത്. ഇന്ന് ഇവിടെ കൂടീട്ടുള്ളതിൽ എന്നോളം വയോവൃദ്ധനായിട്ട് ആരുമില്ല" എന്നു പറഞ്ഞു. ഉടനേ ഭട്ടതിരി "വയസ്സു കൂടുതലാണ് നോക്കുന്നതെങ്കിൽ ആ കിഴിക്ക് അർഹത എന്റെ ഭൃത്യനാണ്. അവന് എൺപത്തഞ്ചുവയസ്സു കഴിഞ്ഞിരിക്കുന്നു. വിദ്യാവൃദ്ധത എന്നോളം മറ്റാർക്കുമില്ലെന്നു നിങ്ങൾ എല്ലാവരും സമ്മതിക്കുകയും ചെയ്തുവല്ലോ" എന്നു പറഞ്ഞു. എന്തിനു വളരെ പറയുന്നു, യുക്തികൊണ്ടും ഭട്ടതിരിയെ ജയിക്കാൻ ആരുമില്ലാതെയായതുകൊണ്ട് ഒടുക്കം നൂറ്റൊമ്പതാമത്തെ കിഴിയും അദ്ദേഹം തന്നെ വാങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ. ഉദ്ദണ്ഡശാസ്ത്രികൾ മുതലായ പരദേശബ്രാഹ്മണരെല്ലാം ലജ്ജയോടും മലയാളബ്രാഹ്മണരെല്ലാം സന്തോ‌ഷത്തോടും കൂടി പിരിയുകയും ചെയ്തു. പിന്നെയും പല സ്ഥലത്തുവച്ചും പല സംഗതിവശാലും ശാസ്ത്രികളും ഭട്ടതിരിയുമായി വളരെ വാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്നിലും ഭട്ടതിരി മടങ്ങീട്ടില്ല. അവർ തമ്മിൽ നടത്തിയതായി കേട്ടിട്ടുള്ള മിക്ക വാദങ്ങളിലും കുറേശ്ശെ അസഭ്യങ്ങൾകൂടി അന്തർഭവിച്ചിട്ടുള്ളതിനാലും വിസ്താരഭയത്താലും അവയെ ഇവിടെ പ്രത്യേകമെടുത്തു വിവരിക്കുന്നില്ല.
ഭട്ടതിരി കിഴി വാങ്ങിത്തുടങ്ങിയതിൽപ്പിന്നെ ആണ്ടുതോറും എല്ലാം അദ്ദേഹംതന്നെ വാങ്ങിവന്നു. അദ്ദേഹത്തെ ജയിക്കുന്നതിനു മലയാളത്തും പരദേശത്തും ആരും ഉണ്ടായിരുന്നില്ല. ഭട്ടതിരിയുടെ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും ശക്തി വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ പുരു‌ഷപ്രായമായപ്പോഴേക്കും അദ്ദേഹം കേവലം ഒരദ്വൈതിയായിത്തീർന്നു. സമാവർത്തനം കഴിഞ്ഞതിന്റെ ശേ‌ഷം അദ്ദേഹം ഇല്ലത്തു സ്ഥിരമായി താമസിക്കുകയില്ല. സർവം ബ്രഹ്മമയം എന്നുള്ള ബുദ്ധിയോടുകൂടി പല ദേശങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അദ്ദേഹം പരദേശത്ത് എവിടെയോ ഒരു സത്രത്തിൽ ഇരിക്കുമ്പോൾ അവിടെ പല ദേശക്കാരും ജാതിക്കാരുമായ അനേകം വഴിപോക്കർ വന്നുകൂടി. കുറച്ചുകഴിഞ്ഞപ്പോൾ ഈ പാന്ഥന്മാർ തമ്മിൽ ഒരടികലശലുണ്ടായി. പരസ്പരം വളരെ അസഭ്യം പറയുകയും ചെയ്തു. ഉടനെ അവരിൽ ഒരു കൂട്ടക്കാർ ഓടിപ്പോയി സർക്കാരുദ്യോഗസ്ഥന്മാരോടു പറഞ്ഞു. ഉദ്യോഗസ്ഥന്മാർ ശേവുകക്കാരെ വിട്ട് എല്ലാവരെയും പിടിപ്പിച്ചു വരുത്തി. അപ്പോൾ രണ്ടുകൂട്ടക്കാരും അവരവരുടെ സങ്കടങ്ങളെ ബോധിപ്പിക്കുകയും താന്താങ്ങൾ നിർദോ‌ഷികളാണെന്നു വാദിക്കുകയും ചെയ്തു. അപ്പോൾ ഉദ്യോഗസ്ഥൻ "നിങ്ങൾക്കു ദൃക്സാക്ഷികളുണ്ടോ?" എന്നു ചോദിച്ചു. ഉടനേ ഈ രണ്ടുകൂട്ടക്കാരും "ആ സത്രത്തിൽ ഒരു മലയാളി ഇരിക്കുന്നുണ്ട്. അദ്ദേഹം ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള ആളാണ്" എന്നു പറഞ്ഞു. ഉദ്യോഗസ്ഥന്മാർ ഭട്ടതിരിയെയും പിടിച്ചുവരുത്തി ചോദിച്ചു. അപ്പോൾ ഭട്ടതിരി "എനിക്കവരുടെ ഭാ‌ഷ അറിഞ്ഞുകൂടാ. അതിനാൽ അവർ പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല. എങ്കിലും അവർ തമ്മിൽ പറഞ്ഞ വാക്കുകളൊക്കെ ഞാൻപറയാം" എന്നു പറഞ്ഞിട്ട് ആ രണ്ടു ഭാഗക്കാരും പരസ്പരം പറഞ്ഞ വാക്കുകളെ എല്ലാം അദ്ദേഹം അവിടെ പറഞ്ഞു. കർണാടകം, തെലുങ്ക്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴ് മുതലായി ഭട്ടതിരിക്കറിഞ്ഞുകൂടാത്തവയായ അനേകം ഭാ‌ഷകളിൽ അനേകംപേർകൂടി ഒരു ലഹളയിൽവച്ചു നടന്ന സംഭാ‌ഷണം മുഴുവനും യഥാക്രമം കേട്ടുധരിച്ചു മറ്റൊരു സ്ഥലത്തു ഒരക്ഷരംപോലും തെറ്റാതെ പറഞ്ഞു എന്നുള്ളതും അദ്ദേഹത്തിന്റെ ധാരണാശക്തി എത്രമാത്രമുണ്ടായിരുന്നു എന്നുള്ളതിന് ഒരു ലക്ഷ്യമാണ്.
ഭട്ടതിരിക്ക് തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആർ ചോറു കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെയായി ത്തീർന്നപ്പോഴേക്കും മലയാളബ്രാഹ്മണർക്കൊക്കെ വലിയ വി‌ഷാദമായിത്തീർന്നു."ശുദ്ധാശുദ്ധവിചാരം കൂടാതെയുംമലയാളത്തിലെ ആചാരങ്ങളെ ഒന്നും കൈക്കൊള്ളാതെയും തൊട്ടുതിന്നു നടക്കുന്ന ഇയ്യാളെ നമ്മുടെ ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും കേറ്റിക്കൂടാ" എന്നൊക്കെ ഭട്ടതിരി അടുക്കൽ ഇല്ലാത്തപ്പോൾ എല്ലാവരും വിചാരിക്കയും പറയുകയുമൊക്കെ ചെയ്യും. എങ്കിലും ഭട്ടതിരി വന്നുകേറുമ്പോൾ വിരോധിക്കാൻ ആർക്കും ധൈര്യമുണ്ടാകാറുമില്ല. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശാസ്ത്രം കൊണ്ടും യുക്തികൊണ്ടും ഭട്ടതിരി അവരെ മടക്കുമെന്നും ഭട്ടതിരിക്കു ഭ്രഷ്ടുണ്ടെന്നു സാധിക്കാൻ ആരു വിചാരിച്ചാലും കഴികയില്ലെന്നും എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നതിനാൽ നേരിട്ട് ആരും ഒന്നും അദ്ദേഹത്തോടു പറയാറുമില്ല.
ആണ്ടുതോറും പതിവുള്ള സഭാസമ്മേളനത്തിനായി ഒരിക്കൽ ശക്തൻതമ്പുരാനും യോഗ്യന്മാരായ അനേകം ബ്രാഹ്മണരുംകൂടി തളിയിൽ ക്ഷേത്രത്തിൽ കൂടിയിരുന്നപ്പോൾ പതിവുപോലെ ഭട്ടതിരിയും അവിടെയെത്തി. ഭട്ടതിരി കിഴിയെല്ലാം വാങ്ങി യാത്രയായപ്പോൾ ബ്രാഹ്മണരുമായി,
ബ്രാഹ്മണർ: ആപദി കിം കരണീയം?
ഭട്ടതിരി: സ്മരണീയം ചരണയുഗളമംബായാഃ
ബ്രാഹ്മണർ: തത് സ്മരണം കിം കുരുതേ?
ഭട്ടതിരി: ബ്രഹ്മാദീനപി ച കിങ്കരീകുരുതേ
എന്നു ശോകരൂപേണ ചോദ്യോത്തരമായിട്ട് ഒരു സംഭാ‌ഷണമുണ്ടായി. ഭട്ടതിരിയുടെ സമ്പർക്കം അവർക്കൊരു ആപത്തായിത്തീർന്നിരുന്നതുകൊണ്ടും അദ്ദേഹത്തെ വർജിക്കുന്നതിനു നിവൃത്തിയില്ലാത്തതുകൊണ്ടുമാണ് ബ്രാഹ്മണർ അങ്ങനെ ചോദിച്ചത്. "ആപത്തിൽ എന്താണ് ചെയ്യേണ്ടത്?" എന്നാണ് ബ്രാഹ്മണരുടെ ചോദ്യത്തിന്റെ അർഥം. "ദേവിയുടെ പാദങ്ങളെ സ്മരിക്കണം". "ആ പാദങ്ങളെക്കുറിച്ചുള്ള സ്മരണം എന്തിനെ ചെയ്യും" എന്നു പിന്നത്തെ ചോദ്യം. "അത് ബ്രഹ്മാവു മുതലായവരെക്കൂടിയും ഭൃത്യന്മാരാക്കി ചെയ്യും" എന്നു ഭട്ടതിരിയുടെ പിന്നത്തെ ഉത്തരം. ഇങ്ങനെ പറഞ്ഞ് എല്ലാവരും പിരിയുകയും ചെയ്തു.
പിറ്റേദിവസം തന്നെ ബ്രാഹ്മണർ എലാവരുംകൂടി പത്മമിട്ടു വിളക്കുംവച്ചു ഭഗവതിയെ പൂജിക്കുകയും പലവിധത്തിലുള്ള മന്ത്രങ്ങളെക്കൊണ്ടും പു‌ഷ്പാഞ്ജലി ചെയ്കയും ആപന്നിവൃത്തിക്കായി പ്രാർഥിക്കുകയും ചെയ്തു തുടങ്ങി. അങ്ങനെ നാല്പതു ദിവസത്തെ ഭഗവദ്സേവ കഴിഞ്ഞു നാല്പത്തൊന്നാം ദിവസം ഭട്ടതിരി അവിടെച്ചെന്നു പുറത്തുനിന്നുംകൊണ്ട് കുടിക്കാൻ കുറച്ചു വെള്ളം വേണമെന്നു പറഞ്ഞു. ഉടനെ ഒരാൾ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവന്നു കൊടുത്തു. ഭട്ടതിരി അതെടുത്തു കുടിച്ചു പാത്രം കമഴ്ത്തിവച്ചിട്ട് "എനിക്ക് ഭൃഷ്ടുണ്ട്. അങ്ങോട്ടെങ്ങും കേറുകയും നിങ്ങളെ ആരെയും തൊടുകയും ചെയ്യുന്നില്ല" എന്നു പറഞ്ഞ് അവിടെ നിന്ന് പോവുകയും ചെയ്തു. അതിൽപിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അതിനാൽ ഭട്ടതിരിയുടെ ചരമഗതി എവിടെവെച്ചായിരുന്നു എന്നും ഏതുകാലത്തായിരുന്നു എന്നും ആർക്കും നിശ്ചയമില്ല. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചു തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും കൊല്ലവർ‌ഷം അറുനൂറിനും എഴുനൂറിനും മദ്ധ്യേ ആണെന്നു ഊഹിക്കുന്നു. ഈ ഭട്ടതിരിക്ക് സന്തതിയുണ്ടാകാൻ ഇടയാകാഞ്ഞതുകൊണ്ടും വേറെ പുരു‌ഷന്മാർ ആ ഇല്ലത്ത് ഇല്ലാതെയിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടുകൂടി ആ ഇല്ലം അന്യംനിന്നു പോവുകയും ചെയ്തു.

നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം



നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം 
==================================
തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ  തൃശൂർ ചാലക്കുടി നാഷണൽ ഹൈവേയിൽ നന്തിക്കര  സ്കൂൾ സ്റ്റോപ്പിനടുത്ത്  പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരംപൂജയുണ്ട്. കൂടാതെ ദുർഗ്ഗഭഗവതിയുമുണ്ട് ഉപദേവത  ദാമ്പതി രക്ഷസ്സ് .മേടത്തിലെ കാർത്തികയ്ക്കു താലപ്പൊലി നേരത്തെ താന്നിപ്പുഴയോരത്തായിരുന്നു ഈക്ഷേത്രം .ആടുവത്തു മനവക ക്ഷേത്രമാണ് ഒറവങ്കര ഇല്ലത്തു നിന്നും  വന്നതാണെന്നും പഴമയുണ്ട്. ഇതിനടുത്ത് നന്തിക്കര ശ്രീകൃഷ്ണ ക്ഷേത്രം കിഴക്കോട്ടു ദേർശ നമായിട്ടുണ്ട്.  രണ്ടുനേരം പൂജ. നാട്ടുകാരുടെ സമിതി നടത്തുന്നു  അവിട്ടത്ത്തൂർ ദേവസം കീഴേടമായിരുന്ന  കിടങ്ങേത്ത്  മഹാദേവക്ഷേത്രവും  ഇതിനടുത്തതാണ്.  ഈ ക്ഷേത്രത്തിൽ ക്രീകോവിലും മണ്ഡപവുമൊന്നിച്ചാ യാണ് .കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജയുണ്ട് ഉപദേവത .ഗണപതി ഭഗവതി ശാസ്താവ്  ശിവരാത്രി ആഘോഷം  .നാട്ടുകാരുടെ സമിതിയാണ് 

കാരങ്ങാട്ടു ഭഗവതി ക്ഷേത്രം



കാരങ്ങാട്ടു ഭഗവതി ക്ഷേത്രം
കോട്ടയം ജില്ലയിലെ അകലകുന്നം  പഞ്ചായത്തിൽ പാലാ കൊടുങ്ങൂർ റൂട്ടിൽ തെങ്ങുംപള്ളി സ്റ്റോപ്പ്. കോട്ടയം അയർക്കുന്നം മാഞ്ഞാമറ്റം -മുഴൂർ വഴി പാലാ റൂട്ടിൽ തർക്കുന്ന സ്റ്റോപ്പിലിറങ്ങിയാലും ക്ഷേത്രത്തിലെത്താനാകും  പ്രധാന മൂർത്തി അഖിലയക്ഷിയും  അന്തിമഹാകാളനും  ഒരേ ശ്രീകോവിലിലാണ്. കിഴക്കോട്ടു ദര്ശനം രണ്ടു പൂജയുണ്ട്, ടൈഹന്തി കല്പകശ്ശേരിയായിരുന്നു.  പിന്നീട് കടിയക്കോൽ ഉമാദേവതകൾ  ഗണപതി ശാസ്താവ്,രക്ഷസ്സ് പറച്ചാമുണ്ഡി കൊടുംകാളി ബാല്യക്ഷി,കാലയക്ഷി, അറുകൊല,നാഗരാജാവ  നാഗയക്ഷി,കരിനാഗം ചെറുവള്ളി ഭഗവതി വെളിച്ചപ്പാട് . വെള്ളനേദ്യത്തിൽ നാളികേരം ചുരണ്ടി  ഇടുന്ന  നരത്തല നേദ്യമുണ്ട് മീനപ്പൂരത്തിനു ഉത്സവം കാർത്തികനാൾ മുതൽ ആഘോഷം കാവടി ഘോഷയാത്രയാണ്  പ്രധാന വഴിപാടു.  വിവാഹത്തിന് ഇവിടെ താലി സമർപ്പണമുണ്ട്. കടത്തനാട്ടിൽ നിന്നും വന്ന  കുഴുപ്പള്ളി ഇല്ലക്കാരുടെ  പരദേവത ആരാദ്യം വൈക്കത്തും പിന്നീട് കോട്ടയത്ത് കാരാപ്പുഴയിലും  അവിടെ നിന്ന് ഇവിടെയും  എത്തി എന്നാണു ഐതിഹ്യം അമ്പഴത്തുങ്കൽ കർത്താക്കന്മാരുടെ  പൗരോഹിത്യ പ്രവൃത്തി നടത്തുന്നതിന്  കുഴുപ്പള്ളി ഇല്ലക്കാരെ  ബലമായി കൊണ്ടുവന്നതാണെന്നു  പഴമയുണ്ട്  പിന്നീട് എന്തോ കാരണത്താൽ ഇവർ തമ്മിൽ തെറ്റിയെന്നും ഈ ക്ഷേത്രത്തിലെ കലശം  നടന്നുകൊണ്ടിരിക്കെ  അമ്പഴത്തുങ്കൽ  കൊട്ടാരത്തിനു തീ പിടിച്ച്  എന്നും പുരാവൃത്തമുണ്ട്. 

2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

പാലൂർ ശിവക്ഷേത്രം പാലക്കട് ജില്ല





പാലൂർ ശിവക്ഷേത്രം 

പാലക്കട് ജില്ലയിലെ പാലത്തുള്ളിയിൽ .ചിറ്റൂരിനടുത്ത്  ചിറ്റൂർ കൊടുമ്പ് റൂട്ടിൽ  തത്തമംഗലത്ത് നിന്നും മൂന്നു കിലോമീറ്റര്  പ്രധാനമൂർത്തി ശിവൻ സ്വയംഭൂവാണെന്നു വിശ്വാസം കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജ.ഉപദേവതകൾ വിഷ്ണുവും ഗണപതിയും .വിഷ്ണുവിന് പ്രത്യേക ക്ഷേത്രമാണ്. തലത്തിലെ വാവാറാട്ട്  ശോകനാശിനിപ്പുഴയുടെ  തീരത്താണ് ക്ഷേത്രം. ക്ഷേത്രമുള്ള സ്ഥലം മാത്രം പഴയകൊച്ചിയിലും ചുറ്റുമുള്ളസ്ഥലങ്ങൾ  ബ്രിട്ടീഷ് മലബാറിലും ആയിരുന്നു. ഒരു ചെട്ടിയാരുടെ കൈവശമായിരുന്ന ഈ ക്ഷേത്രം കൊച്ചി രാജാവിന്  നൽകിയതാണ്. ഇപ്പോൾ കൊച്ചി ദിവസം ബോർഡ് .ഈ ക്ഷേത്രത്തിനു തൊട്ടടുത്ത്  ഒരു മഹാക്ഷേത്രത്തിന്റെ ലക്ഷണമുള്ള  വലിയൊരു ക്ഷേത്രം തകർന്നു കിടക്കുന്നുണ്ട്. പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമാണന്നു പുരാവൃത്തം  തകർന്നു കിടക്കുന്ന ക്ഷേത്രവും  പറമ്പും അഞ്ചേക്കറോളമുണ്ട്. ശ്രീകോവിലിനു കരിങ്കൽ തറയുണ്ട്.അതിൽ വലിയ ലിംഗവും ശ്രീകോവിൽ തറയിലും ക്ഷേത്രപറമ്പിലും നിറയെ മരങ്ങൾ  വളർന്നു നിൽക്കുകയാണ്. പല്ലവർ നിർമിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നാണിതെന്നു തോന്നുന്നു.  ഇതാണ് ഐതിഹ്യവും. കാഞ്ചിയിലെ പല്ലവരുടെ ആസ്ഥാനങ്ങളിൽ  ഒന്നായിരുന്നു പാലക്കട .പാലത്തുള്ളിയും  പാലൂർ ശിവക്ഷേത്രവും  പാലക്കടയും  പല്ലാവൂരും  എല്ലാവരുമായി ബന്ധപ്പെട്ട  പ്രദേശങ്ങളായിരിക്കാം 

പാലപ്പെട്ടി ഭഗവതി ക്ഷേത്രം തൃശൂർ ജില്ല



പാലപ്പെട്ടി  ഭഗവതി ക്ഷേത്രം 

തൃശൂർ ജില്ലയിൽ എടമുറ്റത്തിനടുത്ത് പാലപ്പെട്ടിവളവിൽ .തൃപ്പയാർ കൊടുങ്ങല്ലൂർ റൂട്ടിൽ  പാലപ്പെട്ടിവളവ് സ്റ്റോപ്പ് .പ്രധാനമൂർത്തി ഭദ്രകാളി. ദാരുവിഗ്രഹമാണ്. ചാന്താട്ടമുണ്ട്. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി പടിഞ്ഞാറേടത്ത് മന .കൊടുങ്ങല്ലൂരിൽ നിന്നും അയിരൂർ രാജ്യത്തേയ്ക്കു  അയിരൂർ അയ്യായിരം ആവാഹിച്ച് കൊണ്ടുപോയി പ്രീതിഷ്ഠിച്ച ഭഗവതിയെന്നാണ് കരുതുന്നു.
ആദ്യം ഇത് വേട്ടയ്ക്കൊരുമകൻ ക്ഷേത്രമായിരുന്നു.  ക്ഷേത്രത്തിനടുത്ത് അയിരൂർ ശാർക്കര കോവിലകത്തിന്റെ  ശാഖയുണ്ട്  .പിന്നീട് ഒരേ വരിക്ക പ്ലാവിന്റെ കടകൊണ്ടു കൊടുങ്ങല്ലൂരിലും നടുകൊണ്ട്  പാലപ്പെട്ടിയിലും  തലകൊണ്ട്  കുമരഞ്ചിറയിലും  വിഗ്രഹങ്ങൾ പണിതീർത്ത്  എന്നും പഴമയുണ്ട്. തുല്യ അകലത്തിലാണ് ഈ ക്ഷേത്രങ്ങൾ  എന്നും തോന്നുന്നു. ഉപദേവതകൾ ശിവൻ,ഗണപതി, വേട്ടയ്ക്കൊരുമകൻ  കുംഭത്തിലെ അശ്വതി നാളിൽ  വേല.അന്ന് നട  അടയ്ക്കില്ല.ഭരണി ദിവസം ഉച്ചപൂജകഴ്ഞ്ഞു  നടയടച്ചാൽ ഏഴ് ദിവസം കഴിഞ്ഞേ തുറക്കുകയുള്ളു   നടയടയ്ക്കുന്നതിനു മുൻപ് രാമായണം കുത്തിൽ റാവണനെക്കൊന്ന രാമശരം  അർപ്പിക്കണം  എന്നും ചിറ്റ.  പഴയ തെക്കേ മലബാറിൽ ഇവിടെ മാത്രമേ തോൽപ്പാവക്കൂത്തു ഉള്ളു. കുംഭത്തിലെ
 ശിവരാത്രിമുതൽ അശ്വതിരാത്രിവരെ യാണ് കുത്ത്.  ഇതിനവകാശി പട്ടാമ്പിലയിലെ കളരിയ്ക്കൽ  പണിക്കരാണ്   ഇവിടെ 13 .75  മീറ്റർ നീളമുള്ള ഒറ്റ അടയ്ക്കാമരം വേണം  അതിൽ 22  നാളികേരമുറിയിൽ തിരി വച്ച് അതിനുമുകളിൽ  കച്ചകെട്ടി പാവക്കൂത്ത്. ഭരണി നാളിൽ ക്ഷേത്രത്തിനു  വടക്കുപുറത്തു ഗുരുതിയുണ്ട്. ഇതിനു തന്ത്രി വേണം  അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു. ഇവിടെ ആദ്യത്തെ പറ കോവിലകം  വകയാണ്   നാല് വീട്ടുകാർ എന്ന പാനാട്ടിൽ കിഴക്കേടത്ത് വല്ലത്ത്  എന്നിനി വീട്ടുകാരുടെ കൈവശമായിരുന്നു.ക്ഷേത്രം  1950 ൽ എഛ് .ആർ.&സി ഇ യ്ക്ക് കൈമാറി .മലപ്പുറം ജില്ലയിലും ഒരു പാലപ്പെട്ടി ഭദ്രകാളി ക്ഷേത്രമുണ്ട്. 

2019, ഫെബ്രുവരി 4, തിങ്കളാഴ്‌ച

കീഴൂർ മഹാദേവക്ഷേത്രം കണ്ണൂർജില്ല



കീഴൂർ മഹാദേവക്ഷേത്രം കണ്ണൂർജില്ല

കീഴൂർ മഹാദേവക്ഷേത്രം കണ്ണൂർജില്ല കണ്ണൂർജില്ലയിലെ ഇരിട്ടിയിൽ .ഇരിട്ടി ജംഗ്ഷനടുത്ത് ഒന്നരകിലോമീറ്റർ അകലെ. കീഴൂർ ചാവശ്ശേരി പഞ്ചായത്തിൽ .തകർന്നു കിടന്ന പഴയ ക്ഷേത്രമായിരുന്നകാലത്തെ മഹാക്ഷേത്രമായിരുന്നു .പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ. തന്ത്രി വിലങ്ങര ഭട്ടതിരി . ഇരിട്ടിപുഴയുടെ തീരത്താണ്. (കുടകിലെ കോട്ടച്ചാലും പുഴയും വാവലിപ്പുഴയും ചേർന്ന് രൂപം കൊള്ളുന്ന ഇരട്ടപുഴയാണ് ഇരിട്ടിപുഴയായതു) നദികൾ ചേരുന്ന പുണ്യ സ്ഥലം ക്ഷേത്രനിര്മാണത്തിനു യോഗ്യമായ സ്ഥലമെന്നു പണ്ഡിതമതം നീരൊഴുക്ക് കിഴക്കോട്ടോ വടക്കോട്ടോ ആയാൽ ഉത്തമം ഉപദേവതകൾ ഗണപതി ദക്ഷിണാ മൂർത്തി ,അയ്യപ്പൻ. ഇത് പരശുരാമ പ്രതിഷ്ഠയാണെന്നും 108 ശിവാലയങ്ങളിൽ ഒന്നായിരുന്നു എന്ന് ഐതിഹ്യമുണ്ട്. നശിച്ചുകിടന്നിരുന്ന പഴയ ക്ഷേത്രത്തിൽ സപ്തമാതൃക്കളും രണ്ടു ആറാട്ട് തറകളും ,വലിയ ബലിക്കല്ലുമുണ്ടായിരുന്നു . അതിനാൽ കൗല മാര്ഗ്ഗത്തില് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ക്ഷേത്രമാണെന്നു ഊഹിയ്ക്കാം മീനം 21 മുത്തം 28 വരെ ഉത്സവം . തിടമ്പ് നൃത്തമാണ് ആദ്യം ബ്രാഹ്മണ ക്ഷേത്രമായിരുന്നു. പിന്നീട് കീഴൂരിടം വാഴുന്നവരുടെ കൈവശം നാടുവാഴി പിടിച്ചക്കടക്കിയതാണെന്നും പഴമ

കീഴൂർ ധർമ്മശാസ്താ ക്ഷേത്രം കാസർകോട് ജില്ല

കീഴൂർ ധർമ്മശാസ്താ ക്ഷേത്രം കാസർകോട് ജില്ല

കാസർകോട് ജില്ലയിലെ കുളനാട് എന്ന സ്ഥലത്ത്  ചെമ്മനാട് പഞ്ചായത്ത് കാസർകോട് -ചന്ദ്രഗിരി -കാഞ്ഞങ്ങാട്  റൂട്ടിൽ . മേല്പറമ്പിൽ നിന്നും ഒന്നരകിലോമീറ്റർ . പ്രധാനമൂർത്തി ശാസ്താവ്  കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ. ഉപദേവതാ കുതിരക്കാളി ,സുബ്രമണ്യൻ ഗണപതി.തുലാത്തിലെ കറുത്തവാവ് മുതൽ മൂന്നു ദിവസം ഉത്സവം. കൂടാതെ വൃഛികം  ഒന്ന് മുതൽ ഏഴ് ദിവസം  പാട്ടുത്സവവുമുണ്ട്  ശനിദോഷത്തിനു  ഈ ക്ഷേത്രത്തിൽ നവഗ്രഹ പൂജയുണ്ട്  ശാസ്താവ് ചമ്രവട്ടത്തുനിന്നും വന്നു എന്നും  ചന്ദ്രാംഗദ രാജവിന്റെ  ഉപാസനാമൂർത്തിയായ  കുതിരക്കാളിയും  ശാസ്താവും തമ്മിൽ ഏറ്റുമുട്ടിയെന്നും ഐതിഹ്യമുണ്ടു . ആദ്യം കുതിരക്കാളിയുടെ  ക്ഷേത്രമായിരിക്കണം  ഇവിടെ ഉണ്ടായിരുന്നത്  40 ഗ്രാമങ്ങളിൽ  സ്വത്തും 3000  പേര് നെല്ലും  ഉണ്ടായിരുന്ന ക്ഷേത്രമാണ്. ചന്ദ്രാംഗദരാജാവിന്റെ സ്ഥലമാണോ  ചന്ദ്രഗിരി എന്നുംസംശയമുണ്ട്  ഈ ക്ഷേത്രത്തിനടുത്താണ് ചന്ദ്രഗിരി കോട്ട  ക്ഷേത്രം പിന്നീട് ചിറയ്ക്കൽ രാജാവിന്റെ കൈവശമായിരുന്നു ഇപ്പോൾ എച് ആർ & സി ഇ യുടെ നിയന്ത്രണത്തിൽ 

2019, ഫെബ്രുവരി 3, ഞായറാഴ്‌ച

വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രം കാസർകോട് ജില്ല വെണ്ടാർ സുബ്രമണ്യക്ഷേത്രം



വിഷ്ണുമംഗലം വിഷ്ണു ക്ഷേത്രം
കാസർകോട് ജില്ലയിൽ  പുല്ലൂർ  പെരിയ പഞ്ചായത്തിൽ കാഞ്ഞങ്ങാട്  -കാസർകോട് റൂട്ടിൽ  മാവുങ്കൽ സ്റ്റോപ്പിന് വടക്കുവശത്ത് .പ്രധാനമൂർത്തി വിഷ്ണു. വട്ടശ്രീകോവിൽ  പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ. തന്ത്രി ആലമ്പാടി  പട്ടേരി .വൃഛികത്തിലെ പുണർതം നാളിൽ  തിടമ്പ് നൃത്തം ഉണ്ട് .ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്മണരുടെ  വേദപാഠശാല  ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു.  പട്ടളത്തായാർ ,പലയ്ക്കല്ലത്തായർ ,
പട്ടോടത്തായർ ,ഇരട്ടില്ല ത്തായർ , എന്നിനി ശീവൊളി ബ്രാഹ്മണകുടുംബങ്ങളുടെ  ക്ഷേത്രമായിരുന്നു. ഇവയിൽ ആദ്യത്തെ  രണ്ടില്ലങ്ങൾ അന്യം നിന്നു .പരശുരാമ  പ്രതിഷ്ഠ എന്ന് ഐതിഹ്യം

വെണ്ടാർ സുബ്രമണ്യക്ഷേത്രം  .
===============================
കൊല്ലംജില്ലയിലെ കുളക്കട പഞ്ചായത്തിൽ കൊട്ടാരക്കര  ശാസ്‌താംകോട്ട  റൂട്ടിലെ എറണാകുളം മുക്കിൽ നിന്നും നിന്നും  അരകിലോമീറ്റർ  .പ്രധാനമൂർത്തി സുബ്രമണ്യൻ  കിഴക്കോട്ടു ദര്ശനം  മൂന്നു പൂജ. മകരത്തിലെ തൈപ്പൂയം  ആഘോഷം  സന്താനസൗഭാഗ്യത്തിന്  ഈ ക്ഷേത്രത്തിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഇത് കൂടാതെ ഇവിടെ ശിവക്ഷേത്രവുമുണ്ട് കടലായ്  മനവക ക്ഷേത്രമായിരുന്നു  ഇപ്പോൾ തിരുവതാംകൂർ ദേവസം  വക 

മനക്കോട്ടുകാവ് തൃശൂർ ജില്ല



മനക്കോട്ടുകാവ്
തൃശൂർ ജില്ലയിൽ മുള്ളൂർക്കരയിൽ .തൃശൂർ -ഷൊർണൂർ റൂട്ടിൽ വടക്കാഞ്ചേരിയ്ക്കടുത്ത് മുള്ളൂർക്കര റെയിൽവേസ്റ്റേഷൻ  ക്ഷേത്രത്തിനടുത്താണ്  ഈ ക്ഷേത്രം പ്രധാനമൂർത്തി ഭഗവതി കൂടാതെ 36  പ്രേതങ്ങളുണ്ട്. .പ്രേതങ്ങളിൽ ഒൻപതു എണ്ണം മനക്കോട്ടച്ചന്റെയും വീട്ടുകാരുടേതുമാണ്  ബാക്കി 27  എണ്ണം യുദ്ധത്തിൽ പങ്കെടുത്ത  മനക്കോട്ടച്ചന്റെ സൈന്യാധിപ ൻമാരുടേതാണ് .ക്ഷേത്രം കിഴക്കോട്ടു ദര്ശനം ഒരുനേരം പൂജ .നായർ പൂജയാണ് ഇവിടുത്തെ പൂജാരിയാക്കാൻ  മന്ത്രവാദി ഇല്ലം ആയ കല്ലൂർ ഇല്ലത്തെ നമ്പൂതിരി അംഗീകരിക്കണം എന്നൊരു ചിട്ടയുണ്ട്. പ്രേത ബാധയൊഴിവാകാൻ  നിരവധി പേർ  ഈ ക്ഷേത്രത്തിൽ എത്തിച്ചേരും,മനക്കോട്ടച്ചന്റെ പരദേവതയാണ് ഈ ഭഗവതി  പഴയ കേരളത്തിലെ അറിയപ്പെടുന്ന പ്രഭുവാണ് മനക്കോട്ടയച്ചൻ  സാമൂതിരിയുമായി  യുദ്ധം ചെയ്യാൻ ബറ്റിവിയയിൽ നിന്നും നിയോഗിച്ച ഡച്ച് സൈന്യയാധിപൻ  വില്യംബക്കെർ ജേക്കബ്‌സ്  തന്റെ  വരവറിയിച്ച്  കേരളത്തിലെ രാജാക്കന്മാർക്കും  പ്രഭുക്കന്മാർക്കും  കത്തെഴുതിയിരുന്നു.  1716  ൽ  നവംബർ 16  നു  കൊച്ചിയിൽ എത്തിയ ജേക്കബ്  എഴുതിയ കത്തുകളിൽ  ഒന്ന് മനക്കോട്ടച്ചനാണ്.  മനക്കോട്ടച്ചന് 999 നായർ പടയാളികളും  മനക്കോട്ട ഭഗവതിയും
എ ന്നായിരുന്നു കണക്കു.  മിക്കവാറും സാമൂതിരിയുടെ  കൂടെയായിരുന്നു മനക്കോട്ടച്ചൻ  പലപ്പോഴും ഒന്ന് കുറെ  ആയിരത്തവരെ  സാമൂതിരിക്കൊപ്പം യുദ്ധത്തിന് അയച്ചിരുന്നു. വാഴക്കോട് മുത്താരെ  കൊന്നതിനു  ആദ്യം കൊച്ചി രാജാവ്  മുള്ളൂർക്കര പ്രദേശങ്ങൾ മനക്കോട്ടച്ചന് നൽകി  എന്ന് പഴമയുണ്ട് ഇതിനു ശേഷമായിരിക്കണം  കൊച്ചി രാജാവ് പഴയന്നൂർ കാവിലേയ്ക്ക് പോകുമ്പോൾ  വാഴക്കോട് വച്ച് മനക്കോട്ടച്ചൻ  വിലക്കിയത്. തന്റെ തട്ടകത്തുകൂടി താനല്ലാതെ ആരും പല്ലക്കിൽ പോകരുത്  എന്നായിരുന്നു വിലക്കത്രെ.
രാജാവിന് ഗത്യന്തരമില്ലാതെ  മടങ്ങേണ്ടി വന്നു.ഡച്ച് പടയാളികൾ വന്നതോടെയായിരിക്കണം  1717 ൽ സാമൂതിരിയും കൊച്ചിയും  സന്ധിയിലായി  ഇതിനു ശേഷം പാലിയത്തെ ഗോവിന്ദൻ  വല്യച്ഛൻ  സന്യാസിയുടെ വേഷം  ധരിച്ച് മനക്കോട്ടച്ചന്റെ  തലവെട്ടി  കൊച്ചി രാജാവിന് കാഴ്ച്ചവെച്ചു  എന്നും ഒരു കഥയുണ്ട് .1740 ൽ മനക്കോട്ടച്ചന്റെ കുടുംബക്കാരെ രാജ്യഭൃഷ്ടരാക്കി .സ്വത്തുക്കൾ കണ്ടു കെട്ടി.  ഇത് പാലിയത്തച്ചന് ഒതുങ്ങിക്കിട്ടി. എന്നാണു പഴമ. ഇതോടെയാണ് പാലിയത്തിനു  പ്രതാപഐശ്യര്യങ്ങൾ  കൂടുതൽ കൈവന്നത്.  കോവിലകം കഴിഞ്ഞാൽ  പാലിയം  എന്ന പഴമൊഴി  അക്കാലത്തുണ്ടായതാണ്‌ .കൊച്ചിരാജാവിനേക്കാൾ ഒരു പാറയ്ക്കു നിലം   കൂടുതൽ പാലിയത്തച്ചനായിരുന്നു  എന്നാണു പഴമ .മനക്കോട്ടു കാവ്  ഇപ്പോൾ പാലിയം ട്രസ്റ്റ് വകയാണ്  മുള്ളൂർക്കരക്കാരായിരുന്നു  മനക്കോട്ടസ്വരൂപത്തിന്റെ ആസ്ഥാനം .

2019, ഫെബ്രുവരി 2, ശനിയാഴ്‌ച

പേരൂർശ്രീകൃഷ്ണ ക്ഷേത്രം തിരുവനന്തപുരംജില്ല




പേരൂർശ്രീകൃഷ്ണ ക്ഷേത്രം  തിരുവനന്തപുരംജില്ല

തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ അമ്പലമുക്ക് സ്റ്റോപ്പിൽ.പ്രധാനമൂർത്തി ശ്രീകൃഷ്ണൻ . പാർത്ഥസാരഥി  സങ്കല്പമാണ് .കിഴക്കോട്ടു ദര്ശനം അഞ്ചു പൂജയുണ്ട്. തന്ത്രം കുഴിക്കാട്ട് സ്വർണ്ണക്കൊടിമരം മീനത്തിലെ തിരുവോണം കൊടിയേറി  10  ദിവസത്തെ ഉത്സവം ചിത്തിര തിരുനാളിന്റെ കാലം മുതൽ മാസത്തിൽ ഒരു നാൾ തിരുവതാംകൂർ രാജാക്കന്മാർ ദര്ശനത്തിനെത്തിയിരുന്നു എട്ടുവീട്ടിൽ പിള്ളമാർ ഉഗ്രമൂർത്തിയായ ദേവിയെ രാജവംശം നശിക്കുന്നതിനു  പ്രതിഷ്ഠിച്ചപ്പോൾ  ഇതിനു ബദലായി പാർത്ഥസാരഥി സങ്കൽപ്പത്തിൽ  മാർത്താണ്ഡവർമ്മയുടെ  കാലത്ത് പണിതീർത്ത ക്ഷേത്രം എന്ന് പുരാവൃത്തം കൂവക്കര മഠം  പോറ്റിമാരുടെ  കൈവശമായിരുന്നു. ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ്. 

പെർഡാല ഉദയനേശ്വര ക്ഷേത്രം ,അമ്മാൻചേരിയമ്മ



പെർഡാല ഉദയനേശ്വര ക്ഷേത്രം 
കാസർകോട്  ജില്ലയിലെ  ബദിയടുക്ക പഞ്ചായത്തിൽ . കുമ്പള ബദിയടുക്ക  റൂട്ടില്ലെ കണ്ണെപ്പാടി സ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റര് . പ്രധാനപ്രതിഷ്ട ശിവൻ ഉമാസമെതനാണ് സൗമ്യ  മൂർത്തി കിഴക്കോട്ടു ദര്ശനം തൊട്ടുമുന്നിൽ പെർഡാലപുഴ. മൂന്നു നേരം പൂജ ഉപദേവതാ ശാസ്താവ്, കുട്ടിച്ചാത്തൻ  കുട്ടിച്ചാത്തൻ  സാത്ത്വികനാണ് എന്തെങ്കിലും സാധനങ്ങൾ കാണാതെ ആയാൽ ഈ കുട്ടിച്ചാത്തനു വഴിപാട് നേരും ധനു സംക്രമം ഉത്സവം ധനു ഒന്നിന് ഉച്ചവരെയുണ്ടാകും  ശിവരാത്രിയ്ക്കു പാലിച്ചാമുണ്ഡി തെയ്യവുമുണ്ട്. വിവാഹത്തിന് ഇവിടെ ഉമാമഹേശ്വരപൂജ  നടത്തും ഗണ്ഡകിനദിയിൽ നിന്നും  കിട്ടിയ ലിംഗം ഒരു സന്യാസി കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണെന്ന്  ഐതിഹ്യം മായപ്പാടി രാജാവിന്റെ ക്ഷേത്രമായിരുന്നു.

അമ്മാൻചേരിയമ്മ 

രാമനാട്ടുകര -ചെമ്മാട് റൂട്ടിലെ കളിയാട്ടുകാവിലാണ്  അമ്മാൻചേരിയമ്മ.അവിടെ ഇടവത്തിലാണ് ഉത്സവം കടലിലാണ് ആറാട്ട്.അന്നാണ് കടലുണ്ടി വാവുത്സവംപിതൃകർമ്മത്തിനും പ്രസിദ്ധമാണ് ഈഉത്സവം .മുൻപ് ഈ ക്ഷേത്രത്തിൽ സത്യം ചെയ്തിരുന്നു. നാടുവാഴി പണിതീർത്ത ക്ഷേത്രമാണ് എന്ന് കരുതുന്നു.കുന്നത്ത് തറവാടുമായും  കർത്തങ്ങാട് മൂസ്സത് കുടുംബത്തിനും  ഈ ക്ഷേത്രവുമായി ബന്ധമുണ്ട്. മണ്ണൂർ ശിവ
 ക്ഷേ ത്രവുമായും   ബന്ധങ്ങളുണ്ട്. ഈ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര് കിഴക്കുഭാഗത്ത് ജാതവൻ കോട്ട.ഈ ദേവിയുടെ  മകനാണ് ജാതവൻ എന്ന് സങ്കല്പം., 

പുലിക്കോട് അയ്യപ്പക്ഷേത്രം പാലക്കാട് ജില്ല



പുലിക്കോട് അയ്യപ്പക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊല്ലംകോട് .പ്രധാനമൂർത്തി അയ്യപ്പൻ പൂര്ണപുഷ്കലാ സമേതൻ .രൂപമില്ലാത്ത്ത മൂന്നു ശിലാ വിഗ്രഹമാണ്  കിഴക്കോട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി അണ്ടലാടി പൂജയ്ക്കു ബ്രഹ്മചാരി അല്ലെങ്കിൽ  പുറപ്പെടാശാന്തി വേണം എന്ന് ചിട്ടയുണ്ട്. ക്ഷേത്രത്തിനു തൊട്ടടുത്ത് വലിയ കുളം ഉപദേവതാ, ഗണപതി .കൊല്ലങ്കോട് കൊട്ടാരത്തിലെ കുലദേവത ശ്രീമൂർത്തിയും (ഭഗവതി-മഹാമേരു). ധനുവിലെ അവസാനത്തെ നാളും (ഉത്രം ) കൊല്ലങ്കോട് രാജാവിന്റെ നാളും  എടുക്കാൻ പാടില്ലാത്തതിനാൽ  ഓരോ വർഷവും ഓരോ ദിവസമായിരിക്കും ആറാട്ട് .പ്രധാന വഴിപാട് അപ്പം കൊല്ലങ്കോട് രാജാവിനെറെ ക്ഷേത്രമായിരുന്നു.ഇപ്പോൾ ക്ഷേത്ര സമിതി കൊടുങ്ങാ ട്ടു  വീട്ടുകാർക്കും ഈ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട്. കൊല്ലങ്കോട് ക്ഷേത്രത്തിൽ രാജാവിന്റെ സ്ഥാനാരോഹണം  കഴിഞ്ഞാൽ പല്ലക്കിൽ കയറ്റി ഒന്ന് കുറെ ആയിരം നായർ പടയാളികളുടെ  അകമ്പടിയോടെ ഈ ക്ഷേത്രത്തിൽ വന്നു തൊഴണം  എന്നാണു ആചാരം ഇതിനു ശേഷമാണ് നമ്പിടി കളരിയിൽ ചെല്ലുക. പാലക്കാട്  പുതു നഗരം റൂട്ടിലെ കിണാശേരിയിലുള്ള പൂവ്വകോട്  ശിവക്ഷേത്രവും കൊല്ലങ്കോട് രാജാവിന്റേതായിരുന്നു .അവിടെ പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം മൂന്നു പൂജ തന്ത്രി അണ്ടലാടി ഉപദേവതാ ഗണപതി നാഗരാജാവ് .ശിവരാത്രി ആഘോഷം 

ശ്രീ നാഗരാജ സുപ്രഭാതം | SREE NAGARAJA SUPRABHATHAM | Hindu Devotional So...

mannarasalayilulloru nagarajave kai tozhunne I mannarasala devotional so...

Pulluvan Pattu 1 | Malayalam Devotional Album | Audio Jukebox