പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
=================================
കൂടാളി പഞ്ചായത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ റോഡില്‍ മനോഹരമായ പൂവത്തൂര്‍ ഗ്രാമം. പൂവിന്റെ ഊര്ആണത്രേ പൂവത്തൂരായത്. ദേവാര്‍ച്ചനയ്ക്കുപയോഗിക്കുന്ന വിവിധ പൂവുകളാല്‍ സമൃദ്ധമാണീ സ്ഥലം. ഒരു കാലത്ത് ഈ സ്ഥലത്തെ ഭൂവുടമകളെല്ലാം ബ്രാഹ്മണരായിരുന്ന ത്രേ. ഈ പ്രദേശത്തെ പല ഗൃഹങ്ങളുടെയും പേരുകള്‍ ഈ ഭൂമികള്‍ക്ക് ഇന്നും ഉണ്ട്. പുറച്ചേരി, ചിത്തന്നൂര്, കൈതപ്രം മുതലായ ഗ്രാമങ്ങളില്‍ വസിക്കുന്ന നമ്പൂതിരിമാരുടെ ഇല്ലപ്പേരുകളായ കാനപ്രം, മേച്ചേരി, വാരണസി മുതലായ പേരുകളില്‍ ഈ ഭൂമികളിന്നും അറിയപ്പെടുന്നു . കാലപോക്കില്‍ അന്യം നിന്നുപോകുകയോ അല്ലെങ്കില്‍ പുഴയുടെ സമീപത്തേക്കവര്‍ താമസം മാറ്റിയതോ ആവാം.
ഈ ബ്രാഹ്മണരുടെ ആരാധനാ ദേവതയാകട്ടെ ദുര്‍ഗ്ഗയാണ്. രക്ഷകിയായ ഒരു ദേവതയുടെ സാന്നിദ്ധ്യത്താല്‍ പ്രഭാപൂരിതമായി നിൽക്കുകയാണീ പ്രദേശം. ഇന്ന് ഇവിടെ മഹാവിഷ്ണു ക്ഷേത്രമായാണാരാധനയെങ്കിലും പൂര്‍വ്വികമായി ഇതൊരു ദേവീക്ഷേത്രമായിരു ന്നെന്ന് പഴമക്കാരുടെയും ചരിത്രാന്വേഷികളുടെയും പക്ഷം. ക്ഷേത്രസമീപത്തായി സ്ഥിതിചെയ്യുന്ന ‘ദുര്‍ഗ്ഗാവിലാസം” സ്‌കൂള്‍ ഈ വിശ്വാസത്തെ ദൃഡീകരിക്കുന്നുണ്ട്.
ബ്രാഹ്മണാധിപത്യത്തില്‍ പ്രൗഡ ഗംഭീരതയോടെ പരിലസിച്ചിരുന്ന ക്ഷേത്രം ക്രമേണ ദേശവാസികള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. ധര്‍മ്മ സംരക്ഷണമെന്ന ഈ മഹത്കാര്യം ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത് ഗണപതിയോടന്‍ തറവാടിനും കൂടാളി താഴത്തുവീട്ടിലെ തറവാടിനും ആണ്. ഇന്നത്തെ ക്ഷേത്രേശ പദവി അലങ്കരിക്കുന്നത് കൂടാളി താഴത്തുവീട്ടിലെ നിയുക്ത അംഗമാണ്. മഹാമനസ്‌കരും ക്ഷേത്രാഭിവൃദ്ധിക്ക് ജനാധിപത്യ സ്വഭാവം വളരെ അത്യാവശ്യമാണെന്ന് ബോധ്യമുള്ളവരുമായ താഴത്തുവീട്ടംഗങ്ങള്‍ ജനകീയ ക്ഷേത്രക്കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ സമ്മതത്തോടെ ഇന്നും ചിട്ടയോടും ചുമതലകള്‍ ഏറ്റെടുക്കുന്നു. ശ്രീ പരമേശ്വരന്‍മാസ്റ്റര്‍ പ്രസിഡണ്ടും , കെ.കെ മോഹനന്‍മാസ്റ്റര്‍ സെക്രട്ടറിയുമായ 23 അംഗ കമ്മിറ്റിക്കാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല.
ക്ഷേത്ര സംബന്ധിയായ ആചാരാനുഷ്ഠാനങ്ങൾ , ധര്‍മ്മകാര്യങ്ങള്‍ എന്നിവ ഊരാളന്മാരായ തറവാട്ടംഗങ്ങളും മറ്റും നിലനിര്‍ത്തിവരികെ ക്ഷേത്രാഭിവൃദ്ധിയുടെ കുറവും ക്ഷേത്രേശന്മാരിലും നാട്ടുകാരിലും ഉണ്ടാക്കിയ അസ്വസ്ഥതകളും ക്ഷേത്രാഭിവൃദ്ധിക്കായി ചില കര്‍മ്മങ്ങളും ക്ഷേത്ര പുനരുദ്ധാരണവും ലക്ഷ്യമിട്ടപ്പോള്‍ ഒരു വിശദമായ പ്രശ്‌നചിന്ത തീരുമാനിക്കപ്പെടുകയും പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സുഭാഷ് ചെറുകുന്നിന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടമംഗല്യ ചിന്ത നടത്തുകയും ചെയ്തു പ്രസ്തുത പ്രശ്‌നചിന്തയില്‍. ആധുനിക തലമുറ മറന്നുപോയ ചില ഏടുകള്‍ അവതരിപിക്കപെട്ടപ്പോൾ മാറാല പിടിച്ചു കിടക്കുന്ന ചില സ്മൃതി ചിത്രങ്ങള്‍ മുന്‍തലമുറ പൊടിതട്ടി എടുത്തു അപ്പോഴാണ് ദുര്‍ഗ്ഗാക്ഷേത്രം വിഷ്ണുക്ഷേത്രമായതിന്റെ നാള്‍വഴികളെ കുറിച്ച് മനസ്സിലാക്കാനായത്. അതി പ്രാധാന്യമുള്ള ദുര്‍ഗ്ഗ സാന്നിദ്ധ്യം തന്നെയാണിന്നും ഈ പ്രദേശത്തെ സംരക്ഷിച്ചുപോരുന്നത് മാതൃഭാവത്തോടെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമ്മ മക്കളുടെ അവഗണനയും ഒരു പരിഭവവുമില്ലാതെ സഹിക്കുകയാണ്. ക്ഷേത്രമാകട്ടെ ജീര്‍ണ്ണതയുടെ വക്കിലും. എല്ലാ മരങ്ങളിലും വണ്ടുകള്‍ താമസമാക്കിയിരുന്നു. കൂടാളി. എന്നും അന്വര്‍ത്ഥമാക്കുകയായിരുന്നു ആ മരങ്ങള്‍. അളി എന്നാല്‍ വണ്ട്-കളികളുടെ കൂട്(കൂടാളി). ക്ഷേത്രത്തില്‍ മരങ്ങള്‍ പുരാതന കാലത്ത് കെട്ടിയ ഊട്ടുപുരയുടെ ചില അവശിഷ്ടങ്ങള്‍, ശരിയായ ചുറ്റുമതിലും മറ്റും ഇല്ലാത്ത അവസ്ഥ ഏതു ഭക്തനിലും പ്രയാസമുണ്ടാക്കും.എന്നിരുന്നാലും മഹാവിഷ്ണു, ദുര്‍ഗ്ഗ, ഗണപതി എന്നീ ദേവ പ്രതിഷ്ഠകള്‍ക്ക് യാതൊരൈശ്വര്യക്കുറവും ഉണ്ടായിരുന്നില്ല.ഈ ചൈതന്യങ്ങളെ യഥാവിധി ആരാധിച്ചാല്‍ തദ്ദേശവാസികള്‍ക്ക് വളരെയധികം ക്ഷേമമുണ്ടാകുമെന്നാണ് പ്രശ്‌നത്തില്‍ വ്യക്തമായത്
അതുവരെ വിശ്വസിച്ചുവന്ന പ്രധാനമൂര്‍ത്തിയായ മഹാവിഷ്ണുവിനോടൊപ്പം തന്നെ പ്രാധാന്യം നല്‍കി ദുര്‍ഗ്ഗയെയും ആരാധിക്കണമെന്ന് കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ ദുര്‍ഗ്ഗാദേവി സിധി പ്രത്യേകമായി നവീകരിച്ച് പാട്ടുപുരയോട് അലങ്കാരങ്ങളോടും കൂടി പ്രത്യേക ശ്രീകോവിലാക്കുകയും യഥാസ്ഥാനത്ത് ഊട്ടുപുരയും ചുറ്റുമതിലുകളും നിര്‍മ്മിക്കുന്നതിനും നിദാനമായത് ഈ ചിന്തയാണ്. അതോടുകൂടി ക്ഷേത്രത്തിനകപ്പെട്ടിരുന്ന അരിഷ്ടത അവസാനിക്കുന്നതാണ് കണ്ടത്.
പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം തന്ത്രി കരുമാരത്തില്ലമാണ്. പ്രസ്തുത തന്ത്രിമാരാണ് മഹാവിഷ്ണു പ്രതിഷ്ഠ നടത്തിയത്. സ്വര്‍ണ്ണപ്രശ്‌ന ചിന്തക്കുശേഷം അതുവരെ പ്രധാന ദേവതയായി കരുതിയാരാധിച്ച ദുര്‍ഗ്ഗാദേവിക്ക് ആരാധനയില്‍ വന്ന അപചയങ്ങളും മറ്റും പരിഹരിച്ച് ക്ഷേത്രനവീകരണം നടത്തി പുനഃപ്രതിഷ്ഠ ചെയ്ത് ആരാധിക്കാന്‍ തുടങ്ങിയതോട് കൂടി തന്നെ ഐശ്വര്യപ്രദമായ ദിനങ്ങളിലേക്കുള്ള പ്രയാണമാരംഭിച്ചെന്ന് പറയാം.
പൂവത്തൂര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ഈ സ്വര്‍ണ്ണപ്രശ്‌നങ്ങളും പരിഹാരങ്ങളും ഒരു മഹത് കര്‍മ്മമായി മാറുകയായിരുന്നു. ഗ്രാമവാസികളൊറ്റ മനസ്സോടെ ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഇറങ്ങി പുറപ്പെട്ടപ്പോള്‍ അത് വര്‍ത്തമാനകാല സമൂഹത്തിനു മാത്രമല്ല ഭാവികാല സമൂഹത്തിന്റെയും പുണ്യമായി മാറുകയായിരുന്നു.
ജനങ്ങളെ ഏക മനസ്സോടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടും പ്രമുഖ ജ്യോത്സ്യരുമായിരുന്നു ശ്രീ പരമേശ്വരന്‍ നമ്പൂതിരിയാണ്. സ്വര്‍ണ്ണപ്രശ്‌ന തീരുമാനപ്രകാരം നടന്ന തീര്‍ത്ഥയാത്രകള്‍ സമീപപ്രദേശ വാസികള്‍ക്കാകമാനം അത്ഭുതകരമായിരുന്നു. 13 ബസ്സുകളില്‍ നിറയെ വിവിധ തരക്കാരായ ആളുകള്‍ അവര്‍ക്കൊക്കെ ഏക മനസ്സ് പൂവത്തൂരമ്പലത്തിന്റെ ശ്രേയസ്സ് മാത്രം. ആ യാത്രയാണ് നാട്ടുകാരില്‍ ഐക്യവും ക്ഷേത്ര വിശ്വാസവും ഊട്ടിയുറപ്പിച്ചത്.
മകരപൊങ്കാല
പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത് ക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്രശ്‌ന ചിന്തയോടെ നടന്ന ദുര്‍ഗ്ഗാദേവി ആരാധനയാണെന്ന് സൂചിപ്പിച്ചുവല്ലോ. പൂര്‍വ്വികമായി നടന്ന ആരാധനാക്രമങ്ങള്‍ക്ക് വിഘ്‌നം സംഭവിച്ചാല്‍ അത് നാടിന്റെ അധഃപതനത്തിനിടയാക്കാറാണ് പതിവ്. എന്നാല്‍ സര്‍വ്വം സഹയായ ഈ അമ്മ മക്കളോട് പ്രതികാരം ചെയ്യാനല്ല ഒരുങ്ങിയത് . ഏതു മുടിയനായ പുത്രനോടും ക്ഷമിക്കുന്ന അഭയ വരദായിനി അമ്മ മക്കളുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞിരുന്നു. ഒടുവില്‍ ഒരു സമയം വന്നപ്പോള്‍ തന്റെ സാന്നിദ്ധ്യവിശേഷത്തെ ഒരു ദൈവജ്ഞന്റെ നാവിലൂടെ അവതരിപ്പിക്കുകയും ചെയ്തു.നാമജപ പ്രാധാന്യമായ കലികാലത്ത് ജനസഹസ്രങ്ങള്‍ ഭക്തിയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ അമ്മയ്ക്കും പണ്ട് അനുഭവിച്ചിരുന്നു പൂജാനിവേദ്യങ്ങള്‍ അതേപടിയോ ഒരു പക്ഷെ അതില്‍ കൂടുതലോ ലഭിക്കാനിടയായി.
അതില്‍ തന്നെ ദുര്‍ഗ്ഗാദേവി പ്രാധാന്യമായി കരുതുന്ന പൊങ്കാല സമര്‍പ്പണം മലബാറില്‍ വളരെ മഹത്വപൂര്‍വ്വം നിര്‍വ്വഹിക്കാനാരംഭിച്ചതും പൂവത്തൂരാണ്.എല്ലാ ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന പ്രതിഷ്ഠാദിന ഉത്സവം മഹാവിഷ്ണു പ്രധാനമാണ്. മന്ത്രമോ, തന്ത്രമോ ഒന്നും വശമില്ലാത്ത ദേവീ സ്വരൂപിണികളായ സ്ത്രീകള്‍ നിവേദ്യമുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുന്നതാണ് പൊങ്കാല. മുന്‍പ് ഈ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഒരു ചടങ്ങ് പതിവുള്ളതായി അറിയില്ല. എന്നാല്‍ നെല്‍വയലുകളാല്‍ സമൃദ്ധമായ ഒരു ഗ്രാമത്തിലെ കൃഷിക്കാര്‍ കൊയ്തിനുശേഷം സമര്‍പ്പിക്കുന്ന പുന്നെല്ലരികൊണ്ട് നിവേദ്യമുണ്ടാക്കുകയും അന്നദാനങ്ങള്‍ നടത്തുകയും ചെയ്തതായി ഓര്‍ക്കുന്നവരുണ്ട്. വടക്കേ മലബാറില്‍ ഇവിടെ മാത്രമാണ് പൊങ്കാല ഇത്രയധികം ജനപങ്കാളിത്തത്തോടെ നടക്കുന്നത്. അന്നദാന പ്രിയയും അന്നപൂര്‍ണ്ണാ സ്വരൂപിണിയുമായ ദേവതയുടെ അനുഹ്രഹത്തിന് പാത്രീഭൂതരാകാന്‍ അന്നെദിവസമെത്തുന്ന ആയിരക്കണക്കിന് ജനങ്ങള്‍ ദേവീ സാന്നിദ്ധ്യത്തിനും ഭദ്രകാളി കടാക്ഷത്തിനും പ്രത്യക്ഷോദാഹരണമാണ്.
ഹോമകുണ്ഡത്തോടെ സ്ഥിതിചെയ്യു ഗണപതി ഭഗവാന്‍
ഈ ക്ഷേത്രത്തിലെ മറ്റൊരു വിശേഷത ഹോമകുണ്ഡത്തോട് കൂടി പ്രതേക ശ്രീകോവിലില്‍ വാഴുന്ന ഗണപതി ഭഗവാനാണ്. മഹാവിഷ്ണുവിനും ദുര്‍ഗ്ഗക്കും അഭിമുഖമായിരിക്കുന്ന ഗണപതിക്ക് നിത്യേന അഷ്ടദ്രവ്യ സഹിതം നടത്തുന്ന സാര്‍വ്വജനിക മഹാഗണപതിഹോമം സര്‍വ്വജനങ്ങളുടെയും വിഘ്‌നങ്ങളെ ഹരിക്കുന്നതാണത്രെ.
പ്രധാന ദേവതമാരെ പോലെ തന്നെ ഉപദേവതമാര്‍ക്കും തുല്യ പ്രാധാന്യം നല്‍കി ധര്‍മ്മ പരിപാലനം നടക്കുന്ന ഈ ക്ഷേത്രത്തിന്റെ പൗരാണികത പൂര്‍വ്വികമായ നടന്ന ആചാരാനുഷ്ഠാനങ്ങള്‍, മഹാവിഷ്ണു പ്രതിഷ്ഠ, നവീകരണത്തിനുശേഷം എല്ലാ ദേവന്മാര്‍ക്കും പ്രത്യേകം ശ്രീകോവിലുകളില്‍ നടക്കുന്ന ആരാധനകള്‍, ഉത്സവം മുതലായ വിശേഷങ്ങള്‍, മാസം തോറുമുള്ള അന്നദാന പ്രധാനമായ സാമൂഹിക വിശേഷങ്ങള്‍ ഇതിനെല്ലാം പുറമെ മകരപൊങ്കാല സമര്‍പ്പണം എന്നിവ കൊണ്ട് ധന്യമാകുന്ന ഈ ദേശത്തിന് ക്ഷേമ ഐശ്വര്യങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
വ്യക്തതയോടെയും കൃത്യതയോടെയും സാമൂഹ്യ ബോധത്തോടെയും കൂടി ഒരു സമൂഹം പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടെ ഭഗവത് ചൈതന്യം അദൃശ്യമായി എല്ലാവരിലും അനുഗ്രഹങ്ങളെ ചൊരിയുക തന്നെ ചെയ്യും.ഒരു കാലത്ത് നന്നായിവന്നിരുന്ന ധര്‍മ്മം മദ്ധ്യകാലത്ത് അതിനുണ്ടായ ചെറിയ ക്ഷീണം,അതിനു കാരണം കണ്ടുപിടിച്ച് പരിഹരിക്കാനുള്ള ദേവപ്രശ്‌നം, പിന്നെ നവീകരണമെന്ന നവോത്ഥാനം അതിനായി അനേകം മനുഷ്യരുടെ അകമഴിഞ്ഞ സഹകരണം. ധര്‍മ്മ സംസ്ഥാപനത്തിന് ഇതില്‍ കവിഞ്ഞെന്താണ് വേണ്ടതുള്ളത് .