2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം...തൃശ്ശൂർ ജില്ല





വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം...

കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഇവിടുത്തെ തേവര ബിംബ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ്  എന്നാണ് ഐതിഹ്യം.

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാ ശിവക്ഷേത്രം.

തിരുവിംബിലപ്പന്‍റെ പ്രതിഷ്ഠ പരശുരാമ പ്രതിഷ്ഠിതമെങ്കിലും സ്വയംഭൂവായ ശിവലിംഗമാണ് ഇവിടെയുള്ളത്.

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവിമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.

ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം.

ഉപദേവന്മാർ:-
ദക്ഷിണാമൂർത്തി,ഗണപതി,പാർവ്വതീദേവി

വെങ്ങനല്ലൂരിൽ നിത്യവും അഞ്ചുപുജകളും മൂന്നുശീവേലികളു പടിത്തരമാക്കിയിട്ടുണ്ട്.

ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. തുടർന്ന് അഭിഷേകവും ഉഷഃപൂജയും നടത്തുന്നു. തുടർന്ന് എതിരേറ്റുപൂജ, അതിനൊപ്പം തന്നെ ഗണപതിഹോമം നടത്തുന്നു. തുടർന്ന് ശീവേലിയും പന്തീരടിയും ഉച്ചപൂജയും നടത്തി വീണ്ടും ശീവേലിക്കിറങ്ങുന്നു. വൈകുന്നേരം ഒരു പൂജ മാത്രം അതിനുശേഷം രാത്രിശീവേലി കഴിഞ്ഞ് നടയടക്കുന്നു.

പ്രധാന ആഘോഷങ്ങളിൽ പ്രാമുഖ്യം ശിവരാത്രിയാണ്.

തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.

ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം (പാലിയം ക്ഷേത്രം )...



ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം...


ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം (പാലിയം ക്ഷേത്രം )...
വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം...
എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ക്ഷേത്ര നിർമ്മിതിയാൽ പ്രസിദ്ധമാണ്.
2000 വര്‍ഷത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള അതിപുരാതന ശിവ ക്ഷേത്രമായ ചേന്ദമംഗലം കുന്നത്തളിക്ഷേത്രത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ വാഴുന്നു .ശില്‍പ്പ കലയാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം.
ബ്രഹ്മാവിനും മഹാവിഷ്ണുവിനും ഉപക്ഷേത്രങ്ങള്‍ ഉള്ള ഏക ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം
ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം. ജയന്തന്‍ എന്നാല്‍ വിഷ്ണു എന്നര്‍ത്ഥം. പ്രശസ്തമായ ഒരു വിഷ്ണുക്ഷേത്രം ഇവിടെയുണ്ട് എന്നത് സ്ഥലനാമത്തിന് കൂടുതല്‍ ശക്തി പകരുന്നു.
പെരിയാറിന്‍റെ മറ്റൊരു പേരാണ് ചൂര്‍ണ്ണി..അതല്ല ജയന്തന്‍ എന്ന മഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് ജയന്തമംഗലം എന്ന വാദവുമുണ്ട് .
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രത്തിനു പാലിയം കുന്നത്തുതളിക്ഷേത്രം എന്ന പേരുകൂടിയുണ്ട് .
പെരിയാറിന്‍റെ തീരം എന്നതുകൊണ്ട് വില്ലാര്‍വട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു.
വില്ലാർവട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലം .വില്ലാര്‍ വട്ടം രാജാക്കന്‍മാര്‍ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനാല്‍ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നല്‍കിയെന്നും കൊടുങ്ങല്ലൂര്‍ കഞ്ഞുക്കുട്ടന്‍ തമ്പുരാന്‍റെ കോകിലസന്ദേശ വ്യാഖ്യാനത്തില്‍ പറയുന്നു. വില്ലാര്‍വട്ടം സ്വരൂപം കാലാന്തരത്തില്‍ അന്യം നിന്നു.
എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചിരാജ്യത്തിന്‍റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം..കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. "കൊച്ചിയിൽ പാതി പാലിയം" എന്ന ചൊല്ല് ഇവരുടെ ശക്തി തെളിയിക്കുന്നു.
പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് അവർണ്ണഹിന്ദു സമുദായങ്ങൾക്ക് ഈ മഹാക്ഷേത്ര പ്രവേശനത്തിനു വേണ്ടിയായിരുന്നു.
സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.
ഉപദേവതകള്‍ :-
ഗണപതി,ബ്രഹ്മാവ്‌,മഹാവിഷ്ണു,ദക്ഷിണാമൂര്‍ത്തി,
അഘോരമൂര്‍ത്തി ,പൂര്‍ണ്ണ പുഷ്കല സമേതനായ ശാസ്താവ്,കൊടുങ്ങല്ലൂര്‍ ഭഗവതി...
ക്ഷേത്രത്തില്‍ ശിവരാത്രി ഗംഭീരമായി നടത്തപെടാറുണ്ട്...
ഓം നമ:ശിവായ 

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം...







കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം...

വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യമുള്ള 108ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം. ഇളയിടത്തു സ്വരൂപത്തിന്‍റെ ദേവനായി "ഇളയിടത്തപ്പ"നായി ഭഗവാന്‍ ഇവിടെ വാഴുന്നു.
പ്രധാന പ്രതിഷ്ഠാമൂർത്തി ശൂലപാണിയായ ശ്രീ പരമശിവനാണ്. അർദ്ധനാരീശ്വര പ്രതിഷ്ഠാസങ്കല്പമുള്ള മഹാക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീ പരമശിവന്‍ സ്വയംഭൂവായ ശിവലിംഗ സ്വരൂപത്തില്‍ പടിഞ്ഞാറു ഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
കൊട്ടാരക്കര തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കൊട്ടാരക്കര തമ്പുരാന്‍റെ ആഗ്രഹ പ്രകാരം പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്ര നിർമ്മാണം നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ മഹാതച്ചനായ ഉളിയന്നൂർ പെരുന്തച്ചനാണ്.
ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്‍റെ അപേക്ഷ നിരസിച്ചു. ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് കിഴക്കേക്കര ക്ഷേത്രം , ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.
ഒരിക്കല്‍ ,ജാതകവശാൽ തന്‍റെ ആയുസ്സു തീരാറായി എന്നു മനസ്സിലാക്കാൻ കഴിഞ്ഞ മലബാറുകാരനായ ബ്രാഹ്മണൻ പ്രായിശ്ചിത്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം ഭജനമിരുന്നു. 41-ആം ദിവസം സ്വപ്നത്തിൽ ഒരാൾ വന്ന് ഇനി ഇവിടെ ഇരുന്നിട്ടു കാര്യമില്ലന്നും ഇളയിടത്തപ്പനെ ഭജിക്കാനായി ഉപദേശിച്ചു. അങ്ങനെ അദ്ദേഹം പടിഞ്ഞാറ്റിൻകരയിൽ വരികയും ഒരു മണ്ഡലകാലം ഇളയിടത്തപ്പന്‍റെ തിരുനടയിൽ ഭജനമിരിക്കുകയും ചെയ്തു.
നാല്പത്തി ഒന്നാം ദിവസം സന്ധ്യക്ക് കിഴക്കേ കുളത്തിൽ ശരീരശുദ്ധി കഴിച്ച് മടങ്ങിവന്ന ബ്രാഹ്മണനെ ഒരു സർപ്പം വിടാതെ പിന്തുടരുകയും ക്ഷേത്ര നാലമ്പലം വരെ അനുഗമിക്കുകയും ചെയ്തു. സർപ്പത്തെ കണ്ട് ഓടി ഇളയിടത്തപ്പന്‍റെ നടയിൽ വരുമ്പോൾ ദീപാരാധനയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു. പെട്ടന്ന് തിരുനട തുറക്കുകയും മുകളിൽ നിന്നും ഒരു പരുന്തു പറന്നു വന്നു സർപ്പത്തെ കൊത്തി പറക്കുകയും, പുറത്തു കൊണ്ടുപോയി അതിനെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
സർപ്പത്തെ കൊന്നു ഉപേക്ഷിച്ച സ്ഥലം പിന്നീട് ജടായൂകാവ് എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള ആ സ്ഥലം ഇന്ന് വലിയ ഒരു സർപ്പകാവാണ്. തന്‍റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ ഗോശാല നിർമ്മിച്ചു കൊടുത്തു. അതാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല.
14-ആം നൂറ്റാണ്ടുവരെ ഇളയിടത്തു സ്വരൂപത്തിന്‍റെ തലസ്ഥാനം കിളിമാനൂരിനടുത്ത് കുന്നുമേൽ ആയിരുന്നു. പിന്നീട് കുന്നുമേലിൽ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റുകയും അന്ന് നെടുമങ്ങാടും, കൊട്ടാരക്കരയും പൂർണ്ണമായും, തിരുവനന്തപുരം, പത്തനാപുരം, ചെങ്കോട്ട, തുടങ്ങീ പ്രദേശങ്ങൾ ഭാഗീയമായും ഇളയിടത്തു സ്വരൂപത്തിന്‍റെ ഭാഗമായിരുന്നു.
തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തോളം ഇതു തുടർന്നു പോന്നു. കൊട്ടാരക്കരയിലെ ആദ്യ കൊട്ടാരം പണിതീർത്തത് വേണാട്ടരചനായിരുന്ന ഉദയമാർത്താണ്ഡവർമ്മയായിരുന്നു (1382-1444). കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌ .പതിനേഴാം നൂറ്റാണ്ടിലാണ്‌ കഥകളി ഉദ്ഭവിച്ചത്‌.കഥകളി ആദ്യകാലങ്ങളിൽ അരങ്ങേറിയ മഹാക്ഷേത്രം കൂടിയാണ് പടിഞ്ഞാറ്റിൻകര മഹാ ശിവക്ഷേത്രം.
ശ്രീകോവിൽ വൃത്താകൃതിയിലുള്ള ഇരുനിലയിൽ തീർത്തിരിക്കുന്നു. ഉപദേവപ്രതിഷ്ഠാമൂർത്തിമാരായി ശ്രീകൃഷ്ണനും, ഗണപതിയും, ശാസ്താവും, നാഗരാജാവും, നാഗയക്ഷിയും ഇളയിടത്തപ്പന്‍റെ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുനാൾ കൊണ്ടാടുന്നു.


 ക്ഷേത്ര സമീപമുളള 12 കാല്‍ കൊട്ടാര മണ്ഡപത്തില്‍ വച്ചായിരുന്നു കരക്കാര്‍ തമ്മില്‍ ഉത്സവ കാര്യവിചാരങ്ങള്‍ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകള്‍. ‘കൊട്ടാര’ത്തില്‍ വച്ച് ‘കര’ക്കാര്‍ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

ദേശീയ പാത 220 ന് അരികിലായി കൊട്ടാരക്കര നഗരത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഓം നമ: ശിവായ ...
കടപ്പാട് :ml.wikipedia

ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം...എറണാകുളം ജില്ല




ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം...

ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
എറണാകുളം ജില്ലയിൽ‍,കണയന്നൂര്‍ താലൂക്കില്‍,
ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ്.
കേരളത്തിലെ ഏക വൈദ്യനാഥ ക്ഷേത്രമാണ് ചേരാനല്ലൂര്‍ മാരാപറമ്പ് മഹാദേവക്ഷേത്രം...
എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ചേരാനല്ലൂർ മഹാദേവക്ഷേത്രം ആണത്..
കോകസന്ദേശത്തില്‍ പരാമര്‍ശ വിഷയമാകുന്നില്ലെങ്കിലും ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. എന്നാല്‍ ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രത്തെ സംബന്ധിച്ച് കോക സന്ദേശകാരന്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മാരാപ്പറമ്പ് ക്ഷേത്രത്തിന്‍റെ കരിങ്കല്‍ത്തറയുടെ പ്രത്യേക നിര്‍മ്മിതിയുടെ ശില്പരീതി വച്ച് ആദിയില്‍ അത് ജൈനക്ഷേത്രവും പിന്നീട് ശിവക്ഷേത്രവുമായി മാറിയതാണെന്ന് പറയുന്നു...
108 ശിവാലയ സ്തോത്രത്തില്‍ ഇതില്‍ ഏതു ക്ഷേത്രമാണ് വിവരിക്കുന്നത് എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമേറിയ രണ്ടുക്ഷേത്രങ്ങളും എറണാകുളം ജില്ലയില്‍ പെരിയാറിന്‍റെ തീരത്താണ്. രണ്ടു ക്ഷേത്രങ്ങളും 108 ശിവ ക്ഷേത്രങ്ങിൽ വരുമെന്ന് ദേശവാസികള്‍ പറയുന്നു.
നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു. പരശുരാമ പ്രതിഷ്ഠിതം എന്ന് പറയുമ്പോഴും സ്വയംഭൂലിംഗമാണ് ഇവിടെ .
ചേരാനെല്ലൂർ ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും കൈമോശം വന്നുപോയി.
ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി, ഭഗവാന്‍റെ തിരുനാളായ തുലാമാസത്തിലെ തിരുവാതിര നാളില്‍ ,ഭക്തര്‍ ഇവിടെ "ഘൃതധാര " വഴിപാടായി നടത്തുന്നു.
ഇവിടുത്തെ ശ്രീകോവിൽ രണ്ടു തട്ടായി ചതുരാകൃതിയിൽ പണിതീർത്ത ഉത്തമ സൗധമാണ്. കിഴക്കേ സോപാനത്തിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്.
നാലമ്പലവും, തിടപ്പള്ളിയും, ബലിക്കൽപ്പുരയും, എല്ലാം ഒരു മഹാക്ഷേത്ര പ്രൗഡിക്ക് ചേരുംവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര വളപ്പിൽ തന്നെ ഗണപതിക്കും, ഭഗവതിക്കും, സുബ്രഹ്മണ്യനുമായി ഉപക്ഷേത്രങ്ങളും മനോഹരമായിതന്നെ നിർമ്മിച്ചിരിക്കുന്നു ഇവിടെ.
ശംഖാഭിഷേകം പ്രധാന വഴിപാടാണ്...
ഉപദേവന്മാർ :-ഗണപതി,ഭഗവതി,സുബ്രഹ്മണ്യൻ,രക്ഷസ്സ്
വിശേഷ ദിവസങ്ങൾ:-
കുംഭ മാസത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്. ശിവരാത്രി,വിനായക ചതുർത്ഥി,തൈപൂയം,നവരാത്രി എന്നിവ ആഘോഷിക്കുന്നു.
നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.
ചേരാനെല്ലൂര്‍ എന്ന സ്ഥലനാമത്തെ പറ്റി വാദങ്ങള്‍ പലതുണ്ട്. കേരളം, തമിഴകത്തിന്‍റെ ഭാഗമായിരുന്ന കാലത്ത് അറിയപ്പെട്ടിരുന്നത് ചേരം എന്ന പേരിലായിരുന്നുവെന്നും, അതുകൊണ്ട് ചേരശബ്ദ വാചിയായ സ്ഥലനാമങ്ങള്‍ കേരളത്തിന് അന്യമല്ലാതെ വന്നതായി പറയപ്പെടുന്നു. ചേരമാന്‍ പെരുമാളിന്‍റെ നല്ല ഊര് ലോപിച്ചാണ് ചേരാനല്ലൂര്‍ എന്ന പേര് ഉണ്ടായത് എന്ന വി.വി.കെ.വാലത്തിന്‍റെ വാദമാണ് കൂടുതല്‍ അംഗീകാരയോഗ്യമായത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ ചേരാനല്ലൂര്‍ കുഞ്ചുകര്‍ത്താവിനെസംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചി രാജാവിന്‍റെ സൈനികതലവനും ദേശവാഴിയുമായിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ആണ് ഭരണം നടത്തുന്നത്.
ഓം നമ:ശിവായ .

കൊല്ലൂർ മൂകാംബിക ക്ഷേത്രം...ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍





കൊല്ലൂർ മൂകാംബിക ക്ഷേത്രം...

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം..ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. .
ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്,ആദിപരാശക്തി അക്ഷര ദേവതയായി കുടികൊള്ളുന്നയിടമാണ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം...
പരശുരാമന്‍ സൃഷ്ട്ടിച്ച കേരളത്തിന്‍റെ വടക്ക്‌ കൊല്ലൂര്‍ മൂകാംബിക, തെക്ക്‌ കന്യാകുമാരി, കിഴക്ക്‌ പാലക്കാട്‌ ഹേമാംബിക, പടിഞ്ഞാറ്‌ കൊടുങ്ങല്ലൂര്‍ ഭദ്രാംബിക എന്നീ നാല്‌ ദേവീരൂപങ്ങളുടെ കാവലിലാണ്‌ മലയാളദേശമെന്നാണ്‌ ആചാര്യ മതം. മലയാള ദേശത്തിന്‍റെ വടക്കു ഭാഗത്തിന്‍റെ കാവല്‍ ശക്തിയായി കാണുന്നതും ഈ ശക്തിസ്വരൂപിണിയെയാണ്‌.
വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരി വരെയായിരുന്നു പുരാതന കേരളം .കലയുടെയും സാഹിത്യത്തിന്‍റെയും ഉപാസകരെല്ലാം പ്രാര്‍ത്ഥിക്കുന്നത്‌ മൂകാംബികയെയാണ്‌.
ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ ഇന്ദ്രപദവി ലഭിക്കുന്നതിനായി കംഹാസുരന്‍ എന്ന അസുരനും ശിവപ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ പാർവതിദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരൻ എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ ദേവി ഭക്തനായ കോലമഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ആദിശങ്കരൻ ഈ പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്.
കോലമഹര്‍ഷിയുടെ കാലശേഷം സ്ഥലനാമം കോലാപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത്‌ പഴമ.
മൂകാംബിക ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം 40 കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. കുടജാത്രി മലമുകളിലാണ്‌ ആദിശങ്കരൻ തപസ്സു ചെയ്യുകയും ഈ തപസ്സിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്‍റെ കൂടെ ദേവി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്‍റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു.
അങ്ങനെ ദേവി സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം.
കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു.
കുടജാദ്രി മലമുകളില്‍ ശങ്കരന്‍ തപസ്സു ചെയ്യ്തയിടമാണ് "ചിത്രമൂല ഗുഹ" .കുടജാദ്രി മലമുകളില്‍ കാണുന്ന സർവ്വജ്ഞ പീഠം എന്ന കരിങ്കല്‍ മണ്ഡപവും ആദിശങ്കരവിഗ്രഹവും മൈസൂര്‍ രാജാക്കന്മാരുടെ സംഭാവനയായിരിക്കാം. കുടജാദ്രി മലമുകളില്‍ ദേവി, കംഹാസുരനെ നിഗ്രഹിക്കാന്‍ ഉപയോഗിച്ച ത്രിശൂലം ഇന്നും തുരുമ്പുപിടിക്കാതെ മലമുകളില്‍ കാണാം. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലം കൂടിയാണ് കുടജാദ്രി.
ചതുര്‍ബാഹുവായ ദേവീരൂപമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്‌. ശംഖും ചക്രവും വരവും അഭയമുദ്രയും നാലുകൈകളിലായി ഏന്തി പത്മാസനത്തിലിരിക്കുന്ന പഞ്ചലോഹനിര്‍മിതമായ ദേവീ രൂപം ആദിശങ്കരന്‍റെ നിര്‍ദേശപ്രകാരമാണ്‌ പ്രതിഷ്ഠിച്ചത്‌ .
ഈ പ്രതിഷ്ഠക്ക്‌ മുന്നിലെ ജ്യോതിര്‍ലിംഗം സ്വയംഭുവാണ്. ശ്രീചക്രഭാവാത്മകമായ ജ്യോതിര്‍ലിംഗമാണത്‌. ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ. സ്ത്രീശക്തിയുടെ പരമമായ പ്രതീകമാണ്‌ ആദിപരാശക്തി. അക്ഷരദേവതയായ ശക്തിസ്വരൂപിണിയാണ്‌ മൂകാംബികയിലുള്ളത്...
ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന മരതകരത്നം വളരെ അമൂല്യവും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.
മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ.
വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, നഞ്ചുഠേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. വീരഭദ്രസ്വാമി, ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹർഷി തന്നെയാണ് വീരഭദ്രസ്വാമി എന്നും സങ്കൽപ്പങ്ങൽ നിലവിലുണ്ട്‌.
ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. കൂടാതെ വീരഭദ്രസ്വാമി ക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്. അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകൾ നടത്തപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിൽ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു
നാലമ്പലത്തിനകത്ത് ഗർഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയിൽ ശങ്കരാചാര്യര്‍ ധ്യാനിച്ചിരുന്ന സ്ഥലം കാണാം.ആനേകം നാളുകൾ ഇവിടെയാണു ആദിശങ്കരൻ ദേവിപൂജ നടത്തിയതെന്നു പറയുന്നു.
ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുവര്‍ണ (ഗരുഡന്‍)തന്‍റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിപൂജയോട് അനുബന്ധിച്ചാണ്‌ മൂകാംബികയിലെ പ്രധാന പൂജകളെല്ലാം നടക്കുന്നത്‌,ജന്‍മാഷ്ടമിയും പ്രധാനമാണ്. വിദ്യാരംഭം കുറിക്കുന്ന നവരാത്രികാലത്ത്‌ മൂകാംബിക ദര്‍ശനം പരമപുണ്യമാണ്‌. കൊല്ലൂര്‍മൂകാംബികക്ക്‌ മുന്നില്‍ വിദ്യ ആരംഭിക്കാന്‍ കഴിയുന്നത്‌ പരമമായ ഭാഗ്യമായാണ്‌ കരുതുന്നത്‌. വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് മൂകാംബികയില്‍ ആഘോഷിക്കുന്നു.
ട്രെയിനില്‍ ബൈണ്ടൂര്‍ സ്റ്റേഷനില്‍ (ഇപ്പോള്‍ മൂകാംബിക റോഡ്‌ സ്റ്റേഷന്‍ എന്നാണു പേര് ) ഇറങ്ങി ഓട്ടോ/ടാക്സിയില്‍ 26km സഞ്ചരിച്ചാല്‍ കൊല്ലൂരില്‍ എത്താം,ബസ്സ്‌ സര്‍വീസ്സും ലഭ്യമാണ്.
അമ്മേ ശരണം ...ദേവീ ശരണം ..

വേളോര്‍വട്ടം മഹാദേവക്ഷേത്രം ...ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തു




വേളോര്‍വട്ടം മഹാദേവക്ഷേത്രം ...

പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള വേളോര്‍വട്ടത്താണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം (post 98). രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്.
രണ്ടു ശ്രീകോവിലുകളും രണ്ടു കൊടിമരങ്ങളും ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് വേളോർവട്ടം ശിവക്ഷേത്രം.
രണ്ടു ശ്രീകോവിലിലും ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍ വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . രണ്ടും കിഴക്ക് ദര്‍ശനത്തിലാണ്.
വേളോർവട്ടം ശിവക്ഷേത്രം സ്ഥാപിച്ചത് ഏകദേശം 700 വർഷങ്ങൾക്കു മുൻപ് വില്വമംഗലം സ്വാമി ആണെന്നു കരുതപ്പെടുന്നു .
മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം.മുൻപ് ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് ആയിരുന്നു ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം.കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽ അത്യുന്നത ആത്മീയ പദവി അലങ്കരിച്ചിരുന്ന ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ.കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള തമ്പ്രാക്കൾ ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാനവാക്കായിരുന്നു.

ക്ഷേത്രം വകയായി വളരെ വസ്തുവകകളുണ്ടായിരുന്നു.
ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍,വേളോര്‍വട്ടം ദേവസ്വം വക കാര്യങ്ങളന്വേ‌ഷിക്കുന്നതിനു , പ്രസിദ്ധൻമാരും പ്രബലന്മാരുമായിരുന്ന തോണിക്കടവ് മേനോന്മാരെ ഏൽപിച്ചിരുന്നു അവർ കൌശലത്തിൽ ദേവസ്വം വക വസ്തുക്കളെല്ലാം അവരുടെ പേരിലാക്കിത്തീർത്തു. തമ്പ്രാക്കൾ ആ വിവരമറിഞ്ഞു തോണിക്കടവു മേനോന്മാരെ ദേവസ്വകാര്യവിചാരാധികാരത്തിൽ നിന്നു മാറ്റുകയും അവർക്കു പകരം തെക്കേടത്തെ ശാഖാകുടുംബത്തിനെ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു . (കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ "തെക്കേടത്തു കുടുംബക്കാർ" എന്ന ഭാഗത്തില്‍ ഈ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് )
പിന്നീട് ക്ഷേത്രാധികാരം കേരള ഊരാഴ്മ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലാവുകയും, ഇന്നും അത് തുടർന്നുവരുകയും ചെയ്യുന്നു.
മൂന്ന് ശീവേളികളും അഞ്ചു പൂജകളും പടിത്തരമായിട്ടുള്ള വേളോര്‍വട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിലാണ് .
ഉപദേവതകള്‍ :അകത്ത്:- ശാസ്താവ്,ഗണപതി,വിഷ്ണു. പുറത്ത്:- നാഗയക്ഷി, അറുകൊല, രക്ഷസ്സ് .
തന്ത്രം മോനോട് മനയിലേക്കാണ്.
ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ദേശീയപാതയിലേക്കുള്ള ബൈപാസിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമ:ശിവായ

ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം...കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത്




ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം...

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.
കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പാര്‍വ്വതി സമേതനായി ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നു...
കായംകുളം രാജാവിന്‍റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസ്തോത്രത്തില്‍ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പൂജകള്‍ക്കായി അന്യദേശത്തു നിന്നും ബ്രാഹ്മണരെ ഈ ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നു താമസിപ്പിച്ചുവെന്ന് പറയപ്പെടുന്നു .കാലാന്തരത്തില്‍ ക്ഷേത്രത്തില്‍ പൂജകളും ഉത്സവങ്ങളും മുടങ്ങി ആയിരത്തില്‍
പരം വര്‍ഷങ്ങള്‍ നാശോന്മുഖമായി കിടന്നു.ഒരിക്കല്‍ വില്വമംഗല സ്വാമിയാര്‍ പദ്മനാഭക്ഷേത്ര ദര്‍ശനത്തിനായി ഇത് വഴി പോകുമ്പോള്‍ ചങ്ങംകുളങ്ങര ക്ഷേത്രം പരിസരത്ത് എത്തുകയും , ഭഗവത് ചൈതന്യം മനസ്സിലാക്കി അദ്ദേഹം ക്ഷേത്ര പുതുക്കുകയും പൂജാദി കര്‍മ്മങ്ങളും ഉത്സവവും ചിട്ടപ്പെടുത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു .
നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്‍റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
ചതുരാകൃതിയിൽ നിരവധി ദാരുശുല്പങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. ശ്രീകോവിലിന്‍റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റകൊമ്പന്‍റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.. കൊല്ലവർഷം 65-മാണ്ടിൽ (AD 890) ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്‍റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കം ക്ഷേത്രത്തിനു കണക്കാക്കാം .
ശ്രീകോവിലും ചുറ്റംബലവും കൂടാതെ അതിനുപുറത്തു വിളക്കുമാടം പണികഴിപ്പിച്ചിട്ടുള്ള അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത് .വിളക്കുമാട നിര്‍മ്മിതിക്കും ആയിരത്തോളം വര്ഷം പഴക്കമുണ്ട് .
പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ എൻ.എസ്.എസിനു ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.
ഗണപതി,ശ്രീ ധർമ്മശാസ്താവ്,ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരാണ് ഉപദേവതകള്‍ ..പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയാണ് ഒറ്റക്കൊമ്പൻ , അതിനെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.
പ്രധാന ഉത്സവം മകരമാസത്തിലാണ് നടത്തുന്നത്. അതുകൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. മകരമാസത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലെ ഉത്സവമാണ് ആട്ടവിശേഷമായി ഇവിടെ പടിത്തരമാക്കിയിരിക്കുന്നത്. തന്ത്രികവകാശം കുന്നത്തുനാട് പുറപ്പെരില്ലത്തിനായിരുന്നു.ഇപ്പോള്‍ ചുമതല അമ്പലപ്പുഴ പുതുമന ഇല്ലത്തിനാണ്.
ഓം നമ:ശിവായ

കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം (കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം) ...




കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം 

(കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം) ...

പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്ന 108 പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം .മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്ന നാമത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ആയി എന്നും പറയപ്പെടുന്നു.
ബൗദ്ധക്ഷേത്രമായിരുന്നുവെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

പാതാളം വിട്ട് ഭൂമിയും ദേവലോകവുമെല്ലാം അടക്കിവാണ ദാരികനെകൊണ്ട് ദേവന്‍മാര്‍ പൊറുതിമുട്ടിയപ്പോളാണ് പരമശിവന്‍റെ മൂന്നാംകണ്ണില്‍ നിന്നും ഭീകരരൂപമായി ദേവിയുടെ പിറവി. ബ്രഹ്മാവിന്‍റെ വരത്താല്‍ അജയ്യനായി വിലസിയ ദാരികന്‍റെ തലയറുത്ത് മാലയാക്കി കഴുത്തില്‍ തൂക്കി കോപം തീരാതെ ഉറഞ്ഞു തുള്ളിയ ദേവിയോട് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോയി ഭക്തരെ കാത്തുകൊള്ളാന്‍ പരമശിവന്‍ ആവശ്യപ്പെട്ടു. 

ഒരു കോടി ശിവക്ഷേത്രങ്ങളുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ തെളിഞ്ഞു നിന്നതിനാല്‍ കോടിലിംഗപുരം എന്ന് അതുവരെ അറിയപ്പെട്ട ക്ഷേത്രം, ദേവി എത്തി വടക്കുമുഖമായി ഇരുന്നതോടെയാണ് കൊടുങ്ങല്ലൂര്‍ അമ്മയുടെ ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരെത്തി ഇരുന്ന ദേവി ദാരികവധത്തിന്‍റെ കലിയടങ്ങാതെ അവിടെ എത്തിയ ഒരു ഭക്തനിലേക്ക് പ്രവേശിച്ച് ഉറഞ്ഞു തുള്ളി കൂടിനിന്നവരോട് തന്റെ വരവിന്‍റെ ലക്ഷ്യം പറഞ്ഞു. ഇത്തരത്തില്‍ ദേവിയുടെ ചൈതന്യവുമായി ഉറഞ്ഞുതുള്ളുന്നവരാണ് പിന്നീട് വെളിച്ചപ്പാടുകളെന്നറിയപ്പെട്ടത്. 

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഈ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പുരാതന കാലത്ത് ഇതൊരു ശിവ ക്ഷേത്രമായിരുന്നു . 108 ശിവാലയസ്തോത്രത്തില്‍ പരാമര്‍ശമുള്ള കൊടുങ്ങല്ലൂര്‍ ,എന്നാല്‍ 108 ദുര്‍ഗ്ഗാലായസ്തോത്രത്തില്‍ കാണുന്നുമില്ല എന്നത് ഇതിനൊരു തെളിവായി ചുണ്ടികാട്ടുന്നു. ഭഗവതിക്ക് അര്‍ച്ചന നടത്തുന്നതിനു മുന്‍പ് ഇവിടെ ശിവ പുജ നടത്താറുമുണ്ട്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രസാങ്കേതത്തിലെ ഈ രണ്ടു ക്ഷേത്രങ്ങളും അതിപുരാതനമാണ്. ക്ഷേത്ര നിര്‍മ്മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിനു വളരെ പ്രാധാന്യം നല്‍കിയതായി കാണാം. മഹാദേവന്‍റെ പ്രതിഷ്ഠയോട് ബന്ധപെട്ടാണ് മണ്ഡപം,
ഗണപതിപ്രതിഷ്ഠ, തിടപ്പള്ളി,വലിയ ബലിക്കല്ല് ,നാലമ്പലം,ആനപ്പന്തൽ മുതലായവയുടെ നിര്‍മ്മാണ രീതി. എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശിൽപ്പശാസ്ത്ര വിധിപ്രകാരമാണ് .

രണ്ടു നിലയുള്ള ശ്രീകോവിലില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു.എന്നാല്‍ നന്ദി പ്രതിഷ്ഠ കാണുന്നില്ല. ശ്രീ പരമശിവനു ഇവിടെ പ്രത്യേക ഉത്സവങ്ങളോ ധ്വജമോ ഇല്ല. ശിവന്‍റെ ശ്രീകോവിലിന്‍റെ തെക്ക്ഭാഗത്തായിട്ടാണ് സപ്തമാതൃകകളുടെ പ്രതിഷ്ഠ.

ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്‍റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്. തലയിൽ കിരീടമുണ്ട്.

കിഴക്ക് ഭാഗത്ത് ഒരു രഹസ്യ അറയുണ്ട്. ദേവിയുടെ ശ്രീകോവിലിലേക്ക് ഈ അറയില്‍ നിന്നും വാതില്‍ ഉണ്ട് . പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട് .

ക്ഷേത്രത്തിന്‍റെ പരമാധികാരി വലിയ തമ്പുരാനോ, അമ്മ തമ്പൂരാട്ടിയോ, മറ്റ്‌ രാജകുടുംബാഗങ്ങളോ ക്ഷേത്രദര്‍ശനത്തിന്‌ വരുന്ന അവസരത്തില്‍ മാത്രമേ പടിഞ്ഞാറെ നട തുറക്കുകയുള്ളൂ. തമ്പുരാന്‍ നടക്കല്‍ എത്തി നമസ്‌കരിച്ച്‌ കഴിഞ്ഞാല്‍ പടിഞ്ഞാറെ നടക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച്‌പ്രാവശ്യം മുഴങ്ങും. ഈ അവസരത്തില്‍ ശ്രീകോവിലിന്‍റെ വലത്തെ കതക്‌ മാത്രം തുറന്ന്‌ കൊടുക്കും തമ്പുരാന്‍ നമസ്‌കരിച്ച്‌ കഴിഞ്ഞു എഴുന്നേല്‍ക്കും മുമ്പ്‌ നട അടക്കും. 

ചിലപതികാരം കഥയിലെ കണ്ണകി കഥയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. സംഘകാലത്ത്‌ , കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവനാണ്‌ കണ്ണകിയെ പ്രതിഷ്‌ഠിച്ച്‌ ക്ഷേത്രനിര്‍മ്മാണം നടത്തിയത്‌. ചേരന്‍ ചെങ്കുട്ടവന്‍ നിര്‍മ്മിച്ച ക്ഷേതം, ഇന്നത്തെ ദേവീക്ഷേത്രത്തില്‍ നിന്ന്‌ തെക്ക്‌ മാറി ദേശീയപാത 17ന്‌ ചേര്‍ന്ന്‌ റോഡിന്‍റെ കിഴക്ക്‌ ഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീ കുരുംബക്ഷേത്രവും കുരുംബകാവും സ്ഥിചെയ്യുന്നു. പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്‍റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം . ക്ഷേത്രപാലകന്‍റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക. തവിടാട്ട്‌ മുത്തി, വസൂരി മാല, സപ്‌തമാതൃക്കള്‍ എന്നിവ മറ്റ്‌ പ്രതിഷ്‌ഠകളാണ്‌.. 

ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ മീന ഭരണിയും (കൊടുങ്ങല്ലൂര്‍ ഭരണി) താലപ്പൊലിയുമാണ്‌. ഭരണി ഉത്സവത്തോനടനുബന്ധിച്ച്‌ നടക്കുന്ന കോഴികല്ല്‌ മൂടല്‍, കാവ്‌ തീണ്ടല്‍ എന്നിവ പ്രാധാനചടങ്ങുകളാണ്‌. ഭരണിപ്പാട്ട്‌ പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്‌. ഭരണി തലേദിവസം അശ്വതി നാളില്‍ ആണ്‌ കാവ്‌ തീണ്ടല്‍ നടക്കുന്നത്‌. 

മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള്‍ പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്‍റെ ഭാഗമായുണ്ട്.

ഇവയില്‍ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാര്‍ന്നതുമാണ് കാവുതീണ്ടല്‍. സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതിന് സാക്ഷിയാകുന്നു.

കൊടുങ്ങല്ലൂര്‍ രാജാവിന്‍റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു.

ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.

മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

കൊടുങ്ങല്ലൂരിലെ പ്രശസ്‌തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗ സഭയാണ്‌ ‘ഒന്നുകുറെ’ ആയിരം യോഗം. ആയിരം പേര്‍ അടങ്ങിയസഭയില്‍ ഒരാളുടെ കുറവിനെ തുടര്‍ന്ന്‌ മറ്റൊരാളിനെ നിയമിക്കാത്തതിനാല്‍" 999 " പേര്‍ മാത്രമായതിനാലാണ്‌ ഒന്നു കുറച്ച്‌ ആയിരം യോഗം എന്ന പേര്‍ ഉണ്ടായത്‌. കാലക്രമേണ ഇത്‌ ലോപിച്ച്‌ ഒന്ന്‌ കുറെ ആയിരംയോഗം എന്നും ഇന്ന്‌ ഒ.കെ. യോഗം ഏന്നും അറിയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ രാജാക്കന്‍മാരും ഒ.കെ.യോഗവും ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വേണ്ടി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ നിഴലിരിക്കല്‍ എന്ന ചടങ്ങ്‌ നടത്തിയിരിന്നു. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. 

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈക്ഷേത്രത്തില്‍ വെളിച്ചപ്പാട്‌ ഉണ്ടായിരുന്നതായും, പിന്നീട്‌ സത്യലംഘനം ചെയ്‌ത വെളിച്ചപ്പാട്‌ ഭഗവതിയുടെ കോപത്തിന്‌ പാത്രമായിതീരുകയും പിന്നീട്‌ അപ്രതൃക്ഷമായിതീരുകയും ചെയ്‌തു. അവസാനത്തെ വെളിച്ചപ്പാടിന്‌ തൊട്ട്‌ മുമ്പുള്ള വെളിച്ചപ്പാടാണ്‌ ശ്രീ.നന്ത്യയേലത്ത്‌ ഗോവിന്ദന്‍ നായര്‍, ഇദേഹത്തിന്‌ കൊച്ചി മഹാരാജാവില്‍ നിന്ന്‌ വീരശ്രൃംഗല ലഭിച്ചിട്ടുണ്ട്‌. ഈ വെളിച്ചപ്പാടിനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള അദേഹത്തിന്‍റെ തറവാട്ടില്‍ ഇപ്പോഴും വച്ചാരാധിക്കുന്നു. 

ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു...

ഓം നമ:ശിവായ ...
അമ്മേ ശരണം ദേവീ ശരണം 

മുണ്ടയൂർ (മുണ്ടൂര്‍) മഹാദേവ ക്ഷേത്രം ...തൃശൂർ ജില്ലയിൽ മുണ്ടൂർ




മുണ്ടയൂർ (മുണ്ടൂര്‍) മഹാദേവ ക്ഷേത്രം ...
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് മുണ്ടയൂര്‍ ശിവക്ഷേത്രം.

തൃശൂർ ജില്ലയിൽ മുണ്ടൂർ ഗ്രമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണിത്. പണ്ട് മുണ്ടയൂർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മുണ്ടൂർ എന്നാണ് അറിയപ്പെടുന്നത്. മുണ്ഡന്‍, മുണ്ഡി എന്നീ വാക്കുകള്‍ക്ക് മുണ്ഡമാല(തലയോടാകുന്ന മാല)ധരിച്ചവന്‍, അതായത് ശിവന്‍ എന്നര്‍ത്ഥം. ശിവപത്നി മുണ്ഡിനി.മുണ്ടയൂരിനു ഇങ്ങനെ ആകാം പേര് വന്നത് എന്ന് സ്ഥലനാമചരിത്രത്തില്‍ പരാമര്‍ശമുണ്ട്.

ക്ഷേത്രേശന്‍ മുണ്ടിയൂരപ്പനായി കിഴക്ക് ദര്‍ശനത്തില്‍ വാഴന്നു.
മഠത്തില്‍ മുണ്ടയൂര്‍,മേല്‍മുണ്ടയൂര്‍,കീഴ്മുണ്ടയൂര്‍ ,ആറ്റൂര്‍ മുണ്ടയൂര്‍ എന്നീ മനക്കാരുടെ വകയായിരുന്നു മുണ്ടയൂര്‍ ക്ഷേത്രം.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒട്ടനവധി പടയോട്ടങ്ങളും ഭീതിയും കെടുതിയും അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യം മുണ്ടയൂരപ്പനെ ധ്യാനിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. മുണ്ടയൂരപ്പൻ അവരെ കാത്തുരക്ഷിച്ചിരുന്നു എന്നാണു വിശ്വാസം.

പണ്ട് മുണ്ടത്തിക്കോട് ,മുണ്ടയൂര്‍ എന്നിവിടങ്ങളില്‍ യുദ്ധതന്ത്രത്തിന്‍റെ അവിഭാജ്യഘടകം ആയിരുന്നു കോട്ടകള്‍ ഉണ്ടായിരുന്നു.1809 ല്‍ ഈ മണല്‍ കോട്ട ഇടിച്ചുനിരത്തിയതായി ചരിത്രം പറയുന്നു.

ശിവരാത്രിക്ക് കോടികയറി ഗംഭീരമായി ഉത്സവം ഇവിടെ നടന്നിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ ഉത്സവം ഇല്ല. ശിവരാത്രി ആഘോഷിച്ചു വരുന്നു.

രണ്ടു നേരം പൂജയുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂര്‍ മനയ്ക്കാണ്.

തൃശൂർ - കുന്നംകുളം റോഡിലായിട്ടാണീ ക്ഷേത്രം നിലകൊള്ളുന്നത്.

പറമ്പന്തളി മഹാദേവക്ഷേത്രം...തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത്


പറമ്പന്തളി മഹാദേവക്ഷേത്രം...

പറമ്പന്തളി മഹാദേവക്ഷേത്രം...

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് പറമ്പന്തളി മഹാദേവക്ഷേത്രം...

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ പറമ്പന്തളിയില്‍ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനു ആറടിയോളം ഉയരമുണ്ട്.

വിശാലമായ ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം വലുപ്പത്തിലും രൂപത്തിലും അസാധാരണത്വമുള്ളതാണ് . ദക്ഷിണ കൈലസമായ ശ്രീ വടക്കുന്നാഥന് ഏകദേശം 22 കി .മി വടക്കുപടിഞ്ഞാറായും ഭൂലോക വൈകുണഠമായ ശ്രീ ഗുരുവായൂരിന്നു 09 കി മി തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന മുല്ലശ്ശേരി ഗ്രാമത്തിലാണ് 108 തളി ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പറമ്പന്‍തളി ശ്രീ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് .

ക്ഷേത്ര ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് വിശ്വസിക്കുന്ന തറയില്‍ കാണുന്ന വട്ടെഴുത്ത് പുരാവസ്തു ഗവേഷകര്‍ക്ക്‌ പോലും വായിച്ചു മനസിലാക്കാന്‍ സാധിച്ചിട്ടില്ല . അതുകൊണ്ടുതന്നെ ഈ ക്ഷേത്രസമുച്ചയം മനുഷ്യ നിര്‍മ്മിതമല്ല മറിച്ച് ശിവഭൂതഗണങ്ങളാല്‍ ഒറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപെടുന്നു.

പെരുമനത്തും ഉളിയന്നൂരിലും മാടത്തിലപ്പനായി തപോധനനായി ഇരിക്കുന്നതുപോലെ പറമ്പന്തളിയിലും തളീശ്വരൻ,ഒരു കുന്നിന്‍റെ മുകളില്‍ മാടത്തിലപ്പനായി പടിഞ്ഞാറ് ദര്‍ശനമായി വാഴുന്നു.

മുന്‍പ് ക്ഷേത്രം 21 ഇല്ലക്കാരുടെതായിരുന്നു.പിന്നീട് ക്ഷേത്രം സാമൂതിരിയുടെ കൈകളില്‍ അമര്‍ന്നു.അതിനു ശേഷം അഴ്വാഞ്ചേരി മനക്കാരുടെതായിതീര്‍ന്നു.തമ്പ്രാക്കള്‍ പുനരുദ്ധാരണം നടത്തി ക്ഷേത്രത്തിനു ഉന്നത പദവി നല്‍കി.ക്ഷേത്രത്തില്‍ കണ്ടെത്തിയ ശിലാലിഖിതം ക്ഷേത്രപഴമ തെളിയിക്കുന്നു.ഋഷിരാമന്‍ തിരുവടി ക്ഷേത്രത്തിലേക്ക് നല്‍കിയ ദാനമാണ് ഉള്ളടക്കം.ലിഖിതത്തിന് ഏകദേശം ഒന്‍പതു നൂറ്റാണ്ടു പഴക്കം കാണുന്നു.

ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത് വളരെ താഴെയായി കാണുന്ന തീര്‍ഥ കിണറിനും പ്രത്യേകതകള്‍ ഏറെയുണ്ട്.മൂന്നു തട്ടുകളിലായി കാണുന്ന ഏകദേശം ഒരു ഏക്കര്‍ വിസ്ത്രിതീലുള്ള ഈ ചിറയില്‍ മുകളിലെ തട്ടിലെ കിണറിലെ വെള്ളം ക്ഷേത്രാവശ്യങ്ങള്‍ക്കും മറ്റുള്ളവ ഭക്ത ജനങ്ങളുടെയും പൂജാരിമാരുടെയും ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നു.കര്‍ക്കിടകം , തുലാം മാസങ്ങളിലെ വാവുബലി തര്‍പ്പണത്തിനായി ക്ഷേത്ര പരിസരത്ത് വേറെയും കുളമുണ്ട്.ക്ഷേത്ര ചൈതന്യ വുമായി ബന്ധമുള്ളതാണ് ഈ ചിറയും ,കുളവുമെന്നു ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.

ഉപദേവന്മാരായി ശ്രീസുബ്രഹ്മണ്യനും ഗണപതിയും അനുഗ്രഹങ്ങള്‍ ചൊരിയുന്നു.സുബ്രഹ്മണ്യന് വിശേഷാല്‍ സ്ഥാനമുള്ള ക്ഷേത്രമാണ് പറമ്പന്തളി.

സുബ്രഹ്മണ്യന് സാമാന്യം വലിയ ശ്രീകോവില്‍ ആണ് പണിതിരിക്കുന്നത്. പറമ്പന്തളി മഹാദേവക്ഷേത്രത്തിലെസ്‌കന്ദഷഷ്ഠി ആഘോഷം വര്‍ണ്ണാഭമായി നടത്താറുണ്ട്‌.ഷഷ്ഠീവ്രതമെടുത്ത് അനേകര്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പറമ്പന്തളി മഹാദേവ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിക്കു മുന്നില്‍ എത്തിച്ചേരാറുണ്ട്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം മഹാശിവരാത്രി ആണ്.ക്ഷേത്രത്തില്‍ നിത്യവും മൂന്ന് പൂജകള്‍ ആണ് പടിത്തരമായി ഉള്ളത്.താമരശ്ശേരി വടക്കെടത്തിനാണ് താന്ത്രിക അവകാശം .

ചാവക്കാട്ട് നിന്നും കാഞ്ഞാണി-ഏനമാവ്‌ വഴി തൃശ്ശൂര്‍ക്ക് പോകുന്ന വഴിക്കാണ് പറമ്പന്തളി മഹാദേവക്ഷേത്രം.

ഓം നമ:ശിവായ ..

വെളപ്പായ മഹാദേവക്ഷേത്രം...തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കല്‍ ബ്ളോക്കില്‍





വെളപ്പായ മഹാദേവക്ഷേത്രം...

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വെളപ്പായ മഹാദേവക്ഷേത്രം...

തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കല്‍ ബ്ളോക്കില്‍ അവണൂര്‍ ഗ്രാമപഞ്ചായത്തിലെ വെളപ്പായ ഗ്രാമത്തിൽ പുരാതന ശിവ ക്ഷേത്രമായ വെളപ്പായ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു .

കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ഈ ക്ഷേത്രത്തില്‍ പടിഞ്ഞാറ് ദർശനമായി പ്രധാന മൂര്‍ത്തിയായി ശ്രീപരമശിവൻ വാഴുന്നു . വെളപ്പായയിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ ഉണ്ട്. രണ്ടു ശിവലിംഗങ്ങൾ രണ്ടു ശ്രീകോവിലുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു.
തെക്കേടത്തും വടക്കേടത്തും എന്ന് അറിയപ്പെടുന്നു.

അര്‍ജ്ജുനനു പാശുപതാസ്ത്രം നല്‍കിയ കാട്ടാളവേഷധാരിയായ കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണ് തെക്കേടത്ത് ,താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നീ അസുരന്മാർ നിർമ്മിച്ച് സ്വർണ്ണ, വെള്ളി, ഇരുമ്പു ലോഹങ്ങൾ കൊണ്ടുള്ള ത്രിപുരങ്ങൾ (നഗരങ്ങൾ) ദഹിപ്പിച്ചു ക്രുദ്ധനായിനില്‍ക്കുന്ന ഭാവത്തിലാണ് വടക്കേടത്ത് ശിവന്‍ .

മുളങ്കുന്നത്തുകാവ് മുണ്ടൂര്‍ റോഡില്‍ രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വെളപ്പായ ക്ഷേത്രത്തില്‍ എത്തിച്ചേരാം .

ഓം നമ:ശിവായ ...
courtesy :ml.wikipedia and similar sites