2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം...കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത്




ചങ്ങംകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം...

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.
കൊല്ലം ജില്ലയിലെ ഓച്ചിറയ്ക്ക് അടുത്ത് ദേശീയപാത-47 നു കിഴക്കുവശത്തായി 100-മീറ്റർ മാറി ചങ്ങംകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം. പാര്‍വ്വതി സമേതനായി ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നു...
കായംകുളം രാജാവിന്‍റെ കാലത്ത് ക്ഷേത്രം അറിയപ്പെട്ടിരുന്നത് പുതുപ്പള്ളി ചങ്ങൻ കുളങ്ങരയെന്നാണ്. അതിനാലാവാം നൂറ്റെട്ട് ശിവാലയസ്തോത്രത്തില്‍ പുതുപ്പള്ളിയെന്നു പരാമർശിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പൂജകള്‍ക്കായി അന്യദേശത്തു നിന്നും ബ്രാഹ്മണരെ ഈ ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നു താമസിപ്പിച്ചുവെന്ന് പറയപ്പെടുന്നു .കാലാന്തരത്തില്‍ ക്ഷേത്രത്തില്‍ പൂജകളും ഉത്സവങ്ങളും മുടങ്ങി ആയിരത്തില്‍
പരം വര്‍ഷങ്ങള്‍ നാശോന്മുഖമായി കിടന്നു.ഒരിക്കല്‍ വില്വമംഗല സ്വാമിയാര്‍ പദ്മനാഭക്ഷേത്ര ദര്‍ശനത്തിനായി ഇത് വഴി പോകുമ്പോള്‍ ചങ്ങംകുളങ്ങര ക്ഷേത്രം പരിസരത്ത് എത്തുകയും , ഭഗവത് ചൈതന്യം മനസ്സിലാക്കി അദ്ദേഹം ക്ഷേത്ര പുതുക്കുകയും പൂജാദി കര്‍മ്മങ്ങളും ഉത്സവവും ചിട്ടപ്പെടുത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു .
നഗരത്തിൽ നിന്നും വളരെ അകന്ന് ഗ്രാമത്തിന്‍റെ പ്രശാന്തി നിറഞ്ഞാടുന്ന അന്തരീക്ഷം ക്ഷേത്രത്തിനെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നുണ്ട്. വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിൽ വടക്കു-കിഴക്കു വശത്തായി വളരെ വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
ചതുരാകൃതിയിൽ നിരവധി ദാരുശുല്പങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ. ശ്രീകോവിലിന്‍റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത ഒറ്റകൊമ്പന്‍റെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.. കൊല്ലവർഷം 65-മാണ്ടിൽ (AD 890) ഇവിടെ ധ്വജസ്തംഭം പണിതീർത്തായി കൊടിമരത്തിന്‍റെ അടിത്തറയിൽ എഴുതി ചേർത്തിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ പഴക്കം ക്ഷേത്രത്തിനു കണക്കാക്കാം .
ശ്രീകോവിലും ചുറ്റംബലവും കൂടാതെ അതിനുപുറത്തു വിളക്കുമാടം പണികഴിപ്പിച്ചിട്ടുള്ള അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത് .വിളക്കുമാട നിര്‍മ്മിതിക്കും ആയിരത്തോളം വര്ഷം പഴക്കമുണ്ട് .
പണ്ട് ക്ഷേത്ര ഊരാണ്മാവകാശം തെങ്ങനത്ത് മഠത്തിനായിരുന്നു. 1971-ൽ എൻ.എസ്.എസിനു ക്ഷേത്രഭരണം കൈമാറിയതായി രേഖകൾ ഉണ്ട്. അതിനു മുൻപ് ഉണ്ടായിരുന്ന ഊരാൺമ ദേവസ്വം അതോടെ ഇല്ലാതാവുകയും ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്ര ഭൂസ്വത്തുക്കൾ പലതും അന്യാധീനപ്പെടുകയും ചെയ്തു.
ഗണപതി,ശ്രീ ധർമ്മശാസ്താവ്,ഭുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരാണ് ഉപദേവതകള്‍ ..പണ്ടു ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആനയാണ് ഒറ്റക്കൊമ്പൻ , അതിനെ ഉപദേവനാക്കിയതും ഇവിടുത്തെമാത്രം പ്രത്യേകതയാണ്.
പ്രധാന ഉത്സവം മകരമാസത്തിലാണ് നടത്തുന്നത്. അതുകൂടാതെ കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. മകരമാസത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലെ ഉത്സവമാണ് ആട്ടവിശേഷമായി ഇവിടെ പടിത്തരമാക്കിയിരിക്കുന്നത്. തന്ത്രികവകാശം കുന്നത്തുനാട് പുറപ്പെരില്ലത്തിനായിരുന്നു.ഇപ്പോള്‍ ചുമതല അമ്പലപ്പുഴ പുതുമന ഇല്ലത്തിനാണ്.
ഓം നമ:ശിവായ