2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം (കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം) ...




കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം 

(കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം) ...

പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്ന 108 പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം .മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്ന നാമത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ആയി എന്നും പറയപ്പെടുന്നു.
ബൗദ്ധക്ഷേത്രമായിരുന്നുവെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

പാതാളം വിട്ട് ഭൂമിയും ദേവലോകവുമെല്ലാം അടക്കിവാണ ദാരികനെകൊണ്ട് ദേവന്‍മാര്‍ പൊറുതിമുട്ടിയപ്പോളാണ് പരമശിവന്‍റെ മൂന്നാംകണ്ണില്‍ നിന്നും ഭീകരരൂപമായി ദേവിയുടെ പിറവി. ബ്രഹ്മാവിന്‍റെ വരത്താല്‍ അജയ്യനായി വിലസിയ ദാരികന്‍റെ തലയറുത്ത് മാലയാക്കി കഴുത്തില്‍ തൂക്കി കോപം തീരാതെ ഉറഞ്ഞു തുള്ളിയ ദേവിയോട് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോയി ഭക്തരെ കാത്തുകൊള്ളാന്‍ പരമശിവന്‍ ആവശ്യപ്പെട്ടു. 

ഒരു കോടി ശിവക്ഷേത്രങ്ങളുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ തെളിഞ്ഞു നിന്നതിനാല്‍ കോടിലിംഗപുരം എന്ന് അതുവരെ അറിയപ്പെട്ട ക്ഷേത്രം, ദേവി എത്തി വടക്കുമുഖമായി ഇരുന്നതോടെയാണ് കൊടുങ്ങല്ലൂര്‍ അമ്മയുടെ ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരെത്തി ഇരുന്ന ദേവി ദാരികവധത്തിന്‍റെ കലിയടങ്ങാതെ അവിടെ എത്തിയ ഒരു ഭക്തനിലേക്ക് പ്രവേശിച്ച് ഉറഞ്ഞു തുള്ളി കൂടിനിന്നവരോട് തന്റെ വരവിന്‍റെ ലക്ഷ്യം പറഞ്ഞു. ഇത്തരത്തില്‍ ദേവിയുടെ ചൈതന്യവുമായി ഉറഞ്ഞുതുള്ളുന്നവരാണ് പിന്നീട് വെളിച്ചപ്പാടുകളെന്നറിയപ്പെട്ടത്. 

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഈ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പുരാതന കാലത്ത് ഇതൊരു ശിവ ക്ഷേത്രമായിരുന്നു . 108 ശിവാലയസ്തോത്രത്തില്‍ പരാമര്‍ശമുള്ള കൊടുങ്ങല്ലൂര്‍ ,എന്നാല്‍ 108 ദുര്‍ഗ്ഗാലായസ്തോത്രത്തില്‍ കാണുന്നുമില്ല എന്നത് ഇതിനൊരു തെളിവായി ചുണ്ടികാട്ടുന്നു. ഭഗവതിക്ക് അര്‍ച്ചന നടത്തുന്നതിനു മുന്‍പ് ഇവിടെ ശിവ പുജ നടത്താറുമുണ്ട്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രസാങ്കേതത്തിലെ ഈ രണ്ടു ക്ഷേത്രങ്ങളും അതിപുരാതനമാണ്. ക്ഷേത്ര നിര്‍മ്മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിനു വളരെ പ്രാധാന്യം നല്‍കിയതായി കാണാം. മഹാദേവന്‍റെ പ്രതിഷ്ഠയോട് ബന്ധപെട്ടാണ് മണ്ഡപം,
ഗണപതിപ്രതിഷ്ഠ, തിടപ്പള്ളി,വലിയ ബലിക്കല്ല് ,നാലമ്പലം,ആനപ്പന്തൽ മുതലായവയുടെ നിര്‍മ്മാണ രീതി. എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശിൽപ്പശാസ്ത്ര വിധിപ്രകാരമാണ് .

രണ്ടു നിലയുള്ള ശ്രീകോവിലില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു.എന്നാല്‍ നന്ദി പ്രതിഷ്ഠ കാണുന്നില്ല. ശ്രീ പരമശിവനു ഇവിടെ പ്രത്യേക ഉത്സവങ്ങളോ ധ്വജമോ ഇല്ല. ശിവന്‍റെ ശ്രീകോവിലിന്‍റെ തെക്ക്ഭാഗത്തായിട്ടാണ് സപ്തമാതൃകകളുടെ പ്രതിഷ്ഠ.

ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്‍റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌ ഇരിപ്പ്. തലയിൽ കിരീടമുണ്ട്.

കിഴക്ക് ഭാഗത്ത് ഒരു രഹസ്യ അറയുണ്ട്. ദേവിയുടെ ശ്രീകോവിലിലേക്ക് ഈ അറയില്‍ നിന്നും വാതില്‍ ഉണ്ട് . പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട് .

ക്ഷേത്രത്തിന്‍റെ പരമാധികാരി വലിയ തമ്പുരാനോ, അമ്മ തമ്പൂരാട്ടിയോ, മറ്റ്‌ രാജകുടുംബാഗങ്ങളോ ക്ഷേത്രദര്‍ശനത്തിന്‌ വരുന്ന അവസരത്തില്‍ മാത്രമേ പടിഞ്ഞാറെ നട തുറക്കുകയുള്ളൂ. തമ്പുരാന്‍ നടക്കല്‍ എത്തി നമസ്‌കരിച്ച്‌ കഴിഞ്ഞാല്‍ പടിഞ്ഞാറെ നടക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച്‌പ്രാവശ്യം മുഴങ്ങും. ഈ അവസരത്തില്‍ ശ്രീകോവിലിന്‍റെ വലത്തെ കതക്‌ മാത്രം തുറന്ന്‌ കൊടുക്കും തമ്പുരാന്‍ നമസ്‌കരിച്ച്‌ കഴിഞ്ഞു എഴുന്നേല്‍ക്കും മുമ്പ്‌ നട അടക്കും. 

ചിലപതികാരം കഥയിലെ കണ്ണകി കഥയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. സംഘകാലത്ത്‌ , കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവനാണ്‌ കണ്ണകിയെ പ്രതിഷ്‌ഠിച്ച്‌ ക്ഷേത്രനിര്‍മ്മാണം നടത്തിയത്‌. ചേരന്‍ ചെങ്കുട്ടവന്‍ നിര്‍മ്മിച്ച ക്ഷേതം, ഇന്നത്തെ ദേവീക്ഷേത്രത്തില്‍ നിന്ന്‌ തെക്ക്‌ മാറി ദേശീയപാത 17ന്‌ ചേര്‍ന്ന്‌ റോഡിന്‍റെ കിഴക്ക്‌ ഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീ കുരുംബക്ഷേത്രവും കുരുംബകാവും സ്ഥിചെയ്യുന്നു. പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരുചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്‍റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം . ക്ഷേത്രപാലകന്‍റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക. തവിടാട്ട്‌ മുത്തി, വസൂരി മാല, സപ്‌തമാതൃക്കള്‍ എന്നിവ മറ്റ്‌ പ്രതിഷ്‌ഠകളാണ്‌.. 

ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ മീന ഭരണിയും (കൊടുങ്ങല്ലൂര്‍ ഭരണി) താലപ്പൊലിയുമാണ്‌. ഭരണി ഉത്സവത്തോനടനുബന്ധിച്ച്‌ നടക്കുന്ന കോഴികല്ല്‌ മൂടല്‍, കാവ്‌ തീണ്ടല്‍ എന്നിവ പ്രാധാനചടങ്ങുകളാണ്‌. ഭരണിപ്പാട്ട്‌ പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്‌. ഭരണി തലേദിവസം അശ്വതി നാളില്‍ ആണ്‌ കാവ്‌ തീണ്ടല്‍ നടക്കുന്നത്‌. 

മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള്‍ പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്‍റെ ഭാഗമായുണ്ട്.

ഇവയില്‍ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാര്‍ന്നതുമാണ് കാവുതീണ്ടല്‍. സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതിന് സാക്ഷിയാകുന്നു.

കൊടുങ്ങല്ലൂര്‍ രാജാവിന്‍റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു.

ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.

മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

കൊടുങ്ങല്ലൂരിലെ പ്രശസ്‌തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗ സഭയാണ്‌ ‘ഒന്നുകുറെ’ ആയിരം യോഗം. ആയിരം പേര്‍ അടങ്ങിയസഭയില്‍ ഒരാളുടെ കുറവിനെ തുടര്‍ന്ന്‌ മറ്റൊരാളിനെ നിയമിക്കാത്തതിനാല്‍" 999 " പേര്‍ മാത്രമായതിനാലാണ്‌ ഒന്നു കുറച്ച്‌ ആയിരം യോഗം എന്ന പേര്‍ ഉണ്ടായത്‌. കാലക്രമേണ ഇത്‌ ലോപിച്ച്‌ ഒന്ന്‌ കുറെ ആയിരംയോഗം എന്നും ഇന്ന്‌ ഒ.കെ. യോഗം ഏന്നും അറിയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ രാജാക്കന്‍മാരും ഒ.കെ.യോഗവും ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വേണ്ടി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ നിഴലിരിക്കല്‍ എന്ന ചടങ്ങ്‌ നടത്തിയിരിന്നു. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. 

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഈക്ഷേത്രത്തില്‍ വെളിച്ചപ്പാട്‌ ഉണ്ടായിരുന്നതായും, പിന്നീട്‌ സത്യലംഘനം ചെയ്‌ത വെളിച്ചപ്പാട്‌ ഭഗവതിയുടെ കോപത്തിന്‌ പാത്രമായിതീരുകയും പിന്നീട്‌ അപ്രതൃക്ഷമായിതീരുകയും ചെയ്‌തു. അവസാനത്തെ വെളിച്ചപ്പാടിന്‌ തൊട്ട്‌ മുമ്പുള്ള വെളിച്ചപ്പാടാണ്‌ ശ്രീ.നന്ത്യയേലത്ത്‌ ഗോവിന്ദന്‍ നായര്‍, ഇദേഹത്തിന്‌ കൊച്ചി മഹാരാജാവില്‍ നിന്ന്‌ വീരശ്രൃംഗല ലഭിച്ചിട്ടുണ്ട്‌. ഈ വെളിച്ചപ്പാടിനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള അദേഹത്തിന്‍റെ തറവാട്ടില്‍ ഇപ്പോഴും വച്ചാരാധിക്കുന്നു. 

ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു...

ഓം നമ:ശിവായ ...
അമ്മേ ശരണം ദേവീ ശരണം