2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം...എറണാകുളം ജില്ല




ചേരാനല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം...

ത്രേതായുഗത്തിൽ ശ്രീരാമന്‍റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്‍റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
എറണാകുളം ജില്ലയിൽ‍,കണയന്നൂര്‍ താലൂക്കില്‍,
ചേരാനല്ലൂർ ദേശത്താണ് ഈ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ചേരാനെല്ലൂർ മാരാപറമ്പ് മഹാദേവക്ഷേത്രം പ്രശസ്തവും കേരളാശൈലിയിൽ പണിതീർത്തിരിക്കുന്ന മഹാക്ഷേത്രവുമാണ്.
കേരളത്തിലെ ഏക വൈദ്യനാഥ ക്ഷേത്രമാണ് ചേരാനല്ലൂര്‍ മാരാപറമ്പ് മഹാദേവക്ഷേത്രം...
എറണാകുളം ജില്ലയിൽ തന്നെ പെരിയാറ്റിൻ കരയിൽ തന്നെയായി മറ്റൊരു ചേരാനല്ലൂർ ശിവക്ഷേത്രം കൂടിയുണ്ട്. രണ്ടു ക്ഷേത്രങ്ങളുടെ പേരും ഒന്നുതന്നെ. ചേരാനല്ലൂർ മഹാദേവക്ഷേത്രം ആണത്..
കോകസന്ദേശത്തില്‍ പരാമര്‍ശ വിഷയമാകുന്നില്ലെങ്കിലും ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. എന്നാല്‍ ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രത്തെ സംബന്ധിച്ച് കോക സന്ദേശകാരന്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. മാരാപ്പറമ്പ് ക്ഷേത്രത്തിന്‍റെ കരിങ്കല്‍ത്തറയുടെ പ്രത്യേക നിര്‍മ്മിതിയുടെ ശില്പരീതി വച്ച് ആദിയില്‍ അത് ജൈനക്ഷേത്രവും പിന്നീട് ശിവക്ഷേത്രവുമായി മാറിയതാണെന്ന് പറയുന്നു...
108 ശിവാലയ സ്തോത്രത്തില്‍ ഇതില്‍ ഏതു ക്ഷേത്രമാണ് വിവരിക്കുന്നത് എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമേറിയ രണ്ടുക്ഷേത്രങ്ങളും എറണാകുളം ജില്ലയില്‍ പെരിയാറിന്‍റെ തീരത്താണ്. രണ്ടു ക്ഷേത്രങ്ങളും 108 ശിവ ക്ഷേത്രങ്ങിൽ വരുമെന്ന് ദേശവാസികള്‍ പറയുന്നു.
നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രത്തില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു. പരശുരാമ പ്രതിഷ്ഠിതം എന്ന് പറയുമ്പോഴും സ്വയംഭൂലിംഗമാണ് ഇവിടെ .
ചേരാനെല്ലൂർ ശിവക്ഷേത്രത്തിന് പണ്ടുകാലത്ത് 2400 പറ നിലം ക്ഷേത്രാവശ്യങ്ങൾക്കായി കൈവശം ഉണ്ടായിരുന്നു. കാലക്രമേണ അത് മറ്റു പലരിലേക്കും കൈമോശം വന്നുപോയി.
ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി, ഭഗവാന്‍റെ തിരുനാളായ തുലാമാസത്തിലെ തിരുവാതിര നാളില്‍ ,ഭക്തര്‍ ഇവിടെ "ഘൃതധാര " വഴിപാടായി നടത്തുന്നു.
ഇവിടുത്തെ ശ്രീകോവിൽ രണ്ടു തട്ടായി ചതുരാകൃതിയിൽ പണിതീർത്ത ഉത്തമ സൗധമാണ്. കിഴക്കേ സോപാനത്തിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്.
നാലമ്പലവും, തിടപ്പള്ളിയും, ബലിക്കൽപ്പുരയും, എല്ലാം ഒരു മഹാക്ഷേത്ര പ്രൗഡിക്ക് ചേരുംവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര വളപ്പിൽ തന്നെ ഗണപതിക്കും, ഭഗവതിക്കും, സുബ്രഹ്മണ്യനുമായി ഉപക്ഷേത്രങ്ങളും മനോഹരമായിതന്നെ നിർമ്മിച്ചിരിക്കുന്നു ഇവിടെ.
ശംഖാഭിഷേകം പ്രധാന വഴിപാടാണ്...
ഉപദേവന്മാർ :-ഗണപതി,ഭഗവതി,സുബ്രഹ്മണ്യൻ,രക്ഷസ്സ്
വിശേഷ ദിവസങ്ങൾ:-
കുംഭ മാസത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള ഉത്സവം ആഘോഷിക്കുന്നത്. ശിവരാത്രി,വിനായക ചതുർത്ഥി,തൈപൂയം,നവരാത്രി എന്നിവ ആഘോഷിക്കുന്നു.
നിത്യേന മൂന്നു പൂജകൾ ഇവിടെ പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.
ചേരാനെല്ലൂര്‍ എന്ന സ്ഥലനാമത്തെ പറ്റി വാദങ്ങള്‍ പലതുണ്ട്. കേരളം, തമിഴകത്തിന്‍റെ ഭാഗമായിരുന്ന കാലത്ത് അറിയപ്പെട്ടിരുന്നത് ചേരം എന്ന പേരിലായിരുന്നുവെന്നും, അതുകൊണ്ട് ചേരശബ്ദ വാചിയായ സ്ഥലനാമങ്ങള്‍ കേരളത്തിന് അന്യമല്ലാതെ വന്നതായി പറയപ്പെടുന്നു. ചേരമാന്‍ പെരുമാളിന്‍റെ നല്ല ഊര് ലോപിച്ചാണ് ചേരാനല്ലൂര്‍ എന്ന പേര് ഉണ്ടായത് എന്ന വി.വി.കെ.വാലത്തിന്‍റെ വാദമാണ് കൂടുതല്‍ അംഗീകാരയോഗ്യമായത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ മാന്ത്രികനായ ചേരാനല്ലൂര്‍ കുഞ്ചുകര്‍ത്താവിനെസംബന്ധിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍ കര്‍ത്താവ് കൊച്ചി രാജാവിന്‍റെ സൈനികതലവനും ദേശവാഴിയുമായിരുന്നു.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ആണ് ഭരണം നടത്തുന്നത്.
ഓം നമ:ശിവായ .