2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം...







കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം...

വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യമുള്ള 108ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതിചെയ്യുന്ന അതി പുരാതനവും വളരെപ്രസിദ്ധവുമായ ക്ഷേത്രമാണ് കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം. ഇളയിടത്തു സ്വരൂപത്തിന്‍റെ ദേവനായി "ഇളയിടത്തപ്പ"നായി ഭഗവാന്‍ ഇവിടെ വാഴുന്നു.
പ്രധാന പ്രതിഷ്ഠാമൂർത്തി ശൂലപാണിയായ ശ്രീ പരമശിവനാണ്. അർദ്ധനാരീശ്വര പ്രതിഷ്ഠാസങ്കല്പമുള്ള മഹാക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീ പരമശിവന്‍ സ്വയംഭൂവായ ശിവലിംഗ സ്വരൂപത്തില്‍ പടിഞ്ഞാറു ഭാഗത്തേക്കും പാർവതിദേവി കിഴക്കുഭാഗത്തേക്കും അനഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
കൊട്ടാരക്കര തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കൊട്ടാരക്കര തമ്പുരാന്‍റെ ആഗ്രഹ പ്രകാരം പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്ര നിർമ്മാണം നടത്തിയത് പറയിപെറ്റ പന്തിരുകുലത്തിലെ മഹാതച്ചനായ ഉളിയന്നൂർ പെരുന്തച്ചനാണ്.
ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്‍റെ അപേക്ഷ നിരസിച്ചു. ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് കിഴക്കേക്കര ക്ഷേത്രം , ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.
ഒരിക്കല്‍ ,ജാതകവശാൽ തന്‍റെ ആയുസ്സു തീരാറായി എന്നു മനസ്സിലാക്കാൻ കഴിഞ്ഞ മലബാറുകാരനായ ബ്രാഹ്മണൻ പ്രായിശ്ചിത്തമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരു മണ്ഡലക്കാലം ഭജനമിരുന്നു. 41-ആം ദിവസം സ്വപ്നത്തിൽ ഒരാൾ വന്ന് ഇനി ഇവിടെ ഇരുന്നിട്ടു കാര്യമില്ലന്നും ഇളയിടത്തപ്പനെ ഭജിക്കാനായി ഉപദേശിച്ചു. അങ്ങനെ അദ്ദേഹം പടിഞ്ഞാറ്റിൻകരയിൽ വരികയും ഒരു മണ്ഡലകാലം ഇളയിടത്തപ്പന്‍റെ തിരുനടയിൽ ഭജനമിരിക്കുകയും ചെയ്തു.
നാല്പത്തി ഒന്നാം ദിവസം സന്ധ്യക്ക് കിഴക്കേ കുളത്തിൽ ശരീരശുദ്ധി കഴിച്ച് മടങ്ങിവന്ന ബ്രാഹ്മണനെ ഒരു സർപ്പം വിടാതെ പിന്തുടരുകയും ക്ഷേത്ര നാലമ്പലം വരെ അനുഗമിക്കുകയും ചെയ്തു. സർപ്പത്തെ കണ്ട് ഓടി ഇളയിടത്തപ്പന്‍റെ നടയിൽ വരുമ്പോൾ ദീപാരാധനയ്ക്കായി നടയടച്ചിരിക്കുകയായിരുന്നു. പെട്ടന്ന് തിരുനട തുറക്കുകയും മുകളിൽ നിന്നും ഒരു പരുന്തു പറന്നു വന്നു സർപ്പത്തെ കൊത്തി പറക്കുകയും, പുറത്തു കൊണ്ടുപോയി അതിനെ കൊല്ലുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
സർപ്പത്തെ കൊന്നു ഉപേക്ഷിച്ച സ്ഥലം പിന്നീട് ജടായൂകാവ് എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിനടുത്തുള്ള ആ സ്ഥലം ഇന്ന് വലിയ ഒരു സർപ്പകാവാണ്. തന്‍റെ ആയുസ്സ് കൂട്ടി കൊടുത്ത ഇളയിടത്തപ്പന് ആ ബ്രാഹ്മണൻ ഗോശാല നിർമ്മിച്ചു കൊടുത്തു. അതാണ് പ്രസിദ്ധമായ കൊട്ടാരക്കര ഗോശാല.
14-ആം നൂറ്റാണ്ടുവരെ ഇളയിടത്തു സ്വരൂപത്തിന്‍റെ തലസ്ഥാനം കിളിമാനൂരിനടുത്ത് കുന്നുമേൽ ആയിരുന്നു. പിന്നീട് കുന്നുമേലിൽ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റുകയും അന്ന് നെടുമങ്ങാടും, കൊട്ടാരക്കരയും പൂർണ്ണമായും, തിരുവനന്തപുരം, പത്തനാപുരം, ചെങ്കോട്ട, തുടങ്ങീ പ്രദേശങ്ങൾ ഭാഗീയമായും ഇളയിടത്തു സ്വരൂപത്തിന്‍റെ ഭാഗമായിരുന്നു.
തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തോളം ഇതു തുടർന്നു പോന്നു. കൊട്ടാരക്കരയിലെ ആദ്യ കൊട്ടാരം പണിതീർത്തത് വേണാട്ടരചനായിരുന്ന ഉദയമാർത്താണ്ഡവർമ്മയായിരുന്നു (1382-1444). കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌ .പതിനേഴാം നൂറ്റാണ്ടിലാണ്‌ കഥകളി ഉദ്ഭവിച്ചത്‌.കഥകളി ആദ്യകാലങ്ങളിൽ അരങ്ങേറിയ മഹാക്ഷേത്രം കൂടിയാണ് പടിഞ്ഞാറ്റിൻകര മഹാ ശിവക്ഷേത്രം.
ശ്രീകോവിൽ വൃത്താകൃതിയിലുള്ള ഇരുനിലയിൽ തീർത്തിരിക്കുന്നു. ഉപദേവപ്രതിഷ്ഠാമൂർത്തിമാരായി ശ്രീകൃഷ്ണനും, ഗണപതിയും, ശാസ്താവും, നാഗരാജാവും, നാഗയക്ഷിയും ഇളയിടത്തപ്പന്‍റെ ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുനാൾ കൊണ്ടാടുന്നു.


 ക്ഷേത്ര സമീപമുളള 12 കാല്‍ കൊട്ടാര മണ്ഡപത്തില്‍ വച്ചായിരുന്നു കരക്കാര്‍ തമ്മില്‍ ഉത്സവ കാര്യവിചാരങ്ങള്‍ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകള്‍. ‘കൊട്ടാര’ത്തില്‍ വച്ച് ‘കര’ക്കാര്‍ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.

ദേശീയ പാത 220 ന് അരികിലായി കൊട്ടാരക്കര നഗരത്തിൽ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഓം നമ: ശിവായ ...
കടപ്പാട് :ml.wikipedia