പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്കാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം....
പൗരാണികപരമായും വാസ്തുവിദ്യാപരമായും വ്യത്യസ്തതകളുള്ള ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നു..
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം” വളരെ പ്രസിദ്ധമായിരുന്നു....
ഒരിക്കൽ പാണ്ഡവരുടെ വനവാസ കാലത്ത് വില്ലാളി വീരനായിരുന്ന അർജ്ജുനനെയും ,ഭഗവാൻ ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷ ദിവസം വനത്തിലൂടെ സഞ്ചരിക്കുക ആയിരുന്നു . നടന്നു നടന്നു ക്ഷീണിതരായ കൃഷ്നാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പു അനുഭവപ്പെട്ടു . അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് സാക്ഷാൽ കൈലാസനാഥനായ പരമശിവനു പൂജ ചെയ്യുക പതിവായതിനാൽ ശിവ ഭക്തനായ പാര്‍ഥന്‍ പൂജയ്യ്ക്കായുള്ളസ്ഥലം ശ്രീകൃഷ്ണ ഭഗവാനോട് അന്വേഷിച്ചു . ഭക്ത വത്സലനായ ഭഗവാൻ തന്‍റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവ സങ്കല്പത്തിൽ പൂജ ചെയ്തു കൊള്ളുവാൻ ആവശ്യപ്പെട്ടു . അങ്ങനെ ആശ്രിത വത്സലനായ ശ്രീകൃഷ്ണ ഭഗവാന്‍റെ പാദങ്ങളിൽ കാരുണ്യ വാരിധിയായ സാക്ഷാൽ മഹാദേവനെ അർജ്ജുനൻ പൂജിച്ചു .അങ്ങനെശിവ സാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി ....
നൂറ്റാണ്ടുകൾക്ക് ശേഷം കാടു പിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലു അറുക്കാൻ പൊയ ഒരാൾ അരിവാള്ളിനു മൂര്‍ച്ച കൂട്ടാൻഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി . നാട്ടുകാർ ഈ വിവരം അവിടുത്തെ കരപ്രമാണിയെ അറിയ്യിക്കുകയും പിന്നീടു അവിടുത്തെ ദൈവ സാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്യ്തു. അങ്ങനെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന തൃപ്പാറ മഹാദേവ ക്ഷേത്രം പഴമയുടെ പര്യായമായി നാടിന്‍റെ ഐശ്വര്യമായി, മഹാദേവൻ നാട്ടുകാരുടെ തൃപ്പാറ അപ്പൂപ്പനായി ഇന്നും ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹദായകാനായി നിലകൊള്ളുന്നു ...
കേരളത്തിലെ ആറു പ്രധാന സര്‍പ്പാരാധന സ്ഥലങ്ങളിൽ ഒന്നാണ് തൃപ്പാറ മഹാദേവർ ക്ഷേത്രം (വെട്ടിക്കോട് ,ആമേട,മണ്ണറശ്ശാല ,നാഗര്കോവിൽ , തൃപ്പാറ, പാമ്പുമേക്കാട്).. കന്നി മാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ വൻ ഭക്തജന തിരക്കാണ് .കുടുംബത്തിലെ സര്‍പ്പ ദോഷങ്ങൾ മാറാനും ഐശ്വര്യം ഉണ്ടാകാനും വേണ്ടി മഞ്ഞള്‍പൊടി സമര്‍പ്പണം ധാരാളമായി ഇവിടെ നടക്കുന്നു .....
ഈ ക്ഷേത്രത്തിന്‍റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത ആണ് തിടപ്പള്ളിയോടു ചേര്‍ന്ന് നില്ക്കുന്ന ശ്രീകോവിൽ. സാധാരണ ഗതിയിൽ ശ്രീ കോവിലിന്‍റെ ആകൃതി സമചതുരമോ വൃത്താകൃതിയോ ആകാം .മേല്ക്കൂര ഇല്ലാത്ത മറ്റു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും മേല്ക്കൂര ഇല്ലാതെ ദീര്ഘ്ചതുരാകൃതിയിൽ തീര്‍ത്തും കരിങ്കല്ലിൽ പണിത ഈശ്രീകോവിൽ കേരളീയ വാസ്തു വിദ്യയുടെ അഭിമാനമാണ് ...
ശ്രീ കോവിലിന്‍റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ഭഗവാൻ കൈലാസ നാഥനായ പരമശിവന്‍റെ സങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽ ശിലയിൽ ആണ് പൂജ . ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല . ഭഗവാന്‍റെ വലതു ഭാഗത്തായി ഉപദേവനായി മൂല ഗണപതിയുടെ മറ്റൊരു അവതാരമായ ചലന ഗണപതിയുടെ പ്രതിഷ്ട്ടയും ഉണ്ട് . കെടാത്ത ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കു മാടങ്ങളും . നാഗരാജാവ് ,നാഗയക്ഷി എന്നെ ഉപ ദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്...
ഭഗവാനെ അഭിഷേകം ചെയ്യുന്ന തീര്ത്ഥം ഓവുവഴി ആറിലെക്കാണ് ചെല്ലുന്നത് . അത് കൂടാതെ ശ്രീ കോവിലിനു അലങ്കാരമായി ധാരാളം കല്‍വിളക്കുകള്‍ ഉണ്ട് ....
കൊടിമരത്തിന്‍റെ ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂവളമരത്തിനു ഈ ക്ഷേത്രത്തോളം പഴക്കമുണ്ട്..എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്‍റെ മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ, ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്‍ശിക്കാന്‍ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്‍റെ ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥം ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കുകയായിരുന്നു ...
തൃപ്പാറ ക്ഷേത്രത്തിൽ വെളളം കയറുമ്പോൾ,ക്ഷേത്രത്തിലെ പൂജകള്‍ തൃക്കോവില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ത്തിലാണ് നടന്നു വരുന്നത്...തൃക്കോവില്‍ ശ്രീ പത്മനാഭ സ്വാമിയുടെ ശ്രീ കോവിലിനു മുന്നിലുള്ള മണിമണ്‍ഡപത്തില്‍ ആണ് പൂജ നടക്കുന്നത്.തൃപ്പാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നന്ദികേശന്‍ മുങ്ങുംപ്പോള്‍ തൃക്കോവില്‍ മണിമണ്‍ഡപത്തില്‍ പീഠം ഉള്ള തൂണില്‍ നിന്ന് വെള്ളം ഒലിച്ചിറങ്ങും അപ്പോളാണ് തൃപ്പാറ ക്ഷേത്രത്തിലെ പൂജ തൃക്കോവിലില്‍ ആവുന്നത്....
കന്നിമാസത്തിലെ ആയില്യവും ,പത്ത് ദിവസം നീണ്ട് നിക്കുന്ന ശിവരാത്രി ഉത്സവത്തിനും വൻ ഭക്തജനത്തിരക്കാണ്...
കൂടാതെ ശിവ ക്ഷേത്രമായതിനാൽ ശനിയാഴ്ചയും,തിങ്കളാഴ്ചയും വളരെ പ്രധാന്യമുളള ദിവസങളാണ്.....