വള്ളിയാങ്കാവ് ദേവി ക്ഷേത്രം
VALLIAYNKAV DEVI TEMPLE
==================================
കോട്ടയം- കുമളി ദേശീയപാതയില്നിന്ന് പതിനഞ്ചു കിലോമീറ്റര് കിഴക്കുമാറി ട്രാവന്കൂര് റബ്ബര് ആന്ഡ് ടീ കമ്പനിയാല് ചുറ്റപ്പെട്ട വള്ളിയാങ്കാവ് കരയിലാണ് സര്വം പൊരുളായ വള്ളിയാങ്കാവ് ദേവി കുടികൊള്ളുന്നത്.
വള്ളിയാങ്കാവ് ഭഗവതിയെ സംബന്ധിച്ച ഐതിഹ്യത്തിന് ദ്വാപരയുഗത്തോളം പഴക്കമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല് അവര് ഇപ്പോൾ ശബരില അയ്യപ്പൻറെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്. അന്ന് അവിടുത്തെ ആദിവാസികളാണ് അവരെ സഹായിച്ചുവന്നത്. അജ്‌ഞാതവാസാരംഭകാലത്ത് ആദിവാസികളോട് യാത്ര പറഞ്ഞുകൊണ്ട്; നന്ദിസൂചകമായി പാണ്ഡവര് ആരാധിച്ച ദുര്ഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന് പാരിതോഷികമായി കൊടുത്തു. ''ഈ ദേവിയെ നിങ്ങള് ഭക്‌തിപൂര്വ്വം ആരാധിക്കുക. ദേവി നിങ്ങള്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.'' പാണ്ഡവര് ആദിവാസികളോട് നിര്ദ്ദേശിച്ചു.
പിന്നീട് ആദിവാസികള് അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുര്ഗ്ഗാദേവിയായി അറിയപ്പെടുകയും ചെയ്‌തു. കാലാന്തരത്തില് ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന് ആദിവാസികള് കുടിയൊഴിഞ്ഞപ്പോള് പാഞ്ചാലിമേട്ടില്നിന്ന് ഇപ്പോള് ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക് ദേവി കാട്ടുവള്ളിയില് ആടിവന്നു കുടികൊണ്ടുവത്രേ. അങ്ങനെ ഈ ദേശം 'വള്ളിയാടിക്കാവ്' എന്നും പിന്നീട് ലോപിച്ച് 'വള്ളിയാങ്കാവ്' എന്നും അറിയപ്പെട്ടു.
ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്ത്താവായ വഞ്ചിപ്പുഴത്തമ്പുരാന് സ്വപ്‌നദര്ശനത്തില് ലഭിച്ചു. അതേത്തുടര്ന്ന് ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്പ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികള് നടത്തുന്നതിന് ഇരുപത്തിരണ്ടേക്കര് സ്‌ഥലം കരമൊഴിവായി നല്കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്നിന്ന് ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്.
ക്ഷേത്രത്തില്നിന്ന് 10 കിലോമീറ്റര് ദൂരെ ഉയരത്തില് പാഞ്ചാലിമേട് സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര് തങ്ങിയ മേട്, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത് ഭീമന് ചവിട്ടിയ പാട് ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ് വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച് പാറയാക്കി എന്നൊരു കഥയുമുണ്ട്. ആ ആനക്കല്ല്, ക്ഷേത്രത്തിന് എതിരെയുള്ള മലമുകളില് കാണാവുന്നതാണ്. പാണ്ഡവര് അടുപ്പുകൂട്ടിയ മൂന്ന് അടുപ്പുകല്ലുകള് ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.
വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും വനവാസികൾ ദേവിയെ അവരുടെ പരമ്പരാഗത രീതിയിൽ പൂജിച്ചുവന്നു.
തലമുറകൾ പിന്നിട്ടപ്പോൾ കാരൃസാധൃത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ആദികാലത്ത് പന്ത്രണ്ട് വയസ് പ്രായമുളള ഓരോ ബാലികമാരെ പന്ത്രണ്ട് വർഷം കൂടുമ്പോൾ ബലിയച്ച് ആ നിണംകൊണ്ട് ദേവിയെ അഭിഷേകം കഴിച്ചിരുന്നു.
അടുത്ത ബലിക്കുള്ള ബാലികയെ ഒരു വർഷം മുൻപേ തിരഞ്ഞെടുത്ത് ക്ഷേത്രത്തിൽ വ്രതമെടുത്ത് താമസ്സിപ്പിക്കുകയായിരുന്നു പതിവ്.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
അത്ഭുതശക്‌തികളും മഹത്വവും കേട്ട് ഭക്‌തജനങ്ങള് വന്നുതുടങ്ങി.ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച് ഫലപ്രവചനങ്ങള് നടത്തുകയും അതനുസരിച്ചുള്ള പരിഹാരങ്ങള് ചെയ്യുകയും ചെയ്യുന്നു.
ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന് മൂര്ത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേന്, കിഴങ്ങുകള്, കൂടാതെ പുകയില, കള്ള് തുടങ്ങിയ ലഹരിവസ്‌തുക്കള് ഈ മൂര്ത്തിക്ക് നിവേദ്യമായി നല്കി പൂജിച്ചുവന്നു.കാലാന്തരത്തില് കരിങ്കുറ്റിയാന് മൂര്ത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്‌ഥാനം നല്കി ഭക്‌തജനങ്ങള് ഉപാസിച്ചുവരികയും ചെയ്യുന്നു.വഞ്ചിപ്പുഴ സ്വരൂപത്തില്പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര് ദേവസ്വംബോര്ഡിന് വിട്ടുകൊടുക്കുകയുണ്ടായി.
ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്പ്പുമൂലം ദേവസ്വംബോര്ഡ് ഏറ്റെടുക്കാതെ നിലനിന്നു. എന്നാല് ക്ഷേത്രത്തില് നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്മ്മങ്ങള് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര് ഹൈക്കോടതിയില് കേസ് ഫയല് ചെയ്‌തു.വര്ഷങ്ങള്ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന് കണ്ടന്കോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന് കൈവശംവച്ച് അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്ഡ് സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.
അരയമൂപ്പന് കണ്ടന് കോന്തിയുടെ മരണശേഷം 1993-ല് ബോര്ഡ് ക്ഷേത്രം ഏറ്റെടുത്തു. തുടര്ന്ന് ജ്യോതിഷപണ്ഡിതന് മണകുന്നം എം.ആര്. രമണന്റെ നേതൃത്വത്തില് അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില് തെളിഞ്ഞപ്രകാരം വനദുര്ഗ്ഗാദേവി സങ്കല്പ്പത്തിലുള്ള പരാശക്‌തിയെ അഥര്വവേദവിധിപ്രകാരമുള്ള പൂജകള് നല്കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല് ഭദ്രകാളി ചൈതന്യത്തിന് പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില് തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില് കുടികൊള്ളുന്നത് ഹിതകരമല്ലാത്തതിനാല് തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള് നിര്മ്മിച്ച് ഭദ്രകാളി, ദുര്ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്, കാലയക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു.
2001 ജൂലൈ എട്ടിന് പ്രതിഷ്‌ഠാകര്മ്മങ്ങള് തന്ത്രി താഴമണ്മഠം കണ്‌ഠര് മഹേശ്വരരുടെ മുഖ്യകാര്മികത്വത്തില് നടന്നു.പിന്നീട് ദിവസേന ഭദ്രയ്‌ക്കും ദുര്ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില് ഗുരുതിയും നടന്നുവരുന്നു.ശബരിമല ശ്രീധര്മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന് നടതുറന്നുകഴിഞ്ഞാല് ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിനുശേഷമേ പിന്നീട് ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയഗുരുതി ദര്ശിക്കുകയും അതില് പങ്കുകൊള്ളുകയും ചെയ്യുന്നവര്ക്ക് കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന് ഭക്‌തജനങ്ങള് വിശ്വസിക്കുന്നു.രാവിലെ എല്ലാവിധ പഴവര്ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്നിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന് മൂര്ത്തിക്കു 'കുടി' വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്നിന്ന് മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദര്ശനമരുളിക്കൊണ്ടാണ് പ്രധാന പ്രതിഷ്‌ഠകള് നിലകൊള്ളുന്നത്.സര്വംസഹയായ ഭൂമിമാതാവെന്നപോലെ ഭക്‌തലക്ഷങ്ങളുടെ മനസ്സിന്റെ നിറവില് എല്ലാം അമ്മ അറിഞ്ഞുനല്കുന്നു.
ശത്രുദോഷം,ആഭിചാരം,രോഗങ്ങൾ,മാനസ്സിക രോഗങ്ങൾ എന്നിവയാൽ കഷ്ഠപ്പെടുന്ന നൂറുകണക്കിന് ഭക്തരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ.
മീനമാസത്തിലെ ഭരണിനാളാണ് അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്. അന്ന് നടക്കുന്ന പൊങ്കാലയില് ആയിരക്കണക്കിന് ഭക്‌തജനങ്ങള് പങ്കെടുക്കുന്നു.