2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ശ്രീകണ്ഡേശ്വരക്ഷേത്രം (നഞ്ചുണ്ടേശ്വര ക്ഷേത്രം), നഞ്ചൻഗുഡ്, കർണാടക.



ശ്രീകണ്ഡേശ്വരക്ഷേത്രം (നഞ്ചുണ്ടേശ്വര ക്ഷേത്രം), നഞ്ചൻഗുഡ്കർണാടക.

കർണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ലയിലെ ഒരു പട്ടണമാണ് നഞ്ചൻഗുഡ് . മൈസൂർ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള കപില നദിയുടെ തീരത്താണ് നഞ്ചൻഗുഡ് സ്ഥിതി ചെയ്യുന്നത്. ''ശ്രീകണ്ഡേശ്വര ക്ഷേത്രത്തിന്'' (നഞ്ചുണ്ടേശ്വര ക്ഷേത്രം) പ്രസിദ്ധമാണ് നഞ്ചൻഗുഡ്.
കന്നഡയിൽ നഞ്ചു എന്നാൽ വിഷം എന്നാണ്. നഞ്ചുണ്ടേശ്വരൻ (ശ്രീകണ്ഡേശ്വരൻ ) "വിഷം കുടിച്ച ദൈവം" എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് 'നഞ്ചൻഗുഡ്' എന്ന പേര് വന്നത്.
പുരാണമനുസരിച്ച്, ദേവന്മാരും അസുരന്മാരും പാലാഴി മഥന സമയത്ത് ഉഗ്രവിഷം ആദ്യം പ്രത്യക്ഷപ്പെട്ടു, തുടർന്ന് വിഷം പ്രപഞ്ചത്തിൽ വ്യാപിപ്പിക്കുന്നത് തടയാനായി മഹാദേവൻ ആ കൊടും വിഷം പാനം ചെയ്തു. അപകടം മനസ്സിലാക്കിയ പാർവ്വതീദേവി മഹാദേവന്റെ കണ്ഡത്തിൽ പിടിച്ച് വിഷം താഴേക്കിറങ്ങാതെ തടയുകയും ചെയ്തു. പ്രപഞ്ച രക്ഷയ്ക്കായി വിഷം കണ്ഡത്തിൽ ശേഖരിച്ചതുകൊണ്ടാണ് പരമശിവന് നീലകണ്ഡേശ്വരൻ, ശ്രീകണ്ഡേശ്വരൻ, എന്നീ പേരിലറിയപ്പെടുന്നത്.
ചരിത്രം
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പിന്നീട് ഹോയ്സാല രാജാക്കന്മാർ ഈ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തു.

അങ്ങാടിപ്പുറം രാമപുരം നാലമ്പലങ്ങൾ






അങ്ങാടിപ്പുറം രാമപുരം നാലമ്പലങ്ങൾ
പെരിന്തൽമണ്ണ നിന്ന് മലപ്പുറം റൂട്ടിൽ പുഴക്കാട്ടിരിയിലാണ് രാമപുരം. റോഡ് സൈഡിൽ തന്നെ ക്ഷേത്ര കമാനം കാണാം. ഈ അടുത്ത കാലത്തായി ക്ഷേത്രം കൂടുതൽ പ്രശസ്തമായി വരുന്നു. തൃപ്രയാർ, ഇരിഞ്ഞാലക്കുട, മൂഴിക്കുളം, പായമ്മൽ നാലമ്പലങ്ങളിലെ അഭൂതപൂർവമായ തിരക്ക് ഒരുപക്ഷെ ഈ നാലമ്പലങ്ങളുടെ വളർച്ചക്ക് വഴിതെളിച്ചിട്ടുണ്ടാകാം.
പ്രധാന പ്രതിഷ്ഠ ശ്രീരാമൻ. കിഴക്കോട്ടാണ് ദർശനം. ഉപദേവതകളായി ശിവൻ, വിഷ്ണു, ഭദ്രകാളി. ഒന്ന് രണ്ടു പേരോട് ചോദിച്ചെങ്കിലും ഏറെ ഐതിഹ്യ കഥകളൊന്നും അവർക്ക് അറിയാമായിരുന്നില്ല.
ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ തുടങ്ങിയവരുടെ ക്ഷേത്രങ്ങളും ഒന്ന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉണ്ട്. ശ്രീരാമ ക്ഷേത്രത്തിനു അടുത്ത് തന്നെയുള്ള പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രവും പുറക്കാട്ടിരിയിൽ ശത്രുഘ്ന ക്ഷേത്രവും. എല്ലാം ചെറിയ ക്ഷേത്രങ്ങൾ ആണ്. ഭരത ക്ഷേത്രത്തിലേക്ക് അല്പം കൂടുതൽ പോകണം. വഴിയും അത്ര നല്ലതാണെന്നു പറയുക വയ്യ.
ഈ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ ആയിരുന്നുവെന്നും ഇപ്പോൾ ചെറിയ തോതിൽ അഭിവൃദ്ധി പ്രാപിച്ചു വരികയാണെന്നും പ്രത്യക്ഷത്തിൽ തന്നെ മനസിലാക്കാം.
രാമപുരം നാലമ്പലങ്ങൾ പോകുന്ന വഴി പ്രസിദ്ധമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലും അതിനു അടുത്ത് തന്നെയുള്ള തളി ക്ഷേത്രത്തിലും ദർശനം നടത്താം എന്നൊരു പ്രത്യേകത കൂടിയുണ്ട് മലപ്പുറം ജില്ലയിലെ ഈ നാലമ്പല ദർശന യാത്രയിൽ.

എടപ്പാൾ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം




 എടപ്പാൾ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം
തൃശൂർ കോഴിക്കോട് ഹൈവേയിൽ എടപ്പാളിൽ നിന്നും പട്ടാമ്പി റൂട്ടിൽ പോയി ആ വഴിയിൽ നിന്ന് തിരിഞ്ഞു അല്പം ചെന്നാൽ ശുകപുരം ക്ഷേത്രത്തിൽ എത്താം.
കേരള ബ്രാഹ്മണ്യത്തിന്റെ ഈറ്റില്ലമായിരുന്ന ശുകപുരം ഗ്രാമത്തിലെ ഈ ക്ഷേത്രം പണ്ട് ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. പരശുരാമ പ്രതിഷ്ഠയാണ് എന്നാണ് ഐതിഹ്യം. ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ശിവന്റെ തന്നെ ഗുരുരൂപമായി സ്ഥിതിചെയ്യുന്ന ഉപദേവനായ ദക്ഷിണാമൂർത്തിക്കാണ് ഇവിടെ പ്രാധാന്യം കൂടുതൽ.
തെക്കോട്ടു ദർശനമായിട്ടാണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ. ചെമ്പു മേഞ്ഞ ശ്രീകോവിൽ. രണ്ടു നേരം പൂജ. ഉത്സവം ഇല്ല.
നമ്പൂതിരിമാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ചേരിപ്പോരിന്റെ വേദി കൂടിയായിരുന്നു ശുകപുരം ഗ്രാമം. മറ്റൊന്ന് പന്നിയൂരും (പന്നിയൂർ വരാഹമൂർത്തിക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ശൈവ ഗ്രാമമായ ശുകപുരവും വൈഷ്ണവ ഗ്രാമമായിരുന്ന പന്നിയൂരും തമ്മിലുള്ള തർക്കം മലയാള ബ്രാഹ്മണരെ പണ്ട് രണ്ടു വിഭാഗ മാക്കി നിർത്തി എന്ന് കേൾക്കുന്നു. ഇനി ഒരിക്കലും ഒരുമിക്കുകയില്ലെന്നു ഇരുവരും സത്യം ചെയ്തത്രേ. തുടർന്ന് ഇവർ രണ്ടു ചേരിയായെന്നും ശൈവ ചിന്തയും വൈഷ്ണവ ചിന്തയും പ്രചരിപ്പിക്കുന്നതിൽ മുഴുകി എന്നും പുരാണം.
രണ്ടു ഗ്രാമക്കാരും എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തി എന്നും പറയുന്നു. അത് പൊട്ടു തൊടുന്നതിൽ മുതൽ ഓണപ്പുടവയിലും വെടിയിലും എന്തിനേറെ കറിക്കു അറിയുന്നതിൽ വരെ ഉണ്ടായിരുന്നത്രെ.
മറ്റൊരു പ്രത്യേകത ശുകപുരം ഗ്രാമവും ഈ ക്ഷേത്രവും വേദപഠനത്തിന്റെ കേന്ദ്രങ്ങൾ ആയിരുന്നു എന്നതാണ്. അതുകൊണ്ടാവാം കേരളത്തിലെ നമ്പൂതിരിമാരിൽ ഒന്നാംകിടക്കാർ ശുകപുരം ഗ്രാമക്കാരാണെന്ന് കരുതിയിരുന്നത്.
പണ്ടൊക്കെ വ്യാഴവട്ടത്തിൽ ഒരിക്കൽ ഇവിടെ മഹായാഗം നടന്നിരുന്നുവെന്നും യാഗങ്ങൾ നടത്താൻ ഇവിടെനിന്ന് അനുമതി വാങ്ങണമെന്ന് ഉണ്ടായിരുന്നുവെന്നും കേൾക്കുന്നു.
ദക്ഷിണാമൂർത്തി ക്ഷേത്രങ്ങൾ കുറവാണെന്നു തോന്നുന്നു. ചിന്മുദ്രയോടെ ശിഷ്യന്മാർക്കു മൗനം കൊണ്ട് പ്രപഞ്ച സാരം വ്യാഖാനിക്കുന്നു ദക്ഷിണാമൂർത്തി. ജനന മരണാദികളിൽ നിന്ന് കരകയറാൻ ആഗ്രഹിക്കുന്നവർ ദക്ഷിണാമൂർത്തിയെ ഭജിക്കണമെന്നു പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് ഇതാ തെക്കോട്ട് തിരിഞ്ഞു കാലന് അഭിമുഖമായി തന്റെ ഭക്തരെ കാലപാശത്തിൽ നിന്ന് രക്ഷിക്കാൻ ഇവിടെ ശുകപുരം ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി വിരാജിക്കുന്നു.

ഷൺമുഖനാഥർക്ഷേത്രം, കാരൈക്കുടി, തമിഴ്നാട്



· 
തമിഴ്‌നാട്ടിലെ കാരൈക്കുടിക്ക് അടുത്താണ് കുന്നക്കുടി ഷണ്മുഖനാഥര്‍ ക്ഷേത്രം. ക്ഷേത്രം കുന്നിന്‍മുകളില്‍ ആയതുകൊണ്ടാണ് കുന്നില്‍ കുടികൊള്ളുന്ന ദേവന്‍ എന്ന് പറയുന്നത്. മയൂരഗിരി, അരശവനം, മയൂരനഗരം എന്നും സ്ഥലം അറിയപ്പെടുന്നു.
വിഷ്ണുവും ബ്രഹ്മാവും ഒരിക്കല്‍ സ്‌കന്ദനെ സന്ദര്‍ശിക്കാനെത്തി. സ്‌കന്ദവാഹനമായ മയില്‍ ഈ അവസരത്തില്‍ അതിഥികളോട് പരുഷമായി പെരുമാറി. ഇതറിഞ്ഞ് കുപിതനായ മുരുകന്‍ മയില്‍ മലയായി മാറട്ടെ എന്ന് ശപിച്ചു. മലയായി മാറിയ മയില്‍ മുരുകനെ ഭജിച്ച് പ്രീതിപ്പെടുത്തി പൂര്‍വരൂപം വീണ്ടെടുത്തു. മലയുടെ ഒരു ഭാഗം മുരുകനെ വഹിച്ച് മയൂരഗിരി അഥവാ കുന്നക്കുടിയായി നിലകൊണ്ടു.
മലയുടെ താഴെയുള്ള സന്നിധിയില്‍ തൊഗെയഡി വിനായകരുടെ സന്നിധിയുണ്ട്. മലമുകളിലെ ക്ഷേത്രത്തിലേക്ക് നടന്നുകയറുന്ന വഴിയില്‍ ഇടുമ്പ/ഹിഡുംബ സന്നിധി കാണാം. മയിലിനു മുകളില്‍ ഉപവിഷ്ടനായ ആറുതലയുള്ള ഷണ്മുഖനാഥരുടെ ഇരുവശങ്ങളിലായി പത്‌നിമാരായ വള്ളിയും ദൈവായനിയുമുണ്ട്. കിഴക്കോട്ടഭിമുഖമായാണ് പ്രധാന സന്നിധി. ഇതിന് തെക്കുഭാഗത്തുള്ള അലങ്കാര മണ്ഡപത്തില്‍ ഉത്സവമൂര്‍ത്തിയായ ഷണ്മുഖനുണ്ട്. ഗണപതി, ദക്ഷിണാമൂര്‍ത്തി, മീനാക്ഷി സുന്ദരേശ്വരര്‍, നടരാജര്‍, കുഴന്തൈ വടിവേലന്‍, ചണ്ഡേശ്വരന്‍, നവഗ്രഹങ്ങള്‍ എന്നിവരുടെ സന്നിധികളും കാണാം. കൂടാതെ വീരബാഹുവിന്റെയും ഇടുമ്പന്റെയും രൂപങ്ങളുമുണ്ട്.
മലയടിവാരത്തില്‍ അഞ്ചുനില ഗോപുരത്തോടുകൂടിയ ഗുഹാക്ഷേത്രത്തിലെ മുഖ്യദേവന്‍ ശിവനാണ്. പുരാവസ്തുശാസ്ത്രമനുസരിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുഹാക്ഷേത്രം. അതിപുരാതനമായ മൂന്ന് ഗുഹകള്‍ ഇവിടെ ഉണ്ട്. ആദ്യത്തേതില്‍ ഒരു ശിവലിംഗമാണുള്ളത്. ഇതിന്റെ ചുവരുകളിലൊന്നില്‍ വിഷ്ണുവിന്റെ രൂപം ആലേഖനം ചെയ്തതായി കാണാം. മറ്റൊരു ചുവരില്‍ ലിംഗപൂര്‍ണ്ണ ദേവന്റെ രൂപം ബ്രഹ്മാവ് ഉപാസിക്കുന്ന രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. സമീപം ശംഖും ചക്രവും ധരിച്ച ചതുര്‍ബാഹുവായ വിഷ്ണു. ദുര്‍ഗാദേവിയുടെ രൂപവും ആലേഖനം ചെയ്തിട്ടുള്ളതായി കാണാം. ശിവന്റെയും വിഷ്ണുവിന്റെയും ഭാഗിക പ്രത്യേകതകളോടെ ഹരിഹരന്റെ സാന്നിദ്ധ്യവുമുണ്ട്. വിനായകന്റെയും സുബ്രഹ്മണ്യന്റെയും രൂപങ്ങള്‍ കൂടാതെ ഏറെ പ്രത്യേകതകളുള്ള അതിമനോഹരമായ ഒരു നടരാജരൂപവും ഈ ഗുഹാക്ഷേത്രത്തെ അലങ്കരിക്കുന്നു.
നിത്യവും ആറുനേരത്തെ പൂജ പതിവാണ്. തൈപ്പൂയവും പങ്കുനി ഉത്രവും വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. നിരവധി ഭക്തര്‍ ഈ ദിവസങ്ങളില്‍ ഗിരിപ്രദക്ഷിണം നടത്താറുണ്ട്. കാര്‍ത്തിക മാസത്തിലെ തിങ്കളാഴ്ചകളും ഇവിടെ പ്രധാനമാണ്.
കാരൈക്കുടിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് കുന്നക്കുടി. ശിവന്റെ തേവാരസ്ഥലമായ പേര്‍പെറ്റ തിരുപ്പത്തൂരിന്റെയും പിള്ളയാര്‍പെട്ടി കര്‍പഗവിനായകര്‍ ക്ഷേത്രത്തിന്റെയും സാമിപ്യവുമുണ്ട്.

എന്താണ് പിതൃദോഷം ?




എന്താണ് പിതൃദോഷം ?
ജ്യോതിഷ വിശ്വാസികളുടെ മനസ്സിനെ പേടിപ്പെടുത്തുന്ന പ്രശ്നമാണ് പിതൃദോഷം. വിവാഹം നടക്കാത്തതു പിതൃദോഷം കൊണ്ടാണ്, വീടു പണി നടക്കാത്തതു പിതൃദോഷം മൂലമാണ്, ജോലി ലഭിക്കാത്തതു പിതൃദോഷത്താലാണ് എന്നൊക്കെ കേൾക്കുമ്പോൾ നമ്മുടെ പിതൃക്കൾ ഇത്ര ക്രൂരഹൃദയരാണോ എന്നു തോന്നിപ്പോകും. മരിച്ചു പോയ അച്ഛനോ അമ്മയോ വന്നു വിവാഹം മുടക്കുന്നു എന്നു കേള്‍ക്കുമ്പോൾ തോന്നുന്ന വേദന ഭീകരമാണ്.
എന്താണ് പിതൃദോഷം
അതറിയണമെങ്കിൽ ആദ്യം പുത്രൻ എന്താണെന്ന് അറിയണം. ജനിക്കുമ്പോൾതന്നെ ഒരാളെ പുത്രൻ എന്നോ പുത്രി എന്നോ കണക്കാക്കാൻ പാടില്ല എന്നാണു ഹിന്ദു പുരാണങ്ങൾ പഠിപ്പിക്കുന്നത്.
അച്ഛനും അമ്മയ്ക്കും വയസ്സാകുന്ന സമയത്ത് അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുന്ന സന്ദർഭത്തിൽ ആരാണോ അവർക്കു സഹായകരമായി പ്രവർത്തിക്കുന്നത് അയാളാണ് പുത്രൻ പുത്രി. അഥവാ അപ്പോൾ മാത്രമേ അയാൾ പുത്രൻ പുത്രി ആകൂ.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും സംരക്ഷിക്കാത്തവർ, അവർക്കു വേദന മാത്രം നൽകുന്നവർ, മാനസികമായും ശാരീരികമായും അച്ഛനമ്മമാരെ പീ‍ഡിപ്പിക്കുന്നവർ ഇവരൊക്കെ പിതൃദോഷം ഉള്ളവരാണ്. അല്ലാതെയുള്ളവർ പിതൃദോഷം ഭയപ്പെടേണ്ട.
ചില ഹിന്ദു ഭവനങ്ങളിൽ ഇപ്പോഴും പിന്തുടരുന്ന ഒരു രീതിയുണ്ട്. ഓണം അടക്കമുള്ള വിശേഷ ദിവസങ്ങളിൽ സദ്യ ഉണ്ണുന്നതിനു മുൻപ് എല്ലാ വിഭവങ്ങളും ഇലയിൽ നിരത്തി പൂജാമുറിയിൽ പിതൃക്കൾക്ക് എന്ന പേരിൽ വയ്ക്കാറുണ്ട്. ഒരു പിതൃവും അതൊന്നും വന്നു കഴിക്കില്ലെന്ന് ഇതു വയ്ക്കുന്നവർക്കും അറിയാം. പക്ഷേ ഈ ആചാരം കണ്ടു വളരുന്ന പുതുതലമുറ പഠിക്കുന്ന വലിയൊരു പാഠമുണ്ട്; മറ്റുള്ളവർക്കു കൂടി കൊടുത്തിട്ടു വേണം നാം ഭക്ഷണം കഴിക്കാൻ എന്നത്.
കർക്കിടക വാവിനും മറ്റും ബലി തർപ്പണത്തിനു പോകുന്നവരില്‍ കുറേപ്പേർക്കും അറിയാം ഇതൊന്നും പിതൃക്കൾ കാണുന്നില്ലെന്ന്. പക്ഷേ, മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്തും അവരോട് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന് ആവശ്യപ്പെട്ടും നാം നടത്തുന്ന പ്രാർഥനയുണ്ടല്ലോ, അതൊരു ആത്മസംതൃപ്തിയാണ്.
ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ സ്നേഹിക്കുക, അവർക്കു കരുതൽ നൽകുക. ‘ഞാൻ വീണു കിടന്നാൽ എന്റെ മകൻ/മകൾ എന്നെ സംരക്ഷിച്ചു കൊള്ളും’ എന്ന് അച്ഛനോ അമ്മയ്ക്കോ വിശ്വാസം ഉണ്ടായാല്‍ അതിൽ മാത്രമേ പുണ്യമുള്ളൂ.

ഉറുമ്പുകൾക്ക് ഒരു അമ്പലം...




ഉറുമ്പുകൾക്ക് ഒരു അമ്പലം...
=====================================
ഉറുമ്പിനെ ദൈവമായി ആരാധിക്കുന്ന സ്ഥലവും അവിടെ ഉറുമ്പച്ചൻ എന്ന ‌ദൈവവും ആ ദൈവത്തെ കുടിയിരിത്തിയിരിക്കുന്ന ക്ഷേത്രവും ഉണ്ടെന്ന് കേട്ടാൽ നമുക്ക് ഒരു കൗതുകം തോന്നാറുണ്ട്. ആ കൗതുകത്തിന് പുറത്ത് ഒന്ന് യാത്ര ചെയ്യാനും ആഗ്രഹിക്കും.
യാത്ര
കണ്ണൂരിൽ നിന്ന് തലശ്ശേ‌രിയിലേക്കുള്ള യാത്രയിൽ ‌‌ഡ്രൈ‌വ് ഇൻ ‌ബീച്ചിന്റെ പേരിൽ പ്രശസ്തമായ മുഴപ്പിലങ്ങാട് എത്തുന്നതിന് മുൻ‌പുള്ള സ്ഥലമാണ് ‌തോട്ടട. ദേശീയപാത 17ൽ ആണ് ഈ ‌സ്ഥലം സ്ഥിതി ചെയ്യുന്നത്. തോട്ടടയിലാണ് ഉറുമ്പിനെ ആരാ‌ധി‌ക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉറുമ്പച്ചൻ കോട്ടം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
തോട്ടടയിൽ നിന്ന്
കണ്ണൂരിൽ നിന്ന് 8 കിലോമീറ്റർ യാത്ര ചെയ്താൽ തോട്ടടയിൽ എത്തിച്ചേരാം. തോ‌ട്ടടയിൽ നിന്ന് കീഴുന്നപ്പാറ റോഡിലൂടെ കുറച്ച് നേരം സഞ്ചരിക്കുമ്പോൾ കു‌റ്റിക്കകം എന്ന ഗ്രാമത്തിൽ എത്തിച്ചേരും. അവിടെയാണ് ഉറുമ്പച്ചൻ കോട്ടം സ്ഥിതി ചെയ്യുന്നത്.
ഉറുമ്പച്ചൻ കോട്ടം
ഉറുമ്പച്ചൻ കോട്ടം എന്ന് എഴുതിയ ബോർഡിന് മുകളിൽ. ഉദയമംഗലം ശ്രീ ഗണപ‌തി ക്ഷേത്രം എന്നും എഴുതി വച്ചിരിക്കുന്നത് കാണാം. എന്നാൽ ഒരു ക്ഷേ‌ത്രത്തിന്റെ രൂപ ഘടനയൊന്നും ഇവിടെ കാണാൻ കഴിയില്ലാ. വൃത്താകൃതിയിലുള്ള ഒരു തറ മാത്രമാണ് ഇവിടെയുള്ളത്.
ഐതിഹ്യം
ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ഉറുമ്പിനെ പൂജിക്കാൻ ആരംഭിച്ചത്. ഇവിടെ ഒരു ഗണപതി ക്ഷേത്രം നിർമ്മിക്കാൻ ഉദ്ദേശിച്ച് കുറ്റിയടിച്ചിരുന്നു. എന്നാൽ പിറ്റേദിവസം കുറ്റിയടിച്ച സ്ഥലത്ത് ഉറുമ്പിന്റെ കൂടും അടിച്ച കുറ്റി മറ്റൊരിട‌ത്തും കാണപ്പെട്ട‌തോടെയാണ് ഇവിടെ ഉറുമ്പ് പൂജ ആരംഭിച്ചത്. കുറ്റി മാറി നിന്ന സ്ഥലത്ത് ഗണപതി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.
ഉറുമ്പിനെ ദൈവമായി ആരാധിക്കുന്ന സ്ഥലവും അവിടെ ഉറുമ്പച്ചൻ എന്ന ‌ദൈവവും ആ ദൈവത്തെ കുടിയിരിത്തിയിരിക്കുന്ന ക്ഷേത്രവും ഉണ്ടെന്ന് കേട്ടാൽ നമുക്ക് ഒരു കൗതുകം തോന്നാറുണ്ട്. ആ കൗതുകത്തിന് പുറത്ത് ഒന്ന് യാത്ര ചെയ്യാനും ആഗ്രഹിക്കും. അങ്ങനെയാണെ‌ങ്കിൽ നേരെ കണ്ണൂരേക്ക് യാത്ര പോകാം.
ഉറുമ്പ് ശല്ല്യം മാറാൻ
വീടുകളിലെ ഉറുമ്പ് ശല്ല്യം മാറാൻ ആളുകൾ ഇവിടെയെത്തി പൂജയും വഴിപാടുകളും നടത്താറുണ്ട്.

കിം പുരുഷൻ...പള്ളിയറയുടെ മുഖ്യ കവാടത്തിനു മുകളില്‍ ഒരു രൂപമാണ്




കിം പുരുഷൻ...
===================================
പള്ളിയറയുടെ മുഖ്യ കവാടത്തിനു മുകളില്‍ മരത്തില്‍ കൊത്തിയെടുത്ത ഭയാനകമായ ഒരു രൂപമാണ് കിംപുരുഷന്‍റെത്. പുറത്തേക്ക് തള്ളിയ ചോരക്കണ്ണുകള്‍, കോമ്പല്ലുകള്‍ക്കിടയിലൂടെ താണിറങ്ങിയ ചോര വാര്‍ന്നോഴുകുന്ന നീളന്‍ നാക്ക്, ദൈവ പ്രപഞ്ചത്തെ മുഴുവന്‍ മാറില്‍ ചേര്‍ത്ത് ഇരുപുറത്തെക്കും നീട്ടിപിടിച്ച ദീര്‍ഘവും ബലിഷ്ടവുമായ കൈകള്‍. കിംപുരുഷന് വിഷ്ണുവില്‍ നിന്നാണത്രേ ഈ ദേവദേവ പദവി കിട്ടിയത്. സര്‍വലക്ഷണ സമ്പന്നനായ തന്റെ മകനെ ഇന്ദ്രാദികള്‍ വൈകല്യമുള്ളവനാക്കി മാറ്റിയതില്‍ കോപം പൂണ്ട ഭൂമി ദേവിയെ ആശ്വസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നുവത്രേ വിഷ്ണു ഈ പദവി നല്‍കിയത്.
സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. "തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി”, ദേവി ആവശ്യപ്പെട്ടു. “ഒരു സല്‍പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവ മഹര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത് പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു.
പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌.
സല്‍പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്‍ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. “ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക്‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ.
ശിവഭഗവാന്‍ തന്റെ കിരീടവും കിം പുരുഷന്‌ നല്‍കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ്‌ കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ജീവിതലക്ഷ്യം എന്താണ് ?




ജീവിതലക്ഷ്യം എന്താണ് ?
========================
====
അര്‍ത്ഥം - ധനം ഉണ്ടെങ്കില്‍ നമുക്ക് വേണ്ടതെല്ലാം സ്വന്തമാവും. കൂടാതെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് പുണ്യവും നേടി ജീവിതം ധന്യമാക്കാം. അര്‍ത്ഥം ( ധനം) ആണോ ജീവിതലക്ഷ്യം?
അര്‍ത്ഥം ഉണ്ടാക്കാനോ ഉണ്ടെങ്കില്‍ തന്നേ അതു നന്മക്കു ഉപയോഗിക്കാനോ കാമം – അതു ചെയ്യാനുള്ള ആഗ്രഹം ആവശ്യമാണ്! അതുകൊണ്ട് കാമം അര്‍ത്ഥത്തേക്കാളും ശ്രേഷ്ഠം ആണ്! അപ്പോൾ കാമമാണോ ജീവിതലക്ഷ്യം?
അര്‍ത്ഥവും കാമവും ഉണ്ടായാലും അയാള്‍ക്ക് ധര്‍മ്മം എന്താണെന്നു അറിയാതെ നല്ലത് ചെയ്യുവാനോ പുണ്യം നേടുവാനോ കഴിയില്ല! എന്നാല്‍ ധര്‍മ്മിക്ക് അര്‍ത്ഥവും കാമവും കൂടാതെ തന്നേ ജീവിതമുക്തി നേടാം! അതുകൊണ്ട് ധര്‍മ്മം മറ്റു രണ്ടിനെക്കാളും ശ്രേഷ്ഠം ആണ്! അപ്പോൾ ധർമ്മം ഉണ്ടായാൽ എല്ലാമവുമോ അതുകൊണ്ട് ധർമ്മമാണോ ജീവിതലക്ഷ്യം ?
എന്താണ് ധര്‍മ്മ അധര്‍മ്മങ്ങള്‍? അവയും മറ്റെല്ലാറ്റിനെയും പോലെ ആത്മ സൃഷ്ടം ആണ്! അവയെയും ഭേദഭാവമില്ലാതെ കാണാന്‍ കഴിയും! ഈ അവസ്ഥയെ നിര്‍വാണം എന്നു പറയുന്നു. പാപ പുണ്യങ്ങള്‍,സുഖദുഖങ്ങള്‍, നന്മതിന്മകള്‍ ഇവയെല്ലാം തുല്യമായി കണ്ടു ഭേദ ചിന്തയില്ലാതെ സ്വീകരിക്കുന്ന അതു സര്‍വശ്രേഷ്ഠം ആണ്!”

ഭഗവാന്റെ വിശ്വരൂപം




ഭഗവാന്റെ വിശ്വരൂപം
======================
കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ വെച്ച് ഭഗവാന്റെ ശോഭയാർന്ന രൂപം കാണുവാനുള്ള പ്രത്യേകമായ കഴിവ് അർജ്ജുനന് നല്കപ്പെട്ടു. പല ജീവിതകാലങ്ങളിലൂടെ നിരന്തരം ചെയ്യുന്ന ആത്മീയാചരണങ്ങൾ കൊണ്ടുപോലും ഒരാൾക്ക് ഒരിക്കൽ പോലും അത് കാണാനുള്ള അർഹത നേടാൻ കഴിയുകയില്ല. നമ്മുടെ സ്ഥൂലതയുടെ തലത്തിൽ നിന്നുകൊണ്ട് ആകുമ്പോൾ അത് അസാദ്ധ്യമാണ്. ആ വിശ്വപ്രകാശം ഒരിക്കൽ അനുഭവിച്ചുകഴിഞ്ഞാൽ ലൌകികമായ ദീപക്കാഴ്ച്ചകളെല്ലാം വളരെ താണ തരമായി തോന്നും. മോചനത്തിന്റെ അവബോധം, അതിന്റെ ആനന്ദം, അനുഭവിച്ചവൻ ലൌകികമായ വികാരങ്ങൾ വിലകുറഞ്ഞതായി തോന്നും. അയാളിൽ സ്നേഹം മാത്രം നിലനില്ക്കും. സഹാനുഭൂതി മാത്രം പ്രകടമാകും. കൃഷ്ണനെപ്പോലുള്ള ഒരു ഗുരുവിന്റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു. തന്നെ കാണാനും, തിരിച്ചറിയാനും, മനസ്സിലാക്കാനും കഴിവുള്ളവരെ, ഗുരു തിരഞ്ഞെടുക്കുന്നു. മറ്റുള്ളവർ കാണും, ഒരിക്കലും മനസ്സിലാക്കില്ല. ചിലർക്ക് ഗുരുവിന്റെ അടുത്തേക്ക് എത്താൻ പോലും കഴിയില്ല. ഒരുവൻ തന്റെ അസ്തിത്വത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വ്യക്തത ഉണ്ടാകണം. അപ്പോൾ അയാൾ, എളുപ്പത്തിൽ, ഗുരുവിനെ തിരിച്ചറിയും. യഥാർത്ഥ ഗുരുക്കന്മാർ ഏറ്റവും സാധാരണമായി പെരുമാറും. അവരുടെ ആത്മജ്ഞാനം ഒരിക്കലും പ്രദശിപ്പിക്കില്ല. ഗുരു തന്നെത്തന്നെ കാട്ടിത്തരുവാൻ തയ്യാറാകുന്നതുവരെയും, നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുംവിധം നിങ്ങളെത്തന്നെ ഉയർത്തുന്നതുവരെയും, ഒരു ഗുരുവിനെ തിരിച്ചറിയുക എളുപ്പമല്ല. വിശ്വാസമാണ് താക്കോൽ. ഭക്തിയും ക്ഷമയുമാണ് നിങ്ങളെ അവിടെ എത്തിക്കാനുള്ള കാലുകൾ.
കൃഷ്ണൻ തന്റെ സാക്ഷാൽ രൂപം ഇതിനുമുമ്പ് ഒരിക്കൽ പ്രദർശിപ്പിച്ചിട്ടുണ്ട് – പാണ്ഡവന്മാരുടെ ദൂതനായി കൌരവസഭയിൽ ചെന്ന അദ്ദേഹത്തെ കൌരവന്മാർ ബന്ധിക്കാൻ ഒരുമ്പെട്ടപ്പോൾ. അതിന്റെ പ്രഭയിൽ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട്, കൂടിയിരുന്നവരിൽ അധികംപേർക്കും അത് കണാൻ കഴിഞ്ഞില്ല. നിര്ദോഷികളും, പാപരഹിതരും ആയവർക്ക് മാത്രം ഭഗവാന്റെ തേജോരൂപം കാണുവാൻ ഭാഗ്യം ഉണ്ടായി. വളരെ കുറച്ചുപേർക്ക് മാത്രം. എല്ലാ വസ്തുവിലും ദൈവത്തിന്റെ മഹിമയെ കാണാൻ കഴിയുന്നവർ ഇന്നും വളരെ കുറവാണ് എന്നത് ദു:ഖകരമാണ്.
കൃഷ്ണന്റെ യഥാർത്ഥ രൂപത്തിന്റെ ഉജ്ജ്വല തേജസ്സ് വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്തതായിരുന്നു. വാക്കുകൾക്ക് വളരെ പരിമിതിയുണ്ട്. ആ പ്രതിഭാസം ഏതു തരത്തിലുള്ള വിശദീകരണത്തിനും അതീതമായിരുന്നു. തന്റെ കൈകൊണ്ട് കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരെയെല്ലാം, മരിച്ചുകഴിഞ്ഞവരായും, കാലത്തിന്റെ വക്ത്രത്തിൽക്കൂടി പോയ്മറയുന്നവരായും അർജ്ജുനൻ, വിശ്വരൂപത്തിനകത്ത്, കണ്ടു. വിശ്വരൂപം എല്ലാത്തിനെയും ഉള്ക്കൊള്ളുന്നതായിരുന്നു. നടന്നുകഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതും, ഇനി നടക്കാൻപോകുന്നതുമായ എല്ലാം, ഒരേസമയത്ത്, അതിൽ കാണാമായിരുന്നു. നമ്മുടെ ബോധമനസ്സിന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള, സമയത്തിന് സമാന്തരമായ, ഭൂതവും വർത്തമാനവും ഭാവിയും, ഉണ്ടായിരുന്നില്ല. എല്ലാം ഒരേസമയത്ത് നിലവിൽ ഉണ്ടായിരുന്നു. പ്രകാശം കണ്ണഞ്ചിക്കുന്നതായിരുന്നു, അതേസമയം സാന്ത്വനിപ്പിക്കുന്നതും. ഇതാണ് പരബ്രഹ്മത്തിന്റെ പ്രകൃതം. ഇതാണ് നമ്മുടെ ശരിയായ സ്വഭാവം. കണ്ണടച്ചാൽ ഉണ്ടാകുന്ന ഇരുട്ടിനപ്പുറത്തേയ്ക്ക് കാണാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തിയാൽ നമുക്കും അത് കാണാൻ കഴിയും. അജ്ഞാനാന്ധകാരത്തിന്റെയും, തിരിച്ചറിയലുകളുടെയും അപ്പുറത്തുള്ള പ്രകാശം.

ക്ഷേത്രചൈതന്യം = ക്ഷേത്രങ്ങളിലെ ശൃംഗാരശിൽപങ്ങൾ



ക്ഷേത്രചൈതന്യം =
ക്ഷേത്രങ്ങളിലെ ശൃംഗാരശിൽപങ്ങൾ :-
=================================
ബോധത്തിൻ്റെ അപരിമേയമായ ദിവ്യതലങ്ങളുമായി ബന്ധപ്പെടാനും അങ്ങനെ ജീവിതത്തിൻ്റെ പരിണാമപരമയ വികാസത്തിനുമായി ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലൂടെയുള്ള സ്വയം പരിശീലനമാണ് ഭാരതീയ ആദ്ധ്യാത്മസമീപനമെന്നും ഈ പരിശിലനത്തെ ക്ഷേത്രങ്ങൾ സഹായിക്കുന്നുവെന്നും പറയുമ്പോൾ പലക്ഷേത്രങ്ങളിലും ശൃംഗാരശിൽപങ്ങൾ കാണുന്നുവെന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം...
മനുഷ്യനും പരമമായ ഉണ്മയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരതത്തിൻ്റെ കലാപരമായ സമീപനം. സാധാരണഗതിയിൽ മനുഷ്യമനസ്സ് എപ്പോഴും ഒരു തരം ചഞ്ചലാവസ്ഥയിലാണ് ഈ ചഞ്ചാലാവസ്ഥയെ നിയന്ത്രിച്ച് ഒരു സമീകരണസ്ഥിതിയുടെ ശക്തിയിലേക്കും, ശാന്തിയിലേക്കും ആനയിച്ച് മനസ്സിനെ അതിൻ്റെ ഉദാത്തമാനങ്ങളുമായി ബന്ധപ്പെടുത്തുക എന്നതാണ് ആദ്ധ്യാത്മിക യത്നത്തിൻ്റെ ലക്ഷ്യം. സന്തുലനാവസ്ഥയിലേക്ക് മൻസ്സിനെ എത്തിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളുടെ സഹായത്തോടെ നേടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ക്ഷേത്രദർശനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. .... കുറവുകളെ മറ്റി കഴിവുകളെ വികസിപ്പിക്കുക ... എന്നതാണ് അടിസ്ഥാനപരമായി ഏത് പരിശീലനത്തിൻ്റെയും ലക്ഷ്യം. ഏതു കാര്യം നേടുന്നതിനും അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അതിലംഘിക്കേണ്ടിയിരിക്കുന്നു.
മനുഷ്യമനസ്സ് പലപ്പോഴും നിസ്സഹായമായി , അനിയന്ത്രിതമായി താൽക്കലികമായ ഇന്ദ്രിയാകർഷണളിൽ വല്ലതെ ഭ്രമിച്ച് അധഃപതിക്കുവാൻ ഇടയാകുന്നു. എന്നാൽ ആദ്ധ്യാത്മിക സ്വാതന്ത്രത്തിൻ്റെ പരമോന്നത തലങ്ങളിലേക്ക് ഉയരുവാനുള്ള സാധ്യതയും മനുഷ്യമനസ്സ് ഉൾക്കൊള്ളുന്നു. ചിലക്ഷേത്രങ്ങളിൽ മനുഷ്യ മനസ്സിൻ്റെ ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കും പ്രാതിനിധ്യം കൊടുത്തിരിക്കുന്നു. ഒന്ന് ക്ഷേത്രത്തിൻ്റെ പുറത്തെ ഭിത്തികളിലുള്ള രതി ശിൽപങ്ങളിലൂടെയും , മറ്റേത് ശ്രീകോവിലുള്ള ദേവി - ദേവ വിഗ്രഹങ്ങളിലൂടെയും.
ഇത്തരം ശിൽപങ്ങളും ചിത്രങ്ങളും ക്ഷേത്രത്തിൽ കാണുമ്പോൾ അൽപമെരു പതർച്ചയും , ചിന്താകുഴപ്പവും അത്ഭുതവും, മറ്റും ഉളവാകുക സ്വഭാവികമാണ്. ഒരു വെല്ലുവിളിപോലെയാണവ എങ്കിലും ക്ഷേത്രദർശനത്തിനായി വരുന്ന അധികം പേരിലും ഇവ കാണാനല്ല ദെവചൈതന്യത്തിലേക്ക് മനസ്സിനെ കഴിയാവുന്നത്ര കേന്ദ്രീകരിച്ച് പ്രാർത്ഥിക്കുവാനാണ് അവർ അവിടെ എത്തിയിരിക്കുന്നത് എന്ന അവബോധമായിരിക്കും ശക്തമായിരിക്കുന്നത്. അതിനാൽ ഇവ കണ്ടാൽ തന്നെ അവ മൻസ്സിൽ വലിയ പ്രത്യാഘാതങ്ങളോന്നും ഉൾവാകുന്നില്ല. മനസ്സിൻ്റെ ശക്തമായ ഈ പരിമിത പ്രവണതകൾക്കപ്പുറം ഉദാത്തമാനങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് അവ. അതായത് ഈ ദൃശ്യങ്ങൾ ഉളവാകുന്ന മനസ്സിക പതറിച്ചയെ അതിലംഘിക്കുവാനായി ഇച്ഛാശക്തി ഉപയോഗിക്കുവാനുള്ള ഒരു പരിശീലനം അപ്പോൾ അവരറിയാതെ തന്നെ ഇവ നൽകുന്നു. ഇന്ദ്രീയങ്ങളുടെ വെല്ലുവിളിയെ ഇച്ഛാ ശക്തികൊണ്ട് അതിലംഘിക്കനുള്ള . ഏതാണ്ട് നിശബ്ദമായ ഒരു പരിശീലനം . ജീവിതത്തിൻ്റെ ആന്തരീകവും ബാഹ്യവുമായ രംഗങ്ങളിലുള്ള അവസ്ഥയെയും പ്രവണതകളേയും സാദ്ധ്യതകളേയും പ്രതിഫലിപ്പിക്കുന്നതാണ് ക്ഷേത്രത്തിൻ്റെ ഒട്ടാകെയുള്ള ഘടന, കാലദേശാതീതമായ ആനന്ദാനുഭവത്തിന് ഇന്ദ്രിയ സംബന്ധമായ താൽക്കാലിക സുഖങ്ങളുടെ പരിമിതികളെ അതിലംഘിക്കേണ്ടതുണ്ടെന്ന് ക്ഷേത്രഘടന ഒട്ടകെ ഒർമ്മിപ്പിക്കുന്നു.
ലൈംഗിക സ്നേഹത്തെ ഭരതീയ തത്വചിന്ത അശ്ലീലമായോ നിന്ദ്യമായോ കരുതുന്നില്ല. അതിനെ സ്വഭാവികവും താൽക്കാലികവുമായ ഒരു ആനന്ദാനുഭവമായാണ് പരിഗണിക്കുന്നത്. എന്നാൽ അനിയന്ത്രിതവും അന്ധവുമായ ഒരു മാനസികാവസ്ഥയായി അധഃപതിക്കുകയാണെങ്കിൽ അത് കുറ്റകരവും അപകടകരവുമായി തീരുമെന്നും ജീവിതത്തിൻ്റെ ഉദാത്തമാനങ്ങളിലേക്കുള്ള വികാസത്തിന് പ്രതിബന്ധമാകുമെന്നും ഭരതീയ തത്വചിന്താ ഓർമ്മിപ്പിക്കുന്നു. ..
." സൃഷ്ടിയുടെ ഒരു സർഗ്ഗസ്വഭാവം എന്ന നിലക്ക് അത് അദ്ധ്യാത്മവിരുദ്ധമല്ല . എന്നാൽ അതിനെ അടിച്ചമർത്താൻ ഉപദേശിക്കുകയും എന്നൽ അതിലേക്ക് തന്നെ തലകുത്തി വിഴുകയും ചെയ്യുന്ന പാശ്ചാത്യ പ്യുരിറ്റനിസത്തിൽ നിന്ന് വ്യത്യസ്ഥമായി ഭരതീയ തത്വദർശനം കലകളും ലൈംഗിക സ്നേഹത്തിൻ്റെ സൗന്ദര്യാത്മകഭാവത്തിന് പ്രാധാന്യം നൽക്കുകയും പരമാത്മാവിനെ പുൽകാൻ ജിവാത്മാവിനുള്ള അഭിവഞ്ഛയുടെ പ്രതീകമായി ഒരു ആരാധ്യാഭാവം നൽകി അതിനെ ഉദാത്തീകരിക്കുയാണ് ചെയ്യുന്നത്. .. ഭോഗവും യോഗവും ചേർന്നതാണ് നിർവാണം" ...
ഗീതാഗോവിന്ദം തുടങ്ങിയ കീർത്തനങ്ങളിലെ സൗന്ദര്യാത്മകമായ ലൈംഗിക സ്നേഹത്തിൻ്റെ ചിത്രീകരണം, മനുഷ്യമനസ്സിന് സംസ്കാരികവും കലപരവും ആത്മീയവുമായ ഒരു മധുരം പകരുന്നു എന്നല്ലാതെ അതിനെ അധഃപതിപ്പിക്കുന്നില്ല. ഉദാത്തമായ സാദ്ധ്യതകളിലേക്കും വികാസഭാവത്തിലേക്കും വിരൽ ചൂണ്ടികൊണ്ട് വൈകാരികവശത്തെ അതിൻ്റെ അസ്വാസ്ഥ്യമുളവാക്കുന്ന താണതലതിലുള്ള സ്ഥുലതയിൽ നിന്നും ശുദ്ധീകരിച്ച് ഉയർത്തുക എന്നതാണ് ഭരതീയ തത്വചിന്തയുടെയും കലയുടെയും ലക്ഷ്യം ....

കരിന്തിരി നായർ തെയ്യം



കരിന്തിരി നായർ തെയ്യം 
======================================
ഐതീഹ്യം\ചരിത്രം
-------------------------------
നാടേ പ്രതിപാദിച്ച കാലത്തിന്റെ ദശാസന്ധിയിലെവിടെയോ വെച്ചു ഭൂമിയിലേക്ക് അവതരിച്ച സർവ്വേശ്വരനും സർപ്പമാലിയുമായ ശിവന്റേയും പാർവ്വതിയുടേയും കഥയും വിളംബരം ചെയ്യുന്നത് ഇത് തന്നെയാണ്. ഒരുനാൾ പരമശിവനും പാർവതിയും (തമ്മപ്പനും തമ്മരവിയും) പുലിവേഷം ധരിച്ച് ആകാശമാർഗ്ഗേന ഭൂമിയിൽ വരികയും നിബിഢവനങ്ങളിലൂടെ സഞ്ചരിച്ച് വടക്കു മഞ്ചെട്ടിയാൻകുന്നും മായട്ടിയാൽ പാറയും ഇടിമുഴക്കുന്ന കുന്നും നരിനിരങ്ങുന്ന മലയും താണ്ടി രാമപുരത്ത് മഠവും രാമപുരത്ത് പള്ളിയറയും തുളുമഠവും കടന്നും അവിടെയൊക്കെ ആധാരം കൽപ്പിച്ചും സഞ്ചരിക്കവെ താതനാർ കല്ലിന്റെ താഴ്‌വരയിൽ അരയോളം ആഴത്തിൽ മടമാന്തി ഐവരോളം(അഞ്ചോളം) പുലിക്കിടാങ്ങളെ പ്രസവിക്കുകയും അതിനുശേഷം പുലിക്കിടാങ്ങളോടൊത്തു തുള്ളിച്ചാടികളിച്ചുരസിച്ചുവരവെ പുലിക്കുഞ്ഞുങ്ങൾക്ക് കഠിനമായ ദാഹവും വിശപ്പും ഉണ്ടാവുകയും ഏഴരനാഴികരാചെന്നപ്പൊൾ ഏഴുതൊഴുത്തും നിറയെ പശുക്കളുമുള്ള കൂറുമ്പ്രാന്തിരി വാഴുന്നവരുടെ കയ്യാലയിൽ ചെല്ലുകയും ഒരാലയിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും ഭക്ഷിച്ചു വിശപ്പും ദാഹവും തീർത്തു മടങ്ങുകയും ചെയ്യുന്നു. പിറ്റേന്നാൾ പുലർന്നപ്പോൾ ഏഴാലകളിൽ ഒന്നിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും കാണാതെ പോയതിൽ കുറുമ്പ്രാന്തരി ദുഃഖിക്കുകയും കോപിക്കുകയും ചെയ്യുന്നു. തന്റെ പടനായകനായ കരിന്തിരി നായരെ വിളിച്ചു പശുക്കളെ കൊന്നുതിന്ന പുലികളെ കണ്ടുപിടിച്ചു വകവരുത്താൻ കല്പിച്ചയച്ചു. കാണി വില്ലും ശരവും തൊഴുതെടുത്തു കരിന്തിരിനായർ പുറപ്പെടുന്നു. ചന്ദ്രേരൻമാക്കൂൽ എന്ന സ്ഥലത്ത് എത്തി ഒളിച്ചമഞ്ഞ് നിൽക്കവെ, ഏഴരരാചെന്നപ്പോൾ തമ്മപ്പനും തമ്മരവിയും പുലിക്കിടാങ്ങളോടൊത്ത് തുള്ളിച്ചാടി രസിച്ചുവരുന്നതുകണ്ടു കരിന്തിരിനായർ അമ്പും വില്ലും തൊടുത്തു ഉന്നം വെച്ചു നിന്നു. എന്നാൽ എല്ലാം അറിയുന്ന തമ്മപ്പൻ ചാടിവീണു അമ്പും വില്ലും തട്ടികളയുകയും കൂടെയുള്ള കാളപ്പുലിയൻ കോപാക്രാന്തനായി കരിന്തിരിനായരെ പിളർന്നു ഭക്ഷിക്കുകയും ചെയ്തു. തത്സമയം അശരീരിപോലെ കരിന്തിരിനായരുടെ ആത്മാവ് ഇങ്ങനെ മൊഴിയുന്നതുകേട്ടു. "ഞാനെന്ത് അപരാധം ചെയ്തു. എന്റെ യജമാനന്റെ ഉപ്പും ചോറും തിന്നു വളർന്ന എനിക്ക് കൽപ്പന അനുസരിക്കേണ്ടിവന്നു ഞാനതിൽ കുറ്റക്കാരനല്ല" സ്വാമിഭക്തിയിൽ സന്തുഷ്ടനും ദിവ്യദൃക്കുമായ തമ്മപ്പൻ കരിന്തിരിനായരുടെ കുറ്റം പൊറുക്കുകയും മോക്ഷം നൽകി അനുഗ്രഹിക്കുകയും, ഇനിമേൽ കരിന്ത്രികണ്ണനായി അറിയപ്പെടുമെന്നരുൾ ചെയ്ത് കൂടെക്കൊണ്ടുപോവുകയും ചെയ്തു.
അടുത്ത ദിവസം കാലത്ത് കുറുമ്പ്രാന്തിരി വാഴുന്നവർ കരിന്തിരി നായർ തിരിച്ചു വരാത്തതിൽ അതീവ ദുഃഖിതനാവുന്നു. അങ്കചേകവരെയും മറ്റും പടയാളികളെയും കൂട്ടി പള്ളിത്തേരും കുടയുമായി കരിന്തിരിനായരെ തിരക്കിപുറപ്പെടുന്നു. ചന്ദ്രേരൻ മാക്കൂൽ എത്തിയപ്പോൾ മനുഷ്യന്റെ ചോര മണക്കുന്ന എല്ലും കൊട്ടും കാണുകയും അത് കരിന്തിരിനായരുടേതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അവിടെ നിന്നും ദുഃഖിതനായി പുറപ്പെടാൻ നേരത്ത് പള്ളിത്തേരും കുടയും എടുക്കുവാനാവാതെ വരികയും, തത്സമയം കുറുമ്പ്രാന്തിരി വാഴുന്നവർ ഇവിടെയങ്ങിനെ ഒരു ശക്തിയുണ്ടെങ്കിൽ എന്റെ കൂടെവരട്ടെ എന്നു പറഞ്ഞതോടുകൂടി തേരും കുടയും എടുക്കാൻ സാധിക്കുകയും അവരുടെ കൂടെ അദൃശ്യരായ പുലി ദൈവങ്ങൾ കുറുമ്പ്രാന്തിരികോട്ടയിൽ വരികയും അവർക്ക് അവിടെ നിന്നും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, വെള്ളികിണ്ടിയിൽ പൂവും നീരും നൽകി ആദരിക്കുകയും ആയത് സ്വീകരിക്കുകയും ചെയ്യുന്നു.

ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവി



ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവി
========================
കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു*
*അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ. അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു*
*ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രാസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്. ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്*

പനയന്നാർകാവ് ക്ഷേത്രം പരുമല, ആലപ്പുഴ ജില്ല, കേരളം

പനയന്നാർകാവ് ക്ഷേത്രം
പരുമല, ആലപ്പുഴ ജില്ല, കേരളം
==================================

കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു.. ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രാതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് 
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
കടമറ്റത്ത് കത്തനാർ കുടിയിരുത്തിയ യക്ഷി
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.
നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളൂടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്
വലിയ പനയന്നാർകാവ്
ഐതിഹ്യം
വടക്കേ നാലമ്പലം
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തിൽ ഈ ക്ഷേത്രത്തെ പറ്റി പരാമർശമുണ്ട്. ചില പ്രധാന പരാമർശങ്ങൾ താഴെ കൊടുക്കുന്നു: "പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്[5]. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു. ദേവിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാൻ അപേക്ഷിച്ചു". അങ്ങനെ ദേവി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്ത.
അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാരസമേതം പ്രതിഷ്ഠിച്ചു[7]. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ദാരികവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ദേവി പ്രതിഷ്ഠാ സങ്കലപം. ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു. പിന്നീട് ദേവി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു. അതു ദാരികവധാനന്തരം ദേവി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടുകൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം. അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിതന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ, പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടുകൂടിയാണ് നടത്തിയിരുന്നത്. ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്.
ദാരുകനുമായിട്ടുണ്ടായ യുദ്ധത്തിൽ ഏർപ്പെടുന്ന ദേവിയെ മാർക്കണ്ഡേയമഹർഷി ഇങ്ങനെയാണ് വർണ്ണിച്ചിരിക്കുന്നത്.
വേതാളീമുഖക്ന്ദരാദ്വിഗളിതൈ രുച്ചണ്ഡഹൂഹൂരവൈർ-
ഭൂതപ്രേതപിശാചികാകിലുകിലാ രാവൈർമ്മഹാഭൈരവൈഃ
കോദണ്ഡോത്കടശിഞ്ജിനീത്സണ ത്സണപ്രധ്വാനകോലാഹലൈ-
ഭേരീദുന്ദുഭിതൈശ്ച സന്ധുതജഗ ച്ചക്രം ബഭൗ ചണ്ഡികാ.
വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തിതുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിച്ചു, ദേവിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായിതുടങ്ങി. അതിനു ശമനമുണ്ടാക്കാൻ ദേവിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി. ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തിപോന്നിരുന്നു. അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ദേവിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തു. അതിനുശേഷം ആ നട തുറന്നിട്ടില്ല. .
പ്രധാന ശ്രീകോവിൽ (മഹാദേവൻ)
രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് ദേവിക്കു നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റുമനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു. അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്. ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.
പ്രധാന പ്രതിഷ്ഠാമൂർത്തികൾ
പനയന്നാർകാവ് ശ്രീമഹാദേവൻ
പനയന്നാർകാവിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം. ഇവിടെ അഘോരമൂർത്തിയാണ് പ്രതിഷ്ഠാ സങ്കല്പം. ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം.. പനയന്നാർകാവിൽ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്. അതുകൂടാതെ ഭഗവതിനടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കൽപ്പുര പണിതീർത്തിട്ടുണ്ട്. ക്ഷേത്ര നിർമ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നൽകിയാണ് കാണുന്നത്. ശിവക്ഷേത്രനിർമ്മാണത്തിനുശേഷമാണ് ഭദ്രകാളിയെ പനയന്നാർകാവിൽ കുടിയിരുത്തിയത് .
പനയന്നാർകാവിലമ്മ
പനയന്നാർകാവിൽ രുധിര മഹാകാളി, ഭദ്രകാളി പ്രതിഷ്ഠകൾ ഉണ്ട്. കിഴക്ക് ദർശനമായുള്ള ഉഗ്രമൂർത്തിയായ രുധിര മഹാകാളി ഭക്തർക്ക് ദർശനയോഗ്യമല്ല. കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്. കിഴക്കെനട അടച്ചതിനുശേഷം വടക്കു ദർശനമായി ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചു. സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നൽകിയാണ് ഭദ്രകാളി സങ്കല്പത്തിൽ ചാമുണ്ഡിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പൂജാവിധികളും, വിശേഷങ്ങളും
ശിവക്ഷേത്രത്തിൽ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകൾ) ദീപാരാധനയും നിത്യേന പതിവുണ്ട്. ഭദ്രാദേവി ശക്തി സ്വരൂപിണിയായതിനാലാവാം പനയന്നാർകാവിലെ പരമശിവൻ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.പനയന്നാർകാവ് ക്ഷേത്രം

ഏവൂര്‍ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം ========================================




ഏവൂര്‍ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം
========================================

ഓണാട്ടുകരയിലെ അതിപ്രശസ്തമായ മഹാക്ഷേത്രമാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം..
കലയും കാലവും കൈകോര്‍ത്തുല്ലസിക്കുന്ന കാഴ്ചയാണ് ഈ ക്ഷേത്ര മുറ്റത്തുള്ളത്..
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും കായംകുളത്തിനും മദ്ധ്യേ ഏവൂര്‍ എന്ന പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ശാലീനസൗന്ദര്യം നിറഞ്ഞ ഒരു മനോഹര ഗ്രാമത്തിന്‍റെ മടിത്തട്ടിലാണ് ശ്രീകൃഷ്ണ ഭഗവാന്‍റെ പുണ്യ സങ്കേതമായ ഈ മഹാക്ഷേത്രം നിലനില്‍ക്കുന്നത്,
ഈ ദേശത്തെ ഭക്തജങ്ങളായ ഓരോരുത്തരുടെയും ജീവിതം ഏവൂര്‍ കൃഷ്ണസ്വാമീ ക്ഷേത്രവുമായി ഇഴചേര്‍ന്നതാണ്, പൈതൃകമായി നിലനിന്നുപോരുന്ന എല്ലാ മൂല്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ടാനങ്ങള്‍ നിഷ്ഠയോടെ അനുവര്‍ത്തിച്ചുപോരുവാന്‍ ആ നാട്ടിലെ ഓരോരുത്തരും വളരെയേറെ ശ്രദ്ധാലുക്കളാണ്, ആയതിനാലാണ് മധ്യതിരുവിതാംകൂറിലെ ഈ പുണ്യക്ഷേത്രം ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ടിട്ടുള്ളത്‌.
കലാകാരന്മാരെ കൊണ്ടും കാര്‍ഷീക വൃത്തിയാലും സമ്പന്നമായതും കഥകളിക്ക് കേഴ്വി കേട്ടതുമായ നാടാണ് ഏവൂര്‍, മഹാഭാരതത്തിലെ ‘ഖാണ്ഡവ' ദഹനവുമായി ബന്ധപ്പെട്ട ഒരു കഥയാണ്‌ ഏവൂർ എന്ന പേരിനു പിന്നിൽ ഉള്ളത് എന്ന് പറയപ്പെടുന്നു,
ഖാണ്ഡവ വനം അഗ്നിയ്ക്ക് കത്തിപ്പടരുവാൻ അർജുനൻ ദാനം നൽകിയപ്പോൾ, തന്‍റെ ഭക്തനായ തക്ഷകനെ സഹായിക്കാൻ ഇന്ദ്രൻ മഴപെയ്യിച്ചതായും, അപ്പോൾ അർജുനൻ ശരമെയ്ത് മേൽക്കൂര തീർത്തതുമായാണ് ഐതിഹ്യം. അന്ന് അർജുനൻ അമ്പ് എയ്ത സ്ഥലമാണത്രെ ‘എയ്തൂർ’. അതു പിൽക്കാലത്ത് ലോപിച്ച് ഏവൂർ ആയതെന്നാണ് പറയപ്പെടുന്നത്‌.
ആചാനുഷ്ടാനങ്ങള്‍കൊണ്ട് അതിസമ്പന്നമാണ് ഏവൂര്‍ ക്ഷേത്രം, അതിലൊന്നാണ് ഏവൂര്‍ കര്‍ക്കിടക സംക്രമ വള്ളംകളി, ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാഗമായി പിന്തുടരുന്ന ആഘോഷങ്ങളില്‍ ഒന്നാണിത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ആഗ്രഹ പ്രകാരം പുല്ലംപള്ളി ചിറയില്‍ നിന്നും ആവണക്കിന്‍ തോടുവഴി ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമിഗ്രികള്‍ വള്ളങ്ങളിലാക്കി ആഘോഷമായി എത്തിച്ച് ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയതിന്‍റെ സ്മരണാര്‍ത്ഥമാണ് കര്‍ക്കിടക സംക്രമ വള്ളം കളി നടത്തുന്നത്.
അന്നേ ദിവസം അതിരാവിലെ മൂന്ന് കരകളുടെയും നാഥന്മാര്‍ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും വഞ്ചിപ്പാട്ടുപാടിക്കൊണ്ട് മൂന്ന് കരകളുടെയും നേതൃത്വത്തില്‍ കരിപ്പുഴ പുഞ്ച വഴി പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന്‍ ശ്രീകോവിലില്‍ കാണിയ്ക്കയര്‍പ്പിച്ച് വെറ്റിലയും പുകയിലയും വാങ്ങി തിരിച്ച് ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെത്തുംമ്പോഴേക്കും ആറാട്ടുകൊട്ടാരത്തില്‍ നിന്നുള്ള ഉരിളിച്ച വരവ് കിഴക്കേ നടയില്‍ എത്തിയിട്ടുണ്ടാവും തുടര്‍ന്ന് നടയ്ക്കല്‍ കാഴ്ച സമര്‍പ്പിച്ച ശേഷമാണ് പ്രസിദ്ധമായ വള്ള സദ്യ നടക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ഭഗവാന്‍ കണ്ണമംഗലം ഉരിയ ഉണ്ണി തേവരെ കാണാന്‍ പുറപ്പെടുന്ന ചടങ്ങാണ് നടക്കുക, ക്ഷേത്രം ഊരാണ്മക്കാര്‍ കരക്കാരുടെ നേതൃത്വത്തില്‍ പുഷ്പാലംകൃതമായ വള്ളത്തില്‍ ഭഗവാനെ എഴുന്നള്ളിച്ച് യാത്ര പുറപ്പെടുമ്പോള്‍ കരക്കാര്‍ അകമ്പടിയായി വള്ളങ്ങളില്‍ വഞ്ചിപ്പാട്ടുപാടി അനുഗമിക്കും ..കണ്ണമംഗലം ഉണ്ണി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‍ ഉപചാരങ്ങള്‍ ഏറ്റുവാങ്ങി സന്ധ്യയോടെ തിരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ചടങ്ങ് നയനാഭിരാമമാണ്.
ഭഗവാന്‍റെ അത്താഴപൂജയ്ക്കു ശേഷം ശ്രീ ഭൂതനാഥന്‍റെ നടയില്‍ അത്യപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന കരിക്കേറു കര്‍മ്മം നടക്കും, ശേഷം ഭക്തര്‍ക്ക്‌ ഭഗവാന് നേദിച്ച അവിലും ഉണ്ണിയപ്പവും വിതരണം ചെയ്യുന്നതോടെ സംക്രമ വള്ളംകളി ചടങ്ങുകള്‍ക്ക് സമാപ്തിയാകും.
എല്ലാ വര്‍ഷവും മകരമാസം ഒന്നാം തീയതി കൊടിയേറി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെയും ആഘോഷങ്ങളോടെയും നീണ്ടു നില്‍ക്കുന്ന ഉത്സവം ആറാട്ടോടെ സമാപിക്കും
ഏവൂര്‍ ക്ഷേത്രത്തിലെ വിഷുക്കണിയും കൃഷ്ണ ഭഗവാന്‍റെ ദശാവതാര ചാര്‍ത്തും അതിപ്രശസ്തമാണ്
മത സൗഹാര്‍ദ്ദത്തിന് മാറ്റുകൂട്ടുന്ന മാതൃകയാണ് ഏവൂര്‍ ഗ്രാമത്തിനു പറയുവാനുള്ളത് നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് ഒരു ദേശത്തിന്‍റെ ആഘോഷമാക്കുകയാണ് ഈ ക്ഷേത്രോത്സവങ്ങള്‍.

പുനർജന്മം എല്ലാവർക്കും ഉണ്ട്..


പുനർജന്മം എല്ലാവർക്കും ഉണ്ട്..
എന്തിനെ കുറിച്ചാണോ മരണ വേളയിൽ ഒരാൾ സ്മരിക്കുന്നത്, ഹേ കുന്തീപുത്രാ... അയാൾ തീർച്ചയായും അതിനെ പ്രാപിക്കും"....
എന്ന് കൃഷ്ണൻ ഭഗവദ് ഗീതയിൽ അർജുനനോട് പറയുന്നുണ്ട്....
മരണവേളയിൽ നമ്മൾ എന്തെങ്കിലും ആഗ്രഹിക്കുകയാണെങ്കിൽ നമ്മൾ ഉടനെ അതിനെ പ്രാപിക്കും....
ഒരു ഉദാഹരണം പറയാം.... നമ്മൾ മരിക്കുന്ന സമയത്ത് ഒരു ബി.എം.ഡബ്ല്യു കാറിൽ കേറണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ മരിച്ചയുടനെ നമ്മളൊരു കൊതുകായി ജനിക്കും.... ഉടനെ അടുത്തുള്ള ബി.എം.ഡബ്ല്യു കാറിൽ പറന്ന് കയറുകയും ചെയ്യും....
ഇത്രേയുള്ളൂ ആഗ്രഹം എന്നത്....
ഇത് ആഗ്രഹിച്ചിട്ടാണ് പഴയ ശരീരം കൈവിട്ട് പുതിയ ശരീരം സ്വീകരിച്ചതെന്ന് ആത്മാവിനറിയാമെങ്കിലും പുതുതായി കൈക്കൊണ്ട ശരീരത്തിനു ഇതറിയില്ല എന്നതാണ് സത്യം.....
ഇതൊരു ഉദാഹരണം മാത്രമാണ്.....
(കൊതുക് എന്നത് ഒരു ഉദാഹരണം മാത്രമാണ്.... മനുഷ്യനായി തന്നെ ജനിക്കണം എന്നില്ലന്ന് കാണിക്കാൻ എഴുതിയതാണ്)....
പുനർജന്മം എല്ലാവർക്കും ഉണ്ട്....
ജനിച്ചവൻ മരിക്കുന്നത് പോലെ മരിച്ചവൻ ജനിക്കുകയും ചെയ്യും....
ഈ ജനനമരണ ശൃംഖല ഇങ്ങനെ ആവർത്തിച്ച് കൊണ്ടിരിക്കും.....
നമ്മുടെ ആഗ്രഹത്തിനു കണക്കായിട്ടായിരിക്കും നമ്മുടെ അടുത്ത ശരീരം ആത്മാവ് തിരഞ്ഞെടുക്കുന്നത്.....
എന്നാൽ ഭൗതികലോകത്തിൽ ജനിക്കാതെ ആത്മാവിനെ സ്വതന്ത്രമാക്കലിനെയാണ് മോക്ഷം എന്ന് പറയുന്നത്..... മോക്ഷം നേടിയവർക്ക് ദുരിത പൂർണമായ ഈ ഭൗതിക ലോകത്തിൽ ശരീരം എടുത്ത് ജീവിക്കേണ്ട അവസ്ഥ വരുന്നില്ല.... അവർ എന്നും ആത്മീയ ലോകത്തിൽ തന്നെ ജീവിക്കുന്നൂ....
അതെങ്ങനെയെന്ന് നോക്കാം.....
അർജുനനോട് കൃഷ്ണൻ പറയുന്നു....
"ശ്രീകൃഷ്ണരൂപത്തിൽ എന്നെ നീ എപ്പോഴും ഓർമിക്കുക..... എല്ലാം എനിക്കായുള്ള കർമ്മം എന്ന നിലയിൽ ചെയ്യുക.... എന്നെ പരമാത്മായി വേണം ആരാദിക്കാൻ.... മനസ്സും ബുദ്ധിയും എന്നിൽ ഉറപ്പിച്ചുമിരുന്നാൽ നീ എന്നെ പ്രാപിക്കും, സംശയമില്ല"....
ഒന്ന് ചിന്തിച്ചു നോക്കുക....
എപ്പോഴും എല്ലാ സമയത്തും ശ്രീകൃഷ്ണനെ വിചാരിക്കുന്ന, കൃഷ്ണന് വേണ്ടി ജീവിക്കുന്ന, കൃഷ്ണന് വേണ്ടി കർമ്മം ചെയ്യുന്നതുമായ ഒരാൾക്ക് മരണസമയത്ത് കൃഷ്ണനെ തീർച്ചയായും ഓർക്കാൻ കഴിയും.....
എന്തെന്നാൽ മരണം എപ്പോഴാണ് സംഭവിക്കുകയെന്ന് നമ്മൾക്കറിയാൻ കഴിയില്ല.... അതിനാൽ ശ്രീകൃഷ്ണനെ ഓർത്തിരിക്കുന്ന സമയത്താണ് മരിക്കുകയെങ്കിൽ പരമപുരുഷനായ കൃഷ്ണനെ തീർച്ചയായും പ്രാപിക്കും....
കൃഷ്ണനെ പരമാത്മാവായി ആരാദിക്കുന്നത് കൊണ്ട് തീർച്ചയായും മരണശേഷം നമ്മുടെ ആത്മാവിന് മറ്റൊരു ശരീരം സ്വീകരിക്കേണ്ടി വരുന്നില്ല....
എന്നാൽ ഓർക്കുക, ആഗ്രഹം ബാക്കിവെച്ച് പോകുന്ന അത്മാവിന് വീണ്ടും ശരീരമെടുത്ത് ഭൂമിയിൽ വന്നേ മതിയാകൂ.....
അതിനാലാണ് ആഗ്രഹങ്ങളുടെ പിറകെ പോകാതെ എല്ലാം എനിക്കായ് അർപ്പിച്ച് കർമ്മം ചെയ്യുക.... എന്ന് പാർഥനോട് കൃഷ്ണൻ പറയുന്നത്.....