2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

എടപ്പാൾ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം




 എടപ്പാൾ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം
തൃശൂർ കോഴിക്കോട് ഹൈവേയിൽ എടപ്പാളിൽ നിന്നും പട്ടാമ്പി റൂട്ടിൽ പോയി ആ വഴിയിൽ നിന്ന് തിരിഞ്ഞു അല്പം ചെന്നാൽ ശുകപുരം ക്ഷേത്രത്തിൽ എത്താം.
കേരള ബ്രാഹ്മണ്യത്തിന്റെ ഈറ്റില്ലമായിരുന്ന ശുകപുരം ഗ്രാമത്തിലെ ഈ ക്ഷേത്രം പണ്ട് ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. പരശുരാമ പ്രതിഷ്ഠയാണ് എന്നാണ് ഐതിഹ്യം. ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ശിവന്റെ തന്നെ ഗുരുരൂപമായി സ്ഥിതിചെയ്യുന്ന ഉപദേവനായ ദക്ഷിണാമൂർത്തിക്കാണ് ഇവിടെ പ്രാധാന്യം കൂടുതൽ.
തെക്കോട്ടു ദർശനമായിട്ടാണ് ദക്ഷിണാമൂർത്തി പ്രതിഷ്ഠ. ചെമ്പു മേഞ്ഞ ശ്രീകോവിൽ. രണ്ടു നേരം പൂജ. ഉത്സവം ഇല്ല.
നമ്പൂതിരിമാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ചേരിപ്പോരിന്റെ വേദി കൂടിയായിരുന്നു ശുകപുരം ഗ്രാമം. മറ്റൊന്ന് പന്നിയൂരും (പന്നിയൂർ വരാഹമൂർത്തിക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്). ശൈവ ഗ്രാമമായ ശുകപുരവും വൈഷ്ണവ ഗ്രാമമായിരുന്ന പന്നിയൂരും തമ്മിലുള്ള തർക്കം മലയാള ബ്രാഹ്മണരെ പണ്ട് രണ്ടു വിഭാഗ മാക്കി നിർത്തി എന്ന് കേൾക്കുന്നു. ഇനി ഒരിക്കലും ഒരുമിക്കുകയില്ലെന്നു ഇരുവരും സത്യം ചെയ്തത്രേ. തുടർന്ന് ഇവർ രണ്ടു ചേരിയായെന്നും ശൈവ ചിന്തയും വൈഷ്ണവ ചിന്തയും പ്രചരിപ്പിക്കുന്നതിൽ മുഴുകി എന്നും പുരാണം.
രണ്ടു ഗ്രാമക്കാരും എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തി എന്നും പറയുന്നു. അത് പൊട്ടു തൊടുന്നതിൽ മുതൽ ഓണപ്പുടവയിലും വെടിയിലും എന്തിനേറെ കറിക്കു അറിയുന്നതിൽ വരെ ഉണ്ടായിരുന്നത്രെ.
മറ്റൊരു പ്രത്യേകത ശുകപുരം ഗ്രാമവും ഈ ക്ഷേത്രവും വേദപഠനത്തിന്റെ കേന്ദ്രങ്ങൾ ആയിരുന്നു എന്നതാണ്. അതുകൊണ്ടാവാം കേരളത്തിലെ നമ്പൂതിരിമാരിൽ ഒന്നാംകിടക്കാർ ശുകപുരം ഗ്രാമക്കാരാണെന്ന് കരുതിയിരുന്നത്.
പണ്ടൊക്കെ വ്യാഴവട്ടത്തിൽ ഒരിക്കൽ ഇവിടെ മഹായാഗം നടന്നിരുന്നുവെന്നും യാഗങ്ങൾ നടത്താൻ ഇവിടെനിന്ന് അനുമതി വാങ്ങണമെന്ന് ഉണ്ടായിരുന്നുവെന്നും കേൾക്കുന്നു.
ദക്ഷിണാമൂർത്തി ക്ഷേത്രങ്ങൾ കുറവാണെന്നു തോന്നുന്നു. ചിന്മുദ്രയോടെ ശിഷ്യന്മാർക്കു മൗനം കൊണ്ട് പ്രപഞ്ച സാരം വ്യാഖാനിക്കുന്നു ദക്ഷിണാമൂർത്തി. ജനന മരണാദികളിൽ നിന്ന് കരകയറാൻ ആഗ്രഹിക്കുന്നവർ ദക്ഷിണാമൂർത്തിയെ ഭജിക്കണമെന്നു പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് ഇതാ തെക്കോട്ട് തിരിഞ്ഞു കാലന് അഭിമുഖമായി തന്റെ ഭക്തരെ കാലപാശത്തിൽ നിന്ന് രക്ഷിക്കാൻ ഇവിടെ ശുകപുരം ക്ഷേത്രത്തിൽ ദക്ഷിണാമൂർത്തി വിരാജിക്കുന്നു.