·
തമിഴ്‌നാട്ടിലെ കാരൈക്കുടിക്ക് അടുത്താണ് കുന്നക്കുടി ഷണ്മുഖനാഥര്‍ ക്ഷേത്രം. ക്ഷേത്രം കുന്നിന്‍മുകളില്‍ ആയതുകൊണ്ടാണ് കുന്നില്‍ കുടികൊള്ളുന്ന ദേവന്‍ എന്ന് പറയുന്നത്. മയൂരഗിരി, അരശവനം, മയൂരനഗരം എന്നും സ്ഥലം അറിയപ്പെടുന്നു.
വിഷ്ണുവും ബ്രഹ്മാവും ഒരിക്കല്‍ സ്‌കന്ദനെ സന്ദര്‍ശിക്കാനെത്തി. സ്‌കന്ദവാഹനമായ മയില്‍ ഈ അവസരത്തില്‍ അതിഥികളോട് പരുഷമായി പെരുമാറി. ഇതറിഞ്ഞ് കുപിതനായ മുരുകന്‍ മയില്‍ മലയായി മാറട്ടെ എന്ന് ശപിച്ചു. മലയായി മാറിയ മയില്‍ മുരുകനെ ഭജിച്ച് പ്രീതിപ്പെടുത്തി പൂര്‍വരൂപം വീണ്ടെടുത്തു. മലയുടെ ഒരു ഭാഗം മുരുകനെ വഹിച്ച് മയൂരഗിരി അഥവാ കുന്നക്കുടിയായി നിലകൊണ്ടു.
മലയുടെ താഴെയുള്ള സന്നിധിയില്‍ തൊഗെയഡി വിനായകരുടെ സന്നിധിയുണ്ട്. മലമുകളിലെ ക്ഷേത്രത്തിലേക്ക് നടന്നുകയറുന്ന വഴിയില്‍ ഇടുമ്പ/ഹിഡുംബ സന്നിധി കാണാം. മയിലിനു മുകളില്‍ ഉപവിഷ്ടനായ ആറുതലയുള്ള ഷണ്മുഖനാഥരുടെ ഇരുവശങ്ങളിലായി പത്‌നിമാരായ വള്ളിയും ദൈവായനിയുമുണ്ട്. കിഴക്കോട്ടഭിമുഖമായാണ് പ്രധാന സന്നിധി. ഇതിന് തെക്കുഭാഗത്തുള്ള അലങ്കാര മണ്ഡപത്തില്‍ ഉത്സവമൂര്‍ത്തിയായ ഷണ്മുഖനുണ്ട്. ഗണപതി, ദക്ഷിണാമൂര്‍ത്തി, മീനാക്ഷി സുന്ദരേശ്വരര്‍, നടരാജര്‍, കുഴന്തൈ വടിവേലന്‍, ചണ്ഡേശ്വരന്‍, നവഗ്രഹങ്ങള്‍ എന്നിവരുടെ സന്നിധികളും കാണാം. കൂടാതെ വീരബാഹുവിന്റെയും ഇടുമ്പന്റെയും രൂപങ്ങളുമുണ്ട്.
മലയടിവാരത്തില്‍ അഞ്ചുനില ഗോപുരത്തോടുകൂടിയ ഗുഹാക്ഷേത്രത്തിലെ മുഖ്യദേവന്‍ ശിവനാണ്. പുരാവസ്തുശാസ്ത്രമനുസരിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുഹാക്ഷേത്രം. അതിപുരാതനമായ മൂന്ന് ഗുഹകള്‍ ഇവിടെ ഉണ്ട്. ആദ്യത്തേതില്‍ ഒരു ശിവലിംഗമാണുള്ളത്. ഇതിന്റെ ചുവരുകളിലൊന്നില്‍ വിഷ്ണുവിന്റെ രൂപം ആലേഖനം ചെയ്തതായി കാണാം. മറ്റൊരു ചുവരില്‍ ലിംഗപൂര്‍ണ്ണ ദേവന്റെ രൂപം ബ്രഹ്മാവ് ഉപാസിക്കുന്ന രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. സമീപം ശംഖും ചക്രവും ധരിച്ച ചതുര്‍ബാഹുവായ വിഷ്ണു. ദുര്‍ഗാദേവിയുടെ രൂപവും ആലേഖനം ചെയ്തിട്ടുള്ളതായി കാണാം. ശിവന്റെയും വിഷ്ണുവിന്റെയും ഭാഗിക പ്രത്യേകതകളോടെ ഹരിഹരന്റെ സാന്നിദ്ധ്യവുമുണ്ട്. വിനായകന്റെയും സുബ്രഹ്മണ്യന്റെയും രൂപങ്ങള്‍ കൂടാതെ ഏറെ പ്രത്യേകതകളുള്ള അതിമനോഹരമായ ഒരു നടരാജരൂപവും ഈ ഗുഹാക്ഷേത്രത്തെ അലങ്കരിക്കുന്നു.
നിത്യവും ആറുനേരത്തെ പൂജ പതിവാണ്. തൈപ്പൂയവും പങ്കുനി ഉത്രവും വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. നിരവധി ഭക്തര്‍ ഈ ദിവസങ്ങളില്‍ ഗിരിപ്രദക്ഷിണം നടത്താറുണ്ട്. കാര്‍ത്തിക മാസത്തിലെ തിങ്കളാഴ്ചകളും ഇവിടെ പ്രധാനമാണ്.
കാരൈക്കുടിയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് കുന്നക്കുടി. ശിവന്റെ തേവാരസ്ഥലമായ പേര്‍പെറ്റ തിരുപ്പത്തൂരിന്റെയും പിള്ളയാര്‍പെട്ടി കര്‍പഗവിനായകര്‍ ക്ഷേത്രത്തിന്റെയും സാമിപ്യവുമുണ്ട്.