2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഏവൂര്‍ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം ========================================




ഏവൂര്‍ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രം
========================================

ഓണാട്ടുകരയിലെ അതിപ്രശസ്തമായ മഹാക്ഷേത്രമാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം..
കലയും കാലവും കൈകോര്‍ത്തുല്ലസിക്കുന്ന കാഴ്ചയാണ് ഈ ക്ഷേത്ര മുറ്റത്തുള്ളത്..
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും കായംകുളത്തിനും മദ്ധ്യേ ഏവൂര്‍ എന്ന പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ട ശാലീനസൗന്ദര്യം നിറഞ്ഞ ഒരു മനോഹര ഗ്രാമത്തിന്‍റെ മടിത്തട്ടിലാണ് ശ്രീകൃഷ്ണ ഭഗവാന്‍റെ പുണ്യ സങ്കേതമായ ഈ മഹാക്ഷേത്രം നിലനില്‍ക്കുന്നത്,
ഈ ദേശത്തെ ഭക്തജങ്ങളായ ഓരോരുത്തരുടെയും ജീവിതം ഏവൂര്‍ കൃഷ്ണസ്വാമീ ക്ഷേത്രവുമായി ഇഴചേര്‍ന്നതാണ്, പൈതൃകമായി നിലനിന്നുപോരുന്ന എല്ലാ മൂല്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ടാനങ്ങള്‍ നിഷ്ഠയോടെ അനുവര്‍ത്തിച്ചുപോരുവാന്‍ ആ നാട്ടിലെ ഓരോരുത്തരും വളരെയേറെ ശ്രദ്ധാലുക്കളാണ്, ആയതിനാലാണ് മധ്യതിരുവിതാംകൂറിലെ ഈ പുണ്യക്ഷേത്രം ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ടിട്ടുള്ളത്‌.
കലാകാരന്മാരെ കൊണ്ടും കാര്‍ഷീക വൃത്തിയാലും സമ്പന്നമായതും കഥകളിക്ക് കേഴ്വി കേട്ടതുമായ നാടാണ് ഏവൂര്‍, മഹാഭാരതത്തിലെ ‘ഖാണ്ഡവ' ദഹനവുമായി ബന്ധപ്പെട്ട ഒരു കഥയാണ്‌ ഏവൂർ എന്ന പേരിനു പിന്നിൽ ഉള്ളത് എന്ന് പറയപ്പെടുന്നു,
ഖാണ്ഡവ വനം അഗ്നിയ്ക്ക് കത്തിപ്പടരുവാൻ അർജുനൻ ദാനം നൽകിയപ്പോൾ, തന്‍റെ ഭക്തനായ തക്ഷകനെ സഹായിക്കാൻ ഇന്ദ്രൻ മഴപെയ്യിച്ചതായും, അപ്പോൾ അർജുനൻ ശരമെയ്ത് മേൽക്കൂര തീർത്തതുമായാണ് ഐതിഹ്യം. അന്ന് അർജുനൻ അമ്പ് എയ്ത സ്ഥലമാണത്രെ ‘എയ്തൂർ’. അതു പിൽക്കാലത്ത് ലോപിച്ച് ഏവൂർ ആയതെന്നാണ് പറയപ്പെടുന്നത്‌.
ആചാനുഷ്ടാനങ്ങള്‍കൊണ്ട് അതിസമ്പന്നമാണ് ഏവൂര്‍ ക്ഷേത്രം, അതിലൊന്നാണ് ഏവൂര്‍ കര്‍ക്കിടക സംക്രമ വള്ളംകളി, ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാഗമായി പിന്തുടരുന്ന ആഘോഷങ്ങളില്‍ ഒന്നാണിത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ആഗ്രഹ പ്രകാരം പുല്ലംപള്ളി ചിറയില്‍ നിന്നും ആവണക്കിന്‍ തോടുവഴി ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമിഗ്രികള്‍ വള്ളങ്ങളിലാക്കി ആഘോഷമായി എത്തിച്ച് ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയതിന്‍റെ സ്മരണാര്‍ത്ഥമാണ് കര്‍ക്കിടക സംക്രമ വള്ളം കളി നടത്തുന്നത്.
അന്നേ ദിവസം അതിരാവിലെ മൂന്ന് കരകളുടെയും നാഥന്മാര്‍ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും വഞ്ചിപ്പാട്ടുപാടിക്കൊണ്ട് മൂന്ന് കരകളുടെയും നേതൃത്വത്തില്‍ കരിപ്പുഴ പുഞ്ച വഴി പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെത്തിച്ചേര്‍ന്ന്‍ ശ്രീകോവിലില്‍ കാണിയ്ക്കയര്‍പ്പിച്ച് വെറ്റിലയും പുകയിലയും വാങ്ങി തിരിച്ച് ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെത്തുംമ്പോഴേക്കും ആറാട്ടുകൊട്ടാരത്തില്‍ നിന്നുള്ള ഉരിളിച്ച വരവ് കിഴക്കേ നടയില്‍ എത്തിയിട്ടുണ്ടാവും തുടര്‍ന്ന് നടയ്ക്കല്‍ കാഴ്ച സമര്‍പ്പിച്ച ശേഷമാണ് പ്രസിദ്ധമായ വള്ള സദ്യ നടക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ഭഗവാന്‍ കണ്ണമംഗലം ഉരിയ ഉണ്ണി തേവരെ കാണാന്‍ പുറപ്പെടുന്ന ചടങ്ങാണ് നടക്കുക, ക്ഷേത്രം ഊരാണ്മക്കാര്‍ കരക്കാരുടെ നേതൃത്വത്തില്‍ പുഷ്പാലംകൃതമായ വള്ളത്തില്‍ ഭഗവാനെ എഴുന്നള്ളിച്ച് യാത്ര പുറപ്പെടുമ്പോള്‍ കരക്കാര്‍ അകമ്പടിയായി വള്ളങ്ങളില്‍ വഞ്ചിപ്പാട്ടുപാടി അനുഗമിക്കും ..കണ്ണമംഗലം ഉണ്ണി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‍ ഉപചാരങ്ങള്‍ ഏറ്റുവാങ്ങി സന്ധ്യയോടെ തിരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ചടങ്ങ് നയനാഭിരാമമാണ്.
ഭഗവാന്‍റെ അത്താഴപൂജയ്ക്കു ശേഷം ശ്രീ ഭൂതനാഥന്‍റെ നടയില്‍ അത്യപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന കരിക്കേറു കര്‍മ്മം നടക്കും, ശേഷം ഭക്തര്‍ക്ക്‌ ഭഗവാന് നേദിച്ച അവിലും ഉണ്ണിയപ്പവും വിതരണം ചെയ്യുന്നതോടെ സംക്രമ വള്ളംകളി ചടങ്ങുകള്‍ക്ക് സമാപ്തിയാകും.
എല്ലാ വര്‍ഷവും മകരമാസം ഒന്നാം തീയതി കൊടിയേറി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെയും ആഘോഷങ്ങളോടെയും നീണ്ടു നില്‍ക്കുന്ന ഉത്സവം ആറാട്ടോടെ സമാപിക്കും
ഏവൂര്‍ ക്ഷേത്രത്തിലെ വിഷുക്കണിയും കൃഷ്ണ ഭഗവാന്‍റെ ദശാവതാര ചാര്‍ത്തും അതിപ്രശസ്തമാണ്
മത സൗഹാര്‍ദ്ദത്തിന് മാറ്റുകൂട്ടുന്ന മാതൃകയാണ് ഏവൂര്‍ ഗ്രാമത്തിനു പറയുവാനുള്ളത് നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് ഒരു ദേശത്തിന്‍റെ ആഘോഷമാക്കുകയാണ് ഈ ക്ഷേത്രോത്സവങ്ങള്‍.