പുരുഹരിണപുരേശമാഹാത്മ്യം
ഏറ്റുമാനൂർ ക്ഷേത്രം
==================================
പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം. അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വിഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.
പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നിഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.
പണ്ടൊരു കാലത്ത് ഒരു പൂഞ്ഞാറ്റിൽത്തമ്പുരാൻ ആളറിയാതെ ഒരു പരദേശബ്രാഹ്മണനെ വെട്ടിക്കൊന്നു. ആ ബ്രഹ്മരക്ഷസ്സ് തമ്പുരാനെ ബാധിക്കുകയും തന്നിമിത്തം തമ്പുരാൻ വലിയ കഷ്ടസ്ഥിതിയിലായിത്തീരുകയും ചെയ്തു. ആ രക്ഷസ്സിനെ ഒഴിക്കാനായിട്ടു തമ്പുരാൻ പലരെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിക്കുകയും അനേകം ദേവാലയങ്ങളിൽ ഭജനമാരംഭിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം അദ്ദേഹം ഏറ്റുമാനൂർ ദേവസന്നിധിയിലെത്തി, ഏറ്റവും നിഷ്ഠയോടുകൂടി ഭജനം തുടങ്ങി. നാൽപത്തൊന്നാം ദിവസം രക്ഷസ്സു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അനന്തരം തമ്പുരാൻ പ്രതിദിനം മുപ്പത്താറു ബ്രാഹ്മണർക്കുവീതം ക്ഷേത്രത്തിൽ നമസ്കാരം (ഭക്ഷണം) കൊടുക്കുന്നതിനു വേണ്ടുന്ന വസ്തുവകകൾ ദേവസ്വത്തിലേക്കു വെച്ചൊഴിഞ്ഞു കൊടുത്തു. ആ മുപ്പത്താറു നമസ്കാരം ഇപ്പോഴും അവിടെ മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.
ഒരിക്കൽ സാമൂതിരിപ്പാടു തമ്പുരന്റെ ഭാഗിനേയിയും 'മാധവി' എന്നു പേരുമായ ഒരു തമ്പുരാട്ടിയുടെ തലയിൽ ഒരു വലിയ വ്രണമുണ്ടായി. അനേകം ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം വ്രണം വളരെ വർദ്ധിക്കുകയും പുഴുക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടിക്കു വേദനയും മനസ്താപവും സഹിക്കാൻ വയ്യാതെയായി ത്തീർന്നു. ഒരു ദിവസം രാത്രിയിൽ തമ്പുരാട്ടി വേദന കൊണ്ട് ഉറക്കം വരാതെ വ്യസനിച്ചുകൊണ്ട് കിടന്നപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുള്ളതിനെക്കുറിച്ച് ഓർമ്മ വരികയാൽ 'എന്റെ ഏറ്റുമാനൂർ മഹാദേവാ, എന്റെ ഈ വ്യാധി മാറ്റി ഒരു ദിവസമെങ്കിലും സുഖമായി ജീവിച്ചിരിക്കാൻ എനിക്കു സംഗതിയാക്കിത്തന്നാൽ അവിടെ എന്റെ പേർക്ക് എന്നും ഒരു പൂജ നടത്തിച്ചേക്കാം. അനേകം പേരുടെ രോഗങ്ങളും ബാധകളും മാറ്റി അവിടുന്നു രക്ഷിക്കുന്നുണ്ടല്ലോ. എന്നെക്കുറിച്ചുകൂടി അവിടേയ്ക്കു സ്വൽപം കൃപയുണ്ടാകേണമേ' എന്നു പ്രാർത്ഥിച്ചു. സ്വൽപസമയം കഴിഞ്ഞപ്പോൾ വേദന കുറയുകയും തമ്പുരാട്ടി ഉറങ്ങിത്തുടങ്ങുകയും ചെയ്തു. ആ സമയം വലത്തുകൈയിൽ ഒരു വാളും ഇടത്തു കൈയിൽ ഒരു ഭസ്മസഞ്ചിയും അരയിൽ ഒരു പട്ടും ധരിച്ച്, ഒരാൾ തന്റെ അടുക്കൽ വരികയും വാൾകൊണ്ടു തലയിലെ പുഴുക്കളെയെല്ലാം വടിച്ചു കളഞ്ഞു ഭസ്മം തേച്ചിട്ട് 'നീ ഒട്ടും വ്യസനിക്കേണ്ട, നിന്റെ സുഖക്കേടു നിശ്ശേഷം ഭേദമായിരിക്കുന്നു' എന്നു പറയുകയും ചെയ്തു എന്നു തമ്പുരാട്ടി സ്വപ്നം കണ്ടു. നേരം വെളുത്തു തമ്പുരാട്ടി ഉണർന്നു തലയിൽ തപ്പി നോക്കിയപ്പോൾ വ്രണം നിശേഷം ഉണങ്ങിയിരിക്കുന്നതായി അറിഞ്ഞു. ലേശം പോലും വേദന ഉണ്ടായിരുന്നുമില്ല. ഉടനെ തമ്പുരാട്ടി ഈ വിവരമെല്ലാം സാമൂതിരിപ്പാടു തമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ അത്യധികം സന്തോഷിക്കുകയും വിസ്മയിക്കുകയും അടുത്ത ദിവസം തന്നെ മാധവിത്തമ്പുരാട്ടിയെയും കൊണ്ടു പരിവാരസമേതം പുറപ്പെട്ട് ഏറ്റുമാനൂരെത്തുകയും ചെയ്തു. തമ്പുരാൻ അവിടെ ഏതാനും ദിവസം താമസിച്ചു 336 പറ നിലവും ഏഴര മുറി പുരയിടവും വാങ്ങി. അതിന്റെ ആധാരവും അസംഖ്യം പണവും പട്ടും രത്നങ്ങളും മാധവി ത്തമ്പുരാട്ടിയെക്കൊണ്ടു നടയ്ക്കുവെയ്പിച്ചു വന്ദിപ്പിക്കുകയും ആ വസ്തുക്കളുടെ ആദായമെടുത്ത് പതിവായി ദേവന് അഭിഷേകം കഴിഞ്ഞാലുടനെ ഒരു പൂജ നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു. ഈ പൂജ പതിവായി നിർവ്വിഘ്നം നടത്തിക്കുന്നതിനായി അദ്ദേഹം തന്റെ ശമ്പളക്കാരിൽ ചിലരെ അവിടെ താമസിപ്പിച്ചു. അവർക്കു താമസിക്കു ന്നതിന് ഒരു മഠം പണിയിച്ചുകൊടുക്കുകയും ചെയ്തു. ഇത്രയുമൊക്കെ ക്കഴിച്ചിട്ടാണ് തമ്പുരാൻ മടങ്ങിപ്പോയത്. അത്രയും കാലം ഏറ്റുമാനൂർ മഹാദേവനെ ഭജിച്ചുകൊണ്ട് മാധവിത്തമ്പുരാട്ടിയും അവിടെത്താമസി ച്ചിരുന്നു. തമ്പുരാട്ടിയുടെ വകയായി ഏർപ്പെടുത്തിയ പൂജ ഇപ്പോഴും അവിടെ പതിവായി നിർവ്വിഘ്നം നടന്നുവരുന്നുണ്ട്. ആ പൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നാണ് പേരു പറഞ്ഞുവരുന്നത്. പൂജ വകയ്ക്കായി ദേവസ്വത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത നിലത്തിന് 'മാധവിപ്പള്ളിനില' മെന്നും പുരയിടങ്ങൾക്ക് 'മാധവിപ്പള്ളിപ്പുരയിട'മെന്നും ഇപ്പോഴും പേരു പറഞ്ഞുവരുന്നു. ഈ പുജയ്ക്കു നീലക്കരിമ്പിന്റെ ആറുപലം ശർക്കരയും ആറു നാളികേരവും രണ്ടു തുടം നെയ്യും ഇരുനാഴി അരിയുമായിട്ട് ഒരു ഇടിച്ചു പിഴിഞ്ഞ പായസവും ഒരു പറ അരി വെള്ള നിവേദ്യവും വിളക്കു വകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. 'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോഷം തീരുന്നതിനായി മഹാരാജാവു കഠിനനിഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മഷി പിടിച്ചിരിക്കും. ആ മഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി വായനക്കാർ അറിഞ്ഞിരിക്കേണ്ടതാകയാൽ അതു താഴെ പറഞ്ഞുകൊള്ളുന്നു.
ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നിഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.
ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നിഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.
എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനുഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.
ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.
വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.
അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനുഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വിഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.
ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനുഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.
ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.
ഐതിഹ്യമാല/ കടപ്പാട്