കല്ലടിക്കോടൻ കരിനീലി ദേവി
==============================
==============================
പാലക്കാടു ജില്ലയിലാണു പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായകന്മദം സമൃദ്ധമാണിവിടെ. ആതു തേടി ധാളം വൈദ്യന്മാർ ഇവിടെ എത്താറുണ്ട്. മറ്റൊരു വിഭാഗം കൂടി ഇവിടെ വരാറുണ്ട്. മഹാ മാന്ത്രികരാണത്.ഈ മലനിരകളുടെ പേരു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നതു രൗദ്രമൂർത്തിയായ നീലിയെക്കുറിച്ചുള്ള ഭീതിയും ഭക്തിയും നിറഞ്ഞ സങ്കൽപങ്ങളാണ്. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണത്രേ ഈ വനദേവത വിഹരിക്കുന്നത്. ഈസങ്കൽപത്തിനു കൃത്യമായ ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും നീലി നിറഞ്ഞു നിൽക്കുന്നു. കാറ്റായും തീയായും ജലമായും അവർ ആ സാന്നിധ്യം അറിയുന്നു. കാട്ടാനയും കടുവാപുലികളുമൊക്കെ നീലി മുത്തിയുടെ വളർത്തു മൃഗങ്ങൾ. ചില പൗർണമി രാത്രികളിൽ കല്ലടിക്കോടു മലകൾക്ക് അപാരമായ സൗന്ദര്യമാണ്. സൂക്ഷിച്ചു നോക്കിയാൽ മുടിയഴിച്ചു നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ മല അവർക്കു ദർശനം നൽകുമത്രേ. മലയിൽ നിന്നു നിലിയെയോ നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അവർക്ക് അസാധ്യം. ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്.നീലി ഉപാസനയിലൂടെ സിദ്ധി നേടിയവർക്കു ശത്രുക്കളെ പീഡിപ്പിക്കുവാനും നിഗ്രഹിക്കാനുമൊക്കെ കഴിയുമത്രേ. ശത്രു നാശത്തിനു മാത്രമല്ല മാട്ടും മന്ത്രവാദവുംകൊണ്ടു പൊറുതിമുട്ടുന്നവരെ രക്ഷിക്കാനും സ്ത്രീകളെ വശീകരിക്കാനും ഇവർക്കു കഴിവുണ്ടെന്നാണു വിശ്വാസം. ഇതിൽപ്പലരും ഇപ്പോൾ പാലക്കാടിന്റെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണധികവുമുള്ളത്. നീലിയുടെ അനുഗ്രഹത്തിലൂടെ ദുരാത്മാക്കളെ വേർപെടുത്തി ആണിയിലോ ഇരുമ്പിലോ ആവാഹിച്ചു മരങ്ങളിൽ തളച്ചിടുമത്രേ. അതിന്റെ നേർ സാക്ഷ്യം ഉൾവനത്തിലെ ചില മരങ്ങളിലുണ്ട്.
നീലിയുടെ കഥ
മഹാ സിദ്ധനും വനവാസിയുമായ ഉദിത്തപ്പന്റെ സൃഷ്ടികളാണത്രേ നീലിയും മലവായിയും.ഉദിത്തനപ്പൻ ശിവനാണെന്നൊരു വിശ്വാസമുണ്ട്. വനത്തിൽ ജനിച്ച് അനാഥരായി ആ പെൺകുട്ടികൾ വളർന്നു. കാലങ്ങളോളം ഊരും പേരും അറിയാതെ അലഞ്ഞു നടന്നു മടുത്ത ഇരുവരും ഉദിത്തനപ്പനെചെന്നു കണ്ടു തങ്ങൾക്കു പേരും പൊറുപ്പും ( മേൽവിലാസവും സമ്പത്തും) നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. ഉദിത്തനപ്പൻ അതു ചെവിക്കൊണ്ടില്ല. ഇരുവരും തുരുമുല്ലയ്ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിത്തനപ്പന്റെ ആയിരം നെൽക്കതിർ പിടിച്ചുവച്ചു. അതെത്തുടർന്ന് ഉദിത്തനപ്പന് ഉദയവും അസ്തമയവുമുണ്ടായില്ല. കാരണം തരഞ്ഞ് അദ്ദേഹം തിരുമുല്ല ഭഗവതിയെ കാണാനെത്തി. അവിടെ രണ്ടു യുവതികളെയും കണ്ടു. അവർക്ക് ഉചിതമായ വരം നൽകണമെന്നു തിരുമുല്ലയ്ക്കൽ ഭഗവതി ആപേക്ഷിച്ചു. എന്തു വരമാണു വേണ്ടതെന്ന ചോദ്യത്തിന് അവർ നേരത്തെയുള്ള ആവശ്യം ആവർത്തിച്ചു. അദ്ദേഹം അനുഗ്രഹിച്ചു. മൂത്തവൾക്കു മലവാരം പോന്ന മലവായി അമ്മയെന്നും രണ്ടാമത്തവൾക്കു കല്ലടിക്കോടൻ കരിനീലിയെന്നും പേരു നൽകി. അവരുടെ സംരക്ഷണത്തിനു കല്ലടി മുത്തപ്പനെ ചുമുതലപ്പെടുത്തി. രണ്ടു പേരും കുളിച്ചൊരുങ്ങാൻ ഇടം തേടി ഉഗ്ര സർപ്പങ്ങൾ കാവലിരുന്ന കരിങ്കയത്തിലേക്കു പോയി. ഉദിത്തനപ്പന്റെ പ്രധാന കിങ്കരനായ നല്ലച്ഛന്റെ സംരക്ഷണത്തിപ്പെട്ടതായരുന്നു ആ കുളം. മലങ്കുറത്തിയമ്മയാണവർക്കു കൂട്ടുപോയത്. കുളിച്ചൊരുങ്ങി നിന്നപ്പോൾ നല്ലച്ഛൻ ആവഴിക്കു വന്നു. എന്റെ അധീനതയിലുള്ള കുളത്തിൽ അനുവാദമില്ലാത കുളിച്ചതാരെന്ന ചോദ്യത്തിനു മുന്നിൽ അവർ പകച്ചു നിന്നു. മലവാഴി നേരാങ്ങളേയെന്നു വിളിച്ചപ്പോൾ കരിനീലി ശൃംഗാരഭവാത്തിലാണത്രേ സമീപിച്ചത്. അതിൽ ക്രുദ്ധനായ നല്ലച്ഛൻ അവരെ ശപിക്കുകയും മലയിറങ്ങാൻ നിർദേശിക്കുകയും ചെയ്തു. മലയിറങ്ങിയ കരിനീലിക്കു ഗർഭമുണ്ടായി. അതിൽപ്പിറന്ന മകനാണത്രേ കരിങ്കുട്ടി. ഈ പുരാവൃത്തത്തെ ആസ്പദാക്കിയാണു നീലിയാട്ടവും കരിങ്കുട്ടിയാട്ടവും രൂപപ്പെട്ടത്.
കടപ്പാട്
കല്ലടിക്കോടൻ മല.