2019, ജൂൺ 16, ഞായറാഴ്‌ച

ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, തട്ടയിൽ, പന്തളം



ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, തട്ടയിൽ, പന്തളം

ചരിത്രസ്മരണകള്‍ ഉറങ്ങികിടക്കുന്ന തട്ടയില്‍ ദേശത്തിന്‍റെ തിലകകുറിയായി നിലകൊളളുന്ന 'തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം' പഴയ പന്തളം നാട്ടുരാജ്യത്തിന്‍റെ തെക്കേക്കരയായ, ഇപ്പോഴത്തെ പന്തളം തെക്കേക്കര പഞ്ചായത്തിലെ, തട്ടയില്‍ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്, യോഗീശ്വരന്‍റെ കാലശേഷം കാടുമൂടിക്കിടന്നിരുന്ന ദേവീവിഗ്രഹം അടിയാളസ്ത്രീ അരിവാളുരസ്സിയപ്പോള്‍ രക്തം പൊടിഞ്ഞ് ദേവീചൈതന്യം വെളിപ്പെടുകയും, ഭൂവുടമയുടെ നേതൃത്വത്തില്‍ ഒരു പുറം മാത്രമുള്ള താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്മൂലം ഒരിപ്പുറം എന്ന നാമം സിദ്ധിച്ചു. ഇരുനിലകളുള്ള ഇപ്പോഴത്തെ ശ്രീകോവില്‍ ശില്പാലംകൃതമായ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച് പിത്തള പൊതിഞ്ഞിരിക്കുന്നു. ഉഗ്രമൂര്‍ത്തിയും അഷ്ടബാഹുക്കളിലും ആയുധവുമേന്തിയ ശ്രീഭദ്രകാളിയുടെ മൂലപ്രതിഷ്ഠയും, മുമ്പിലായി ശാന്തഭാവത്തില്‍ ശ്രീഭദ്രയുമായി ദേവിയുടെ ശിലാനിര്‍മ്മിതമായ രണ്ടു വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവയില്‍ തുല്യപ്രാധാന്യത്തോടെ അഭിഷേകവും സപരിവാര പൂജയും ചെയ്യുന്നു. പിത്തളയില്‍ തീര്‍ത്ത ആയിരത്തില്‍പ്പരം ചുറ്റുവിളക്കുകളോടുകൂടിയ നാലമ്പലത്തിൻ്റെയും ശ്രീകോവിലിൻ്റെയും മേല്‍ക്കൂര ചെമ്പില്‍ പൊതിഞ്ഞിരിക്കുന്നു. വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തായുള്ള വിശാലമായ ഉത്സവപ്പറമ്പ്, ചുറ്റിനുമുള്ള പാടങ്ങള്‍, സര്‍പ്പക്കാവ്, ചുമടുതാങ്ങി, ആല്‍മരങ്ങള്‍, ക്ഷേത്രക്കുളം, കളിത്തട്ടുകള്‍, കൊട്ടാരം എന്നിവ ദേവീ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ചുറ്റുമതിലുകള്‍ ഇല്ലാത്ത ഈ ക്ഷേത്രത്തില്‍ മഹാഗണപതി, ശ്രീകൃഷ്ണന്‍, മാടന്‍ മുഹൂര്‍ത്തി, നാഗ രാജാവ്, നാഗയക്ഷി, രക്ഷസ്സ്, യോഗീശ്വരന്‍, യക്ഷിയമ്മ എന്നീ ഉപദേവാലയങ്ങള്‍ ഉണ്ട്. കൂടാതെ ചെറിലയം ക്ഷേത്രം, തോലുഴത്തുള്ള വഞ്ചി, ഗുരുസിത്തറ എന്നിവയും ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടിലെ അമ്പാസമുദ്രത്തില്‍നിന്നും കൊണ്ടുവന്ന കൃഷ്ണശിലകളാല്‍ നിര്‍മിക്കപെട്ടതും മനോഹരങ്ങളായ കൊത്തുപണികളാല്‍ സമൃദ്ധവുമാണ് തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. രണ്ടു നിലകളുളള ശ്രീകോവിലിനുളളില്‍ മുകള്‍ഭാഗത്ത് മദ്ധൃത്തില്‍ അഷ്ടദളങ്ങളുളള താമര കൊത്തിവച്ചിരിക്കുന്നു. ഓരോ ദളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് അഷ്ടഭുജങ്ങളായി തന്നെ മനോഹരമായി കൊത്തിയെടുത്ത ശിലകള്‍ അടുക്കി ഒരുക്കിയെടുത്ത ശ്രീലകത്തില്‍ ഒരിപ്പുറത്ത് ശ്രീ ഭഗവതി കുടികൊളളുന്നു. വടക്ക് ദര്‍ശനമായി പ്രതിഷ്ഠയുളള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. ഐതീഹൃം -------------------- ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഐതീഹൃപ്പെരുമകളാല്‍ അനുഗ്രഹീതമാണ്. ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹം ആയിരത്താണ്ടുകള്‍ക്കു മുമ്പെന്നോ മഹാതപസ്വിയായിരുന്ന ഒരു യോഗിശ്വരനാല്‍ ആരാധിക്കപ്പെട്ടു വന്നിരുന്നതായിരുന്നു. അക്കാലം ഈ പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നു. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ ദേവി വിഗ്രഹം കാടുകയറി മറഞ്ഞു കിടന്നു. ഒരുനാള്‍ കാട്ടില്‍ കടന്ന് വളര്‍ത്തുമൃഗത്തിനു തീറ്റശേഖരിച്ചു നടന്നിരുന്ന ഒരു അടിയാള സ്ത്രീ അല്പവിശ്രമത്തിനായി ഒരിടത്തിരുന്നു. വിശ്രമത്തിനിടയില്‍ തന്‍റെ കൈവശമുണ്ടായിരുന്ന അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിനായി അടുത്തു കണ്ട ശിലയുടെ കോണിലുരച്ചു. അത്ഭുതം! ശിലയില്‍ നിന്നും രുധിരം ഒഴുകുന്നു. ഭയചകിതയായ ആ ഭാഗൃവതി സമീപത്തെ പ്രമുഖ നായര്‍ ഭവനത്തിലോടിയെത്തി, കാരണവരെ വിവരം ധരിപ്പിച്ചു. കാരണവര്‍ സ്ഥലത്തെത്തി ദേവീ സാന്നിദ്ധൃം തിരിച്ചറിഞ്ഞു. ഒരുപുറം മാത്രം ഓലമേഞ്ഞ നിലയില്‍ ഉളള ക്ഷേത്രം വേഗത്തില്‍ നിര്‍മ്മിക്കുകയും വിഗ്രഹം വീണ്ടെടുത്ത് അതില്‍ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഒരുപുറം മാത്രം ഉണ്ടായിരുന്ന ക്ഷേത്രത്തില്‍ അധിവാസം ചെയ്യപ്പെട്ട ദേവിയായതിനാല്‍ ഒരിപ്പുറത്ത് ഭഗവതി എന്ന പേരില്‍ ദേവി ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധയായി. പിന്നീട് സ്വസമുദായ അംഗങ്ങളുടെ സഹകരത്തോടെ താത്കാലിക ക്ഷേത്രത്തിനടുത്ത് മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും അതില്‍ യഥാവിധി അഷ്ടബന്ധത്തോടുകൂടിയ സ്ഥിരപ്രതിഷ്ഠ നടത്തുകയും ചെയ്തു. രൗദ്രഭാവത്തില്‍ അഷ്ടബാഹുക്കളിലും ആയുധ ധാരീണിയായി അനുഗ്രഹകല സമ്പൂര്‍ണ്ണമായി വിരാചിച്ച ദേവിയെ പാട്ടും വാദൃവും പടയണിയും കുരുതിയും ബലിയും തുടങ്ങി മലനാട്ടു വഴക്കളിലെ ദ്രാവിഡമായ ആരാധന രീതികളാല്‍ സംപ്രീതയാക്കി. ദേവിയുടെ ശക്തിവൈഭവം കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും നാനാദിക്കില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. പില്‍കാലത്ത് പലതരം സംസ്കാരങ്ങള്‍ സമൂഹത്തിലേക്ക് എത്തിപെടുകയും കൂടികലരുകയും ചെയ്തു. അതുമൂലമാവാം രൗദ്രഭാവത്തിലുളള ദേവിയെ പ്രീതിപ്പെടുത്താന്‍ ഉതകിയിരുന്ന മലനാട്ടു വഴക്കളിലെ ചില ആചാരങ്ങളില്‍ മാറ്റം വന്നു. നാട്ടില്‍ അനര്‍തഥങ്ങള്‍ കണ്ടുതുടങ്ങി. വസൂരൃാദി രോഗങ്ങള്‍ തലപൊക്കി. കാരണം അന്വേഷിച്ചറിഞ്ഞ് ശാശ്വത പരിഹാരം എന്നനിലയില്‍ ദേവിയുടെ മൂലവിഗ്രഹത്തിനു മുമ്പിലായി കണ്ണാടി ശിലയില്‍ ദേവിയുടെ സൗമൃഭാവത്തില്‍ അധിഷ്ഠിതമായ ഒരു വിഗ്രഹം കൂടീ പ്രതിഷ്ഠിച്ചു. പില്‍കാലത്ത് മൂലപ്രതിഷ്ഠയുടെ അതൃുഗ്ര പ്രഭാവം മൂലം നിതൃപൂജ പോലും അസാദ്ധൃമാവുകയും മീനത്തിലെ ഭരണിനക്ഷത്രത്തില്‍ കണ്ണാടി ശിലാ പ്രതിഷ്ഠ നടത്തി. ഒരു ശ്രീകോവിലില്‍ ഒരേ ദേവതയുടെ രണ്ട് പ്രതിഷ്ഠ. ദുഷ്ടതകളെ സംഹരിച്ചുകൊണ്ടും ഭക്തരെ രക്ഷിച്ചുകൊണ്ടും ഭഗവതി ഈ പുണൃഭൂമികയില്‍ നിതൃവും വാഴൂന്നു . ആചാര അനുഷ്ഠാനങ്ങളാലും ഉത്സവാദി ചടങ്ങുകളാലും മലനാട്ടു വഴക്കളില്‍ ചിലതെങ്കിലും സങ്കല്പത്തിലധിഷ്ഠിതമായിട്ടെങ്കിലും സമര്‍പ്പിച്ചുകൊണ്ടും അമ്മയെ തൃപ്തിപെടുത്തി പോരുന്നു. തന്മൂലം ഉണ്ടായ അനുഭവങ്ങള്‍ക്ക് കാലം സാക്ഷിയാണല്ലോ. സമൂഹത്തില്‍ ദേവിയുടെ അനുഗ്രഹകലയുടെ തിരയിളക്കം ദൃശൃമായി; ആരാധിയ്ക്കുന്നവര്‍ക്കെല്ലാം അനുഗ്രത്തിന്‍റെ അമൃതകുംഭം നല്‍കി അമ്മ മുന്നോട്ട് നയിച്ചുകൊണ്ടെയിരിക്കുന്നു. നാട്ടില്‍ (തട്ടയില്‍ ദേശവും എട്ട് കരകളും) ശാന്തിയും സമാധാനവും കളിയാടി, ലോകത്തെമ്പാടും അസ്വസ്ഥതകളും ദുരന്തങ്ങളും വറുതികളും കൊണ്ട് പൊറുതി മുട്ടുമ്പോഴും അമ്മയുടെ തട്ടകം സമൃദ്ധിയിലും നന്മയിലും സ്വച്ഛന്ദതയിലും പുലരുന്നു. ഏഴംകുളം ദേവിയുമായുളള ഒരിപ്പുറത്തമ്മയുടെ ബന്ധമാണ് മറ്റൊരു ഐതീഹൃം. ഒരിപ്പുറത്തമ്മയുടെ സഹോദരിയാണ് ഏഴംകുളത്തമ്മ എന്നാണ് ഇരുദേശവാസികളും വിശ്വസിക്കുന്നത്. ക്ഷേത്രാചാരങ്ങളിലും ഇത് നിഴലിയ്ക്കുന്നു. കുംഭത്തിലെ ഭരണിയ്ക്ക് ഏഴംകുളം കെട്ടുകാഴ്ചയും കാര്‍ത്തികനാള്‍ തൂക്കവും നടക്കുന്നു. ഏഴംകുളത്ത് ഭരണി ഉത്സവം കാണുന്നതിനായി ഒരിപ്പുറത്തമ്മ സന്ധൃയ്ക്ക് പോകുന്നു എന്ന ഐതീഹൃമാണുളളത്. കുഭഭരണിനാള്‍ ഒരിപ്പുറത്ത് അത്താഴപൂജകള്‍ വരെയുളള ചടങ്ങുകള്‍ പതിവിലും നേരത്തേ (സന്ധൃയ്ക്ക് മുമ്പ്) പൂര്‍ത്തിയാക്കും. തുടര്‍ന്ന് കളം എഴുത്തുംപാട്ടും കഴിഞ്ഞ് പാണീ കൊട്ടി കുത്തുവിളക്കില്‍ ദീപം പകര്‍ന്ന് ദേവിയെ വാദൃത്തിന്‍റെ (വീക്ക് ചെണ്ട മാത്രം) അകമ്പടിയോടെ പുറത്തെഴുന്നളളിയ്ക്കും. ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത് ക്ഷേത്ര തീര്‍ത്ഥക്കുളത്തിനടുത്തുളള കിഴക്കേ ആല്‍ത്തറ സമീപം വരെ കൊണ്ടുവിടും. തുടര്‍ന്നുളള ദേവിയുടെ യാത്ര മനുഷൃഗണം ഇല്ലാതെയാണ്. അനുധാവനം ചെയ്തവര്‍ കുത്തുവിളക്ക് കെടുത്തി വാദൃഘോഷം നിര്‍ത്തി മടങ്ങിപ്പോരും. ഈ സമയം ആരും തിരിഞ്ഞുനോക്കാറില്ല. ഏഴംകുളം ദേവിയുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഒരിപ്പുറത്തമ്മ യാത്രയാകുന്നു. പുലരും മുമ്പേ അമ്മ ക്ഷേത്രത്തില്‍ തിരികെ എത്തുകയും ചെയ്യും. മീനഭരണിനാള്‍ ഒരിപ്പുറത്ത് ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നടക്കുമ്പോള്‍ ഏഴംകുളം ദേവി കിഴക്കേ എതിരേൽപ്പ് ആല്‍ത്തറയിലിരുന്ന് ഉത്സവം കാണുന്നു എന്നാണ് ഐതീഹൃം. അന്നേ ദിവസം ഏഴംകുളം ക്ഷേത്രം തുറക്കാറില്ല എന്നത് ഇതിന് ഉപോത്ബലകമാണ്. ഉച്ചഃപൂജയ്ക്കുശേഷം ഒരിപ്പുറത്ത് ക്ഷേത്രത്തില്‍ ഏഴംകുളം ദേവിക്ക് തിടപ്പളളി നിവേദൃം നല്‍കും. തുടര്‍ന്ന് വൈകിട്ട് 8.30 മണിയോടെ എതിരേല്പ്പ് എന്നൊരു ചടങ്ങ് ഒരിപ്പുറം ക്ഷേത്രത്തില്‍ നടത്തപ്പെടുന്നുണ്ട്. ഒരിപ്പുറം നേർച്ചതൂക്കം --------------------------------------- തൂക്കവഴിപാട് നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തട്ടയില്‍ ഒരിപ്പുറം .ഇഷ്ടസന്താന ലബ്ധിയ്ക്കും പിഞ്ചുകുഞ്ഞുങ്ങളുടെ ആയൂരാരോഗൃ സംഖൃത്തിനും നടത്തുന്ന ആചാരമാണ് ഒരിപ്പുറം നേര്‍ച്ചതൂക്കം.പിഞ്ചുകുഞ്ഞുങ്ങളെ തൂക്കവില്ലിലേറ്റി നടത്തുന്ന ഈ ആചാരം ദര്‍ശിക്കുന്നതിന് ദുരെ ദേശങ്ങളില്‍ നിന്നു പോലും ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. ക്ഷേത്രത്തില്‍ കാര്‍ത്തികനാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കവും ഒരു സവിശേഷതയാണ് . ഗരൂഡാരൂഡനായ മഹാവിഷ്ണു ദേവിയുടെ ഉത്സവാഘോഷങ്ങളില്‍ പങ്ക് കൊളളാന്‍ വൈകുണ്ഠത്തില്‍ നിന്നും എത്തുന്നതായാണ് ഐതീഹൃം ! സഹായക ഗ്രന്ഥം - ഒരിപ്പുറം ക്ഷേത്ര സാംസ്കാരിക ബുധവാണി (അക്ഷരായനം)