2019, ജൂൺ 16, ഞായറാഴ്‌ച

കടവില്‍ ശ്രീ മഹാലക്ഷ്മീ ക്ഷേത്രം: ആലപ്പുഴ ജില്ല



കടവില്‍ ശ്രീ മഹാലക്ഷ്മീ ക്ഷേത്രം:

 ഓം ശ്രീ മഹാലക്ഷ്മ്യെെ നമഃ ഐതിഹ്യം : ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ക്ഷേത്രം ആകുന്നു കടവില്‍ ശ്രീമഹാലക്ഷ്മീ ക്ഷേത്രം. മലയാളക്കരയില്‍ മഹാലക്ഷ്മി മുഖ്യ ദേവത ആയുള്ള ഏക ക്ഷേത്രമാണ് ഈ പുണ്യ സങ്കേതം. ശംഖ് , ചക്രം , നെല്‍കതിര്‍ , ശുകം(തത്ത) ഇവ നാലു തൃക്കരങ്ങളില്‍ ഏന്തി പ്രത്യക്ഷ ഭാവത്തില്‍ നില്‍ക്കുന്ന അപൂര്‍വ്വവും അത്യധികം പ്രാധാനമേറിയതുമായ ലക്ഷ്മീ സങ്കല്‍പ്പമാണിവിടെ. ഭക്തോത്തമന്‍മാര്‍ക്കും യോഗീശ്വരന്‍മാര്‍ക്കകും മുന്നില്‍ പ്രത്യക്ഷമായ നില്‍ക്കുന്ന ഭാവത്തില്‍ ദേവിയെ ക്ഷേത്രത്തില്‍ വിഗ്രഹ രൂപത്തില്‍ പ്രതിഷ്ഠ ചെയ്തിരിക്കുന്നു. പാലാഴിയാകുന്ന സമുദ്രത്തില്‍ ശ്രീപതിസമേതയായി വാണരുളുന്ന ശ്രീഭഗവതിയുടെ സാന്നിധ്യം കായലിനഭിമുഖമായ സ്ഥിതിചെയ്യുന്ന ഈ പരിപാവനമായ ഭൂമിയില്‍ കുടികൊള്ളുന്നു. ചുമര്‍ചിത്രങ്ങളോട് കൂടിയ ചതുര ശ്രീകോവിലാണ് ഇവിടെ. ക്ഷേത്രത്തില്‍ കാലപഴക്കം ക്ൃത്യമായ രേഖപെടുത്താനായിട്ടില്ല. ഇവിടുത്ത വിഗ്രഹത്തിന്‍റെ പ്രാധാന്യം എത്ര വര്‍ണ്ണിച്ചാലും മതിവരാത്തതാണ്. പുരാതന കാലത്ത് ക്ഷേത്ര നഗരിയായ് പേരുകേട്ട കാഞ്ചീപുരത്ത് വസിച്ചിരുന്ന ഒരു ജനവിഭാഗത്തിന്‍റെ മുഖ്യ കുലദേവതയാണ് ശ്രീമഹാലക്ഷ്മി . ശെെവ വെെഷ്ണവ ശാക്തേയ കേന്ദ്രങ്ങളാല്‍ പേരുകേട്ട കാഞ്ചിനഗരത്തില്‍ രാജ കുടുംബത്തില്‍ ഉള്‍പ്പെട്ടവര്‍ വരെ ഉപാസിച്ചിരുന്ന ദേവതയാണ് ശ്രീമഹാലക്ഷ്മി. കാഞ്ചികാമാക്ഷീ ദേവിയുടെ വിഗ്രഹവുമായ് വളരെയധികം സാമ്യം ഇവിടുത്തെ വിഗ്രഹത്തിനുണ്ട്. കാലന്തരത്തില്‍ കാഞ്ചീപുരത്ത് നിന്ന് ദേവീഉപാസകര്‍ കേരളത്തിലേക്ക് പാലായനം ചെയ്യുകയും തങ്ങളോടൊപ്പം ഇഷ്ടദേവതയായ മഹാലക്ഷ്മിയുടെ വിഗ്രഹവും കൂടെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ദേവീ നിയോഗത്താല്‍ യാത്രാമധ്യേ വിഗ്രഹം ഒരു നദിയിൽ(പാലാർ) വീഴുകയും ഒഴുകിപോകുകയും ചെയ്തു . കാലക്രമത്തില്‍ ദേവിഉപാസകര്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് എത്തിച്ചേരുകയും അവിടുത്തെ രാജകുടുംബത്തിന്‍റെ അതിഥികളായ് ആ ദേശത്ത് വസിക്കുകയും ചെയ്തു . എന്നാല്‍ തങ്ങളുടെ പരദേവതയുടെ വിഗ്രഹം കളഞ്ഞുപോയതിന്‍റെ വ്യസനത്തില്‍ ദേവീ ധ്യാനവും പ്രാര്‍ത്ഥനയുമായ ജീവിച്ചു. കാലാന്തരത്തില്‍ ദേവീകൃപയാല്‍ പ്രബല സമൂഹമായ വളര്‍ന്ന അവര്‍ കൊച്ചി തിരുവിതാംകൂര്‍ രാജകുടുംബങ്ങളുടെ ക്ഷണം അനുസരിച്ചു മറ്റു ഭാഗങ്ങളിൽ ചെന്ന് വസിച്ചുപോന്നു. അക്കാലഘട്ടത്തില്‍ അവര്‍ പഴയ തിരുവിതാംകൂറിന്‍റെ വടക്കേ അതിര്‍ത്തിയായ അരൂര്‍ ദേശത്ത് വരികയും വെെക്കം മഹാദേവ ക്ഷേത്രത്തിനഭിമുഖമായ പള്ളിപ്പുറം എന്ന പ്രദേശത്ത് ഒരു സമൂഹമായ് ദേവീയോടുള്ള സര്‍വ്വ ഭയഭക്തിയോടും പ്രാര്‍ത്ഥനകളുമായ വസിച്ചു പോന്നു. നിഷ്കളങ്കവും തീവ്രവുമായ തന്‍റെ ഭക്തരുടെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായ ദേവീ തന്‍റെ ഉപാസകര്‍ വസിക്കുന്ന ഭൂമിയില്‍ മുതലപുറത്ത് വന്നിറങ്ങുകയും ചില ഭക്തർക്കു സ്വപ്ന ദർശനം നൽകുകയും ചെയ്തു, തുടർന്ന് നടന്ന തിരച്ചിൽ സമയം തെക്കേടത്തു കുടുംബത്തിലെ ഒരു വായോധിക ആയ മാതാവിന് നിലവിലെ ആറാട്ട് കുളത്തിന്റെ സമീപം നിന്നും വിഗ്രഹം ലഭിച്ചു, ആ സമയം ദേവി വാഹനം ആയി ഉപയോഗിച്ച് എന്ന് വിശ്വസിച്ച മുതല അവിടെ കണ്ടു എന്നാണ് പറയുന്നത്. തുടർന്ന് സമീപ പ്രദേശം ഉണ്ടായിരുന്ന ബ്രാഹ്മണ ശ്രേഷ്ഠന് താത്കാലിക പ്രതിഷ്ഠ നടത്തി പിന്നീട് അദ്ദേഹത്തിന്റെ ഉപാസന മൂർത്തി ആയിട്ടുള്ള ശാസ്താ വിഗ്രഹം ഇങ്ങോട്ട് മാറ്റി പ്രധാന ഉപദേവനായി പ്രതിഷ്ഠിച്ചു(പള്ളിപ്പുറം ശാസ്താ വെളിയിൽ പ്രദേശം നിന്ന്). പ്രസ്തുത ബ്രാഹ്മണ ശ്രേഷ്ഠനെ ദേവ പ്രശ്ന പരിഹാരം ആയി ബ്രഹ്മ രക്ഷസു ആയി കുടി ഇരുത്തി.ഈ മുതല കാലങ്ങളോളം കായൽ തീരത്ത് ഉണ്ടായിരുന്നതായ് പഴമക്കാര്‍ രേഖപെടുത്തുന്നു. ക്രമേണ തങ്ങളുടെ ഭഗവതിക്ക് ഒരു ക്ഷേത്രം പണികഴിപ്പിക്കണം എന്ന അഗ്രഹം മൂലം ദേവിയെ മൂലസ്ഥാനമായ കായല്‍ക്കരയ്ക്ക് അഭിമുഖമായ് പണ്ഢിതര്‍ നിശ്ചയിച്ച ഉത്തമമായ ഭൂമിയില്‍ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ ശ്രീകോവിലില്‍ മോനാട്ട് തന്ത്രിയാൽ കുടിയിരുത്തി ആരാധിച്ചുപോന്നു. ഇന്ന് കാണുന്ന നാലമ്പലം പിന്നീട് കൊടുങ്ങല്ലൂർ കുഞ്ഞി കുട്ടൻ തമ്പുരാൻ നൽകിയ തച്ചു ശാസ്ത്രം അനുസരിച്ചു ആണ് പുതുക്കി പണിതത്. തങ്ങളുടെ അഭിവൃദ്ധിക്കും എെശ്വര്യത്തിനും കാരണഭൂതയായ തങ്ങളെ എന്നും സംരക്ഷിച്ചുപോന്ന സാക്ഷാല്‍ മഹാലക്ഷ്മിയുടെ ക്ഷേത്രം ആദ്യ കാലങ്ങളില്‍ ഏഴു കരക്കാരാണ്(പള്ളിപ്പുറം തെക്കും വടക്കും, തേവർവട്ടം, അരൂർ, അരൂർ ചിറമേൽ കമ്പ കാരൻ കുടുംബം, വള മംഗലം, കുലശേഖര മംഗലം ) പരിപാലിച്ചുപോന്നത്. കരമൊഴിവായി ഏഴു കരയിൽ നൂറോളം ഏക്കർ ഭൂമി രാജാവ് നൽകിയതിൽ സിംഹഭാഗവും ഭൂനിയമം മൂലം നഷ്ട്ടപെട്ടു പോയി, ചേർത്തല താലൂക് രണ്ടാം നമ്പർ പട്ടയം വസ്തു എല്ലാ തന്നെ ഇ ദേവസ്വം വക ആയിരുന്നു. ക്ഷേത്രത്തില്‍ ഉപദേവതമാരായ് വടക്ക് വശത്ത് പടിഞ്ഞാറ് ദര്‍ശനമായ് ശ്രീമഹാദേവനും. തെക്ക് വശത്ത് കിഴക്കോട്ട് ദര്‍ശനമായ് ശ്രീധര്‍മ്മശാസ്താവും കുടികൊള്ളുന്നു. ക്ഷേത്ര മറ്റൊരു പ്രധാന സവിശേഷത ക്ഷേത്ര ശ്രീകോവിലിനുമുന്നിലെ മുഖമണ്ഢപത്തിന്‍റെ തൂണില്‍ പ്രതിഷ്ഠിതമായ ശ്രീഗണപതിയാണ്. ഇതിനു പുറമേ കന്നിമൂലയിലും ശ്രീഗണനായകനായ ഭഗവാന്‍റെ പ്രതിഷ്ഠയുണ്ട്. ദേവീ ഉപാസകര്‍ പ്രധാന്യത്തോടെ ഉപാസിക്കുന്ന ദേവനാണ് ഗണപതി. എെശ്വര്യവും സമൃദ്ധിയും ജ്ഞാനവും നല്‍കുന്ന ഇവിടുത്തെ വലംപിരി ശ്രീഗണപതിയെ അതീവ പ്രാധന്യത്തോടെ ഇവിടെ ആരാധിച്ചു പോരുന്നു. ദേവിയുടെ വലതുവശത്തായ് ശാസ്താവ് കുടികൊള്ളുന്നു. മണ്ഢലകാലത്ത് വിശേഷാല്‍ പൂജകളും കളഭാഭിഷേകവും ശാസ്താങ്കല്‍ നടത്തപെടുന്നു. സാക്ഷാല്‍ മംഗളമൂര്‍ത്തിയായ വെെക്കത്ത് വാഴുന്ന ശ്രീമഹാദേവനെന്ന സങ്കല്‍പത്തില്‍ ഇവിടെ ഭഗവാന്‍ ശിവനെ ആരാധിക്കുന്നു. മറ്റു ഉപദേവതമാര്‍ യക്ഷിയമ്മ ,കൊടുംകാളി,നാഗദെെവങ്ങള്‍ ,ബ്രഹ്മരക്ഷസ്സ് എന്നീ സങ്കല്‍പ്പങ്ങളാണ്. ക്ഷേത്രത്തിന്‍റെ മറ്റൊരു സവിശേഷത ക്ഷേത്ര പാലകനാണ്. അത്യപൂര്‍വ്വമായ ഈ ഉപദേവതാ സങ്കല്‍പ്പം ഇവിടെ ദര്‍ശിക്കാനാവും. ക്ഷേത്രം എന്നാല്‍ ശരീരം ,ദേവീസമക്ഷം എത്തുന്ന ഉപാസകരെ സംരക്ഷിക്കുന്ന സങ്കല്‍പ്പമാണിത്. മറ്റൊരു സവിശേഷത കൊടുങ്കാളി സമക്ഷം മണ്ഡലം അവസാനം തന്ത്രി നടത്തുന്ന ഗുരുതിതര്‍പ്പണമാണ്. കായല്‍കരയിലുള്ള ക്ഷേത്രകുളത്തില്‍ ഉപ്പിന്‍റെ അംശം ഇല്ലായെന്നത് അദ്ഭൂതാവഹമായ കാര്യമാണ്. ക്ഷേത്രത്തിന്‍റെ താന്ത്രികവകാശം പ്രശസ്തമായ മോനാട്ട് മനയ്ക്കാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മകരമാസത്തിൽ മകം കൊടികയറി എട്ടാം നാൾ ആറാട്ട് നടത്തുന്നു. കുംഭത്തില്‍ മകം നാളില്‍ ലക്ഷ്മീനാരായണ സംഗമമുഹൂര്‍ത്തത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ഭഗവതി ദര്‍ശനമരുളുന്നു. അന്ന് കേരളത്തിന്‍റെ നാനാഭാഗത്ത് നിന്നും കാഞ്ചീപുരത്ത് നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ക്ഷേത്രത്തിലെ മറ്റ് പ്രധാന ആഘോഷങ്ങള്‍ മണ്ഡല പൂജയോട് അനുബന്ധിച്ചു ധനു മാസത്തിലെ പന്ത്രണ്ടുകളഭവും കന്നിമാസത്തിലെ നവരാത്രിയുമാണ്. എല്ലാ മലയാള മാസവും മകം നക്ഷത്രത്തിൽ വിശേഷാൽ തന്ത്രി പൂജയും, നവകം അഭിഷേകം അന്നദാനം എന്നിവ നടത്തി വരുന്നു. ലക്ഷ്മി നാരായണ പൂജ, പുഷ്പാഞ്ജലി, നെയ്യ് വിളക്, നെയ് പായസം ഇവയൊക്കെ ആണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കളഭാഭിഷേകം, ചുറ്റുവിളക്ക്, അന്നദാനം തുടങ്ങിയവും പ്രധാന സമര്‍പ്പണങ്ങളാണ്. സാധരണ ദിനങ്ങളില്‍ വെളുപ്പിന് 5 മണിക്ക് നടതുറന്ന് നിര്‍മാല്യം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം 10.30 ന് ഉച്ചപൂജക്ക് ശേഷം നടയടക്കുന്നു. എന്നാല്‍ വിശേഷ ദിവസങ്ങളിലും, വെള്ളിയാഴ്ചകളിലും പന്ത്രണ്ട് മണിവരെ നടതുറന്നിരിയ്ക്കും.(വെള്ളിയാഴ്ച കളിൽ അന്നദാനം ഉണ്ടായിരിക്കും ) വെെകിട്ട് അഞ്ചിന് നട തുറന്ന് ഏഴിന് ദീപാരാധനയും 7.30നു അത്താഴപൂജയ്ക്ക് ശേഷം നടയടക്കുന്നു. ഉപാസിക്കുന്ന ഭക്തോത്തമന്‍മാര്‍ക്ക് രാജരാജേശ്വരിയായും ശ്രീമഹാലക്ഷ്മിയായും വിദ്യാദായനിയായ ശ്രീവിദ്യയായും കാഞ്ചീപുരേശ്വരി ശ്രീമഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്നു