2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല




നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല
=============================================================
കേരളത്തിലെ സർപ്പാരാധനാകേന്ദ്രങ്ങളിൽ ഒന്ന് .കോട്ടയം ജില്ലയിലെ വൈയ്ക്കത്ത്‌ .വൈക്കം എറണാകുളം റൂട്ടിൽ വൈക്കം കവലയിൽ നിന്നും വടക്കു ഭാഗത്ത്. നാഗമ്പൂഴി മനയിലെ നാലുകെട്ടിലെ നിലവറയിലാണ്
നാഗരാജാവും നാഗയക്ഷിയും . കിഴക്കോട്ടു ദർശനം .മനയിലെ സ്ത്രീകളാണ് പൂജ അഞ്ചു കാവുകളുണ്ട് .
ഒന്നിൽ നാഗകന്യകയാണ് കുംഭം തുലാം കന്നി യിൽ ആയില്യം നാളുകൾ പ്രാധാന്യം
നാഗമ്പൂഴി മനയിൽ നാഗങ്ങളുണ്ട്. നാഗങ്ങൾക്ക് നാവൂറ് പാടുന്ന കാവിൽ പ്രകൃതിയും വാഴുന്നു, അതിന്റെ എല്ലാ വൈവിധ്യങ്ങളുമായി.
നാലര ഏക്കറിന് നടുവിൽ നാലുകെട്ട്. ചുറ്റും പലയിടത്തായി പരന്നു കിടക്കുന്ന നാഗക്കാവുകൾ. ക്ഷേത്ര നഗരിയിൽ നാഗാരാധനയുടെ അവസാന വാക്കാണ് നാഗമ്പൂഴിമന. വൈക്കത്തിന്റെ മണ്ണാറശ്ശാല. ഇവിടെ പക്ഷേ സർപ്പപ്രതിഷ്ഠകളില്ല. നൂറ്റാണ്ടുകളായി തീണ്ടാതെ കാക്കുന്ന കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.നാഗമ്പൂഴിമനയിലെ സർപ്പക്കാവിന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ 'കാട് ' എന്നാണ് നാട്ടുകാർ ഈ പ്രദേശത്തിനിട്ടിരിക്കുന്ന വിളിപ്പേര്. പേരിനെ അന്വർത്ഥമാക്കും വിധം കാട് തന്നെയാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ജൈവവൈവിധ്യങ്ങളുടെ നേർക്കാഴ്ച. കാവിലെ ആചാരാനുഷ്ഠാനങ്ങൾ പോലെ തന്നെ പ്രധാനമാണ് മനയിലെ ഇപ്പോഴത്തെ അവകാശിയായ ഹരിഗോവിന്ദൻ നമ്പൂതിരിക്ക് കാവിന്റെ സംരക്ഷണവും. അവിടെ നിന്ന് ഒരു ചുള്ളിക്കമ്പ് പോലും മനയിലുള്ളവരോ നാഗാരാധനക്ക് പുറത്തു നിന്നെത്തുന്നവരോ ഒടിച്ചെടുക്കില്ല.
മരങ്ങൾ പൊഴിക്കുന്ന കരിയിലകൾ അവിടെ, ആ മണ്ണിൽ തന്നെ അലിഞ്ഞ് ചേരും.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് നാഗമ്പൂഴിമനയിലെ സർപ്പക്കാടുകൾ. അഗസ്ത്യകൂടത്തിൽ കാണുന്ന ഔഷധ സസ്യങ്ങൾ, നിബിഢവനങ്ങളുടെ മാത്രം പ്രത്യേകതയായ വൃക്ഷലതാദികൾ, ഇവയെല്ലാം ഇവിടെ കാണാം. ചൂരൽ, ഇഞ്ച, പലകപ്പയ്യാനി, പാല, പോങ്ങ്, നീല അമരി, കുളമാവ്, ചേര് തുടങ്ങിയവയും ഇവിടെയുണ്ട്.
നാല് കുളങ്ങളുണ്ട് കാവുകളിൽ മാത്രമായി. മനയിലെ ആവശ്യങ്ങൾക്ക് വേറേയും. കൊടിയ വേനലിൽ പോലും വറ്റില്ല ഇവ.
നമ്മുടെ നാട്ടിൻ പുറങ്ങൾക്ക് പോലും ഇന്ന് അന്യമായ ഒരുപാട് പക്ഷികളുടെ ഇഷ്ട സങ്കേതമാണിവിടം. കാട്ടുപൂച്ചയും കിരിയും ഉടുമ്പും അണ്ണാറക്കണ്ണന്മാരുമെല്ലാം മനുഷ്യന്റെ കടന്നുകയറ്റം അനുവദിക്കപ്പെടാത്ത ഈ ആവാസവ്യവസ്ഥയിൽ സ്വൈര്യജീവിതം നയിക്കുന്നു.
കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ഉള്ള നാഗമ്പൂഴി മനയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നു