2018, ജൂലൈ 25, ബുധനാഴ്‌ച

ദത്താത്രേയമുനി



ദത്താത്രേയമുനി
പുരാണ പ്രസിദ്ധനായ ദത്താത്രേയന്‍ (ദത്തന്‍) അത്രി മഹര്‍ഷിക്ക് അനസൂയയില്‍ ജനിച്ച പുത്രനാണ്. ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു. ദത്താത്രേയന്റെ ജനനം സംബന്ധിച്ച് പുരാണകഥ നിലവിലുണ്ട്. ബ്രഹ്മാണ്ഡ പുരാണം പ്രസ്താവിക്കുന്ന ആ കഥ ഇപ്രകാരമാണ്.
പണ്ട് മാണ്ഡവ്യന്‍ (അണിമാണ്ഡവ്യന്‍) എന്നൊരു മുനിയുണ്ടായിരുന്നു. ഇദ്ദേഹം ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതം അനുഷ്ഠിച്ചു പോരുന്ന അവസരത്തില്‍ കുറെ കള്ളന്മാര്‍ ആ വഴി കടന്നു പോവുകയുണ്ടായി. രാജകിങ്കരന്മാരെ ഭയന്നു പ്രാണരക്ഷാര്‍ത്ഥം സഞ്ചരിച്ചിരുന്ന കള്ളന്മാര്‍ തങ്ങളുടെ മോഷണ വസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞ മൂലയില്‍ നിക്ഷേപിച്ചു. മുനിയുടെ മഹത്വവും, ധ്യാനവും മനസ്സിലാക്കാന്‍ കഴിവില്ലാതെ പോയ രാജകിങ്കരന്മാര്‍ മുതല്‍ മോഷ്ടിച്ചതു മുനിയാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തെ പിടിച്ചു കെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. കള്ളനായ മുനിയെ ശൂലത്തില്‍ കയറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചു. കിങ്കരന്മാര്‍ ശിക്ഷ നടപ്പാക്കി. ഒരു വലിയ കുന്നിന്റെ പുറത്ത് ഒരു ശൂലം നാട്ടി മാണ്ഡവ്യനെ അതിന്റെ മുനയിലിരുത്തി. പ്രാണവേദന കൊണ്ടു പിടഞ്ഞു പിടഞ്ഞ് മുനി ശൂലത്തില്‍ തന്നെ കിടന്നു. ഈ കാലത്താണ് പതിവ്രതം ശീരോമണിയായ ശീലവതിയും, അവരുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സും ജീവിച്ചിരുന്നത്. ഒരിക്കല്‍ വേശ്യാഗൃഹത്തില്‍ പോകാന്‍ ആവേശം കൊണ്ട കുഷ്ഠരോഗിയായ ഭര്‍ത്താവിനെ ശീലാവതി ചുമലിലേറ്റി നടന്നത് അണിമാണ്ഡവ്യന്‍ അഥവ മാണ്ഡവ്യന്‍ എന്ന മുനി ശൂലമുനയില്‍ കിടന്നിരുന്ന സ്ഥലത്തു കൂടിയായിരുന്നു. ക്രൂരനും, വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു പുച്ഛം തോന്നി.
മുനിശ്രേഷ്ഠനായ മാണ്ഡവ്യന്‍ ഉഗ്രശ്രവസ്സിനെ ശപിച്ചു. ”സൂര്യോദയത്തിന് മുമ്പ് ഉഗ്രശ്രവസ്സ് തലപൊട്ടി മരിയ്ക്കട്ടെ” എന്നായിരുന്നു ശാപം. ശാപം കേട്ട് ശീലാവതി കുണ്ഠിതപ്പെട്ടു. ‘അടുത്ത ദിവസം സൂര്യനുദിക്കയതെ പോകട്ടെ’ ശീലാവതിയും പ്രതിശാപം നല്‍കി. ശാപം ഫലിച്ചു. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. ദേവന്മാര്‍ പരിഭ്രാന്തരായി. അവര്‍ ബ്രഹ്മാവിനെ അഭയം പ്രാപിചച്ചു. പക്ഷേ ലോകത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഭഗവാന്‍ ദേവന്മാരുമൊത്ത് കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. പ്രശ്‌നം അവിടെയും പരിഹരിയ്ക്കപ്പെട്ടില്ല അവര്‍ വൈകുണ്ഠത്തെത്തി മഹാവിഷ്ണുവിനെ വിവരമറിയിച്ചു. വിഷ്ണു, ബ്രഹ്മാവും, ശിവനുമൊത്ത് കാര്യത്തിന്റെ ഗൗരവം വിലയിരുത്തി. ലോകത്തിനു നാശങ്ങളൊന്നും സംഭവിക്കുകയില്ല. ത്രിമൂര്‍ത്തികള്‍ ദേവഗണത്തിനു ഉറപ്പു നല്കി. അവര്‍ നല്‍കിയ ഉറപ്പിനെ മാനിച്ച് ദേവന്മാര്‍ പിന്തിരഞ്ഞു. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ശീലാവതിയെ സമീപിച്ചു.
ശാപം പിന്‍വലിക്കാന്‍ അവര്‍ ദേവിയോട് ആവശ്യപ്പെട്ടു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയായ അനസൂയയെ സമീപിച്ചു. ത്രീമൂര്‍ത്തികള്‍ കാര്യങ്ങളെല്ലാം വേണ്ടവിധത്തില്‍ അനസൂയയെ ധരിപ്പിച്ചു. ത്രിമൂര്‍ത്തികളുടെ ആവശ്യം നിറവേറ്റാന്‍ കൂട്ടാക്കിയ അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറഞ്ഞ് ശാപം പിന്‍വലിപ്പിച്ചു. തുടര്‍ന്ന് അടുത്ത ദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ‘ചന്ദ്രന്‍’ എന്ന പേരിലും, വിഷ്ണു ‘ദത്താത്രേയന്‍’ എന്ന പേരിലും, മഹേശ്വരന്‍ ‘ദുര്‍വ്വാസാവ്’ എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.

പ്രജാപതികൾ




പ്രജാപതികൾ
ഹിന്ദു വിശ്വാസ പ്രകാരം ലോക സ്രഷ്ടാവും പരിപാലകനുമാണ് പ്രജാപതി. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നീട് വിഷ്ണു ആയി മാറി.പുരുഷ സൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.
മരീചി
അത്രി
അംഗിരസ്സ്
പുലസ്ത്യൻ
പുലഹൻ
കൃതൻ
വസിഷ്ഠൻ
ദക്ഷൻ
ഭൃഗു
നാരദൻ
മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
ദക്ഷൻ
പ്രചേതസ്
പുലഹൻ
മരീചി
കശ്യപൻ
ഭൃഗു
അത്രി
വസിഷ്ഠൻ
ഗൗതമൻ
അംഗിരസ്സ്
പുലസ്ത്യൻ
കൃതൻ
പ്രഹ്ലാദൻ
കർദ്ദമൻ

നരനാരായണന്മാർ

നരനാരായണന്മാർ
ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാരാണ് നരനാരായണന്മാർ.ഇവർ ധർമദേവന്റെ പുത്രന്മാരാണ്. അനേകായിരം വർഷം ഇവർ ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുവെന്നും ഇവരുടെ ഘോരതപസ്സ് കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രൻ തപോവിഘ്നം വരുത്തുന്നതിനായി അപ്സരസ്സുകളെ അയച്ചുവെന്നും അപ്പോൾ നാരായണ മഹർഷി തന്റെ തുടയിൽനിന്ന് അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ച് അപ്സരസ്സുകൾക്കും ദേവേന്ദ്രനും തന്റെ മഹത്ത്വം ബോധ്യപ്പെടുത്തിക്കൊടുത്തു എന്നും ദേവീഭാഗവതത്തിൽ പരാമർശം കാണുന്നു. മഹർഷിയുടെ ഊരുവിൽനിന്ന് ജനിച്ച സുന്ദരിക്ക് ഉർവശിഎന്ന പേര് ലഭിച്ചു.
നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാർജുനന്മാർ ഇവരുടെ പുനർജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. നാരായണമഹർഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായിജന്മമെടുത്തു എന്നു മഹാഭാരതം ആദിപർവത്തിൽ പറയുന്നു. നരനാരായണന്മാരിൽ നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
ആയിരംവർഷം തപസ്സും ആയിരം വർഷം യുദ്ധവും ഇടവിട്ടു നടത്തി സഹസ്രകവചൻ എന്ന അസുരന്റെ 999 ചട്ടകൾ പൊട്ടിച്ചതിനുശേഷം അവസാനത്തെ ചട്ടയോടുകൂടിയ അവനെ നരനാരായണന്മാർ വധിച്ചതായി ഭാഗവതത്തിൽ കാണാം. പരമശിവന്റെ ത്രിശൂലം ദക്ഷയാഗത്തിൽ നാശം വിതച്ചശേഷം ശാന്തമാകാതെ നിന്ന സന്ദർഭത്തിൽ ബദര്യാശ്രമത്തിൽ തപസ്സുചെയ്തിരുന്ന നാരായണമഹർഷിയുടെ ഹുങ്കാരത്തിന്റെ ശക്തിയിൽ ശൂലം ശിവന്റെ കൈയിൽത്തന്നെ എത്തിയെന്നും അതിന്റെ താപംമൂലം ശിവന്റെ തടമുടി പുല്ലുപോലെ ഉണങ്ങിപ്പോയെന്നും മഹാഭാരതം ശാന്തിപർവത്തിൽ പറയുന്നു.

ധന്വന്തരി

ധന്വന്തരി
ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നു ധന്വന്തരി. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ഠാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.
“ നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൌഷധീനാം”

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.
സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയ പുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ, വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.
ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.
ധന്വന്തരി നിഘണ്ടു, ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ




അശ്വിനീദേവന്മാർ
ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ദസ്രനെന്നും മറ്റേ ആൾ നാസത്യനെന്നും അറിയപ്പെടുന്നു. അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകർമാവിന്റെ മകളായ സംജ്ഞയിൽ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവർ. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തിൽ ഛായയെ നിർത്തി തപസ്സുചെയ്യാൻ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു; മേരുപാർശ്വത്തിൽവച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെൺകുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യൻ ഒരു ആൺകുതിരയുടെ രൂപത്തിൽ അവളെ അനുധാവനം ചെയ്തു. പെൺകുതിര ക്ഷീണിച്ച് തിരിഞ്ഞുനിന്നു. രണ്ടു കുതിരകളുടെയും ശ്വാസവായുക്കൾ തമ്മിൽ ഇടയുകയും തദ്ഫലമായി അശ്വരൂപിണിയായ സംജ്ഞ ഗർഭംധരിച്ച് അശ്വിനികളെ പ്രസവിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ ഉത്പത്തി സംബന്ധിച്ചുള്ള കഥ.
ഋഗ്വേദത്തിൽ ഇന്ദ്രനും അഗ്നിയും സോമനും കഴിഞ്ഞാൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ളവരാണ് അശ്വിനീദേവന്മാർ. പ്രകാശത്തിന്റെ ദേവന്മാരായി ഇവർ അൻപതിൽപ്പരം സൂക്തങ്ങളിൽ പരാമൃഷ്ടരാകുന്നുണ്ട്. ഇവർ നിത്യയൗവനന്മാരും സൌന്ദര്യമൂർത്തികളുമാണ്. ഉഷസ്സിന് ആകാശത്തിൽ വഴിതെളിച്ചുകൊടുക്കുന്നത് ഇവരാണ്. മൂന്നു ചക്രങ്ങളുള്ള സുവർണരഥത്തിലാണ് ഇവരുടെ സഞ്ചാരം. പ്രജാപതിയോട് ആയുർവേദം പഠിച്ച് ദേവവൈദ്യൻമാരായിത്തീർന്ന ഇവരുടെ അത്ഭുത സിദ്ധികളെപ്പറ്റി ഇതിഹാസങ്ങളിൽ പല ഉപാഖ്യാനങ്ങളുമുണ്ട്. അന്ധനായ ച്യവന മഹർഷിക്ക് ഇവർ കാഴ്ചയുണ്ടാക്കിക്കൊടുത്തു; യവനാശ്വന്റെ ഉദരത്തിൽനിന്നും മാന്ധാതാവിനെ കീറിയെടുത്ത് ശസ്ത്രക്രിയാപാടവം വെളിപ്പെടുത്തി. സ്വപ്രഭാവം സംഹാരപരമായി പ്രയോഗിച്ചിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അശ്വിനി (തുലാ) മാസത്തിൽ ബ്രാഹ്മണർക്കു നെയ്യ് ദാനം ചെയ്താൽ സൌന്ദര്യം വർധിക്കുമെന്നും പന്ത്രണ്ടുമാസം നെയ്യ് അഗ്നിയിൽ ആഹുതി ചെയ്താൽ അശ്വിനികളുടെ ലോകം പ്രാപിക്കുമെന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു. പാണ്ഡുപത്നിയായ മാദ്രി ഇവരെ ധ്യാനിച്ചുവരുത്തി സമ്പാദിച്ച പുത്രൻമാരാണ് നകുലസഹദേവന്മാർ. അശ്വിനികൾ കേരളത്തിൽ ആലത്തൂർനമ്പിയുടെ ഇല്ലത്തിൽ വൈദ്യം പഠിക്കാനെന്ന വ്യാജേന താമസിച്ചതായി ഐതിഹ്യമുണ്ട്.

മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ് – ഭൃഗു – ച്യവനനന്‍ – ഊര്‍വ്വന്‍.



ഊര്‍വ്വന്‍ (ഔര്‍വ്വന്‍)
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി ബ്രഹ്മാവ് – ഭൃഗു – ച്യവനനന്‍ – ഊര്‍വ്വന്‍.
ജനനം:
ഹേഹയവംശത്തിലെ ഒരു പ്രസിദ്ധ രാജാവും, കാര്‍ത്തവീര്യാര്‍ജ്ജുനന്റെ അച്ഛനുമായ കൃതവീര്യന്‍ ബാല്യത്തില്‍ തന്നെ അദ്ധ്യായനം ചെയ്യുന്നതിനു വേണ്ടി ഭാര്‍ഗ്ഗവന്മാരുടെ ആശ്രമത്തില്‍ വന്നു ചേര്‍ന്നു. വിദ്യാഭ്യാസ ശേഷം കൃതവീര്യന്‍ ഭാര്‍ഗ്ഗവര്‍ക്ക് നിരവധി ധനം കൊടുത്തു. അങ്ങനെ ഭാര്‍ഗ്ഗവന്മാര്‍ ധനികരായി തീര്‍ന്നു. ഹേഹയന്മാരാല്‍ ഭാര്‍ഗ്ഗവന്മാര്‍ ധനികരായത് കൃതവീര്യന്റെ സന്താനങ്ങള്‍ക്കു രസിച്ചില്ല. അവര്‍ ഭാര്‍ഗ്ഗവന്മാരോട് പകയുള്ളവരായി തീര്‍ന്നു. ഹേഹയര്‍ ഭാര്‍ഗ്ഗവന്മാരെ വേട്ടയാടാന്‍ തുടങ്ങി. പൊറുതി മുട്ടിയ ഭാര്‍ഗ്ഗവന്മാര്‍ ഹേഹയന്മാരെ ഭയന്നു ഓടോന്‍ തുടങ്ങി. അവര്‍ കാടുകളില്‍ അഭയം പ്രാപിച്ചു. അക്കൂട്ടത്തില്‍ ച്യവനമുനിയുടെ ഭാര്യയായ ആരുഷി തന്റെ ഗര്‍ഭത്തെ ഊരുവില്‍ അഥവ തുടയില്‍ മറച്ചുവച്ചു കൊണ്ടോടി അവര്‍ ഹിമാലയത്തില്‍ അഞ്ജാതസ്ഥലത്ത് ഒളിച്ചിരുന്നു. വര്‍ഷം നൂറ് കഴിഞ്ഞു. ഈ വിവരം ബ്രാഹ്മണിയായ മറ്റൊരു സ്ത്രീ അറിഞ്ഞു, അവര്‍ ഈ രഹസ്യം ക്ഷത്രിയന്മാരെ (ഹേഹയന്മാരെ) അറിയിച്ചു. അവര്‍ ആരുഷിയെ വളഞ്ഞു. ഉടനെ ആരുഷിയുടെ തുടപൊട്ടി ആ തുടയിലൂടെ ഒരു ദിവ്യശിശു പുറത്തു വന്നു. ആ ശിശുവാണ് ഊര്‍വ്വന്‍. ഊരു അഥവാ തുടഭേദിച്ചു പുറത്തുവന്നവന്‍ എന്ന അര്‍ത്ഥത്തിലാണ് ശിശുവിന് ”ഊര്‍വ്വന്‍” എന്ന പേര്‍ ലഭിച്ചത്.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നര്‍മ്മദാ നദീതീരത്തുള്ള മാഹിഷ്മതിയില്‍ ഭരണം നടത്തി പോരുന്ന ഘട്ടത്തില്‍ ബ്രഹ്മാവിന്റെ മാനസപുത്രനായ മുനി ശ്രേഷ്ഠന്‍ നാരദന്‍ ദക്ഷിണദിക്കുകളില്‍ പര്യടനം നടത്തി അവിടെ എത്തിച്ചേരുകയുണ്ടായി.
കാര്‍ത്തവീര്യന്‍ നാരദനെ പൂജിച്ചിരുത്തിയശേഷം ലോകസുഖങ്ങളും, മോക്ഷവും ഒരു പോലെ ലഭിക്കാന്‍ എന്തു കര്‍മ്മമാണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ”ഭദ്ര ദീപപ്രതിഷ്ഠ” എന്ന കര്‍മ്മം ചെയ്താല്‍ ഈ രണ്ടു കാര്യങ്ങളും സാധിക്കുമെന്നു നാരദന്‍ മറുപടി നല്‍കി. അതനുസരിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭാര്യാസമേതനായി നര്‍മ്മദാനദീതീരത്തെത്തി അവിടെ ഒരു ആശ്രമം കെട്ടി അതിനകത്തിരുന്ന് ഭദ്രദീപ പ്രതിഷ്ഠാവ്രതം ആരംഭിച്ചു. അത്രിയുടെ പുത്രനായ ദത്താത്രേയനായിരുന്നു കാര്‍ത്തവീര്യന്റെ ഗുരു. വ്രതാവസാനത്തില്‍ സംപ്രീതനായ ദത്താത്രേയന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനോട് എന്തുവരം വേണമെന്നു ചോദിച്ചു. തനിക്കു ആയിരം കൈകള്‍ വേണമെന്നു തൊഴുകൈകളോടുകൂടി കാര്‍ത്തവീര്യന്‍ അറിയിച്ചു. അതനുസരിച്ച് ദത്താത്രേയമുനി കര്‍ത്തവീര്യാര്‍ജ്ജുനന് വരമായി ആയിരം കൈകള്‍ അനുഗ്രഹിച്ചേകി. വരലബ്ധിയില്‍ അഹങ്കൃതനായ കാര്‍ത്തവീര്യന്‍ തുടര്‍ന്ന് എണ്‍പത്താറായിരം വര്‍ഷം രാജ്യഭരണം നടത്തി.
കാര്‍ത്തവീര്യാര്‍ജ്ജുനന് നൂറു പുത്രന്മാര്‍ ഉണ്ടായിരുന്നു. വിഷ്ണുദേവന്റെ ഉഗ്രാവതാരമായ പരശുരാമനാല്‍ ഇവരെല്ലാം തന്നെ മരണപ്പെട്ടു. ബ്രഹ്മാണ്ഡപുരാണം എഴുപത്തിയാറാം അദ്ധ്യായത്തില്‍ പ്രസ്താവിച്ചിട്ടുള്ളതനുസരിച്ച് ഇവരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു.
നിര്‍മ്മദന്‍, രോചനന്‍, ശങ്കു, ഉഗ്രദന്‍, ദുന്ദി, ധ്രുവന്‍, സുപാര്‍ശി, ശത്രുജിത്ത്, ക്രൗഞ്ചന്‍, ശാന്തന്‍, നിര്‍ദ്ദയന്‍, അന്തകന്‍, ആകൃതി, വിമലന്‍, ധീരന്‍, നീരോഗന്‍, ബാഹുതി, ദമന്‍, അധരി, വിധുരന്‍, സൗമ്യന്‍, മനസ്വി, പുഷ്‌കലന്‍, ബുശന്‍, തരുണന്‍, ഋഷഭന്‍, ഋക്ഷന്‍, സത്യകന്‍, സുബലന്‍, ബലി, ഉഗ്രേഷ്ടന്‍, ഉഗ്രകര്‍മ്മാവ്, സത്യസേനന്‍, ദുരാസദന്‍, വീരധന്വാവ്, ദീര്‍ഘബാഹു, അകമ്പനന്‍, സുബാഹു, ദീര്‍ഘാക്ഷന്‍, വര്‍ത്തുളാക്ഷന്‍, ചാരുദംഷ്ടന്‍, ഗോത്രവാന്‍, മഹോജവന്‍, ഉര്‍ദ്ധ്വബാഹു, ക്രോധന്‍, സത്യകീര്‍ത്തി, ദുഷ്പ്രധര്‍ഷണന്‍, സത്യസന്ധന്‍, മഹാസേനന്‍, സുലോചനന്‍, രക്തനേത്രന്‍, വക്രദംഷ്ട്രന്‍, സൂദംഷ്ട്രന്‍, ക്ഷത്രവര്‍മ്മാവ്, മനോനുഗന്‍, ധൂമ്രകേശന്‍, പിംഗലോചനന്‍, അവ്യംഗന്‍, ജടിലന്‍, വേണുമാന്‍, സാനു, പാശപാണി, അനുദ്ധതന്‍, ദുരന്തന്‍, കപിലന്‍, ശംഭു, അനന്തന്‍, വിശ്വഗന്‍, ഉദാരന്‍, കൃതി, ക്ഷത്രജിത്ത്, ധര്‍മ്മി, വ്യാഘ്രന്‍, അത്ഭുതന്‍, പുരഞ്ജയന്‍, ചാരണന്‍, വാഗ്മി, വീരന്‍, രഥി, ഗോവിഹ്വലന്‍, സംഗ്രാമജിത്ത്, സുപര്‍വ്വാവ്, നാരദന്‍, ഘോഷന്‍, സത്യകേതു, ശതാനികന്‍, ദൃഢായുധന്‍, ചിത്രധന്വാവ്, ജയത്സേനന്‍, വിരൂപാക്ഷന്‍, ഭീമകര്‍മ്മാവ്, ശത്രുതാപനന്‍, ചിത്രസേനന്‍, ദുരാധര്‍ഷന്‍, വിഡൂരഥന്‍, ശുരന്‍, ശുരസേനന്‍, ധിഷണന്‍, മധു, ജയദ്ധ്വജന്‍.

ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി.




കാർത്യായനി
ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. അമരകോശത്തിൽ ശക്തിയുടെഅവതാരമായ ദേവി പാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതാണ് കാർത്യായനി ദേവിയെ വർണ്ണിക്കുന്നത് (ഉമാ കാർത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി).
കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാർത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ കോപത്തിൽനിന്നാണ് ദേവി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു.
കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി ശക്തിയുടെ അനുഗ്രഹത്തിനായ് കതൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. ദേവി തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാർത്യായനി എന്ന നാമം ലഭിച്ചു.
നവരാത്രിയിലെ ആറാം നാൾ ദേവി ദുർഗ്ഗയെ കാർത്യായനി രൂപത്തിൽ ആരാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഭക്തർ ദേവിക്ക് കാണിക്കവെയ്ക്കുകയും ചെയ്യുന്നു. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഈ ദിവസം ധരിക്കാൻ അനുയോജ്യം.
ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ(ശൈത്യകാലത്തിന്റെ ആരംഭം) കാർത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവഭക്തിസാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.
കാർത്യായനി മന്ത്രം
കാർത്യായനി മഹാമായേ മഹായോഗിന്യധീശ്വരി
നന്ദ ഗോപസുതം ദേവീപതിം മേ കുരു തേ നമഃ
ദിവസവും ദേഹശുദ്ധിവരുത്തി ഈ മന്ത്രം 108 തവണ ജപിച്ചാൽ വിവാഹം വൈകുന്നതിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം

ഒരു തെയ്യമാണ് കരിഞ്ചാമുണ്ഡി



കരിഞ്ചാമുണ്ഡി
വടക്കേ മലബാറിലെ കാവുകളിൽ അരങ്ങേറുന്ന ഒരു തെയ്യമാണ് കരിഞ്ചാമുണ്ഡി തെയ്യം. കാട്ടുമൂർത്തി ആയിട്ടാണ് ഈ ദേവതയെ ആരാധിക്കുന്നത്. മുസ്ലീം മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കന്നു. പൊതുവേ ഏകദൈവ വിശ്വാസികളാണ് മുസ്ലീം മതവിശ്വാസികൾ, എങ്കിലും വടക്കേ മലബാറിലെ തെയ്യം എന്നാ ആരാധനാ രീതിയുമായി പണ്ടുമുതലേ ഇവർ സഹകരിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം നൽകുന്നത്. ഇതു കൂടാതെ, ഗ്രാമ്യമായ ഒട്ടുമിക്ക തെയ്യങ്ങളുടെ നടത്തിപ്പിൽ പോലും മുസ്ലീം മതസ്ഥരുടെ സജീവ സാന്നിധ്യം കണ്ടുവരുന്നു.
പായ്യത്തുമലയിൽ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവു തുടങ്ങിയപ്പോൾ ഒരു വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയതാണ് ആലി. മലയടിവാരത്തിൽ വെച്ച് സുന്ദരിയായ യുവതി താൻ വയറ്റാട്ടിയാണെന്നും പറഞ്ഞ് ആലിയോടൊപ്പം കൂടുന്നു. ഭാര്യയുടെ പേറ്റ് നോവിൽ വേദനിച്ച ഹൃദയവുമായിരിക്കുന്ന ആലി മറ്റൊന്നും കരുതാതെ യുവതിയുമായി വീട്ടിലെത്തി, യുവതി വീടിനകത്തു കയറി. ഏറെ സമയമായിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല. അല്പസമയ ശേഷം നിലവിളിയും ശമിച്ചും. വാതിൽ പടിയോരത്ത് രക്തം ഒലിച്ചിറങ്ങുന്നതു കണ്ട് ആലി ഭയന്നു. അയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ചോരയിൽ കുളിച്ച് വയർപിളർന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നിൽ കണ്ടത്.
ആലി സർവ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറിവിളിച്ചുകൊണ്ടവൾ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടർന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്കകൊണ്ട് അയാൾ ആ ഭീകര രൂപത്തെ മർദ്ധിച്ചു. തലയ്ക്കടിയേറ്റ ആ ഭീകരരൂപം അസാമാന്യമായി അലറി. ഗ്രാമം വിറച്ചു നിന്നു. പിന്നീട് ആ രൂപം അവൾ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയർന്നു. ആലിയെ കൊന്ന്, അയാളുടെ ചുടു ചോര കുടിച്ചവൾ ശരീരം താഴേയ്ക്കിട്ടു. നാട്ടിൽ കഥ പരന്നപ്പോൾ ഗ്രാമവാസികൾ ഭയപ്പെട്ടു ആലിയുടെ ജീവൻ അപഹരിച്ചിട്ടും ദുർദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങൾ കാണപ്പെട്ടു. ഒടുവിൽ നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുർദേവതയെ കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണത്രേ കരിഞ്ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്ന തെയ്യം.

ജമദഗ്‌നി മഹര്‍ഷി




ജമദഗ്‌നി മഹര്‍ഷി
പരശുരാമന്റെ അച്ഛനും, ഉഗ്രപ്രഭാവനുമായ ഒരു മഹര്‍ഷി.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമത്തില്‍ ബ്രഹ്മാവ്-ഭൃഗു-ച്യവനന്‍-ഊര്‍വ്വന്‍- ഋചീകന്‍- ജമദഗ്‌നി.
ജമദഗ്‌നി മഹര്‍ഷിയുടെ ജനനം സംബന്ധിച്ച് ഒരു പുരാണ പ്രസ്താവനയുണ്ട്. ഋചീകമുനിയുടെ ഭാര്യയായ സത്യവതി ഒരിക്കല്‍ ഭര്‍ത്താവിനോട് തനിക്കും, തന്റെ മാതാവിനും ഓരോ പുത്രന്‍ ജനിയ്ക്കണമെന്നപേക്ഷിച്ചു. അതനുസരിച്ച് ഋചീകന്‍ ഹോമത്തിനു ശേഷം ചോറ് നിറച്ച രണ്ടു പാത്രങ്ങള്‍ മന്ത്രം ചൊല്ലി സത്യവതിക്കു നല്കി. ഒരു പാത്രത്തില്‍ ബ്രഹ്മതേജസ്സും, മറ്റെ പാത്രത്തില്‍ ക്ഷാത്രതേജസ്സും നിറച്ചിരുന്നു. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് സത്യവതി ഭക്ഷിക്കണമെന്നും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് അമ്മയ്ക്ക് കൊടുക്കണമെന്നും ഋചീകന്‍ സത്യവതിയോട് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ മുനി അറിയാതെ അമ്മയും, മകളും കൂടി ഒരു ഒളിച്ചുകളി നടത്തി. ബ്രഹ്മതേജസ്സ് നിറഞ്ഞ ചോറ് അമ്മയും, ക്ഷാത്രതേജസ്സ് നിറഞ്ഞ ചോറ് സത്യവതിയും ഭക്ഷിച്ചു. ഇരുവരും ഗര്‍ഭം ധരിച്ചു. ഗര്‍ഭം വളര്‍ന്നതോടുകൂടി സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സും, മാതാവിന്റെ മുഖത്ത് ബ്രഹ്മതേജസ്സും നിഴലിച്ചു തുടങ്ങി. ഈ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ ഋചികന്‍ സത്യവതിയോട് പരമാര്‍ത്ഥം അന്വേഷിച്ചു. ദേവി സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.
സത്യവതിയും, മാതാവും ഒരേ സമയത്തു തന്നെ പ്രസവിച്ചു. സത്യവതിയുടെ പുത്രനാണ് ക്ഷാത്രതേജസ്സു നിറഞ്ഞ ‘ജമദഗ്‌നി’. മാതാവ് പ്രസവിച്ച പുത്രനാണ് ബ്രഹ്മതേജസ്സ് നിറഞ്ഞ ‘വിശ്വാമിത്രന്‍’.
യൗവ്വനാരംഭത്തില്‍ തന്നെ ഭൂപ്രദക്ഷണത്തിനു പുറപ്പെട്ട ജമദഗ്‌നി ഇക്ഷ്വാകുവംശരാജാവായ പ്രസേനജിത്തിന്റെ പുത്രി ‘രേണുക’ എന്നു പേരുള്ള രാജകുമാരിയെ കണ്ടുമുട്ടുകയും ദേവിയില്‍ അനുരക്തനാകുകയും ചെയ്തു. രേണുകയെ തനിക്കു ഭാര്യയായി തരണമെന്ന് ജമദഗ്‌നി പ്രസേനജിത്തിനോടാവശ്യപ്പെട്ടു. മുനിയുടെ ആഗ്രഹത്തെ മാനിച്ച് അദ്ദേഹം മകളെ ജമദഗ്‌നിക്കു ഭാര്യയായി നല്‍കി. വിവാഹശേഷം ജമദഗ്‌നി രേണുകയോടുകൂടി നര്‍മ്മദാ നദിയുടെ തീരത്ത് ആശ്രമം കെട്ടി താമസം തുടങ്ങി.
ദുഷ്ടന്മാരായ രാജാക്കന്മാരുടെ ഭാരം കൊണ്ട് ഭൂമിദേവി വിഷമിച്ചപ്പോള്‍ മഹാവിഷ്ണു രേണുകയില്‍ നിന്നു ജമദഗ്‌നിയുടെ പുത്രനായി രാമന്‍ എന്ന പേരില്‍ ഭൂമിയില്‍ അവതരിച്ചു. കുട്ടിക്കാലത്ത് രാമന്‍ മാതാപിതാക്കളോടൊന്നിച്ച് ആശ്രമത്തില്‍ തന്നെ കഴിഞ്ഞു കൂടി. ഇദ്ദേഹം ബ്രാഹ്മണനായിരുന്നെങ്കിലും വേദാദ്ധ്യയനം ചെയ്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നില്ല. ഒരു പക്ഷേ മാതാപിതാക്കളോടൊത്ത് ആശ്രമത്തില്‍ കഴിഞ്ഞു കൂടിയിരുന്ന ബാല്യകാലത്ത് ചിലപ്പോള്‍ അച്ഛനില്‍നിന്ന് വേദാദ്ധ്യയനം അഭ്യസിച്ചിരിക്കാം. ധനുര്‍വിദ്യവശമാക്കാനായിരുന്നു രാമന്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നത്. അതിനായി ഹിമാലയ പ്രാന്തത്തിലെത്തി ആയിരം വര്‍ഷം അദ്ദേഹം ശ്രീപരമേശ്വരനെ തപസ്സു ചെയ്തു. സന്തുഷ്ടനായ ഭഗവാന്‍ പലതവണ രാമന്റെ ഗുണങ്ങള്‍ പത്‌നിയായ പാര്‍വ്വതിയെ കേള്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് അസുരന്മാര്‍ ശക്തി സംഭരിച്ച് ദേവന്മാരോട് യുദ്ധം പ്രഖ്യാപിച്ചത്. ദേവന്മാര്‍ ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ രാമനെ ക്ഷണിച്ച് അസുരന്മാരെ കൊല്ലാന്‍ ആജ്ഞാപിച്ചു. അസ്ത്രങ്ങളില്ലാതെ താനെങ്ങനെ യുദ്ധക്കളത്തിലേക്കു പോകുമെന്നു രാമന്‍ ശിവനോടു ചോദിച്ചു.
”പോകെന്റെ സമ്മതത്തോടെ
നീ ഹരിയ്ക്കും രിപൂക്കളെ”
എന്നു ശിവന്‍ കല്‍പിച്ചതോടെ രാമന്‍ ശിവനെ നമസ്‌കരിച്ച് യുദ്ധക്കളത്തിലേക്കു നീങ്ങി. സകല അസുരന്മാരെയും നിഷ്പ്രയാസം പരാജയപ്പെടുത്തിയ ശേഷം രാമന്‍ ശിവന്റെ അടുക്കലേക്കു തിരിച്ചെത്തി. സന്തുഷ്ടനായ ഭഗവാന്‍ രാമനു ദിവ്യാസ്ത്രങ്ങളും, വരങ്ങളും നല്‍കി അനുഗ്രഹിച്ചു. ഈ ഘട്ടം വരെ പരശുരാമന്റെ പേര് രാമന്‍ എന്നായിരുന്നു. ആയുധങ്ങളുടെ കൂട്ടത്തില്‍ ശിവന്‍ ഒരു പരശു (കോടാലി) രാമനു കൊടുത്തു. അന്നുമുതലാണ് രാമന് ‘പരശുരാമന്‍’ എന്നു പേര്‍ ലഭിച്ചത്.

അഗ്നിദേവൻ




അഗ്നിദേവൻ
വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.
'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ
പരിപൂർണം തദസ്തുമേ
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തികൾ സ്വീകരിച്ചിട്ടുണ്ട്.

കാര്‍ത്തവീര്യാര്‍ജ്ജുനന്‍




കാര്‍ത്തവീര്യാര്‍ജ്ജുനന്‍
ഹേഹയവംശത്തിലെ സുപ്രസിദ്ധനായ രാജാവാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അഥവ കാര്‍ത്തവീര്യന്‍.
വംശാവലി:
മഹാവിഷ്ണുവില്‍ നിന്നു അനുക്രമമായി അത്രി, ചന്ദ്രന്‍ – ബുധന്‍ – പുരൂരവസ്സ് – ആയുസ്സ് – യയാതി – യദു – സഹസ്രജിത്ത് – ശതജിത്ത് – ഏകവീരന്‍ – ധര്‍മ്മന്‍ – കുണി – ഭദ്രസേനന്‍ – ധനകന്‍ – കൃതവീര്യന്‍ – കാര്‍ത്തവീര്യാര്‍ജ്ജുനന്‍.
ഹേഹയന്മാര്‍ ക്ഷത്രിയരും, ഭാര്‍ഗ്ഗവന്മാര്‍ ബ്രാഹ്മണരുമാണ്. ഭാര്‍ഗ്ഗവ മുനിമാരായിരുന്ന ഹേഹയ രാജാക്കന്മാരുടെ കുലഗുരുക്കന്മാര്‍. ദാനധര്‍മ്മികളായ ഹേഹയന്മാര്‍ ഭാര്‍ഗ്ഗവന്മാര്‍ക്കു നിരവധി ധനം കൊടുത്ത് കാലക്രത്തില്‍ ഭാര്‍ഗ്ഗവന്മാര്‍ ധനവാന്മാരായി തീരുകയും ഹേഹയന്മാര്‍ ക്ഷയിക്കുകയും ചെയ്തു. ഈ ദുസ്ഥിതി പരിഹരിക്കുന്നതിനായി ഭാര്‍ഗ്ഗവമുനികളില്‍ നിന്നു കുറെ പണം കടം വാങ്ങാന്‍ ഹേഹയര്‍ തീരുമാനിച്ചു. പക്ഷേ, ഭാര്‍ഗ്ഗവന്മാര്‍ ഹേഹയരെ വഞ്ചിച്ചു. തങ്ങളുടെ പക്കല്‍ ധനമില്ലെന്നു പറഞ്ഞ് ഭാര്‍ഗ്ഗവന്മാര്‍ ഒഴിഞ്ഞു മാറി. കുപിതരായ ഹേഹയര്‍ (ക്ഷത്രിയര്‍) ഭാര്‍ഗ്ഗവരെ വേട്ടയാടി. ഭാര്‍ഗ്ഗവന്മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ധനമെല്ലാം ആശ്രമത്തറകളില്‍ കുഴിച്ചിട്ട ശേഷം ഹിമാലയത്തിലേക്കു പുറപ്പെട്ടു. ഹേഹയര്‍ അവരെ പിന്‍തുടര്‍ന്നു വേട്ടയാടി. ഒടുവില്‍ ഭാര്‍ഗ്ഗവകുലത്തില്‍പ്പെട്ട ഒരു ബ്രാഹ്മണി തുടയില്‍ കൂടി ‘ഊര്‍വ്വന്‍’ എന്ന മുനിയെ പ്രസവിച്ചു. ഊര്‍വ്വന് ‘ഔര്‍വ്വന്‍’ എന്നും പേരുണ്ട്. ഊര്‍വ്വന്റെ ജനനത്തോടെ ഹേഹയര്‍ സമാധാനത്തില്‍ മാത്രം അടിയുറച്ചു തുടങ്ങി. കാലം വീണ്ടും പലതും കടന്നു. ഹേഹയരാജവംശത്തില്‍ പ്രതാപിയായ കാര്‍ത്തവീര്യാര്‍ജ്ജുനനും, ഭാര്‍ഗ്ഗവ വംശത്തില്‍ പ്രതാപിയായ ജന്മദഗ്നി മഹര്‍ഷിയും ജനിച്ചു. പൂര്‍വ്വീകര്‍ സമ്പാദിച്ചു വളര്‍ത്തിയ കുലപക ഇവര്‍ ഇരുവരും പുലര്‍ത്തി പോന്നു. കാര്‍ത്തവീര്യന്‍ നര്‍മ്മദാനദിയുടെ തീരത്ത് ‘മാഹിഷ്മതി’ എന്ന പട്ടണം തലസ്ഥാനമാക്കി രാജ്യഭാരം തുടങ്ങി.

ആപവന്‍ ഒരു പ്രാചീന മഹര്‍ഷി.




ആപവന്‍
ഒരു പ്രാചീന മഹര്‍ഷി.
ഒരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഈ മഹര്‍ഷിയുടെ ആശ്രമം അഗ്നിക്കു ആഹാരമായി നല്‍കി. കുപിതനായ ആപവന്‍ കാര്‍ത്തവീര്യര്‍ജ്ജുനനെയും, അഗ്നിയെയും ശപിച്ചു. തന്റെ ആശ്രമം നശിപ്പിക്കാന്‍ കാരണക്കാരനായ കാര്‍ത്തവീര്യനു നേര്‍ക്കായിരുന്നു ഉഗ്രശാപം. ”ദുഷ്ടനായ കാര്‍ത്തവീര്യാര്‍ജ്ജുനാ നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്നായിരുന്നു ശാപം. ശാപം ഫലിച്ചു. പരശുരാമന്‍ ശ്രീപരമേശ്വരനില്‍ നിന്നു തനിക്കു ലഭിച്ച പരശു കൊണ്ട് കാര്‍ത്തവീര്യന്റെ ആയിരം കൈകളും അരിഞ്ഞുവീഴ്ത്തി അയാളെ വധിച്ചു.
ഇനി പരശുരാമാവതാരം കഥയിലേക്കു കടക്കാം.
പണ്ടൊരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത്രിപുത്രനായ ദത്താത്രേയമുനിയെ തപസ്സു ചെയ്ത് ആയിരംകൈകള്‍ സമ്പാദിച്ചു. ഹേഹയവംശത്തിലെ സുപ്രസിദ്ധരാജാവായ കാര്‍ത്തവീര്യന്‍ നായാട്ടിനായി ഒരിക്കല്‍ നര്‍മ്മദാ നദീതീരപ്രദേശത്തു കടന്നു. പല സ്ഥലങ്ങളും ചുറ്റിത്തിരിഞ്ഞെത്തിയ ഇദ്ദേഹം അവിചാരിതമായിട്ടാണ് നര്‍മ്മദാ നദീതീരത്തു പ്രവേശിച്ചത്. അവിടെ ജമദഗ്‌നി മഹര്‍ഷി ഭാര്യയായ രേണുകയോടും, പരശുരാമന്‍ ആദിയായ പുത്രന്മാരോടുമൊപ്പം ആശ്രമം കെട്ടി താമസിച്ചിരുന്നു. നായാട്ടുകഴിഞ്ഞ് തളര്‍ന്നവശാനായ രാജാവ് ജമദഗ്‌നിയുടെ ആശ്രമത്തില്‍ കടന്നു. ഈ അവസരത്തില്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു. അദ്ദേഹം തപസ്സിനായി മഹേന്ദ്രഗിരിയില്‍ പോയിരുന്നു. ആശ്രമപരിസരം കടന്നു അകത്തേക്കു കയറുന്നതിനിടയില്‍ കാര്‍ത്തവീര്യന്‍ അവിടെ നിന്നിരുന്ന കാമധേനുവിനെ കണ്ടു. അദ്ദേഹം കാമധേനുവിനെ തന്റെ അരികില്‍ വിളിച്ചു. കാമധേനു രാജാവിനും, അനുയായികള്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. (കന്നുകാലികളുടെ ആദി മാതാവാണ് ‘കാമധേനു” ദേവന്മാര്‍ക്കും, മുനിമാര്‍ക്കു ആവശ്യാനുസരണം പാല്‍ നല്കുന്ന കാമധേനു അത്ഭുതശക്തികളും സിദ്ധികളുമുള്ള ഒരു ദേവിയാണ്. കാമധേനുവില്‍ നിന്നാണ് ഇന്നു ലോകത്തില്‍ കാണപ്പെടുന്ന കന്നുകാലിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നു പുരാണം പ്രസ്താവിക്കുന്നു).
മൃഷ്ടാനഭോജനശേഷം ആശ്രമം വിട്ടിറങ്ങിയ കാര്‍ത്തവീര്യന്‍ ജമദഗ്‌നി മഹര്‍ഷിയോട് കാമധേനുവിനെ തനിക്കായി ചോദിച്ചു. മഹര്‍ഷി അതിനു വിസമ്മതിച്ചു. ക്രൂരനായ കാര്‍ത്തവീര്യന്‍ കാമധേനുവിനെ ആശ്രമത്തില്‍ നിന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയി. ഇതറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ കാര്‍ത്തവീര്യനില്‍ കുപിതനായി. സംഹാരരുദ്രനെ പോലെ പ്രതികാരമൂര്‍ത്തിയായി തീര്‍ന്ന പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ തേടി മാഹിഷ്മതി നഗരത്തിന്റെ കവാടത്തില്‍ കടക്കുകയും, അയാളെ യുദ്ധത്തിനു വെല്ലുവിളിക്കുകയും ചെയ്തു. രാജാവായ കാര്‍ത്തവീര്യന്‍ വമ്പിച്ച സൈന്യസന്നാഹങ്ങളോടെ പുറത്തു വന്നു. തുടര്‍ന്ന് ഒരു മഹായുദ്ധം തന്നെ സംഭവിച്ചു. യുദ്ധത്തില്‍ പരശുരാമന്‍ പരശു എന്ന തന്റെ ദിവ്യായുധം കൊണ്ട് കാര്‍ത്തവീര്യനെ വധിച്ചു. അങ്ങനെ ഹേഹയരാജവംശത്തിലെ നടുംതൂണ് നിലം പതിച്ചു. രാമന്‍ വീണ്ടെടുത്ത കാമധേനുവുമായി ആശ്രമത്തിലെത്തി. അദ്ദേഹം അച്ഛനെ സമാധാനിപ്പിച്ചു. അന്നു മുതല്‍ കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ പകരം വീട്ടാന്‍ കാത്തു നടന്നു. ഒരിക്കല്‍ പരശുരാമന്‍ ആശ്രമത്തിലില്ലായിരുന്നു അവസരം നോക്കി കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ ആശ്രമത്തില്‍ കടന്ന ധ്യാനത്തിലുണ്ടായിരുന്ന ജമദഗ്‌നിയുടെ തല വെട്ടി കൊണ്ടുപോയി. ഈ വിവരമറിഞ്ഞു സ്ഥലത്തെത്തിയ പരശുരാമന്‍ വീണ്ടും പ്രതികാരമൂര്‍ത്തിയായി മാറി. തനിക്കും തന്റെ കുടുംബത്തിനും തുടക്കം മുതല്‍ ഒടുക്കംവരെ ദ്രോഹങ്ങള്‍ മാത്രം നല്‍കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കുടുംബത്തോടല്ല മറിച്ച് അയാളുടെ വംശത്തോടാണ് രാമനു പക തോന്നിയത്. കുപിതനായ രാമന്‍ ഇരുപത്തിയൊന്നു പ്രാവശ്യം ലോകം മുഴുവന്‍ ചുറ്റി നടന്ന് കണ്ണില്‍കണ്ട ക്ഷത്രിയ രാജാക്കന്മാരെ മുഴുവനും കൊന്നൊടുക്കി. അവരുടെ രക്തചാലുകള്‍ ചേര്‍ന്നുണ്ടായതാണ് ‘സമന്തചഞ്ചകം’ എന്ന പുണ്യതീര്‍ത്ഥം.
പിതാവിന്റെ ആഞ്ജനിറവേറ്റാനായി ഒരിക്കല്‍ പരശുരാമന്‍ മാതാവായ രേണുകയെ ഗളച്ഛേദം നടത്തിയതായി ഒരു പുരാണ പ്രസ്താവനയുണ്ട്. ആ കഥ ഇപ്രകാരമാണ്.
ഒരിക്കല്‍ രേണുക പുണ്യജലം കൊണ്ടു വരുന്നതിനു വേണ്ടി നര്‍മ്മദാനദിയില്‍ ചെന്നു. അവിടെ സ്‌നാനം ചെയ്തു നിന്ന ‘ചിത്രരഥന്‍’ എന്ന ഗന്ധര്‍വ്വന്‍ ദേവിയുടെ കണ്ണില്‍പ്പെട്ടു. അദ്ദേഹത്തെ ഉറ്റുനോക്കി രേണുക എല്ലാം മറന്നു അല്‍പസമയം ഒരേനില്‍പുനിന്നുപോയി. ജ്ഞാനദൃഷ്ടിയില്‍ വിവരം ഗ്രഹിച്ച മുനി തിരിച്ചു ആശ്രമത്തിലെത്തിയ പത്‌നിയുടെ തല വെട്ടിക്കളയാന്‍ പുത്രന്മാരോടു ആവശ്യപ്പെട്ടു. എല്ലാവരും വിമുഖത കാണിച്ചു. പക്ഷേ പിതാവിന്റെ ആഞ്ജ കേട്ടമാത്രയില്‍ പരശുരാമന്‍ അമ്മയുടെ ഗളച്ഛേദം നിര്‍വ്വഹിച്ചു. സന്തുഷ്ടനായ പിതാവ് മകനോട് എന്തുവരം വേണമെന്നു ചോദിച്ചു. അമ്മയെ ജീവിപ്പിച്ചു തരണമെന്നു രാമന്‍ ആവശ്യപ്പെട്ടു. മുനി രേണുകയെ പുനര്‍ജീവിപ്പിച്ചു. നമ്മുടെ നാടായ കൊച്ചു കേരളത്തിന്റെ ഉല്‍പത്തിക്കു കാരണം രാമനാണ്. ആ കഥ കൂടി നോക്കാം.
ഭഗീരഥന്റെ തപസ്സിന്റെ ഫലമായി ഉത്തരഭാരതത്തില്‍ പതിച്ച ഗംഗാനദി കടലിലേക്കു ഒഴുകി ചേര്‍ന്നപ്പോള്‍ കടല്‍ കര കവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളെ മുവുവന്‍ മുക്കികളഞ്ഞു. കൂട്ടത്തില്‍ പുണ്യസ്ഥലമായ ഗോകര്‍ണ്ണത്തുള്ള ക്ഷേത്രവും മുങ്ങിപ്പോയി. ആ പരിസരങ്ങളില്‍ തിങ്ങി പാര്‍ത്തിരുന്ന മഹര്‍ഷിമാര്‍ പരശുരാമനെ സന്ദര്‍ശിച്ച് സങ്കടമറിയിച്ചു. രാമന്‍ ഒരു മുറം (ശൂര്‍പ്പം) കടലിലെറിഞ്ഞു. മുറം ചെന്നുവീണ പ്രദേശം വരെയുള്ള കടല്‍ മാറി ഗോകര്‍ണ്ണക്ഷേത്രം ഉള്‍പ്പെടെ കര തെളിഞ്ഞു കാണപ്പെട്ടു. അതാണ് ”കേരളം”. ശൂര്‍പ്പം അഥവ മുറം എറിഞ്ഞു നേടിയ നാടായതിനാല്‍ കേരളത്തിനു ”ശൂര്‍പ്പാരകം” എന്നൊരു പേരുകൂടി ലഭിച്ചു. പുരാണ പ്രസ്താവനകളെ ശരിക്കും വിലയിരുത്തിയാല്‍ ശൂര്‍പ്പം എറിഞ്ഞു നേടിയെന്നതിനെക്കാള്‍ മഴു (കോടാലി) എറിഞ്ഞു നേടി എന്നതിനാണു കൂടുതല്‍ പ്രാധാന്യം. പരക്കെ അറിയപ്പെട്ടിട്ടുള്ളതും. മഴുവുമായി ബന്ധപ്പെട്ട കഥയാണ്.
ക്ഷത്രിയ വിരോധിയായ തീര്‍ന്ന പരശുരാമന്‍ താന്‍ ചെയ്തു കൂട്ടിയ കൊടും പാപങ്ങളില്‍ നിന്നു രക്ഷനേടാനായി ഒരു മാര്‍ഗ്ഗം സ്വീകരിച്ചു. അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. ബ്രാഹ്മണര്‍ക്കായി ഭൂമി ഉള്‍പ്പെടെ സകലതും ഏറ്റുവാങ്ങിയ കശ്യപന്‍ എത്രയും വേഗം ഭൂമി വിട്ടൊഴിയാന്‍ രാമനോടാവശ്യപ്പെട്ടു. കശ്യപാഞ്ജ ചെവികൊണ്ട രാമന്‍ ഭൂമി വിട്ടു. അദ്ദേഹം തനിയ്ക്കായി അല്‍പം സ്ഥലം സൃഷ്ടിക്കാന്‍ നിശ്ചയിച്ചു. അടുത്ത നിമിഷം പരശുരാമന്‍ അമ്പെയ്തു കടല്‍ മാറ്റി കര സൃഷ്ടിച്ചു. ആ ഭാഗമാണ് ”കേരളം”.
കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഉള്‍പ്പെടെയുള്ള ദുഷ്ടരാജാക്കന്മാരുടെ നിഗ്രഹമായിരുന്നു പരശുരാമാവതാര ലക്ഷ്യം. ആപവന്‍ എന്ന മുനി കാര്‍ത്തവീര്യനു നല്‍കിയ ”നിന്റെ ആയിരം കൈകളും പരശുരാമനാല്‍ ഛേദിക്കപ്പെടട്ടെ” എന്ന ഉഗ്രശാപവും രാമനു സഹായകമായി. മറ്റു അവതാരങ്ങളെ പോലെ തന്നെ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനും തന്റെ അവതാരലക്ഷ്യം കൃത്യമായി നിറവേറ്റി.

2018, ജൂലൈ 12, വ്യാഴാഴ്‌ച

ശിവന്റെ ജനനം എങ്ങനെയെന്ന് അറിയാം



ശിവന്റെ ജനനം എങ്ങനെയെന്ന് അറിയാം
ത്രിമൂര്‍ത്തികളില്‍ ഏറ്റവും സംഹാരമൂര്‍ത്തിയായ ഭഗവാന്‍ ശിവന് ജന്മം നല്‍കിയത് ആര്? ഹിന്ദു ഐതിഹ്യം അനുസരിച്ച് ബ്രഹ്മാവ് സ്രിഷ്ടികര്‍ത്താവും വിഷ്ണു പരിപാലകനും ശിവന്‍ സംഹാരിയും ആണ്. ശിവനെ പ്രസാദിപ്പിക്കാന്‍ അനേകം ആചാരങ്ങള്‍ ഹിന്ദു മത വിശ്വാസികള്‍ ചെയ്തു വരുന്നു. ക്ഷിപ്ര പ്രസാധിയായ ശിവന്‍ ക്ഷിപ്ര കോപിയും ആണ്. പുലിത്തോലും ഗജവീരന്മാരുടെ തോലും വ്‌സത്രമായി ധരിക്കുന്ന അദ്ദേഹം കഴുത്തില്‍ കരിനാഗങ്ങളെ അണിഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. തിരുനെറ്റിയില്‍ മൂന്നാമത് ഒരു നേത്രം കൂടിയുള്ള ഭഗവാന്‍ ശിവന്‍ ആ നേത്രം തുറന്നാല്‍ മുന്നിലുള്ളതത്രയും ഭസ്മം ആയി തീരും എന്നും കരുതപ്പെടുന്നു.
ശിവന്റെ ജനനത്തിനു പിന്നിലുള്ള കഥ
ശിവന്റെ ജനനത്തിനു പിന്നില്‍ രസാവഹമായ ഒരു കഥ ഉള്ളതായി ഹിന്ദുക്കള്‍ കരുതി പോരുന്നു. അതിങ്ങനെ ആണ്: ഒരിക്കല്‍ ബ്രഹ്മ ദേവനും വിഷ്ണു ദേവനും തമ്മില്‍ ഒരു തര്‍ക്കം നടക്കുകയായിരുന്നു. തങ്ങളില്‍ ആരാണ് ഏറ്റവും ബലിഷ്ടനും ഉഗ്രപ്രതാപിയും എന്നതായിരുന്നു തര്‍ക്ക വിഷയം. തര്‍ക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ക്ക് നടുവില്‍ തീക്ഷണമായി ജ്വലിക്കുന്ന ഒരു തൂണ് പ്രത്യക്ഷപ്പെട്ടു. തൂണിന്റെ ഒരു അഗ്രം ആകാശത്തെ കീരിമുറിച്ചും മറ്റേ അഗ്രം പാതാളത്തെ കീരിമുറിച്ചും പോയിരുന്നു. ഇത് കണ്ടു അതിശയോക്തി പൂണ്ട ദേവന്മാര്‍ രണ്ടു പേരും ആരാണ് ഏറ്റവും ശക്തിമാന്‍ എന്ന് കണ്ടു പിടിക്കാന്‍ പുതിയൊരു ഉപാധി വച്ചു. ഈ തേജോമയമായ തൂണിന്റെ അഗ്രം ആരാണ് ആദ്യം കണ്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ബലിഷ്ടന്‍.
ശേഷം ബ്രഹ്മദേവന്‍ സ്വയം ഒരു കാട്ടുപന്നിയുടെ രൂപം പൂണ്ടു താഴേക്കും മഹാവിഷ്ണു ഒരു കുരുവിയുടെ രൂപമെടുത്തു തൂണിന്റെ അഗ്രം കണ്ടെത്താന്‍ മേലോട്ടും കുതിച്ചു. കാലങ്ങളോളം നീണ്ട ഈ തിരച്ചിലില്‍ അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ ആയില്ല. എന്നാല്‍ ഇത് രണ്ടു പേരിലും ഒരു പരിവര്ത്തനനത്തിന് തുടക്കം കുറിച്ച്. തിരികെ എത്തിയ ഇരുവരും കണ്ടത് അവര്ക്ക് മുന്നില്‍ പ്രത്യക്ഷനായി നില്‍ക്കുന്ന സാക്ഷാല്‍ പരമ ശിവനെ ആണ്. അപ്പോഴാണ് അവരുടെ ശക്തികള്‍ക്കും അതീതമായി മറ്റൊരു ശക്തി ഉണ്ടന്നു അവര്‍ തിരിച്ചറിഞ്ഞത്. ഈ പ്രപഞ്ചം മുഴുവന്‍ കുടി കൊള്ളുന്നത് ആണ് ആ ശക്തി എന്ന് അവര്‍ മനസ്സിലാക്കി.
ശിവന് ജനനമോ മരണമോ ഇല്ല. മനുഷ്യന്റെ സാമാന്യ ചിന്തകള്‍ക്കും ബുദ്ധിക്കും മനസിലാകാന്‍ കഴിയാത്തതാണ് ശിവന്റെ ജീവിതചര്യകള്‍. സര്‍വ ശക്തികളുടെയും ഉറവിടമായ ശിവന്‍ ശ്മശാനങ്ങളില്‍ വസിക്കാനും ഇഷ്ടപെടുന്നു. തലയോട്ടിയും മൃഗത്തോലും ധരിക്കുന്ന ശിവന്‍ ദിക്ക് വസ്ത്രമാക്കുന്നവന്‍ എന്നാ അര്‍ത്ഥത്തില്‍ ”ദിഗംബരന്‍” എന്നും അറിയപ്പെടുന്നു. പഞ്ച ഭൂതങ്ങളാല്‍ കേളികള്‍ ആടുന്ന ശിവന്‍ തന്റെ താണ്ഡവ നടനം കൊണ്ട് നടരാജനായും അറിയപ്പെടുന്നു. ഹിമാലയ സാനുക്കളില്‍ കഠിന തപസ്സില്‍ മുഴുകുന്ന ഭഗവാന്‍ തന്റെ ഭക്തര്‍ക്ക് മുന്‍പില്‍ സദാ പ്രത്യക്ഷനകുമെന്നും വിശ്വസിച്ചു പോരുന്നു.

പുരാതന ഭാരതത്തിന്റെ ശാസ്ത്രപ്പഴമ






പുരാതന ഭാരതത്തിന്റെ ശാസ്ത്രപ്പഴമ
നമ്മുടെ നാട്ടില്‍ പണ്ടു പ്രചാരത്തിലിരുന്ന കളരി മര്‍മ്മാണി ചികിത്സയും എടുത്തുപറയത്തക്കതാണ്. ഈ ചികിത്സാശാസ്ത്രം മര്‍മ്മ
പ്രയോഗങ്ങള്‍ എന്ന അഭ്യാസമുറയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിരകളുടേയും ധമനികളുടേയും പേശികളുടേയും സന്ധികളാണ് മര്‍മ്മങ്ങള്‍.
''പ്രകാശം കിഴക്കുനിന്നും വരുന്നു'' പ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകനായ 'മാക്‌സ് മുള്ളര്‍' അങ്ങനെ പറഞ്ഞത് സൂര്യോദയത്തെക്കുറിച്ചായിരുന്നില്ല. ഇന്ന്, ശാസ്ത്ര പുരോഗതിയുടെ ഉന്നത ശ്രേണിയില്‍ കയറിനില്‍ക്കുന്ന പാശ്ചാത്യ നാടുകള്‍ പിന്നിട്ട 'ഇരുണ്ട യുഗ'ങ്ങളില്‍ ലോകത്തിന് വെളിച്ചം പകര്‍ന്നു നല്‍കിയ പുരാതന ഭാരതത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവും സാമൂഹ്യവുമായ എണ്ണമറ്റ സംഭാവനകളെ സൂചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്!
ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക മേഖലകളില്‍ മാത്രമല്ല, സംഗീത, കലാ, സാഹിത്യാദി സമസ്തരംഗങ്ങളിലും ഭാരതത്തിന്റെ സംഭാവന അതുല്യവും അമൂല്യവുമായിരുന്നു.
പില്‍ക്കാലത്ത് ലോകത്തു പ്രചരിച്ച പല കണ്ടുപിടുത്തങ്ങളുടേയും 'സൂക്ഷ്മവും' 'സ്ഥൂലവു'മായ രൂപം, സിന്ധുഗംഗാ സമതലത്തിലെ 'ദാര്‍ശനികന്മാരുടെ മനസ്സില്‍ രൂപം കൊണ്ടവയാണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ സത്യസന്ധമായി നിരത്താന്‍ കഴിയും. ഭാരതത്തിന്റെ സമഗ്രമായ അത്തരം സംഭാവനകളെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കുക മാത്രമാണ് ഈ എളിയ ലേഖനംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്!
ഭാരതത്തിന്റെ വേദോപനിഷത്തുക്കളും ഇതിഹാസപുരാണാദികളും മേല്‍പ്പറഞ്ഞ സംഗതികള്‍ക്ക് ഉത്തമ നിദര്‍ശനങ്ങളാണ്.
'വേദം' അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'സയന്‍സ്' ആണ്. 'വിദ്' എന്ന സംസ്‌കൃതധാതുവിന് 'അറിയുക' എന്നാണര്‍ത്ഥം. വേദം= അറിവ്! 'സയര്‍' എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥവും 'അറിയുക' എന്നുതന്നെയാണ്. സയന്‍സ്= അറിവ്.
നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രസിദ്ധാന്തമായ 'മഹാസ്‌ഫോടന സിദ്ധാന്ത'ത്തെക്കുറിച്ച് 'ഋക്' വേദത്തിലും 'വിഷ്ണുപുരാണത്തിലും വ്യക്തമായ വസ്തുനിഷ്ഠമായ സൂചനകള്‍ നല്‍കുന്നുണ്ട്.
പ്രപഞ്ചത്തിന്റെയും മറ്റ് ജ്യോതിര്‍ഗോളങ്ങളുടേയും ഉത്ഭവം, സ്ഥാനം, ചലനം, അവ തമ്മിലുള്ള പരസ്പരാകര്‍ഷണം, അവ ഭൂമിയിലും ഇവിടുത്തെ സമസ്ത ചരാ ചരങ്ങളിലും ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് നമ്മുടെ ഋഷീശ്വരന്മാര്‍ തികച്ചും ബോധവാന്മാരായിരുന്നു.
ആധുനിക 'ജ്യോതിശാസ്ത്ര'ത്തിന്റെ പുരാതന ഭാരതീയ രൂപമായ 'ജ്യോതിഷം' ഈ വക കാര്യങ്ങളില്‍ സമ്പൂര്‍ണ്ണമായ അറിവാണ് പ്രദാനം ചെയ്യുന്നത്!
'പടിഞ്ഞാറന്‍' തത്വചിന്തകന്മാര്‍ ഭൂമി പരന്നതാണെന്നും വെളളത്തില്‍ പൊങ്ങിക്കിടക്കുന്നതാണെന്നും ആകാശം ഭൂമിക്കുമേല്‍ കമഴ്ത്തിവച്ച 'തളിക'പോലുള്ള വസ്തുവാണെന്നും ഉറച്ചു വിശ്വസിച്ചിരുന്ന കാലത്ത് ഭാരതത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയെക്കുറിച്ചും 'സൗരയൂഥത്തെ'ക്കുറിച്ചും തികച്ചും ശാസ്ത്രീയമായ വിവരങ്ങളാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നത്!
ഭൂമി, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന 'കറങ്ങുന്ന' ഒരു ഗോളമാണെന്നും അത് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടും സ്വയം പടിഞ്ഞാറുനിന്നും, കിഴക്കോട്ട് തിരിയുന്നതും കൊണ്ടുമാണ് 'രാപ്പകലു'കളും 'ഋതു'ക്കളും ഉണ്ടാകുന്നതെന്നും നമ്മുടെ 'വരാഹമിഹിരന്‍' 'ആര്യഭട്ടന്‍' തുടങ്ങിയ ഋഷീശ്വരന്മാര്‍ ഉറപ്പിച്ചു പറഞ്ഞു! മാത്രമല്ല; ഭൂമിയുടെ 'ഭാരം' പോലും കൃത്യമായി കണക്കു കൂട്ടിപ്പറഞ്ഞു; ആര്യഭട്ടന്‍!
ഭൂമിക്ക് ചന്ദ്രന്‍ കൂടാതെ മറ്റൊരു ചെറിയ 'ഉപഗ്രഹം' കൂടിയുണ്ടെന്ന് ആധുനിക ജ്യോതിശാസ്ത്രം കണ്ടെത്തിയത് എഴുപതുകളിലാണ്! എന്നാല്‍ ചന്ദ്രന് ഒരു 'സഹോദരി' കൂടി ഉണ്ടെന്ന് പുരാതന ജ്യോതിഷികള്‍ എഴുതിവച്ചിട്ടുണ്ട്! കൂട്ടത്തില്‍ പറയട്ടെ, ചന്ദ്രനെ കൂടാതെയുള്ള ഭൂമിയുടെ രണ്ടാമത്തെ ഉപഗ്രഹം 'സയര്‍' വലുപ്പത്തില്‍ ചെറുതായതിനാലും പകല്‍ ഉദിക്കുന്നതിനാലും നമുക്ക് ദൃഷ്ടിഗോചരമല്ല.
ഇന്ന് 'ആകര്‍ഷണ സിദ്ധാന്തം' കണ്ടുപിടിച്ചത് ഐസക് ന്യൂട്ട'നാണെന്നാണല്ലോ അറിയപ്പെടുന്നത്. എന്നാല്‍ 'ന്യൂട്ടണ്‍' ജനിക്കുന്നതിനും 800 വര്‍ഷം മുമ്പ് എ.ഡി. 11-ാം നൂറ്റാണ്ടിലെ ഭാരതീയാചാര്യന്റെ താഴെപ്പറയുന്ന 'ശ്ലോകം' ശ്രദ്ധിച്ചാല്‍ മതി.
''ആ കൃഷ്ട ശക്തീശ്ച മഹീതയായല്‍
ഖ സ്ഥം ഗുരു സ്വാഭിമുഖം സാ ശക്ത്യാ
ആകൃഷ്ട തേ തദ് പതതി വിഭാതീ''
അര്‍ത്ഥം: ''ആകര്‍ഷണ ശക്തിയോട് കൂടിയതാണീ ഭൂമി! അതിനാല്‍ ആകാശത്തു സ്ഥിതി ചെയ്യുന്ന ഗുരുവായ (ഭാരമുള്ള) യാതൊരു വസ്തുവും തനിക്കഭിമുഖമായി തന്റെ ശക്തികൊണ്ടാകര്‍ഷിക്കപ്പെടുന്നുവോ അതു വീഴുന്നതുപോലെ തോന്നുന്നു.''
വൈദ്യശാസ്ത്ര രംഗത്തും ഭാരതത്തിന്റെ സംഭാവന നിര്‍ണ്ണായകമായിരുന്നു. നമ്മുടെ 'ആയുര്‍വേദ'ത്തിന്റേയും 'പ്രകൃതി ചികിത്സ'യുടേയും മഹത്വം നമ്മെക്കാളധികം, വിദേശികള്‍ അംഗീകരിക്കുകയും ഗുണഭോക്താക്കളാകുകയും ചെയ്യുന്ന കാലമാണല്ലോ ഇത്! പാശ്ചാത്യ വൈദ്യശാസ്ത്രമായ 'അലോപ്പതി'യുടേയും'ഹോമിയോപ്പതി'യുടേയും ഉത്ഭവംപോലും ഇന്ത്യയിലാണെന്ന് കാണാം.
'സുശ്രുത മഹര്‍ഷിയുടെ 'സുശ്രുത സംഹിത' അടിസ്ഥാനപരമായി 'ഹോമിയോപ്പതി'യുടെ ഉത്ഭവത്തിന് വഴിതെളിച്ചപ്പോള്‍, 'അലോപ്പതി'യുടെ ജനയിതാവായ 'ഹിപ്പോക്രാറ്റീസി'ന് മരുന്നുകളേയും 'ചികിത്സ'യുടെ സാങ്കേതികതകളെയും പറ്റി അടിസ്ഥാനപരമായ വിവരം ലഭിച്ചതും ഭാരതത്തില്‍ നിന്നുതന്നെയാണ്.

'ഹിപ്പോക്രാറ്റീസി'ന്റെ ഗുരുവായ 'പൈതഗോറസ്സ്' ശ്രീബുദ്ധന്റെ കാലത്ത്, ഒരു'വ്യാഴവട്ടക്കാലം' ഇവിടെ താമസിച്ച്, ഭാരതീയ ശാസ്ത്രങ്ങള്‍ അഭ്യസിച്ച് 'ഗ്രീസി'ല്‍ അതു പടര്‍ത്തിയ മഹാനാണ്! അതിപുരാതനകാലത്തുതന്നെ കച്ചവടത്തിനായി ഭാരതത്തിലെത്തിയ 'അറബി'കളും ഭാരതീയ ശാസ്ത്രങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്ത് പ്രചരിക്കുവാന്‍ കാരണക്കാരായിട്ടുണ്ട്.
ചികിത്സാ ശാസ്ത്രത്തിന്റെ അനുബന്ധമായി വളര്‍ന്നു വികസിച്ച 'വിഷചികിത്സ'യിലും മാനസികരോഗ ചികിത്സയിലും 'മൃഗചികിത്സ'യിലും നമ്മുടെ പങ്ക് വളരെ വളരെ നിര്‍ണ്ണായകമാണ്!
'വിഷ'ങ്ങളെ 'സ്ഥാവര', 'ജംഗമ'ങ്ങള്‍ എന്ന് തരംതിരിച്ച ഭാരതീയ വിഷചികിത്സ, വിഷമുള്ള വസ്തുക്കളേയും ചെടികളേയും മരങ്ങളേയും വിഷജീവികളേയും വളരെ ശാസ്ത്രീയമായി തന്നെ തരംതിരിച്ചു പഠിക്കുകയും ഓരോ 'വിഷ' ലക്ഷണവും അവയ്ക്കുള്ള കൃത്യമായ മരുന്നുകളും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക മനഃശാസ്ത്രജ്ഞരുടെ മാര്‍ഗദര്‍ശിയായ 'ഫ്രോയ്ഡി'ന്റെ 'തത്വ'ങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന വൈദഗ്ദ്ധ്യം പുരാതന ഭാരതീയ മനഃശാസ്ത്ര ചികിത്‌സകര്‍ക്കുണ്ടായിരുന്നതായി കാണാം.
രോഗിയുടെ മുന്നില്‍ പെട്ടെന്ന് 'ഫണം' വിടര്‍ത്തിയ സര്‍പ്പത്തെയോ, ഒരു ഹിംസ്രമൃഗത്തെയോ ഒക്കെ പ്രദര്‍ശിപ്പിച്ചായിരുന്നുവത്രേ അന്ന്
ഷോക്ക് ചികിത്സ നടത്തിയിരുന്നത്. കൃത്രിമമായി ഉന്മാദം ഉണ്ടാക്കാന്‍ കഴിവുള്ള കായ്കളും (ഉദാ: ഉമ്മത്ത്), ചെടികളും പ്രത്യൗഷധമായും ചികിത്സയില്‍ ഉപയോഗിച്ചിരുന്നു.
മനഃശാസ്ത്രത്തിലെ കൗണ്‍സലിംഗ് ലോകത്താദ്യമായി പ്രതിപാദിച്ചിട്ടുള്ളത് ഭഗവത്ഗീതയിലാണ്. 'മൃഗചികിത്സ' ഒരു ശാസ്ത്രമായി ആദ്യം ഉടലെടുക്കുന്നതും ഇവിടെയാണ്.
വീട്ടുമൃഗങ്ങള്‍ക്കും യുദ്ധാവശ്യത്തിനും യാത്രയ്ക്കുമൊക്കെ ഉപയോഗിക്കുന്ന കുതിര, ഒട്ടകം തുടങ്ങിയവകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇവിടെ നിലവിലുണ്ടായിരുന്നു.
ആനകളെപ്പറ്റിയും അവയുടെ ചികിത്സ, മര്‍മ്മങ്ങള്‍ എന്നിവയെപ്പറ്റിയുമൊക്കെ വിദഗ്ദ്ധവും വിശദവുമായി പ്രതിപാദിക്കുന്ന 'മാതംഗശാസ്ത്രം' എന്ന ഗ്രന്ഥം, ഈ വിഷയത്തില്‍ ലോകത്തുണ്ടായ ആദ്യത്തേയും അവസാനത്തേയും ഗ്രന്ഥവുമാണ്!
നാട്ടറിവുകളിലൂടെ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന നാടന്‍ ചികിത്സയും കേട്ടറിവുകളിലൂടെ ആദിവാസികള്‍ നടത്തുന്ന പച്ചമരുന്ന് ചികിത്സയും കുറ്റമറ്റതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
നമ്മുടെ നാട്ടില്‍ പണ്ടു പ്രചാരത്തിലിരുന്ന കളരി മര്‍മ്മാണി ചികിത്സയും എടുത്തുപറയത്തക്കതാണ്. ഈ ചികിത്സാശാസ്ത്രം 'മര്‍മ്മ'
പ്രയോഗങ്ങള്‍ എന്ന അഭ്യാസമുറയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സിരകളുടേയും ധമനികളുടേയും പേശികളുടേയും സന്ധികളാണ് മര്‍മ്മങ്ങള്‍.
ശരീരത്തില്‍ ഇത്തരം 108 മര്‍മ്മങ്ങള്‍ ഉണ്ട്. ഇവിടെ ഏല്‍ക്കുന്ന മുറിവുകളും മര്‍ദ്ദനങ്ങളും മരണമോ, അംഗവൈകല്യമോ ഉണ്ടാക്കാം. അതിനുള്ള ചികിത്സ ഇതൊന്നു മാത്രം! മര്‍മ്മ സ്ഥാനങ്ങളില്‍ സൂചികള്‍ തറയ്ക്കുന്ന ചൈനക്കാരുടെ 'അക്യുപംക്ചര്‍' ഇതിന്റെ മറ്റൊരു രൂപം മാത്രമാകുന്നു.
ആയുധ ശാസ്ത്രത്തിലും നമ്മുടെ പൂര്‍വ്വികര്‍ അദ്വിതീയരായിരുന്നു. ശസ്ത്ര (അമ്പ്) പ്രയോഗത്തെപ്പറ്റി പ്രതിപാദിക്കുവാന്‍ വേണ്ടി 'ധനുര്‍വേദം' എന്നൊരു പഞ്ചമവേദംപോലും ഉണ്ടാക്കിയവരാണവര്‍!
ഇന്നത്തെ കര, വ്യോമ, ഭൂഖണ്ഡാന്തര മിസൈലുകളുടെ പുരാതന രൂപമായിരുന്നില്ലേ ഇന്ത്യാക്കാരുടെ ഇതിഹാസ പുരാണങ്ങളിലെ 'ബ്രഹ്മാസ്ത്രവും' 'ആഗ്‌നേയാസ്ത്രവും മറ്റും! അന്ന് അത്തരം ആയുധങ്ങള്‍ പ്രയോഗിച്ചവര്‍ക്ക് അവ പിന്‍വലിക്കാനും കഴിയുമായിരുന്നു! ലക്ഷ്യം നിറവേറ്റിക്കഴിഞ്ഞാല്‍ വിക്ഷേപിച്ചിടത്തേക്ക് തിരിച്ച് എത്തുവാന്‍ പോന്നതായിരുന്നു അതിന്റെ സംവിധാനം!
(ആസ്‌ട്രേലിയയിലെ ആദിവാസികളുടെ ആയുധമായ 'ബൂമറാങ്ങ്' ഇന്നും ലക്ഷ്യവേധത്തിനുശേഷം അതയച്ച ആളുകളുടെ പക്കല്‍ തിരിച്ചെത്തുന്ന ലഘുവായ ആയുധമാണ്) നമ്മുടെ നാടന്‍ പാട്ടുകളിലെ വീരനായകന്മാരുടെ ആയോധന മുറയായ കളരിയെ വെല്ലാവുന്ന മറ്റൊരു അഭ്യാസ മുറ ഇന്നും ഉണ്ടോ?
പുരാതന ഭാരതീയരുടെ ശ്രദ്ധേയമായ മറ്റൊരു സംഭാവനയാണ് 'യോഗാഭ്യാസം'. ഇത് ഒരേസമയം തന്നെ വ്യായാമവും ചികിത്സയുമാണ്. മനുഷ്യശരീരത്തിന്റെ ബാഹ്യവും ആഭ്യന്തരവും മാനസികവുമായ ഒട്ടേറെ രോഗാവസ്ഥകള്‍ക്ക് ഫലവത്തായ ഒന്നാണ് യോഗ.
'ഹംയോഗ'ത്തിലെ നിരവധി 'ആസന'ങ്ങളിലൂടെ ധമനികളേയും സിരകളേയും പേശികളേയും ഊര്‍ജ്ജസ്വലമാക്കാനും ആന്തരാവയവങ്ങളുടെ കേടുകള്‍ തീര്‍ക്കാനും യോഗ ശാസ്ത്രത്തിന് കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.
ഇന്ന് ശബ്ദത്തിനും ശബ്ദത്തിന്റെ താളാത്മക രൂപമായ സംഗീതത്തിനും മനുഷ്യനിലെന്നല്ല സമസ്ത ചരാചരങ്ങളിലും പല പ്രേരണകളും ചെലുത്താന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പുരാതന ആചാര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ വസ്തുതകള്‍ മനസ്സിലാക്കുകയും പ്രായോഗികമാക്കുകയും ചെയ്തിട്ടുള്ളവരാണ്.
അവര്‍ സംഗീതംകൊണ്ട് പ്രകൃതി പ്രതിഭാസങ്ങളെപ്പോലും നിയന്ത്രിക്കാന്‍ കെല്പുള്ളവരായിരുന്നു. നമ്മുടെ സംഗീത വിസ്മയത്തിലെ സപ്തസ്വരങ്ങളും അത്ഭുതകരമായ ശക്തിവിശേഷം പ്രദാനം ചെയ്യുന്ന രാഗങ്ങളും ലോക സംഗീതത്തിന് അപ്രാപ്യമായ തലങ്ങളിലാണിന്നും കുടികൊള്ളുന്നത്.
ശബ്ദ ഊര്‍ജ്ജത്തിന്റെ ചിട്ടപ്പെടുത്തിയ രൂപമായ മന്ത്രങ്ങള്‍ക്ക്, അനുഷ്ഠാനങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ചരാചരങ്ങളില്‍ പല ചലനങ്ങളും സൃഷ്ടിക്കാന്‍ കഴിയും
യാഗങ്ങളുടേയും യജ്ഞങ്ങളുടേയും ശാസ്ത്രീയത വിദേശികള്‍പോലും അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ഭൗതിക ശാസ്ത്രം ഭാരതത്തിലെ പൂര്‍വ്വിക ധൈഷണികന്മാരുടെ ശാസ്ത്രത്തിലുള്ള നൈപുണ്യം മനസ്സിലാക്കി വരുന്നതേയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
കലാ, കായിക രംഗത്തെ നമ്മുടെ പൂര്‍വ്വസൂരികളുടെ സംഭാവനകള്‍ നിരുപമവും നിസ്തുലവും നിത്യാദരണീയവുമാണെന്ന് പറയാതെ വയ്യ. ഉദാഹരണമായി അഭിനയ ശാസ്ത്രം തന്നെ എടുക്കാം. ഭരതമുനിയുടെ നാട്യവേദം, നാട്യശാസ്ത്ര ഗ്രന്ഥം എന്നീ കൃതികള്‍ അഭിനയ കലാരംഗത്തെ ലോകത്തില്‍ ആദിമവും അടിസ്ഥാനപരവുമായ ഗ്രന്ഥങ്ങളാണ്.
പ്രചുര പ്രചാരം നേടിയ, ഭാരതീയ നൃത്ത, നാടകാദി ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്കെല്ലാം നിദാനം ഭരതമുനിയുടെ 'രസ'കല്പനയാണ്. നവരസങ്ങളുടെ വിസ്തൃതമായ പ്രയോഗമാനങ്ങള്‍ ആരെയും അത്ഭുത പരതന്ത്രരാക്കാന്‍ പോന്നതും സമ്പൂര്‍ണ്ണവുമാണ്.ദാമ്പത്യശാസ്ത്രമെടുത്തു പരിശോധിച്ചാല്‍ 'വാത്സ്യായന'ന്റേയും 'കൊക്കോക'ന്റെയും കൃതികളുടെ സത്തയെ വെല്ലാവുന്ന മറ്റൊരു കൃതി ലോകത്തില്‍ ഇന്നും ഇല്ലെന്ന് കാണാം. ഈ ആധുനിക കാലത്തുപോലും.
ഊര്‍ജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നമുക്കുണ്ടായിരുന്ന അറിവ് അസൂയാവഹമായിരുന്നു. അശ്രദ്ധകൊണ്ട് നമുക്കുപോലും തിരിച്ചറിവ് നഷ്ടപ്പെട്ട എത്രയോ രാസപദാര്‍ത്ഥങ്ങള്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയില്‍ പണ്ടുപയോഗിച്ചിരുന്നു.
ലോഹങ്ങളുടേയും കൂട്ടുലോഹങ്ങളുടേയും ധാതുക്കളുടേയും സംയോജനത്തില്‍ നമുക്കുണ്ടായിരുന്ന അവഗാഹമായ പാണ്ഡിത്യം ഇന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
'സാഞ്ചി'യിലും അശോകസ്തംഭങ്ങളിലും ഉപയോഗിച്ച ലോഹക്കൂട്ടുകള്‍ സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഇന്നും നശിക്കാതെ ആധുനിക ശാസ്ത്രത്തിന് അറിയപ്പെടാത്ത രഹസ്യമായി അവശേഷിക്കുന്നു. നമ്മുടെ ആറന്മുള കണ്ണാടിപോലെ എത്രയെത്ര അത്ഭുതങ്ങളുടെ രഹസ്യങ്ങള്‍ ഈ മണ്ണില്‍ ചിതറിക്കിടപ്പുണ്ട്.
ഊര്‍ജ്ജതന്ത്രത്തിലെ പുത്തന്‍ തിയറികളില്‍ പലതും നമ്മുടെ പുരാണേതിഹാസങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും പലയിടത്തും പ്രതിപാദിച്ചിട്ടുള്ളതായി കാണാം.
ഉദാഹരണമായിഭഗവത് ഗീതയിലെ
''ന സാതോ വിധതേ ഭാവോ
നഃ ഭാവോ വിധതേ സതോ''
എന്ന ശ്ലോകം തന്നെയെടുക്കാം- ''വസ്തുവിന് നാശമോ നിര്‍മ്മിതിയോ ഇല്ല. പുനഃസംവിധാനം മാത്രമേ ഉള്ളൂ..'' എന്ന ഫിസിക്‌സിലെ പ്രധാനപ്പെട്ട തിയറി തന്നെയാണ് അത് വ്യക്തമാക്കുന്നത്!
ഊര്‍ജ്ജത്തെ ദ്രവ്യമാക്കി മാറ്റാമെന്നും ദ്രവ്യത്തെ ഊര്‍ജ്ജമാക്കി മാറ്റാമെന്നും ശാസ്ത്രം പറയുന്നു. അല്ലാതെ ദ്രവ്യമോ, ഊര്‍ജ്ജമോ കൃത്രിമമായി സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. പ്രകൃതിയില്‍ ഉള്ളതായ ഒന്നിനെ രൂപാന്തരം വരുത്താമെന്നല്ലാതെ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുവാന്‍ ആര്‍ക്കും കഴിയില്ല. ഗീതയിലും ഉപനിഷത്തുകളിലും വേദാന്തങ്ങളിലും ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം അണുവാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയത് സമീപകാലത്താണ്. അതുവരെ അടിസ്ഥാന ഘടകം 'കണിക'കളാണെന്നായിരുന്നു ശാസ്ത്രജ്ഞന്മാരുടെ ധാരണ. എന്നാല്‍ പുരാതന ഭാരതത്തിലെ ഋഷീശ്വരനായ 'കണാദന്‍' സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ 'ആറ്റം തിയറി' സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.
യവന ചിന്തകനായ 'ആര്‍ക്കിമിഡീസി'ന്റെ തത്വം അദ്ദേഹം കണ്ടുപിടിക്കുന്നതിനെത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതീയ ചിന്തകന്മാര്‍ കണ്ടെത്തുകയും പ്രായോഗികമാക്കുകയും ചെയ്തിട്ടുള്ളതാണ്! ആ തിയറിയുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യപ്പെട്ട ഉന്നത ഗുണനിലവാരമുള്ള 'ജലയാനങ്ങള്‍' ഇവിടെ ഉപയോഗത്തിലിരുന്നു! കരയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ മാത്രമല്ല ആധുനിക കാലത്തെ 'വിപ്ലവകര'മെന്ന് വിശേഷിപ്പിക്കുന്ന കണ്ടുപിടുത്തമായ ആകാശ വാഹനങ്ങളും നമ്മുടെ പൂര്‍വ്വികര്‍ക്ക് അന്യമായിരുന്നില്ല.
ഭരധ്വാജ മഹര്‍ഷിയുടെ യന്ത സര്‍വ്വസ്വം എന്ന ഗ്രന്ഥത്തില്‍ വായുമാര്‍ഗത്തില്‍ ചരിക്കുന്ന വാഹനങ്ങളുടെ ഘടനയെപ്പറ്റിയും നിര്‍മ്മാണരീതിയെപ്പറ്റിയും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആകാശയാത്രയ്ക്കായി ചുടുവായു നിറച്ച ബലൂണുകളും ഗ്ലൈഡറുകളും എന്തിന്, യുദ്ധവിമാനങ്ങെളക്കുറിച്ചുപോലും അദ്ദേഹം വ്യക്തമായി രൂപകല്പന ചെയ്തിട്ടുണ്ട്.
ഗണിത ശാസ്ത്രത്തില്‍ അതുല്യമായ പാരമ്പര്യം തന്നെയുണ്ട് നമുക്ക് അവകാശപ്പെടാനായിട്ട്. ഗണിതശാസ്ത്രത്തിലെ മികവാണല്ലോ മറ്റെല്ലാ ശാസ്ത്രങ്ങളിലും ഭാരതത്തെ മുന്‍നിരയിലെത്തിച്ചത്.
ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നു പറയാവുന്ന പൂജ്യം (0) നമ്മുടെ പൂര്‍വ്വികരുടെ സംഭാവനയാണെന്ന് മാത്രമല്ല, അതിന്റെ ഉപജ്ഞാതാവ് മദ്ധ്യകേരളത്തില്‍ ജീവിച്ചിരുന്ന ആര്യഭട്ടന്‍ ആണെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇടനല്‍കുന്ന കാര്യമാണുതാനും. (ഈ മഹാ പ്രതിഭയുടെ പേരാണ് ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്- ആര്യഭട്ട)
അംഗ ഗണിതത്തിലും ബീജ ഗണിതത്തിലും നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ത്രികോണത്തിന്റെ കര്‍ണ്ണം ലഭിക്കുവാന്‍ പാദത്തിന്റേയും ലംബത്തിന്റേയും സ്‌ക്വയര്‍ തമ്മില്‍ കൂട്ടിയതിന്റെ സ്‌ക്വയര്‍ റൂട്ട് കണ്ടാല്‍ മതിയെന്ന പൈതഗോറസിന്റെ തിയറി,
അദ്ദേഹം ജനിക്കുന്നതിനും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ കല്ലാശ്ശാരിമാര്‍ക്കുവരെ അറിയാവുന്നതായിരുന്നു. അവരിന്നും കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 'കണ' തിരിക്കുന്നത് ഈ തിയറിയുടെ അടിസ്ഥാനത്തിലാണ്.
'എഞ്ചിനീയറിംഗി'ലാണ് നമ്മുടെ വൈദഗ്ദ്ധ്യം ഏറെ തെളിഞ്ഞു കണ്ടത്. കാര്‍ഷിക, വ്യാവസായികാവശ്യങ്ങള്‍ക്കും ചെറുകിട കൈത്തൊഴില്‍കാര്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട യന്ത്ര സാമഗ്രികളുടെ ലാളിത്യവും ഉപയോഗക്ഷമതയും ആരേയും ആശ്ചര്യപരതന്ത്രരാക്കാന്‍ പോന്നതായിരുന്നു.
ആ യന്ത്രസാമഗ്രികളാല്‍ ഉണ്ടാക്കപ്പെട്ട ഉല്പ്പന്നങ്ങളുടെ മേന്മയോ അപാരവും. റോമാ സാമ്രാജ്യത്തിലെ സുന്ദരിമാര്‍ക്കണിയാന്‍ ഇവിടെയുണ്ടാക്കി കയറ്റുമതി ചെയ്തിരുന്ന പട്ടുവസ്ത്രങ്ങള്‍ ആറു മടക്കായി ധരിച്ചാല്‍പോലും നഗ്നത മറയ്ക്കാന്‍ അപര്യാപ്തമായിരുന്നുവെന്ന് പറയുമ്പോളറിയാം ആ വസ്ത്രങ്ങളുടെ നൈര്‍മല്യവും അതുണ്ടാക്കിയവരുടെ വൈദഗ്ദ്ധ്യവും. ഇത്തരം ഒരു പട്ടുവസ്ത്രം ചുരുട്ടിയാല്‍ ഒരു പുല്ലാംങ്കുഴലില്‍ കൊള്ളിക്കാമായിരുന്നുവത്രെ.
തച്ചുശാസ്ത്രത്തിലെ മികവ് ഇന്നും നമുക്ക് പെരുമ നേടിത്തരുന്നവയാണ്. ഇന്ത്യയിലെ പുരാതന കെട്ടിടങ്ങളുടേയും ക്ഷേത്രങ്ങളുടേയും കോട്ടകൊത്തളങ്ങളുടേയും നിര്‍മ്മാണ വൈദഗ്ദ്ധ്യം അമ്പരപ്പിക്കുന്നതാണ്.
കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ മാത്രം സൂര്യപ്രകാശം ശ്രീകോവിലിനകത്തെ വിഗ്രഹത്തില്‍ വന്നു പതിക്കത്തക്കവണ്ണം രൂപകല്പന ചെയ്തു നിര്‍മ്മിച്ച 'കോണാര്‍ക്ക്' സൂര്യക്ഷേത്രം, ഇക്കാലത്തുകൂടി ആര്‍ക്കും ചിന്തിക്കാന്‍പോലും കഴിയാത്ത നിര്‍മ്മാണ വൈദഗ്ദ്ധ്യമാണ് പ്രകടിപ്പിക്കുന്നത്.
അഹമ്മദാബാദിലുള്ള ഇളകുന്ന ഗോപുരം നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. ആ ഗോപുരത്തിന്റെ മുകളിലുറപ്പിച്ചിരിക്കുന്ന ഒരു കല്ലില്‍ പിടിച്ച് ഉലച്ചാല്‍ കെട്ടിടം ആകെ ഇളകുന്നതായി കാണാം. (ഇത്തരം രണ്ട് ടവറുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം നിര്‍മ്മാണ രഹസ്യം മനസ്സിലാക്കുവാന്‍ വേണ്ടി ബ്രട്ടീഷ് ഭരണകാലത്ത് പൊളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല).
സിമന്റും മറ്റ് നൂതന നിര്‍മ്മാണ സാമഗ്രികളും കണ്ടുപിടിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ലളിതമായ ചില കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നമ്മുടെ നാട്ടിലെ പടുകൂറ്റന്‍ ക്ഷേത്രങ്ങളും ഗോപുരങ്ങളും മറ്റും കാലത്തിന്റെ കുത്തൊഴുക്കിനേയും പ്രകൃതിയുടെ പേക്കൂത്തുകളേയും അതിജീവിച്ച് ഇന്നും ആധുനിക ശാസ്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നിലനില്‍ക്കുന്നുണ്ട്.
ലോകത്തിലെ നിര്‍മ്മാണ ശാസ്ത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായത് നമ്മുടെ മഹാക്ഷേത്രങ്ങളുടെ കൂത്തമ്പലത്തിന്റെ പണിയാണ് എന്നു മനസ്സിലാക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.
ശില്പശാസ്ത്രത്തിലും ചിത്രകലയിലും നമ്മുടെ പാരമ്പര്യം അനുപമം തന്നെയാണ്. പ്രകൃതി ദത്തമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ച് ക്ഷേത്ര ചുമരുകളിലും കൊട്ടാരക്കെട്ടുകളിലുമൊക്കെ മനോഹരമായ ചിത്രങ്ങള്‍ രചിച്ച അജ്ഞാതരായ മഹനീയ കലാകാരന്മാരുടെ വൈശിഷ്ട്യം നൂറ്റാണ്ടുകള്‍ക്ക് മായ്ക്കാന്‍ കഴിയാതെ ഇന്നും പാരമ്പര്യത്തിന്റെ പ്രഭതൂകി നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു.
അജന്ത, എല്ലോറ ഗുഹാചിത്രങ്ങള്‍ സമ്പന്നമായ പ്രാചീന സംസ്‌കൃതിയുടെ തെളിവായി വിശ്വ സാംസ്‌കാരിക പണ്ഡിതന്മാര്‍ എടുത്തു കാട്ടുന്നവയാണ്.
ഖജൂരാഹോയിലും മഹാബലിപുരത്തും എലിഫെന്റാ ഗുഹകളിലും എന്നുവേണ്ട ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുടെ കുംഭഗോപുരങ്ങളില്‍ പോലും ഭാരതീയ ശില്പകലയുടെവിസ്മയം കൂടികൊള്ളുന്നത്.
വിദേശികള്‍ അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കാണുന്നത് ശിലാശില്പങ്ങളില്‍ മാത്രമല്ല ദാരു, ദന്ത, വെങ്കല മാധ്യമങ്ങളിലും കളിമണ്ണില്‍
പ്പോലും നമ്മുടെ കരകൗശലം കനകം വിളയിച്ചിട്ടുണ്ട്. മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചന്ദ്രഗുപ്തന്‍ പണിയിച്ച വിശാലമായ കൊട്ടാരം മുഴുവനും 'ദാരു' നിര്‍മ്മിതമായിരുന്നുവത്രേ.
നായാടിയും നാടോടിയും നടന്ന ആദിമ മനുഷ്യന്റെ സാമൂഹ്യപുരോഗതിയുടെ ഭാഗമായി കൃഷിയും, നാഗരികസംസ്‌കാരവും രൂപം കൊണ്ടതിന്റെ ചരിത്ര മുഹൂര്‍ത്തത്തിന് തെളിവായി സിന്ധുനദീ തടത്തിലെ മോഹന്‍ജെദാരോയും ഹാരപ്പയും വിരാചിക്കുന്നു.
സാംസ്‌കാരിക രംഗത്തും നമ്മുടെ പൈതൃകം നിര്‍ണ്ണായകമാണ്. പുരാതന ഭാരതീയര്‍ക്ക് വിദ്യാഭ്യാസത്തിലുണ്ടായിരുന്ന താല്പര്യം വ്യക്തമാക്കുന്നതാണ് നമ്മുടെ ഗുരുകുല വിദ്യാഭ്യാസ രീതി.
വിദ്യ അര്‍ത്ഥിക്കുന്നവര്‍ ഉത്തമരായ ഗുരുക്കന്മാരെ തിരഞ്ഞെടുത്ത് ഒട്ടനവധി വര്‍ഷങ്ങള്‍ ഗുരു ശുശ്രൂഷ ചെയ്ത് കൂടെ താമസിച്ച് ശാസ്ത്രങ്ങള്‍ അഭ്യസിച്ചിരുന്ന അന്നത്തെ വിദ്യാഭ്യാസരീതി, പ്രകൃതിയുമായി ഇണങ്ങിയതും, ജീവിതവിജയത്തിന് ഉതകുന്നതുമായിരുന്നു. ഈ ഭൂവിഭാഗത്തിലുദയം കൊണ്ട ജന സംസ്‌കൃതികളൊക്കെതന്നെ മനുഷ്യനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ ബദ്ധശ്രദ്ധമായിരുന്നു.
അധിനിവേശക്കാരാല്‍ നശിക്കപ്പെട്ട ബീഹാറിലെ നളന്ദയും പഞ്ചാബിലെ തക്ഷശിലയും കോടാനുകോടി ബൃഹത്തായ ഗ്രന്ഥങ്ങളുടെ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വിപുലവും പുരാതനവുമായ വിജ്ഞാനകേന്ദ്രങ്ങളായിരുന്നു.
നളന്ദ നശിപ്പിച്ച അക്ഷരവൈരികള്‍ അവിടെയുള്ള ഗ്രന്ഥങ്ങള്‍ വാരിക്കൂട്ടിയിട്ട് തീയിട്ടത് ആറുമാസം നിന്നു ജ്വലിച്ചുവത്രെ മുഴുവനും കത്തി ചാമ്പലാകുവാന്‍.
ലോകത്തിലെ ആദികാവ്യമായ രാമായണം തുടങ്ങി ലോകത്തിലെ ഏറ്റവും ബൃഹത്തായ കൃതിയായ മഹാഭാരതമടക്കം ഭാരതീയ സാഹിത്യ പാരാവാരം എത്രയോ ബൃഹത്തും സമ്പന്നവുമാണ്.
ഇവിടുത്തെ ശാസ്ത്ര, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളൊക്കെ തന്നെ കാവ്യ രൂപത്തിലാണ് വിരചിതമായിരിക്കുന്നത്. ലോകത്ത് ആദ്യമായി ഒരു ബാല സാഹിത്യ കൃതി- പഞ്ചതന്ത്രം- പിറവി കൊണ്ടതും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തിലാണ്.
ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ സചിവോത്തമനായ ചാണക്യനാല്‍ എഴുതപ്പെട്ട ചാണക്യസൂത്രം രാഷ്ട്ര തന്ത്രജ്ഞത പ്രതിപാദിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥമാണെന്ന് മാത്രമല്ല ഇന്നും പ്രസക്തവുമാണ്. അദ്ദേഹത്തിന്റെ തന്നെ ഗ്രന്ഥമായ കൗടില്യന്റെ അര്‍ത്ഥശാസ്ത്രം അതു പ്രതിനിധാനം ചെയ്യുന്ന വിഷയത്തിന്റെ അടിസ്ഥാന പ്രമാണവുമാണ്.
സാമൂഹ്യരംഗം എടുത്തു പരിശോധിച്ചാല്‍, ലോകത്തിന് ജനാധിപത്യ സംവിധാനം എന്നൊരു ഭരണ രീതി സംഭാവന ചെയ്തതും നമ്മുടെ പൂര്‍വ്വീകരാണെന്ന് കാണാം. ഗ്രീക്ക് നഗരങ്ങളിലെ ജനാധിപത്യ സംവിധാനം ഉരുത്തിരിയുന്നതിനും നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകം മുഴുവനും ചക്രവര്‍ത്തിമാരും നാടുവാഴികളും അടക്കിവാണിരുന്ന കാലത്ത്,
ഉത്തരേന്ത്യയിലുണ്ടായിരുന്ന വൈശാലി എന്ന ചെറുരാജ്യം അക്ഷരാര്‍ത്ഥത്തില്‍ തന്നെ തികഞ്ഞ ജനായത്ത ഭരണം ലോകത്തിന് മുമ്പില്‍ ആദ്യമായി കാഴ്ചവെച്ച് വിജയം കണ്ടത് മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ ഏറ്റവും വലിയ നാഴിക കല്ലാണ്.
ഈ എളിയ ലേഖനം ഉപസംഹരിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ സംഘടിത മതസിദ്ധാന്തങ്ങളും ഉദയം ചെയ്തിട്ടുള്ളത് ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ്.
ഏഷ്യന്‍ രാജ്യങ്ങളായ മദ്ധ്യപൂര്‍വ്വേഷ്യയില്‍ യഹൂദമതവും ക്രിസ്തുമതവും അറേബ്യന്‍ മണലാരണ്യത്തില്‍ ഇസ്ലാമതവും ഏഷ്യയുടെ കിഴക്കന്‍ രാജ്യങ്ങളായ ചൈനയില്‍ കണ്‍ഫൂഷ്യന്‍ മതവും ഭാരതത്തില്‍ ഹൈന്ദവ, ബൗദ്ധ, ജൈന സംസ്‌കൃതികളും പിറവികൊണ്ടു.
കൊഴിഞ്ഞുവീണ ഇന്നലെകളുടെ നാള്‍വഴികളില്‍ അധിനിവേശക്കാരുടെ സാംസ്‌കാരികവും സാമൂഹ്യവുമായ കടന്നുകയറ്റം ഇടക്കാലത്ത് നമ്മുടെ വിസകനത്തിന്റെ എല്ലാ മേഖലകളിലും കരിനിഴല്‍ വീഴ്ത്തിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ വരുംകാലത്തിന്റെ വിഹായസ്സിലേക്ക് ഉറ്റുനോക്കുമ്പോള്‍ 'നാളെ'കള്‍ നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ശാസ്ത്രീയവും സാമ്പത്തികവും സാമൂഹ്യവുമായ മേല്‍ക്കോയ്മയുടെ ഓജസ്സുള്ള ചിത്രമാണ് കാഴ്ചവയ്ക്കുന്നത്.
ജാതി, മതഭേദങ്ങളുടേയും വര്‍ണ്ണ വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടേയും ദേശ, ഭാഷാ വേര്‍തിരിവുകളുടേയും തത്വശാസ്ത്രങ്ങളുടെ തരംതിരിവുകളുടേയും അതിര്‍വരമ്പുകള്‍ തല്‍ക്കാലം വിസ്മരിച്ച് നമുക്കൊന്നിച്ചു മുന്നേറാം. ഒരു പുതിയ ഇന്ത്യയ്ക്ക് വേണ്ടി. ഒരു നല്ല നാളേക്ക് വേണ്ടി...

2018, ജൂലൈ 11, ബുധനാഴ്‌ച

ശ്രീ ഭദ്രകാളി | SREE BHADRAKALI | HINDU DEVOTIONAL SONGS MALAYALAM | SRE...

ദാസേട്ടൻ സൂപ്പർഹിറ്റാക്കിയ ദേവി ഭക്തിഗാനങ്ങൾ.. # Malayalam Hindu Devotio...

Super Hits Malayalam Hindu Devotional Songs | K J Yesudas | Radhika Thil...

പ്രശസ്തമായ 10 ദേവീ ക്ഷേത്രങ്ങളിലൂടൊരു തീർത്ഥയാത്ര | Hindu Devotional Son...

2018, ജൂലൈ 3, ചൊവ്വാഴ്ച

ഹസ്താമലകൻ



ഹസ്താമലകൻ

ശ്രീവേലി ഗ്രാമത്തിൽ പ്രഭാകരൻ എന്ന് പേരുള്ള ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു,സാത്വികനും ധർമ്മിഷ്ടനും ആയിരുന്നുവെങ്കിലും അദ്ദേഹത്തിന് മനസുഖം തീരേ ഇല്ലായിരുന്നു,കാരണം പതിമൂന്നുവയസ്സായ ഒരു മകൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു,മൂകനും ജഡനുമായിരുന്നു ആ മകൻ. ഊട്ടിയാൽ ഉണ്ണും, കിടത്തിയാൽ കിടക്കും 
അതായിരുന്നു ആ ബാലൻറെ അവസ്ഥ.

ശ്രീ ശങ്കരാചാര്യസ്വാമികൾ തൻറെ സഞ്ചാരത്തിനിടയിൽ ശ്രീവേലി ഗ്രാമത്തിനടുത്തെത്തി, ആചാര്യ സ്വാമികളെ ക്കുറിച്ച് കേട്ടറിഞ്ഞ പ്രഭാകരൻ സ്വപുത്രനേയും കൂട്ടി ആചാര്യ സമീപമെത്തി വിവരങ്ങൾ എല്ലാം പറഞ്ഞു. തൻറെ കാലിൽ നമസ്ക്കരിച്ചു കിടക്കുന്ന കുട്ടിയോട് എണീൽക്കുക എന്ന് പറഞ്ഞു ,എന്നിട്ട് ഹേ ബാലാ നീ ആരാണ് നിൻറെ പേരെന്താണ് നീ എവിടെ നിന്ന് വന്നു എവിടെ പോകുന്നു നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. പെട്ടെന്ന് ആ ബാലൻ ആത്മസ്വരൂപം പ്രകാശിപ്പിക്കുന്ന പതിമൂന്ന് ശ്ലോകങ്ങൾ ഉള്ള ഒരു സ്ത്രോത്രം ചൊല്ലി. പിതാവ് വളരെ സന്തോഷിച്ചു,പുത്രനെ കെട്ടിപ്പിടിച്ചു,ശ്രീശങ്കരൻ എല്ലാവരോടുമായി പറഞ്ഞു. ഇത് പ്രസിദ്ധമായ ഹസ്താമലകസ്തോത്രമാണ്,ഇതിൻറെ അർത്ഥം ശരിക്ക് ഗ്രഹിച്ചാൽ ഉള്ളംകയ്യിൽ നെല്ലിക്ക പോലെ ബ്രഹ്മജ്ഞാനം സ്വായത്തമാകും, ആയതിനാൽ നിങ്ങളും ഇത് പഠിക്കുക
,
പിന്നീട് ആചാര്യർ പ്രഭാകരനോട് പറഞ്ഞു,നിങ്ങൾക്ക് ഇവനെ കൊണ്ട് ലൗകികജീവിതം നയിപ്പിക്കുവാൻ
സാധ്യമല്ല,കാരണം ഇവനിൽ ബ്രഹ്മജ്ഞാനം പൂർണ്ണമായി വികസിച്ചിരിക്കുന്നു,ആയതിനാൽ ഇവനെ എനിക്ക് തരിക. അവർ പുത്രനെ ആചാര്യർക്ക് സമർപ്പിച്ചു,അദ്ദേഹമാണ് പ്രസിദ്ധനായ ഹസ്താമലകനായി തീർന്നത്.

ഹസ്താമലക സ്തോത്രം

കസ്ത്വം ശിശോ കസ്യ കുതോ അസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോ അസി
എതന്മയോക്തം വദ ചാർഭക ത്വം
മത് പ്രീതയേ പ്രീതി വിവർധനോ അസി

ശ്രീശങ്കരൻ ചോദിച്ചു ,

കുട്ടീ നീ ആരാണ് ? ആരുടെ സന്താനമാണ് ? നിൻറെ പേരെന്താണ് ? ഏതു ദിക്കിൽ നിന്ന് വന്നു ?എവിടെ പോകുന്നു ? നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി എന്നെ സന്തുഷ്ടനാക്കിയാലും.

ഹസ്താമലകൻ പറഞ്ഞു

നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രഹ
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്തോ
ഭിക്ഷുർ ന ചാഹം നിജബോധരൂപഹ

ഞാൻ മനുഷ്യനല്ല ,ദേവതയല്ല ,യക്ഷനല്ല ,ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രരിലും ഉൾപ്പെടുന്നില്ല ,ബ്രഹ്മചാരി,
ഗൃ ഹസ്ഥൻ,വാനപ്രസ്ഥൻ,സന്യാസി,എന്നിങ്ങനെയുള്ള ആശ്രമിയുമല്ല,എതൊന്നു സർവ്വന്തര്യാമിയും
ജ്ഞാനസ്വരൂപനും ആയ ആത്മാവാകുന്നുവോ അതേ ആത്മാവാണ് ഞാൻ,ആ വിധമുള്ള വിശുദ്ധ ആത്മാവുതന്നെ ഞാൻ.

നിമിത്തം മനശ്ചക്ഷുരാദി പ്രവൃത്തൗ
നിരസ്താഖിലോപാധി രാകാശ കല്പഹ
രവിർ ലോക ചേഷ്ടാ നിമിത്തം യഥാ യഹ
സ നിത്യോപലബ്ധി സ്വരൂപോ അഹമാത്മാ

സൂര്യോദയം മനുഷ്യരുടെ പ്രവൃത്തികൾക്ക് കാരണമാകുന്നതുപോലെ മനസ്സ് ,ബുദ്ധി ,അഹങ്കാരം, ചിത്തം എന്നീ നാല് അന്തരിന്ദ്രിയങ്ങളുടെയും അഞ്ചു ജ്ഞാനേന്ദ്രിയങ്ങുടെയും വിഷയങ്ങളിലുള്ള പ്രവർത്തിക്ക് കാരണവും ഉപാധിരഹിതനും , ആകാശം പോലെ നിർലേപനും സർവ്വവ്യാപിയും ആയ ആത്മാവുതന്നെയാണ് ഞാൻ--ആദിത്യൻ മനുഷ്യരുടെ വ്യാവഹാരിക ചേഷ്ടകൾക്കു പ്രവര്തകനാകുന്നത് പോലെ ഇന്ദ്രിയങ്ങളുടെ ചേഷ്ടയ്ക്കും പ്രവർത്തനത്തിനും അധിഷ്ടാതാവായ ആത്മാവാണ് താനെന്നു ഭാവം
.
യമഗ്ന്യുഷ്ണ വന്നിത്യബോധസ്വരൂപം
മനശ്ചക്ഷുരാദീന്യ ബോധാത്മകാനി
പ്രവർത്തന്ത ആശ്രിത്യ നിഷ്കമ്പമേകം
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജഡങ്ങളായ ഇന്ദ്രിയങ്ങൾ തുടങ്ങിയവ അതതു വിഷയങ്ങളിൽ പ്രവർത്തിക്കുന്നത്,അദ്വിതീയനും നിശ്ചലനും നിത്യ ജ്ഞാനസ്വരൂപനുമായ ആത്മാവിനെ ആശ്രയിച്ചാണ് ,തീയുടെ ചൂട് തീയിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ , ആത്മാവിൽ നിന്ന് ആത്മചൈതന്യത്തിൻറെ സ്ഥിതിയും വേറെയല്ല ,ആ നിത്യ ജ്ഞാനസ്വരൂപനായ ആത്മാവ് തന്നെയാണ് ഞാൻ .

മുഖാഭാസകോ ദർപ്പണേ ദൃശ്യമാനോ
മുഖത്വാത് പ്രിഥക്തേന നൈവാസ്തിവസ്തു
ചിദാഭാസകോ ധീഷു ജീവോ അപി തദ്വാത്
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയിൽ പ്രതിബിംബിച്ചു കാണുന്ന മുഖത്തിൻറെ പ്രതിബിംബം മുഖത്തിൽ നിന്ന് ഭിന്നമല്ലാത്തതുപോലെ
ബുദ്ധിയിൽ ഉള്ള ആത്മാവിൻറെ പ്രതിബിംബമായ ജീവനും ആത്മാവിൽ നിന്നും വ്യത്യസ്ഥനല്ല. ആ ആത്മാവാണ് ഞാൻ.

യഥാ ദർപ്പണാഭാവ ആഭാസഹാനൗ
മുഖം വിദ്യതേ കല്പനാഹീനമേകം
തഥാ ധീ വിയോഗേ നിരാഭാസകോ യഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണാടിയുടെ അഭാവത്തിൽ പ്രതിബിംബം ഉണ്ടാകാതെ വന്നാലും ഉപാധിരഹിതമായ മുഖം ശോഭിക്കുമല്ലോ ,
അതുപോലെ ബുദ്ധിക്കു വിയോഗം ഉണ്ടായാലും ,നിഷ്പ്രതിബിംബനും അദ്വിതീയനും ആയ ആത്മാവ്
ശേഷിച്ചിരിക്കുകയാണ്.ആ നിത്യോപലബ്ധിസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

മനശ്ചക്ഷുരാദേർ വിയുക്തഹ സ്വയം യോ
മനശ്ചക്ഷുരാദേർ മനശ്ചക്ഷുരാദിഹി
മനശ്ചക്ഷുരാദേരഗമ്യ സ്വരൂപഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

എതോരുവൻ മനസ്സ്,ചക്ഷുസ്സ്,ശ്രോത്രം,തുടങ്ങിയ ഇന്ദ്രിയങ്ങളിൽ നിന്ന് ഭിന്നനും ,മനസ്സിൻറെ മനസ്സും
ചക്ഷുസ്സിന്റെ ചക്ഷുസ്സും ശ്രോത്രത്തിൻറെ ശ്രോത്രവും പ്രാണൻറെ പ്രാണനുംആകുന്നുവോ ,ഇന്ദ്രിയങ്ങലാൽ
ഗ്രാഹ്യനല്ലാത്ത നിത്യനും അപരോക്ഷസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു
.
യ ഏകോ വിഭാതി സ്വതഹ ശുദ്ധചേതഹ
പ്രകാശസ്വരൂപോ അപി നാനേവ ധീഷു
ശരാവോദകസ്ഥോ യഥാ ഭാനുരേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

നാനാതരത്തിലുള്ള പാത്രങ്ങളിലെ ജലത്തിൽ ഒരേ സൂര്യൻറെ പ്രതിബിംബം പലവിധത്തിലാണ് കാണുന്നത് .അതുപോലെ സ്വയം പ്രകാശകനും, വിശുദ്ധജ്ഞാനസ്വരൂപനും അദ്വിതീയനുമായ ആത്മാവും നാനാവിധ ജീവന്മാരുടെ നാനാവിധ ബുദ്ധികളിൽ നാനാവിധത്തിൽ പ്രതിഭാസിതനായി തീരുന്നു.ആ നിത്യജ്ഞാനസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

യഥാ അനേക ചക്ഷുഹു പ്രകാശോ രവിർ ന
ക്രമേണ പ്രകാശീ കരോതി പ്രകാശ്യം
അനേകാ ധിയോ യ സ്തഥെെകഹ പ്രബോധഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

പദാർത്ഥങ്ങളേ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂര്യൻ കേവലം ഏകാനാണങ്കിലും അനേകം നേത്രങ്ങളുടെ
വിഷയങ്ങളെ ഏകകാലത്ത്‌ വെളിപ്പെടുത്തുന്നു. അതുപോലെ എകനെന്നിരിക്കിലും നാനാബുദ്ധി വിഷയങ്ങളെ ഏക കാലത്ത് പ്രകാശിപ്പിക്കുന്ന പ്രകാശാത്മാവ് ഞാനാകുന്നു.

വിവസ്വത് പ്രഭാതം യഥാരൂപമക്ഷം
പ്രഗൃഹ്ണാതി നാഭാത മേവം വിവസ്വാൻ
യദാ ഭാത ആഭാസ യത്യക്ഷമേകഹ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

കണ്ണ് സൂര്യകിരണങ്ങളാൽ പ്രകാശിതമായ രൂപം ഗ്രഹിക്കുന്നു.അപ്രകാശിതമായ രൂപം ഗ്രഹിക്കാറുമില്ല, അതുപോലെ ആത്മസ്വരൂപൻ സ്വന്തം ചൈതന്യതേജസ്സുകൊണ്ട് പ്രകാശിതനായി രൂപങ്ങളെ പ്രകാശിപ്പിക്കുന്നു. സർവ്വപ്രകാശകനും നിത്യജ്ഞാനസ്വരൂപനും ആയ ആ ആത്മാവ് ഞാനാകുന്നു.

യഥാ സൂര്യ ഏകോപ്സ്വനേകശ്ചലാസു
സ്ഥിരാസ്വപ്യ നന്യദ്വിഭാവ്യ സ്വരൂപൈ
ചലാസു പ്രഭിന്നാഹ സുധീഷേക ഏവ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ

ജ്യോതിസ്വരൂപനായ സൂര്യൻ ഇളകികൊണ്ടിരിക്കുന്ന ചഞ്ചലമായ ജലത്തിൽ പല രൂപത്തിൽ കാണപ്പെടുന്നു.
നിശ്ചലജലത്തിലാകട്ടെ ഏകാസ്വരൂപനായി കാണപ്പെടുന്നു.അതുപോലെ ഏകനായ ആത്മാവും ചഞ്ചല സ്വഭാവത്തോടുകൂടിയ നാനാബുദ്ധികളിൽ നാനാപ്രകാരത്തിൽ കാണപ്പെടുന്നതായിത്തീരുന്നു. നിത്യജ്ഞാന സ്വരൂപനായ ആ ആത്മാവ് ഞാൻ തന്നെയാണ്.

ഘനച്ഛന്ന ദൃഷ്ടിർ ഘനച്ഛന്നമർക്കം
യഥാ നിഷ്പ്രഭം മന്യതേ ചാതിമൂഢഹ
തഥാ ബദ്ധവദ്ഭാതി യോ മൂഢദൃഷ്ടേ
സ നിത്യോപലബ്ധിസ്വരൂപോ അഹമാത്മാ
.
മൂഢനായവൻ തൻറെ കണ്ണ് മേഘം കൊണ്ട് മൂടപ്പെട്ടിട്ടു സൂര്യൻ കാർമേഘം കൊണ്ട് മൂടി പ്രഭാശൂന്യനാണന്നു
പറയുന്നു.ചെറുതായ മേഘത്തിനു അനേക യോജന വിസ്തൃതനായ സൂര്യനെ മറയ്ക്കുവാൻ കഴിയുകയില്ല.
ദർശകരുടെ ദൃഷ്ടിയെയാണ് അത് മറയ്ക്കുന്നത്. ഇപ്രകാരം അസ്സംഭാവിതമായതിനേ യഥാർത്ഥമായി കരുതുന്ന അജ്ഞനായവൻറെ ദൃഷ്ടിയിൽ നിത്യശുദ്ധചൈതന്യവും ബന്ധിതമായി കാണുന്നു.ബുദ്ധി അജ്ഞാനാവൃതമായതുകൊണ്ടാണ് ആത്മാവിനേയും അജ്ഞാനാവൃതനെന്നു തോന്നിക്കുന്നത്,ആ നിത്യ ചൈതന്യസ്വരൂപനായ ആത്മാവ് ഞാനാകുന്നു.

സമസ്തേഷു വസ്തൂഷ്വ ന്യുസ്യൂതമേകം
സസ്താനി വസ്തൂനി യന്ന സ്പ്രിശന്തി
വിയദ് വദ് സദാ ശുദ്ധമച്ഛസ്വരൂപം
സ നിത്യോപ ലബ്ധിസ്വരൂപോ അഹമാത്മാ

എകനെങ്കിലും സർവ്വപദാർദ്ധങ്ങലിലും അന്തര്യാമിയായി കുടി കൊള്ളുന്നവനും ആ വസ്തുക്കൾക്കൊന്നിനും സ്പർശിക്കുവാൻ കഴിയാത്തവനും ആകാശതെപ്പോലെ സർവ്വ വ്യാപി ആയിരിക്കുന്നവനും വിശുദ്ധമായ ജ്ഞാനമൂർത്തിയും നിത്യ ചൈതന്യ സ്വരൂപവും ആയ ആ ആത്മാവ് ഞാനാകുന്നു.

ഉപാധൗ യഥാ ഭേടതാ സന്മാനീണാം
തഥാ ഭേദതാ ബുധിഭേദേഷു തേ അപി
യഥാ ചന്ദ്രികാണാം ജലേ ചഞ്ചലത്വം
തഥാ ചഞ്ചലത്വം തവാപീഹ വിഷ്ണോ!

അല്ലയോ സർവ്വവ്യാപിയായ പരബ്രഹ്മമേ ,ചെമ്പരത്തിപ്പൂ മുതലായ ഉപാധികളുടെ സാമീപ്യത്താൽ സ്വച്ഛമായ രത്നസ്പടികാദികൾക്ക് വൈലക്ഷണ്യം സംഭവിക്കാറുണ്ട്,ചഞ്ചലമായ ജലത്തിൽ ഒരേ ചന്ദ്രൻറെ ചന്ദ്രികാപ്രസരം അഥവാ പ്രതിബിംബം അനേകരൂപത്തിൽ കാണപ്പെടുന്നു,അതുപോലെ നാനാജീവജാലങ്ങളുടെ വൈവിധ്യമാർന്ന ബുദ്ധികളിൽ അനേകം പ്രകാരേണ അങ്ങ് വിളങ്ങുന്നു,അത് അവിടുത്തേ മഹിമ തന്നേ. സർവ്വവ്യാപിയും അദ്വിതീയനുമായ ആത്മാവ് ബുദ്ധിയുടെ ചാഞ്ചല്യത്താൽ ചഞ്ചലനെന്നു ഭ്രമം തോന്നി ക്കുന്നതാണ്‌, ജലത്തിൻറെ ഇളക്കം മാറുമ്പോൾ പ്രതിബിംബിച്ചിട്ടുള്ള ചന്ദ്രൻ ഏകനും സ്ഥിരനും ആണന്നുള്ള പരമാർത്ഥജ്ഞാനം ഉദിക്കുന്നു.ബുദ്ധിയുടെ ചാഞ്ചല്യം മാറി പരമാർത്ഥ ജ്ഞാനം ഉണ്ടാകുമ്പോൾ അദ്വിതീയസ്വരൂപനായ അദ്വിതീയ പരബ്രഹ്മം ഞാനാണെന്നു ബോദ്ധ്യപ്പെടുമെന്ന് ഭാവം.

(ഹസ്താമലക സ്തോത്രം)

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ


ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ

വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന‍ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.

ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.
ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്ക‍ാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.

കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.
അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം. അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.

മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.
സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.

പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.
തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.
ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച്‌ സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത്‌ എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.

അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.
ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ്‌ വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.
ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ്‌ വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.
നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ല‍ാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.

മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ല‍ാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ല‍ാം തരാന്‍ നാം ഒരുക്കമാണ്.” വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്‌. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”

അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.” “യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ്‌ സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”
“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:

“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”

ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”

ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.
മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.
“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു.ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”

കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.

മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.
“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട്‌ പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”

ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”

“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ല‍ാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”

“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”
അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.

താന്‍ ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?

ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.

ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.

അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്ത‍ാം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.

"ശ്രീ മഹാഭാഗവതം മൂലകൃതി - മലയാള വ്യാഖ്യാന സഹിതം", സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച "ശ്രീമദ് ഭാഗവതപ്രവചനം" എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.