2018, ജൂലൈ 25, ബുധനാഴ്‌ച

അഗ്നിദേവൻ




അഗ്നിദേവൻ
വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവൻ. ഇന്ദ്രൻ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിദേവനാണ് അഷ്ടദിക്പാലകരിൽ ഒരാളായ അഗ്നി തെക്ക് കിഴക്ക് ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. മനുവിന്റെ അഭിപ്രായത്തിൽ, അഗ്നിയുണ്ടായത് ജലത്തിൽനിന്നാണ്. വായുവിൽനിന്നാണ് എന്നു വേദാന്തസൂത്രങ്ങളിൽ പറയുന്നു. അംഗിരസ്സിന്റെ പുത്രൻ, ശാണ്ഡില്യമഹർഷിയുടെ പൗത്രൻ, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രൻ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. അഗ്നിയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തൻമൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തിൽ പറയുന്നു.
'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തിൽ 200-ൽപ്പരം സൂക്തങ്ങൾകൊണ്ട് അഗ്നിയുടെ മഹിമ വർണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളിൽ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം തുമയാദേവ
പരിപൂർണം തദസ്തുമേ
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവയെല്ലാം പൊറുത്ത് ആ കർമത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാർഥിക്കുന്നത്. സായണഭാഷ്യത്തിൽ അഗ്നിയെ പരബ്രഹ്മമെന്ന അർത്ഥത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവൻമാരുടെ സന്ദേശഹരൻ, യാഗാംശങ്ങളെ ദേവൻമാർക്ക് എത്തിച്ചുകൊടുക്കുന്നവൻ, ദേവൻമാരുടെ മുഖം എന്നെല്ലാം വർണിതനായിരിക്കുന്ന അഗ്നി സാരാംശത്തിൽ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകൾ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദർഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളിൽ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാൻ വേദാന്തികൾ സ്വീകരിച്ചിട്ടുണ്ട്.